ഒപ്റ്റിക് ഡിസ്ക്
From Wikipedia, the free encyclopedia
Remove ads
കണ്ണിലെ റെറ്റിനയിൽ, ഗാംഗ്ലിയൻ സെൽ ആക്സോണുകൾ ഒപ്റ്റിക് നാഡിയിലേക്ക് കടക്കുന്ന സ്ഥലമാണ് ഒപ്റ്റിക് ഡിസ്ക് അല്ലെങ്കിൽ ഒപ്റ്റിക് നെർവ് ഹെഡ് എന്ന് അറിയപ്പെടുന്നത്. റോഡ് കോശങ്ങളോ കോൺ കോശങ്ങളോ ഇല്ലാത്ത ഈ പ്രദേശം മലയാളത്തിൽ അന്ധബിന്ദു എന്ന് അറിയപ്പെടുന്നു.
കണ്ണിൽ നിന്ന് പുറത്തു കടക്കുന്ന ഗാംഗ്ലിയൻ സെൽ ആക്സോണുകൾ ഒരുമിച്ച് ചേർന്നാണ് ഒപ്റ്റിക് നാഡി ഉണ്ടാകുന്നത്. റെറ്റിന ഗാംഗ്ലിയൻ സെല്ലുകളുടെ ആക്സോണുകൾ ഒത്തുചേരുന്ന സ്ഥലമായ ഒപ്റ്റിക് ഡിസ്ക് ഒപ്റ്റിക് നാഡിയുടെ ആരംഭത്തെ പ്രതിനിധീകരിക്കുന്നു. റെറ്റിനയിലേക്ക് രക്തക്കുഴലുകൾ പ്രവേശിക്കുന്ന പ്രധാന കേന്ദ്രം കൂടിയാണ് ഒപ്റ്റിക് ഡിസ്ക്. ഒരു സാധാരണ മനുഷ്യ നേത്രത്തിലെ ഒപ്റ്റിക് ഡിസ്കിൽ കണ്ണിൽ നിന്ന് തലച്ചോറിലേക്ക് ദൃശ്യവിവരങ്ങൾ വഹിക്കുന്ന 1–1.2 ദശലക്ഷം നാഡി നാരുകൾ ഉൾക്കൊള്ളുന്നു.
Remove ads
ഘടന
ഒപ്റ്റിക് ഡിസ്ക്, ഫോവിയയിൽ നിന്ന് 3 മുതൽ 4 മില്ലീമീറ്റർ വരെ മാറിയാണ് കാണുന്നത്. കണ്ണിലെ ഒപ്റ്റിക് ഡിസ്ക് ദീർഘവൃത്താകൃതിയിലാണ് ഉള്ളത്. തിരശ്ചീനമായി 1.76 മില്ലിമീറ്ററും ലംബമായി 1.92 മില്ലിമീറ്ററും ആണ് ഇതിൻ്റെ ശരാശരി വ്യാസം.[1] ഒപ്റ്റിക് ഡിസ്കിൻ്റെ നടുക്കായി ഒപ്റ്റിക് കപ്പ് എന്നറിയപ്പെടുന്ന ഒരു ചെറിയ കുഴി പോലെയുള്ള ഭാഗമുണ്ട്. ഗ്ലോക്കോമ പോലെയുള്ള ചില റെറ്റിന രോഗങ്ങൾ നിർണ്ണയിക്കാൻ ഈ ഭാഗത്തിൻറെ ആകൃതിയിലും വലുപ്പത്തിലും ഉള്ള വ്യത്യാസങ്ങൾ പ്രധാനമാണ്.
Remove ads
പ്രവർത്തനം
കണ്ണിലെ റെറ്റിനയിലെ ഗാംഗ്ലിയൻ സെൽ ആക്സോണുകൾ ഒപ്റ്റിക് നാഡിയിലേക്ക് കടക്കുന്ന സ്ഥലമാണ് ഒപ്റ്റിക് ഡിസ്ക് അല്ലെങ്കിൽ ഒപ്റ്റിക് നെർവ് ഹെഡ് എന്നറിയപ്പെടുന്നത്. റോഡ് കോശങ്ങളോ കോൺ കോശങ്ങളോ ഇല്ലാത്ത ഈ പ്രദേശം അന്ധബിന്ദു എന്നും അറിയപ്പെടുന്നു.
ക്ലിനിക്കൽ പ്രാധാന്യം
ഒപ്റ്റിക്കൽ മീഡിയയുടെ സുതാര്യത കാരണം, ഉചിതമായ ഒപ്റ്റിക്കൽ ഉപകരണങ്ങളും ലെൻസുകളും ഉപയോഗിച്ച് മിക്കവാറും എല്ലാ നേത്രഘടനകളും പരിശോധിക്കാം. ഒരു ആധുനിക ഡയറക്റ്റ് ഒഫ്താൽമോസ്കോപ്പ് പ്രകാശത്തിന്റെ റിവേർസിബിലിറ്റി തത്വം ഉപയോഗിച്ച് ഒപ്റ്റിക് ഡിസ്കിന്റെ കാഴ്ച നൽകുന്നു. കണ്ണിനുള്ളിലെ ഒപ്റ്റിക് ഡിസ്കിന്റെയും, മറ്റ് ഘടനകളുടെയും വിശദമായ സ്റ്റീരിയോസ്കോപ്പിക് കാഴ്ചയ്ക്കായി, ഒരു സ്ലിറ്റ് ലാമ്പ് ബയോ മൈക്രോസ്കോപ്പും ഉചിതമായ അസ്ഫെറിക് ഫോക്കസിംഗ് ലെൻസും (+66 ഡയോപ്റ്റർ, +78 ഡയോപ്റ്റർ അല്ലെങ്കിൽ +90 ഡയോപ്റ്റർ) ഉപയോഗിച്ചുള്ള പരിശോധന ആവശ്യമാണ്.
ബയോമിക്രോസ്കോപ്പിക് പരിശോധനയ്ക്ക് ഒപ്റ്റിക് നാഡിയുടെ ആരോഗ്യത്തെ സൂചിപ്പിക്കാൻ കഴിയും. പ്രത്യേകിച്ചും, കപ്പിംഗ് വലുപ്പം (കപ്പ്-ടു-ഡിസ്ക് അനുപാതം), എഡ്ജ് ഷാർപ്പ്നെസ്, നീർവീക്കം, രക്തസ്രാവം, മറ്റ് അസാധാരണമായ അപാകതകൾ എന്നിവ സ്ലിറ്റ്ലാമ്പ് ഉപയോഗിച്ച് നിരീക്ഷിക്കാൻ കഴിയും. ഗ്ലോക്കോമയുടെയും, ഒപ്റ്റിക് ന്യൂറൈറ്റിസ്, ആന്റീരിയർ ഇസ്കെമിക് ഒപ്റ്റിക് ന്യൂറോപ്പതി അല്ലെങ്കിൽ പാപ്പിലെഡീമ (ഉയർന്ന ഇൻട്രാക്രേനിയൽ മർദ്ദം മൂലം ഉണ്ടാകുന്ന ഒപ്റ്റിക് ഡിസ്ക് വീക്കം), ഒപ്റ്റിക് ഡിസ്ക് ഡ്രൂസെൻ പോലെയുള്ള മറ്റ് ഒപ്റ്റിക് ന്യൂറോപതികളുടെയും രോഗനിർണയത്തിന് ഒപ്റ്റിക് ഡിസ്ക് പരിശോധന ഉപയോഗപ്രദമാണ്.
പ്രീ എക്ലാമ്പ്സിയ ഉള്ള ഗർഭാവസ്ഥയിലുള്ള സ്ത്രീകൾക്ക് ഇൻട്രാക്രേനിയൽ മർദ്ദം വർദ്ധിക്കുന്നതിന്റെ ആദ്യകാല തെളിവുകൾക്കായി ഒപ്റ്റിക് ഡിസ്കിന്റെ പരിശോധന നടത്തണം.
പേൽ ഡിസ്ക്

ഒരു സാധാരണ ഒപ്റ്റിക് ഡിസ്കിന് ഓറഞ്ച് മുതൽ പിങ്ക് വരെയുള്ള നിറങ്ങളാണുള്ളത്. ഇളം പിങ്ക് അല്ലെങ്കിൽ ഓറഞ്ച് നിറത്തിൽ നിന്ന് വെള്ളയിലേക്ക് നിറം വ്യത്യാസപ്പെടുന്ന ഒപ്റ്റിക് ഡിസ്കാണ് പേൽ ഡിസ്ക് എന്നറിയപ്പെടുന്നത്. ഇളം നിറത്തിലുള്ള ഡിസ്ക് ഒരു രോഗാവസ്ഥയുടെ സൂചനയാണ്.
ഇമേജിംഗ്

പരമ്പരാഗത കളർ-ഫിലിം ക്യാമറ ഇമേജുകൾ ഇമേജിംഗിലെ റഫറൻസ് സ്റ്റാൻഡേർഡാണ്, ഒപ്റ്റിക് ഡിസ്കിന്റെ സ്റ്റാൻഡേർഡ് ചിത്രങ്ങൾ എടുക്കുന്നതിന് വിദഗ്ദ്ധ നേത്ര ഫോട്ടോഗ്രാഫർ, നേത്ര സാങ്കേതിക വിദഗ്ധൻ, ഒപ്‌റ്റോമെട്രിസ്റ്റ് അല്ലെങ്കിൽ നേത്രരോഗവിദഗ്ദ്ധൻ ആവശ്യമാണ്. സ്റ്റീരിയോസ്കോപ്പിക് ഇമേജുകൾ ഡിസ്കിലെ സംശയകരമായ മാറ്റങ്ങളുടെ ഫോളോ-അപ്പിനായി ഉപകാരപ്പെടുന്നവയാണ്.
കൂടുതൽ കാര്യക്ഷമവും താരതമ്യേന ചിലവു കുറഞ്ഞതുമായ റെറ്റിനൽ ഇമേജിംഗിന് ഓട്ടോമേറ്റഡ് ടെക്നിക്കുകളും വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഹൈഡൽബർഗ് റെറ്റിനൽ ടോമോഗ്രഫി (എച്ച്ആർടി), സ്കാനിംഗ് ലേസർ പോളാരിമെട്രി, ഒപ്റ്റിക്കൽ കോഹെറൻസ് ടോമോഗ്രഫി എന്നിവ ഒപ്റ്റിക് ഡിസ്ക് ഉൾപ്പെടെ കണ്ണുകളുടെ വിവിധ ഘടനകളെ ചിത്രീകരിക്കുന്നതിനുള്ള കമ്പ്യൂട്ടറൈസ്ഡ് സാങ്കേതികതകളാണ്. അവ ഡിസ്കിന്റെയും ചുറ്റുമുള്ള റെറ്റിനയുടെയും നാഡി ഫൈബർ പാളികളെ അളക്കുകയും, ആ അളവുകളെ കംപ്യൂട്ടറിൽ ശേഖരിച്ച് വെച്ചിരിക്കുന്ന മുമ്പ് സ്ക്രീനിംഗ് ചെയ്ത സാധാരണ ജനസംഖ്യയുടെ ഡാറ്റാബേസുമായി ബന്ധപ്പെടുത്തി അപഗ്രഥിക്കുകയും ചെയ്യുന്നു. ഒപ്റ്റിക് ഡിസ്ക് മോർഫോളജിയിലെ വളരെ ചെറിയ മറ്റങ്ങൾ പോലും നിരീക്ഷിക്കുന്നതിനുള്ള ബേസ്‌ലൈൻ, സീരിയൽ ഫോളോ-അപ്പ് എന്നിവയ്ക്ക് അവ ഉപയോഗപ്രദമാണ്. എന്നിരുന്നാലും ഈ ചിത്രങ്ങൾ കൊണ്ട് മാത്രം ക്ലിനിക്കൽ രോഗനിർണയം സാധ്യമാകണമെന്നില്ല, കൂടാതെ ഫങ്ഷണൽ മാറ്റങ്ങൾക്ക് മറ്റ് ഫിസിയോളജിക്കൽ പരിശോധനാ രീതികളും ആവശ്യമായി വന്നേക്കാം. അത്തരം പരിശോധനകളിൽ വിഷ്വൽ ഫീൽഡ് ചാർട്ടിംഗും (ദൃശ്യ മണ്ഡലത്തിൻ്റെ പ്രശ്നങ്ങൾ അളക്കാൻ), ഒരു നേത്ര സംരക്ഷണ വിദഗ്ധൻ്റെ നേതൃത്വത്തിൽ നടത്തിയ പൂർണ്ണ നേത്ര പരിശോധനയുടെ അന്തിമ ക്ലിനിക്കൽ വ്യാഖ്യാനവും ഉൾപ്പെടാം. നേത്രരോഗവിദഗ്ദ്ധർക്കും ഒപ്റ്റോമെട്രിസ്റ്റുകൾക്കും ഈ സേവനം നൽകാൻ കഴിയും.
ഒപ്റ്റിക് ഡിസ്ക് മേഖലയിലെ റെറ്റിനയിലെയും കോറോയിഡിലെയും രക്തചംക്രമണം പരിശോധിക്കുന്നതിന് ഇൻഫ്രാറെഡ് ലേസർ ഡോപ്ലർ ഇമേജിംഗ് ഉപയോഗിക്കാം.[2] ലേസർ ഡോപ്ലർ ഇമേജിംഗിന് ലോക്കൽ ആർട്ടീരിയൽ റെസിസ്റ്റിവിറ്റി സൂചികയുടെ മാപ്പിംഗ് പ്രാപ്തമാക്കാനും, റെറ്റിന ധമനികളെയും സിരകളെയും അവയുടെ സിസ്‌റ്റോൾ-ഡയസ്റ്റോൾ വ്യതിയാനങ്ങളുടെ അടിസ്ഥാനത്തിൽ വ്യക്തമായി തിരിച്ചറിയാനും, മനുഷ്യന്റെ കണ്ണിലെ ഒക്കുലാർ ഹെമോഡൈനാമിക്സ് വെളിപ്പെടുത്താനും കഴിയും.[3]
ഇമേജിംഗ് ടെക്നിക്കുകളുടെ പ്രകടനം താരതമ്യപ്പെടുത്താൻ, 106 പഠനങ്ങളും 16,260 കണ്ണുകളുടെ വിവരങ്ങളും ഉപയോഗിച്ച് ചിട്ടയായ അവലോകനം നടത്തിയതിൽ, ഗ്ലോക്കോമ കണ്ടെത്തുന്നതിൽ മേലേ സൂചിപ്പിച്ച മൂന്ന് ഇമേജിംഗ് ടെസ്റ്റുകളും സമാനമാണെന്ന് കണ്ടെത്തി.[4] ഇമേജിംഗ് പരിശോധനയ്ക്ക് വിധേയരായ 1000 രോഗികളിൽ 200 പേർക്ക് പ്രകടമായ ഗ്ലോക്കോമ ഉണ്ടായിരുന്നു. പക്ഷെ ഗ്ലോക്കോമ ഉള്ള 200 പേരിൽ, 60 രോഗികളുടെ രോഗം കണ്ടെത്തുന്നതിൽ ഇമേജിംഗ് ടെക്നിക്കുകൾ പരാജയപ്പെട്ടെന്നും, അത്പോലെ ഗ്ലോക്കോമ ഇല്ലാത്ത 800 രോഗികളിൽ 50 പേർക്ക് ഗ്ലോക്കോമ ഉണ്ടെന്ന രീതിയിൽ തെറ്റായ റിപ്പോർട്ട് വന്നുവെന്നും ആ അവലോകനത്തിൽ കണ്ടെത്തി.
- ലേസർ ഡോപ്ലർ ഇമേജിംഗ് ഉപയോഗിച്ച് പകർത്തിയ ഒപ്റ്റിക് ഡിസ്കിലെ രക്തയോട്ടം[2] .
- 24 വയസ്സുള്ള സ്ത്രീയുടെ ആരോഗ്യമുള്ള ഒപ്റ്റിക് ഡിസ്കിന്റെ ത്രിമാന ചിത്രം.
- മൈക്രോവാസ്കുലേച്വർ കാണിക്കുന്ന ഒപ്റ്റിക് ഡിസ്ക്.
- 20 വയസ്സുള്ള പുരുഷന്റെ ഇടത് കണ്ണിലെ ചരിഞ്ഞ ഒപ്റ്റിക് ഡിസ്ക്.
- ഒപ്റ്റിക് ഡിസ്ക് എഡിമയും രക്തസ്രാവവും
Remove ads
ഇതും കാണുക
- ഒപ്റ്റിക് ഡിസ്ക് പാല്ലർ
പരാമർശങ്ങൾ
ബാഹ്യ ലിങ്കുകൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads