പ്ലാസ്റ്റിക്
From Wikipedia, the free encyclopedia
Remove ads
“മൃദുവായ, എളുപ്പത്തിൽ രൂപപ്പെടുത്താനാകുന്ന” എന്നർത്ഥം വരുന്ന പ്ലാസ്റ്റിക് എന്ന പദം. ഈ സ്വഭാവ വിശേഷതയുളള പ്രത്യേക പദാർത്ഥ വർഗ്ഗത്തേയും സൂചിപ്പിക്കുന്നു. കല്ല്, മണ്ണ്,മരം,ലോഹം എന്നീ പ്രകൃതിദത്തമായ നിർമ്മാണ പദാർത്ഥങ്ങളുടെ പട്ടികയിൽ മനുഷ്യൻ കൂട്ടിച്ചേർത്ത ഇനമാണ് പ്ലാസ്റ്റിക്. നിത്യജീവിതത്തിന് ഉപയുക്തമായ നിരവധി വസ്തുക്കൾ നിർമ്മിക്കുന്നതിനുപയോഗിക്കുന്ന പ്ലാസ്റ്റിക്, പൊതുവായി പ്രകൃതിയുടെ ജൈവരാസ പ്രക്രിയക്ക് വിധേയമാകുന്നില്ല. ഈ കാരണത്താൽ പരിസരമലിനീകരണത്തിന് ഹേതുവാകുന്നു.

ആദ്യകാല പ്ലാസ്റ്റിക്കുകൾ പ്രകൃതിദത്തമായ പദാർത്ഥങ്ങളിൽ നിന്നും രാസപ്രക്രിയ വഴി വികസിപ്പിച്ചെടുത്തവയായിരുന്നു. (ഉദാ സെല്ലുലോസിൽ നിന്നു് സെല്ലുലോയിഡ്)[1] .എന്നാലിപ്പോൾ പോളിമറീകരണം(Polymerization) എന്ന പ്രക്രിയവഴി കൃത്രിമമായി നിർമ്മിച്ചെടുക്കുന്ന രാസശൃംഖലകൾ (പോളിമർ ) ആണ് പ്ലാസ്റ്റിക്കിലെ ഏകമാത്രമോ പ്രധാനമോ ആയ ഘടകം. രാസഘടനയിലും ഭൌതികഗുണങ്ങളിലും വ്യത്യസ്തതയുളള, പരസ്പരപൂരകങ്ങളായ ഒന്നിലധികം പോളിമറുകൾ, ആവശ്യാനുസരണം മിശ്രണം ചെയ്യുകയുമാവാം. ഇവയോടൊപ്പം പ്ലാസ്റ്റിസൈസർ, ആൻറി ഓക്സിഡൻറ്, സ്റ്റെബിലൈസർ]], ഫില്ലർ,കളർ എന്നീ മറ്റനേകം രാസവസ്തുക്കളും കൂട്ടിച്ചേർക്കാറുണ്ട്. ഈ മിശ്രിതമാണ് ഉരുപ്പടികൾ വാർത്തെടുക്കാനുപയോഗിക്കുന്നത്.
എല്ലാ പ്ലാസ്റ്റിക്കുകളും പോളിമറുകൾ ആണെങ്കിലും എല്ലാ പോളിമറുകളും പ്ലാസ്റ്റിക്കുകളാവണമെന്നില്ല. പോളിമറുകൾ മനുഷ്യസമൂഹത്തിന് പ്രയോജനപ്പെടുന്നത് പ്ലാസ്റ്റിക്കുകൾ, ഫൈബറുകൾ (നൂല്, നാര്), ഇലാസ്റ്റോമറുകൾ (റബ്ബറിനെ പോലെ വലിച്ചു നീട്ടാനാവുന്നവ) എന്നിങ്ങനെ മൂന്നു രൂപങ്ങളിലാണ്:
Remove ads
വർഗ്ഗീകരണം
വിഭിന്ന തരത്തിലുളള ഉപയോഗങ്ങൾക്കായി നാനാതരം പ്ലാസ്റ്റിക്കുകൾ. ലഭ്യമാണ്. രാസ ഘടനയനുസരിച്ചും, നിർമ്മാണ പ്രക്രിയയനുസരിച്ചും സവിശേഷതകളനുസരിച്ചും ഉപയോഗമനുസരിച്ചും വർഗ്ഗീകരണങ്ങൾ നടത്താറുണ്ട്[2]. അതുകൊണ്ടുതന്നെ പലപ്പോഴും ഇവ പരസ്പരം ഉൾപ്പെടുത്തപ്പെടുകയും ചെയ്യുന്നു. ഇവക്കുളളിലെല്ലാം നിരവധി ഉപവിഭാഗങ്ങളുമുണ്ട്.
- താപോർജ്ജം ഉപയോഗിച്ചുളള ഉരുപ്പടി നിർമ്മാണ പ്രക്രിയയെ സൂചിപ്പിക്കുന്ന രണ്ടു പ്രധാന വർഗ്ഗങ്ങളാണ് തെർമോപ്ലാസ്റ്റിക്, തെർമോസെറ്റിങ് പ്ലാസ്റ്റിക് എന്നിവ.
- ബലം, കാഠിന്യം, ആഘാതപ്രതിരോധനം എന്നീ സവിശേഷതകളുളളവ എഞ്ചിനിയറിംഗ് പ്ലാസ്റ്റിക്കുകൾ. എന്ന വിഭാഗത്തിലുൾപ്പെടുന്നു.
- പാക്കേജിംഗ് പ്ലാസ്റ്റിക്കുകൾ, ഫുഡ് ഗ്രേഡ് പ്ലാസ്റ്റിക്കുകൾ, മെഡിക്കൽ ഗ്രേഡ് പ്ലാസ്റ്റിക്കുകൾ എന്നിവ ഉപയോഗമണ്ഡലത്തെ സൂചിപ്പിക്കുന്നു.
- മണ്ണിലെ ജൈവരാസപ്രക്രിയവഴി മണ്ണിൽത്തന്നെ സാത്മീകരിക്കപ്പെടുന്നവയാണ് ബയോഡിഗ്രേഡബൾ പ്ലാസ്റ്റിക്കുകൾ..
അമേരിക്കൻ സൊസൈറ്റി ഫോർ ദ ടെസ്റ്റിംഗ് ഓഫ് മെറ്റീരിയൽസ്[3] , ഇൻറർ നാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേഡൈസേഷൻ [4] എന്നീ സംഘടനകൾ ഇവയുടെ നിലവാരത്തിനും ഗുണമേന്മക്കും അത്യന്താപേക്ഷിതമായ സ്വഭാവവിശേഷങ്ങളും അവ സ്ഥിരീകരിക്കാനുളള പരീക്ഷണ പദ്ധതികളും രേഖപ്പടുത്തിയിട്ടുണ്ട്[5].
തെർമോപ്ലാസ്റ്റിക്
ചൂടു തട്ടിയാൽ മൃദുവാകയും തണുത്താൽ ഉറക്കുകയും ചെയ്യുന്ന സ്വഭാവവിശേഷമുളള പ്ലാസ്റ്റിക്കുകളാണ് ഇവ. എത്ര തവണവേണമെങ്കിലും ഈ പ്രക്രിയ പുനരാവർത്തിക്കാം.
തെർമോസെറ്റിങ് പ്ലാസ്റ്റിക്
ഇതു പേര്പോലെ തന്നെ ഇവയെ ഒരിക്കൽ മാത്രമേ ചൂടാക്കാൻ( പറ്റൂ. ഒരിക്കൽ ഉറച്ചു കഴിഞ്ഞാൽ പിന്നെ അതുതന്നെ ശാശ്വതരൂപം. തണുപ്പിക്കുമ്പോൾ രാസശൃംഖലകൾക്കിടയിൽ കുരുക്കുകൾ വീഴുന്നതുകൊണ്ടാണ് ഇവ മാറ്റാനൊക്കാത്തവിധം ഉറച്ചു പോകുന്നത്.hiii
Remove ads
ഉപയോഗ മേഖലകൾ
എഞ്ചിനിയറിംഗ് പ്ലാസ്റ്റിക്കുകൾ
താരതമ്യേന വില കുറഞ്ഞ,സർവ്വസാധാരണ പ്ലാസ്റ്റിക്കുകളിൽ (commodity plastics)നിന്ന് വിഭിന്നമാണ് വില കൂടിയ പ്രത്യേക സ്വഭാവ സവിശേഷതകളുളള എഞ്ചിനിയറിംഗ് പ്ലാസ്റ്റിക്കുകൾ. ഭാരവാഹന ക്ഷമതയുളള ( load bearing) ഉരുപ്പടികൾ പൂർണ്ണമായോ ഭാഗികമായോ നിർമ്മിക്കാനാവശ്യമായ ബലം, കാഠിന്യം, ആഘാതപ്രതിരോധനം എന്നീ ഗുണവിശേഷങ്ങളുളളവയാണ് ഈ ഇനത്തിൽ.· ഏകകങ്ങളുടെ ഘടന, ശൃംഖലകളുടെ ഘടന, ദൈർഘ്യം, അവക്കിടയിലുളള കുരുക്കുകൾ ഇതെല്ലാം പ്ലാസ്റ്റിക്കുകളുടെ ഗുണങ്ങളെ പ്രത്യക്ഷരൂപത്തിൽ സ്വാധീനിക്കുന്നു. ഉദാഹരണത്തിന് പോളി എത്തിലീനിൻറെ നീളം കുറഞ്ഞ ശൃംഖലകളടങ്ങിയ LLDPE, LDPE എന്നിവ പാക്കിംഗിനു ഉപയോഗപ്പെടുമ്പോൾ, ദൈർഘ്യമേറിയ ശൃംഖലകളടങ്ങിയ HDPE, ശൃംഖലകൾക്കിടയിലുളള കുരുക്കുകളാൽ വല പോലുളള ഘടന പ്രാപിക്കുന്ന UHMWPE എന്നിവ എഞ്ചിനിയറിംഗ് പ്ലാസ്റ്റിക്കുകളുടെ വിഭാഗത്തിൽ പെടുന്നു.
പാക്കേജിംഗ് പ്ലാസ്റ്റിക്കുകൾ
സാധാരണയായി തെർമോപ്ലാസ്റ്റിക്കുകളാണ് പാക്കിംഗിനുപയോഗിക്കാറ്. ഖര ദ്രവ സാധനങ്ങൾ താത്കാലികമായി പൊതിയുവാനും അല്പകാലം സൂക്ഷിക്കാനുമായി പല തരത്തിലുളള പ്ലാസ്റ്റിക് ഉത്പന്നങ്ങളും ലഭ്യമാണ്[6] . പാക്കിംഗിനുപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളെ ഏഴായി തരം തിരിച്ചിരിക്കുന്നു. [7]
- കോഡ് 1 - PET പോളിഎഥിലീൻ ടെറാഥാലേറ്റ്
- കോഡ് 2 - HDPE ഹൈ ഡെൻസിറ്റി പോളിഎഥിലീൻ
- കോഡ് 3 PVC പോളി വൈനൽ ക്ലോറൈഡ്
- കോഡ് 4 - LDPE ലോ ഡെൻസിറ്റി പോളി എഥിലീൻ
- കോഡ് 5 - PP പോളിപ്രോപ്പിലീൻ
- കോഡ് 6 - PS പോളി സ്റ്റൈറീൻ
- കോഡ് 7 മറ്റുളളവ
പാക്കേജിംഗ് പ്ലാസ്റ്റിക്കുകൾ ഉപഭോക്തൃസമൂഹത്തിന് വളരെ സൌകര്യപ്രദമെങ്കിലും അവയുടെ താത്കാലികപ്രസക്തി പരിസര പാരിസ്ഥിതിക വ്യവസ്ഥകൾക്കു ഗുണകരമല്ല. ഇത്തരം പ്ലാസ്റ്റിക്കുകളുടെ ഉപയോഗം കഴിയുന്നത്ര കുറക്കാനും, പുനരുപയോഗിക്കാനുമുളള തീവ്രശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. [8]. ബയോഡിഗ്രേഡബൾ പ്ലാസ്റ്റിക്കുകളും ഇതേ ദിശയിലേക്കുളള നീക്കമാണ്.
ഫുഡ് ഗ്രേഡ് പ്ലാസ്റ്റിക്കുകൾ
പ്ലാസ്റ്റിക്ക് പാത്രങ്ങളിലെ രാസവസ്തുക്കൾ ഭക്ഷണത്തിലേക്ക് അലിഞ്ഞു ചേരുന്നതിനു സാധ്യതയുളളതിനാൽ, ഭക്ഷണ പദാർഥങ്ങൾ പൊതിയുന്നതിനോ സൂക്ഷിക്കുന്നതിനോ, ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകൾ അതീവ നിഷ്കർഷയോടെ തിരഞ്ഞെടുക്കേണ്ടിയിരിക്കുന്നു. ഈ മേഖലയിൽ മറ്റു ചേരുവകളൊന്നും കൂട്ടിച്ചേർക്കാത്ത ശുദ്ധ പോളിമറുകളാണ് കൂടുതൽ സ്വീകാര്യം[9]. ഇപ്പോൾ മൈക്രോവേവ് പാചകം കൂടുതൽ ജനസ്വീകാര്യത നേടിയിരിക്കെ,പ്ലാസ്റ്റിക് കൊണ്ടുളള പാചകപാത്രങ്ങളും സൂക്ഷ്മനിരീക്ഷണത്തിന് വിധേയമായിരിക്കുന്നു.[10]
മെഡിക്കൽ ഗ്രേഡ് പ്ലാസ്റ്റിക്കുകൾ
ഫുഡ് ഗ്രേഡ് പ്ലാസ്റ്റിക്കുകളെപ്പോലെത്തന്നെ മരുന്നുകൾ പൊതിയാനും, കൈകാര്യം ചെയ്യുന്നതിനും ആവശ്യമായ പ്ലാസ്റ്റിക്കുകൾക്കും കർശനമായ നിബന്ധനകളുണ്ട്. കൂടാതെ സിറിഞ്ചുകൾ, കയ്യുറകൾ മറ്റുപകരണങ്ങൾ ,എന്നിങ്ങനെ ചികിത്സാരംഗത്തെ ഒട്ടനവധി നിത്യോപയോഗ സാധനങ്ങൾക്ക് വേറേയും[11].
ശരീരത്തിനകത്ത് ഉപയോഗുക്കുന്നവ ബയോമെഡിക്കൽ പ്ലാസ്റ്റിക് എന്ന ഉപവിഭാഗത്തിൽ പെടുന്നു. ഹൃദയത്തിനകത്തെ കൃത്രിമ വാൽവ്, കൃത്രിമ രക്തധമനികൾ, സ്റ്റെൻറ്, കോൺട്ക്റ്റ് ലെൻസ്, എന്നിങ്ങനെയുളള സവിശേഷ സാധനങ്ങൾക്കെല്ലാം പ്രത്യേകം പ്രത്യേകം നിലവാര നിബന്ധനകളുണ്ട്.
ബയോഡിഗ്രേഡബൾ പ്ലാസ്റ്റിക്കുകൾ[12]
പൊതിയുവാനും അല്പ കാലം മാത്രം സൂക്ഷിക്കാനുമായി ഉപയോഗപ്പെടുന്ന ഈ പാക്കേജിംഗ് പ്ലാസ്റ്റിക് ഉത്പന്നങ്ങൾ അധികം താമസിയാതെ ചവറ്റുകൊട്ടയിലും തുടർന്ന് മുനിസിപ്പൽ ചവറു കൂനയിലും അടിഞ്ഞുകൂടുന്നു. ഈ മനുഷ്യനിർമ്മിത രാസശൃംഖലകളെ വിഘടിപ്പിച്ച് ചെറിയ തന്മാത്രകളാക്കി മണ്ണിൽ സാത്മീകരിക്കാനുളള കഴിവ് മണ്ണിലെ മൈക്രോബുകൾക്കില്ലാത്തതിനാൽ ഇവ പരിസരമലിനീകരണത്തിന് ഹേതുവാകുന്നു ഈ പ്രശ്നം പരിഹരിക്കാനായിട്ടാണ് ശാസ്ത്രജ്ഞർ ബയോഡിഗ്രേഡബൾ പ്ലാസ്റ്റിക്കുകൾ വികസിപ്പിച്ചെടുക്കാൻ പരിശ്രമിക്കുന്നത്
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads