മാനസികരോഗം
അസ്വാഭാവികമായ ചിന്തകളോ പെരുമാറ്റമോ From Wikipedia, the free encyclopedia
Remove ads
പെരുമാറ്റക്രമത്തിലൂടെ വ്യക്തമായേക്കാവുന്ന മാനസികമായ അസാധാരണത്വത്തിനെയാണ് മാനസികരോഗം (mental disorder) എന്നു വിളിക്കുന്നത്. ഇത്തരം അസ്വാഭാവികത രോഗിയുടെ സംസ്കാരത്തിന്റെ ഭാഗമല്ല എന്ന് പൊതുവിൽ തിരിച്ചറിയാവുന്നതാണ്. രോഗം കാരണമുള്ള വ്യഥയും ബലഹീനതകളും സാധാരണയാണ്. വ്യക്തി എന്താണ് അനുഭവിക്കുന്നതെന്നും (feels), എങ്ങനെയാണ് പെരുമാറുന്നതെന്നും (acts) എങ്ങനെയാണ് ചിന്തിക്കുന്നതെന്നും (thinks) അല്ലെങ്കിൽ മനസ്സിലാക്കുന്നതെന്നും (perceives) കണക്കിലെടുത്താണ് വിവിധ തരം മാനസിക രോഗങ്ങൾ നിർവ്വചിക്കപ്പെട്ടിരിക്കുന്നത്.
മാനസികരോഗങ്ങൾക്ക് തലച്ചോറിലെ പ്രത്യേക ഭാഗങ്ങളോടോ നാഡീവ്യൂഹത്തിന്റെ മറ്റു ഭാഗങ്ങളോടോ ബന്ധമുണ്ടായിരിക്കും. ഇത്തരം വ്യാധികളെ മനസ്സിലാക്കുന്നതും ചികിത്സിക്കുന്നതും മറ്റും കാലാകാലങ്ങളായി മാറിവരുന്നുണ്ട്. ഇപ്പോഴും മാനസിക രോഗങ്ങളുടെ വർഗ്ഗീകരണവും നിർവ്വചനങ്ങളും സംബന്ധിച്ച് ഏകാഭിപ്രായമില്ല. മാനസികാരോഗ്യവും മാനസിക രോഗങ്ങളും തമ്മിൽ ഒരു തുടർച്ചയുണ്ട് എന്നത് രോഗനിർണ്ണയം കൂടുതൽ വിഷമം പിടിച്ചതാക്കുന്നു. [1] ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ മിക്ക രാജ്യങ്ങളിലെയും മൂന്നിലൊന്നിൽ കൂടുതൽ ജനങ്ങളും ഒരിക്കലല്ലെങ്കിൽ മറ്റൊരിക്കൽ ഒന്നോ അതിലധികമോ സാധാരണ മാനസിക രോഗലക്ഷണങ്ങൾ കാണിക്കുന്നുണ്ട്. [2]
മാനസികരോഗങ്ങളുടെ കാരണങ്ങൾ പലതുണ്ട്. ഇവ ചിലപ്പോൾ വ്യക്തവുമായിരിക്കില്ല. മാനസികരോഗാശുപത്രികൾ, സൈക്കിയാട്രിസ്റ്റുകൾ, ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾ, സൈക്കിയാട്രിക് സമൂഹപ്രവർത്തകർ തുടങ്ങിയ വിദഗ്ദർ അതുപോലെ തന്നെ കൗൺസിലിംഗ്, ഹിപ്നോട്ടിസം, ഹിപ്നോതെറാപ്പി, യോഗ, മെഡിറ്റേഷൻ, മ്യൂസിക് തെറാപ്പി തുടങ്ങിയവ ഒക്കെ മാനസികരോഗചികിത്സയുടെ ഭാഗങ്ങളാണ്. സമൂഹത്തിലെ ഇടപെടലുകൾ, സുഹൃദ് വലയത്തിന്റെയും ബന്ധുക്കളുടെയും പിന്തുണ, സ്വയം സഹായം എന്നിവയും ചികിത്സയുടെ ഭാഗമാണ്. രോഗിയുടെ സമ്മതമില്ലാതെ തന്നെ ചില കേസുകളിൽ നിയമമനുവദിക്കുന്ന രീതിയിൽ തടഞ്ഞുവച്ചുള്ള ചികിത്സ ആവശ്യമായി വരും. അസുഖത്തെ ഒരു കളങ്കമായി സമൂഹം കാണുന്നതും വിവേചനവും രോഗി അനുഭവിക്കുന്ന വ്യഥയെ വർദ്ധിപ്പിക്കും.
ഇത്തരം ഒഴിച്ചുനിർത്തലുകൾ ഒഴിവാക്കാൻ ചില പദ്ധതികൾ നടപ്പാക്കപ്പെട്ടുവരുന്ന്ഉണ്ട്. രോഗചികിത്സയെക്കാളും രോഗം വരാതെ തടയുക എന്നതും മാനസിക സൗഖ്യം സംബന്ധിച്ച പുതിയ കാഴ്ച്ചപ്പാടാണ്. അതുകൊണ്ട് തന്നെ മാനസികാരോഗ്യം ഏറ്റവും പ്രധാനമാണ്.
Remove ads
മാനസിക രോഗവും പരിഹാരവും
ഇന്ത്യയിൽ 10 ആളുകൾ ഏതെങ്കിലും സമയത്ത് മാനസിക അസ്വാസ്ഥ്യം അനുഭവിക്കുന്നവരാണ്. അതിൽ 0.8 പേരും കടുത്ത മാനസിക രോഗികളാണ് (ഏകദേശം 1 കോടി ജനങ്ങൾ). അതായത് 1 കോടി കുടുംബം. ഒരാൾക്ക് മാനസിക ബുദ്ധിമുട്ടുണ്ടായാൽ അയാളുടെ കുടുംബം മുഴുവൻ ദുരിതത്തിലാകുന്നു. കേരളത്തിൽ 13.4 ആണ് കണക്ക്. ആത്മഹത്യയിലൂടെ പ്രതിവർഷം ലോകത്തിന് 8 ലക്ഷത്തോളം പേരെ നഷ്ടപ്പെടുന്നു. ഇന്ത്യക്ക് 1,40,000 പേരെയും കേരളത്തിന് 8,500 പേരെയും നഷ്ടമാകുന്നു. ഇന്ത്യയിൽ 5ാം സ്ഥാനത്താണ് കേരളം. കേരളത്തിൽ ദിനംപ്രതി 24 പേർ ആത്മഹത്യക്ക് കീഴടങ്ങുന്നു. 15–39 പ്രായത്തിൽ മരണകാരണത്തിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനം ആത്മഹത്യക്കാണ്. ഇന്ത്യയിൽ 16 കോടി ജനങ്ങൾ മദ്യം ഉപയോഗിക്കുന്നവരാണ്. ഇതിൽ 2.90 കോടി ജനങ്ങൾ മദ്യത്തിന് അടിമപ്പെട്ടവരാണ്. 3.1 കോടി ജനങ്ങൾ കഞ്ചാവ് ഉപയോഗിക്കുന്നവരും, 25 ലക്ഷം പേർ അടിമപ്പെട്ടവരുമാണ്. മറ്റു ലഹരി വസ്തുക്കളുടെ ഉപയോഗത്തിലും ഇന്ത്യ ഒട്ടും പിന്നിലല്ല.
ചികിഝാ വിടവാണ് ഏക്കാലത്തെയും ഏറ്റവും വല്യ വില്ലൻ. അതായത് മാനസിക രോഗം നിർണയിക്കപ്പെട്ടവരിൽ 70–86% പേർ ചികിത്സക്ക് വിധേയമാകുന്നില്ല. ആകെ 15 ശതമാനം പേർക്ക് മാത്രമേ ശരിയായ ചികിത്സ ലഭിക്കുന്നുള്ളൂ. വികസ്വര രാജ്യങ്ങളിൽ ആരോഗ്യ ബജറ്റിൻറെ 2ൽ താഴെ മാത്രമാണ് മാനസികാരോഗ്യത്തിന് വേണ്ടിയുള്ള നിക്ഷേപം. മാനസിക ആരോഗ്യ സേവനത്തിൻറെ ലഭ്യതക്കുറവ്, രോഗത്തെക്കുറിച്ചുള്ള അറിവില്ലായ്മ, ചികിത്സയെ പറ്റിയുള്ള തെറ്റിദ്ധാരണ, രോഗികളോടുള്ള വിവേചനം, അപമാന ഭയം മുതലായവയാണ് കാരണങ്ങൾ. സാമൂഹ്യപരമായും സാമ്പത്തിക പരമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്നവരിലും ലിംഗ ലൈംഗിക ന്യൂനപക്ഷ വിഭാഗത്തിനും മാനസികാരോഗ്യ സേവന ലഭ്യത കുറവാണ്.
കോവിഡിൻറെ പശ്ചാത്തലത്തിലുണ്ടായ ഭയം, ആശങ്ക, ഒറ്റപ്പെടൽ, സാമൂഹിക അകലം, അനിശ്ചിതത്വം, മാനസിക പിരിമുറുക്കം, സാമ്പത്തിക പ്രശ്നം, തൊഴിൽ പരമായ സമ്മർദ്ദം മുതലായവ മാനസികാരോഗ്യത്തെ വീണ്ടും ദുർബലപ്പെടുത്തുന്ന ഘടകങ്ങളാണ്. ലോകത്തിൻറെ അസന്തുലിതാവസ്ഥയും ചികിത്സ വിടവും വീണ്ടും കൂടി. ഈ കാലഘട്ടത്തിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ ലോകമെമ്പാടും കൂടിയെങ്കിലും നിക്ഷേപവും ശ്രദ്ധയും കോവിഡിലേക്കും ശാരീരിക പ്രശ്നങ്ങളിലേക്കും മാത്രം തിരിഞ്ഞതാണ് മുഖ്യ കാരണം. ലോക് ഡൗൺ മൂലം ചികിത്സ മുടങ്ങിയതും മാനസിക രോഗം വർധിക്കാൻ ഇടയാക്കി.
ലിംഗ ലൈംഗിക ന്യൂനപക്ഷ സമൂഹം (LGBTIA+) കുട്ടിക്കാലം മുതലുള്ള കളിയാക്കലുകൾ ലൈംഗികാതിക്രമങ്ങൾ, ശാരീരിക അതിക്രമങ്ങൾ, മാറ്റി നിർത്തലുകൾ, സ്വയം ആരാണ് എന്താണ് എന്നുള്ള നിരന്തര സമസ്യകൾ മൂലം കഷ്ടപ്പെടാറുണ്ട്. നിർബന്ധിത വിവാഹം, വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിയാത്തവർ, കുടംബത്തിൽ നിന്നുള്ള തിരസ്കരണം, പങ്കാളിയെ ലഭിക്കാത്ത അവസ്ഥ ഇത്തരം നിരവധി പ്രശ്നങ്ങളാണ് ഇക്കൂട്ടർ അഭിമുഖീകരിക്കുന്നത്. തന്മൂലം ഉണ്ടാകുന്ന മാനസിക സമ്മർദ്ദം വലുതാണ്. ഇവരുടെ മാനസിക പ്രശ്നങ്ങൾക്ക് ശ്രദ്ധ ലഭിക്കേണ്ടതുണ്ട്. അവർക്കും മാനസികാരോഗ്യ സേവനം ഉറപ്പ് വരുത്തേണ്ടതുണ്ട്.
സ്ത്രീധനത്തിൻറെ പേരിലും മറ്റും വർധിച്ചു വരുന്ന ഗാർഹികപീഡനം, സ്ത്രീകൾക്ക് നേരെയുള്ള മാനസികവും ശാരീരികവും ലൈംഗികവുമായ പീഡനങ്ങൾ, സൈബർ അതിക്രമങ്ങൾ തുടങ്ങിയവ കൂടി വരുന്നു. 2017 മുതൽ 2021 വരെ പ്രണയവുമായി ബന്ധപ്പെട്ട് 350 മരണം കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സാങ്കേതികവിദ്യയുടെ സ്വാധീനം മൂലമുണ്ടായ അക്ഷമയും, പുരുഷ കേന്ദ്രീകൃത സമൂഹത്തിലെ പാകപ്പിഴയും കാരണം സ്ത്രീകളാണ് കൂടുതലും ഇരകളാകേണ്ടി വരുന്നത്.
കോവിഡ് എന്ന മഹാമാരി മൂലം ഏറ്റവും കൂടുതൽ പ്രയാസം നേരിട്ടത് കുട്ടികളാണ്. സ്വാതന്ത്രമില്ലായ്മ (സഞ്ചരിക്കാനോ കളിക്കാൻ പോകുവാനോ പറ്റാത്ത അവസ്ഥ), കൂട്ടുകാരെയോ, ബന്ധുക്കളെയോ, അധ്യാപകരെയോ കാണാൻ സാധിക്കാത്തത്. കോവിഡിനെക്കുറിച്ച് വാർത്തകൾ നിരന്തരം മുഖ്യാധാര മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. ഇവയെല്ലാം മാനസിക സമ്മർദ്ദം കൂട്ടി.
മറ്റൊരു പ്രധാനപ്പെട്ട പ്രശ്നമാണ് ഡിജിറ്റൽ അടിമത്തം. അമിതമായ ഫോൺ, കമ്പ്യൂട്ടർ ഉപയോഗം, ഗയിമുകൾ എന്നിവയിലെ അടിമത്തം. രാത്രി വൈകിയും ഫോണിൽ സമയം ചിലവഴിക്കുന്നു. ഇത് ഉറക്കക്കുറവിലേക്ക് നയിക്കുന്നു.
ഉറക്കക്കുറവ്, വിഷാദരോഗം, ഉത്കണ്ഠ, അമിത ദേഷ്യം, സാധനങ്ങൾ നശിപ്പിക്കുന്നത് പോലുള്ള സ്വഭാവമാറ്റം തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. 2020ൽ കുട്ടികളുടെ ഇടയിൽ 323 ആത്മഹത്യയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇത് മുൻ വർഷത്തേക്കാൾ വളരെ കൂടുതലാണ്. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും പുറകേയാണ് ഇപ്പോഴും വലിയൊരു ശതമാനം മലയാളികളും. വിദ്യാഭ്യാസം കൂടിയവർ പോലും മാനസികാരോഗ്യ വിദഗ്ധരെ വേണ്ട സമയം കണ്ട് ചികിത്സ എടുക്കുന്നതിൽ വിമുഖത കാണിക്കുന്നു. ആരോഗ്യ പ്രവർത്തകരുടെ ഇടയിൽ പോലും തെറ്റിദ്ധാരണ നിലനിൽക്കുന്നു. ഇത് റഫറൽ സംവിധാനത്തിനു വിഘാതം സൃഷ്ടിക്കുന്നു. ഫലമോ വിലപ്പെട്ട ജീവനുകൾ പൊലിയുന്നു. ആയതിനാൽ ചികിത്സ വിടവ് നികത്തുക എന്നുള്ളത് അത്യാന്താപേക്ഷിതമാണ്. ശാരീരിക രോഗം പോലെ മാനസിക വെല്ലുവിളി നേരിടുന്നവർക്കും തുല്യ പ്രാധാന്യവും സേവനവും ലഭിക്കേണ്ടത് അത്യാവശ്യമാണ്. മാനസിക ആരോഗ്യ ചികിഝയ്ക്ക് ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പ് വരുത്തേണ്ടതുണ്ട്.
Remove ads
പരിഹാരം, ചികിത്സ
കൂടുതൽ വായനയ്ക്ക്
പുറത്തേയ്ക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads