ഇയാൻ ചാപ്പൽ

From Wikipedia, the free encyclopedia

ഇയാൻ ചാപ്പൽ
Remove ads

സൗത്ത് ഓസ്ട്രേലിയക്ക് വേണ്ടിയും ഓസ്ട്രേലിയക്ക് വേണ്ടിയും കളിച്ചിട്ടുള്ള ഒരു ക്രിക്കറ്റ് കളിക്കാരനാണ് ഇയാൻ മൈക്കിൾ ചാപ്പൽ. 1971 മുതൽ 1975 വരെ ഇദ്ദേഹം ഓസ്ട്രേലിയയുടെ നായകനുമായിരുന്നു. വേൾഡ് സീരീസ് ക്രിക്കറ്റ് സംഘടനയുടെ തിരോധാനത്തിൽ ഇദ്ദേഹം മുഖ്യ പങ്കുവഹിച്ചു. ക്രിക്കറ്റുമായി ബന്ധമുള്ളൊരു കുടുംബത്തിലാണ് ചാപ്പൽ ജനിച്ചത്. അദ്ദേഹത്തിന്റെ സഹോദരനും മുത്തച്ഛനും ഓസ്ട്രേലിയയെ നയിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നല്ലതല്ലാത്തൊരു തുടക്കമായിരുന്നു ചാപ്പലിന്റേത്. തുടക്ക കാലത്ത് ചാപ്പൽ മധ്യനിര ബാറ്റ്സ്മാനും സ്പിൻ ബൗളറുമായിരുന്നു. മൂന്നാം സ്ഥാനത്തിൽ ബാറ്റ് ചെയ്യാൻ തുടങ്ങിയതു മുതൽ ചാപ്പൽ മികച്ച കളി പുറത്തെടുക്കാൻ തുടങ്ങി. ഇദ്ദേഹം ചാപ്പലി എന്ന് അറിയപ്പെടാൻ തുടങ്ങി. ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച നായകന്മാരിൽ ഒരാളായി ഇദ്ദേഹം വിലയിരുത്തപ്പെട്ടു.[1][2][3][4] അദ്ദേഹത്തിന്റെ തുറന്നടിച്ചുള്ള പദപ്രയോഗങ്ങൾ വിവാദങ്ങളുടെ ഒരു പരമ്പര തന്നെ സൃഷ്ടിച്ചു. 1970 കളിൽ ഓസ്ട്രേലിയയെ മികച്ചൊരു നിലയിലെത്തിയതിനു പിന്നിലെ പ്രേരകശക്തി ചാപ്പലായിരുന്നു.[5]

വസ്തുതകൾ വ്യക്തിഗത വിവരങ്ങൾ, മുഴുവൻ പേര് ...

ജോൺ ആർലോട്ട് അദ്ദേഹത്തെ ഇങ്ങനെ വിശേഷിപ്പിച്ചു, "ശോഭയേക്കാൾ കൂടുതൽ പ്രഭാവമുള്ള ഒരു ക്രിക്കറ്ററാണ് അദ്ദേഹം".[6] ബാറ്റിങ്ങ് ക്രീസിൽ എപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയായിരുന്നു അദ്ദേഹം. തന്റെ വസ്ത്രവും ബാറ്റിങ്ങ് ഉപകരണങ്ങളും അടിക്കടി ശരിയാക്കുന്നത് അദ്ദേഹത്തിന്റെ ഒരു ശീലമായിരുന്നു. ബൗളിങ്ങിനായി ബൗളർ ഓടിവരുമ്പോൾ ക്രീസിൽ ബാറ്റ് കുത്തിക്കൊണ്ടേ നിൽക്കുന്നതും അദ്ദേഹത്തിന്റെ ഒരു ശീലമായിരുന്നു. ബാല്യകാല പാഠങ്ങളിലെ കരുത്തുൾക്കൊണ്ട് ഡ്രൈവുകളും സ്ക്വയർ കട്ടുകളും പൂർണ്ണ തികവോടു കൂടി പ്രയോഗിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു.[5] ഫുൾ ലെങ്ങ്ത് പന്തുകളെ മിഡ് ഓണിലേക്കും വിക്കറ്റിനു പിറകിലേക്കും പായിക്കുവാൻ അദ്ദേഹത്തിന് പ്രത്യേക മികവുണ്ടായിരുന്നു.[7] എന്നാൽ അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഷോട്ട് ഹുക്ക് ആയിരുന്നു. തന്റെ ആ ഷോട്ടിനെപ്പറ്റി അദ്ദേഹം തന്നെ പറഞ്ഞ പ്രസിദ്ധമായ വാക്കുകൾ, "ഒരോവറിൽ 3 ബൗൺസറുകളുണ്ടെങ്കിൽ എന്റെ റണ്ണുകളുടെ കൂടെ ഒരു 12 റണ്ണുകൾ കൂടിയേനേ".[8] അദ്ദേഹം സ്ലിപ്പിൽ തന്നെ ഫീൽഡ് ചെയ്യുന്നൊരു വ്യക്തിയായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ 100 ക്യാച്ചുകൾ നേടുന്ന നാലാമത്തെ കളിക്കാരനാണ് ചാപ്പൽ.

1980 ൽ അദ്ദേഹം ക്രിക്കറ്റിൽ നിന്ന് വിരമിച്ചതു മുതൽ ചാനൽ 9 എന്ന ടി.വി. ചാനലിലെ ക്രിക്കറ്റ് കമന്റേറ്ററായും കായിക പത്രപ്രവർത്തകനായും മികച്ചൊരു വ്യക്തിഗത ജീവിതമാണ് ചാപ്പൽ നയിക്കുന്നത്.[4] ഓസ്ട്രേലിയൻ ക്രിക്കറ്റിലെ മഹത്തായൊരു വ്യക്തിത്വമായി അദ്ദേഹം ഇപ്പോഴും പരിഗണിക്കപ്പെടുന്നു. 2006 ൽ, തന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച വ്യക്തിയായി ഷെയ്ൻ വോൺ ചാപ്പലിനെ വിശേഷിപ്പിച്ചു.[9] 2009 ജൂലൈ 9 ന് ചാപ്പൽ ICC ക്രിക്കറ്റ് ഹാൾ ഓഫ് ഫെയിമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.[10]

Remove ads

കുടുംബവും ആദ്യകാല കരിയറും

മാർട്ടിൻ-ജിന്നി ദമ്പതികളുടെ മൂന്ന് ആൺകുട്ടികളിൽ ആദ്യത്തേതായി അഡ്‌ലൈഡിലായിരുന്നു ചാപ്പലിന്റെ ജനനം. വളരെ ചെറുപ്പത്തിൽ തന്നെ ചാപ്പൽ കളിയിലേക്ക് കാലെടുത്തു വെച്ചു. അദ്ദേഹത്തിന്റെ പിതാവ് അഡ്‌ലൈഡിലെ അറിയപ്പെടുന്നൊരു ക്രിക്കറ്റ് കളിക്കാരനായിരുന്നു. നടക്കാനുള്ള പ്രായമായപ്പോൾ തന്നെ അച്ഛൻ ചാപ്പലിന്റെ കൈയിൽ ബാറ്റ് വെച്ചുകൊടുത്തു.[4] അദ്ദേഹത്തിന്റെ മുത്തച്ഛനായിരുന്ന വിക് റിച്ചാർഡ്സണും പ്രസിദ്ധനായൊരു കളിക്കാരനും ഓസ്ട്രേലിയയുടെ നായകനുമായിരുന്നു. അദ്ദേഹത്തിന്റെ ടെസ്റ്റ് കരിയറിൽ 19 ടെസ്റ്റുകളേ ഉണ്ടായിരുന്നുള്ളു.[11] അഞ്ചാം വയസ്സ് മുതൽ തന്നെ ചാപ്പലിന് ആഴ്ചകളിൽ ക്രിക്കറ്റ് പരിശീലനം ലഭിച്ചിരുന്നു. അദ്ദേഹത്തിന് ഗ്രെഗ് എന്നും ട്രെവർ എന്നും പേരുള്ള രണ്ട് അനുജന്മാരുണ്ടായിരുന്നു. അവരും പിന്നീട് ഓസ്ട്രേലിയക്ക് വേണ്ടി കളിച്ചു.[12]

Thumb
ചാപ്പലിന്റെ മുത്തച്ഛനായ വിക് റിച്ചാർഡ്സൺ

ഗ്ലെനെൽഗിന്റെ തീരപ്രദേശങ്ങളിലാണ് ചാപ്പൽ വളർന്നത്. ആ പ്രദേശത്തു തന്നെയുള്ള സെന്റ്. ലിയൊനാർഡ്സ് പ്രൈമറി സ്കൂളിൽ അദ്ദേഹം ചേർക്കപ്പെട്ടു.അവിടെ വെച്ച് ഏഴാം വയസ്സിൽ തന്റെ ആദ്യ മത്സരം ചാപ്പൽ കളിച്ചു. അതിനു ശേഷം സൗത്ത് ഓസ്ട്രേലിയയുടെ സ്കൂൾ ബോയ്സ് ടീമിലേക്ക് ചാപ്പൽ തിരഞ്ഞെടുക്കപ്പെട്ടു.[13] ഓസ്ട്രേലിയയുടെ നായകരായിരുന്ന ജോ ഡാർലിങ്ങ്, ക്ലെം ഹിൽ മുതലായ ഒട്ടനവധി ടെസ്റ്റ് ക്രിക്കറ്റർമാരെ വാർത്തെടുത്തിട്ടുള്ള പ്രിൻസ് ആൽഫ്രഡ് കോളേജിൽ സെക്കണ്ടറി വിദ്യാഭ്യാസത്തിനായി ചാപ്പൽ ചേർക്കപ്പെട്ടു. ക്രിക്കറ്റിനു പുറമേ ഓസ്ട്രേലിയൻ ഫുട്ബോളിലും ബേസ്ബോളിലും അദ്ദേഹത്തിനു താല്പര്യമുണ്ടായിരുന്നു. ക്ലാക്സ്റ്റൺ ഷീൽഡിൽ സ്വന്തം സംസ്ഥാനത്തിനു വേണ്ടിയുള്ള ചാപ്പലിന്റെ പ്രകടനം അദ്ദേഹത്തിന് 1964 ലും 1966 ലും ക്യാച്ചറായി ഓൾ ഓസ്ട്രേലിയൻ സെലക്ഷൻ നേടിക്കൊടുത്തു.[14] 18 ആം വയസ്സിൽ ഗ്ലെനെൽഗിനു വേണ്ടി ഗ്രേഡ് ക്രിക്കറ്റിൽ നടത്തിയ മികച്ച പ്രകടനം അദ്ദേഹത്തിന്റെ ഫസ്റ്റ് ക്ലാസ്സ് തരത്തിലുള്ള അരങ്ങേറ്റത്തിന് വഴിയൊരുക്കി. 1962 ന്റെ തുടക്കത്തിൽ ടാസ്മാനിയക്കെതിരായി നടന്ന മത്സരത്തിൽ സൗത്ത് ഓസ്ട്രേലിയക്ക് (SA) വേണ്ടിയായിരുന്നു ചാപ്പലിന്റെ അരങ്ങേറ്റം. വെസ്റ്റ് ഇൻഡീസിന്റെ ഒരു ടെസ്റ്റ് മത്സരത്തിനു വേണ്ടി ഗാരി സോബേഴ്സ് പോയ ഒഴിവിലേക്കായിരുന്നു ചാപ്പൽ തിരഞ്ഞെടുക്കപ്പെട്ടത്.[15]

സോബേഴ്സിന്റേയും SA നായകൻ ലെസ് ഫാവെലിന്റേയും ആക്രമണാത്മക ബാറ്റിംഗ് ശൈലി കരിയറിന്റെ തുടക്കക്കാലത്ത് ചാപ്പലിനെ വളരെയധികം സ്വാധീനിച്ചിരുന്നു.[16] 1962-63 ൽ നിലവിലെ ഓസ്ട്രേലിയൻ നായകനായിരുന്ന റിച്ചി ബെനോഡ് നയിച്ചിരുന്ന ന്യൂ സൗത്ത് വെയിൽസിനെതിരെ അദ്ദേഹം തന്റെ ആദ്യ ഫസ്റ്റ് ക്ലാസ്സ് ശതകം നേടി. അതിനു ശേഷം ചാപ്പൽ പല്ലിറുമ്മിയത് ഒരു കളിയാക്കി ചിരിയായി ബെനോഡിനു അനുഭവപ്പെട്ടു.[17] 1963 ലെ വേനൽക്കാലം ഇംഗ്ലണ്ടിലെ ലങ്കാഷെയർ ലീഗിലെ റാംസ്ബോട്ടം എന്ന ക്ലബ്ബിനോടൊപ്പം ചാപ്പൽ ചിലവഴിച്ചു. അതിനിടയിൽ ലങ്കാഷെയറിനു വേണ്ടി ഒരു ഫസ്റ്റ് ക്ലാസ്സ് മത്സരവും ചാപ്പൽ കളിച്ചു.[18]

Remove ads

അന്താരാഷ്ട്ര കരിയർ

1963-64 സീസണിൽ ബ്രിസ്ബേനിൽ വെച്ച് ക്വീൻസ്‌ലാന്റിനെതിരെ നടന്ന മത്സരത്തിൽ അദ്ദേഹം ആദ്യമായി സൗത്ത് ഓസ്ട്രേലിയക്ക് വേണ്ടി മൂന്നാമതിറങ്ങുകയും 205 റണ്ണുകൾ നേടി പുറത്താവാതെ നിൽക്കുകയും ചെയ്തു.[19] ആ സീസണിൽ SA ഷെഫീൽഡ് ഷീൽഡ് നേടിയതോടെ പ്രസ്തുത കിരീടം ലഭിക്കുന്ന ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി ചാപ്പൽ.[20] അടുത്ത സീസണിന്റെ തുടക്കത്തിൽ വിക്ടോറിയക്കെതിരെ നേടിയ ശതകം അദ്ദേഹത്തിന് ദേശീയ ടീമിലേക്കുള്ള വാതിൽ തുറന്നുകൊടുത്തു. 1964 ഡിസംബറിൽ മെൽബണിൽ വെച്ച് പാകിസ്താനെതിരെ നടക്കാനിരുന്ന ടെസ്റ്റ് മത്സരത്തിലേക്കായിരുന്നു ചാപ്പൽ തിരഞ്ഞെടുക്കപ്പെട്ടത്. ചാപ്പൽ മത്സരത്തിൽ 11 റണ്ണുകളേ നേടിയുള്ളൂയെങ്കിലും 4 ക്യാച്ചുകൾ അദ്ദേഹം സ്വന്തമാക്കി.[21] അതിനു ശേഷം 1965-66 ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റ് വരെ ചാപ്പൽ ടീമിലുണ്ടായിരുന്നില്ല. തന്റെ ആക്രമണാത്മക ബാറ്റിങ്ങിനു പുറമേ സ്ലിപ്പിൽ മികച്ചൊരു ഫീൽഡറും നല്ലൊരു ലെഗ് സ്പിന്നറുമായിരുന്നു ചാപ്പൽ.[4] ഇതോടെ സെലക്ടർമാരും നായകനായിരുന്ന ബോബ് സിംസണും അദ്ദേഹത്തെ ഒരു ഓൾ റൗണ്ടറായി കണക്കാക്കാൻ തുടങ്ങി. ഏഴാമനായാണ് ചാപ്പൽ ബാറ്റ് ചെയ്തത്. അതിനു പുറമേ അദ്ദേഹം 26 ഓവറുകൾ (ഒരോവറിൽ 8 പന്തുകൾ) പന്തെറിയുകയും ചെയ്തു.[19]

മോശം തുടക്കം

ആഷസ് പരമ്പരയിലെ അടുത്ത ടെസ്റ്റിലും 1966-67 ലെ വേനൽക്കാലത്ത് നടന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിലും ചാപ്പലിന്റെ സാന്നിധ്യം ഓസ്ട്രേലിയൻ ടീമിലുണ്ടായിരുന്നു. ആ പരമ്പരയിൽ ഓസ്ട്രേലിയ 1-3 ന് പരാജയപ്പെടുകയും ചാപ്പലിന് മികച്ച പ്രകടനം നടത്താൻ കഴിയാതെ വരുകയും ചെയ്തു. അവിടെ വെച്ച് നടന്ന 10 ടെസ്റ്റ് ഇന്നിംഗ്സുകളിൽ അദ്ദേഹത്തിന്റെ ഉയർന്ന സ്കോർ വെറും 49 ആയിരുന്നു. ബൗളിങ്ങിലും തിളങ്ങാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. അദ്ദേഹം നേടിയ 5 വിക്കറ്റുകൾ 59 റൺസ് ശരാശരിയിലായിരുന്നു.[22] സിംസണിന്റെ ഉപദേശപ്രകാരം അദ്ദേഹം ഹുക്ക് ഷോട്ടുകൾ കളിക്കുന്നത് നിയന്ത്രിച്ചു. എന്തുകൊണ്ടെന്നാൽ, ആ ഷോട്ട് പലപ്പോഴും അദ്ദേഹത്തിന്റെ പുറത്താകലിന് വഴിയൊരുക്കിയിരുന്നു.[23] 1967-68 ൽ ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടിന്നിംഗ്സിലും മധ്യനിരയിൽ ബാറ്റ് ചെയ്യാനിറങ്ങിയ ചാപ്പലിന്റെ ബാറ്റിങ്ങ് പരാജയമായിരുന്നു. മെൽബണിൽ നടന്ന രണ്ടാം ടെസ്റ്റിലേക്കെത്തുമ്പോഴേക്കും ടീമിൽ ചാപ്പലിന്റെ സ്ഥാനം പരുങ്ങലിലായിരുന്നു. എന്നാൽ ആ മത്സരത്തിൽ ഭാഗ്യത്തിന്റെ സഹായത്തോടെ അദ്ദേഹം 151 റണ്ണുകൾ ഒരിന്നിംഗ്സിൽ നേടി. ആ ഇന്നിംഗ്സിനിടയിൽ ഇന്ത്യൻ ഫീൽഡർമാർ ചാപ്പലിന് അഞ്ചുപ്രാവശ്യം ജീവൻ നൽകിയിരുന്നു.[19] പരമ്പരയിൽ ബാക്കിയുണ്ടായിരുന്ന നാല് ഇന്നിംഗ്സുകളിൽ നിന്നായി അദ്ദേഹത്തിന് 46 റണ്ണുകൾ മാത്രമാണ് നേടാനായത്.[24] തീർത്തും നിറം മങ്ങിയ പ്രകടനങ്ങളാണ് കാഴ്ചവെച്ചതെങ്കിലും 1968 ലെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിൽ ചാപ്പലിനെ ഉൾപ്പെടുത്തിയത് കഴിവുള്ള കളിക്കാരൻ എന്ന നിലക്ക് മാത്രമാണ്.

സെലക്ടർമാർ തന്നിലർപ്പിച്ച വിശ്വാസത്തെ ശരി വെക്കുന്ന പ്രകടനമായിരുന്നു ഇംഗ്ലണ്ടിൽ ചാപ്പൽ കാഴ്ചവെച്ചത്. ആ പരമ്പരയിലെ ഫസ്റ്റ് ക്ലാസ്സ് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ റണ്ണുകൾ നേടിയത് ചാപ്പലായിരുന്നു (വാർവിക്ക്ഷെയറിനെതിരെ നേടിയ 202* ഉൾപ്പെടെ 1,261 റണ്ണുകൾ). ടെസ്റ്റ് മത്സരങ്ങളിൽ 43.50 ശരാശരിയിൽ 348 റണ്ണുകൾ നേടിയ ചാപ്പൽ തന്നെയായിരുന്നു ഓസ്ട്രേലിയയുടെ ആ പരമ്പരയിലെ കൂടിയ റൺവേട്ടക്കാരൻ.[25] ലീഡ്സിൽ നടന്ന നാലാം ടെസ്റ്റിൽ നേടിയ 81 റണ്ണാണ് ആ പരമ്പരയിലെ അദ്ദേഹത്തിന്റെ ഉയർന്ന സ്കോർ. വിസ്ഡൺ ചാപ്പലിന്റെ ബാക്ക് ഫുട്ട് ഷോട്ടുകളെ പ്രശംസിക്കുകയും ഓസ്ട്രേലിയൻ നിരയിൽ പുറത്താക്കാൻ ഏറ്റവും വിഷമമുള്ള കളിക്കാരൻ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.[26] മഴ കാര്യമായി ഇടപെട്ട ആ പരമ്പര ഓസ്ട്രേലിയ സമനിലയിൽ പിടിക്കുകയും ആഷസ് നിലനിർത്തുകയും ചെയ്തു.

മൂന്നാം നമ്പറിലേക്കുള്ള സ്ഥാനക്കയറ്റം

തുടർച്ചയായ വലിയ സ്കോറുകളും 1968-69 സീസണിൽ നേടിയ ക്യാച്ചുകളുടെ എണ്ണത്തിലെ റെക്കോർഡും ചാപ്പലിന് ഓസ്ട്രേലിയൻ ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്കാരം നേടിക്കൊടുത്തു.[27] പുതുവർഷത്തിനു മുമ്പ് വെസ്റ്റ് ഇൻഡീസിനെതിരായി നടന്ന പരമ്പരയിൽ ചാപ്പൽ 188*, 123, 117, 180, 165 എന്നിങ്ങനെ മികച്ച സ്കോറുകൾ കണ്ടെത്തി. ഇതിലെ രണ്ട് ശതകങ്ങൾ ടെസ്റ്റ് പരമ്പരയിലായിരുന്നു. 68.50 ശരാശരിയിൽ 548 റൺസാണ് ചാപ്പൽ നേടിയത്.[22] ഇതോടെ ചാപ്പൽ ടീമിലെ മൂന്നാം നമ്പർ ബാറ്റ്സ്മാനായി മാറി. ബൗൾ ചെയ്യുന്നതു കുറക്കുകയും ടീമിന്റെ ഉപനായകനായി സ്ഥാനമേൽക്കുകയും ചെയ്തു.[5]

1969 ന്റെ അവസാന സമയത്ത് നടന്ന ഇന്ത്യൻ പര്യടനം ഒരു വിജയമായിത്തീർന്നു. ആ പരമ്പരയിൽ ഡെൽഹിയിൽ വെച്ച് 138 റണ്ണും കൊൽക്കത്തയിൽ വെച്ച് 99 റണ്ണും നേടിയതു വഴി സ്പിന്നിനെ നേരിടാനുള്ള തന്റെ പ്രാഗല്ഭ്യം ചാപ്പൽ തെളിയിച്ചു. സ്പിന്നിനേയും ഫാസ്റ്റ് ബൗളിങ്ങിനേയും ഒരേപോലെ നേരിടാനുള്ള ചാപ്പലിന്റെ കഴിവ് വളരെയധികം പ്രശംസ നേടിക്കൊടുത്തു.[28] അദ്ദേഹത്തിന്റെ നായകനായ ബിൽ ലാറി ചാപ്പലിനെ വളരെയധികം പ്രശംസിച്ചു. ഇന്ത്യക്ക് മേൽ വിജയം നേടിയതിനു ശേഷം പര്യടനത്തിനായി ദക്ഷിണാഫ്രിക്കയിലെത്തിയപ്പോൾ, പ്രാദേശിക മാധ്യമങ്ങളോടായി ബിൽ ലാറി ഇങ്ങനെ പറഞ്ഞു, "ചാപ്പലാണ് ലോകത്തെ ഏറ്റവും മികച്ച ഓൾ റൗണ്ടർ ബാറ്റ്സ്മാൻ".[29] എന്നാൽ ആ പരമ്പര ഓസ്ട്രേലിയ 0-4 ന് പരാജയപ്പെട്ടു. 11.5 ശരാശരിയിൽ 34 റണ്ണിന്റെ ഉയർന്ന സ്കോറോടെ 92 റണ്ണുകൾ നേടാനേ ആ പരമ്പരയിൽ ചാപ്പലിനു കഴിഞ്ഞുള്ളൂ.[29]

അധികവേതനത്തിന്റെ പേരിലും നിബന്ധനകളുടെ പേരിലും ക്രിക്കറ്റ് മേലധികാരികളുമായി ചാപ്പൽ ആദ്യമായി തർക്കിച്ചത് ഈ പരമ്പരയിലായിരുന്നു.[19] ദക്ഷിണാഫ്രിക്കൻ അധികാരികൾ പരമ്പരയിലേക്ക് ഒരു ടെസ്റ്റ് അധികമായി ഉൾപ്പെടുത്തട്ടേയെന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് സമിതിയോട് ആവശ്യപ്പെടുകയും അവരത് സമ്മതിക്കുകയും ചെയ്തു. ഈ മാറ്റത്തെപ്പറ്റി കളിക്കാർ അറിഞ്ഞില്ലെന്നതിനാൽ ഇയാൻ ചാപ്പൽ സഹകളിക്കാരോടൊപ്പം സംഘടിച്ച് അധിക മത്സരം കളിക്കാൻ അധികതുക വേണമെന്നാവശ്യപ്പെട്ടു. ചാപ്പലും സഹകളിക്കാരും തങ്ങളുടെ ആവശ്യത്തിൽ നിന്നും പിന്മാറാത്തതിനാൽ അധിക മത്സരം ഉപേക്ഷിക്കപ്പെട്ടു.[30]

നായകത്വം

Thumb
70 കളുടെ തുടക്കത്തിൽ ചാപ്പൽ

സൗത്ത് ഓസ്ട്രേലിയക്ക് വേണ്ടി ധാരാളം കാലം കളിച്ച ലെസ് ഫാവൽ 1970-71 സീസണിന്റെ തുടക്കത്തിൽ വിരമിച്ചതോടെ ചാപ്പൽ സൗത്ത് ഓസ്ട്രേലിയയുടെ പുതിയ നായകനായി അവരോധിക്കപ്പെട്ടു.[31] റേയ് ഇല്ലിങ്ങ്‌വർത്ത് നയിച്ച ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ചാപ്പലിന്റെ ഇളയ അനുജനായ ഗ്രെഗും അരങ്ങേറ്റം കുറിച്ചു. ഫാസ്റ്റ് ബൗളറായ ജോൺ സ്നോ നയിച്ച ഇംഗ്ലണ്ട് ബൗളിംഗിനെതിരെ ആദ്യ രണ്ട് മത്സരങ്ങളിലും അർദ്ധശതകം നേടാൻ ചാപ്പലിനായി. എന്നാൽ ലഭിച്ച തുടക്കം മുതലാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. എന്നാൽ തന്റെ ആദ്യ ഇന്നിംഗ്സിൽ തന്നെ ഗ്രെഗ് ചാപ്പൽ 108 റണ്ണുകൾ നേടി.[32] മഴ മൂലം ഒരു പന്തു പോലും എറിയാതെ മൂന്നാം മത്സരം ഉപേക്ഷിക്കേണ്ടതായി വന്നു. ഓസ്ട്രേലിയ പരാജയപ്പെട്ട നാലം മത്സരത്തിൽ അദ്ദേഹത്തിനു താൽക്കാലികമായി ഓപ്പണിങ്ങ് സ്ഥാനത്ത് ഇറങ്ങേണ്ടി വരികയും ആ പരീക്ഷണം ഒരു പരാജയമായിത്തീരുകയും ചെയ്തു. മെൽബണിൽ നടന്ന അഞ്ചാം മത്സരത്തിൽ അദ്ദേഹം മൂന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയെങ്കിലും തുടക്കം പേടിയോടെയായിരുന്നു. 0 റണ്ണിൽ നിൽക്കുമ്പോഴും 14 റണ്ണുകളിൽ നിൽക്കുമ്പോഴും അദ്ദേഹത്തെ ഇംഗ്ലീഷ് ഫീൽഡർമാർ കൈവിട്ടു. പിന്നീട് അദ്ദേഹം ഫോം കണ്ടെത്തുകയും തന്റെ ആദ്യ ആഷസ് ശതകം തികക്കുകയും ചെയ്തു (212 പന്തുകളിൽ നിന്ന് 111 റണ്ണുകൾ).[33] ആറാം ടെസ്റ്റിലും അദ്ദേഹം ആ മികവ് തുടരുകയും 28, 104 എന്നീ റണ്ണുകൾ രണ്ടിന്നിംഗ്സുകളിലായി നേടുകയും ചെയ്തു.[24]

മഴമൂലം ഉപേക്ഷിക്കപ്പെട്ട ടെസ്റ്റ് 1971 ഫെബ്രുവരിയിൽ സിഡ്നിയിൽ വെച്ച് നടത്താൻ തീരുമാനിച്ചു.[34] പരമ്പരയിൽ 0-1 ന് പുറകിലായിരുന്ന ഓസ്ട്രേലിയക്ക് ആ മത്സരം ജയിച്ചാൽ ആഷസ് നിലനിർത്താനുള്ള അവസരമുണ്ടായിരുന്നു. പ്രതിരോധാത്മകവും പതുക്കെയുമുള്ള ക്രിക്കറ്റായിരുന്നു ഓസ്ട്രേലിയ കളിച്ചുകൊണ്ടിരുന്നത്. ടീമിന്റെ ആക്രമണോത്സുകത വർദ്ധിപ്പിക്കാനായി സെലക്ടർമാർ ബിൽ ലാറിയെ നായകസ്ഥാനത്ത് നിന്ന് നീക്കുകയും പകരം അവിടെ ചാപ്പലിനെ അവരോധിക്കുകയും ചെയ്തു.[35] ലാറിയെ പുറത്താക്കിയ തീരുമാനത്താൽ, ചാപ്പൽ ആക്രമണാത്മക രീതിയാണ് കളിയിൽ അവലംബിച്ചത്.[36] അദ്ദേഹം ടോസ് നേടുകയും ഇംഗ്ലണ്ടിനെ ബാറ്റിംഗിനയക്കുകയും ചെയ്തു. ആദ്യ ഇന്നിംഗ്സിൽ ഇംഗ്ലണ്ടിനെ 184 റണ്ണുകൾക്ക് പുറത്താക്കുകയും 80 റൺ അധികം നേടുകയും ചെയ്തെങ്കിലും ഇംഗ്ലണ്ടുയർത്തിയ 223 എന്ന വിജയലക്ഷ്യത്തിനു മുമ്പിൽ 160 റണ്ണുകൾ നേടാനേ ഓസ്ട്രേലിയക്ക് കഴിഞ്ഞുള്ളൂ. അതോടെ ഓസ്ട്രേലിയക്ക് ആ മത്സരവും 12 വർഷം കാത്തുസൂക്ഷിച്ച ആഷസ് പരമ്പരയും നഷ്ടമാവുകയും ചെയ്തു. ആ വേനലിന്റെ അവസാനം നടന്ന ഷെഫീൽഡ് ഷീൽഡ് ദക്ഷിണ ഓസ്ട്രേലിയക്ക് നേടിക്കൊടുത്തതു വഴി ചാപ്പൽ കുറച്ച് ആശ്വാസം നേടി. ഏഴ് വർഷത്തിനിടെ അവർ നേടിയ ആദ്യ വിജയമായിരുന്നു അത്.[37]

ആ സീസണിൽ സ്നോ എറിഞ്ഞ ഷോർട്ട്-പിച്ച് പന്തുകൾക്കെതിരായുള്ള പോരാട്ടം സ്വന്തം കളിയെ വീണ്ടും മൂല്യനിർണ്ണയം ചെയ്യാൻ അദ്ദേഹത്തെ നിർബന്ധിതനാക്കി. സർ ഡൊണാൾഡ് ബ്രാഡ്മാനുമായുള്ള സംഭാഷണത്തിനു ശേഷം അദ്ദേഹം തന്റെ ഹുക്ക് ഷോട്ടുകൾ വീണ്ടും മെച്ചപ്പെടുത്താൻ തീരുമാനിക്കുകയും, ആ മഞ്ഞുകാല മാസങ്ങളിൽ തന്റെ സഹോദരനായ ഗ്രെഗിനെക്കൊണ്ട് ബേസ്ബോളുകൾ എറിയിച്ച് ഹുക്ക് ഷോട്ട് പരിശീലിക്കുകയും ചെയ്തു.[38]

സ്വന്തം പ്രതിച്ഛായയിലുള്ള ഒരു ടീം

ആക്രമണോത്സുകവും വിഭവസമൃദ്ധവും ഒന്നിനേയും കൂസാത്തതുമായ, സ്വന്തം പ്രതിച്ഛായയിലുള്ള ഒരു ഓസ്ട്രേലിയൻ ടീമിനെ തന്നെ ഇയാൻ ചാപ്പൽ 1971 നും 1975 നും ഇടയിൽ സൃഷ്ടിച്ചെടുത്തു.

ഗിഡിയോൺ ഹൈഗ്[6]

രാഷ്ട്രീയപരമായി അംഗീകരിക്കാൻ പറ്റാതിരുന്ന ദക്ഷിണാഫ്രിക്കക്കെതിരായി നടക്കേണ്ടിയിരുന്ന ടെസ്റ്റിനു പകരം 1971-72 ൽ ഗാരി സോബേഴ്സ് നയിച്ച റെസ്റ്റ് ഓഫ് ദ വേൾഡ് ടീമിനെതിരായി അനൗദ്യോഗികമായി നടന്ന ടെസ്റ്റ് പരമ്പരയിൽ ഓസ്ട്രേലിയ പരാജയപ്പെട്ടു.[39] നാല് ശതകങ്ങളോടെ 79.25 റൺ ശരാശരിയിൽ 634 റണ്ണുകളെടുത്ത ചാപ്പലായിരുന്നു ആ പരമ്പരയിലെ മികച്ച കളിക്കാരൻ.[40] 1972 ൽ അദ്ദേഹം ടീമിനെ ആഷസ് പരമ്പരക്കായി ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോയെങ്കിലും, പരമ്പര സമനിലയിൽ (2-2) ആയതിനാൽ പരമ്പര വീണ്ടെടുക്കാനുള്ള ഭാഗ്യമുണ്ടായില്ല. മാഞ്ചസ്റ്ററിൽ വെച്ച് നടന്ന ആദ്യ മത്സരത്തിൽ നേരിട്ട ആദ്യ പന്തിൽ തന്നെ ഹുക്ക് ഷോട്ടിനു ശ്രമിച്ച് പുറത്തായതോടെ ആ പരമ്പരയിലെ ചാപ്പലിന്റെ തുടക്കം ദാരുണമായി. രണ്ടാം ഇന്നിംഗ്സിലും അദ്ദേഹം മുമ്പത്തേതു പോലെത്തന്നെ പുറത്താവുകയും ഓസ്ട്രേലിയ ആ മത്സരം പരാജയപ്പെടുകയും ചെയ്തു.[41] ഇംഗ്ലണ്ടിന്റെ വിജയത്തിനു വേണ്ടി പ്രത്യേകം നിർമ്മിച്ച പിച്ചാണെന്ന് ഓസ്ട്രേലിയൻ കളിക്കാർ വിശ്വസിക്കുകയും അതിന്റെ പേരിൽ വിവാദത്തിലുമായ ലീഡ്സിൽ നടന്ന നാലാം മത്സരത്തിലൊഴികെ, ഓസ്ട്രേലിയൻ ടീം ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.[42] തന്റെ സഹോദരനു തൊട്ടു പിന്നിലായി ബാറ്റ് ചെയ്യാനിറങ്ങിയിരുന്ന ഗ്രെഗ് ചാപ്പൽ, ആ പരമ്പരയോടെ മികച്ച ബാറ്റ്സ്മാനായി കാണപ്പെട്ടു. ആ സഹോദരന്മാർ പല മികച്ച ബാറ്റിംഗ് കൂട്ടുകെട്ടുകളും സൃഷ്ടിച്ചു.[6] അതിലേറ്റവും വിശിഷ്ടമായത് ഓവലിൽ നടന്ന അവസാന ടെസ്റ്റ് മത്സരത്തിൽ അവർ സൃഷ്ടിച്ച 201 റണ്ണുകളുടെ കൂട്ടുകെട്ടായിരുന്നു. അതിലൂടെ ഒരു ടെസ്റ്റിലെ ഒരേ ഇന്നിംഗ്സിൽ ശതകം നേടുന്ന ആദ്യ സഹോദരങ്ങളായി മാറാനും അവർക്ക് കഴിഞ്ഞു.[43] ആ മത്സരം ഓസ്ട്രേലിയ ജയിക്കുകയും, ആ പ്രകടനത്തെ ടീമിന്റെ മൊത്തത്തിലുള്ള പ്രകടനത്തെ സ്വാധീനിച്ച പ്രയത്നമായി ചാപ്പൽ വിശേഷിപ്പിക്കുകയും ചെയ്തു.[44]

1972-73 ൽ ഓസ്ട്രേലിയ, പാകിസ്താനെതിരേയും (സ്വന്തം നാട്ടിൽ) വെസ്റ്റ് ഇൻഡീസിനെതിരേയും (വിദേശത്ത്) മികച്ച വിജയങ്ങൾ നേടി. ഇയാൻ ചാപ്പലിന്റെ നായകഗുണങ്ങൾ പല ദുർഘട സാഹചര്യങ്ങളിലും വേറിട്ട് നിന്നു. അഡ്‌ലെയ്ഡിൽ പാകിസ്താനെതിരെ നടന്ന ആദ്യ ടെസ്റ്റിൽ അദ്ദേഹം തന്റെ ഏറ്റവും ഉയർന്ന ടെസ്റ്റ് സ്കോറായ 196 (243 പന്തുകളിൽ നിന്ന്) നേടി. അവസാന രണ്ട് ടെസ്റ്റിലും അവസാനത്തേതിനു തൊട്ടു മുമ്പത്തെ ദിവസങ്ങളിൽ പാകിസ്താൻ ജയിക്കുമെന്ന് വിചാരിച്ചിരുന്നെങ്കിലും, രണ്ട് മത്സരങ്ങളും ചാപ്പലിന്റെ സംഘം ജയിക്കുകയായിരുന്നു.[45]

ബാറ്റിംഗിന് യോജിച്ചതല്ലാത്ത കരീബിയൻ പിച്ചുകളിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ, 77.4 റൺ ശരാശരിയിൽ 542 റണ്ണുകൾ നേടിയ ചാപ്പലായിരുന്നു ഏറ്റവും റണ്ണുകൾ നേടിയത്.[22] ബാർബഡോസിനെതിരായി നടന്ന ഒരു പ്രദർശന മത്സരത്തിൽ ചാപ്പൽ 209 റണ്ണുകൾ നേടി. ട്രിനിഡാഡിലെ മോശം പിച്ചിൽ നടന്ന മൂന്നാം ടെസ്റ്റിൽ, കണങ്കാലിനേറ്റ പരിക്കോടെ കളിച്ച ചാപ്പൽ 97 റണ്ണുകളെടുത്ത് മികച്ചൊരു ഇന്നിംഗ്സ് കാഴ്ചവെച്ചു. ഇത് നാടകീയമായ ഒരു അവസാന ദിവസത്തിലേക്ക് നയിച്ചു. അവസാന ദിവസം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ആറ് വിക്കറ്റുകൾ കയ്യിലിരിക്കേ വെസ്റ്റ് ഇൻഡീസിന് ജയിക്കാൻ 66 റണ്ണുകളായിരുന്നു വേണ്ടിയിരുന്നത്. ഇയാൻ ചാപ്പലിന്റെ ആക്രമണോത്മുകമായ ഫീൽഡിംഗ് ക്രമീകരണത്തിനു മുന്നിലും പ്രചോദിപ്പിക്കപ്പെട്ട ഓസീസ് ബൗളിംഗിനും മുന്നിലും ആതിഥേയർ തകർന്നടിഞ്ഞു.[46] 22 വർഷത്തോളം വെസ്റ്റ് ഇൻഡീസിൽ നിന്നും ജേതാക്കളായി മടങ്ങിയ ഏക ടീമും ചാപ്പലിന്റെ ഓസ്ട്രേലിയൻ ടീമായിരുന്നു.

അഗ്ലി ഓസ്ട്രേലിയൻസ്

1973-74 ൽ ഓസ്ട്രേലിയ, ന്യൂസിലൻഡിനെതിരെ ആറ് ടെസ്റ്റ് മത്സരങ്ങൾ ടാസ്മാനിന് ഇരുവശവുമായി കളിച്ചു. ഓസ്ട്രേലിയയിൽ നടന്ന മൂന്ന് മത്സരങ്ങളിൽ ചാപ്പൽ നയിച്ച ഓസ്ട്രേലിയൻ ടീം 2-0 ന് വിജയിച്ചു. അഡ്‌ലെയ്ഡിൽ നടന്ന മൂന്നാം ടെസ്റ്റിനിടെ, ഒരു ടെസ്റ്റ് മത്സരത്തിൽ ഒരു ഫീൽഡർ നേടുന്ന ഏറ്റവും കൂടുതൽ ക്യാച്ചുകൾ എന്ന ബഹുമതി ആറ് ക്യാച്ചുകളെടുത്ത് ഇയാൻ ചാപ്പൽ സ്വന്തമാക്കിയെങ്കിലും അടുത്ത സീസണിൽ ആ റെക്കോർഡ് അദ്ദേഹത്തിന്റെ സഹോദരനായ ഗ്രെഗ് ചാപ്പൽ തകർത്തു.[47] വെല്ലിംഗ്ടണിൽ നടന്ന, സമനിലയിൽ പിരിഞ്ഞ ആദ്യ മത്സരത്തിൽ, ഒരു ടെസ്റ്റ് മത്സരത്തിലെ രണ്ട് ഇന്നിംഗ്സുകളിലും ശതകം നേടുന്ന ആദ്യ സഹോദരന്മാരായി ചാപ്പൽസ് മാറി. ക്രൈസ്റ്റ്ചർച്ചിൽ വെച്ച് നടന്ന രണ്ടാം മത്സരത്തിൽ, ന്യൂസിലൻഡിന്റെ മുൻനിര ബാറ്റ്സ്മാനായ ഗ്ലെൻ ടർണറുമായി ചാപ്പൽ വാക്കുതർക്കത്തിലേർപ്പെടുകയും, ആ മത്സരത്തിൽ ചരിത്രത്തിലാദ്യമായി ഓസ്ട്രേലിയ കിവികളോട് പരാജയപ്പെടുകയും ചെയ്തു.[48] വളരെ കോപാകുലരായ ഓസ്ട്രേലിയ അതിനു ശേഷം ഡ്യൂൺഡിനിൽ ഒരു പ്രദർശന മത്സരത്തിൽ കളിച്ചെങ്കിലും, ഓക്ക്‌ലൻഡിൽ വെച്ച് നടന്ന അവസാന മത്സരത്തിൽ വിജയിക്കുന്നതു വരെ, അതവരുടെ യശസ്സുയർത്താൻ സഹായിച്ചില്ല.[49] ഈ പര്യടനത്തിൽ, ഓസ്ട്രേലിയൻ ടീമിന്റെ പെരുമാറ്റത്തെ ചില മാധ്യമപ്രവർത്തകർ, അഗ്ലി ഓസ്ട്രേലിയൻസ് (Ugly Australians) എന്ന് പേർ നൽകി, ചോദ്യം ചെയ്തു. 1976 ൽ എതിർ ടീമിനെതിരായ തന്റെ നിലപാടിനെപ്പറ്റി ചാപ്പൽ എഴുതി:

കളിക്കളത്തിനുള്ളിൽ ഏറി വന്ന വാചകക്കസർത്തുകൾ (ശേഷം സ്ലെഡ്ജിംഗ് എന്നറിയപ്പെട്ടു) ക്രിക്കറ്റ് ഭാരവാഹികളെ ഉൽക്കണ്ഠയിലാഴ്ത്തുകയും മാധ്യമങ്ങളുടെ സ്ഥിരം വിഷയമായി അത് മാറുകയും ചെയ്തു.[51] കളിക്കളത്തിലെ ഈ പ്രവണതയുടെ പ്രേരകൻ എന്ന കുറ്റം പലപ്പോഴും ചാപ്പലിൽ ആരോപിക്കപ്പെട്ടു. കളിക്കളത്തിൽ "ചുട്ടുപഴുത്തു" നിൽക്കുമ്പോൾ പലപ്പോഴും അശ്ലീലം പ്രയോഗിച്ചതിലൂടെ ആ വാദങ്ങളെ പലപ്പോഴും അദ്ദേഹം ശരിവച്ചെങ്കിലും, ഇടപെടേണ്ടി വന്നിട്ടുള്ള പല സാഹചര്യങ്ങളും കരുതിക്കൂട്ടി ചെയ്ത ഒരു തന്ത്രമല്ലായിരുന്നെന്ന് അദ്ദേഹം വാദിച്ചു. പകരം, അവയെല്ലാം എതിരാളിയോട് അദ്ദേഹത്തിന്റെ മനോനിലയിൽ വന്ന മാറ്റം കൊണ്ട് സംഭവിച്ചവയാണ്.[52] ക്രിക്കറ്റിൽ സ്ലെഡ്ജിംഗ്, വിവാദങ്ങൾ സൃഷ്ടിച്ചു കൊണ്ടിരുന്നു. എപ്പോഴാണോ ഈ പ്രവർത്തികളിൽ ഓസ്ട്രേലിയ ഉൾപ്പെട്ടിരുന്നത്, അപ്പോഴൊക്കെ അവരെ "അഗ്ലി ഓസ്ട്രേലിയൻസ്" എന്ന് വിശേഷിപ്പിച്ചു പോന്നു.

വീണ്ടെടുത്ത ആഷസും ആദ്യത്തെ ലോകകപ്പും

Thumb
ഇയാൻ ചാപ്പലിന്റെ ടെസ്റ്റ് കരിയറിലെ ബാറ്റിംഗ് പ്രകടനം. ചുവന്ന വരകൾ ഒരിന്നിംഗ്സിൽ അദ്ദേഹം നേടിയ റണ്ണുകളേയും, നീല വര അവസാന പത്ത് ഇന്നിംഗ്സുകളിലെ അദ്ദേഹത്തിന്റെ ബാറ്റിംഗ് ശരാശരിയേയും സൂചിപ്പിക്കുന്നു. ചുവന്ന ബിന്ദുക്കൾ, അദ്ദേഹം പുറത്താകാതെ നിന്ന ഇന്നിംഗ്സുകളെ സൂചിപ്പിക്കുന്നു.[24]

1974-75 ൽ ഇംഗ്ലണ്ടിനെ 4-1 ന് തോൽപ്പിച്ച് ആഷസ് വീണ്ടെടുത്തതാണ് ചാപ്പലിന്റെ കരിയറിലെ പ്രധാന ആകർഷണം. ഡെന്നിസ് ലില്ലി - ജെഫ് തോംസൺ എന്നിവരുടെ പുതിയ ഫാസ്റ്റ് ബൗളിംഗ് കൂട്ടുകെട്ടിന്റെ കരുത്ത് കൊണ്ട് ഓസ്ട്രേലിയ ആക്രമണാത്മക ക്രിക്കറ്റ് കളിക്കുകയും, അവർ പ്രയോഗിച്ച ഷോർട്ട് പിച്ച് പന്തുകളുടെ എണ്ണത്തിന് വിമർശിക്കപ്പെടുകയും ചെയ്തു.[53] ബ്രിസ്ബേയ്നിൽ നടന്ന ആദ്യ ടെസ്റ്റിലെ ആദ്യ ദിനത്തിൽ "വിശ്വാസയോഗ്യമല്ലാത്തത്" എന്ന് വിശേഷിപ്പിക്കപ്പെട്ട പിച്ചിൽ അദ്ദേഹം 90 റണ്ണുകൾ നേടി.[54] ആറ് ടെസ്റ്റുകളിൽ നിന്നായി 35.18 ശരാശരിയിൽ 387 റണ്ണുകളും സ്‌ലിപ്പിൽ 11 ക്യാച്ചുകളും അദ്ദേഹം നേടി.[22] ടെസ്റ്റ് മത്സരങ്ങൾ കൂടുതൽ കാണികളെ മൈതാനങ്ങളിലേക്ക് ആകർഷിച്ചതോടെ, കളിക്കാർക്ക് വേണ്ടി, ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡിനോട് (ACB) അധികവേതനം ആവശ്യപ്പെടാൻ ഇയാൻ ചാപ്പലിനായി.[55] ഇത് കളിക്കാരുടെ വേതനം ഇരട്ടിയിലധികമാക്കി വർദ്ധിപ്പിക്കാൻ സഹായിച്ചെങ്കിലും, ഒരു പരമ്പരയിൽ നിന്നു ലഭിക്കുന്ന ആകെ ആദായത്തിന്റെ 4.5% മാത്രമായിരുന്നു അവരുടെ പ്രതിഫലം.[56]

മാസങ്ങൾക്കുള്ളിൽ, ആദ്യ ലോകകപ്പിൽ ഓസ്ട്രേലിയയെ നയിച്ചുകൊണ്ട് ചാപ്പൽ വീണ്ടും ഇംഗ്ലണ്ടിലെത്തി.[57] പരിമിത ഓവർ ക്രിക്കറ്റിലെ ബൗളിംഗിലെ പ്രതിരോധാത്മക രീതിയോടുള്ള വിയോജിപ്പ് കാരണം, പുതിയ പന്തിൽ, എല്ലാ സ്ലിപ്പ് പൊസിഷനുകളിലും ടെസ്റ്റ് ക്രിക്കറ്റിലേതു പോലെ ഫീൽഡർമാരെ വിന്യസിച്ചുള്ള തന്ത്രമാണ് പരമ്പരയിലുടനീളം ചാപ്പൽ പ്രയോഗിച്ചത്.[58] പരിമിത ഓവർ ക്രിക്കറ്റിനോടുള്ള സമീപനത്തിൽ ചേരായ്മ ഉണ്ടായിരുന്നെങ്കിലും, ചാപ്പൽ ടീമിനെ കലാശക്കളി വരെ നയിക്കുകയും എന്നാൽ ആ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനോട് പരാജയപ്പെടുകയും ചെയ്തു.[59]

നായകത്വത്തിന്റെ ഭാരം ചാപ്പലിനെ ബാധിക്കാൻ തുടങ്ങിയതും, ലോകകപ്പിനു തൊട്ടുപിന്നാലെ നാല് ടെസ്റ്റുകളുടെ ആഷസ് പരമ്പര വന്നതും കളിയോടുള്ള അദ്ദേഹത്തിന്റെ ആസക്തിയെ തണുപ്പിച്ചു.[60] പരമ്പരയിലെ പൂർത്തിയാക്കപ്പെട്ട ഒരേയൊരു മത്സരമായ, ബർമിംഗ്‌ഹാമിൽ നടന്ന ആദ്യ മത്സരം വിജയിച്ചതിനു ശേഷം, ആഷസിലെ ഓസ്ട്രേലിയയുടെ ഓർമ്മകൾ അത്ര മികച്ചതായിരുന്നില്ല: ലീഡ്സിൽ നടന്ന മൂന്നാം മത്സരം, അവസാന ദിവസത്തെ കളിക്ക് മുമ്പായുള്ള രാത്രിയിൽ പിച്ച് നശിപ്പിച്ചു എന്ന കാരണത്താൽ ഉപേക്ഷിക്കപ്പെട്ടു.[61] ഓവലിൽ നടന്ന അവസാന മത്സരത്തിൽ, ചാപ്പൽ 367 പന്തുകളിൽ നിന്നായി 192 റണ്ണുകൾ നേടുകയും, പ്രത്യക്ഷത്തിൽ വിജയമെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ മത്സരത്തെ മാറ്റിയെടുക്കുകയും ചെയ്തു. എന്നാൽ, ഇംഗ്ലണ്ട് ഏകദേശം 15 മണിക്കൂറുകളോളം ബാറ്റ് ചെയ്ത് മത്സരം സമനിലയിലാക്കുകയും, അവസാന ദിവസത്തിൽ ചാപ്പൽ തന്റെ നായകസ്ഥാനത്തു നിന്നുള്ള വിരമിക്കൽ പ്രഖ്യാപിക്കുകയും ചെയ്തു.[62] നായകനായ 30 മത്സരങ്ങളിൽ, 50 റൺസ് ശരാശരിയോടെ 2,550 റണ്ണുകളും 7 ശതകങ്ങളും നേടി.[63]

ആദ്യത്തെ വിരമിക്കൽ

ടെസ്റ്റ് ക്രിക്കറ്റിൽ തുടർന്നതിനാൽ, 1975-76 ൽ വെസ്റ്റ് ഇൻഡീസിനെതിരായി നടന്ന പരമ്പരയിൽ സഹോദരനായ ഗ്രെഗിനു കീഴിലാണ് ഇയാൻ ചാപ്പൽ കളിച്ചത്. ഓസ്ട്രേലിയ ആ പരമ്പര 5-1 ന് സ്വന്തമാക്കി ലോകകപ്പ് ഫൈനലിലെ തോൽവിക്ക് പകരം വീട്ടുകയും, അതിനോടൊപ്പം ലോകത്തിലെ ഏറ്റവും മികച്ച ടീം എന്ന അനൗദ്യോഗിക പദവിക്ക് അവകാശികളാവുകയും ചെയ്തു.[64] സീസണിനിടയിൽ, ഷെഫീൽഡ് ഷീൽഡ് മത്സരത്തിൽ, തന്റെ പെരുമാറ്റം മൂലം പ്രതികൂലാഭിപ്രായങ്ങൾക്ക് പാത്രമായിത്തീരുകയും, വ്യക്തമായി കാണാവുന്ന മൂന്ന് വരകളോട് കൂടിയ അഡിഡാസ് ബൂട്ട് തുടർന്ന് ധരിക്കുന്നതിൽ നിന്ന് വിലക്കപ്പെടുകയും ചെയ്തു. ക്രിക്കറ്റ് കളിക്കാരെല്ലാം, മുഴുവനായും വെള്ള വസ്ത്രങ്ങൾ ധരിക്കണമെന്നുള്ള പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമായിരുന്നു ഇത്.[65] ആ വേനൽക്കാലത്തിലെ അദ്ദേഹത്തിന്റെ ഏറ്റവും ഉയർന്ന സ്കോർ, ഓസ്ട്രേലിയ തോറ്റ ഒരെയൊരു ടെസ്റ്റായ, പെർത്തിൽ നടന്ന രണ്ടാം ടെസ്റ്റ് മത്സരത്തിൽ നേടിയ 156 റണ്ണുകളാണ്. 44.90 ശരാശരിയോടെ പരമ്പരയിൽ 449 റണ്ണുകൾ നേടിയ അദ്ദേഹത്തെ പരമ്പരയിലെ ഏറ്റവും സ്വാധീനശേഷിയുള്ള കളിക്കാരനായി വിസ്ഡൺ തിരഞ്ഞെടുത്തു.[64] ടെസ്റ്റ് ക്രിക്കറ്റിൽ 5,000 റണ്ണുകൾ നേടുന്ന നാലാമത്തെ ഓസ്ട്രേലിയക്കാരൻ, ടെസ്റ്റിൽ ഓസ്ട്രേലിയക്ക് വേണ്ടി നൂറ് ക്യാച്ചുകൾ നേടുന്ന ആദ്യ കളിക്കാരൻ എന്നീ സുപ്രധാന നാഴികക്കല്ലുകൾ ഈ പരമ്പരക്കിടയിൽ അദ്ദേഹം പിന്നിട്ടു.[66] വിവാദങ്ങളോടെയും ആഭ്യന്തര മത്സരങ്ങളിലെ മികച്ച വിജയങ്ങളോടെയുമാണ് ആ വേനൽക്കാലം അവസാനിച്ചത്. ടീം തിരഞ്ഞെടുപ്പിനെച്ചൊല്ലി സൗത്ത് ഓസ്ട്രേലിയൻ ക്രിക്കറ്റ് അസ്സോസ്സിയേഷനുമായുണ്ടായ (SACA) തർക്കങ്ങൾക്കിടയിൽ, സൗത്ത് ഓസ്ട്രേലിയ ടീം തന്റെ നേതൃത്വത്തിൽ സമരം ചെയ്യുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തി. ആ പ്രശ്നം പരിഹരിക്കപ്പെട്ടതിനു ശേഷം, ചാപ്പൽ, ടീമിന് തന്റെ കരിയറിലെ രണ്ടാമത്തെ ഷെഫീൽഡ് ഷീൽഡ് നേടിക്കൊടുക്കുകയും, സീസണിലെ മികച്ച കളിക്കാരനുള്ള ഉദ്ഘാടന ഷെഫീൽഡ് ഷീൽഡ് പുരസ്കാരം തന്റെ സഹോദരനായ ഗ്രെഗിനൊപ്പം പങ്കിടുകയും ചെയ്തു.[67] ആ സീസണിനൊടുവിൽ, വെറും 32 ആം വയസ്സിൽ, ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിൽ നിന്നും ചാപ്പൽ വിരമിച്ചു.[68]

Remove ads

വേൾഡ് സീരീസ് ക്രിക്കറ്റും അനന്തരഫലങ്ങളും

1976 ൽ, റിച്ചി ബെനോഡിന്റെ ഇന്റർനാഷ്ണൽ വാൻഡറേഴ്സ് എന്ന ടീമിനോടൊപ്പം ചാപ്പൽ ദക്ഷിണാഫ്രിക്കൻ പര്യടനം നടത്തുകയും, ചാപ്പലി എന്ന തന്റെ ആത്മകഥ പുറത്തിറക്കുകയും, അഞ്ച് പേരടങ്ങിയ വിസ്ഡൺ ക്രിക്കറ്റേഴ്സ് ഓഫ് ദ ഇയറിൽ ഒരാളാവുകയും ചെയ്തു.[65] 1976-77 ലെ വേനൽക്കാലത്ത്, ഓസ്ട്രേലിയൻ നായകൻ എന്ന നിലയിൽ ലഭിക്കുന്നതിനേക്കാൾ കൂടുതൽ പണം നൽകി മെൽബൺ ആഭ്യന്തര മത്സരങ്ങളിൽ അതിഥിയായി ക്ഷണിക്കപ്പെട്ടു.[5] സീസണിനിടയിൽ, വിക്ടോറിയയിൽ ക്രിക്കറ്റ് സ്കോളർഷിപ്പോടെ പഠനത്തിനെത്തിയ യുവ ഇംഗ്ലീഷ് ഓൾറൗണ്ടർ ഇയാൻ ബോതവുമായി ചാപ്പൽ പ്രശസ്തമായ ഒരു ലഹളയിലേർപ്പെട്ടു. മെൽബണിലെ പൊതുമദ്യശാലയിൽ ഇരുവരും തമ്മിലുണ്ടായ ശാരീരികമായ ഏറ്റുമുട്ടലിനെപ്പറ്റി രണ്ടു പേരും വളരെയധികം വ്യത്യസ്തമായ കഥകൾ മുന്നോട്ടുവെച്ചു.[69] അവർ തമ്മിലുള്ള ബദ്ധവൈര്യം തുടരുകയും, 1998-99 സീസണിൽ ചാപ്പലിന്റെ താൽക്കാലിക കമന്റേറ്റർ പങ്കാളിയായി ബോതം എത്തിയപ്പോൾ ചാനൽ 9 അത് തങ്ങളുടെ വാണിജ്യ തന്ത്രമായി ഉപയോഗിച്ചു.[70] 2007 ൽ പുറത്തിറങ്ങിയ തന്റെ ആത്മകഥയിൽ, ഇയാൻ ബോതം, ഈ സംഭവത്തിന്റെ മറ്റൊരു പതിപ്പോടെ വഴക്കിന്റെ ഓർമ്മകൾ പുതുക്കുകയുണ്ടായി.[71]

നിഷേധിയായ നായകൻ

കരിയറിലുടനീളം, ചാപ്പൽ കളിയെ ഒരു ജീവിതമാർഗ്ഗമായി കാണുവാനുള്ള ശ്രമത്തിനെതിരായി ACB നിർബന്ധബുദ്ധിയോടെ പ്രവർത്തിക്കുന്നതായി അദ്ദേഹം കണ്ടു. 1969 ലും 1970 ലും ഇംഗ്ലണ്ടിൽ കളിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ അപേക്ഷ അവർ (ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ്) നിരസിച്ചു.[72] ഓസ്ട്രേലിയൻ കളിക്കാർക്ക് കുറച്ചുകൂടി യഥാർത്ഥമായ സാമ്പത്തിക ഇടപാടുകൾ ലഭിക്കുന്നതിനു വേണ്ടി, പല എ.സി.ബി. കൂടിക്കാഴ്ചകളിലും പങ്കെടുത്ത് അദ്ദേഹം വിഫലശ്രമങ്ങൾ നടത്തി.[36] അദ്ദേഹം എ.സി.ടി.യു.വിന്റെ അപ്പോഴത്തെ പ്രസിഡന്റായിരുന്ന ബോബ് ഹോക്കുമായി ചർച്ച ചെയ്ത് കളിക്കാരെ ഏകീകരിപ്പിക്കുവാനുള്ള സാധ്യതകൾ ആരാഞ്ഞു.[73]

ചാനൽ 9 ന് വേണ്ടി കെറി പാക്കർ സംഘടിപ്പിച്ച, ക്രിക്കറ്റ് ചരിത്രത്തിലെ വഴിത്തിരിവായ, വേൾഡ് സീരീസ് ക്രിക്കറ്റ് (WSC) എന്ന പരമ്പരയിൽ ഓസ്ട്രേലിയൻ ടീമിനെ നയിക്കാനായി അദ്ദേഹത്തെ സമീപിക്കുകയും, 1976 ൽ A$75,000 തുകക്ക് അദ്ദേഹം മൂന്നു വർഷത്തെ കരാറിൽ ഒപ്പിടുകയും ചെയ്തു.[74] അദ്ദേഹത്തിന്റെ സാന്നിധ്യം, "സംരംഭത്തിന്റെ വിശ്വാസ്യതയുടെ അടിസ്ഥാനമായിരുന്നു".[5] കരാറിലേർപ്പെടേണ്ട ഓസ്ട്രേലിയൻ കളിക്കാരുടെ പട്ടിക അദ്ദേഹം ആസൂത്രണം ചെയ്യുകയും അതോടൊപ്പം സംഘടനയിലും, WSC യുടെ പ്രചരണത്തിലും പങ്കാളിയാകുകയും ചെയ്തു.[36] അദ്ദേഹത്തിന്റെ കേന്ദ്രകഥാപാത്രം എന്നത് "വർഷങ്ങളായി ക്രിക്കറ്റ് അധികാരികളുമായുള്ള വ്യക്തിഗത വിരോധത്തിന്റെ"[6] ഫലമായിരുന്നു, പ്രത്യേകിച്ച് ബ്രാഡ്മാനുമായി. അതിനുശേഷം ചാപ്പൽ എഴുതി:

1977-78 ൽ നടന്ന WSC-യുടെ ആദ്യ സീസണിൽ, ചാപ്പൽ ആദ്യത്തെ സൂപ്പർടെസ്റ്റ് ശതകം തികക്കുകയും ശരാശരിയിൽ അഞ്ചാമതെത്തുകയും ചെയ്തു.[75] ഫാസ്റ്റ് ബൗളർമാർ എറിഞ്ഞിരുന്ന ഷോർട്ട് പിച്ച് പന്തുകളുടെ ആധിക്യവും ഓസ്ട്രേലിയൻ കളിക്കാരനായിരുന്ന ഡേവിഡ് ഹുക്ക്സിന് പറ്റിയ പരിക്കും ബാറ്റിംഗ് ഹെൽമറ്റുകളുടെ ഉത്ഭവത്തിനിടയാക്കുകയും ചാപ്പലടക്കമുള്ള ധാരാളം കളിക്കാർ അത് ഉപയോഗിക്കുകയും ചെയ്തു. 1975-76 ലെ ഓസ്ട്രേലിയൻ പര്യടനത്തെത്തുടർന്ന്, നാലു പേരടങ്ങിയ ഒരു ഫാസ്റ്റ് ബൗളിംഗ് ആക്രമണരീതി വെസ്റ്റ് ഇൻഡീസ് തിരഞ്ഞെടുക്കുകയും, വേൾഡ് XI-ൽ ഇമ്രാൻ ഖാൻ, മൈക്ക് പ്രോക്ടർ, ഗാർത്ത് ലെ റൂക്സ്, ക്ലൈവ് റൈസ്, സർഫ്രാസ് നവാസ് മുതലായ കഴിവുള്ള ഫാസ്റ്റ് ബൗളർമാരും ഉണ്ടായിരുന്നു. തുടർച്ചയായി ഫാസ്റ്റ് ബൗളിംഗിനെ നേരിട്ടതുമൂലം, വേൾഡ് സീരീസ് ക്രിക്കറ്റിനിടക്ക് പല ബാറ്റ്സ്മാന്മാരുടേയും ആത്മവിശ്വാസം നഷ്ടപ്പെട്ടു. രണ്ടാം സീസണിൽ ചാപ്പലിന്റെ ബാറ്റിംഗ് മികവ് നഷ്ടപ്പെടുകയും അതിന്റെ ഫലമായി നാല് സൂപ്പർടെസ്റ്റുകളിൽ നിന്നായി 25.85 ശരാശരിയിൽ 181 റണ്ണുകൾ എടുക്കാനേ അദ്ദേഹത്തിന് കഴിഞ്ഞുള്ളൂ.[76] ആ സീസണിന്റെ അവസാന ആറ് ദിവസങ്ങളിൽ, WSC ഓസ്ട്രേലിയൻ ടീം, പരിമിത ഓവർ ക്രിക്കറ്റിൽ വെസ്റ്റ് ഇൻഡീസ് XI-നോടും സൂപ്പർടെസ്റ്റ് പരമ്പരയിൽ ലോക XI-നോടും പരാജയപ്പെടുകയും, അതോടെ സമ്മാനത്തുക മുഴുവൻ നഷ്ടപ്പെടുത്തുകയും ചെയ്തു. സൂപ്പർടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിനു ശേഷം, ലോക XI-ന്റെ നായകനായ ടോണി ഗ്രൈഗിന് കൈകൊടുക്കാൻ വിസമ്മതിച്ചതിലൂടെ തന്റെ നിരാശ പ്രകടിപ്പിക്കുകയും ടീമിന്റെ വിജയത്തിലെ ഗ്രൈഗിന്റെ അപ്രധാനമായ സംഭാവനയെ വിമർശിക്കുകയും ചെയ്തു.[77] ആ മത്സരപരമ്പരയുടെ അവസാന ഘട്ടമെന്നത് 1979-ലെ വസന്തകാലത്ത് WSC ഓസ്ട്രേലിയയും WSC വെസ്റ്റ് ഇൻഡീസും തമ്മിൽ കരീബിയയിൽ വെച്ച് നടന്ന പരമ്പരയായിരുന്നു. ജമൈക്കയിൽ നടന്ന ആദ്യ സൂപ്പർടെസ്റ്റിൽ ഓസ്ട്രേലിയൻ ടീമിന് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നതിനു ശേഷം, ചാപ്പൽ തന്റെ ടീമിനെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ 1-1 എന്ന സമനിലയിലെത്തിച്ചു. ബാർബഡോസിൽ നേടിയ 61, 86 റണ്ണുകളായിരുന്നു അദ്ദേഹത്തിന്റെ മികച്ച പ്രകടനം.[78]

ടെസ്റ്റിലേക്കുള്ള തിരിച്ചുവരവ്

WSC അവസാനിച്ചതിനു ശേഷം, അദ്ദേഹം ഔദ്യോഗിക ക്രിക്കറ്റിലേക്ക് തിരിച്ച് വരാൻ തീരുമാനിക്കുകയും 1979-80 ൽ സൗത്ത് ഓസ്ട്രേലിയൻ ടീമിന്റെ നായകനായി തിരിച്ചുവരുകയും ചെയ്തു, എന്നാൽ ആ തീരുമാനത്തിൽ അദ്ദേഹം പിന്നീട് ഖേദം പ്രകടിപ്പിച്ചു.[79] എന്നാൽ ആ സീസൺ, മുൻകോപിയായിരുന്ന ചാപ്പലിന് അത്ര നല്ലതായിരുന്നില്ല. ടാസ്മാനിയയിൽ നടന്ന മത്സരത്തിൽ അനാവശ്യം പറഞ്ഞത് ഒരു അമ്പയർ റിപ്പോർട്ട് ചെയ്യുകയും, അതിനെത്തുടർന്ന് ചാപ്പലിന് മൂന്ന് ആഴ്ചകളിലേക്ക് മത്സരങ്ങളിൽ നിന്ന് വിലക്ക് നേരിടേണ്ടി വരികയും ചെയ്തു. വിലക്കിനു ശേഷമുള്ള ആദ്യ മത്സരത്തിൽത്തന്നെ പര്യടനം നടത്തുന്ന ഇംഗ്ലീഷ് ടീമിനെതിരായ മോശം പെരുമാറ്റത്തിന് അദ്ദേഹം വീണ്ടും റിപ്പോർട്ട് ചെയ്യപ്പെട്ടു. അതിനു ശേഷം, ആ സീസണിലെ അവസാന മൂന്ന് മത്സരങ്ങൾക്കായുള്ള ഓസ്ട്രേലിയൻ ടീമിലേക്ക് ചാപ്പൽ തിരഞ്ഞെടുക്കപ്പെട്ടു.[80] 1980 ഫെബ്രുവരിയിൽ, എം.സി.ജി.യിൽ ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തിൽ 75-ഉം പുറത്താകാതെ 26-ഉം റണ്ണുകൾ നേടി അദ്ദേഹം തന്റെ ടെസ്റ്റ് ജീവിതം അവസാനിപ്പിച്ചു. അദ്ദേഹത്തിന്റെ അവസാന ഫസ്റ്റ് ക്ലാസ്സ് മത്സരത്തിൽ, ഷെഫീൽഡ് ഷീൽഡ് നേടുന്നതിനായി സൗത്ത് ഓസ്ട്രേലിയക്ക് വിക്ടോറിയയെ തോൽപ്പിക്കണമായിരുന്നു. ചാപ്പൽ ആ മത്സരത്തിൽ 112 റണ്ണുകൾ നേടിയെങ്കിലും സൗത്ത് ഓസ്ട്രേലിയ ആ മത്സരം പരാജയപ്പെടുകയും പരമ്പര നഷ്ടമാകുകയും ചെയ്തു. വിരോധാഭാസമെന്നോണം, രണ്ടാം തവണയും സീസണിലെ മികച്ച കളിക്കാരൻ എന്ന പുരസ്കാരത്തിനായി അമ്പയർമാർ ചാപ്പലിനെ തിരഞ്ഞെടുത്തു.[81]

ഏകദിന മത്സരങ്ങൾ

ചാപ്പലിന്റെ ആക്രമണാത്മക സമീപനം പരിമിത ഓവർ ക്രിക്കറ്റിന് ചേർന്നതായിരുന്നു: നൂറ് പന്തുകളിൽ 77 റണ്ണുകൾ എന്ന സ്ട്രൈക്ക് റേറ്റിൽ ആണ് അദ്ദേഹം ഏകദിന ക്രിക്കറ്റിൽ ബാറ്റ് ചെയ്തുകൊണ്ടിരുന്നത്.[6] 16 അന്താരാഷ്ട്ര ഏകദിന മത്സരങ്ങൾ മാത്രമാണ് ചാപ്പൽ കളിച്ചിട്ടുള്ളുവെങ്കിലും, ഏകദിന ക്രിക്കറ്റിൽ ചരിത്രപ്രാധാന്യമുള്ള ചില മത്സരങ്ങളായ ആദ്യത്തെ അന്താരാഷ്ട്ര ഏകദിന മത്സരം (MCG, 1971),[82] ആദ്യ ലോകകപ്പ് ഫൈനൽ (ലോർഡ്സ്, 1975), ആദ്യത്തെ ഡേ/നൈറ്റ് മത്സരം (WSC-യുടെ ഇടയിൽ 1978-ൽ വി.എഫ്.എൽ. പാർക്കിൽ വെച്ച്)[83] എന്നിവയിൽ അദ്ദേഹം കളിച്ചു. കളിച്ച ഇന്നിംഗ്സുകളിൽ പകുതിയിലും അർദ്ധശതകം നേടിയ അദ്ദേഹത്തിന്റെ മികച്ച പ്രകടനം 1973-74 ൽ ക്രൈസ്റ്റ്‌ചർച്ചിൽ വെച്ചായിരുന്നു. അദ്ദേഹത്തിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ അവസാന സീസണിൽ, SCG-ൽ വെസ്റ്റ് ഇൻഡീസിനെതിരെ 65 പന്തുകളിൽ നിന്നായി 63 റണ്ണുകളെടുത്ത് പുറത്താകാതെ നിൽക്കുകയും കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അഞ്ച് ദിവസങ്ങൾക്ക് ശേഷം ഇംഗ്ലണ്ടിനെതിരെ നടന്ന, അദ്ദേഹത്തിന്റെ അവസാനത്തേതിനു തൊട്ടു മുമ്പത്തെ അന്താരാഷ്ട്ര ഏകദിന മത്സരത്തിൽ, 50 പന്തുകളിൽ നിന്ന് 60 റണ്ണുകളെടുത്ത് അദ്ദേഹം പുറത്താകാതെ നിന്നു. നായകനെന്ന നിലയിൽ, കളിച്ച 11 മത്സരങ്ങളിൽ 6 ജയവും 5 തോൽവിയുമായിരുന്നു അദ്ദേഹത്തിന്റെ നേട്ടം. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിലെ ഏറ്റവും ആദ്യത്തെ സിക്സ് നേടിയതും ചാപ്പലായിരുന്നു (ആദ്യത്തെ അന്താരാഷ്ട്ര ഏകദിന മത്സരത്തിലായിരുന്നു അത്).

നായകനായുള്ള സ്ഥിതിവിവരക്കണക്കുകൾ

Thumb
അഡ്‌ലെയ്ഡ് ഓവലിലെ ദ ചാപ്പൽ സ്റ്റാൻഡ്സ്, തുറന്നത് 2003-ൽ
കൂടുതൽ വിവരങ്ങൾ സീസൺ, എതിർടീം ...

പൈതൃകം

2002-ൽ എ.ബി.സി. സംപ്രേഷണം ചെയ്ത ദി ചാപ്പൽ ഇറ (The Chappell Era) എന്ന ഡോക്യുമെന്ററിയിൽ ഓസ്ട്രേലിയൻ ക്രിക്കറ്റിൽ ചാപ്പലിന്റെ പ്രാധാന്യം ഉൾപ്പെടുത്തിയിരുന്നു. അതിൽ ക്രിക്കറ്റ് ഇൻ ദി 70-സ് (Cricket in the '70s) എന്ന ഉപശീർഷകത്തിനു കീഴിൽ ചാപ്പലിനു കീഴിൽ ഓസ്ട്രേലിയൻ ടീമിനുണ്ടായ ഉയർച്ച, കളിക്കാർക്ക് മെച്ചപ്പെട്ട വേതനം ലഭിക്കുന്നതിനായുണ്ടായ ലഹള എന്നിവ വിശദമായി പരാമർശിച്ചിരുന്നു. പരിപാടിക്കിടെ ആ സമയത്തെ ക്രിക്കറ്റിന്റെ നടത്തിപ്പിനെതിരെ ചാപ്പൽ തന്റെ വിമർശനങ്ങൾ വീണ്ടും ഉന്നയിച്ചു.[36]

വിസ്ഡനിൽ റിച്ചി ബിനോഡ് എഴുതി, "റണ്ണുകൾ നേടുന്നതിലും നായകത്വത്തിലും എന്നതു പോലെത്തന്നെ കളിക്കാരെ മെച്ചപ്പെടുത്താനുള്ള ശ്രമം കൊണ്ടു കൂടിയാണ് ചാപ്പൽ സ്മരിക്കപ്പെടാൻ പോകുന്നത്".[65] വേൾഡ് സീരീസ് ക്രിക്കറ്റിനിടെ കെറി പാക്കർ നൽകിയ വായ്പയുടെ സഹായത്താൽ കളിക്കാർക്ക് വേണ്ടിയൊരു സംഘടന അദ്ദേഹം തുടങ്ങിയിരുന്നു. വിരമിക്കലിനു ശേഷവും അദ്ദേഹം തന്റെ പിന്തുണ തുടർന്നെങ്കിലും എ.സി.ബി.യുടെ അനുകമ്പയില്ലായ്മയും അംഗീകാരമില്ലായ്മയും മൂലം ആ സംഘടന 1988-ൽ പ്രവർത്തനരഹിതമായി.[84] 1997-ൽ ഓസ്ട്രേലിയൻ ക്രിക്കറ്റേഴ്സ് അസോസിയേഷൻ (ACA) എന്ന പേരിൽ നവീകരിച്ചതിനു ശേഷം ഇപ്പോഴത് ഓസ്ട്രേലിയൻ ക്രിക്കറ്റിലെ ഒരു പ്രധാന സംഘടനയായി പ്രവർത്തിച്ചു വരുന്നു. 2005-ൽ ചാപ്പൽ, എ.സി.എ. എക്സിക്യൂട്ടിവിലെ ഒരു അംഗമായി മാറി.[85]

സ്പോർട്ട് ഓസ്ട്രേലിയ ഹോൾ ഓഫ് ഫെയിമിലേക്ക് 1986-ലും,[4] FICA ക്രിക്കറ്റ് ഹോൾ ഓഫ് ഫെയിമിലേക്ക് 2000-ലും, ഓസ്ട്രേലിയൻ ക്രിക്കറ്റ് ഹോൾ ഓഫ് ഫെയിമിലേക്ക് 2003-ലും ചാപ്പൽ ഉൾപ്പെടുത്തപ്പെട്ടു.[86] അഡ്‌ലെയ്ഡ് ഓവൽ മൈതാനത്തിലെ പുതിയ രണ്ട് സ്റ്റാൻഡുകൾ ചാപ്പൽ സ്റ്റാൻഡ്സ് എന്ന് നാമകരണം ചെയ്യപ്പെട്ടു. 2003-ൽ നടന്ന അതിന്റെ സമർപ്പണ ചടങ്ങിൽ സൗത്ത് ഓസ്ട്രേലിയൻ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായിരുന്ന ഇയാൻ മക്‌ലാച്‌ലൻ ചാപ്പൽ കുടുംബത്തെ, "ദക്ഷിണ ഓസ്ട്രേലിയയിലെ ഏറ്റവും പ്രശസ്തമായ ക്രിക്കറ്റ് കുടുംബം" എന്ന് വിശേഷിപ്പിച്ചു.[87] 2004-ൽ, വർഷം തോറും ഓസ്ട്രേലിയയും ന്യൂസിലൻഡും തമ്മിൽ ഏകദിന പരമ്പര നടത്താൻ തീരുമാനിക്കുകയും ആ പരമ്പരക്ക് ചാപ്പൽ - ഹാഡ്‌ലി ട്രോഫി എന്ന് പേര് നൽകുകയും ചെയ്തതിലൂടെ ചാപ്പൽ കുടുംബം ഒരിക്കൽക്കൂടി ആദരിക്കപ്പെട്ടു.[88]

Remove ads

മാധ്യമജീവിതം

ധാരാളം വർഷങ്ങൾ റേഡിയോ കമന്റേറ്ററായി ജോലി നോക്കിയ മുത്തച്ഛൻ വിക് റിച്ചാർഡ്സണിന്റെ പാത പിന്തുടർന്ന്[11] 1973-ൽ ദി ഏജിനു (The Age) വേണ്ടി ചാപ്പലും എഴുതിത്തുടങ്ങി.[89] വേൾഡ് സീരീസ് ക്രിക്കറ്റിൽ കളിക്കുന്നതിന് മുമ്പായിത്തന്നെ അദ്ദേഹം 0-10 നെറ്റ്‌വർക്കിനു വേണ്ടിയും ബി.ബി.സി.ക്കു വേണ്ടിയും ടെലിവിഷൻ കമന്ററികൾ ചെയ്തു തുടങ്ങിയിരുന്നു.[90] 1980-കളിൽ, എട്ട് വർഷത്തോളം ശനിയാഴ്ച വൈകുന്നേരങ്ങളിൽ ചാനൽ 9 സംപ്രേഷണം ചെയ്തിരുന്ന വൈഡ് വേൾഡ് ഓഫ് സ്പോർട്ട്സ് (Wide World of Sports) എന്ന നൂതനമായൊരു പരിപാടിയിൽ മൈക്ക് ഗിബ്സണോടൊപ്പവും അഞ്ച് വർഷത്തോളം സ്പോർട്ട്സ് സൺഡേ (Sports Sunday) എന്ന പരിപാടിയിലും സഹ അവതാരകനായി അദ്ദേഹം പ്രവർത്തിച്ചു.[91] ആദ്യ പരിപാടിയിൽ പരിമിതമായി അനുവദിച്ചിട്ടുള്ള സമയത്ത്, താൻ പറയുന്നത് തത്സമയം സംപ്രേഷണം ചെയ്യപ്പെടുന്നുണ്ട് എന്ന് അറിയാതെ അദ്ദേഹം ചീത്തവാക്കുകൾ ഉപയോഗിച്ചു.[90] 1993 ആഷസ് പരമ്പരക്കിടയിലും ഇതേ സംഭവം ആവർത്തിച്ചു.[52] ഈ രണ്ട് അവസരങ്ങളിലും, ചാനൽ 9, അദ്ദേഹത്തെ താത്കാലികമായി പുറത്താക്കി.

നായകന്മാർക്കെതിരെയുള്ള വിമർശനങ്ങൾ

ചാനൽ നയനിന്റെ ക്രിക്കറ്റ് സംപ്രേഷണങ്ങളുടെ കമന്റേറ്ററായി 1980-81 സീസണിൽ ചുമതലയേറ്റ അദ്ദേഹം, ആ പദവി ഇപ്പോഴും തുടർന്നു പോരുന്നു.[91]

ഗ്രെഗ് ചാപ്പൽ

ഓസ്ട്രേലിയയും ന്യൂസിലൻഡും തമ്മിൽ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ച് നടന്ന അന്താരാഷ്ട്ര ഏകദിന മത്സരത്തിനിടെ, തന്റെ രണ്ട് ഇളയ സഹോദരന്മാരും ഉൾപ്പെട്ട, അണ്ടർ ആം സംഭവമായിരുന്നു ചാപ്പലിന്റെ ആദ്യ സീസണിലെ പ്രധാന വിവാദം. സഹോദരനായ ഗ്രെഗിന്റെ തന്ത്രത്തെ സഹോദരപരമായ യാതൊരു പക്ഷപാതവും കാണിക്കാതെ വളരെ ശക്തമായ രീതിയിലാണ് ചാപ്പൽ വിമർശിച്ചത്.[90] ആ സംഭവത്തെപ്പറ്റി അദ്ദേഹം ഒരു പത്രത്തിൽ ഇങ്ങനെ എഴുതി, "വളരെ തുച്ഛമായി, ഗ്രെഗ്, $35,000 നു വേണ്ടി എത്ര പ്രതാപം താങ്കൾ ത്യജിക്കും?".[92]

കിം ഹ്യൂസ്

1980-കളുടെ തുടക്കത്തിൽ കിം ഹ്യൂസ് നായകനാകുന്നതിനേക്കാൾ റോഡ് മാർഷ് നായകനാകുന്നതിനെ ചാപ്പൽ പിന്തുണച്ചു. കിം ഹ്യൂസിനെതിരായി നിരന്തരം നടത്തിയിരുന്ന പ്രചരണത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ പ്രമാണിത്വം അസ്ഥിരമായി. ഈ സാഹചര്യങ്ങൾ മൂലം ചാപ്പലുമായി ഇടവിടാതെ അഭിമുഖങ്ങൾ നടത്താൻ ഹ്യൂസിനെ ACB നിർബന്ധിച്ചു.

1981-ലെ ആഷസ് പരമ്പരക്കിടയിൽ ഹ്യൂസിന്റെ ബാറ്റിങ്ങിനെപ്പറ്റിയും ചാപ്പൽ വിമർശനമുന്നയിച്ചു. അദ്ദേഹം പറഞ്ഞു, "ടീമിന് ഏറ്റവും ആവശ്യമുള്ള സമയത്ത് ഹ്യൂസ് റണ്ണുകളെടുക്കേണ്ടതാണ്. അദ്ദേഹമത് ചെയ്യുന്നില്ല മാത്രവുമല്ല അദ്ദേഹത്തിന്റെ ഈ അസ്ഥിരത ബാക്കിയുള്ളവരേയും ബാധിക്കുന്നു... അദ്ദേഹത്തിന്റെ ബാറ്റിങ്ങിൽ അധികം കഴമ്പില്ല."[93]

1983-84 വേനലിന്റെ തുടക്കത്തിൽ, 1979-ന് ശേഷം ആദ്യമായി ഓസ്ട്രേലിയൻ നായകനായി ഹ്യൂസിനെ നിയമിച്ചപ്പോൾ ചാപ്പൽ പറഞ്ഞു, "ഹ്യൂസിന് ഒന്നുകിൽ കാര്യങ്ങൾ തൃപ്തികരമായി നടത്തിൽ വരുത്തുവാനോ അല്ലെങ്കിൽ മിണ്ടാതിരിക്കുവാനോ ഉള്ള സമയം ഇതാണെന്ന് ഞാൻ കരുതുന്നു".[94]

1984-85 ൽ വെസ്റ്റ് ഇൻഡീസിനെതിരായി നടന്ന രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിവസത്തിനു മുമ്പായി ചാപ്പൽ ഹ്യൂസിനോട് ചോദിച്ചു, "ടെസ്റ്റ് മത്സരങ്ങൾക്ക് പറ്റിയ ഒരു ലെഗ് സ്പിന്നർ ഓസ്ട്രേലിയക്ക് ഇല്ലെന്ന് മൂന്ന് മാസങ്ങൾക്ക് മുമ്പ് താങ്കൾ പറഞ്ഞു. എങ്കിൽ ബോബ് ഹോളണ്ട് ഈ ടീമിൽ എന്താണ് ചെയ്യുന്നത്?"[95] ആ മത്സരത്തിനു ശേഷം ഹ്യൂസ് തന്റെ നായകസ്ഥാനം രാജിവച്ചു.[96]

ഹ്യൂസിന്റെ രാജി ഓസ്ട്രേലിയൻ ക്രിക്കറ്റിനെ അലങ്കോലമാക്കുകയും അങ്ങനെ സംഭവിച്ചതിന് ചാപ്പലും പഴിയേറ്റു വാങ്ങുകയും ചെയ്തു.[97]

അലൻ ബോർഡറും ബോബ് സിംപ്സണും

ഹ്യൂസിന്റെ പിൻഗാമിയായി വന്ന അലൻ ബോർഡറുടെ മേൽ ചാപ്പലിന് നേരിട്ട് സ്വാധീനമുണ്ടായിരുന്നു. നായകനായുള്ള ആദ്യ നാളുകളിൽ ചുമതലകൾ നിറവേറ്റാൻ പ്രയാസപ്പെട്ടിരുന്ന ബോർഡറുടെ സഹായത്തിനായി ACB ബോബ് സിംപ്സണെ ടീമിന്റെ പരിശീലകനായി നിയമിച്ചു.[98] ഇത് ചാപ്പലും സിംപ്സണും തമ്മിലുള്ള വിരോധത്തിനു വഴിവെച്ചു, എന്തുകൊണ്ടെന്നാൽ ഒരു പരിശീലകന്റെ ആവശ്യം ഇല്ലെന്ന് ചാപ്പൽ പരിഹസിച്ചിരുന്നു. പഴയ കളിക്കാർ പുതിയ കളിക്കാരെ സ്വാധീനിച്ചിരുന്ന കാലം, ചാപ്പൽ സഹോദരന്മാർ ടീമിനെ നയിച്ചിരുന്ന യുഗത്തോടെ തീർന്നെന്നും ഇത് ശരിപ്പെടുത്തിയെടുക്കാനാണ് താൻ ശ്രമിക്കുന്നതെന്നും ചാപ്പലിനുള്ള മറുപടിയായി സിംപ്സൺ എഴുതി.[99]

ബോർഡർ-സിംപ്സൺ കൂട്ടുകെട്ട് വളരെ പ്രതിരോധാത്മകമായ നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും ടീമിൽ ബോർഡർക്കുള്ള നിയന്ത്രണം സിംപ്സൺ തട്ടിയെടുക്കുകയാണെന്നും ചാപ്പൽ വിശ്വസിച്ചു. ചാപ്പലിന്റെ നിർണ്ണയങ്ങളെ ആദരിച്ചു കൊണ്ട് ബോർഡർ, കളിക്കിടയിൽ ആക്രമണോത്സുകമായ തീരുമാനങ്ങൾ സ്വീകരിക്കുകയും അദ്ദേഹത്തിന്റെ കളിജീവിതത്തിന്റെ അവസാന കാലഘട്ടങ്ങളിൽ സഹകളിക്കാർക്കിടയിൽ "ക്യാപ്റ്റൻ ഗ്രംപി (Captain Grumpy)" എന്ന് അറിയപ്പെടുകയും ചെയ്തു.[100] ബോർഡർക്കു ശേഷം ഓസ്ട്രേലിയയുടെ നായകനായ മാർക്ക് ടെയ്‌ലർ ടീമിൽ സിംപ്സണിന്റെ മേൽക്കോയ്മയെ ഒന്നുകൂടി വീര്യം കുറഞ്ഞതാക്കി. ദേശീയ ടീമുകൾ പരിശീലകന്മാരെ ഉപയോഗിക്കുന്നതിനെ അദ്ദേഹം വളരെക്കാലമായി വിമർശിച്ചു പോന്നു.[101]

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads