ഈറിസ് (കുള്ളൻഗ്രഹം)

From Wikipedia, the free encyclopedia

ഈറിസ് (കുള്ളൻഗ്രഹം)
Remove ads

സൗരയൂഥത്തിലെ കുള്ളൻ ഗ്രഹങ്ങളിൽ വച്ച് ഏറ്റവും വലുതാണ്‌ ഈറിസ് (ഔദ്യോഗിക നാമം : 136199 ഈറിസ്; ചിഹ്നം: ⯰).[13] സൂര്യനു ചുറ്റും പരിക്രമണം ചെയ്യുന്ന വസ്തുക്കളിൽ വലിപ്പത്തിന്റെ കാര്യത്തിൽ ഒമ്പതാം സ്ഥാനമുള്ള ഈറിസിന്റെ വ്യാസം ഏതാണ്ട് 2500 കിലോമീറ്ററാണ്‌. പ്ലൂട്ടോയെക്കാൾ 27 ശതമാനം അധികമാണ്‌ ഇതിന്റെ പിണ്ഡം..[9][14]

വസ്തുതകൾ കണ്ടെത്തൽ, കണ്ടെത്തിയത് ...

ജനുവരി 2005-ൽ പാലൊമാർ നിരീക്ഷണശാലയിൽ വച്ച് മൈക്ക് ബ്രൗണിന്റെ നേതൃത്വത്തിലുള്ള ഒരു സംഘമാണ്‌ ഈറിസിനെ കണ്ടെത്തിയത്. കുയ്പർ വലയത്തിനു പുറത്തുള്ള സ്കാറ്റേർഡ് ഡിസ്ക് എന്നറിയപ്പെടുന്ന ഭാഗത്താണ്‌ ഇതിന്റെ സ്ഥാനം. ഈറിസിന്‌ ഡിസ്നോമിയ എന്ന ഒരു ഉപഗ്രഹമുണ്ട്. മറ്റ് ഉപഗ്രഹങ്ങളൊന്നും ഉള്ളതായി ഇതുവരെ കണ്ടെത്തിയിട്ടില്ല. ഈറിസിന്‌ സുര്യനിൽ നിന്ന് ഇപ്പോഴുള്ള ദൂരം 96.7 ആസ്ട്രോണമിക്കൽ യൂണിറ്റ് ആണ്‌.[11] സൂര്യനിൽ നിന്ന് പ്ലൂട്ടോയിലേക്കുള്ള ദൂരത്തിന്റെ മൂന്നിരട്ടി വരും ഇത്. ധൂമകേതുക്കൾ കഴിഞ്ഞാൽ പിന്നെ സൂര്യനിൽ നിന്ന് ഏറ്റവും ദൂരത്തിലുള്ള സ്വാഭാവിക സൗരയൂഥവസ്തുക്കളാണ്‌ ഈറിസും ഡിസ്നോമിയയും.[2]

ഈറിസിന്‌ പ്ലൂട്ടോയെക്കാൾ വലിപ്പമുള്ളതിനാൽ അതിനെ കണ്ടെത്തിയവരും നാസയും ആദ്യം അതിനെ സൗരയൂഥത്തിലെ പത്താമത്തെ ഗ്രഹമായാണ്‌ വിശേഷിപ്പിച്ചത്.[15] ഇതും ഭാവിയിൽ ഇത്തരം പുതിയ വസ്തുക്കൾ കണ്ടുപിടിക്കപ്പെട്ടേക്കാമെന്ന സാധ്യതയുമാണ്‌ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന ആദ്യമായി ഗ്രഹത്തെ നിർവചിക്കുന്നതിലേക്ക് നയിച്ചത്. 2006 ഓഗസ്റ്റ് 24-ന്‌ സംഘടന അംഗീകരിച്ച പുതിയ നിർവചനമനുസരിച്ച് ഈറിസും പ്ലൂട്ടോ, സെറെസ്, ഹൗമിയ, മേക്മേക് എന്നിവയും കുള്ളൻ ഗ്രഹങ്ങളാണ്‌.[16]

Remove ads

കണ്ടുപിടിത്തം

മൈക് ബ്രൗൺ, ചാഡ് ട്രുയിലോ, ഡേവിഡ് റാബിനോവിറ്റ്സ് എന്നിവരടങ്ങിയ സംഘമാണ്‌ 2005 ജനുവരി 5-ന്‌ ഈറിസ് കുള്ളൻ ഗ്രഹത്തെ കണ്ടെത്തിയത്.[2] 2003 ഒക്ടോബർ 21-ന്‌ എടുത്ത ചിത്രങ്ങളിൽ നിന്നുള്ള കണ്ടുപിടിത്തം 2009 ജൂലൈ 29-നാണ്‌ പുറത്തുവിട്ടത്. സംഘം മേക്മേകിന്റെ കണ്ടുപിടിത്തം പുറത്തുവിട്ടതും അതേ ദിവസം തന്നെയായിരുന്നു, ഹൗമിയയുടേതാകട്ടെ രണ്ടുദിവസം മുമ്പും.[17] വർഷങ്ങളായി സൂര്യനിൽ നിന്ന് ഏറെ അകലത്തിൽ പരിക്രമണം ചെയ്യുന്ന വലിയ വസ്തുക്കളെ കണ്ടെത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്ന ഈ സംഘം തന്നെയാണ്‌ ക്വാഓർ, ഓർകസ്, സെഡ്ന എന്നീ സൗരയൂഥവസ്തുക്കളെയും കണ്ടെത്തിയത്.

2003 ഒക്ടോബർ 21-ന്‌ കാലിഫോർണിയയിലെ മൗണ്ട് പാലൊമാർ നിരീക്ഷണശാലയിലെ 1200 മില്ലിമീറ്റർ സാമുവൽ ഒഷിൻ ദൂരദർശിനിയുപയോഗിച്ച് സംഘം നിരീക്ഷണങ്ങൾ നടത്തിയിട്ടുണ്ടായിരുന്നു. എന്നാൽ നക്ഷത്രങ്ങൾക്ക് ആപേക്ഷികമായുള്ള ഈറിസിന്റെ നീക്കം വളരെ ചെറുതായതുകൊണ്ട് അവർക്ക് അതിനെ കണ്ടെത്താനായിരുന്നില്ല. ചിത്രങ്ങളിൽ സൗരയൂഥവസ്തുക്കൾ തിരയാൻ സംഘമുപയോഗിച്ച മനുഷ്യസഹായമില്ലാതെ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ സൗരയൂഥവസ്തുക്കളാല്ലാത്തവയെ അങ്ങനെ കരുതാതിരിക്കാൻ വേണ്ടി മണിക്കൂറിൽ 1.5 ആർക്സെക്കന്റിൽ കുറവ് നീക്കമുള്ള വസ്തുക്കളെ ഒഴിവാക്കിയിരുന്നു. സെഡ്നയെ കണ്ടെത്തിയപ്പോൾ അതിന്റെ നീക്കം മണിക്കൂറിൽ 1.75 ആർക്സെക്കന്റ് മാത്രമായിരുന്നു എന്നതിനാൽ കോണീയചലനത്തിന്‌ കുറഞ്ഞ ഒരു പരിധിയുപയോഗിച്ച് സംഘം തങ്ങളുടെ ചിത്രങ്ങളെ പുനരവലോകനം ചെയ്തു. അങ്ങനെ 2005 ജനുവരിയിൽ പശ്ചാത്തലത്തിലെ നക്ഷത്രങ്ങൾക്ക് ആപേക്ഷികമായി ഈറിസിന്റെ നേരിയ ചലനം മനസ്സിലാക്കാൻ അവർക്ക് സാധിച്ചു.

Thumb
ഈറിസിനെ കണ്ടെത്താൻ സഹായിച്ച ചിത്രങ്ങളിൽ അതിന്റെ ചലനം കാണിക്കുന്ന ആനിമേഷൻ. ഈറിസിനെ അസ്ത്രചിഹ്നം കൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്നു. മൂന്നു മണിക്കൂറുകൊണ്ടാണ്‌ ഈ ആനിമേഷനിലെ ഫ്രെയിമുകൾ എടുത്തിരിക്കുന്നത്
Thumb
ട്രാൻസ് നെപ്റ്റ്യൂണിയൻ വസ്തുക്കളുടെ പരിക്രമണപഥങ്ങൾ

ഇതിനുപിന്നാലെ ഈറിസിന്റെ പരിക്രമണപഥത്തെക്കുറിച്ച് മനസ്സിലാക്കാൻ വേണ്ടി അവർ കൂടുതൽ നിരീക്ഷണങ്ങൾ നടത്തി. സൂര്യനിൽ നിന്ന് കുള്ളൻ ഗ്രഹത്തിലേക്കുള്ള ദൂരം ഇങ്ങനെയാണ്‌ മനസ്സിലാക്കാനായത്. കൂടുതൽ കൃത്യമായ നിരീക്ഷണങ്ങൾ നടത്തിയ ശേഷം കണ്ടുപിടിത്തത്തെക്കുറിച്ചുള്ള വിവരം പുറത്തുവിട്ടാൽ മതിയെന്ന് സംഘം തീരുമാനിച്ചുവെങ്കിലും തങ്ങൾ ട്രാക്ക് ചെയ്തുകൊണ്ടിരുന്ന ഹൗമിയയുടെ കണ്ടുപിടിത്തം സ്പെയിനിലെ ഒരു സംഘം തങ്ങൾക്കു മുമ്പേ പുറത്തുവിട്ടതിനാൽ നേരത്തെയാക്കി.[2] 2005 ഒക്ടോബറിൽ നടത്തിയ തുടർനിരീക്ഷണങ്ങൾ ഈറിസിന്‌ ഒരു ഉപഗ്രഹമുണ്ടെന്ന് തെളിയിച്ചു - ഇതിന്‌ പിന്നീട് ഡിസ്നോമിയ എന്ന് പേരിട്ടു. ഡിസ്നോമിയയുടെ പരിക്രമണപഥത്തിന്റെ വിശകലനത്തിൽ നിന്ന് ഈറിസിന്റെ പിണ്ഡം (1.66 ± 0.02)×1022 kg ആണെന്ന് ജ്യോതിശാസ്ത്രജ്ഞർക്ക് കണ്ടെത്താനായി. ഇത് പ്ലൂട്ടോയെക്കാളും 27 ശതമാനം കൂടുതലായിരുന്നു.

Remove ads

വർഗ്ഗീകരണം

ഈറിസ് ഒരു കുള്ളൻ ഗ്രഹവും ട്രാൻസ്-നെപ്റ്റ്യൂണിയൻ വസ്തുവുമാണ്‌. ഈ രണ്ട് വിഭാഗങ്ങളിലും പെടുന്നതിനാൽ അതൊരു പ്ലൂട്ടോയ്ഡ് ആണ്‌.[18]. ഈറിസിന്റെ പരിക്രമണപഥസവിശേഷതകളിൽ നിന്ന് അതൊരു സ്കാട്ടേർഡ് ഡിസ്ക് ഒബ്ജക്റ്റ് - അതായത്, നെപ്റ്റ്യൂണുമായുള്ള ഗുരുത്വാകർഷണപ്രതിപ്രവർത്തനം മൂലം സൗരയൂഥം രൂപം കൊള്ളുന്ന കാലത്തേ കുയ്പർ വലയത്തിൽ നിന്ന് കൂടുതൽ വിദൂരവും അസാധാരണവുമായ ഒരു പരിക്രമണപഥത്തിലേക്ക് മാറിയ വസ്തു - ആണെന്ന് മനസ്സിലാക്കാം. ഈറിസിന്റെ ഭ്രമണപഥം ക്രാന്തിവൃത്തവുമായി അസാധാരണമാംവിധം ഉയർന്ന ചെരിവിലാണ്‌ നിലകൊള്ളുന്നത്. ആദ്യകാലത്ത് കുയ്പർ വലയത്തിന്റെ ആന്തരികസീമയ്ക്കടുത്തുണ്ടായിരുന്ന വസ്തുക്കൾ നെപ്റ്റ്യൂണുമായുള്ള പ്രതിപ്രവർത്തനം മൂലം ബാഹ്യസീമയ്ക്കടുത്തുണ്ടായിരുന്നവയെക്കാൾ ഉയർന്ന ചെരിവുള്ള പരിക്രമണപഥങ്ങളിലേക്ക് മാറി എന്ന് സൈദ്ധാന്തികമാതൃകകൾ കാണിക്കുന്നു.[19] ആന്തരികവലയവസ്തുക്കൾ സാധാരണഗതിയിൽ ബാഹ്യവസ്തുക്കളെക്കാൾ പിണ്ഡമുള്ളവയായിരിക്കും. അതിനാൽ ഇതുവരെ അവഗണിക്കപ്പെട്ട ഈറിസിനെപ്പോലെ ഉയർന്ന ചെരിവുള്ളതും ഭീമവുമായ കൂടുതൽ വസ്തുക്കളെ കണ്ടെത്താനാകുമെന്നാണ്‌ ജ്യോതിശാസ്ത്രജ്ഞരുടെ പ്രതീക്ഷ.

ഈറിസ് പ്ലൂട്ടോയെക്കാൾ വലുതായതിനാൽ ആദ്യകാലത്ത് നാസയും കണ്ടുപിടിത്തം പ്രസിദ്ധീകരിച്ച മാധ്യമങ്ങളും അതിനെ പത്താമത്തെ ഗ്രഹമായാണ്‌ കണക്കാക്കിയിരുന്നത്.[20] ഈറിസിന്റെ സ്ഥാനത്തെക്കുറിച്ചുള്ള അനിശ്ചിതത്ത്വവും പ്ലൂട്ടോയെ ഗ്രഹങ്ങളുടെ വർഗ്ഗത്തിൽ പെടുത്താമോ എന്ന തർക്കവും മൂലം ഗ്രഹം എന്ന വാക്കിന്‌ കൃത്യമായ ഒരു നിർവചനം നൽകാൻ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന ഒരുകൂട്ടം ജ്യോതിശാസ്ത്രജ്ഞരെ നിയോഗിച്ചു. ഈ പുതിയ നിർവചനം സംഘടന 2006 ഓഗസ്റ്റ് 24-ന്‌ ഔദ്യോഗികമായി അംഗീകരിച്ചു. അതോടെ ഈറിസും പ്ലൂട്ടോയും കുള്ളൻ ഗ്രഹങ്ങൾ എന്ന പുതിയ വർഗ്ഗത്തിൽ സ്ഥാനം നേടി.[21] കുള്ളൻ ഗ്രഹം എന്ന പുതിയ വർഗ്ഗീകരണത്തെ താൻ അംഗീകരിക്കുന്നതായി മൈക് ബ്രൗൺ വ്യക്തമാക്കിയിട്ടുണ്ട്.[22] 136199 ഈറിസ് എന്ന പേരിൽ അന്താരാഷ്ട്ര ജ്യോതിശാസ്ത്രസംഘടന ഈറിസിനെ തങ്ങളുടെ മൈനർ പ്ലാനറ്റ് കാറ്റലോഗിൽ ചേർക്കുകയും ചെയ്തു.

Remove ads

നാമകരണം

Thumb
പുരാണകഥാപാത്രമായ ഈറിസിന്റെ ഏഥൻസിലെ ചിത്രം. 550 ബി.സി.ക്കടുത്തുള്ളത്

കലഹത്തിന്റെ ആൾരൂപമായ ഗ്രീക്ക് ദേവതയായ ഈറിസിന്റെ പേരാണ്‌ കുള്ളൻ ഗ്രഹത്തിന്‌ നൽകിയിരിക്കുന്നത്.[23] ഏറെക്കാലം അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടനയുടെ നാമകരണ നിയമപ്രകാരം ഓട്ടോമാറ്റിക്കായി നൽകപ്പെട്ട UB313 എന്ന പേരിൽ അറിയപ്പെട്ടിരുന്ന കുള്ളൻ ഗ്രഹത്തിന്‌ 2006 സെപ്റ്റംബർ 13-നാണ്‌ ഔദ്യോഗികമായി പുതിയ പേരു കിട്ടിയത്.

ക്സീന

ഗ്രഹങ്ങൾക്കും ലഘുഗ്രഹങ്ങൾക്കും വ്യത്യസ്ത നാമകരണപ്രക്രിയകളാണുള്ളത്.[24] അതിനാൽ കുള്ളൻ ഗ്രഹത്തിന്‌ എന്ത് പേരിടണം എന്ന തീരുമാനം അന്താരാഷ്ട്ര ജ്യോതിശാസ്ത്രസംഘടന ഗ്രഹത്തിന്റെ നിർവചനം അംഗീകരിക്കുന്നതുവരെ കാത്തിരിക്കേണ്ടിവന്നു.[25] അതിനാൽ അതുവരെ ക്സീന എന്ന പേരിലാണ്‌ ഈ ജ്യോതിശാസ്ത്രവസ്തു പൊതുജനങ്ങൾക്കിടയിൽ അറിയപ്പെട്ടിരുന്നത്.

ഈറിസിനെ കണ്ടുപിടിച്ച സംഘം തങ്ങൾക്കിടയിൽ ലഘുഗ്രഹത്തിന്‌ അനൗദ്യോഗികമായി നൽകിയ പേരായിരുന്നു ക്സീന. ക്സീന : വാര്യർ പ്രിൻസെസ് എന്ന ടെലിവിഷൻ പരമ്പരയിലെ നായികയുടെ പേരായിരുന്നു ഇത്. തങ്ങൾ കണ്ടുപിടിക്കുന്ന പ്ലൂട്ടോയെക്കാൾ വലിയ ആദ്യത്തെ വസ്തുവിനിടാൻ വേണ്ടി സംഘം കരുതിവച്ചതായിരുന്നു ക്സീന എന്ന പേര്‌. X എന്ന അക്ഷരത്തിൽ ആരംഭിക്കുന്നതിനാലും (പ്ലാനറ്റ് X) കൂടുതൽ വസ്തുക്കൾക്ക് ദേവതകളുടെ പേരുകൾ നൽകാനാഗ്രഹിച്ചതിനാലുമാണ്‌ ക്സീന എന്ന പേര്‌ തിരഞ്ഞെടുത്തതെന്ന് മൈക് ബ്രൗൺ പറയുകയുണ്ടായി.[26] പുതിയൊരു പേര്‌ പെട്ടെന്ന് പുറത്തുവരുമെന്നാണ്‌ തങ്ങൾ കരുതിയിരുന്നത്. ഒരു ഇന്റർവ്യൂവിനിടയിൽ അബദ്ധത്തിൽ പുറത്തുവിട്ടുപോയതാണ്‌ തങ്ങൾക്കിടയിൽ മാത്രം ഉപയോഗിക്കാനുദ്ദേശിച്ചിരുന്ന ക്സീന എന്ന പേര്‌[27]

ഔദ്യോഗിക നാമകരണം

ശാസ്ത്ര എഴുത്തുകാരനായ ഗൊവെർട് ഷില്ലിങ്ങ് പറയുന്നതനുസരിച്ച് ലീല (Lila) എന്നായിരുന്നു ബ്രൗൺ കുള്ളൻ ഗ്രഹത്തിന്‌ ആദ്യം ഇടാനുദ്ദേശിച്ചിരുന്ന പേര്‌. ബ്രഹ്മാവിന്റെ ഒരു കളിയുടെ ഫലമാണ്‌ പ്രപഞ്ചം എന്ന് പറയുന്ന ഹിന്ദു പുരാണത്തിലെ ഒരു സങ്കല്പമാണ്‌ ലീല. അടുത്തകാലത്ത് ജനിച്ച തന്റെ മകളുടെ (Lilah) പേരിന്‌ വളരെ സമാനമായിരുന്നു ഇത്. മുമ്പ് സെഡ്നയുടെ കാര്യത്തിൽ സംഭവിച്ചപോലെ ഔദ്യോഗികമായി അംഗീകരിക്കപ്പെടുന്നതിനുമുമ്പ് പേര്‌ പുറത്തുവിട്ട് വിവർശനമേറ്റുവാങ്ങാതിരിക്കാൻ ബ്രൗൺ ശ്രദ്ധിച്ചു. എന്നാൽ കുള്ളൻ ഗ്രഹത്തിന്റെ കണ്ടുപിടിത്തം പ്രസിദ്ധീകരിച്ച വെബ്പേജിന്റെ യു.ആർ.എൽ. /~mbrown/planetlila എന്നാണ്‌ നൽകിയിരുന്നത്. ഹൗമിയയുടെ കണ്ടുപിടിത്തവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ മുഴുകിയിരുന്ന ബ്രൗൺ അത് മാറ്റാൻ മറന്നുപോവുകയും ചെയ്തു. മറ്റ് ജ്യോതിശാസ്ത്രജ്ഞരുടെ കോപത്തിനിടയാകാതിരിക്കാൻ വെബ്പേജിന്‌ മകളുടെ പേരണിട്ടതെന്ന് പറഞ്ഞ് ബ്രൗൺ ഗ്രഹത്തിന്‌ ലീല എന്ന പേരിടേണ്ടതില്ലെന്ന് തീരുമാനിച്ചു.[28]

പ്ലൂട്ടോയുടെ ഭാര്യയായ പെഴ്സിഫോൺ എന്ന പേരും നന്നായിരിക്കുമെന്ന് ബ്രൗൺ പറഞ്ഞിട്ടുണ്ടായിരുന്നു.[2] ശാസ്ത്രസാഹിത്യത്തിൽ പലയിടത്തായി ഉപയോഗിക്കപ്പെട്ടിട്ടുള്ള ഈ പേര്‌ ഒരു പൊതുസർവേയിൽ കൂടുതൽ വോട്ടുകളും നേടി.[29][30] എന്നാൽ 399 പെഴ്സിഫോൺ എന്ന പേരിൽ ഒരു ഛിന്നഗ്രഹം നിലവിലുള്ളതിനാൽ കുള്ളൻ ഗ്രഹത്തിന്‌ ഈ പേരിടാൻ സാധിക്കുമായിരുന്നില്ല.[2] നെപ്റ്റ്യൂണിനും പുറത്തായി സ്ഥിരമായ പരിക്രമണപഥങ്ങളുള്ള വസ്തുക്കളുടെ നാമകരണം സൃഷ്ടിയുമായി ബന്ധപ്പെട്ട പുരാണങ്ങളിൽ നിന്നായിരിക്കണം എന്ന് അന്താരാഷ്ട്ര ജ്യോതിശാസ്ത്രസംഘടനയുടെ നിബന്ധനയുള്ളതിനാൽ സംഘം അത്തരത്തിലുള്ള പേരുകളും തിരയാൻ തുടങ്ങി.[31]

2006 സെപ്റ്റംബർ 16-ന്‌ ബ്രൗണും കൂട്ടരും ഈറിസ് എന്ന പേര്‌ മുന്നോട്ടുവച്ചു. 13-ആം തീയതി അന്താരാഷ്ട്ര ജ്യോതിശാസ്ത്രസംഘടന ഈ പേര്‌ ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്തു.[31][32] ഏറെക്കാലം ഗ്രഹമായി കരുതപ്പെട്ടതിനാൽ മറ്റ് ഗ്രഹങ്ങളെപ്പോലെ ഗ്രീക്ക്/റോമൻ പുരാണങ്ങളിൽ നിന്നുള്ള പേരാകും അഭികാമ്യം എന്ന് ബ്രൗൺ തീരുമാനിച്ചു. മിക്ക ഗ്രീക്ക്/റോമൻ പേരുകളും ഛിന്നഗ്രഹങ്ങൾക്ക് ഉപയോഗിച്ചുകഴിഞ്ഞിരുന്നെങ്കിലും തന്റെ പ്രിയപ്പെട്ട ദേവതയായ ഈറിസിന്റെ പേര്‌ സ്വതന്ത്രമായിരുന്നു.[27] ഈ പേര്‌ പ്ലൂട്ടോയുടെയും ഈറിസിന്റെയും വർഗ്ഗീകരണത്തിന്റെ കാര്യത്തിൽ ജ്യോതിശാസ്ത്രജ്ഞർക്കിടയിലുണ്ടായ സംവാദങ്ങളെ സൂചിപ്പിക്കുന്നു. ഉപഗ്രഹത്തിന്റെ പേരായ ഡിസ്നോമിയ (Lawlessness) ആകട്ടെ പഴയ അനൗദ്യോഗികനാമമായ ക്സീനയുമായി ബന്ധപ്പെട്ടുകിടക്കുന്നു. ടെലിവിഷൻ പരമ്പരയിൽ ക്ഷ്സീനയായി അഭിനയിച്ച നടിയുടെ പേര്‌ ലൂസി ലോലെസ് എന്നായിരുന്നു.[33]

Remove ads

പരിക്രമണപഥം

Thumb
ഈറിസിന്റെയും (നീല) ശനി, യുറാനസ്, നെപ്റ്റ്യൂൺ, പ്ലൂട്ടോ എന്നിവയുടെയും ഭ്രമണപഥങ്ങൾ
Thumb
ഈറിസ്, പ്ലൂട്ടോ എന്നിവയുടെ സൂര്യനിൽ നിന്നുള്ള ദൂരത്തിന്‌ ആയിരം വർഷത്തിനുള്ളിൽ വരുന്ന മാറ്റം

ഈറിസിന്റെ പരിക്രമണകാലം 557 വർഷമാണ്‌. 2009-ൽ സൂര്യനിൽ നിന്നുള്ള ഇതിന്റെ ദൂരം 96.7 ആസ്ട്രണോമിക്കൽ യൂണിറ്റ് ആയിരുന്നു.[11] സൂര്യനിൽ നിന്ന് ഈറിസിന്റെ പരമാവധി ദൂരത്തിന്‌ വളരെ അടുത്താണിത് (ഈറിസിന്റെ അപസൗരദൂരം 97.5 AU ആണ്‌). 1698-നും[5] 1699-നും[34] ഇടയിൽ അവസാനമായി ഉപസൗരത്തിലെത്തിയ ഈറിസ് 1977-ൽ[34] അപസൗരത്തിലെത്തി. 2256-നും[34] 2258-നും[35] ഇടയ്ക്ക് ഈറിസ് ഉപസൗരത്തിലേക്ക് തിരിച്ചുവരും. ചില ധൂമകേതുക്കളെയും ബഹിരാകാശവാഹനങ്ങളെയും ഒഴിച്ചുനിർത്തിയാൽ സൂര്യനിൽ നിന്ന് നിലവിൽ ഏറ്റവും അകലത്തിലുള്ള ജ്യോതിശാസ്ത്രവസ്തുക്കളാണ്‌ ഈറിസും ഡിസ്നോമിയയും.[36] എങ്കിലും ഇപ്പോൾ ഈറിസിനെക്കാൾ സൂര്യനോടടുത്താണെങ്കിലും അതിനെക്കാൾ സൂര്യനിൽ നിന്ന് ശരാശരി ദൂരം കൂടുതലുള്ള നാല്പതോളം ട്രാൻസ്-നെപ്റ്റ്യൂണിയൻ വസ്തുക്കളെ കണ്ടെത്തിയിട്ടുണ്ട്.

ഈറിസിന്റെ ഭ്രമണപഥം വളരെ ഉത്കേന്ദ്രതയുള്ളതാണ്‌ എന്നതിനാൽ 37.9AU മാത്രമാണ്‌ ഈറിസിന്റെ ഉപസൗരത്തിലെ ദൂരം. ഇത് പ്ലൂട്ടോയിലേക്കുള്ള ദൂരത്തെക്കാൾ കുറവാണെങ്കിലും നെപ്റ്റ്യൂണുമായി നേരിട്ട് പ്രതിപ്രവർത്തിക്കുന്നതിൽ നിന്ന് ഈറിസിനെ തടയുന്നു. എന്നാൽ നെപ്റ്റ്യൂണിന്റെ പരിക്രമണപഥവുമായി അനുരണനവും മറ്റ് പ്ലൂട്ടിനോകളെപ്പോലെ കുറഞ്ഞ ചെരിവുമുള്ള പ്ലൂട്ടോക്ക് നെപ്റ്റ്യൂൺറ്റെ ഭ്രമണപഥത്തിനുള്ളിൽ കടക്കാൻ സാധിക്കുന്നു. ഈറിസും നെപ്റ്റ്യൂണുമായി 17:5 അനുരണനത്തിലാകാൻ സാധ്യതയുണ്ട്. എന്നാൽ ഇത് സ്ഥിതീകരിക്കാൻ കൂടുതൽ നിരീക്ഷണങ്ങൾ ആവശ്യമാണ്‌.[37] ഏതാണ്ട് ഒരേ പ്രതലത്തിൽ ഭ്രമണം ചെയ്യുന്ന അഷ്ടഗ്രഹങ്ങളിൽ നിന്ന് വിഭിന്നമായി ക്രാന്തിവൃത്തത്തിൽ നിന്ന് 44 ഡിഗ്രി ചെരിവിലാണ്‌ ഈറിസിന്റെ പരിക്രമണപഥം സ്ഥിതിചെയ്യുന്നത്.

നിലവിൽ ഈറിസിന്റെ ദൃശ്യകാന്തിമാനം 18.7 ആണ്. ചില അമേച്വർ ദൂരദർശിനികളുപയോഗിച്ച് നിരീക്ഷിക്കാൻ സാധ്യമായത്ര പ്രകാശം ഇതിനുണ്ട്. സി.സി.ഡി. യുടെ സഹായത്തോടെ 200 mm ദൂരദർശിനികളിലൂടെ ഈറിസിനെ കാണാം. പരിക്രമണപഥത്തിന്റെ ഉയർന്ന ചെരിവു മൂലമാണ് ഈറിസ് ഇത്രയും കാലം നിരീക്ഷകർക്ക് പിടികൊടുക്കാതിരുന്നത്. ഇതിനുമുമ്പ് നെപ്റ്റ്യൂണിന് പുറത്തുള്ള സൗരയൂഥവസ്തുക്കളെ തിരഞ്ഞ മിക്ക സംഘങ്ങളും ക്രാന്തിവൃത്തത്തിന് സമീപത്താണ് അവയെ അന്വേഷിച്ചിരുന്നത്.

ഈറിസ് ഇപ്പോൾ കേതവസ് രാശിയിലാണ്. 1876 മുതൽ 1929 വരെ ശിൽപി രാശിയിലും അതിനുമുമ്പ് 1840 മുതൽ 1875 വരെ അറബിപക്ഷി രാശിയിലുമായിരുന്നു ഈ കുള്ളൻ ഗ്രഹത്തിന്റെ സ്ഥാനം. 2036-ൽ ഈറിസ് മീനം രാശിയിലേക്ക് മാറും. 2065 വരെ മീനം രാശിയിൽ നിൽക്കുന്ന ഈറിസ് 2065-ഓടെ മേടം രാശിയിലേക്ക് നീങ്ങും.[34] ഈറിസിന്റെ പരിക്രമണപഥം ക്രാന്തിവൃത്തത്തോട് വളരെയധികം ചെരിവുള്ളതായതിനാൽ രാശിചക്രത്തിന്റെ ഭാഗമായ ചില നക്ഷത്രരാശികളിലേ ഈറിസ് സ്ഥാനം നേടൂ.

Remove ads

വലിപ്പം

ഹബിൾ ബഹിരാകാശ ദൂരദർശിനി ഉപയോഗിച്ച് ഈറിസിന്റെ വ്യാസം 2397±100 കിലോമീറ്ററാണെന്ന് കണ്ടെത്തിയിട്ടുണ്ട്.[38][39] ഇത്തരം വസ്തുക്കളുടെ വലിപ്പം കണക്കാക്കുന്നത് അവയുടെ കേവലകാന്തിമാനവും പ്രതിഫലനശേഷിയും (ആൽബിഡോ) ഉപയോഗിച്ചാണ്‌. 97AU ദൂരെ സ്ഥിതിചെയ്യുന്ന 3000km ആരമുള്ള ഒരു വസ്തുവിന്റെ കോണീയവ്യാസം 40 മില്ലി ആർക് സെക്കന്റായിരിക്കും.[12] ഇത് ഹബിളിന്‌ വിഷമത്തോടെയെങ്കിലും നേരിട്ട് അളക്കാനാകും. ഡീകൺവല്യൂഷൻ ഉൾപ്പെടെയുള്ള ഇമേജ് പ്രോസസിങ്ങ് രീതികളുപയോഗിച്ച് ഇത്ര ചെറിയ കോണീയ അളവുകളും കൃത്യമായി കണക്കാക്കാനാകും..

അതായത്, ഈറിസിന്‌ പ്ലൂട്ടോയെക്കാൾ എട്ടു ശതമാനത്തിൽ താഴെയേ വലിപ്പക്കൂടുതലുള്ളൂ. ഈറിസിന്റെ ആൽബിഡോയായ 0.86 എൻകെലാഡസിന്റേത് കഴിഞ്ഞാൽ സൗരയൂഥത്തിൽ ഏറ്റവും ഉയർന്നതാണ്‌. സൂര്യനിൽ നിന്നുള്ള ദൂരത്തിൽ വരുന്ന വ്യതിയാനം മൂലം ഉപരിതലത്തിലെ ഹിമം പുനർനിർമ്മിക്കപ്പെടുന്നതിനാലാണ്‌ ആൽബിഡോ ഇത്ര ഉയർന്നിരിക്കുന്നത് എന്നാണ്‌ കരുതപ്പെടുന്നത്.[40] 2007-ൽ സ്പിറ്റ്സർ ബഹിരാകാശ ദൂരദർശിനി നടത്തിയ നിരീക്ഷണങ്ങളിൽ നിന്ന് ഈറിസിന്റെ വ്യാസം 2,600 (+400; -200) km ആണെന്നാണ്‌ കണക്കാക്കാനായത്.[8] സ്പിറ്റ്സർ, ഹബിൾ ദുരദർശിനികളുടെ കണക്കുകൾ 2400-2500km ഇടവേളയിൽ കവിഞ്ഞുകിടക്കുന്നു. ഈ ഇടവേളയനുസരിച്ച് ഈറിസിന്റെ വലിപ്പമ് പ്ലൂട്ടോയെക്കാൾ നാലു മുതല് എട്ട് ശതമാനം വരെ കൂടുതലാണ്.

എന്നാൽ ഈറിസിന്റെ പിണ്ഡം ഇതിൽ കൂടുതൽ കൃത്യതയോടെ കണക്കാക്കാനായിട്ടുണ്ട്. ഉപഗ്രഹമായ ഡിസ്നോമിയയുടെ പരിക്രമണകാലമായ 15.774 ദിവസത്തിൽ നിന്ന് ഈറിസിന്റെ പിണ്ഡം പ്ലൂട്ടോയുടേതിനെക്കാൾ 27 ശതമാനം കൂടുതലാണെന്നാന് കണക്കാക്കിയിരിക്കുന്നത്.[9][41]

Remove ads

ഉപരിതലവും അന്തരിക്ഷവും

Thumb
ഈറിസിന്റെയും പ്ലൂട്ടോയുടെയും ഇൻഫ്രാറെഡ് വർണ്ണരാജികൾ തമ്മിലുള്ള താരതമ്യം സമാനതകൾ കാണിക്കുന്നു. മീഥേൻ അവശോഷണരേഖകളാണ്‌ അടയാളപ്പെടുത്തിയിരിക്കുന്നത്
Thumb
ഈറിസും ഡിസ്നോമിയയും ചിത്രകാരന്റെ ഭാവനയിൽ

ഈറിസിനെ തിരിച്ചറിഞ്ഞശേഷം നിരീക്ഷണസംഘം ഹവായിയിലെ 8m ജെമിനി നോർത്ത് ദൂരദർശിനിയുപയോഗിച്ച് 2005 ജനുവരി 25-ന് വർണ്ണരാജി നിരീക്ഷണം തുടർന്നു. ഈറിസിൽ നിന്നുള്ള ഇൻഫ്രാറെഡ് രാജിയിൽ നിന്ന് അവിടെ ഖരരൂപത്തിൽ മീഥേൻ ഉണ്ടെന്ന് സ്ഥിതീകരിക്കാനായി. കുള്ളൻ ഗ്രഹത്തിന്റെ ഉപരിതലം പ്ലൂട്ടോ, ട്രൈറ്റൺ എന്നിവയുടേതിന് സമാനമാണെന്ന് ഇതുവഴി അനുമാനിക്കപ്പെട്ടു. അക്കാലത്ത് മിഥേൻ ഉള്ളതായി അറിയപ്പെട്ടിരുന്ന ഒരേയൊരു ട്രാൻസ് നെപ്റ്റ്യൂണിയൻ വസ്തു പ്ലൂട്ടോ ആയിരുന്നു.[42]

പരിക്രമണപഥം ഉത്കേന്ദ്രതയുള്ളതായതിനാൽ ഈറിസിലെ ഉപരിതലതാപനില 30 കെൽവിനിനും 56 കെൽവിനിനുമിടയിൽ വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും എന്നാണ്‌ കണക്കാക്കിയിരിക്കുന്നത്.[2]

ചുവപ്പുനിറമുള്ള പ്ലൂട്ടോ, ട്രൈറ്റൺ എന്നിവയിൽ നിന്ന് വ്യത്യസ്തമായി ഈറിസിന്‌ ചാരനിറമാണ്‌.[2] പ്ലൂട്ടോയുടെ ചുവപ്പുനിറം ഉപരിതലത്തിലെ തോലിൻ (tholin) നിക്ഷേപങ്ങൾ മൂലമാണെന്നാണ്‌ വിശ്വസിക്കപ്പെടുന്നത്. ഈ നിക്ഷേപങ്ങൾ മൂലം ഇരുളുന്ന ഉപരിതലത്തിന്റെ ആൽബിഡോ കുറയുകയും താപനില ഉയരുകയും ചെയ്യുന്നു. ഉപരിതലത്തിലെ ഖരരൂപത്തിലുള്ള മീഥേൻ ഇതുമൂലം ബാഷ്പീകരിക്കപ്പെടുന്നു. ഈറിസിന്‌ സൂര്യനിൽ നിന്നുള്ള ദൂരം പ്ലൂട്ടോയുടേതിനെക്കാൾ കൂടുതലായതിനാൽ ആൽബിഡോ കുറവുള്ളപ്പോഴും മീഥേന്‌ ഘനീഭവിച്ച് ഉപരിതലത്തിലേക്ക് തിരിച്ചെത്താനാകും. ഇങ്ങനെ ഉപരിതലത്തിൽ എല്ലാ ഭാഗത്തും എത്തുന്ന മീഥേൻ അവിടെയുള്ള തോലിൻ നിക്ഷേപങ്ങളെ മറയ്ക്കുന്നു.[43]

ഈറിസിന്‌ സൂര്യനിൽ നിന്നുള്ള അകലം പ്ലൂട്ടോയുടേതിന്‌ മൂന്നിരട്ടി വരെ ആകാമെങ്കിലും ഇടയ്ക്ക് ഈറിസ് വളരെ സമീപത്തെത്തുന്നു. ഇങ്ങനെ സമീപത്തെത്തുമ്പോൾ ഉപരിതലത്തിലെ ഖരവസ്തുക്കൾ ഉത്പതനത്തിന്‌ വിധേയമാകാം. മീഥേനാകട്ടെ വളരെപ്പെട്ടെന്ന് ബാഷ്പീകരിക്കപ്പെടുന്ന പദാർത്ഥവുമാണ്‌. അതിനാൽ ഈറിസിൽ ഖരരൂപത്തിൽ മീഥേൻ ഇപ്പോഴും ഉണ്ടെന്നത് രണ്ട് കാര്യങ്ങളിലൊന്നിനെ സൂചിപ്പിക്കുന്നു : ഒന്നുകിൽ ഈറിസ് എല്ലായ്പ്പോഴും മീഥേനെ ഖരരൂപത്തിൽ നിർത്താനുതകുംവിധം കുറഞ്ഞ താപനിലയിലായിരുന്നിരിക്കാം, അല്ലെങ്കിൽ ബാഷ്പീകരിക്കപ്പെടുന്ന മീഥേന്‌ പകരം വെക്കാൻ ഈറിസിനുള്ളിൽ ഒരു മീഥേൻ സ്രോതസ്സുണ്ടായിരിക്കാം. ഇത് മറ്റൊരു ട്രാൻസ് നെപ്റ്റ്യൂണിയൻ കുള്ളൻ ഗ്രഹമായ ഹൗമിയയുടെ സ്ഥിതിയിൽ നിന്ന് വ്യത്യസ്തമാണ്‌. ഹൗമിയയുടെ ഉപരിതലത്തിൽ ഖരരൂപത്തിൽ ജലം കാണപ്പെടുന്നുവെങ്കിലും മീഥേൻ കാണപ്പെടുന്നില്ല.[44]

Remove ads

ഉപഗ്രഹം

Thumb
കുള്ളൻ ഗ്രഹമായ ഈറിസും അതിന്റെ ഉപഗ്രഹമായ ഡിസ്നോമിയയും ചിത്രകാരന്റെ ഭാവനയിൽ. ESO യുടെ ലാ സില്ല ഒബ്സർവേറ്ററിയിൽ നടത്തിയ നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് കലാപരമായ ഈ ചിത്രീകരണം.

2005-ൽ ഹവായിയിലെ കെക്ക് ദൂരദർശിനിയിലെ അഡാപ്റ്റീവ് ഒപ്റ്റിക്സ് സംഘം ഏറ്റവും പ്രകാശമുള്ള നാല്‌ ട്രാൻസ്-നെപ്റ്റ്യൂണിയൻ വസ്തുക്കളെ (പ്ലൂട്ടോ, മേക്മേക്, ഹൗമിയ, ഈറിസ്) നിരീക്ഷിച്ചു. പുതുതായി കമ്മീഷൻ ചെയ്ത ലേസർ ഗൈഡ് സ്റ്റാർ വ്യവസ്ഥയാണ്‌ ഇതിനായി ഉപയോഗിച്ചത്.[45] സെപ്റ്റംബർ 10-ന്‌ എടുത്ത ചിത്രങ്ങളിൽ നിന്ന് ഈറിസിനു ചുറ്റും ഒരു ഉപഗ്രഹം പരിക്രമണം ചെയ്യുന്നുണ്ടെന്ന് മനസ്സിലായി. ക്സീന : ദി വാര്യർ പ്രിൻസസ് എന്ന പരമ്പരയിൽ ക്സീനയുടെ സഹായിയായ ഗബ്രിയേല എന്ന കഥാപാത്രത്തിന്റെ പേരാണ്‌ ബ്രൗണും കൂട്ടരും അനൗദ്യോഗികമായി ഈ ഉപഗ്രഹത്തിനിട്ടത്. കുള്ളൻ ഗ്രഹത്തിന്റെ ഈറിസ് എന്ന പേര്‌ അന്താരാഷ്ട്ര ജ്യോതിശാസ്ത്രസംഘടന ഔദ്യോഗികമായി അംഗീകരിച്ചതോടെ പുരാണത്തിൽ ഈറിസിന്റെ മകളും അരാജകത്വത്തിന്റെ ദേവതയുമായ ഡിസ്നോമിയയുടെ പേര്‌ ഔദ്യോഗികമായി ഉപഗ്രഹത്തിനും നൽകപ്പെട്ടു.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads