എലിമെന്റ്സ്
ഗണിതശാസ്ത്രഗ്രന്ഥമാണ് / From Wikipedia, the free encyclopedia
ഈജിപ്തിലെ അലക്സാണ്ട്രിയയിൽ ജീവിച്ചിരുന്ന ഗ്രീക്ക് ഗണിതശാസ്ത്രജ്ഞനായിരുന്ന യൂക്ലിഡ് രചിച്ച പതിമൂന്ന് പുസ്തകങ്ങളടങ്ങിയ ഗണിതശാസ്ത്രഗ്രന്ഥമാണ് എലിമെന്റ്സ് (പുരാതന ഗ്രീക്ക്: Στοιχεῖα Stoicheia). ക്രിസ്തുവിന് മുന്നൂറു വർഷം മുമ്പ് രചിക്കപ്പെട്ട ഈ ഗ്രന്ഥത്തിൽ ഗണിതത്തിലെ നിർവചനങ്ങളും പ്രമേയങ്ങളും ജ്യാമിതീയസൃഷ്ടികളും അവയുടെ തെളിവുകളും അടങ്ങിയിരിക്കുന്നു. ദ്വിമാനവും ത്രിമാനവുമായ യൂക്ലിഡീയൻ ജ്യാമിതി, പ്രാഥമിക സംഖ്യാസിദ്ധാന്തം, സാനുപാതമല്ലാത്ത രേഖാഖണ്ഡങ്ങൾ എന്നിവയാണ് എലിമെന്റ്സിലെ പ്രതിപാദ്യവിഷയം. യുക്തി, ആധുനിക ശാസ്ത്രം എന്നിവയുടെ വികസനത്തിൽ ഈ ഗ്രന്ഥം പ്രധാന പങ്കു വഹിച്ചു.
കർത്താവ് | യൂക്ലിഡ് |
---|---|
ഭാഷ | പുരാതന ഗ്രീക്ക് |
വിഷയം | യൂക്ലിഡിയൻ ജ്യാമിതി, പ്രാഥമിക സംഖ്യാസിദ്ധാന്തം, സാനുപാതമല്ലാത്ത രേഖകൾ |
സാഹിത്യവിഭാഗം | ഗണിതം |
പ്രസിദ്ധീകരിച്ച തിയതി | c. 300 BC |
ഏടുകൾ | 13 പുസ്തകങ്ങൾ |
ചരിത്രത്തിലെ ഏറ്റവും വിജയകരവും[1][2] സ്വാധീനമുള്ളതുമായ[3] പാഠപുസ്തകമായി എലിമെന്റ്സ് കരുതപ്പെടുന്നു. അച്ചടിവിദ്യയുടെ കണ്ടുപിടിത്തത്തിനു ശേഷം ആദ്യമായി അച്ചടിക്കപ്പെട്ട ഗ്രന്ഥങ്ങളിലൊന്നായ എലിമെന്റ്സ് ബൈബിളിനു ശേഷം ഏറ്റവുമധികം പതിപ്പുകൾ ഇറങ്ങിയ ഗ്രന്ഥവുമാണ്.[3] 1482 നു ശേഷം ആയിരത്തിലധികം പതിപ്പുകൾ ഇങ്ങനെ ഇറങ്ങിയിട്ടുണ്ട്..[4] നൂറ്റാണ്ടുകളോളം എല്ലാ സർവ്വകലാശാലകളിലെ വിദ്യാർത്ഥികളും എലിമെന്റ്സ് ഭാഗികമായെങ്കിലും അവരുടെ പാഠ്യപദ്ധതിയുടെ ഭാഗമായി വായിക്കേണ്ടിയിരുന്നു. ഇരുപതാം നൂറ്റാണ്ടിൽ എലിമെന്റ്സിലെ ഉള്ളടക്കം മറ്റു പാഠപുസ്തകങ്ങളുടെ ഭാഗമായി പഠിപ്പിക്കാൻ തുടങ്ങിയതോടെ മാത്രമാണ് "വിദ്യാസമ്പന്നരായ എല്ലാവരും വായിച്ചിരുന്നിട്ടുണ്ടാകുമായിരുന്ന പുസ്തകം" എന്ന വിശേഷണം ഈ ഗ്രന്ഥത്തിന് നഷ്ടപ്പെട്ടത്.[5]