ഗലീലിയൊ (ഉപഗ്രഹ ഗതിനിർണയ സംവിധാനം)
യൂറോപ്യൻ യൂണിയനും യൂറോപ്യൻ ബഹിരാകാശ ഏജൻസിയും ചേർന്ന് തുടക്കമിട്ട ഉപഗ്രഹ ഗതിനിർണയ സംവിധാനം From Wikipedia, the free encyclopedia
Remove ads
ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗ് ആസ്ഥാനമായി യൂറോപ്യൻ യൂണിയനും യൂറോപ്യൻ ബഹിരാകാശ ഏജൻസിയും ചേർന്ന് തുടക്കമിട്ട ഒരു ഉപഗ്രഹ ഗതിനിർണയ സംവിധാനമാണ് ഗലീലിയോ.[1] ജർമ്മനിയിലെ മ്യൂണിച്ചിന് സമീപത്തെ ഓബെർഫാഫെൻഹൊഫൻ (Oberpfaffenhofen) എന്നയിടത്തും, ഇറ്റലിയിലെ ഫുസിനോയിലും (Fucino) ഇതിന്റെ നിയന്ത്രണ കേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്നു. 5 ബില്യൺ യൂറോ ചെലവ് വരുന്ന പദ്ധതി ഇറ്റാലിയൻ ജ്യോതിശാസ്ത്രജ്ഞനായ ഗലീലിയോ ഗലീലിയുടെ പേരിലാണ് അറിയപ്പെടുന്നത്.[2] റഷ്യയുടെ ഗ്ലോനാസ്, യുഎസിന്റെ ജിപിഎസ് എന്നീ ഗതിനിർണയ സംവിധാനങ്ങൾക്ക് സമാന്തരമായി യൂറോപ്യൻ രാജ്യങ്ങൾക്ക് ആശ്രയിക്കാവുന്ന ഒരു സംവിധാനം രൂപീകരിക്കുകയായിരുന്നു ഗലീലിയോയുടെ സ്ഥാപകലക്ഷ്യങ്ങളിൽ ഒന്ന്. ഒരു വസ്തുവിന്റെ സ്ഥാനം, ഒരു മീറ്റർ വരെ കൃത്യതയോടെ കണക്കാക്കാൻ, ഈ സംവിധാനത്തിന് കഴിയും.
ലോകം മുഴുവൻ തിരച്ചിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ ഗലീലിയോ സംവിധാനത്തിന് കഴിയും. അപായ മുന്നറിയിപ്പ് പിടിച്ചെടുത്തു രക്ഷാപ്രവർത്തന കേന്ദ്രത്തിലേക്ക് എത്തിക്കാൻ ശേഷിയുള്ള ട്രാൻസ്പോണ്ടറുകൾ ഈ സംവിധാനത്തിൽ ഉൾപ്പെട്ട ഉപഗ്രഹങ്ങൾക്കുണ്ടാവും. ഫെബ്രുവരി 2014 -ൽ നടത്തിയ ഒരു പഠനപ്രകാരം 77% മുന്നറിയിപ്പുകൾ 2 കി.മി ചുറ്റളവിനുള്ളിലും, 95% മുന്നറിയിപ്പുകൾ 5 കി.മി ചുറ്റളവിനുള്ളിലും കൃത്യമായി കണ്ടുപിടിക്കാൻ സംവിധാനത്തിന് കഴിഞ്ഞു.[3]
മുപ്പതു ഉപഗ്രഹങ്ങളുടെ ഒരു ശൃഖലയാണ് സംവിധാനം പൂർത്തിയാവുമ്പോൾ ഉണ്ടാവുക. ഇതിൽ ഇരുപത്തിനാല് എണ്ണം സദാ പ്രവർത്തനക്ഷമവും ആറെണ്ണം എപ്പോൾ വേണമെങ്കിലും ഉപയോഗപ്പെടുത്താവുന്ന രീതിയിൽ ഉള്ള കരുതൽ ഉപഗ്രഹങ്ങളും ആയിരിക്കും. സംവിധാനത്തിൽ ഉൾപ്പെട്ട ആദ്യ ഉപഗ്രഹം ഒക്ടോബർ 21, 2011 -ന് വിക്ഷേപിച്ചു. ഡിസംബർ 2015 വരെ പന്ത്രണ്ട് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിച്ചിട്ടുണ്ട്. 2016 -ൽ പ്രാഥമികപ്രവർത്തനം ആരംഭിക്കുന്ന ഗലീലിയോ 2019 -ൽ പൂർണമായും പ്രവർത്തനക്ഷമത കൈവരിക്കും.[4] മുപ്പതു ഉപഗ്രഹങ്ങളുടെയും വിക്ഷേപണം 2020 -ൽ പൂർത്തിയാവും എന്നാണ് കരുതപ്പെടുന്നത്.



Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads