ദക്ഷിണധ്രുവം
From Wikipedia, the free encyclopedia
Remove ads
അന്റാർട്ടിക്കാ ഭൂഖണ്ഡത്തിൽ സ്ഥിതി ചെയ്യുന്ന ദക്ഷിണധ്രുവം അല്ലെങ്കിൽ ഭൂമിശാസ്ത്രപരമായ ദക്ഷിണധ്രുവം, ഭൂമിയുടെ പ്രതലത്തിലെ ഏറ്റവും തെക്കേ അറ്റമാണ്. ഇത് ഉത്തരധ്രുവത്തിന് നേർ എതിർദിശയിൽ സ്ഥിതി ചെയ്യുന്നു. 1956-ൽ സ്ഥാപിതമായ ആമുണ്ട്സെൻ-സ്കോട്ട് ദക്ഷിണധ്രുവ ഗവേഷണകേന്ദ്രം ഇവിടെ സ്ഥിതി ചെയ്യുന്നു. ദക്ഷിണധ്രുവവും ദക്ഷിണകാന്തികധ്രുവവും രണ്ടും രണ്ടാണ്.

ഭൂമിശാസ്ത്രം


- ഇതും കാണുക - ധ്രുവചലനം
ഭൂമിശാസ്ത്രപരമായ ദക്ഷിണധ്രുവം എന്നു പൊതുവേ നിർവചിക്കുന്നത് ഭൂമിയുടെ അച്ചുതണ്ട് ഭൂപ്രതലവുമായി സന്ധിക്കുന്ന രണ്ടു സ്ഥാനങ്ങളിൽ ഒന്നിനെയാണ്. (മറ്റേത് ഉത്തരധ്രുവം എന്നറിയപ്പെടുന്നു). ഭൂമിയുടെ അച്ചുതണ്ട് ചില "ചലനങ്ങൾക്ക്" വിധേയമാകയാൽ ഇത് അതികൃത്യതയുള്ള ഒരു നിർവചനമല്ല.
ദക്ഷിണധ്രുവം 90° ദക്ഷിണ-അക്ഷാംശത്തിൽ സ്ഥിതി ചെയ്യുന്നു. എല്ലാ രേഖാംശരേഖകളും രണ്ടു ധ്രുവങ്ങളിലൂടേയും കടന്നു പോകുന്നതിനാൽ ദക്ഷിണധ്രുവത്തിന്റെ രേഖാംശം നിർവചനയീമല്ല. എങ്കിലും രേഖാംശം സൂചിപ്പിക്കാൻ 0° പടിഞ്ഞാറ്-അക്ഷാംശം എന്നു ഉപയോഗിക്കാം.
ദക്ഷിണധ്രുവം അന്റാർട്ടിക്കാ ഭൂഖണ്ഡത്തിലാണ് സ്ഥിതി ചെയ്യുന്നത് (ഫലകചലനം കാരണം ഭൂമിയുടെ ചരിത്രത്തിൽ എല്ലാക്കാലവും ഇങ്ങനെയായിരുന്നില്ല). ഇത് ഒരു മഞ്ഞുമൂടിയ പീഠഭൂമിയിൽ, 2,835 മീറ്റർ ഉയരത്തിൽ (9,306 അടി), കടലിൽനിന്ന് 800 മൈൽ ദൂരെയായി സ്ഥിതി ചെയ്യുന്നു. ധ്രുവത്തിൽ മഞ്ഞ് 2,700 മീറ്റർ (9,000 അടി) ഘനത്തിലാണ്, അതിനാൽ കരപ്രതലം സമുദ്രനിരപ്പിന് സമീപമാണ്.[1]
ധ്രുവങ്ങളിലെ മഞ്ഞുപാളി പ്രതിവർഷം 10മീറ്റർ എന്ന കണക്കിന് നീങ്ങിക്കൊണ്ടിരിക്കുന്നതിനാൽ, ദക്ഷിണധ്രുവത്തിൽന്റെ സ്ഥാനം മഞ്ഞുപാളിയുടെ പ്രതലത്തെയും അതിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന കെട്ടിടങ്ങളുടെ സ്ഥാനത്തെയും അപേക്ഷിച്ച് സാവധാനം നീങ്ങിക്കൊണ്ടിരിക്കും.
ഭൂമിശാസ്ത്രപരമായ ദക്ഷിണധ്രുവം സൂചിപ്പിക്കാൻ ഒരു ചെറിയ ചിഹ്നവും കൊടിക്കാലും നാട്ടിയിരിക്കുന്നുണ്ട്. മഞ്ഞുപാളിയുടെ നീക്കത്തിന് അനുസൃതമായി ഇത് ഓരോ പുതുവർഷദിനത്തിലും മാറ്റി സ്ഥാപിക്കുന്നു. പ്രസ്തുത ചിഹ്നത്തിൽ, റോആൾഡ് ആമുണ്ട്ഡ്സെന്നും റോബർട്ട് ഫാൽക്കൺ സ്കോട്ടും ധ്രുവം കീഴടക്കിയ ദിവസവും പ്രസ്തുത വ്യക്തികൾ പറഞ്ഞ ഓരോ പ്രസിദ്ധ വാചകവും, സമുദ്രനിരപ്പിൽനിന്ന് 9,301 അടി ഉയരത്തിലാണ് പാളിയുടെ പ്രതലം സ്ഥിതി ചെയ്യുന്നത് എന്ന സൂചനയും ആലേഖനം ചെയ്തിരിക്കുന്നു.
ആചാരപരമായ ദക്ഷിണധ്രുവം
ആചാരപരമായ ദക്ഷിണധ്രുവം, ആമുണ്ട്സെൻ-സ്കോട്ട് ദക്ഷിണധ്രുവ ഗവേഷണകേന്ദ്രത്തിനു സമീപം ഛായാഗ്രഹണസൗകര്യത്തിനായി നീക്കിവയ്ക്കപ്പെട്ട ഒരു പ്രദേശമാണ്. ഭൂമിശാസ്ത്രപരമായ ദക്ഷിണധ്രുവം ഇതിൽനിന്നും കുറച്ചു ദൂരം മാറി സ്ഥിതി ചെയ്യുന്നു. ആചാരപരമായ ദക്ഷിണധ്രുവത്തിൽ ഒരു ലോഹസ്തംഭത്തിൽ നാട്ടിയ ഒരു ഗോളവും അതിനു ചുറ്റും അന്റാർട്ടിക്ക് ഉടമ്പടിയിൽ ഒപ്പുവച്ച രാജ്യങ്ങളുടെ പതാകകളും സ്ഥിതി ചെയ്യുന്നു.
ആചാരസൂചി, ഓരോ വർഷവും മഞ്ഞുപാളിയുടെ ചലനത്തിനനുസരിച്ച് നീക്കാത്തതിനാൽ, ഇതിന്റെ സ്ഥാനം ഭൂമിശാസ്ത്രപരമായ ദക്ഷിണധ്രുവത്തിൽനിന്ന് ഓരോ വർഷവും മാറിക്കൊണ്ടിരിക്കും.
Remove ads
പര്യവേഷണം

- ഇതും കാണുക: അന്റാർട്ടിക്കയുടെ ചരിത്രം, അന്റാർട്ടിക്കാ പര്യവേഷണങ്ങളുടെ പട്ടിക, ധ്രുവ പര്യവേഷണം.
ദക്ഷിണധ്രുവത്തിൽ എത്തിയ ആദ്യത്തെ മനുഷ്യർ, 1911 ഡിസംബർ 14-നു ദക്ഷിണധ്രുവത്തിലെത്തിയ നോർവേക്കാരനായ റോആൾഡ് ആമുണ്ഡ്സെന്നും കൂട്ടരുമാണ്. ആമുണ്ട്സെൻ അദ്ദേഹത്തിന്റെ ക്യാമ്പ് പോൾഹെയിം എന്നും ധ്രുവത്തിനു സമീപമുള്ള പീഠഭൂമി നോർവേ രാജാവായ ഹാക്കോൺ ഏഴാമന്റെ ഓർമ്മയ്ക്കായി Haakon VII's Vidde എന്നും നാമകരണം ചെയ്തു. ധ്രുവത്തിൽ ആദ്യമെത്താനുള്ള പരിശ്രമത്തിൽ ആമുണ്ഡ്സെന്നിന്റെ പ്രതിയോഗിയായിരുന്ന റോബർട്ട് ഫാൽക്കൺ സ്കോട്ടും മറ്റു നാലു പേരുമടങ്ങിയ ടെറാ നോവ പര്യവേഷണസംഘം ഒരു മാസത്തിനുശേഷം ധ്രുവത്തിലെത്തി. തിരിച്ചുള്ള യാത്രയിൽ സ്കോട്ടും നാലു സുഹൃത്തുക്കളും കൊടുംതണുപ്പും വിശപ്പും മൂലം ചരമമടഞ്ഞു. 1914-ൽ ദക്ഷിണധ്രുവത്തിലൂടെ അന്റാർട്ടിക്ക കുറുകെ കടക്കാൻ മുന്നിട്ടിറങ്ങിയ ബ്രിട്ടീഷ് പര്യവേഷകനായ ഏർണെസ്റ്റ് ഷാക്കിൾട്ടൺറ്റെ ഇംപീരിയൽ ട്രാൻസ്-അന്റാർട്ടിക്ക് പര്യവേഷണസംഘം യാത്രചെയ്തിരുന്ന കപ്പൽ മഞ്ഞിൽ ഉറയ്ക്കുകയും 11 മാസങ്ങൾക്കുശേഷം മുങ്ങുകയും ചെയ്തു.
1929, നവംബർ 29-ന്, യു.എസ്. അഡ്മിറൽ റിച്ചാർഡ് ബേർഡ്, അദ്ദേഹത്തിന്റെ ഒന്നാം പൈലറ്റ് ബേർൺറ്റ് ബാൽചെനോടൊപ്പം, ദക്ഷിണധ്രുവത്തിനു മേൽ പറക്കുന്ന ആദ്യത്തെ വ്യക്തിയായി. എന്നാൽ 1956 ഒക്ടോബർ 31-ന് യു.എസ്. നാവികപ്പടയിലെ അഡ്മിറൽ ജോർജ്ജ് ഡുഫെക് R4D സ്കൈട്രെയിൻ ഡഗ്ലസ് DC-3 വിമാനത്തിൽ ഇറങ്ങിയപ്പോഴാണ് ഒരിക്കൽക്കൂടി മനുഷ്യൻ ധ്രുവത്തിൽ കാലുകുത്തിയത്. ആമുണ്ട്സെൻ-സ്കോട്ട് ദക്ഷിണധ്രുവ ഗവേഷണകേന്ദ്രം വിമാനമാർഗ്ഗം കൊണ്ടുവന്ന നിർമ്മാണസാമഗ്രികളുപയോഗിച്ച് 1956-ൽ പൂർത്തിയാക്കി. ഇതിനുശേഷം പ്രസ്തുത കേന്ദ്രം സദാ പ്രവർത്തനനിരതമാണ്.
ആമുണ്ഡ്സെന്നിനും സ്കോട്ടിനും ശേഷം കരമാർഗം (കുറച്ചു വിമാനസഹായത്താൽ) ദക്ഷിണധ്രുവത്തിലെത്തിയവർ കോമൺവെൽത്ത് ട്രാൻസ്-അന്റാർട്ടിക് പര്യവേഷണസമയത്ത് ഇവിടെയെത്തിയ എഡ്മണ്ട് ഹിലാരിയും(ജനുവരി 4, 1958) വിവിയൻ ഫുക്സും(ജനുവരി 19, 1958) ആണ്. ഇതിനുശേഷം അനേകം പര്യവേഷണപരിശ്രമങ്ങൾ ഉണ്ടായി, അന്റേറൊ ഹവൊല, ആൽബർട്ട് പി. ക്രാരി, ഫിയേൻസ് എന്നിവർ ഉൾപ്പെട്ടവയുൾപ്പെടെ.
1989, ഡിസംബർ 30-ന് ആർവ്ഡ് ഫുക്സും റെയ്നോൾഡ് മെസ്സ്നെറും, മൃഗങ്ങളുടെയോ യന്ത്രത്തിന്റെയോ സഹായമില്ലാതെ, സ്കീയുംടെയും കാറ്റിന്റെയും മാത്രം സഹായത്താൽ ദക്ഷിണധ്രുവത്തിലെത്തുന്ന ആദ്യ വ്യക്തികളായി.
കടൽക്കരയിൽനിന്ന് പരസഹായമില്ലാതെ നടന്ന് ഏറ്റവും വേഗത്തിൽ ദക്ഷിണധ്രുവത്തിലെത്തിയത്, 47 ദിവസം കൊണ്ട്, 200 കിലോഗ്രാം വരുന്ന ഭക്ഷണവും പാചകസാമഗ്രികളും ചുമന്നുകൊണ്ട്, 1999-ൽ ഇവിടെയെത്തിയ ടിം ട്രാവിസും പീറ്റർ ട്രെസെഡറും ആയിരുന്നു.
Remove ads
ഭൂപ്രദേശങ്ങളുടെമേലുള്ള അവകാശവാദങ്ങൾ
- അന്റാർട്ടിക്കാ പ്രദേശങ്ങളുടെ മേലുള്ള അവകാശവാദങ്ങൾ, അന്റാർട്ടിക്ക – രാഷ്ട്രീയം എന്നിവ കാണുക.
കാലാവസ്ഥ
- ഇതു കാണുക - അന്റാർട്ടിക്കയിലെ കാലാവസ്ഥ.
ദക്ഷിണാർദ്ധഗോളത്തിലെ മഞ്ഞുകാലത്ത് ദക്ഷിണധ്രുവത്തിൽ സൂര്യപ്രകാശം ലഭിക്കുകയേയില്ല, വേനൽക്കാലത്താകട്ടെ സൂര്യൻ, സദാ ചക്രവാളത്തിനു മുകളിലായിരിക്കുമെങ്കിലും, ആകാശത്തു നേർമുകളിലായിരിക്കുകയില്ല. സൂര്യപ്രകാശത്തിന്റെ ഭൂരിഭാഗവും വെളുത്ത ഹിമപ്പരപ്പിൽ തട്ടി പ്രതിഫലിക്കുന്നു. സൂര്യനിൽ നിന്നുള്ള ചൂടിന്റെ അഭാവം, സമുദ്രനിരപ്പിൽനിന്നുള്ള ഉയർന്ന സ്ഥാനം (ഏതാണ്ട് 2,800 മീറ്റർ), എന്നിവ ചേർന്ന് ദക്ഷിണധ്രുവത്തിൽ ഭൂമിയിലെ ഏറ്റവും തണുത്ത കാലാവസ്ഥകളിലൊന്നു രൂപപ്പെടുന്നു. ഉത്തരധ്രുവത്തിൽ ദക്ഷിണധ്രുവത്തെക്കാൾ ചൂടുണ്ടാവും, കാരണം കരമദ്ധ്യത്തിൽ സ്ഥിതിചെയ്യുന്ന ദക്ഷിണധ്രുവത്തിൽനിന്നു വിഭിന്നമായി ഉത്തരധ്രുവം സമുദ്രമദ്ധ്യത്തിലാണ് സ്ഥിതിചെയ്യുന്നത് (കൂടുതലായി, സമുദ്രങ്ങൾ ചൂട് നഷ്ടപ്പെടാതെ നോക്കുന്നു).
വേനൽ മദ്ധ്യത്തിൽ, സൂര്യൻ ആകാശത്ത് അതിന്റെ പരമാവധി ഉയർന്ന 23.5 ഡിഗ്രീ സ്ഥാനത്ത് എത്തുമ്പോൾ ദക്ഷിണധ്രുവത്തിലെ താപനില ഏതാണ്ട് −25 °C (−12 °F) ആയിരിക്കും. 6-മാസ "പകൽ" അവസാനിക്കുന്നതനുസരിച്ച് താപനിലയും കുറയുന്നു. സൂര്യാസ്തമയസമയത്തും (മാർച്ച് അവസാനത്തോടെ) സൂര്യോദയസമയത്തും (സെപ്റ്റംബർ അവസാനത്തോടെ) താപനില ഏതാണ്ട് −45 °C (−49 °F) ആയിരിക്കും. മഞ്ഞുകാലത്താകട്ടെ താപനില ഏതാണ്ട് സ്ഥിരമായി −65 °C (−85 °F)-യിൽ എത്തുന്നു. ആമുണ്ട്സെൻ-സ്കോട്ട് ദക്ഷിണധ്രുവ ഗവേഷണകേന്ദ്രത്തിൽ എക്കാലത്തുംവച്ച് രേഖപ്പെടുത്തപ്പെട്ട ഏറ്റവും ഉയർന്ന താപനില −13.6 °C (7.5 °F) ആണ്. ഏറ്റവും താഴന്നത് −82.8 °C (−117.0 °F)-ഉം.[2] (എന്നാൽ ഭൂമിയിൽ രേഖപ്പെടുത്തിയഏറ്റവും താഴ്ന്ന താപനില ഇതല്ല, അത് വോസ്റ്റോക്ക് സ്റ്റേഷനിൽ രേഖപ്പെടുത്തപ്പെട്ട −89.6 °C (−129.28 °F) ആണ്.
ദക്ഷിണധ്രുവത്തിൽ മരുഭൂമിക്ക് സമാനമായ കാലാവസ്ഥയാണ് നിലനിൽക്കുന്നത്, മഴ ഒട്ടുതന്നെ ഇല്ല. ആർദ്രത ഏതാണ്ട് പൂജ്യം ആണ്. എന്നാൽ ശക്തിയേറിയ കാറ്റ് മൂലം മഞ്ഞുവീഴ്ച കാറ്റടിച്ച് മഞ്ഞു കുന്നുകൂടാറുണ്ട്, പ്രതിവർഷം ഏതാണ്ട് 20സെ.മീ. ഓളം.[3] ചിത്രങ്ങളിൽ കാണുന്ന താഴികക്കുടം മഞ്ഞുകാറ്റിൽ ഏതാണ്ട് മുങ്ങിയ സ്ഥിതിയിലാണ്. ഇതിലേക്കുള്ള വാതിൽ തുടരെ ബുൾഡോസർ ഉപയോഗിച്ചു മഞ്ഞു നീക്കേണ്ടതാണ്. അടുത്തകാലത്തായി നിർമ്മിക്കപ്പെട്ട കെട്ടിടങ്ങൾ ഹിമം കുന്നുകൂടാതിരിക്കാൻ സ്റ്റിൽറ്റുകളിൽ ഉയർത്തിയാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്.
ദക്ഷിണധ്രുവത്തിൽ വർഷത്തിലെ ഓരോ മാസവും അനുഭവപ്പെടുന്ന താപനിലയും മഴയുടെ അളവും (സെൽഷ്യസ്, മില്ലീമീറ്റർ അളവിൽ)
ദക്ഷിണധ്രുവത്തിൽ വർഷത്തിലെ ഓരോ മാസവും അനുഭവപ്പെടുന്ന താപനിലയും മഴയുടെ അളവും (ഫാരൻഹൈറ്റ്, ഇഞ്ച് അളവിൽ)
Remove ads
സമയം
ഭൂമിയിലെ മിക്ക സ്ഥലങ്ങളിലും, സൂര്യന്റെ ആകാശത്തുള്ള സ്ഥാനത്തിനനുസരിച്ചുള്ള സമയമാണ് പാലിക്കുന്നത്. വർഷംമുഴുവൻ നീണ്ടുനിൽക്കുന്ന "പകലുകൾ" [അവലംബം ആവശ്യമാണ്] ഉള്ള ദക്ഷിണധ്രുവത്തിൽ ഈ രീതി പരാജയപ്പെടുന്നു. മറ്റൊരു രീതിയിൽ നോക്കിയാൽ സമയവലയങ്ങൾ എല്ലാം ദക്ഷിണധ്രുവത്തിൽ സന്ധിക്കുന്നതിനാൽ ഈ രീതി അനുവർത്തിക്കുക സാധ്യമല്ല. ദക്ഷിണധ്രുവത്തെ ഏതെങ്കിലും പ്രത്യേക സമയവലയത്തിൽ ശ്രാസ്ത്രീയമായി പെടുത്തുന്നതിനുപരി ഒരു സൗകര്യത്തിന് ആമുണ്ട്സെൻ-സ്കോട്ട് ദക്ഷിണധ്രുവ ഗവേഷണകേന്ദ്രം ന്യൂസിലാൻഡ് സമയം പാലിക്കുന്നു. ഇതിനു കാരണം അമേരിക്കയ്ക്ക് ഇവിടേയ്ക്കുള്ള ഭക്ഷണവും മറ്റു സാമഗ്രികളും എത്തിക്കാനായുള്ള വിമാനങ്ങൾ പറക്കുന്നത് ന്യൂസിലാൻഡിലുള്ള ക്രൈസ്റ്റ്ചർച്ചിൽനിന്നാണ് എന്നതുമാത്രം.
Remove ads
പക്ഷിമൃഗാദികളും സസ്യലതാദികളും
അതികഠിനമായ കാലാവസ്ഥമൂലം ജീവജാലങ്ങളൊന്നും ഇവിടെ സ്ഥിരമായി വസിക്കാറില്ല. വളരെ അഭൂതപൂർവമായി സ്കുവയെ ഇവിടെ കാണാറുണ്ട്. .[5]
2000-ൽ ഇവിടെ സൂക്ഷ്മാണുക്കളെ കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാൽ ഈ സൂക്ഷ്മാണുക്കൾ അന്റാർട്ടിക്കയിൽ പരിണാമം പ്രാപിച്ചതാവാൻ സാധ്യതയില്ലെന്നാണ് ശാസ്ത്രജ്ഞരുടെ പക്ഷം. [6]
ഇവയും കാണുക
- അന്റാർട്ടിക്ക
- അന്റാർട്ടിക്കാ പര്യവേഷണങ്ങൾ
- ഉത്തരധ്രുവം
- ചിലിയുടെ അന്റാർട്ടിക്കാ പ്രദേശങ്ങൾ
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads