കെ. കുമാർ

From Wikipedia, the free encyclopedia

കെ. കുമാർ
Remove ads

ഇന്ത്യൻ സ്വാതന്ത്ര്യ ലബ്ധിക്കു മുമ്പുള്ള ദേശീയ നവോത്ഥാന കാലഘട്ടത്തിലെ പ്രമുഖനായ വാഗ്മിയും പരിഷ്കർത്താവും എഴുത്തുകാരനുമായിരുന്നു, കുമാർജി എന്ന കെ. കുമാർ. ഗാന്ധിജിയുടെ സന്ദേശവും ദേശീയ പ്രസ്ഥാനത്തിന്റെ ചൈതന്യവും പഴയ തിരുവിതാംകൂർ സംസ്ഥാനത്ത് കൊണ്ടുവന്ന ആദ്യകാല സാമൂഹിക-ദേശീയ നേതാക്കളിൽ പ്രമുഖനായിരുന്നു അദ്ദേഹം. ഗാന്ധിജിയുടെ കേരള പര്യടനവേളകളിൽ മിക്കപ്പോഴും അദ്ദേഹത്തിന്റെ ഇംഗ്ലീഷ് പ്രഭാഷണങ്ങൾ മലയാളത്തിൽ തർജമ ചെയ്തു വ്യാഖ്യാനിച്ചിരുന്നതു കുമാർജി ആയിരുന്നു. നെഹ്‌റു സർക്കാരിന്റെ ഉപദേഷ്ടാവ് കൂടെ ആയിരുന്നു കുമാർജി. തിരുവിതാംകൂർ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായിരുന്ന കുമാർജി, ഒന്നിലധികം തവണ ഗാന്ധിജിയുടെ തിരുവിതാംകൂർ പര്യടനത്തിന്റെ ചുമതലയും വഹിച്ചിരുന്നു. സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ നിർണായക വർഷങ്ങളിൽ എ.ഐ.സി.സി (അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി), എ.ഐ.സി.സി (സി.ഡബ്ല്യു.സി അഥവാ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി), ടി.സി-പി.സി.സി / കെ.പി.സി.സി എന്നിവയുടെ പ്രവർത്തക സമിതിയിൽ സേവനമനുഷ്ഠിച്ചു. (അപരനാമങ്ങൾ: കുമാർജി, തിരുവിതാംകൂർ കുമാർ, ഇലന്തൂർ കുമാർജി; ഇലന്തൂർ ഗാന്ധി, കുഴിക്കാലാ കുമാർ).[2][3][4][5][6][7][8][9][10][11]

വസ്തുതകൾ കെ. കുമാർ, വ്യക്തിഗത വിവരങ്ങൾ ...
Remove ads

ബാല്യവും കൗമാരവും

"കുമാരൻ" അല്ലെങ്കിൽ "കുമാർ" എന്നായിരുന്നു കെ. കുമാറിന്റെആദ്യ നാമം. ‘കെ’ എന്നാൽ അദ്ദേഹത്തിന്റെ മാതുലനായ ‘കൃഷ്ണൻ നായർ’. മാതുലന്റെ പേര് കുട്ടിയുടെ ആദ്യ പേരിനോട് 'രക്ഷാധികാരി' എന്ന നിലക്ക് ചേർക്കുന്നത് പഴയ കേരളത്തിന്റെ ഒരു പാരമ്പര്യമായിരുന്നു. കേരളത്തിലെ പത്തനംതിട്ട (പഴയ കൊല്ലം) ജില്ലയിലെ ഇലന്തൂർ എന്ന ഗ്രാമത്തിലെ ഒരു പരമ്പരാഗത നായർ കുടുംബത്തിലാണ് കെ കുമാറിന്റെ ജനനം. (പുരാതനമായ കാവിൽ ആശാന്മാരുടെ പിൻതുടർച്ചയായ കടുവിനാൽ- തഴയമണ്ണിൽകുടുംബം). അദ്ദേഹത്തിന്റെ പിതാവ് ശ്രീ കെ. പത്മനാഭൻ നായർ, ശക്തനായ ഒരു സമൂഹ നേതാവും തിരുവിതാംകൂർ ഗവണ്മെന്റിലെ തലയെടുപ്പുള്ള ഒരു സിവിൽ ഉദ്യോഗസ്ഥനുമായിരുന്നു. ഹൈ കോടതി ജഡ്ജിയും പിന്നീട് മുതിർന്ന സ്വാതന്ത്ര്യ സമര സേനാനിയുമായി മാറിയ ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ളയും (1877–1940), [13] അധ്യാപകരായിരുന്നു പിന്നീട് അഭിഭാഷകരും ജഡ്ജിമാരുമായി മാറിയ ശങ്കരവേലിൻ പരമേശ്വരൻ പിള്ള, വൈക്കം നാരായണ പിള്ള എന്നിവരുടെ ഉറ്റ സുഹൃത്ത് കൂടിയായിരുന്ന അദ്ദേഹം ബ്രിട്ടീഷ് പ്രേരിത രാജഭരണത്തെ ചുറ്റിപ്പറ്റിയുള്ള സാമൂഹിക-രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾനന്നായി അപഗ്രഹിച്ചു മനസ്സിലാക്കിയിരുന്നു. കെ. കുമാറിന്റെ 'അമ്മ ഓമല്ലൂർ കടുവിനാൽ തറവാട്ടിലെ കുഞ്ഞു പെണ്ണമ്മ ആയിരുന്നു. കുമാറുമായി അടുത്തബന്ധമുള്ളവരും സുഹൃത്തുക്കളും സഹപ്രവർത്തകരും അദ്ദേഹത്തെ "കുമാർ ’,‘ "കുമാർജി" അല്ലെങ്കിൽ പിന്നീട് 'ബാപ്പു ’എന്ന് വിളിച്ചുവന്നു. മന്നാത്ത് പത്മനാഭ പിള്ളയുടെ സമകാലികൻ കൂടിയായ അദ്ദേഹം വിദൂരമായിപ്പോലും ജാതിചിന്തയേയോ വിഭാഗീയതയോ ഇല്ലാതെ നായർ സർവീസ് സൊസൈറ്റിയെ യാഥാർത്ഥ്യമാക്കാൻ NSS-ൽ ചേരാതെ മാറി നിന്ന് മന്നത്തിനെ സഹായിച്ചു. കുമാറിന്റെ രാഷ്ട്രീയ പ്രചാരണങ്ങളിൽ പങ്കെടുത്തുകൊണ്ട് മന്നത്തു പത്മനാഭനും അദ്ദേഹത്തെ സഹായിച്ചുവന്നു. (കെ. കുമാറിനെക്കുറിച്ചുള്ള ആദ്യകാല പരാമർശങ്ങൾ "കുമാർ" എന്നോ അല്ലെങ്കിൽ "കുമാർജി" എന്നോ കുഴിക്കാലാ കുമാർ എന്നോ, തിരുവിതാംകൂർ കുമാർ എന്നോ അപൂർവ്വമായി 'കുമാരൻ അഥവാ കെ. കുമാരൻ നായർ' എന്നോ കാണപ്പെടാം.)

ചെറുപ്പത്തിൽ തന്നെ കുമാർ ഹരിജൻ കുട്ടികളെയുംഎടുത്തു വീട്ടിൽ കൊണ്ട് വന്ന് കുളിപ്പിക്കുകയും കുടുംബ അടുക്കളയിൽ ഭക്ഷണം കൊടുക്കുകയും ചെയ്തിരുന്നുവെന്ന് പറയപ്പെടുന്നു. ഇത് എല്ലാ സാമൂഹിക പാരമ്പര്യങ്ങൾക്കും വിരുദ്ധമായിരുന്നു! ജാതി പദവി അടിസ്ഥാനമാക്കിയുള്ള വിവേചനം അതിന്റെ പരമോന്നതാവസ്ഥയിലായിരുന്ന കാലമായിരുന്നു അത്. 'തീണ്ടൽ' (തൊട്ടുകൂടായ്മ) തുടങ്ങിയ അനാചാരങ്ങൾ ഒരു സാമൂഹിക പുണ്യമായി പരസ്യമായിത്തന്നെ ഉയർത്തിപ്പിടിച്ചിരുന്ന കാലം. കുട്ടിക്കാലത്ത് തന്നെ കുമാറിന്റെ ഈ സമത്വ വീക്ഷണം പാരമ്പര്യത്തിൽ ഊന്നി ജീവിച്ചിരുന്ന അദ്ദേഹത്തിന്റെ അമ്മയെ സ്വാധീനിക്കാൻ തുടങ്ങി. മകൻ വീട്ടിൽ കൂട്ടികൊണ്ടുവരുന്ന ദളിത് കുട്ടികളെ പോറ്റുന്ന ജോലി അവർ തന്നെ ഏറ്റെടുക്കാൻ തുടങ്ങി. എന്നിരുന്നാലും, മുൻപിലുള്ള കുളത്തിൽ കുട്ടികളെ കുളിപ്പിച്ച് സ്വയം കുളിയും കഴിഞ്ഞു പുതുവസ്ത്രം ധരിച്ചുവേണം വീട്ടിൽ പ്രവേശിക്കാൻ എന്ന് അവർ നിഷ്കർഷിച്ചു. കുടുംബത്തിന്റെ പണ്ഡിത പാരമ്പര്യവും തന്റെ പാരമ്പര്യ വീക്ഷണം മാറ്റാൻ കുലീനയായ ആ സ്ത്രീയെ സ്വാധീനിച്ചതായി തോന്നുന്നു.

പരവൂർ ഇംഗ്ലീഷ് സ്കൂളിലും, മാന്നാർ നായർ സൊസൈറ്റി ഹൈസ്കൂളിലുമാണ് കുമാർ പ്രാഥമിക വിദ്യാഭ്യാസം നേടിയത്. തുടർന്ന്, ഇന്റർമീഡിയറ്റ് വിദ്യാഭ്യാസത്തിനായി മധുര അമേരിക്കൻ കോളജിലേക്കും പിന്നീട് ഉന്നത പഠനത്തിനായി മദ്രാസ് പ്രസിഡൻസി കോളേജിലേക്കും പോയി. ബഹുസമർഥനായ വിദ്യാർഥിയായിരുന്ന അദ്ദേഹം യൂണിവേഴ്സിറ്റി വിദ്യാഭ്യാസം നേടിയ സംസ്ഥാനത്തെ ആദ്യകാല യുവാക്കളിൽ ഒരാളായിരുന്നു. ദേശസ്‌നേഹവും ഗാന്ധിയൻ ചിന്താ സരണിയും പഠന കാലത്തുതന്നെ അദ്ദേഹത്തെ വളരെയേറെ സ്വാധീനിച്ചു. തുടർന്ന് സാമൂഹ്യ പുനർനിർമ്മാണത്തിനായി ഗാന്ധിയൻ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ തുടങ്ങി. ഇത് അദ്ദേഹത്തിന്റെ പഠനത്തെ പല തവണ ബാധിച്ചു. ഗാന്ധിയുടെ മദ്രാസ് സന്ദർശനവും നിസ്സഹകരണത്തിനുള്ള ആഹ്വാനവും വന്നതോടെ മദ്രാസ് പ്രെസിഡെൻസി കോളേജിലെ പഠനം തീർത്തും ഉപേക്ഷിച്ചു അദ്ദേഹം ദേശീയപ്രസ്ഥാനത്തിലെ പൂർണസമയ പ്രവർത്തകനായി. ദേശീയ നേതാക്കളും ഒത്തു ആദ്യകാല പ്രവൃത്തിരംഗം ഉത്തരേന്ത്യ ആയിരുന്നു.[12][13][14][15][16][17][18]

Remove ads

ദേശീയ പ്രസ്ഥാനത്തിലെ രംഗപ്രവേശം

കെ. കുമാർ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ അംഗമായതു 1912-ൽ ആണ്. കോൺഗ്രസ്സിനു അക്കാലത്ത് വളരെ ചുരുക്കം അംഗങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഗാന്ധിജിയുടെ ആഹ്വാനപ്രകാരം പഠിപ്പുപേക്ഷിച്ചു ഉത്തരേന്ത്യയിൽ പ്രവർത്തിച്ച രണ്ടു വർഷങ്ങൾക്കുശേഷം കർമമണ്ഡലം സ്വന്തം നാടാക്കണമെന്ന ഗാന്ധിജിയുടെ ഉപദേശം സ്വീകരിച്ച്‌ കുമാർ തിരുവിതാംകൂറിൽ മടങ്ങിയെത്തി കോൺഗ്രസ്‌ കമ്മിറ്റിയുടെ കാര്യദർശി സ്ഥാനം ഏറ്റെടുത്തു***. തിരുവനന്തപുരത്ത് നിന്ന് കോൺഗ്രസിന്റെ കേരളത്തിലെ മുഴുവൻ സമയ പ്രവർത്തകനായി. അക്കാലത്ത് അദ്ദേഹം തിരുവനന്തപുരത്ത് സ്ഥിരതാമസമായിരുന്നു. വി. അചുത മേനോൻ തുടങ്ങിയ മറ്റുനേതാക്കളുമൊത്തു അദ്ദേഹം മുഴുവൻ സമയ കോൺഗ്രസ് പ്രവർത്തനങ്ങളിൽ വ്യാപൃതനായി. (കുമാർജിയെപ്പോലെ, വി. അചുത മേനോനെയും ആളുകളും ചരിത്രകാരന്മാരും മറന്നിരിക്കുന്നു).

ഖാദി കമ്മീൻ മുൻ ചെയർമാനും ഗാന്ധിഗ്രാം റൂറൽ യൂണിവേഴ്‌സിറ്റി സ്ഥാപക വൈസ് ചാൻസലറുമായിരുന്ന ഡാ. ജി രാമചന്ദ്രൻ ഇങ്ങനെ അനുസ്മരിക്കുന്നു : "കുമാർജിയുടെ പ്രസംഗങ്ങൾ ബുദ്ധിജീവികൾക്കും സംസ്ഥാനത്തെ സാധാരണക്കാർക്കും ഇടയിൽ ഒരുപോലെ തരംഗങ്ങൾ സൃഷ്ട്ടിച്ചു". "രാഷ്ട്രീയ സ്വാതന്ത്ര്യത്തിനായുള്ള പ്രക്ഷോഭത്തിൽ , കുമാർജിയുടെ ശബ്ദത്തേക്കാൾ വാഗ്‌മിത്തമുള്ളതും ചലനാത്മകവുമായ മറ്റൊരു ശബ്ദം ഈ നാട്ടിലൊന്നും ഉണ്ടായിരുന്നില്ല. രാഷ്ട്രീയത്തിലും സൃഷ്ടിപരമായ പ്രവർത്തനങ്ങളിലും ഞാൻ അദ്ദേഹത്തെ ഒരു ജ്യേഷ്ഠ സഹോദരനായിട്ടാണ് കണ്ടതു".... തന്റെ പരിവർത്തന ഘട്ടങ്ങളിൽ കെ. കുമാറിന്റെയും പാലിയാത്ത് കുഞ്ഞുണ്ണി അച്ചന്റെയും പ്രസംഗങ്ങൾ ശ്രവിക്കാൻ "തിരുവനന്തപുരം ബീച്ചിലേക്ക്" പോകാറുണ്ടായിരുന്ന കഥ പഴയകാല മന്ത്രി കെ. എ ദാമോദര മേനോൻ അദ്ദേഹത്തിന്റെആദ്മകഥയിൽപറയുന്നുണ്ട്. "കുമാർജി സ്റ്റാർ സ്പീക്കർ ആയി ഇല്ലാത്ത ഒരു രാഷ്ട്രീയ മീറ്റിങ്ങും അന്നൊന്നും തിരുവന്തപുരത്തു നടക്കുമായിരുന്നില്ല". "തൂവെള്ള ഖാദിയിൽ ആച്ഛാദിതനായി ഗാന്ധിത്തൊപ്പിയും വച്ച് എത്തുന്ന അദ്ദേഹത്തിന് കിട്ടിയിരുന്ന സ്വീകരണം അന്ന് കേരളത്തിൽ മറ്റൊരു നേതാവിനും കിട്ടിയിട്ടുരുന്നില്ല".

വക്കം മൗലവി സ്ഥാപിച്ചു, നാടുകടത്തപ്പെട്ട സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള 1910 വരെ നടത്തി വന്ന 'സ്വദേശഭിമാനി' വൃത്താന്തപത്രം, പുനരുജ്ജീവിപ്പിച്ചുകൊണ്ട് കേരളത്തിലെ, പ്രത്ത്യേകിച്ചു തിരുവിതാംകൂറിലെ ദേശീയ പ്രസ്ഥാനത്തിന് കുമാർജി തീ കൊളുത്തി. ഇരുപതുകളിൽ (൧൯൨൦) ആയിരുന്നു നിർണായകമായ ഈ ചരിത്രസംഭവം. തിരുവന്തപുരത്തുള്ള ഇന്നത്തെ ഡിപിഐ ഓഫീസ്‌ ആയിരുന്നു ആസ്ഥാനം. അങ്ങനെ രാമകൃഷ്ണ പിള്ളയ്ക്കുശേഷം കുമാർജി സ്വദേശഭിമാനിപത്രത്തിന്റെ പത്രാധിപരായി. ഈ അസാധാരണവും ധീരവും ആയ നീക്കം സർക്കാരിനെ മരവിപ്പിച്ചുഎന്ന് തന്നെ പറയാം. എന്നിരുന്നാലും, ഉടനടി പ്രതികരിക്കാനോ പ്രതികാരം ചെയ്യാനോ വിവേക ബുദ്ധി മൂലം സർക്കാർ തയ്യാറായില്ല. കെ. നാരായണ കുറുപ്പും ("പാറപ്പുറം", "ഉദയഭാനു" എന്നീ നോവലുകളുടെ രചയിതാവ്) ബാരിസ്റ്റർ എ.കെ. പിള്ളയും കുമാറിനെ പത്ര പ്രസിദ്ധീകരണത്തിൽ സഹായിച്ചു. കുമാർ തന്നെ എഴുതിയ പതിവ് എഡിറ്റോറിയലുകൾക്ക് പുറമെ ഘന ഗംഭീരങ്ങളായ ലേഖനങ്ങളും സ്വദേശാഭിമാനിയിൽ പതിവായിരുന്നു. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ സഹപ്രവർത്തകനും സുഹൃത്തും ആയിരുന്നു നാരായണ കുരുക്കൾ, ആർ. നാരായണ പണിക്കർ, പ്രശസ്ത രാഷ്ട്രീയ നിരൂപകൻ രാമൻ മേനോൻ, സ്വദേശഭിമണി രാമകൃഷ്ണ പിള്ളയുടെ ഭാര്യ ബി. കല്യാണി അമ്മ എന്നിവരും മറ്റ് പ്രമുഖ എഴുത്തുകാരും സ്വദേശാഭിമാനിയിലേക്കു നിരന്തരം ലേഖനങ്ങൾ സംഭാവന നൽകി. കുമാറിന്റെ ലേഖനങ്ങളും പതിവായിരുന്നു. എഴുത്തുകാരനും രവീന്ദ്രനാഥ ടാഗോറിന്റെ ശിഷ്യനുമായ കെ.സി. പിള്ള അക്കാലത്ത് വിദ്യാർത്ഥിയായിരുന്നു എങ്കിലും ഇടയ്ക്കിടെ സ്വദേശാഭിമാനി ഓഫീസിൽ ചെന്ന് കുമാർജിയെ സഹായിച്ചിരുന്നു. (കുറിപ്പ് 1 കാണുക), രാമാനന്ദ ചാറ്റർജി കൊൽക്കത്തയിൽ നിന്ന് പ്രസിദ്ധീകരിച്ച "മോഡേൺ റിവ്യൂ" വിന്റെ മാതൃകയിലാണ് പുതിയ സ്വദേശാഭിമാനി പ്രസിദ്ധീകരിച്ചിരുന്നത്. കെ.സി പിള്ള, എവൂർ എസ്. ഗോപാലൻ നായർ തുടങ്ങിയവരുടെ അഭിപ്രായത്തിൽ കുമാർജിയുടെ നേതൃത്വത്തിൽ നടന്നിരുന്നിടത്തോളം കാലം ഏറ്റവും ഉയർന്ന നിലവാരമുള്ള പ്രസിദ്ധീകരണമായി തന്നെ തുടർന്നു 'സ്വദേശഭിമാനി’. 1932 ഓടെ സ്വദേശഭിമാനി’യുടെ പത്രധിപത്വം എ.കെ. പിള്ള ഏറ്റെടുത്തുവന്നു വേണം കരുതാൻ. അക്കാലത്തെ സ്വാധീനമുള്ള മറ്റ് രണ്ട് ദേശീയ പത്രങ്ങളിലെങ്കിലും കെ. കുമാറിന് പ്രധാന പങ്കുണ്ടായിരുന്നു - എ.കെ. പിള്ള തന്നെ നടത്തിയിരുന്ന ‘സ്വരാട്’. ° (കുറിപ്പ് 2 കാണുക) അംശി സഹോദരന്മാർ നടത്തിയിരുന്ന ‘മഹാത്മ’. സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയുടെ ധീരമായ പ്രവൃത്തികളും കൃതികളും കുമാർജിയെ വല്ലാതെ സ്വാധീനിച്ചിരുന്നു. ഉപ്പുനിയമ ലംഘനത്തിനുള്ള പ്രധാന വേദികളിലൊന്നായി രാമകൃഷ്ണ പിള്ള അന്ത്യവിശ്രമം കൊള്ളുന്ന കണ്ണൂർ കടല്പുറം തെരഞ്ഞെടുത്തതും തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയുടെ പ്രതിമ സ്ഥാപിച്ചു നാടുകടത്തലിന്റെ വാർഷിക അനുസ്മരണം കന്നി 5 ആയി സംഘടിപ്പിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചതും അതുകൊണ്ടാണ്.[19][20][21][22][23][24][25][26][27][28][29][30][31][32][33][34][35][36][37][38]

Remove ads

സ്വാതന്ത്ര്യ വിപ്ലവത്തിന്റെ നീർച്ചുഴിയിലേക്കു

സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊണ്ട സമയത്ത് കുമാർജി തിരുവിതാംകൂർ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായിരുന്നു. ഒന്നിലധികം തവണ ഗാന്ധിജിയുടെ തിരുവിതാംകൂർ പര്യടനത്തിന്റെ ചുമതലയും അദ്ദേഹം വഹിച്ചിരുന്നു. സ്വാതന്ത്ര്യസമരത്തിന്റെ നിർണായക വർഷങ്ങളിൽ അദ്ദേഹം എ.ഐ.സി.സിയിലും ടി.സി-പി.സി.സി / കെ.പി.സി.സിയുടെ കൺസ്ട്രക്റ്റീവ് വർക്ക് കമ്മിറ്റിയുടെ തലപ്പത്തും പ്രവർത്തിച്ചു. മഹാത്മാഗാന്ധിയെ കൂടാതെ, രാജാജി, പണ്ഡിറ്റ് നെഹ്‌റു, സി. ആർ. ദാസ്, മറ്റ് പ്രമുഖ നേതാക്കൾ എന്നിവരുമായി കുമാർജിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. അന്തരിച്ച കുരൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് (മുൻ എം‌എൽ‌എയും മുതിർന്ന ഗാന്ധിയനും) ഇങ്ങനെ നിരീക്ഷിക്കുന്നു: “ഇന്ത്യൻ സ്വാതന്ത്ര്യത്തിനായുള്ള എല്ലാ പ്രക്ഷോഭങ്ങളിലും സജീവമായി പങ്കെടുത്ത നമ്മുടെ ദേശീയ സ്വാതന്ത്ര്യസമരസേനാനികളിൽ ഏറ്റവും ത്യാഗോന്മുഖനായിരുന്നു കുമാർജി”. അദ്ദേഹം സജീവമായി നേതൃത്വം നൽകി പങ്കെടുത്ത പ്രക്ഷോഭങ്ങളിൽ ശ്രദ്ധിക്കപ്പെടേണ്ടവയാണ് സിവിൽ നിയമ ലംഘനം (ഉപ്പു സത്യാഗ്രഹം : കോഴിക്കോട്, കണ്ണൂർ, തലശ്ശേരി), നിസ്സഹകരണ പ്രസ്ഥാനവും വിദേശ വസ്ത്ര ബഹിഷ്‌കരണവുo ആലപ്പുഴയിലും തിരുവന്തപുരത്തും മറ്റു പ്രദേശങ്ങളിലും നടന്ന പിക്കറ്റിങ് ക്ഷേത്ര പ്രവേശനവും സാമൂഹിക ഏകീകരണ പ്രസ്ഥാനവും. വൈക്കം സത്യാഗ്രഹം നാഗ്പൂർ പതാക സത്യാഗ്രഹം മറ്റ് സുപ്രധാന സാമുദായിക ഐക്യ നീക്കങ്ങൾ എന്നിവയിലൊക്കെ അദ്ദേഹത്തിന്റെ സജീവ പങ്കാളിത്തമുണ്ടായിരുന്നു. ഇവ അദ്ദേഹത്തിന് കുറഞ്ഞത് 21 മാസത്തെ തടവും 9 മാസത്തെ കഠിന തടവും സമ്മാനിച്ചു (സ്ഥിതീകരിച്ച കണക്കനുസരിച്ചു മാത്രം. അദ്ദേഹത്തിന്റെ ശരിയായുള്ള ജയിൽവാസം വളരെക്കൂടുതലായിരിക്കണം). ആലപ്പുഴയിലും തിരുവനന്തപുരത്തും നടന്ന ഒരു വർഷം നീണ്ടുനിന്ന പ്രക്ഷോഭം ഗാന്ധിയൻ പ്രത്യയശാസ്ത്രത്തിലേക്കും ഖാദിയിലേക്കും ഉള്ള വലിയ സാമൂഹിക പരിവർത്തനത്തിന് കാരണമായി. സ്വദേശി പ്രസ്ഥാനത്തിന്നും ആലപ്പുഴയിലും മറ്റു പ്രദേശങ്ങളിലും നടന്ന വിദേശ വസ്ത്ര ബഹിഷ്‌കരണത്തിനു അദ്ദേഹം നൽകിയ നേതൃത്വം നിരവധി പ്രമുഖരും വിദ്യാസമ്പന്നരുമായ സ്ത്രീകളെയുൾപ്പെടെ ദേശീയ പ്രസ്ഥാനത്തോടടുപ്പിക്കുവാൻ പ്രചോദനമായി. സ്ത്രീ ശക്തി സമാഹരണത്തിൽ ഈ സമരങ്ങൾ അതുല്യ പങ്കു വഹിച്ചു. അങ്ങനെ ദേശീയ നവോത്ഥാനത്തിനു ശക്തമായ പിൻതുണയുമായെത്തിയവരുടെ കൂട്ടത്തിൽ തിരുവിതാംകൂറിലെ അവസാന ദിവാനും കുമാർജിയുടെ സഹപാഠിയുമായിരുന്ന പി‌ജി‌എൻ ഉണ്ണിത്തന്റെ ഭാര്യ സ്വദേശാഭിമാനി ടി കെ മാധവന്റെ ഭാര്യ, എം. കാർത്യായാനി അമ്മ എന്നിവർ പ്രത്യേക പരാമർശം അർഹിക്കുന്നു. [39][40][41][42][43][44]

Remove ads

ഖാദി, ഹരിജനോദ്ധാരണം, സർവോദയം, സമുദായ മൈത്രി

മുപ്പതുകളോടെ കുമാർജി തന്റെ മുഴുവൻ ശ്രദ്ധയും ഹരിജനോദ്ധാരണം, സർവോദയം, സർവ സമുദായ മൈത്രി, വിദ്യാഭ്യാസം, ഖാദി എന്നിവയിലേക്ക് തിരിച്ചുവിട്ടു. സംസ്ഥാനത്ത് ഉടനീളം പര്യടനം നടത്തി അദ്ദേഹം പ്രഭാഷണങ്ങൾ നടത്തുകയും ഹരിജൻ സ്കൂളുകൾ, മഹിളാ സ്കൂളുകൾ, സർവോദയ സ്കൂളുകൾ എന്നിവ ഉൾപ്പെടെ നിരവധി സ്കൂളുകൾ (90 നും 110 നും ഇടയിലെന്നു പറയപ്പെടുന്നു) സ്ഥാപിക്കുകയും ചെയ്തു. ഇവയിൽ ചിലത് അറുപതുകളിലും എഴുപതുകളുടെ തുടക്കത്തിലും നിലനിന്നിരുന്നു. കാലക്രമേണ, ഈ സ്ഥാപനങ്ങളിൽ ഭൂരിഭാഗവും അദ്ദേഹം പ്രധാനാധ്യാപകനോ ഹരിജനങ്ങളുടെ ഇടയിലെ അഭസ്തവിദ്യർക്കോ കൈമാറി. ഇവ കൂടാതെ ഹരിജനങ്ങൾക്കു വേണ്ടി "കുമ്പഴ പ്രവൃത്തി പള്ളിക്കൂടം" എന്ന പേരിൽ മറ്റൊരു സ്കൂൾ അദ്ദേഹം ആരംഭിച്ചു. ഈ സ്കൂൾ പിന്നീട് ഇലന്തൂരിലെ ഇപ്പോഴത്തെ ഗവൺമെന്റ് വിഎച്ച്എസ്എസ് ന്റെ ജീവദായനിയായ ഉപവിദ്യാലയമായി മാറി. കൂടാതെ, ഖാദിയെ ഒരു ജീവിത ദൗത്യമായി ഉയർത്തിക്കൊണ്ടുവരികയും ചെയ്തു. ഖാദി കമ്മീഷന്റെ മുൻ ചെയർമാൻ ഗാന്ധിയൻ ഡോ. ജി. രാമചന്ദ്രൻ ഇങ്ങനെ പറയുന്നു: "കുമാർജിയുടെ ഇരട്ട അഭിനിവേശമായിരുന്നു ഖാദിയും മദ്യനിരോധനവും...... വാസ്തവത്തിൽ കുമാർജി ഖാദിയും ഖാദി കുമാർജിയുമായിരുന്നു ...നമ്മുടെ ആയിരക്കണക്കിന് ആളുകളുടെ ജീവിതത്തിൽ ഖാദിയോട് വന്ന അപ്രതിരോധ്യമായ അഭിവാഞ്ഛ ഉണ്ടാക്കിയെടുക്കുവാൻ കുമാർജിയെക്കാൾ കൂടുതൽ ത്യാഗപ്രയത്‌നം ചെയ്ത മറ്റാരും തന്നെ തിരുവിതാംകൂർ സംസ്ഥാനത്തു ഉണ്ടായിട്ടില്ല"..... കുമാർജിയുടെ പ്രസംഗങ്ങൾ ജി രാമചന്ദ്രനെവല്ലാതെ ആകർഷിച്ചു. അങ്ങനെ ഇരുപതുകളുടെ തുടക്കത്തിൽ കുമാർജിയോടൊപ്പം താമസിച്ചു അദ്ദേഹം ഖാദി പ്രചാരണം നടത്താനും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാനും ആരംഭിച്ചു. കുമാർജിയ്‌ക്കൊപ്പം തിരുവനന്തപുരത്ത് വീട് വീടാന്തരം ഖാദിപ്രചാരണം നടത്തിയ കഥ അദ്ദേഹം ഓർമ്മിക്കുന്നു.

Remove ads

വിസ്‌മൃതിയിലേക്കു

ഇരുപതുകളുടെ അവസാനത്തിൽ സ്വീകരിച്ച നടപടികൾ കുമാർജി സ്വപ്നം കണ്ടതുപോലെ എല്ലാ സമുദായങ്ങളെയും ഒന്നിപ്പിക്കാൻ പര്യാപ്തമായില്ലെങ്കിലും, സാമുദായിക ഐക്യത്തിനായുള്ള തന്റെ ശ്രമങ്ങൾ അദ്ദേഹം വീണ്ടും തുടർന്നു. ജാതിപദവി ദ്യോതിപ്പിക്കുന്ന പേരിന്റെ ഉപസർഗം തങ്ങളുടെ പേരിൽ നിന്ന് പണ്ട് തന്നെ നീക്കം ചെയ്ത കേരളത്തിലെ പ്രഥമ നേതാക്കന്മാരായിരുന്നു കെ കുമാറും കേളപ്പനും. കാലക്രമേണ, കുമാർ "എല്ലാ സമുദായങ്ങളും ഒരുപോലെ വിശ്വസിക്കുന്ന ഒരു സാമുദായിക വിരുദ്ധ ശക്തിയായി (anti-communal force)" മാറി. എന്നിരുന്നാലും, പിന്നീടുവന്ന തെരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ വർഗീയതയും കൃത്രിമ തന്ത്രങ്ങളും, വർഷങ്ങളായി കഠിനതപം ചെയ്തു പടുത്തുയർത്തിയ, തിരുവിതാംകൂറിലെ മതേതരവികാരങ്ങൾക്ക് ക്രൂരമായ പ്രഹരമേൽപ്പിച്ചുകൊണ്ട് കുമാർജിയെ അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രപരമായ അചഞ്ചലതയുടെ ഇരയാക്കി. ടിഎം വര്ഗീസ് മായുണ്ടായ ചരിത്രം സൃഷ്ട്ടിച്ച തെരഞ്ഞെടുപ്പിൽ സ്വന്തം ആദർശങ്ങളിൽ നിന്ന് വ്യതിചലിക്കാതെ ഒരുസ്വതന്ത്ര സ്ഥാനാർത്ഥിയായി അദ്ദേഹം മത്സരിക്കുകയുണ്ടായി. പണത്തിളപ്പിന്റെ രാഷ്ട്രീയവും, ജാതിവർഗീയ വിഷവും കൃത്രിമ തന്ത്രങ്ങളും നിർലോഭം പ്രയോഗിക്കപ്പെട്ട ആ തെരഞ്ഞെടുപ്പിൽ കുമാർജി നേരിയ വ്യത്യാസത്തിൽ പരാജയപ്പെട്ടപ്പോൾ യഥാർത്ഥത്തിൽ ഭൂരിപക്ഷത്തോടെ തിരുവിതാംകൂറിൽ ഒട്ടാകെ പരാജയപ്പെട്ടത് ജാതി ചിന്തയ്ക്കും മത വിദ്വെഷത്തിനും അതീതമായി ചിന്തിച്ച ആദര്ശധീരതയായിരുന്നു എന്ന് പല നിരീക്ഷകരും കരുതുന്നു.

എന്നിരുന്നാലും, ആഭ്യന്തരമന്ത്രിയായി കുമാർജിയെ തന്റെ ക്യാബിനറ്റിൽ ഉൾപ്പെടുത്താൻ ടി.എം. വർഗീസിന്റെ പൂർണ പിന്തുണയോടെ പട്ടം താണുപിള്ള പരമാവധി ശ്രമിച്ചുവെന്ന് പറയപ്പെടുന്നു. പ്രത്യയശാസ്ത്രപരമായ കാരണങ്ങളാൽ കുമാർജി ഈ വാഗ്ദാനം അപ്പാടെ നിരസിച്ചു. സ്വതന്ത്ര ഇന്ത്യ അദ്ദേഹത്തെ മനസ്സിലാക്കുന്നതിലും അദ്ദേഹത്തിന്റെ അസാധാരണമായ ഗുണങ്ങൾ ഉപയോഗപ്പെടുത്തുന്നതിലും പരാജയപ്പെട്ടു. പക്ഷേ അദ്ദേഹം ധാരാളം പൊതുപ്രവർത്തകരേയും രാഷ്ട്രീയ നേതാക്കളെയും നയിക്കുകയും രൂപപ്പെടുത്തുകയും ചെയ്തു. പ്രാദേശിക വികസന പ്രവർത്തനങ്ങളിലും അദ്ദേഹം വലിയ തോതിൽ സജീവമായി. "കമ്മ്യൂണിറ്റി വിരുന്നുകൾ", "തൊപ്പിപ്പാള സമരം", അഖില തിരുവിതാംകൂർ കുറവർ മഹാസഭ, പറയർ മഹാസഭ തുടങ്ങിയ പ്രസ്ഥാനങ്ങളുടെ ജനയിതാവായും സംഘടകനായും ഇലന്തൂരിന്റെ സമഗ്ര വികസനത്തിന്റെ നെടുന്തൂണായും ജനങ്ങളിൽ പരിവർത്തന സ്വാധീനം ചെലുത്താനും അദ്ദേഹത്തിന് കഴിഞ്ഞു.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads