നെജ്മത്തിൻ എർബകാൻ
From Wikipedia, the free encyclopedia
തുർക്കിയിലെ ആദ്യത്തെ ഇസ്ലാമികവാദി പ്രധാനമന്ത്രിയായിരുന്നു നെജ്മത്തിൻ എർബകാൻ (1926 ഒക്ടോബർ 29-2011 ഫെബ്രുവരി 27[1]). 1996 ജൂൺ മുതൽ 1997 ജൂൺ വരെയുള്ള ഒരുവർഷം ഇദ്ദേഹം തുർക്കിയുടെ പ്രധാനമന്ത്രിയായിരുന്നു.
നെജ്മത്തിൻ എർബകാൻ | |
---|---|
തുർക്കിയുടെ പ്രധാനമന്ത്രി | |
ഓഫീസിൽ 1996 ജൂൺ 28 – 1997 ജൂൺ 30 | |
മുൻഗാമി | മെസൂത് യിൽമാസ് |
പിൻഗാമി | മെസൂത് യിൽമാസ് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 1926 ഒക്ടോബർ 29 സിനോപ്, തുർക്കി |
മരണം | 2011 ഫെബ്രുവരി 27 അങ്കാറ, തുർക്കി |
രാഷ്ട്രീയ കക്ഷി | ജസ്റ്റിസ് പാർട്ടി നാഷണൽ ഓർഡർ പാർട്ടി നാഷണൽ സാൽവേഷൻ പാർട്ടി വെൽഫെയർ പാർട്ടി വെർച്യൂ പാർട്ടി ഫെലിസിറ്റി പാർട്ടി |
പങ്കാളി | നെർമിൻ എർബകാൻ (1967-2005) |
അൽമ മേറ്റർ | ഇസ്താംബൂൾ സാങ്കേതികസർവകലാശാല |
1960-കളിൽ രാഷ്ട്രീയത്തിലിറങ്ങിയ എർബകാൻ, പലതവണ പാർലമെന്റംഗവും മൂന്നു തവണ ഉപപ്രധാനമന്ത്രിയാകുകയും ചെയ്തിരുന്നു. സുലൈമാൻ ദെമിറേലിന്റെ ജസ്റ്റിസ് പാർട്ടിയിലൂടെ രാഷ്ട്രീയത്തിലെത്തിയ എർബകാൻ, 1970-നും 2001-നുമിടയിലുള്ള കാലത്ത് അഞ്ച് രാഷ്ട്രീയകക്ഷികൾ സ്ഥാപിച്ചു. തീവ്ര ഇസ്ലാമികവാദികളായിരുന്ന ഈ കക്ഷികളെയെല്ലാം പലകാലങ്ങളിലായി ഭരണഘടനാകോടതി നിരോധിക്കുകയായിരുന്നു. ഇക്കാരണമാരോപിച്ച് പല തവണ, തുർക്കിയിലെ ഭരണഘടനാക്കോടതി, രാഷ്ട്രീയപ്രവർത്തനത്തിൽ നിന്നും എർബകാനെ വിലക്കിയിട്ടുമുണ്ട്.[2][3][4]
തുർക്കിയിൽ ഇന്ന് ഭരണത്തിലിരിക്കുന്ന പ്രസിഡണ്ട് അബ്ദുള്ള ഗുൽ, പ്രധാനമന്ത്രി റെജെപ് തയിപ് എർദ്വാൻ എന്നിവർ, എർബകാൻ സ്ഥാപിച്ച വെൽഫെയർ പാർട്ടിയിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ചവരാണ്. രാജ്യത്തെ ഭരണകക്ഷിയായ ജസ്റ്റിസ് ആൻഡ് ഡെവലപ്മെന്റ് പാർട്ടി, 2001-ൽ എർബകാന്റെ വെർച്യൂ പാർട്ടി പിളർന്ന് രൂപം കൊണ്ടതാണ്.