സരസ്വതി
അറിവിന്റെയും ബുദ്ധിയുടെയും ദേവി / From Wikipedia, the free encyclopedia
ഹിന്ദു വിശ്വാസപ്രകാരവും , ശാക്തേയ വിശ്വാസപ്രകാരവും വിദ്യയുടെ ഭഗവതിയാണ് സരസ്വതി ദേവി. സർവേശ്വരിയായ ആദിപരാശക്തിയുടെ മൂന്ന് പ്രധാന ഭാവങ്ങളിൽ ഒന്നാണ് മഹാസരസ്വതി. വിദ്യ കൊണ്ട് ഐശ്വര്യങ്ങളും ഉയർച്ചയും പാണ്ഡിത്യവും പദവികളും സ്ഥാനമാനങ്ങളും സമ്പത്തും ഭഗവതി നൽകുമെന്ന് വിശ്വസിക്കപ്പെടുന്നു. അക്ഷരം, സംഗീതം, നൃത്തം മുതലായ കലകൾ, കരകൗശലങ്ങൾ, വിദ്യാഭ്യാസം, സാഹിത്യം എന്നിവ സരസ്വതിയുടെ പ്രത്യക്ഷ രൂപങ്ങളാണെന്ന് വിശ്വസിക്കപ്പെടുന്നു. വാഗീശ്വരീ, വാണി, വിദ്യ എന്നീ പേരുകളിലും സരസ്വതി അറിയപ്പെടുന്നു. ഓർമശക്തി, ബുദ്ധിശക്തി, വാക്ക്, കഴിവുകൾ എന്നിവ സരസ്വതിയുടെ വരദാനമായി ഹൈന്ദവർ കരുതുന്നു. അക്ഷര സംഗീതാതികലകൾ മനസിന് സന്തോഷവും ശാന്തിയും സമാധാനവും അറിവും പ്രദാനം ചെയ്യുമെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. അക്ഷരത്തിലും കലാകാവ്യാദികളിലും വാക്കിലുമൊക്കെ ദൈവികത ദർശിച്ചിരുന്ന ഒരു പുരാതന കാലഘട്ടത്തിന്റെ ദൈവസങ്കല്പം കൂടിയാണിത്. തെറ്റായ വാക്കുകൾ ഉച്ചരിക്കുമ്പോൾ നാവിൽ സരസ്വതിക്ക് പകരം 'വികടസരസ്വതി' കളിയാടുന്നു എന്നും വിശ്വസിക്കപ്പെട്ടിരുന്നു. നവരാത്രി, ബുധനാഴ്ച, വസന്ത പഞ്ചമി, പൗർണമി എന്നിവ സരസ്വതി പ്രധാനമായ ദിവസങ്ങൾ. കേരളത്തിൽ നവരാത്രി ദിവസങ്ങളിൽ സരസ്വതി പൂജ പ്രധാനമാണ്. നവരാത്രിയുടെ അവസാന ദിവസമായ വിജയദശമി നാളിൽ സരസ്വതി ദേവിയെ പ്രാർഥിച്ചു ഹൈന്ദവർ കുട്ടികൾക്ക് വിദ്യാരംഭം നടത്തുന്നു. പല ഭഗവതി ക്ഷേത്രങ്ങളിലും പ്രഭാതത്തിൽ പരാശക്തിയെ സരസ്വതി ഭാവത്തിൽ ആരാധിക്കാറുണ്ട്. എറണാകുളം ചോറ്റാനിക്കര, പാലക്കാട് ഹേമാംമ്പിക തുടങ്ങിയ ഭഗവതി ക്ഷേത്രങ്ങൾ ഇതിന് ഉദാഹരണമാണ്. ദുർഗാ ഭഗവതി മഹാസരസ്വതി തന്നെ ആയതിനാൽ ദുർഗ്ഗാ ക്ഷേത്രങ്ങളിൽ ദേവി മഹാസരസ്വതിയായി പൂജിക്കപ്പെടുന്നു. കൂടാതെ മിക്ക ദേവി ക്ഷേത്രങ്ങളിലും വിദ്യാരംഭ വേളയിൽ ഭഗവതിയെ സരസ്വതി ഭാവത്തിൽ ആരാധിക്കുന്നതായി കാണാം. സരസ്വതിയും ലക്ഷ്മിയും കാളിയും ഒന്ന് തന്നെ എന്ന് ദേവി മാഹാത്മ്യം, ദേവി ഭാഗവതം തുടങ്ങിയവ ചൂണ്ടിക്കാട്ടുന്നു. ഇവ ഒരേ ആദിപരാശക്തിയുടെ മൂന്ന് പ്രധാന ഭാവങ്ങളായി കണക്കാക്കപ്പെടുന്നു.
സരസ്വതി ദേവി | |
---|---|
വിദ്യാഭ്യാസം, അക്ഷരം, വാക്ക്, കലകൾ, ഓർമ്മശക്തി, ബുദ്ധി, കഴിവ്, ഐശ്വര്യം, പാണ്ഡിത്യം, പദവികൾ, നദികൾ | |
ദേവനാഗരി | सरस्वती |
Sanskrit Transliteration | Sarasvatī |
Affiliation | ഭഗവതി, ആദിപരാശക്തി, ഭുവനേശ്വരി, ദുർഗ്ഗ |
ഗ്രഹം | ബുധൻ |
ജീവിത പങ്കാളി | ബ്രഹ്മാവ് |
Mount | സരസ്വതി - അരയന്നം, മയിൽ, താമരപ്പൂവ്, മഹാസരസ്വതി-സിംഹം |