തുഞ്ചത്തെഴുത്തച്ഛൻ
ആധുനിക മലയാളഭാഷയുടെ പിതാവ് / From Wikipedia, the free encyclopedia
ആധുനിക മലയാളഭാഷയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന പ്രാചീനകവിത്രയത്തിലെ ഭക്തകവിയാണ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ ( ഉച്ചാരണം). അദ്ദേഹം പതിനഞ്ചാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനുമിടയിലായിരുന്നിരിക്കണം ജീവിച്ചിരുന്നതെന്നു വിശ്വസിച്ചുപോരുന്നു.[1] എഴുത്തച്ഛന്റെ യഥാർത്ഥനാമം രാമാനുജൻ എന്നും കൃഷ്ണൻ എന്നും ചില[ആര്?] വിദഗ്ധർ അഭിപ്രായപ്പെട്ടുകാണുന്നുണ്ട്. എഴുത്തച്ഛന്റെ യഥാർത്ഥനാമം 'തുഞ്ചൻ' (ഏറ്റവുമിളയആൾ എന്ന അർത്ഥത്തിൽ) എന്നായിരുന്നെന്ന്, തുഞ്ചൻപറമ്പ് (തുഞ്ചൻ + പറമ്പ്) എന്ന സ്ഥലനാമത്തെ അടിസ്ഥാനമാക്കി കെ. ബാലകൃഷ്ണ കുറുപ്പ് നിരീക്ഷിക്കുന്നു.[2] ഇന്നത്തെ മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിൽ തൃക്കണ്ടിയൂർ ശിവക്ഷേത്രത്തിനടുത്തുളള, തുഞ്ചൻപറമ്പാണു കവിയുടെ ജന്മസ്ഥലമെന്നു വിശ്വസിക്കപ്പെടുന്നു.[1] എഴുത്തച്ഛന്റെ ജീവചരിത്രം ഐതിഹ്യങ്ങളാലും അർദ്ധസത്യങ്ങളാലും മൂടപ്പെട്ടുകിടക്കുകയാണ്.
തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ | |
---|---|
ജനനം | പതിനാറാം നൂറ്റാണ്ട് തൃക്കണ്ടിയൂർ ശിവക്ഷേത്രത്തിനടുത്തുള്ള തുഞ്ചൻപറമ്പ്, തിരൂർ, മലപ്പുറം ജില്ല |
മരണം | ഗുരുമഠം, തെക്കെ ഗ്രാമം, ചിറ്റൂർ - തത്തമംഗലം, പാലക്കാട് |
തൂലികാ നാമം | എഴുത്തച്ഛൻ |
തൊഴിൽ | കവി |
ഭാഷ | മലയാളം |
· ഇടക്കൽ ഗുഹകൾ · മറയൂർ |
അബ്രാഹ്മണനായിട്ടും വേദപഠനവും സംസ്കൃതപഠനവും തരമാക്കിയ രാമാനുജൻ എഴുത്തച്ഛൻ, നാനാദിക്കിലേക്കുള്ള ദേശാടനങ്ങൾക്കുശേഷം ചിറ്റൂരിൽ താമസമാക്കിയെന്നു കരുതപ്പെടുന്നു.[1] [3]
വേട്ടത്ത്നാട്ടിലെ തൃക്കണ്ടിയൂർ അംശത്തിൽ നായന്മാരിലെ എണ്ണയാട്ടി അമ്പലങ്ങൾക്ക് കൊടുക്കുന്ന ഒരു വട്ടക്കാട്ട് നായർ കുടുംബത്തിൽ ആയിരുന്നു അദ്ദേഹം പിറന്നത് എന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു[4],ഉള്ളൂർ എസ് പരമേശ്വരയ്യർ[5] , വില്ല്യം ലോഗൻ[6], കൊട്ടാരത്തിൽ ശങ്കുണ്ണി എന്നിങ്ങനെ പല പ്രമുഖരും ഈ അഭിപ്രായക്കാരാണ്[7].പ്രശസ്ത നോവലിസ്റ്റ് സി രാധാകൃഷ്ണൻ തന്റെ കുടുംബം എഴുത്തഛന്റെ പിൻമുറക്കാരാണെന്ന് അഭിപ്രായപ്പെട്ടിരുന്നു[8].നായന്മാരിലെയും സമാന സമുദായങ്ങളിലേയും അധ്യാപകരെ പണ്ട് എഴുത്തച്ഛൻ എന്നായിരുന്നു വിളിച്ചിരുന്നത്[9]
സംസ്കൃതം, ജ്യോതിഷം എന്നിവയിൽ മികച്ച അറിവുണ്ടായിരുന്ന[10][11], അക്കാലത്തെ അബ്രാഹ്മണർക്കു വിദ്യാഭ്യാസം നൽകിയിരുന്ന, അപൂർവ്വം ചില സമുദായങ്ങൾക്കൊപ്പം, എഴുത്തച്ഛൻ സമുദായത്തിലെ പലരുമുണ്ടായിരുന്നു. അതിനാൽ അവരിലൊരാളായിരുന്നു അദ്ദേഹമെന്ന വാദത്തിനും അടിസ്ഥാനമുള്ളതായി കണക്കാക്കപ്പടുന്നു.[12][13][14] കവിയുടെ കുടുംബപരമ്പരയിൽപ്പെട്ട ചിലരാണ്, പെരിങ്ങോടിനടുത്തെ ആമക്കാവ് ക്ഷേത്രപരിസരത്തു വസിച്ചുപോരുന്നതെന്നും വിശ്വാസങ്ങളുണ്ട്. അതേസമയം, അദ്ദേഹം ഒരഖണ്ഡബ്രഹ്മചാരിയായിരുന്നെന്നു ചിലർ വിശ്വസിക്കുന്നു.[15][16]
മറ്റു ചരിത്രലേഖകർ, അദ്ദേഹത്തെ ജാതിപ്രകാരം, കണിയാർ ആയിട്ടാണു കണക്കാക്കുന്നത്.[17][18][19][20] പഴയകാലത്ത്, പ്രാദേശികകരകളിലെ കളരികളുടെ (ആയോധനകലയുടെയും സാക്ഷരതയുടെയും) ഗുരുക്കന്മാരായിരുന്ന[21] പരമ്പരാഗതജ്യോതിഷികളുടെ ഈ വിഭാഗം, സംസ്കൃതത്തിലും മലയാളത്തിലും പൊതുവെ നല്ല പാണ്ഡിത്യമുള്ളവരായിരുന്നു.[22][23] ജ്യോതിഷം, ഗണിതം, പുരാണം, ആയുർവേദം എന്നിവയിൽ നല്ല അവഗാഹമുള്ളവരായിരുന്ന ഇവർ[24] എഴുത്തുകളരികൾ നടത്തിയിരുന്നതിനാൽ പൊതുവേ എഴുത്താശാൻ, ആശാൻ, പണിക്കർ എന്നിങ്ങനെയുള്ള സ്ഥാനപ്പേരുകളിലായിരുന്നു മലയാളനാട്ടിൽ അറിയപ്പെട്ടിരുന്നത്.