ലിനക്സ് വിതരണം
ലിനക്സ് കേർണൽ ഉൾപ്പെടുന്ന യുണിക്സ് സമാന ഓപ്പറേറ്റിങ് സിസ്റ്റം / From Wikipedia, the free encyclopedia
യുണിക്സ് സമാന ഓപ്പറേറ്റിങ് സിസ്റ്റം കേർണൽ ആയ ലിനക്സ് കേർണലും അതിനു മുകളിൽ വികസിപ്പിച്ചെടുത്തിരിക്കുന്ന ആപ്ലിക്കേഷനുകളുമടങ്ങിയ ഓപ്പറേറ്റിങ് സിസ്റ്റത്തെ ലിനക്സ് വിതരണം എന്നു വിളിക്കുന്നു. പുതിയ തലമുറ ലിനക്സ് വിതരണങ്ങൾ ഗ്രാഫിക്കൽ യൂസർ ഇന്റർഫേസ്, വേഡ് പ്രോസസ്സർ, ബ്രൗസർ, ഫയൽ മാനേജർ തുടങ്ങിയ നിരവധി നിത്യോപയോഗ സോഫ്റ്റ്വേറുകളും ഉൾക്കൊള്ളുന്നു. ഒട്ടുമിക്ക ലിനക്സ് വിതരണങ്ങളും ഗ്രാഫിക്സിനായി എക്സ് വിൻഡോ സിസ്റ്റം ഉപയോഗിക്കുന്നു. ലിനക്സ് കെർണലും അനുബന്ധ ആപ്ലിക്കേഷനുകളും സ്വതന്ത്ര സോഫ്റ്റ്വെയറുകളായതിനാൽ നിരവധി ലിനക്സ് വിതരണങ്ങൾ ലഭ്യമാണ്. ഡെബിയൻ ഗ്നു/ലിനക്സ്, ഉബുണ്ടു, ഫെഡോറ തുടങ്ങിയവ ഇന്ന് ഏറെ പ്രചാരത്തിലുള്ള ലിനക്സ് വിതരണങ്ങളാണ്. ലിനക്സ് വിതരണങ്ങളിൽ ചിലവ കമ്പനികൾ വികസിപ്പിക്കുന്നതും, ചിലവ ഉപയോക്തൃസമൂഹങ്ങൾ വികസിപ്പിക്കുന്നതുമാണ്. ലിനക്സ് വിതരണങ്ങളെല്ലാം ലിനക്സ് കെർണൽ ആണുപയോഗിക്കുന്നതെങ്കിലും അവയിലെ ആപ്ലിക്കേഷനുകൾ പരസ്പരം മാറി പ്രവർത്തിക്കണമെന്നില്ല.