മുയൽ (നക്ഷത്രരാശി)

From Wikipedia, the free encyclopedia

മുയൽ (നക്ഷത്രരാശി)
Remove ads

ദക്ഷിണാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ്‌ മുയൽ (Lepus). പേര്‌ സൂചിപ്പിക്കുംപോലെ ഇതിന്‌ ഒരു മുയലിന്റെ ആകൃതി കല്പിക്കപ്പെടുന്നു. ഇതിലെ നക്ഷത്രങ്ങൾ താരതമ്യേന പ്രകാശമാനം കുറഞ്ഞവയാണ്‌. M79 എന്ന ഒരു മെസ്സിയർ വസ്തു ഈ നക്ഷത്രരാശിയിലുണ്ട്‌. ഇത് ഒരു ഗോളീയ താരവ്യൂഹമാണ്‌. ടോളമി പട്ടികപ്പെടുത്തിയ 48 രാശികളിലും 88 ആധുനിക നക്ഷത്രസമൂഹങ്ങളിലും ഇത് ഉൾപ്പെടുന്നുണ്ട്.

വസ്തുതകൾ
Remove ads

ചരിത്രവും ഐതിഹ്യവും

Thumb
യുറാനിയാസ് മിററിൽ ചിത്രീകരിച്ചിരിക്കുന്ന മുയൽ രാശി (1825)

ഓറിയോൺ വേട്ടയാടുന്ന മുയലായിട്ടാണ് ഇതിനെ സങ്കല്പിച്ചിരിക്കുന്നത്. വേട്ടക്കാരന്റെ രണ്ടു നായ്ക്കൾ (കാനിസ് മേജറും കാനിസ് മൈനറും) അതിനെ പിന്തുടരുന്നതായും വിവരിക്കുന്നു.[1]

ഈ രാശിയിലെ നാല് നക്ഷത്രങ്ങൾ (α, β, γ, δ) ചേർന്ന് ഒരു ചതുർഭുജം ഉണ്ടാക്കുന്നു. ഇത് ജൗസയുടെ സിംഹാസനം എന്ന അർത്ഥം 'അർഷ് അൽ-ജൗസ' എന്നറിയപ്പെടുന്നു.

നക്ഷത്രങ്ങൾ

Thumb
നഗ്നനേത്രങ്ങൾ കൊണ്ടു കാണാൻ കഴിയുന്ന മുയൽ രാശി

ഭൂമിയിൽ നിന്ന് 1300 പ്രകാശവർഷം അകലെയുള്ള ഒരു വെള്ള അതിഭീമൻ നക്ഷത്രമാണ് ആൽഫ ലെപോറിസ്. ഇതിന്റെ കാന്തിമാനം 2.6 ആണ്. ഇതിന് അർനെബ് എന്ന പേരു നൽകിയിട്ടുണ്ട്. മുയൽ എന്നർത്ഥം വരുന്ന അർണാബ് (أرنب ’arnab) എന്ന അറബി വാക്കിൽ നിന്നാണ് ഈ പേര് സ്വീകരിച്ചിട്ടുള്ളത്.[2] ബീറ്റാ ലെപോറിസ് നിഹാൽ എന്ന പേരിൽ അറിയപ്പെടുന്നു. അറബിയിൽ ദാഹം ശമിപ്പിക്കുന്നത് എന്നാണർത്ഥം.[2] ഭൂമിയിൽ നിന്ന് 159 പ്രകാശവർഷം അകലെയുള്ള ഒരു മഞ്ഞ ഭീമനാണ് ഇത്. ഇതിന്റെ കാന്തിമാനം 2.8 ആണ്. ബൈനോക്കുലറിൽ കൂടി വേർതിരിച്ചു കാണാൻ കഴിയുന്ന ഒരു ഇരട്ട നക്ഷത്രമാണ് ഗാമാ ലെപോറിസ്. ഭൂമിയിൽ നിന്ന് 29 പ്രകാശവർഷം അകലെയുള്ള പ്രാഥമിക നക്ഷത്രത്തിന്റെ കാന്തിമാനം 3.6 ആണ്. ഇത് ഒരു മഞ്ഞ നക്ഷത്രമാണ്. കാന്തിമാനം 6.2 ഉള്ള ഓറഞ്ച് നക്ഷത്രമാണ് രണ്ടാമത്തേത്. ഭൂമിയിൽ നിന്ന് 112 പ്രകാശവർഷം അകലെയുള്ള ഡെൽറ്റ ലെപ്പോറിസിന്റെ കാന്തിമാനം 3.8 ആണ്. ഇത് ഒരു മഞ്ഞ ഭീമനാണ്. കാന്തിമാനം 3.2 ഉള്ള എപ്സിലോൺ ലെപ്പോറിസ് എന്ന ഓറഞ്ച് ഭീമൻ ഭൂമിയിൽ നിന്ന് 227 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്നു.[3] ഇടത്തരം അപ്പേർച്ചർ ഉള്ള അമേച്വർ ദൂരദർശിനിയിൽ കൂടി വേർതിരിച്ചു കാണാൻ കഴിയുന്ന ഒരു ഇരട്ട നക്ഷത്രമാണ് കാപ്പ ലെപോറിസ്. ഇത് ഭൂമിയിൽ നിന്ന് 560 പ്രകാശവർഷം അകലെയാണുള്ളത്. കാന്തിമാനം 4.4 ഉള്ള ഒരു നീല നക്ഷത്രമാണ് പ്രാഥമികം.രണ്ടാമത്തെ നക്ഷത്രത്തിന്റെ കാന്തിമാനം 7.4 ആണ്.[1]

മുയൽ രാശിയിൽ നിരവധി ചരനക്ഷത്രങ്ങളുണ്ട്. ആർ ലെപോറിസ് ഒരു മിറ ചരനക്ഷത്രമാണ്. അതിൻ്റെ ശ്രദ്ധേയമായ ചുവപ്പ് നിറം കാരണവും ഇതിനെ കണ്ടെത്തിയ ജോൺ റസ്സൽ ഹിന്ദിന്റെ ബഹുമാനാർത്ഥവും "ഹിന്ദ്സ് ക്രിംസൺ സ്റ്റാർ" എന്നും വിളിക്കുന്നു. ഇതിന്റെ കാന്തിമാനം കുറഞ്ഞത് 9.8 മുതൽ പരമാവധി 7.3 വരെ വ്യത്യാസപ്പെടുന്നു. 420 ദിവസമാണ് ഇതിനെടുക്കുന്ന കാലയളവ്. ആർ ലെപോറിസ് ഭൂമിയിൽ നിന്നും 1500 പ്രകാശവർഷം അകലെയാണ്. നക്ഷത്രം തിളക്കം വർദ്ധിക്കുന്നതിനനുസരിച്ച് ചുവപ്പു നിറം കൂടുതൽ തീവ്രമാകുന്നു.[4] യൂറോപ്യൻ സതേൺ ഒബ്സർവേറ്ററിയുടെ വെരി ലാർജ് ടെലിസ്കോപ്പ് ഇൻ്റർഫെറോമീറ്റർ വിശദമായി നിരീക്ഷിച്ച ഒരു മിറ ചരനക്ഷത്രമാണ് ടി ലെപോറിസ് .[5] RX ലെപോറിസ് ഒരു ചുവപ്പുഭീമൻ ചരനക്ഷത്രമാണ്. 2 മാസ കാലയളവിൽ ഇതിൻ്റെ കാന്തിമാനം 7.4നും 5.0നും ഇടയിൽ മാറിക്കൊണ്ടിരിക്കും.[6]

Remove ads

വിദൂരാകാശപദാർത്ഥങ്ങൾ

മുയൽ രാശിയിൽ M79 എന്ന ഒരു മെസ്സിയർ വസ്തു ഉണ്ട് . ഭൂമിയിൽ നിന്ന് 42,000 പ്രകാശവർഷം അകലെയുള്ള ഈ ഗോളീയ താരവ്യൂഹത്തിന്റെ കാന്തിമാനം 8.0 ആണ്. വടക്കൻ അർദ്ധഖഗോളത്തിൽ ശൈത്യകാലത്ത് കാണുന്ന ചുരുക്കം ഗോളീയ താരവ്യൂഹങ്ങളിൽ ഒന്നാണിത്. 1780ൽ പിയറി മെചേയിൻ ആണ് ഇതിനെ കണ്ടെത്തിയത് [7].

അവലംബങ്ങൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads