ധാതു
പ്രാകൃതിക പദാർഥം / From Wikipedia, the free encyclopedia
അകാർബണിക (inorganic) പ്രക്രിയയുടെ ഫലമായി രൂപംകൊള്ളുന്നതും നിയതമായ അറ്റോമിക ഘടന, രാസസംഘടനം, സ്ഥിരം അഥവാ ഒരു നിശ്ചിത പരിധിവരെ വ്യത്യാസപ്പെടാവുന്ന ഭൗതികഗുണം എന്നിവയോടുകൂടിയതുമായ പ്രാകൃതിക പദാർഥമാണു് ധാതു (mineral) എന്നറിയപ്പെടുന്നതു് . ഖനിജം എന്നും ഇത് അറിയപ്പെടുന്നു. ഒരൊറ്റ മൂലകമായോ (ഉദാ. ചെമ്പ്, സ്വർണം, വെള്ളി) സംയുക്തങ്ങളായോ (ഉദാ. സോഡിയം ക്ലോറൈഡ് (NaCl), കാൽസ്യം കാർബണേറ്റ് (CaCO3)) ധാതുക്കൾ പ്രകൃതിയിൽ കാണപ്പെടുന്നു. ഭുവല്കത്തിൽ മാത്രമല്ല ചന്ദ്രൻ, ചൊവ്വ, ഉൽക്കകൾ തുടങ്ങിയ ജ്യോതിർവസ്തുക്കളിലും ധാതുക്കൾ കാണപ്പെടുന്നുണ്ട്. അജൈവ സ്വഭാവമാണ് ധാതുക്കളുടെ മുഖ്യ സവിശേഷത.
ധാതു എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ധാതു (വിവക്ഷകൾ) എന്ന താൾ കാണുക. |
ധാതുക്കളുടെ പരമ്പരാഗതനിർവചനപ്രകാരം പ്രകൃത്യാ കാണപ്പെടുന്ന അകാർബണിക പദാർഥങ്ങളെ മാത്രമേ ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ. എന്നാൽ ഇപ്പോൾ കാർബണിക പദാർഥങ്ങളായ കൽക്കരി, പ്രകൃതിവാതകം, പെട്രോളിയം എന്നിവയെ പരിമിതാർഥത്തിൽ ധാതുക്കളായി പരിഗണിക്കാറുണ്ട്. രൂപസാദൃശ്യങ്ങളിലും മറ്റും ധാതുക്കളോടു സാമ്യമുണ്ടെങ്കിലും മനുഷ്യ നിർമിത പദാർഥങ്ങളെ (ഉദാ. കൃത്രിമ വജ്രം) ഒരിക്കലും ധാതുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്താറില്ല. അഗ്നിപർവതജന്യ സ്ഫടികം, പവിഴം, ജന്തുക്കളുടെ അസ്ഥികൾ, തോടുകൾ എന്നിവയും ധാതുക്കളുടെ നിർവചന പരിധിയിൽ ഉൾപ്പെടുന്നില്ല. ധാതുക്കൾ പൊതുവേ വാതകം, ശിലാദ്രവം, ജലീയദ്രാവകം, മറ്റു ധാതുക്കൾ എന്നിവയിൽനിന്ന് രൂപപ്പെടുന്നവയാണ്.