യുറേഷ്യ
ഭൂഖണ്ഡം From Wikipedia, the free encyclopedia
Remove ads
പരമ്പരാഗതഭൂഖണ്ഡങ്ങളായ യൂറോപ്പ്, ഏഷ്യ എന്നിവ ഉൾക്കൊള്ളുന്ന ഒരു ബൃഹത്‌ഭൂഖണ്ഡമാണ് യുറേഷ്യ (യൂറോപ്പ്, ഏഷ്യ എന്നീ വാക്കുകൾ കൂട്ടിച്ചേർത്താണ് യൂറേഷ്യ എന്ന പദമുണ്ടായത്). ഏകദേശം 5,29,90,000 ചതുരശ്രകിലോമീറ്റർ (2,08,46,000 ചതുരശ്രമൈൽ) വിസ്തൃതിയുള്ള യൂറേഷ്യ, ഭൂമിയുടെ ഉപരിതലവിസ്തീർണ്ണത്തിന്റെ 10.6% വരും (കരഭാഗത്തിന്റെ 36.2%). ഇതിന്റെ ഏറിയപങ്കും ഭൂമിയുടെ കിഴക്കൻ ഉത്തരാർദ്ധഗോളത്തിൽ സ്ഥിതിചെയ്യുന്നു. പ്ലേറ്റ് ടെക്സോണിയൽ സിദ്ധാന്തം അനുസരിച്ച് ഇന്ത്യൻ ഉപഭൂഖണ്ഡവും അറേബ്യൻ ഉപഭൂഖണ്ഡവും കിഴക്കൻ സാഖ പ്രദേശവുമൊഴിച്ചുള്ളവ യുറേഷ്യൻ പാളിയിലാണ്. ഇങ്ങനെ നോക്കിയാൽ ഇന്ത്യൻ ഉപഭൂഖണ്ഡം, അറേബ്യൻ ഉപഭൂഖണ്ഡം, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ ഇവയെ മാറ്റിനിർത്തിയുള്ള മുൻ സോവിയറ്റ് രാജ്യങ്ങൾ, മധ്യപടിഞ്ഞാറൻ റഷ്യ, മധേഷ്യ, ട്രാൻസ്‌കൊക്കേഷ്യൻ റിപ്പബ്ലിക് (ആർമീനിയ, അസർബയ്ജാൻ, ജോർജിയ) എന്നിവയും യൂറോപ്പും ചേർന്ന ഭാഗമാണ് യുറേഷ്യ. ഇങ്ങനെ രണ്ടർത്ഥത്തിലും യുറേഷ്യ എന്ന പദം ഉപയോഗിക്കുന്നു.

ഭൂമിശാസ്ത്രപരമായി യൂറോപ്പും ഏഷ്യയും ഒറ്റ ഭൂഖണ്ഡമാണെങ്കിലും,[1] പുരാതന ഗ്രീക്ക് റോമൻ കാലഘട്ടം മുതലേ ഇവ രണ്ടായി കണക്കാക്കുന്നു. എന്നാൽ ഇവ തമ്മിലുള്ള അതിർത്തി വ്യക്തവുമല്ല. പലപ്രദേശങ്ങളിലും യൂറോപ്പ് ഏഷ്യയിലേക്കും ഏഷ്യ യൂറോപ്പിലേക്കും സംക്രമണം ചെയ്തിരിക്കുന്നു. കിഴക്കൻ യൂറോപ്പും പടിഞ്ഞാറൻ ഏഷ്യയും ഏതാണ്ട് ഒന്നുതന്നെയാവുന്നതും ഇസ്താംബൂൾ പോലുള്ള നഗരങ്ങൾ രണ്ടു വൻകരകളുടെ സ്വഭാവം കാണിക്കുന്നതിനും കാരണം മറ്റൊന്നല്ല. സൂയസ് കനാൽ പ്രദേശത്ത് യൂറേഷ്യയും ആഫ്രിക്കൻ ഭൂഖണ്ഡവും ഒത്തുചേരുന്നതിനാൽ, യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നീ മൂന്നു ഭൂഖണ്ഡങ്ങളേയും ഒരുമിച്ച് ആഫ്രോ-യുറേഷ്യ എന്ന ഒറ്റ ബൃഹത്‌ഭൂഖണ്ഡമായും വിഭാവനം ചെയ്യപ്പെടാറുണ്ട്. 400 കോടിയോളം ജനങ്ങൾ, അതായത് ലോകജനസംഖ്യയുടെ 72.5% പേർ യൂറേഷ്യയിൽ അധിവസിക്കുന്നു. (ഏഷ്യയിൽ 60-ഉം യൂറോപ്പിൽ 12.5 ശതമാനവും)
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads