പ്രണബ് മുഖർജി
ഇന്ത്യയുടെ 13 മത് രാഷ്ട്രപതി / From Wikipedia, the free encyclopedia
ഇന്ത്യയുടെ പതിമൂന്നാമത്തെ രാഷ്ട്രപതിയായിരുന്നു പ്രണബ് കുമാർ മുഖർജി (ബംഗാളി: প্রণব কুমার মুখোপাধ্যায় ജനനം ഡിസംബർ 11, 1935, പശ്ചിമബംഗാൾ, ഇന്ത്യ - മരണം ആഗസ്റ്റ് 31, 2020 ന്യൂ ഡെൽഹി, ഇന്ത്യ).[1] കേന്ദ്രമന്ത്രി സഭയിൽ ധനകാര്യ വകുപ്പ് മന്ത്രിയായിരുന്നു, പതിനാലാം ലോകസഭയിലെ വിദേശകാര്യ മന്ത്രിയായും പതിനഞ്ചാം ലോകസഭയിലെ അംഗവുമായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗമായ ഇദ്ദേഹം പശ്ചിമബംഗാളിലെ ജാംഗിപ്പൂർ ലോകസഭാമണ്ഡലത്തിൽ നിന്നുമാണ് ലോകസഭാംഗമായത്. 2019-ൽ ഭാരതത്തിൻെ്റ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന നൽകി രാഷ്ട്രം ആദരിച്ചു
പ്രണബ് മുഖർജി | |
---|---|
ഇന്ത്യൻ രാഷ്ട്രപതി | |
ഓഫീസിൽ 25 ജൂലൈ2012 – 25 ജൂലൈ2017 | |
പ്രധാനമന്ത്രി | മൻമോഹൻ സിങ്ങ് നരേന്ദ്ര മോദി |
മുൻഗാമി | പ്രതിഭാ പാട്ടീൽ |
പിൻഗാമി | രാംനാഥ് കോവിന്ദ് |
ഇന്ത്യയുടെ ധനകാര്യമന്ത്രി | |
ഓഫീസിൽ 24 ജനുവരി 2009 – 26 ജൂൺ 2012 | |
പ്രധാനമന്ത്രി | മൻമോഹൻ സിങ്ങ് |
മുൻഗാമി | മൻമോഹൻ സിങ്ങ് |
പിൻഗാമി | മൻമോഹൻ സിങ്ങ് |
ഓഫീസിൽ 15 ജനുവരി1982 – 31 ഡിസംബർ1984 | |
പ്രധാനമന്ത്രി | ഇന്ദിരാ ഗാന്ധി രാജീവ് ഗാന്ധി |
മുൻഗാമി | ആർ. വെങ്കിട്ടരാമൻ |
പിൻഗാമി | വി.പി. സിങ് |
ഇന്ത്യൻ വിദേശകാര്യ മന്ത്രി | |
ഓഫീസിൽ 10 ഫെബ്രുവരി1995 – 16 മേയ്1996 | |
പ്രധാനമന്ത്രി | പി.വി. നരസിംഹ റാവു |
മുൻഗാമി | ദിനേശ് സിങ്ങ് |
പിൻഗാമി | അടൽ ബിഹാരി വാജ്പേയി |
ഇന്ത്യൻ പ്രതിരോധമന്ത്രി | |
ഓഫീസിൽ 22 മേയ് 2004 – 26 ഒക്ടോബർ 2006 | |
പ്രധാനമന്ത്രി | മൻമോഹൻ സിങ്ങ് |
മുൻഗാമി | ജോർജ് ഫെർണാണ്ടസ് |
പിൻഗാമി | എ.കെ. ആന്റണി |
ആസൂത്രണ കമ്മീഷൻ ഉപാദ്ധ്യക്ഷൻ | |
ഓഫീസിൽ 24 ജൂൺ 1991 – 15 മേയ് 1996 | |
പ്രധാനമന്ത്രി | പി.വി. നരസിംഹറാവു |
മുൻഗാമി | മോഹൻ ധാരിയ |
പിൻഗാമി | മധു ദന്തവതേ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1935-12-11)11 ഡിസംബർ 1935 മിരാതി, പശ്ചിമ ബംഗാൾ, ഇൻഡ്യ |
മരണം | 31 ഓഗസ്റ്റ് 2020(2020-08-31) (പ്രായം 84) New Delhi, |
രാഷ്ട്രീയ കക്ഷി | യുണൈറ്റഡ് ഫ്രണ്ട് (1996–2004) ഐക്യ പുരോഗമന സഖ്യം (2004–present) |
പങ്കാളി | സുവ്രാ മുഖർജി (1957-2015) |
കുട്ടികൾ | ഷർമ്മിഷ്ട മുഖർജി(മകൾ) അഭിജിത് മുഖർജി (മകൻ) ഇന്ദ്രജിത് മുഖർജി (മകൻ) |
അൽമ മേറ്റർ | കൽക്കത്ത സർവകലാശല |
വെബ്വിലാസം | ഔദ്യോഗിക വെബ്സൈറ്റ് |
മുൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയാണ് പ്രണബ് മുഖർജിയെ രാജ്യസഭാ സീറ്റ് നൽകി ദേശീയ രാഷ്ട്രീയത്തിലേക്ക് കൊണ്ടു വരുന്നത്. ഇന്ദിരാ ഗാന്ധിയുടെ കാലഘട്ടത്തിൽ അവരുടെ വിശ്വസ്തരിൽ ഒരാളായിരുന്നു പ്രണബ് മുഖർജി. ആ വിശ്വാസം 1973 ൽ പ്രണബിനെ കേന്ദ്രമന്ത്രിസഭയിലെത്തിച്ചു. 1975 ലെ അടിയന്തരാവസ്ഥ കാലത്ത് മറ്റു പല ഇന്ദിരാ വിശ്വസ്തരേയുംപോലെ വിമർശനങ്ങൾ നേരിടേണ്ടി വന്നു. 1982-1984 കാലത്ത് ഇന്ത്യയുടെ ധനകാര്യ മന്ത്രിയായിരുന്നു, 1980-1985 സമയത്ത് രാജ്യസഭയിലെ അദ്ധ്യക്ഷസ്ഥാനം വഹിച്ചിരുന്നു.
ഇന്ദിരാ ഗാന്ധിക്കുശേഷം, രാജീവ് ഗാന്ധിയുടെ ഭരണകാലഘട്ടത്തിൽ പ്രണബ് നേതൃത്വത്തിൽ നിന്നും തഴയപ്പെട്ടു. രാഷ്ട്രീയ സമാജ്വാദി കോൺഗ്രസ്സ് എന്നൊരു രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു. എന്നാൽ 1989 ൽ രാജീവ് ഗാന്ധിയുമായി ഒത്തു തീർപ്പിലെത്തി, ഈ സംഘടന കോൺഗ്രസ്സിൽ ലയിച്ചു.[2] പി.വി. നരസിംഹറാവു പ്രധാനമന്ത്രി ആയിരുന്ന കാലത്ത് പ്രണബിനെ ആസൂത്രണ കമ്മീഷൻ ഉപാദ്ധ്യക്ഷനായി നിയമിച്ചു.[3] പിന്നീട് 1995 ൽ ധനകാര്യ മന്ത്രിയുമായി ചുമതലയേറ്റു.[4] സോണിയ ഗാന്ധി കോൺഗ്രസ്സ് പാർട്ടിയുടെ നേതൃത്വസ്ഥാനത്തേക്ക് എത്തിയതിന്റെ പിന്നിലുള്ള മുഖ്യ സൂത്രധാരൻ പ്രണബ് ആണെന്നു വിശ്വസിക്കപ്പെടുന്നു.
2004 ൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ ഐക്യ പുരോഗമന സഖ്യം അധികാരത്തിലെത്തിയ അന്നു മുതൽ 2012 ൽ പ്രസിഡന്റ് പദവിക്കായി രാജിവെക്കുന്നതുവരെ മൻമോഹൻ സിങ് മന്ത്രിസഭയിൽ രണ്ടാമനായിരുന്നു പ്രണബ്. വിദേശ കാര്യം, പ്രതിരോധം, ധനകാര്യം എന്നിങ്ങനെ വിവിധങ്ങളായ വകുപ്പുകൾ പ്രണബ് കൈകാര്യം ചെയ്തിട്ടുണ്ട്. കോൺഗ്രസ്സിന്റെ നാമനിർദ്ദേശത്തിൽ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുകയും, എതിർ സ്ഥാനാർത്ഥി പി.എ.സാങ്മയെ പരാജയപ്പെടുത്തി ഇന്ത്യയുടെ പ്രഥമപൗരനായി അധികാരമേറ്റെടുക്കുകയും ചെയ്തു.[5] 2017-ൽ രണ്ടാമൂഴത്തിന് മത്സരിയ്ക്കാതെ സജീവരാഷ്ട്രീയത്തോട് വിടപറഞ്ഞ മുഖർജി 2020 ഓഗസ്റ്റ് 31-ന് തലച്ചോറിലെ രക്തസ്രാവത്തെ തുടർന്നുള്ള ചികിത്സക്കിടെ ഡൽഹി സൈനിക ആശുപത്രിയിൽ വെച്ച് അന്തരിച്ചു. ഇദ്ദേഹത്തിന് കോവിഡ്-19 ഉം ബാധിച്ചിരുന്നു.