ഇഗ്നാത്തിയോസ്‌ അഫ്രേം പ്രഥമൻ

അന്ത്യോഖ്യയുടെ 120ാം സുറിയാനി ഓർത്തഡോക്സ് പാത്രിയർക്കീസ് From Wikipedia, the free encyclopedia

ഇഗ്നാത്തിയോസ്‌ അഫ്രേം പ്രഥമൻ
Remove ads

സുറിയാനി ഓർത്തഡോക്സ് സഭയുടെ തലവനും അന്ത്യോഖ്യയുടെ 120ാം സുറിയാനി ഓർത്തഡോക്സ് പാത്രിയർക്കീസും (1933–1957) ആയിരുന്നു ഇഗ്നാത്തിയോസ് അഫ്രേം പ്രഥമൻ ബർസോം (സുറിയാനി: ܡܪܢ ܡܪܝ ܐܝܓܢܐܛܝܘܣ ܐܦܪܝܡ ܒܪܨܘܡ,[1] അറബി: إغناطيوس أفرام الأول برصوم, 1887 ജൂൺ 15 – 1957 ജൂൺ 23).

വസ്തുതകൾ മോറാൻ മോർഇഗ്നാത്തിയോസ് അഫ്രേം പ്രഥമൻ ബർസോം പാത്രിയർക്കീസ് ബാവ, സഭ ...

20ാം നൂറ്റാണ്ടിൻറെ ആദ്യപകുതിയിൽ സുറിയാനി ക്രിസ്ത്യാനികൾക്കെതിരെ മദ്ധ്യപൂർവദേശത്ത് അരങ്ങേറിയ വംശഹത്യയെ തുടർന്ന് സുറിയാനി ഓർത്തഡോക്സ് സഭയ്ക്കും അതിലെ ജനങ്ങൾക്കും വളരെ പ്രയാസകരമായ സമയത്താണ് അദ്ദേഹം ഒരു മെത്രാപ്പോലീത്തയായും പാത്രിയർക്കീസായും പ്രവർത്തിച്ചത്. തന്റെ സഭാംഗങ്ങൾ അഭയവും ജീവനോപാധിയും തേടി മാറിത്താമസിച്ച സ്ഥലങ്ങളിലേക്ക് സഭാ സംവിധാനങ്ങൾ വ്യാപിപ്പിക്കാൻ അദ്ദേഹം വളരെ കഠിനാധ്വാനം ചെയ്തു. സുറിയാനി ഓർത്തഡോക്സ് സഭയുടെ വിശുദ്ധരുടെ ജീവചരിത്രം, പാരമ്പര്യം, ആരാധനക്രമം, സംഗീതം, ചരിത്രം എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങളിലെ കൃതികൾ അദ്ദേഹം കണ്ടെത്തുകയോ, എഴുതുകയോ, വിവർത്തനം ചെയ്ത് പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടുണ്ട്.

Remove ads

ആദ്യകാല ജീവിതം

ഓട്ടോമൻ സാമ്രാജ്യത്തിലെ മോസൂളിൽ ജനിച്ച ഇഗ്നാത്തിയോസ് അഫ്രേം 1ാമൻ ബർസോമിന്റെ മാമ്മോദീസ പേര് അയ്യൂബ് എന്നായിരുന്നു. (أيوب برصوم - ബൈബിളിലെ ഇയ്യോബ് അഥവാ ജോബ് എന്ന പേരിൽ നിന്ന്).[2] മൊസൂളിലെ രണ്ട് പ്രമുഖ സുറിയാനി ഓർത്തഡോക്സ് കുടുംബങ്ങളുടെ പിന്തലമുറക്കാരായ ഇസ്തെഫാനി ബർസോമിന്റെയും സൂസൻ അബ്ദുൽ-നൂറിന്റെയും മകനായി ആണ് അദ്ദേഹം ജനിച്ചത്.[2] അദ്ദേഹത്തിന് 4 വയസ്സുള്ളപ്പോൾ, കുടുംബം അദ്ദേഹത്തെ മൊസൂളിൽ ഡൊമിനിക്കൻ മിഷൻ നടത്തുന്ന ഒരു സ്കൂളിൽ ചേർത്തു.[3] ആ സ്കൂളിൽ അദ്ദേഹം ഭാഷകൾ, ചരിത്രം, മതങ്ങൾ തുടങ്ങി നിരവധി വിഷയങ്ങൾ പഠിച്ചു. അവിടെ വെച്ച് അദ്ദേഹം അറബി, ഫ്രഞ്ച്, സുറിയാനി, തുർക്കി ഭാഷകളിലും നല്ല പ്രാവീണ്യം നേടി. മിഷൻ പത്രമായ 'ഇക്ലീൽ അൽ-വാർദിൽ' അദ്ദേഹം എഴുതിയിരുന്നു.[4] സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, അദ്ദേഹം അതേ സ്കൂളിൽ അദ്ധ്യാപനം തുടങ്ങി.[4]

Remove ads

പൗരോഹിത്യത്തിന്റെ പടവുകൾ

1905-ൽ, അക്കാലത്ത് മൊസൂളിലെ ആർച്ചുബിഷപ്പായിരുന്ന ദിവന്നാസിയോസ് ബെഹ്നാം സമർജി അദ്ദേഹത്തെ കൊറോയോ ആയും യൗപദ്യാകോൻ ആയും നിയമിച്ചു.[3] കുടുംബത്തിൽ നിന്നും ആർച്ചുബിഷപ്പ് സമർജിയിൽ നിന്നും ലഭിച്ച പ്രോത്സാഹനത്തെ തുടർന്ന്, അദ്ദേഹം പുരോഹിതൻ ആകാൻ തീരുമാനിക്കുകയും സന്യാസം സ്വീകരിക്കുകയും ചെയ്തു.[2] പതിനേഴാം വയസ്സിൽ, അദ്ദേഹം സുറിയാനി ഓർത്തഡോക്സ് സഭയുടെ ആസ്ഥാനമായ മർദ്ദീനിലെ കുർകുമ ദയറായിൽ ചേർന്ന അദ്ദേഹം അവിടെ ദൈവശാസ്ത്ര പഠനം തുടങ്ങി.[2] ആശ്രമത്തിൽ സുറിയാനി ദൈവശാസ്ത്രം, സുറിയാനി ഭാഷയും സാഹിത്യവും, ഇംഗ്ലീഷ്, തത്ത്വചിന്ത എന്നിവ പഠിച്ച അദ്ദേഹം ആശ്രമത്തിലെ ഗ്രന്ഥശാലയിൽ നിന്ന് നിരവധി പുസ്തകങ്ങളും വായിച്ചിരുന്നു.[3]

Thumb
റമ്പാൻ അയ്യൂബ് ബർസോം സന്യാസിയായി പട്ടം സ്വീകരിച്ചതിനുശേഷം

1907ൽ, 20 വയസ്സുകാരനായ അയ്യൂബിനെ പാത്രിയാർക്കീസ് ഇഗ്നാത്തിയോസ് അബ്ദേദ് അലോഹോ 2ാമൻ ഒരു റമ്പാൻ ആയി നിയോഗിച്ചു. 4ാം നൂറ്റാണ്ടിലെ സുറിയാനി ക്രൈസ്തവ ദൈവശാസ്ത്രജ്ഞനും എഴുത്തുകാരനുമായ അഫ്രേമിന്റെ പേര് ആണ് അദ്ദേഹത്തിന് നൽകപ്പെട്ടത്.[3] 1908ൽ പാത്രിയർക്കീസ് അദ്ദേഹത്തെ പുരോഹിതനായി വാഴിക്കുകയും ചെയ്തു.[3] സെമിനാരിയിൽ പഠിപ്പിക്കുന്നതിനായി ആശ്രമത്തിൽ തുടർന്ന അദ്ദേഹത്തിന് 1911ൽ ആശ്രമത്തിൽ പുതുതായി സ്ഥാപിച്ച അച്ചടിശാലയുടെ അധിക ഉത്തരവാദിത്തവും ലഭിച്ചു. സുറിയാനി ജനതയുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചിരുന്ന 'ഇൻതിബ' എന്ന സംഘടനയിലും അദ്ദേഹം അംഗമായിരുന്നു.[5] ആ വർഷം തന്നെ മർദ്ദീൻ, തുർ-ആബ്ദീൻ, അസ്സെക്, ഖ്ർബുത്, നിസിബീൻ, അൽ-റൂഹ, മൊസൂളും അതിൻറെ സമീപ ഗ്രാമങ്ങളും, ആലെപ്പൊ, ഹോംസ്, ബെയ്റൂത്, ഇസ്താംബുൾ, യെറുശലേം, ഈജിപ്ത് തുടങ്ങിയ ഇടങ്ങളിലെ ആശ്രമങ്ങളിലേക്കും പള്ളികളിലേക്കും അദ്ദേഹം യാത്ര ചെയ്തു. ആ യാത്രയിൽ, അദ്ദേഹം നിരവധി വിലപ്പെട്ട രേഖകൾ വായിക്കുകയും ശേഖരിക്കുകയും ചെയ്തു. ഭാവിയിലെ സാഹിത്യകൃതികൾക്ക് സഹായകമായ എല്ലാ പുസ്തകങ്ങളുടെയും കൈയെഴുത്തുപ്രതികളുടെയും ഒരു പട്ടികയും അദ്ദേഹം തയ്യാറാക്കി.[3] 1913ൽ, യൂറോപ്പിലെ പല പ്രധാന ഗ്രന്ഥശാലകളിലെയും സുറിയാനി കൈയെഴുത്തുപ്രതികൾ പരിശോധിക്കാൻ അദ്ദേഹം രണ്ടാമത്തെ യാത്ര ആരംഭിച്ചു. 1917ൽ, പുതിയ സുറിയാനി ഓർത്തഡോക്സ് പാത്രിയർക്കീസിനെ തിരഞ്ഞെടുക്കുന്നതിന് ചേർന്ന സുന്നഹദോസിൽ യെറുശലേമിലെ മെത്രാപ്പോലീത്തയായ ഗ്രിഗോറിയസിനെ പ്രതിനിധീകരിച്ച് അദ്ദേഹവും പങ്കെടുത്തിരുന്നു.[3]

Remove ads

മെത്രാഭിഷേകം

Thumb
1918ൽ സിറിയയുടെയും ലെബനന്റെയും ആർച്ചുബിഷപ്പായി സ്ഥാനമേറ്റതിനുശേഷം സേവേറിയോസ് അഫ്രേം ബർസോം

1918 മെയ് 20ന്, പാത്രിയർക്കീസ് ഇഗ്നാത്തിയോസ് ഏലിയാസ് 3ാമൻ റമ്പാൻ അഫ്രേമിനെ സിറിയയുടെയും ലെബനന്റെയും ആർച്ചുബിഷപ്പായി വാഴിക്കുകയും 'സേവേറിയോസ്' എന്ന് നാമകരണം ചെയ്യുകയും ചെയ്തു. അദ്ദേഹത്തിന്റെ ആസ്ഥാനം സിറിയയിലെ ഹോംസിലായിരുന്നു.[3] താമസിയാതെ, അദ്ദേഹം തന്റെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കാണാൻ മൊസൂളിലേക്ക് പോവുകയും അവിടെ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി ആളുകളെ കണ്ടുമുട്ടുകയും ചെയ്തു.[3] 1919ൽ, ഇസ്താംബൂളിലേക്കുള്ള സന്ദർശനത്തിൽ പാത്രിയർക്കീസ് ഏലിയാസ് 3ാമനൊപ്പം അദ്ദേഹം ഓട്ടോമൻ സുൽത്താൻ മെഹ്മത് വാഹിദിനെ സന്ദർശിച്ചു. ഇതിനുശേഷം പാരീസ് സമാധാന സമ്മേളനത്തിൽ സുറിയാനി ഓർത്തഡോക്സ് സഭയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നതിന് അദ്ദേഹം ഇസ്താംബൂളിൽ നിന്ന് പാരീസിലേക്ക് യാത്ര തിരിച്ചു. ഫ്രാൻസിൽ താമസിച്ചിരുന്ന കാലത്ത്, അവിടത്തെ പല ഗ്രന്ഥാലങ്ങളിലുമുള്ള പഴയ സുറിയാനി കയ്യെഴുത്തുപ്രതികളെല്ലാം അദ്ദേഹം ഗവേഷണം ചെയ്തു. സമ്മേളനം അവസാനിച്ചശേഷം അദ്ദേഹം കാന്റർബറി ആർച്ചുബിഷപ്പിനെ സന്ദർശിക്കാൻ ലണ്ടനിലേക്ക് പോയി. അവിടെ ബ്രിട്ടീഷ് ഗ്രന്ഥാലയങ്ങളിലെ സുറിയാനി കയ്യെഴുത്തുപ്രതികളും അദ്ദേഹം പരിശോധിച്ചു. 1920 മെയ് മാസത്തിലാണ് അദ്ദേഹം തിരിച്ച് ഹോംസിൽ എത്തിച്ചേർന്നത്.[3]

രണ്ട് വർഷത്തിന് ശേഷം, ലീഗ് ഓഫ് നേഷൻസ് സിറിയയെ ഒരു ഫ്രഞ്ച് മാൻഡേറ്റ് ആക്കി മാറ്റിയതിനെത്തുടർന്ന്, 1922ലും 1923ലും കിലിക്യായിൽ നിന്ന് എത്തിച്ചർന്ന അഭയാർത്ഥികൾക്കും 1924ൽ അൽ-റൂഹയിൽ (ഉർഫ) നിന്ന് വന്ന അഭയാർത്ഥികൾക്കും താമസം, ഭക്ഷണം, വിദ്യാഭ്യാസം, മറ്റ് ആവശ്യങ്ങൾ എന്നിവ ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം അദ്ദേഹം ഏറ്റെടുത്തു. സുറിയാനി വംശഹത്യക്ക് ശേഷം എത്തിയ ആയിരക്കണക്കിന് അഭയാർത്ഥികൾക്ക് പുറമേയായിരുന്നു ഈ അഭയാർത്ഥികളെല്ലാം. അതോടെ, അലപ്പോയിലും സമീപത്തും, സിറിയയുടെ മറ്റ് ഭാഗങ്ങളിലും, ലെബനനിലും അഭയാർത്ഥികൾക്കായി 10 പുതിയ പള്ളികൾ നിർമ്മിക്കുന്നതിന്റെ ഉത്തരവാദിത്തവും അദ്ദേഹം ഏറ്റെടുത്തു. 1925 മാർച്ച് 24ന് അദ്ദേഹം ബെയ്റൂട്ടിൽ അസീറിയൻ നാഷണൽ സ്കൂൾ അസോസിയേഷന്റെ ഉദ്ഘാടനത്തിലും പങ്കെടുത്തു.[3]

അദ്ദേഹത്തിൻറെ അടുത്ത യാത്ര ജനീവയിലേക്കും ലൊസാനിലേക്കും ആയിരുന്നു. 1927 ഓഗസ്റ്റിൽ 'വിശ്വാസത്തിനും ക്രമത്തിനും' വേണ്ടിയുള്ള ലോകസമ്മേളനത്തിൽ പാത്രിയർക്കീസിന്റെ പ്രതിനിധിയായി പങ്കെടുക്കുന്നതിനായാണ് അദ്ദേഹം അവിടെ പോയത്.[6] താമസിയാതെ അദ്ദേഹം പാത്രിയർക്കീസിന്റെ പ്രതിനിധിയായി അമേരിക്കൻ ഐക്യനാടുകളിലേക്ക് യാത്ര തിരിക്കുകയും, അവിടെയുള്ള സുറിയാനി ഓർത്തഡോക്സ് സമൂഹങ്ങളെ സന്ദർശിക്കുകയും ചെയ്തു. പ്രൊവിഡൻസ് സർവ്വകലാശാലയിലും ഷിക്കാഗോ സർവ്വകലാശാലയിലും അദ്ദേഹം സുറിയാനി ഭാഷയെയും സാഹിത്യത്തെയും കുറിച്ച് പ്രഭാഷണങ്ങൾ നടത്തുകയും, ഷിക്കാഗോ സർവ്വകലാശാലയുടെ പൗരസ്ത്യ പഠന കേന്ദ്രത്തിൽ 1929വരെ പ്രവർത്തിക്കുകയും ചെയ്തു.[3]

Remove ads

പാത്രിയർക്കീസ് വാഴ്ച

1932ൽ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് ഏലിയാസ് 3ാമൻ ഇന്ത്യയിൽ വെച്ച് മരണപ്പെട്ടതിനെ തുടർന്ന്, പുതിയ പാത്രിയർക്കീസിനെ തിരഞ്ഞെടുക്കുന്നതുവരെ സുന്നഹദോസ് ആർച്ചുബിഷപ്പ് സേവേറിയോസ് അഫ്രേമിനെ താൽക്കാലിക സഭാധികാരിയായി നിയമിച്ചു. 1933 ജനുവരി 30ന്, അന്ത്യോഖ്യയുടെ 120ാമത് സുറിയാനി ഓർത്തഡോക്സ് പാത്രിയർക്കീസായി അദ്ദേഹം തിരഞ്ഞെടുക്കപ്പെടുകയും 'ഇഗ്നാത്തിയോസ് അഫ്രേം 1ാമൻ ബർസോം' എന്ന ഔദ്യോഗിക നാമം സ്വീകരിക്കുകയും ചെയ്തു. പാത്രിയാർക്കീസായ ശേഷം കൂടുതൽ കർമ്മോത്സുകനായ അദ്ദേഹം പുതിയ ഭദ്രാസനങ്ങൾ സ്ഥാപിക്കുകയും പുതിയ പള്ളികൾ പണികഴിപ്പിക്കുകയും നിരവധി സ്കൂളുകൾ സ്ഥാപിക്കുകയും ചെയ്തു. ലെബനനിലെ സ്സഹ്ലയിൽ ഒരു ദൈവശാസ്ത്ര സെമിനാരിയും അദ്ദേഹം സ്ഥാപിച്ചു (ഇത് പിന്നീട് 1945ൽ ഇറാഖിലെ മൊസൂളിലേക്കും പിന്നീട് ലെബനനിലെ ബെയ്റൂട്ടിലേക്കും ഒടുവിൽ സിറിയയിലെ ദമാസ്കസിലേക്കും മാറ്റി സ്ഥാപിക്കപ്പെട്ടു).

ഓട്ടോമൻ സാമ്രാജ്യത്തിന്റെ തകർച്ചയെ തുടർന്ന് അതിൻറെ പഴയ ഭരണ പ്രദേശങ്ങൾ പുതിയ സ്വതന്ത്ര രാഷ്ട്രങ്ങളായി മാറി. പുതിയ തുർക്കി റിപ്പബ്ലിക്കിൽ രൂപപ്പെട്ട സവിശേഷ രാഷ്ട്രീയ സാഹചര്യത്തിൽ കുറുക്കുമാ ദയറയിൽ നിന്ന് സഭയുടെ ആസ്ഥാനം സിറിയയിലേക്ക് മാറ്റി സ്ഥാപിക്കാൻ പാത്രിയർക്കീസ് അഫ്രേം 1ാമൻ നിർബന്ധിതനായി. തുർക്കി പൗരന്മാർ അല്ലാത്ത ആളുകൾ തുർക്കിയിൽ ആസ്ഥാനമായിരിക്കുന്ന സഭാ സംവിധാനങ്ങളിൽ പ്രവർത്തിക്കുന്നത് അവിടത്തെ സർക്കാർ കർശനമായി നിരോധിച്ചിരുന്നു. ഒരു സഹസ്രാബ്ദമായി സഭയുടെ ആസ്ഥാനമായി തുടർന്നിരുന്ന കുർകുമോ ദയറ തുർക്കി റിപ്പബ്ലിക്കിന്റെ അതിർത്തിക്കുള്ളിൽ ആയതും വിശ്വാസികളിൽ ഏറിയ പങ്കും സിറിയയിലും ഇറാഖിലും ആയതുമാണ് സഭാ ആസ്ഥാനം മാറ്റിസ്ഥാപിക്കാൻ അദ്ദേഹത്തെ നിർബന്ധിതനാക്കിയത്. തന്റെ പ്രവർത്തന കേന്ദ്രവും സിറിയൻ പട്ടണവുമായ ഹോംസ് തന്നെയാണ് അദ്ദേഹം സഭാ ആസ്ഥാനമായി തിരഞ്ഞെടുത്തത്.

Remove ads

പാരിസ് സമാധാന സമ്മേളനം

1918-ൽ ഒന്നാം ലോകമഹായുദ്ധം അവസാനിച്ചതിനുശേഷം, വിജയികളായ സഖ്യകക്ഷികൾ യുദ്ധം മൂലമുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പാരീസിൽ സമാധാന സമ്മേളനം വിളിച്ചുകൂട്ടി. പഴയ ഓട്ടോമൻ സാമ്രാജ്യത്തിലെ സർക്കാരിതര സ്ഥാപനങ്ങളിൽ നിന്ന് ഈ സമ്മേളനത്തിൽ പങ്കെടുക്കാനും തങ്ങളുടെ വാദങ്ങൾ അവതരിപ്പിക്കാനും അവസരം ലഭിച്ച ചുരുക്കം ചില പ്രസ്ഥാനങ്ങളിൽ ഒന്നായിരുന്നു സുറിയാനി ഓർത്തഡോക്സ് സഭ.[7] സമ്മേളനത്തിൽ സഭയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നതിനായി ആർച്ചുബിഷപ്പ് അഫ്രേം തന്റെ സെക്രട്ടറി അബ്ദല്ല ബർസോമിനൊപ്പം പാരീസിലേക്ക് പോവുകയും[8] അവിടെ ഫ്രഞ്ച് പ്രസിഡന്റ് റെയ്മണ്ട് പോയിൻകാരെയും ഉന്നത രാഷ്ട്രീയ നേതാക്കളെയും സന്ദർശിക്കുകയും ചെയ്തു.[9] പഴയ ഓട്ടോമൻ സാമ്രാജ്യത്തിലെ ക്രിസ്ത്യൻ ന്യൂനപക്ഷ പ്രദേശങ്ങളിൽ നിന്നുള്ള അനേകം പ്രതിനിധികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. തുർക്കിയിലെ സുറിയാനി വംശഹത്യ സമയത്തെ സാഹചര്യങ്ങളും ജനങ്ങൾ അനുഭവിച്ച ദുരിതങ്ങളും അദ്ദേഹം സമ്മേളന പ്രതിനിധികൾക്ക് മുന്നിൽ എണ്ണിപ്പറഞ്ഞു.[7] തന്റെ ജനങ്ങളുടെ സ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള 6 ഇന പദ്ധതി അവതരിപ്പിക്കുകയും ജീവനും സ്വത്തുക്കളും നഷ്ടപ്പെട്ടതിന് സാമ്പത്തിക നഷ്ടപരിഹാരം അഭ്യർത്ഥിക്കുകയും ചെയ്തു.[10] സുറിയാനി ഓർത്തഡോക്സ് സഭാംഗങ്ങളായ 90,000ത്തോളം വരുന്ന വംശഹത്യാ ഇരകളുടെയും അപകടത്തിൽപ്പെട്ടവരുടെയും പട്ടിക അദ്ദേഹം അവിടെ അവതരിപ്പിച്ചു. ഇതിൽ 7 മേൽപ്പട്ടക്കാരും 155 പുരോഹിതന്മാരും സന്യാസിമാരും കൊല്ലപ്പെട്ടവരുടെ പട്ടികയിൽ ഉണ്ടായിരുന്നു. 336 ഗ്രാമങ്ങൾ ഉന്മൂലനം ചെയ്യപ്പെട്ടു, 160 പള്ളികൾ നശിപ്പിക്കപ്പെട്ടു.[7].

Remove ads

സാഹിത്യ സംഭാവനകൾ

പാത്രിയാർക്കീസ് ഇഗ്നാത്തിയോസ് അഫ്രേം 1ാമൻ സമർത്ഥനായ ഒരു എഴുത്തുകാരനും ആയിരുന്നു. സഭയെക്കുറിച്ചും, സുറിയാനി ഓർത്തഡോക്സ് വിശുദ്ധരെക്കുറിച്ചും, പിതാക്കന്മാരെക്കുറിച്ചും, സുറിയാനി സാഹിത്യത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും നിരവധി പുസ്തകങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്.

പാത്രിയാർക്കീസ് അഫ്രേം രചിച്ച നിരവധി കൃതികളിൽ ചിലത് ഇതുവരെയും പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല. അദ്ദേഹത്തിന്റെ കൃതികൾ സുറിയാനി, അറബി ഭാഷകളിൽ എഴുതപ്പെടുകയും പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തവയാണ്. ഇതിൽ പ്രധാനപ്പെട്ടവ താഴെപ്പറയുന്നവയാണ്:[11]

അൽ-ലുലു- ചിതറിയ മുത്തുകൾ

സുറിയാനി ഓർത്തഡോക്സ് സഭയെ സംബന്ധിച്ചുള്ളവയിൽ ഏറ്റവും പ്രധാനപ്പെട്ട പുസ്തകങ്ങളിലൊന്നാണ് ഇത്. ദി സ്കാറ്റേർഡ് പേൾസ്: ഹിസ്റ്ററി ഓഫ് സിറിയക് ലിറ്ററേച്ചർ ആൻഡ് സയൻസസ് (Arabic: اللؤلؤ المنثور في تاريخ العلوم والآداب السريانية) സുറിയാനി ശാസ്ത്ര ഗവേഷണത്തിന്റെയും സാഹിത്യത്തിന്റെയും ചരിത്രത്തിൽ നിർണായക സംഭാവന നൽകിയ ആളുകളേക്കുറിച്ചുള്ള ഒരു ഗവേഷണ ശേഖരമാണ് ഇത്. 1920കളിൽ ഇത് പൂർത്തിയാക്കപ്പെട്ട ഈ പുസ്തകം 1943ൽ പ്രസിദ്ധീകരിക്കപ്പെട്ടു.[11] ഈ പുസ്തകം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് മാത്തി മൂസയാണ്. 2011 ൽ ഗോർജിയസ് പ്രസ്സ് ആണ് ഇത് പ്രസിദ്ധീകരിച്ചത്.

പ്രസിദ്ധീകരിക്കപ്പെട്ട മറ്റു പുസ്തകങ്ങൾ

  1. തുർ അബ്ദീന്റെ ചരിത്രം, സുറിയാനിയിൽ എഴുതപ്പെട്ട പുസ്തകം. ഇതിൻറെ അറബി വിവർത്തനം പ്രസിദ്ധീകരിച്ചത് ഗ്രിഗോറിയോസ് ബൗലോസ് ബഹനാം മെത്രാപ്പോലീത്തയും ഇംഗ്ലീഷ് വിവർത്തനം പ്രസിദ്ധീകരിച്ചത് മാത്തി മൂസയും ആണ്.
  2. അൽ-തുഹ്ഫ അൽ-റൂഹിയ്യ ഫി അൽ-സലാത്ത് അൽ-ഫർദിയ്യ ("കടമുള്ള പ്രാർത്ഥനകളുടെ സുവർണ്ണ താക്കോൽ"), 1911.
  3. അൽ-സഹ്‌റ അൽ-ഖുദ്‌സിയ ഫി അൽ-താലിം അൽ-മസിഹിയ ("ക്രിസ്ത്യൻ മതബോധനത്തിന്റെ ദിവ്യ പുഷ്പം"), 1912.
  4. നുസ്സത്ത് അൽ-അദ്ഹാൻ ഫി താരിഖ് ദയ്ർ അൽ-സഫറാൻ ("കുർക്കുമോ ദയറോയുടെ ചരിത്രത്തിലെ മനസ്സിന്റെ ഉല്ലാസയാത്ര"), 1917.
  5. 819-ലെ അജ്ഞാത ക്രോണിക്കിൾസ്, കോർപ്പസ് സ്‌ക്രിപ്‌റ്റോറം ക്രിസ്റ്റ്യാനോറം ഓറിയൻ്റലിയം (CSCO) 081 (Syr 36), 1920.
  6. മുഖ്തസർ ഫീ അൽ-താലിം അം-മസിഹി (അന്ത്യോഖ്യയിലെ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഹ്രസ്വമായ മതബോധനഗ്രന്ഥം), 1926. സ്കൂളുകളിൽ പഠിപ്പിക്കേണ്ട പുസ്തകം. റവ. ഫാ. ഏലിയാസ് ഷഗറിന്റെ ഇംഗ്ലീഷ് വിവർത്തനം., 1950.
  7. കിതാബ് തഹ്ദിബ് അൽ അഖ്‌ലാഖ് വിവർത്തനം ("കഥാപാത്രങ്ങളുടെ പരിശീലനം"), യഹ്‌യ ഇബ്‌നു ആദി എഴുതിയത്, 1928.
  8. ബാർ എബ്രായയുടെ രിസാല ഫി ഇൽം അൽ-നഫ്സ് അൽ-ഇൻസാനിയ എന്നതിൻ്റെ ഒരു പതിപ്പ് ("മനുഷ്യാത്മാവിനെക്കുറിച്ചുള്ള ഒരു പ്രബന്ധം"), 1938.
  9. ബാർ എബ്രായയുടെ ഹദീസ് അൽ-ഹിക്മ എന്നതിൻ്റെ വിവർത്തനം ("ജ്ഞാനത്തിന്റെ വചനം"), 1940.
  10. അൽ-ദുറാർ അൽ-നഫീസ ഫീ മുഖ്താസർ താരിഖ് അൽ-കനിസ ("സഭാ ചരിത്രത്തിന്റെ സമഗ്രമായ വിലയേറിയ മുത്തുകൾ"), 1940.
  11. അൽ-അൽഫാസ് അൽ-സുറിയാനിയ ഫി അൽ-മാജിം അൽ-അറബിയ്യ ("അറബി നിഘണ്ടുകളിലെ സുറിയാനി പദങ്ങൾ"), 1951.
  12. ഫി ഇസം അൽ-ഉമ അൽ-സുറിയാനിയ (അന്ത്യോഖ്യയിലെ സുറിയാനി സഭ, 1952.
  13. അൽ-മവ്രിദ് അൽ-അഥെബ് ഫൈ മുഖ്തസർ താരിഖ് അൽ-കനിസ ("സഭാ ചരിത്രത്തിലെ മധുര വാർത്തകൾ), 1953.
  14. ഖിതർ അൽ-ഖുലുബ് ("ഹൃദയങ്ങളുടെ കിന്നരം"), ശേഖരിച്ച കവിതകളുടെ ഒരു സമാഹാരം, 1954.

ചെറുപുസ്തകങ്ങളും ലേഖനങ്ങളും

  1. മദ്രസത്ത് അന്താക്കിയ അൽ-ലഹൂതിയ (അന്ത്യോഖ്യ തിയോളജിക്കൽ സ്കൂൾ), 1930.
  2. ആലം അൽ സിറിയൻ (സുറിയാനി പ്രമുഖർ), 1931.
  3. ലാമ ഫി താരിഖ് അൽ-ഉമ അൽ-സുറിയാനിയ ഫി അൽ-ഇറാഖ് (ഇറാഖിലെ സുറിയാനി രാഷ്ട്രത്തിന്റെ ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം), 1936
  4. മസാരിയ അൽ-ജാസിറ (അൽ-ജാസിറ കൃഷിയിടങ്ങൾ), 1955.

മരണാനന്തരം പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ

  1. അൽ-സുറിയാനിയ രിസാല ഫി ഉസുൽ അൽ-താരിബ് (സുറിയാനിയിൽ നിന്നുള്ള അറബി വിവർത്തനത്തിലുള്ള ഒരു ലേഖനം), 1969.
  2. മഖ്തൂതത് തൂറുബ്ദീൻ (അറബിയിലുള്ള തുർ അബ്ദീന്റെ കൈയെഴുത്തുപ്രതികൾ), 2008.
  3. മഖ്തൂതത്ത് ദയ്ർ അൽ-സഫറാൻ (കുർകുമ ദയറ (ദെയ്ർ അൽ-സഫറാൻ) കൈയെഴുത്തുപ്രതികൾ അറബിയിൽ), 2008.
  4. മഖ്തൂതത് ആമിദ് വാ-മർദിൻ ( അറബിയിലുള്ള അമീദ്, മർദ്ദീൻ എന്നിവയിലെ കൈയെഴുത്തുപ്രതികൾ), 2008.
  5. ഹിസ്റ്ററി ഓഫ് സിറിയക് ഡയോസീസസ്. Gorgias Press, LLC. 6 January 2011. ISBN 9781611436785.
  6. ദ കളക്റ്റഡ് എസ്സേസ് ഓഫ് അഫ്രേം 1 ബർസോം. Gorgias Press, LLC. 2 January 2019. ISBN 9781611436730.

പ്രസിദ്ധീകരിക്കാത്ത കൃതികൾ

ഇത് പാത്രിയാർക്കീസ് അഫ്രേമിന്റെ ഇനിയും പ്രസിദ്ധീകരിക്കപ്പെടാത്ത ചില കൃതികളുടെ ഭാഗിക പട്ടികയാണ്.[11]

  1. അന്ത്യോഖ്യയുടെ സുറിയാനി ഓർത്തഡോക്സ് പാത്രിയാർക്കീസുമാരുടെയും സുറിയാനി ഓർത്തഡോക്സ് സഭയിലെ പ്രശസ്തരായ വ്യക്തികളുടെയും ചരിത്രം
  2. ഒന്നാം ലോകമഹായുദ്ധസമയത്ത് നടന്ന എല്ലാ സംഭവങ്ങൾക്കും കൊള്ളയ്ക്കും സുറിയാനി വംശഹത്യയ്ക്കും മുമ്പ് അദ്ദേഹം ശേഖരിച്ച വിവിധ പള്ളികളിലെയും, ആശ്രമങ്ങളിലെയും, വ്യക്തികളിലെയും സുറിയാനി കൈയെഴുത്തുപ്രതികളുടെ സൂചിക
  3. സുറിയാനി-അറബി നിഘണ്ടു.
  4. യാക്കോബായ ആചാരക്രമത്തിലെ പത്ത് പ്രാർത്ഥനാക്രമങ്ങളുടെ അറബിയിലേക്കുള്ള വിവർത്തനം.
  5. ബാർ എബ്രോയോയുടെ സഭാ ചരിത്രം, രണ്ടാം ഭാഗം.
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads