അഗ്നി ഇൻഷുറൻസ്
From Wikipedia, the free encyclopedia
അഗ്നിബാധ മൂലമുണ്ടാകുന്ന സാമ്പത്തികനഷ്ടം ലഘൂകരിക്കാനോ പരിഹരിക്കാനോ വേണ്ടി ആസൂത്രണം ചെയ്തിട്ടുള്ള ഇൻഷുറൻസ് പദ്ധതിയാണിത്. ബിസിനസ് സംരംഭങ്ങളുടെ ഭദ്രവും ശാസ്ത്രീയവുമായ നടത്തിപ്പിന് അഗ്നി ഇൻഷുറൻസ് അത്യന്താപേക്ഷിതമാണ്. അഗ്നിബാധയിൽ നിന്നുള്ള നഷ്ടബാദ്ധ്യത ഒഴിവാക്കുന്നതിന് പല സമ്പ്രദായങ്ങൾ നിലവിലുണ്ട്.
- അഗ്നിബാധ ഉണ്ടാകുന്നതും പടർന്നുപിടിക്കുന്നതും തടയുക.
- അഗ്നിബാധയിൽനിന്നുള്ള നഷ്ടം സഹിക്കത്തക്കവണ്ണം സ്വത്തുടമ സ്വയം ഇൻഷുറൻസ് (self insurance) ഏർപ്പെടുത്തുക.
- അഗ്നിബാധകൊണ്ടുനേരിടുന്ന നഷ്ടം പരിഹരിക്കുമെന്ന് ഉറപ്പു നല്കുന്ന ഒരാളിന്റെയോ കമ്പനിയുടെയോ ഇൻഷുറൻസ് പദ്ധതിയിൽ ഇൻഷുറർ (Insurer) പ്രീമിയം അടച്ച് ഏർപ്പെടുക.
വലിയ കമ്പനികൾക്കോ അനേകം സ്ഥാപനങ്ങൾ സ്വന്തമായുള്ള ഒരു വ്യക്തിക്കോ മാത്രമേ സ്വയം ഇൻഷുറൻസ് ഏർപ്പെടുത്താൻ കഴിയൂ. അനേകം സ്ഥാപനങ്ങളുള്ളതുകൊണ്ട്, അഗ്നിബാധമൂലം ഒരു സ്ഥാപനത്തിനുണ്ടാകുന്ന നഷ്ടം മറ്റുള്ളവയിലെ ലാഭംകൊണ്ടു നികത്താമെന്നതാണ് ഇതിന്റെ പ്രത്യേകത. പ്രീമിയം അടച്ചുകൊണ്ടുള്ള ഇൻഷുറൻസാണ് ഇന്ന് പ്രചാരത്തിലുള്ളത്.