വ്യഞ്ജനം
വോക്കൽ ട്രാക്റ്റിന്റെ പൂർണ്ണമായോ ഭാഗികമായോ അടച്ചുകൊണ്ട് ഉച്ചരിക്കുന്ന സംഭാഷണ ശബ്ദം / From Wikipedia, the free encyclopedia
സ്വനനാളത്തിലൂടെയുള്ള വായുപ്രവാഹം പൂർണ്ണമോ ഭാഗികമോ ആയി തടയപ്പെട്ട് ഉച്ചരിക്കുന്ന ഭാഷണശബ്ദങ്ങളെയാണ് സ്വനവിജ്ഞാനത്തിൽ വ്യഞ്ജനങ്ങൾ (Consonants) എന്ന് വിളിക്കുന്നത്. സ്വനനാളത്തിന്റെ ഉപരിഭാഗത്തുവെച്ചാണ് വായുപ്രവാഹം തടയപ്പെടുന്നത്. വായുപ്രവാഹത്തിനു ഒട്ടും തടസ്സമില്ലാതെ ഉച്ചരിക്കുന്നവയാണ് സ്വരങ്ങൾ. സ്വരങ്ങളും വ്യഞ്ജനങ്ങളും ഭാഷണശബ്ദങ്ങളുടെ പ്രാഥമികവും സുപ്രധാനവുമായ വിഭാഗങ്ങളാണ്.
സ്വരങ്ങളുടെ സഹായമില്ലാതെ വ്യഞ്ജനങ്ങൾ സ്പഷ്ടമാകില്ലെങ്കിലും വ്യഞ്ജനോച്ചാരണത്തിന് സ്വരസഹായം ഒഴിച്ചുകൂടാത്തതല്ല. വായുപ്രവാഹത്തിന്റെ തടസ്സം കുറയുന്നതിനനുസരിച്ച് വ്യഞ്ജനങ്ങൾക്ക് സ്വരത്വം കൂടിവരുന്നു. മുഖരവ്യഞ്ജനങ്ങൾ ഇവ്വിധം സ്വരങ്ങളുടെ സ്വഭാവം കാണിക്കുന്നവയാണ്.