ആറളം വന്യജീവി സംരക്ഷണകേന്ദ്രം
തെക്കുപടിഞ്ഞാറൻ ഇന്ത്യയിലുള്ള കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള വന്യജീവി സങ്കേതം. From Wikipedia, the free encyclopedia
Remove ads
കേരളത്തിന്റെ വടക്കേയറ്റത്തുള്ള വന്യജീവിസങ്കേതമാണ് ആറളം വന്യജീവി സംരക്ഷണ കേന്ദ്രം. കണ്ണൂർ ജില്ലയിൽ, തലശ്ശേരിയിൽ നിന്നും 35 കിലോമീറ്റർ അകലെയും കണ്ണൂർ നഗരത്തിൽനിന്നും 60 കിലോമീറ്റർ അകലെയുമായാണ് സ്ഥിതി ചെയ്യുന്നത്.[1]
കേരളത്തിലെ ഒരു ചെറിയ വന്യജീവിസങ്കേതമായ ഇതിന്റെ വിസ്തൃതി, 55 ചതുരശ്ര കിലോമീറ്ററാണ്. വന്യജീവിസങ്കേതത്തിൽ ആന,കാട്ടുപോത്ത്, മ്ലാവ്, കേഴമാൻ,കാട്ടുപന്നി, കാട്ടുനായ്, കടുവ, വിവിധ തരം കുരങ്ങുകൾ, കുട്ടിതേവാങ്ക് തുടങ്ങിയവയുണ്ട്. 1984 ൽ ആണ് ഈ വന്യജീവിസങ്കേതം രൂപികരിക്കപ്പെട്ടത്[2]. ആറളം വന്യജീവി സങ്കേതത്തിന്റെ വൈൽഡ് ലൈഫ് വാർഡന്റെ കാര്യാലയം സ്ഥിതിചെയ്യുന്നത് സമീപ പട്ടണമായ ഇരിട്ടിയിലാണ്. വളപട്ടണം പുഴയുടെ പ്രധാന നീർച്ചാലായ ചീങ്കണ്ണിപ്പുഴ, ബാവലിപ്പുഴ എന്നിവയുൾപ്പെടെ നിരവധി ചെറുതും വലുതുമായ അരുവികളും തോടുകളും ഈ വന്യജീവിസങ്കേതത്തിനുള്ളിലൂടെയും അതിരുകളിലൂടെയും ഒഴുകിയിറങ്ങുന്നു.
Remove ads
അതിർത്തികൾ
വടക്ക് കർണ്ണാടകസംസ്ഥാനത്തിലെ വനങ്ങൾ, കിഴക്ക് വയനാട് ജില്ലയിലെ വനങ്ങൾ, തെക്ക് ആറളം കൃഷിത്തോട്ടം, ചീങ്കണ്ണിപ്പുഴയും, പടിഞ്ഞാറ് ആറളം ഫാം എന്നിവയാണ് അതിരുകൾ. [3]
സസ്യങ്ങൾ
40-45 മീറ്റർ വരെ ഉയരമുള്ള വൃക്ഷങ്ങളുടെ മേല്ത്തട്ട്,15-30 മീറ്റർ വരെ ഉയരമുള്ള മധ്യനിര, ചെറുവൃക്ഷങ്ങളും കുറ്റിച്ചെടികളും നിറഞ്ഞ ഭൂനിരപ്പിനോട് ചേർന്ന അടിക്കാടുകൾ എന്നിവയോടു കൂടിയ സമൃദ്ധമായ കാടുകൾ ഇവിടത്തെ പ്രത്യേകതയാണ്.
ജന്തുക്കൾ
ഡിസംബർ-ജനവരി മാസങ്ങളിൽ നടക്കുന്ന ആൽബട്രോസ് ശലഭങ്ങളുടെ ദേശാടനം ശലഭ നിരീക്ഷകരുടെയും ജന്തുശാസ്ത്രജ്ഞരുടെയും പ്രത്യേക ശ്രദ്ധ ആകർഷിക്കുന്നു. ചീങ്കണ്ണിപ്പുഴയുടെ തീരത്തുകൂടെ ആയിരകണക്കിന് ശലഭങ്ങളാണ് ഈ കാലത്ത് കടന്നുപോകുന്നത്. ഇവ കുടക്മല നിരകളിൽ നിന്നും പുറപ്പെട്ട് വയനാടൻ കാടുകൾ വഴി കടന്നുപോകുന്നതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഒരു മിനുട്ടിൽ 40 മുതൽ 140 വരെ ആൽബട്രോസ്സ് ശലഭങ്ങൾ പുഴയോരത്തുകൂടെ കടന്നു പോയതായി രേഖപ്പെടുത്തിയിട്ടുണ്ട്.[4].
കേരള വനംവകുപ്പിന്റെയും മലബാർ നാച്ച്വറൽ ഹിസ്റ്ററി സൊസൈറ്റിയുടെയും മേൽനോട്ടത്തിൽ 2012 മാർച്ച് 11-ന് പൂർത്തിയായ പതിമൂന്നാമത് കണക്കെടുപ്പിൽ പുതിയ ഒരിനം ഉൾപ്പെടെ 150 പക്ഷി ജാതികളെ ഇവിടെ നിന്നും കണ്ടെത്തി. പുതുതായി കണ്ടെത്തിയത് ചരൽക്കുരുവി എന്ന ഒരിനത്തെയാണ്. കേരളത്തിൽ അപൂർവമായ പാണ്ടൻ വേഴാമ്പലിനെയും കണക്കെടുപ്പിൽ നാലു പ്രദേശത്തു നിന്നും കണ്ടെത്തി. ഈ സർവ്വേയിൽ ചരൽക്കുരുവിയെക്കൂടി കണ്ടെത്തിയതോടെ ഇവിടെ നിന്നും കണ്ടെത്തിയ ആകെ പക്ഷിജാതികളുടെ എണ്ണം 237 ആയി നിജപ്പെടുത്തി[5].
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads