ഒരു ക്രിസ്ത്യൻ സിദ്ധാന്തമാണ് ആദിപാപം. ബൈബിളിലെ ഉല്പത്തി 3 ആദാമിന്റെയും ഹവ്വയുടെയും ഭാഗത്തെ അടിസ്ഥാനമാക്കിയാണ് ആദിപാപം കണക്കാക്കപ്പെടുന്നത്. ആദത്തിന്റെ പാപം മൂലം പറുദീസാ നഷ്ടം ആയെന്നും അതിന്റെ ഫലമായി ആദത്തിന്റെ മക്കൾ എല്ലാം പറുദീസാ നഷ്ടമായ അവസ്ഥയിൽ ജനിക്കുന്നു എന്നുമാണ് ആ പഠനം പറയുന്നത്. മൂന്നാം നൂറ്റാണ്ടിൽ ഈ വിശ്വാസം ഉയർന്നുവരാൻ തുടങ്ങി. എന്നാൽ "ആദിപാപം" (ലാറ്റിൻ: peccatum originale) എന്ന പദപ്രയോഗം ആദ്യമായി ഉപയോഗിച്ച എഴുത്തുകാരനായ അഗസ്റ്റിൻ ഓഫ് ഹിപ്പോയുടെ (354-430) രചനകളോടെ ഇത് പൂർണ്ണമായും രൂപപ്പെട്ടത്.

ആദാമിന്റെയും ഹവ്വായുടെയും ആദി പാപത്തിന്റെ ചിത്രീകരണം

ഉൽപത്തി 3-ന്റെ അടിസ്ഥാനത്തിൽ ദൈവം അവർക്കായി ഒരു നിയമം മാത്രമേ ഉണ്ടാക്കിയിട്ടുള്ളൂ. നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൽ നിന്ന് അവർ ഫലം തിന്നരുത്. എന്നാൽ പാമ്പ് ഹവ്വയോട് പറഞ്ഞു, പഴം കഴിക്കുന്നത് ഹവ്വയെ ദൈവത്തെപ്പോലെയാക്കുമെന്ന്. അപ്പോൾ ഹവ്വാ ആദാമിനെ പഴം തിന്നാൻ പ്രേരിപ്പിച്ചു. അവർ ദൈവത്തിന്റെ ഏക ഭരണം ലംഘിച്ചതിന് ശേഷം അവരെ ഏദൻ തോട്ടത്തിൽ നിന്ന് അവരെ നീക്കം ചെയ്തു.

ജനനം മുതൽ ഓരോ വ്യക്തിക്കും ബാധകമാകുന്ന അവസ്ഥയാണ് ഇത്. ആദം ചെയ്ത പാപകർമത്തിന്റെ ഫലമായാണ് മരണം ലോകത്തിലേക്ക് കടന്നു വന്നത് എന്ന് ക്രിസ്തുമതം സിദ്ധാന്തിക്കുന്നു. ഇതനുസരിച്ച് ഭൂമിയിൽ മനുഷ്യൻ അനുഭവിക്കുന്ന ദുരിതങ്ങൾക്കും ക്ലേശങ്ങൾക്കും മരണത്തിനും കാരണം ആദിപാപമാണ്. ആദം പാപം ചെയ്തില്ലായിരുന്നു എങ്കിൽ പിന്നീട് ജനിക്കുന്ന ഓരോ മനുഷ്യനും പറുദീസയിൽ സൌജന്യമായി തന്നെ ജനിക്കുമായിരുന്നു. മരണം എന്ന അവസ്ഥ മനുഷ്യരിലേക്ക് വരുമായിരുന്നില്ല, പറുദീസ എന്ന പ്രസാദവരം നഷ്ടപ്പെട്ടു എന്ന ഓർമ്മിപ്പിക്കൽ ആണ് ആദിപാപം. അതിനെ വീണ്ടെടുക്കന്നത് എങ്ങനെയെന്നു ഓർമ്മിപ്പിക്കൽ കൂടി ആ പഠനത്തിന്റെ ഭാഗമാണ്.

ക്രിസ്തു മതത്തിൽ

റോമാ 5:12 ഒരു മനുഷ്യൻമൂലം പാപവും പാപം മൂലം മരണവും ലോകത്തിൽ പ്രവേശിച്ചു. അപ്രകാരം എല്ലാവരും പാപം ചെയ്തതുകൊണ്ട് മരണം എല്ലാവരിലും വ്യാപിച്ചു.

1 കൊറി 15:22 ആദത്തിൽ എല്ലാവരും മരണാധീനരാകുന്നതുപോലെ ക്രിസ്തുവിൽ എല്ലാവരും പുനർജീവിക്കും.

സങ്കീർത്തനം 51:5 പാപത്തോടെയാണു ഞാൻ പിറന്നത്; അമ്മയുടെ ഉദരത്തിൽ ഉരുവായപ്പോഴേ ഞാൻ പാപിയാണ്.

ഇതിനു ആധാരമാക്കിയാണ് ആദിപാപം എന്ന പഠനം ക്രൈസ്തവരിൽ ഉരുത്തിരിഞ്ഞത്.

ഇസ്ലാമിൽ

സുറ 7:19-25 ൽ ആദം പാപം ചെയ്തു എന്നും സ്വർഗ്ഗത്തിൽ നിന്നും പുറത്താക്കപ്പെട്ടു എന്നും ഖുറാൻ പറയുന്നു. അതുവഴിയാണ് മരണവും കടന്നു വന്നത് എന്ന ധ്വനിയും ഉണ്ട്. പക്ഷെ ആദത്തിന്റെ പാപങ്ങൾ ക്ഷമിച്ചു എന്ന് സുറ 20:122 ൽ കാണാം. ഈസായുടെ കുരിശുമരണവും നിഷേധിക്കുന്നു.(4:157). മനുഷ്യന്റെ മറുവിലയായി ഈസാ സ്വജീവൻ നൽകി എന്നും ഖുറാനിൽ ഇല്ല. അതിനാൽ തന്നെ ആദിപാപം എന്ന പഠനവും അതിന്റെ പരിഹാരവും ഖുറാൻ പഠിപ്പിക്കുന്നില്ല.

മരണവും നിത്യജീവനും

ഇത് ഭക്ഷിച്ചാൽ നിങ്ങൾ മരിക്കും എന്ന് പറഞ്ഞത് ദൈവമാണ് (ഉല്പത്തി 2:17). ആദം അത് വിശ്വസിക്കാതെ ഇരിക്കുകയും അതുമൂലം മരണം കടന്നു വരികയും ചെയ്തു. ആദം ചെയ്തത്തിനു ആദത്തിനു മാത്രമേ ശിക്ഷ കിട്ടിയുള്ളൂ. പറുദീസായിൽ നിന്ന് പുറത്താക്കപ്പെട്ടു. ആദം ചെയ്ത പാപത്തിന്റെ പേരിൽ ആരും ശിക്ഷ അനുഭവിക്കില്ല എന്നും ക്രൈസ്തവ പഠനം പറയുന്നു. ആദം മക്കൾ ഇപ്പോൾ ജനിക്കുന്നത് പറുദീസയുടെ പുറത്തായതിനാൽ, അത് തിരിച്ചു പിടിക്കാൻ എന്ത് ചെയ്യണം എന്നും ആ പഠനം നിർദ്ദേശിക്കുന്നു. ആദത്തിനു സൌജന്യമായി കിട്ടിയതാണ് പറുദീസ. പക്ഷെ ദൈവത്തെ അവിശ്വസിക്കുകയും ദൈവകല്പന ലംഘിക്കുകയും ചെയ്തു. അതിനാൽ അവൻ മരിച്ചു. പാപത്തിന്റെ ശമ്പളം മരണമാണ് (റോമ 6:23). അവൻ ആത്മീയമായി മരിച്ചു എങ്കിൽ ആത്മീയമായി പുനർജനിക്കണം.

യോഹന്നാൻ 3:3 : യേശു പറഞ്ഞു: സത്യം സത്യമായി ഞാൻ നിന്നോടു പറയുന്നു, വീണ്ടും ജനിക്കുന്നില്ലെങ്കിൽ ഒരുവനു ദൈവരാജ്യം കാണാൻ കഴിയുകയില്ല.

എങ്ങനെയാണ് വീണ്ടും ജനിക്കുക?

യോഹന്നാൻ 3:6 : മാംസത്തിൽനിന്നു ജനിക്കുന്നതു മാംസമാണ്; ആത്മാവിൽനിന്നു ജനിക്കുന്നത് ആത്മാവും.

ആത്മാവിനാലാണ് വീണ്ടും ജനിക്കേണ്ടത്‌. അവിശ്വാസം മൂലമാണ് മരിച്ചത് എങ്കിൽ വിശ്വാസം മൂലം വീണ്ടും ജനിക്കാം എന്ന് യേശു പഠിപ്പിക്കുന്നു.

യോഹന്നാൻ 3:15 തന്നിൽ വിശ്വസിക്കുന്നവനു നിത്യജീവൻ ഉണ്ടാകേണ്ടതിന് മനുഷ്യപുത്രനും ഉയർത്തപ്പെടേണ്ടിയിരിക്കുന്നു.

ദൈവത്തിൽ വിശ്വസിക്കായ്ക മൂലം ആദം പാപം ചെയ്തു ശിക്ഷ ഏറ്റുവാങ്ങിയെങ്കിൽ അതുമൂലം നഷ്ടപ്പെട്ട ജീവൻ തിരിച്ചു പിടിക്കാൻ യേശു ഒരുക്കിയ രക്ഷാമാർഗ്ഗമാണ് യേശുവിന്റെ ഉയിർപ്പും അതിൽ ഉള്ള വിശ്വാസവും.

യോഹന്നാൻ 3:18 : അവനിൽ വിശ്വസിക്കുന്ന ഒരുവനും ശിക്ഷയ്ക്കു വിധിക്കപ്പെടുന്നില്ല.

യേശുവിൽ ഉള്ള വിശ്വാസം കൊണ്ടാണ് ഒരുവൻ നിത്യജീവനിലേക്ക് ജനിക്കുന്നത്.

പറുദീസാ സൌജന്യമായി ഒരുക്കിയ ദൈവം പാപപരിഹാരത്തിനും ഒരു സൌജന്യ പദ്ധതി ഒരുക്കിയിട്ടുണ്ട് എന്ന് ഓർമ്മിപ്പിക്കുവാൻ കൂടിയാണ് ആദിപാപം എന്ന പഠനം കൊണ്ട് ക്രൈസ്തവർ ഉദ്ദേശിക്കുന്നത്. ആദം ദൈവത്തെ അവിശ്വസിച്ചു. ദൈവത്തെ പോലെ ആകും എന്ന നുണ വിശ്വസിച്ചു(ഉൽപത്തി 3:5). അതിനാൽ പാപം ചെയ്തു മരണം വരിച്ചു. ഓരോ മനുഷ്യനും പാപം ചെയ്തു മരണം വരിക്കുന്നു. പാപത്തിനു പരിഹാരം ചെയ്യാതെ നിത്യമായ മരണത്തിൽ നിന്ന് ആർക്കും മോചനം ഇല്ല. യേശു അതിനു പരിഹാരം ചെയ്തു എന്ന് ക്രൈസ്തവർ വിശ്വസിക്കുന്നു. യേശു ഈ ലോകത്തിലേക്ക് വന്നത് പാപപരിഹാരം ചെയ്യാൻ വേണ്ടിയാണ് എന്ന് ബൈബിൾ പറയുന്നു.

മത്തായി 20:28 ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും അനേകരുടെ മോചനദ്രവ്യമായി സ്വജീവൻ കൊടുക്കാനും മനുഷ്യപുത്രൻ വന്നിരിക്കുന്നതുപോലെ തന്നെ.

മറ്റുള്ളവരെ മോചിപ്പിക്കാൻ വേണ്ടിയാണ് സ്വന്തം ജീവൻ ബലിയായി നൽകിയത് എന്ന് യേശു വ്യക്തമാക്കുന്നു. അവനിൽ വിശ്വസിക്കുന്നവന് നിത്യജീവൻ സൌജന്യമായി നൽകപ്പെട്ടിരിക്കുന്നു എന്നതാണ് ആദിപാപം എന്ന പഠനം കൊണ്ട് ക്രൈസ്തവരെ ഓർമ്മിപ്പിക്കുന്നത്.

ചലച്ചിത്രം

ബൈബിളിലെ ആദിപാദം പ്രമേയമാക്കി ചിത്രീകരിച്ച് 1988 -ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ആദ്യപാപം. വൻ സാമ്പത്തിക ലാഭം നേടിയ ഇത് ഒരു സോഫ്റ്റ് കോർ ഫിലിം ആണ്.

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.