കെ.ജെ. യേശുദാസ്

ഗാന ഗന്ധർവൻ From Wikipedia, the free encyclopedia

കെ.ജെ. യേശുദാസ്
Remove ads

കൊച്ചിയിൽ ജനിച്ച ഇദ്ദേഹം പ്രധാനമായും മലയാള ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന, ഒരു ഇന്ത്യൻ ചലച്ചിത്ര പിന്നണി ഗായകനും സംഗീതജ്ഞനുമാണ് കെ.ജെ. യേശുദാസ്‌ എന്ന കാട്ടാശേരി ജോസഫ് യേശുദാസ്[1]. മലയാള സംഗീത ലോകത്തെ ഗാനഗന്ധർവ്വനാണ് കെ. ജെ. യേശുദാസ്.അര നൂറ്റാണ്ടിലേറെ സംഗീത രംഗത്ത്‌ സജീവമായ യേശുദാസ് അസാമീസ്, കാശ്മീരി, കൊങ്കണി എന്നിവയിലൊഴികെ, എല്ലാ പ്രധാന ഭാരതീയ ഭാഷകളിലും പാടിയിട്ടുണ്ട്‌. ചലച്ചിത്ര സംഗീത ലോകത്തു മാത്രമല്ല, കർണ്ണാടക സംഗീത രംഗത്തും അദ്ദേഹം സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്‌[2].

വസ്തുതകൾ കെ.ജെ. യേശുദാസ്, ജനനം ...

മികച്ച പിന്നണി ഗായകനുളള ദേശീയ പുരസ്കാരം 8 തവണ നേടിയ ഇദ്ദേഹം കേരള, തമിഴ് നാട്, ആന്ധ്ര, കർണ്ണാടക, ബംഗാൾ സംസ്ഥാനങ്ങളുടെ മികച്ച പിന്നണി ഗായകനുള്ള അവാർഡുകൾ നേടിയിട്ടുണ്ട്.[3][4]

Remove ads

ജീവിത രേഖ

ബാല്യ കാലം, ആദ്യ പാഠങ്ങൾ

1940 ജനുവരി 10-ന് ഫോർട്ട് കൊച്ചിയിലെ ഒരു റോമൻ കത്തോലിക്കാ (ലത്തീൻ റീത്ത്) കുടുംബത്തിൽ അക്കാലത്തെ പ്രസിദ്ധ സംഗീതജ്ഞനും നാടക നടനുമായിരുന്ന അഗസ്റ്റിൻ ജോസഫ് ഭാഗവതരുടെയും[5] എലിസബത്തിന്റെയും മകനായാണ്‌ യേശുദാസ്‌ ജനിച്ചത്‌. അഗസ്റ്റിൻ ജോസഫ്-എലിസബത്ത് ദമ്പതികളുടെ ഏഴ് മക്കളിൽ രണ്ടാമനും ആണ്മക്കളിൽ മൂത്തവനുമായിരുന്നു യേശുദാസ്. പുഷ്പ എന്ന ജ്യേഷ്ഠത്തിയും ആന്റപ്പൻ, ബാബു, മണി, ജസ്റ്റിൻ എന്നീ അനുജന്മാരും ജയമ്മ എന്ന അനുജത്തിയും അദ്ദേഹത്തിനുണ്ടായിരുന്നു. ഇവരിൽ പുഷ്പയും ബാബുവും ബാല്യകാലത്തിലേ പനി വന്ന് മരിച്ചുപോയി. ഏറ്റവും ഇളയ സഹോദരനായിരുന്ന ജസ്റ്റിൻ 2020 ഫെബ്രുവരിയിൽ കൊച്ചിയിൽ വച്ച് ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞു.[6] ശാസ്ത്രീയ സംഗീതത്തോട്‌ അതും കർണ്ണാടക സംഗീതത്തോട്‌ വലിയ മമത പുലർത്താത്ത ഒരു സമുദായത്തിൽ ശുദ്ധസംഗീതത്തിലേക്ക്‌ യേശുദാസിനെ കൈപിടിച്ചു നടത്തിയത്‌ അച്ഛൻ തന്നെയായിരുന്നു. കലയ്ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച അഗസ്റ്റിൻ ജോസഫ്‌ വളരെ കഷ്ടപ്പെട്ടാണ്‌ കുടുംബം പുലർത്തിയിരുന്നത്‌. ബാല്യകാലത്ത്‌ താൻ അനുഭവിച്ച ദുരിതങ്ങളെപ്പറ്റി യേശുദാസ്‌ തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്‌. ഈ കഷ്ടപ്പാടുകൾക്കിടയിലും മകനിലെ സംഗീതവാസന പരിപോഷിപ്പിക്കാൻ അഗസ്റ്റിൻ ജോസഫ് വളരെയധികം അധ്വാനം ചെയ്തു.

അച്ഛൻ പാടിക്കൊടുത്ത പാഠങ്ങൾ മനസ്സിൽ ധ്യാനിച്ച യേശുദാസ്‌ 1949-ൽ ഒമ്പതാം വയസ്സിൽ ആദ്യത്തെ കച്ചേരി അവതരിപ്പിച്ചു. അതോടെ നാട്ടുകാർ കൊച്ചു ദാസപ്പനെയും പിതാവിനെപ്പോലെ ഭാഗവതർ എന്നു വിശേഷിപ്പിച്ചു തുടങ്ങി. ദാസപ്പൻ ഭാഗവതർ എന്നും കാട്ടാശേരി കൊച്ചുഭാഗവതർ എന്നും ആളുകൾ ആ ബാലനെ ലാളിച്ചു തുടങ്ങി. തിരുവനന്തപുരത്തെ മ്യൂസിക്‌ അക്കാദമി, തൃപ്പൂണിത്തുറ ആർ. എൽ. വി സംഗീത കോളജ്‌ എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ സംഗീത വിദ്യാഭ്യാസം. പഠനകാലത്ത്‌ ആദ്യത്തെ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ലളിതഗാനാലാപനത്തിന്‌ ഒന്നാം സ്ഥാനം നേടിയിരുന്നു. അത്തവണ മൃദംഗവായനയിൽ ഒന്നാം സ്ഥാനത്തെത്തിയ ആളാണ് പിൽക്കാലത്ത് പ്രശസ്ത പിന്നണി ഗായകനായ പി. ജയചന്ദ്രൻ. ഗാനഭൂഷണം പാസായ ശേഷം ആകാശവാണി നടത്തിയ ശബ്ദ പരിശോധനയിൽ പങ്കെടുത്ത യേശുദാസ്‌ അവിടെ പരാജയപ്പെട്ട ചരിത്രവുമുണ്ട്‌. സംഗീതം നിരന്തര സാധനയാക്കാനുറച്ച ഈ ഗായകൻ കർണ്ണാടക സംഗീതത്തിലെ മുടിചൂടാ മന്നനായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കീഴിൽ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. 1974-ൽ ചെമ്പൈയുടെ മരണം വരെ ഇതു തുടർന്നു പോന്നു.[7]

1945 ജൂണിൽ ഫോർട്ട് കൊച്ചിയിലെ സെന്റ് ജോൺ ഡി ബ്രിട്ടോ സ്കൂളിൽ ഒന്നാം ക്ലാസിൽ ചേർന്നുകൊണ്ടാണ് യേശുദാസ് വിദ്യാഭ്യാസം ആരംഭിച്ചത്. സ്കൂൾ പാഠപുസ്തകത്തിലെ കവിതകൾ ആലപിച്ചും മറ്റും വളരെ പെട്ടെന്നുതന്നെ അദ്ദേഹം കൂട്ടുകാർക്കിടയിൽ പേരെടുത്തു. എന്നാൽ, അധികമായ വികൃതിയെത്തുടർന്ന് അദ്ദേഹത്തെ ബ്രിട്ടോ സ്കൂളിൽ നിന്ന് പുറത്താക്കി. തുടർന്ന്, പള്ളുരുത്തി സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ ചേർന്ന അദ്ദേഹം തുടർന്നുള്ള സ്‌കൂൾവിദ്യാഭ്യാസം അവിടെയാണ് പൂർത്തിയാക്കിയത്. 1958 മാർച്ചിൽ ആദ്യ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കിട്ടിയ ഗ്രേസ് മാർക്കിന്റെ ബലത്തിൽ അദ്ദേഹം എസ്.എസ്.എൽ.സി. പാസായി.

ആദ്യ ഗാനം

സംഗീത പഠനം കഴിഞ്ഞയുടൻ 'നല്ല തങ്ക' എന്ന ചിത്രത്തിൽ പാടാൻ യേശുദാസിനെ പരിഗണിച്ചിരുന്നെങ്കിലും നിലവാരമില്ലെന്ന കാരണം പറഞ്ഞ്‌ തഴഞ്ഞു. നിരാശനാകാതെ ദാസ്‌ പരിശ്രമിച്ചു കൊണ്ടേയിരുന്നു. 1961 നവംബർ 14നാണ്‌ യേശുദാസിന്റെ ആദ്യ ഗാനം റിക്കോർഡ്‌ ചെയ്തത്‌[8][9]. കെ. എസ്‌. ആന്റണി എന്ന സംവിധായകൻ തന്റെ 'കാൽപ്പാടുകൾ' എന്ന സിനിമയിൽ പാടാൻ അവസരം നൽകി. സിനിമയിലെ മുഴുവൻ ഗാനങ്ങളും പാടാനായിരുന്നു ക്ഷണിച്ചിരുന്നതെങ്കിലും ജലദോഷം മൂലം ഒരു ഗാനം മാത്രമേ പാടാനായുള്ളു. അങ്ങനെ 'ജാതിഭേദം മതദ്വേഷം' എന്നു തുടങ്ങുന്ന ഗുരുദേവകീർത്തനം പാടി യേശുദാസ്‌ ചലച്ചിത്ര സംഗീത ലോകത്ത്‌ ഹരിശ്രീ കുറിച്ചു. ചെന്നൈ (പഴയ മദ്രാസ്‌) യിലെ ഭരണി സ്റ്റുഡിയോയിലായിരുന്നു ആദ്യ ഗാനത്തിന്റെ റിക്കോർഡിംഗ്‌ നടന്നത്‌. എം. ബി. ശ്രീനിവാസനായിരുന്നു ഈ ഗാനം ചിട്ടപ്പെടുത്തിയത്‌. മലയാള സിനിമയിൽ പിന്നീടു കണ്ടത്‌ യേശുദാസിന്റെ സ്വര പ്രപഞ്ചമാണ്‌.

Remove ads

സംഗീതം നൽകിയ ഗാനങ്ങൾ

കൂടുതൽ വിവരങ്ങൾ ഗാനം, സിനിമ-ആൽബം ...
Remove ads

കുടുംബ ജീവിതം

മുല്ലവീട്ടിൽ എബ്രഹാമിന്റെയും അമ്മിണിയുടെയും മകളായ പ്രഭയെ 1970 ഫെബ്രുവരി ഒന്നിന് കൊച്ചിയിലെ സെന്റ് മേരീസ് കത്തീഡ്രലിൽ വച്ച് യേശുദാസ് വിവാഹം കഴിച്ചു. പ്രഭയും സംഗീതജ്ഞയായിരുന്നു.പിന്നീട് ഏഴു വർഷങ്ങൾക്കു ശേഷമാണ് (1977) ഇവരുടെ മൂത്തമകൻ വിനോദിന്റെ ജനനം. പിന്നീട് വിജയ് (1979), വിശാൽ (1981) എന്നിങ്ങനെ രണ്ട് ആൺമക്കൾ കൂടി അദ്ദേഹത്തിനുണ്ടായി. രണ്ടാമത്തെ മകനായ വിജയ് ഇന്ന് മലയാളത്തിലെ അതിപ്രസിദ്ധനായ ഗായകനാണ്.

അംഗീകാരങ്ങൾ

  • പത്മവിഭൂഷൺ, 2017[10]
  • പത്മഭൂഷൺ, 2002
  • പത്മശ്രീ, 1973
  • ബിരുദാനന്തര ബിരുദം, അണ്ണാമലൈ സർവകലാശാല, തമിഴ് നാട്, 1989
  • ഡി.ലിറ്റ് , കേരളാ സർവകലാശാല, 2003
  • ആസ്ഥാന ഗായകൻ, കേരളാ സർക്കാർ
  • കേരളരത്ന, ജയ് ഹിന്ദ് റ്റിവി, 2008
  • സംഗീത നാടക അക്കാദമി പുരസ്കാരം, 1992
  • ഉഡുപ്പി, ശ്രിംഗേരി, രാഘവേന്ദ്ര മഡ്ഡങ്ങളിൽ ആസ്ഥാന വിദ്വാൻ സ്ഥാനം
  • ഗാന ഗന്ധർവൻ
  • ഏഴു വട്ടം ഭാരത മികച്ച ചലച്ചിത്ര പിന്നണി ഗായകൻ
  • ഇരുപത്തിയഞ്ച് തവണ കേരള സർക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണി ഗായകൻ
  • എട്ടു തവണ തമിഴ് നാട് സർക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണി ഗായകൻ
  • അഞ്ചു തവണ കർണാടക സർക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണി ഗായകൻ
  • ആറു തവണ ആന്ധ്രപ്രദേശ് സർക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണി ഗായകൻ
  • ഒരു തവണ പശ്ചിമ ബംഗാൾ സർക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണി ഗായകൻ
  • കേരളാ സർക്കാരിന്റെ സ്വാതി പുരസ്ക്കാരം,2011
  • സ്വരലയ പുരസ്കാരം
Thumb
Pencil Sketch of Dr. KJ Yesudas
Remove ads

ചിത്രങ്ങൾ

കൂടുതൽ വിവരങ്ങൾക്ക്

  1. യേശുദാസിന്റെ വെബ് സൈറ്റ്

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads