ഹെൻറി ലോറൻസ്
ബ്രിട്ടീഷ് ഇന്ത്യയിലെ സൈനികനും ഭരണകർത്താവും / From Wikipedia, the free encyclopedia
ബ്രിട്ടീഷ് ഇന്ത്യയിലെ പ്രശസ്തനായ ഒരു സൈനികനും ഭരണകർത്താവുമായിരുന്നു ഹെൻറി ലോറൻസ് (ഇംഗ്ലീഷ്: Henry Lawrence) എന്ന ഹെൻറി മോണ്ട്ഗോമറി ലോറൻസ് (ജീവിതകാലം: 1806 ജൂൺ 28 – 1857 ജൂലൈ 4). ഈസ്റ്റ് ഇന്ത്യ കമ്പനിക്കുവേണ്ടി ബർമ്മ, അഫ്ഗാൻ യുദ്ധങ്ങളിൽ പങ്കെടുത്തിട്ടുള്ള ഇദ്ദേഹം ഭൂസർവേയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. പഞ്ചാബ് അതിർത്തിയിലെ പൊളിറ്റിക്കൽ ഏജന്റ്, നേപ്പാൾ, ലാഹോർ എന്നീ പ്രദേശങ്ങളിൽ റെസിഡന്റ്, വടക്കുപടിഞ്ഞാറൻ അതിർത്തിപ്രദേശങ്ങളുടെ ചീഫ് അഡ്മിനിസ്ട്രേറ്റർ, പഞ്ചാബ് ഭരണ ബോർഡിന്റെ അദ്ധ്യക്ഷൻ, രജപുത്താനയിലെ പൊളിറ്റിക്കൽ ഏജന്റ്, അവധിലെ ചീഫ് കമ്മീഷണർ തുടങ്ങിയ ഉന്നതഭരണസ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ബ്രിഗേഡിയർ ജനറൽ ഹെൻറി മോണ്ട്ഗോമെറി ലോറൻസ് കെ.സി.ബി. | |
---|---|
ജനനം | (1806-06-28)28 ജൂൺ 1806 സിലോൺ |
മരണം | 4 ജൂലൈ 1857(1857-07-04) (പ്രായം 51) ലക്നൗ, ബ്രിട്ടീഷ് ഇന്ത്യ |
ദേശീയത | യു.കെ. ഈസ്റ്റ് ഇന്ത്യ കമ്പനി |
വിഭാഗം | ബംഗാൾ സേന |
ജോലിക്കാലം | 1823–1857 |
പദവി | ബ്രിഗേഡിയർ ജനറൽ |
യൂനിറ്റ് | ബംഗാൾ ആർട്ടില്ലറി |
യുദ്ധങ്ങൾ | ഒന്നാം ബർമ്മ യുദ്ധം ഒന്നാം ആംഗ്ലോ-അഫ്ഗാൻ യുദ്ധം ഒന്നാം ആംഗ്ലോ-സിഖ് യുദ്ധം രണ്ടാം ആംഗ്ലോ-സിഖ് യുദ്ധം ഇന്ത്യൻ ലഹള |
പുരസ്കാരങ്ങൾ | ആർമി ഓഫ് ഇന്ത്യ മെഡൽ കന്ദഹാർ, ഗസ്നി, കാബൂൽ മെഡൽ സത്ലുജ് മെഡൽ പഞ്ചാബ് മെഡൽ ഇന്ത്യ ജനറൽ സെർവീസ് മെഡൽ ഇന്ത്യൻ മ്യൂട്ടിനി മെഡൽ |
ബന്ധുക്കൾ | ജോൺ ലോറൻസ് ജോർജ് ലോറൻസ് അലക്സാണ്ടർ ലോറൻസ് |
മറ്റു തൊഴിലുകൾ | നേപ്പാളിലെ റെസിഡന്റ്, ലാഹോറിലെ റെസിഡന്റ്, പഞ്ചാബ് ഭരണബോർഡിന്റെ അദ്ധ്യക്ഷൻ അവധിലെ ചീഫ് കമ്മീഷണർ |
ഇന്ത്യയിലെ മലമ്പ്രദേശങ്ങളിൽ ബ്രിട്ടീഷ് സ്കൂളുകൾ തുടങ്ങാൻ ആദ്യമായി മുൻകൈയെടുത്തത് ഹെൻറിയാണ്. ഇദ്ദേഹത്തിന്റെ ശ്രമഫലമായുണ്ടായ സ്കൂളുകൾ ലോറൻസ് സ്കൂളുകൾ എന്നാണ് അറിയപ്പെടുന്നത്. ഇന്നും ഈ സ്കൂളുകൾ നിലനിൽക്കുന്നുണ്ട്. ചരിത്രപ്രാധാന്യമുള്ള ചില ഗ്രന്ഥങ്ങളുടെ കർത്താവുമാണ് ഹെൻറി.
ഇന്ത്യയുടെ വൈസ്രോയായിരുന്ന ജോൺ ലോറൻസ് ഇദ്ദേഹത്തിന്റെ ഇളയ സഹോദരനാണ്. തന്റെ സഹോദരനെപ്പോലെ പിതൃഭാവഭരണത്തിന്റെ പ്രയോക്താവായിരുന്നെങ്കിലും സഹോദരനിൽ നിന്ന് വ്യത്യസ്തമായി തദ്ദേശീയപ്രഭുക്കൻമാർക്ക് പങ്കാളിത്തമുള്ള അയഞ്ഞ ഒരു ഭരണസംവിധാനമായിരുന്നു ഹെൻറിയുടെ കാഴ്ചപ്പാട്.[1] ബ്രിട്ടീഷ് നിയന്ത്രിത പഞ്ചാബിന്റെ ആദ്യത്തെ ഭരണാധികാരിയായിരുന്നു ഹെൻറി. പഞ്ചാബ് പൂർണ്ണമായും ബ്രിട്ടീഷ് ആധിപത്യത്തിലായപ്പോൾ സഹോദരൻ ജോണും ഹെൻറിക്കൊപ്പം ഭരണത്തിന്റെ തലപ്പത്തെത്തി. ഇരുവരുടെയും ഭരണരീതികളിലുള്ള വ്യത്യാസം കടുത്ത അഭിപ്രായഭിന്നതകളിലേക്ക് നയിക്കുകയും ഹെൻറിയെ പഞ്ചാബിൽ നിന്ന് മാറ്റി നിയമിക്കുകയും ചെയ്തു. ഹെൻറിയുടെ കാലയളവിനു ശേഷം സഹോദരൻ ജോൺ പഞ്ചാബിന്റെ ചീഫ് കമ്മീഷണറായി. ഇരു ലോറൻസുമാരുടെയും പഞ്ചാബ് ഭരണത്തെ ലോറൻസ് രാജ് എന്ന് ചരിത്രകാരൻമാർ പരാമർശിക്കാറുണ്ട്.
1857-ലെ ലഹളക്കാലത്ത് ലക്നൗവിൽ വച്ച് വെടിയേറ്റ് ഹെൻറി ലോറൻസ് കൊല്ലപ്പെട്ടു. മരണമടയുന്ന സമയത്ത് ഇന്ത്യയിലെ താൽക്കാലിക ഗവർണർ ജനറലായി അദ്ദേഹം നിയമിക്കപ്പെട്ടിരുന്നു.[2]