അദ്വൈത സിദ്ധാന്തം
From Wikipedia, the free encyclopedia
Remove ads
വേദാന്തത്തിന്റെ മൂന്ന് ഉപദർശനങ്ങളിൽ ഒന്നാണ് അദ്വൈത സിദ്ധാന്തം. ദ്വൈതവും വിശിഷ്ടാദ്വൈതവുമാണ് വേദാന്തത്തിന്റെ മറ്റ് രണ്ട് ഉപദർശനങ്ങൾ. അദ്വൈതം എന്നാൽ രണ്ട് അല്ലാത്തത് എന്നാണർത്ഥം. മനുഷ്യനും ഈശ്വരനും ഒന്നാകുന്ന ഭാവം. അദ്വൈതം എന്ന വാക്ക് സൂചിപ്പിക്കുന്നത് ആത്മവും ബ്രഹ്മവും ഒന്നാണ് എന്നതാണ്. അതായത് ജീവാത്മാവായ മനുഷ്യനും പരമാത്മാവായ ഭഗവാനും ഒന്നാണെന്ന സങ്കല്പം. ഇതിനെ ജീവാത്മാ-പരമാത്മാ ഐക്യം എന്ന് പറയുന്നു.
വേദാന്തത്തിന്റെ എല്ലാ ദർശനങ്ങളുടെയും അടിസ്ഥാന സ്രോതസ്സ് പ്രസ്ഥാനത്രയിയാണ്. അദ്വൈത തത്ത്വങ്ങളെ വ്യക്തമായി സംയോജിപ്പിച്ച ആദ്യ വ്യക്തി ആദി ശങ്കരനാണ്. എന്നാൽ ചരിത്രപരമായി ഈ ആശയത്തിന്റെ ആദ്യ വക്താവ് ശങ്കരാചാര്യന്റെ ഗുരുവിന്റെ ഗുരുവായ ഗൗഡപാദരാണ്.
അദ്വൈതം വിശിഷ്ടാദ്വൈതവും ഒഴികെയുള്ള എല്ലാ സിദ്ധാന്തങ്ങളും ദ്വൈതമാണ്. ദ്വൈത സിദ്ധാന്തമനുസരിച്ച് ദൈവം എന്ന സ്രഷ്ടാവും, സൃഷ്ടി എന്ന പ്രപഞ്ചവും വെവ്വേറെയാണ്. സ്രഷ്ടാവ് സൃഷ്ടിച്ചതിനാൽ ഇവ തമ്മിൽ സൃഷ്ടിക്കുക എന്ന പ്രക്രിയയിലൂടെ ഒരു കാര്യ കാരണ ബന്ധവുമുണ്ട്. ദൈവവും സത്യമാണ്, ലോകവും സത്യമാണ്. ഈ കാര്യകാരണ ബന്ധത്തെ അദ്വൈതം അംഗീകരിക്കുന്നില്ല. സത്യം എന്ന വാക്കിന് തത്ത്വികമായി മൂന്നു കാലങ്ങളിലും മാറാതെ നിൽക്കുന്നത് എന്നു കൂടി അർത്ഥമുണ്ട്. മാറ്റം എന്നത് മുമ്പത്തെ അവസ്ഥയുടെ മരണവും ഇപ്പോഴത്തെ അവസ്ഥയുടെ ജനനവുമാണ്. അതുകൊണ്ട് മാറ്റമില്ലാത്തതു മാത്രമേ ജനന മരണത്തിന്ന് അതീതമായിരിക്കൂ. അദ്വൈതസിദ്ധാന്ത പ്രകാരം സത്യമായത് ഒന്നു മാത്രമേയുള്ളൂ. ലോകം മിഥ്യയാണ്. എന്തെന്നാൽ സൃഷ്ടി നടന്നിട്ടേയില്ല. സത്യം മറയ്ക്കപ്പെട്ടപ്പോൾ സത്യത്തിനു മുകളിൽ കയറിൽ പാമ്പിനെയെന്നപോൽ കാണപ്പെട്ട ഒരു മിഥ്യാദർശനം മാത്രമാണ് ലോകം. കയറിനു പകരം നാം കണ്ടതായി തോന്നിയ പാമ്പ് ഇല്ലാതെയാകാൻ കയറിനെ തിരിച്ചറിഞ്ഞാൽ മാത്രം മതിയാകും. അതേ സമയം കയറിന്റെ സ്ഥാനത്ത് പാമ്പിനെ കണ്ടു കൊണ്ടിരുന്ന സമയമത്രയും അതു പാമ്പു തന്നെയാണ് എന്ന വിശ്വാസം എല്ലാ അർത്ഥത്തിലും രൂഢമൂലമായിരുന്നു താനും. ഇതാണ് ശ്രീ ശങ്കരന്റെ രജ്ജു-സർപ്പ ഭ്രാന്തി എന്ന ഉദാഹരണം. ആത്യന്തികമായ സത്യം ഒന്നു മാത്രമേയുള്ളൂ, അതു തന്നെയാണ് ബ്രഹ്മം, ആത്മാവ്.
'അത് നീ ആകുന്നു 'എന്നർത്ഥം വരുന്ന "തത്വമസി" (തത് ത്വം അസി )എന്ന വേദ വാക്യത്തിലൂടെ തത് എന്ന ബ്രഹ്മവും ത്വം എന്ന നീയുംഒന്നാകുന്നു എന്ന് ഉപദേശിക്കപ്പെടുന്നു. ഇതാണ് ശബരിമലയിൽ കാണപ്പെടുന്നത്. ഈ ആശയത്തിന്റെ ഗഹനത കൊണ്ടാകണം ശ്രീ ശങ്കരൻ ഉദാഹരണസഹിതം വിശദീകരിക്കുന്നതിനു വേണ്ടി വാക്യവൃത്തി എന്ന ഒരു പ്രകരണ ഗ്രന്ഥം രചിച്ചത്. നേഹ നാനാസ്തി കിഞ്ചനഃ - രണ്ടാമതായി യാതൊന്നും തന്നെ ഇവിടെയില്ല, എന്ന് പലതവണ ആവർത്തിക്കപ്പെടുന്നുണ്ട്.
"ഇപ്പോൾ കോഴിക്കോട് കടപ്പുറത്ത് ഞാൻ കാണുന്ന മുപ്പത്തിയഞ്ചു വയസ്സുള്ള ഈ യുവാവു തന്നെയാണ് മുപ്പതു വർഷങ്ങൾക്കു മുമ്പ് കൊയിലാണ്ടിയിൽ കണ്ട ആ അഞ്ചു വയസ്സുള്ള പിഞ്ചു ബാലൻ" എന്ന വാചകത്തിൽ പാകപ്പിഴകളൊന്നും നമ്മൾ കാണുന്നില്ല. പക്ഷേ കോഴിക്കോട് കടപ്പുറവും കൊയിലാണ്ടിയും രണ്ടും രണ്ടാണെന്ന് നമുക്കറിയാം. അതു പോലെ യുവാവും ബാലനും ഒന്നല്ല. പക്ഷേ, ഈ വാക്യം പറയുന്നയാളും ഇതു കേൾക്കുന്നയാളും ദേശം കാലം എന്നീ ഉപാധികൾ മാത്രമല്ലാ, ശാരീരികമായ വലിപ്പച്ചെറുപ്പത്തേയും മാറ്റി നിർത്തി വ്യക്തിയെ മാത്രം തിരിച്ചറിയുന്നു. അദ്വൈതം ആത്മാവിനെ ബ്രഹ്മമെന്ന് തിരിച്ചറിയുന്നതും ഇതു പോലെ എല്ലാ ഉപാധികളെയും മാറ്റി നിർത്തിയിട്ടാണ്. എന്നിലെ ഞാനാണ് ആത്മാവ്. ആ എന്നെ ഉപാധികളെല്ലാം അഴിച്ച് തിരിച്ചറിയുമ്പോൾ അതു തന്നെയാണ് ബ്രഹ്മം.
കഠോപനിഷത്തിലും ഭഗവത് ഗീതയിലും ഉള്ള ഒരു ശ്ളോകം നോക്കുക:
“ | ന ജായതേ മ്രിയതേ വാ വിപശ്ചി- ന്നായം കുതശ്ചിന്ന ഭബൂവ കശ്ചിത് അജോ നിത്യ ശാശ്വതോയം പുരാണോ ന ഹന്യതേ ഹന്യമാനേ ശരീരേ[1] |
” |
ന ജായതേ മ്രിയതേ വാ - ജനിക്കുന്നുമില്ലാ മരിക്കുന്നുമില്ലാ വിപശ്ചിത് - ആത്മാവ് ന ആയം കുതശ്ചിത് - എവിടെ നിന്നും വന്നതല്ല ന ഭബൂവ കശ്ചിത് - ഒന്നും ഇതിൽ നിന്നും ഉണ്ടായിട്ടില്ല അജം - ജനിക്കാത്തത് നിത്യം ശാശ്വതം (അതേ അർത്ഥം) പുരാണൻ - വളരെ മുമ്പുള്ളത് ന ഹന്യതേ - ഹനിക്കപ്പെടുന്നില്ല ഹന്യമാനേ ശരീരേ - ശരീരം ഹനിക്കപ്പെട്ടാലും
ശ്രീ ശങ്കരൻ സത്യത്തിൽ അദ്വൈതം പുനഃസ്ഥാപിക്കുകയായിരുന്നു ചെയ്തത്. ന്യായം, വൈശെഷികം, പൂർവ്വ മീമാംസ, ചാർവാകം ശൂന്യവാദം സാംഖ്യം എന്നിങ്ങനെ വിവിധ തത്ത്വശാസ്ത്രങ്ങൾ ഭാരതത്തിൽ പ്രബലമായിരുന്നു. അദ്വൈതം ഏറെക്കുറെ മങ്ങിത്തുടങ്ങിയ ഒരു കാലഘട്ടത്തിലാണ് ശ്രീ ശങ്കരന്റെ ആഗമനം. തന്റെ സ്വതസ്സിദ്ധമായ വാക് ചാതുരിയിലൂടെ തർക്കങ്ങളിൽ വിജയിച്ച് അദ്വൈത സിദ്ധാന്തം വീണ്ടും അംഗീകരിപ്പിക്കുകയായിരുന്നു ശ്രീ ശങ്കരൻ ചെയ്തത്. ഇതര സിദ്ധാന്തങ്ങളെ അംഗീകരിച്ചിരുന്നവർ ശങ്കരശിഷ്യൻമാരായതോടെ അദ്വൈതം അതിന്റെ പഴയ നിലയിലേക്ക് തിരിച്ചു വന്നു.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads