സുഷമാ സ്വരാജ്

ഭാരതീയ ജനതാ പാർട്ടിയുടെ മുതിർന്ന നേതാവ് From Wikipedia, the free encyclopedia

സുഷമാ സ്വരാജ്
Remove ads

ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകയും മുൻ സുപ്രീം കോടതി അഭിഭാഷകയും ഭാരതീയ ജനതാ പാർട്ടിയുടെ മുതിർന്ന നേതാവുമായിരുന്നു സുഷമാ സ്വരാജ് (ഹിന്ദി: सुषमा स्वराज ഉച്ചാരണം (ജനനം: 14 ഫെബ്രുവരി 1953 - മരണം: 6 ഓഗസ്റ്റ് 2019). 2014 മെയ് 26 മുതൽ 2019 മെയ് 30 വരെ ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ദിരാഗാന്ധിക്ക് ശേഷം രണ്ടാമതായി ഈ സ്ഥാനം വഹിച്ച വനിതയാണ് സുഷമ. ലോക സഭയിലെ വളരെ മുതിർന്ന നേതാവുകൂടിയായ ഇവർ പത്ത് തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടുണ്ട്. ഡെൽഹിയുടെ ആദ്യ വനിതാമുഖ്യമന്ത്രി എന്ന ബഹുമതിയും സുഷമാ സ്വരാജിനുള്ളതാണ് (12 ഒക്ടോബർ 1998 മുതൽ 3 ഡിസംബർ 1998)[1]. ഹരിയാന നിയമസഭ കണ്ട ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി എന്ന സ്ഥാനവും സുഷമാ സ്വരാജിനുള്ളതാണ്[2] [3]. 1977 ൽ ഇവർ ഹരിയാന നിയമസഭയിൽ, ദേവിലാലിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ തൊഴിൽ വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ കേവലം 25 വയസ്സായിരുന്നു പ്രായം. ഇന്ത്യയിലെ ഏതെങ്കിലും ഒരു രാഷ്ട്രീയപാർട്ടിയുടെ വക്താവാകുന്ന ആദ്യ വനിതയും സുഷമയാണ്. [4]

വസ്തുതകൾ സുഷമാ സ്വരാജ്, വിദേശ കാര്യ മന്ത്രി ...
Remove ads

ആദ്യകാല ജീവിതം

ഹരിയാനയിലുള്ള പാൽവാൽ എന്ന സ്ഥലത്താണ് സുഷമാ സ്വരാജ് ജനിച്ചത്. അച്ഛൻ ഹർദേവ് ശർമ്മ അറിയപ്പെടുന്ന ഒരു ആർ.എസ്.എസ് പ്രവർത്തകനായിരുന്നു. കുട്ടിക്കാലത്തു തന്നെ അസാമാന്യ ഓർമ്മശക്തി പ്രകടിപ്പിച്ചിരുന്നു സുഷമ. സംസ്കൃതവും, രാഷ്ട്രശാസ്ത്രവും ഐഛിക വിഷയമായെടുത്ത് അവർ ബിരുദം കരസ്ഥമാക്കി. പഞ്ചാബ് സർവ്വകലാശാലയിൽ നിന്നും നിയമബിരുദം നേടിയശേഷം സുപ്രീംകോടതിയിൽ വക്കീൽ ആയി ജോലി നോക്കാൻ തുടങ്ങി [5]. 1970 ൽ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് എന്ന വിദ്യാർത്ഥി സംഘടനയിലൂടെയാണ് സുഷമ രാഷ്ട്രീയത്തിലേക്ക് കാൽവെക്കുന്നത്. വിദ്യാർത്ഥി ജീവിതത്തിൽ തന്നെ സുഷമ അറിയപ്പെടുന്ന ഒരു പ്രസംഗക ആയിരുന്നു.

Remove ads

രാഷ്ട്രീയ ജീവിതം

വിദ്യാർത്ഥി രാഷ്ട്രീയത്തിൽ നിന്നും സുഷമ ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയർന്നു. 1975 ലെ അടിയന്തരാവസ്ഥക്കെതിരേ ശക്തമായ പ്രചാരണം നടത്തി. 1977 മുതൽ 1982 വരേയും, 1987 മുതൽ 90 വരേയും ഹരിയാന നിയമസഭയിൽ അംഗമായിരുന്നു. ഹരിയാനയിൽ ബി.ജെ.പി-ലോക്ദൾ സഖ്യത്തിലൂടെ അധികാരത്തിൽ വന്ന മന്ത്രിസഭയിൽ സുഷമാസ്വരാജ് വിദ്യാഭ്യാസ മന്ത്രിയായിരുന്നു. ദേവിലാൽ ആയിരുന്നു മുഖ്യമന്ത്രി. വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ അവരുടെ നേതൃത്വപാടവം, ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റ് എന്ന സ്ഥാനത്തേക്ക് സുഷമയെ ഉയർത്തി. പാകിസ്താനിൽ നിന്നുള്ള ബാലന് ഇന്ത്യയിൽ ചികിത്സ ലഭ്യമാക്കിയത് വിവിധ മേഖലകളിൽ നിന്നുള്ള പ്രശംസ പിടിച്ചു പറ്റാൻ ഇടയാക്കി.[6]

Thumb
ഒരു സ്വകാര്യ ചടങ്ങിൽ
  • 1977-82 & 1987-90 : ഹരിയാന നിയമസഭാംഗം (രണ്ട് തവണ)
  • 1977-79 : ഹരിയാന തൊഴിൽ വകുപ്പ് മന്ത്രി, .
  • 1987-90 : വിദ്യാഭ്യാസ വകുപ്പ് മന്ത്രി, ഹരിയാന സംസ്ഥാന മന്ത്രി സഭ.
  • 1990 : രാജ്യസഭാംഗം
  • 1994-96 : കമ്മറ്റി ഓൺ ഗവൺമെന്റ് അഷ്വറൻസ് , രാജ്യസഭ.
  • 16 മെയ്-1 ജൂൺ. 1996 : പതിനൊന്നാം ലോക സഭാംഗം
  • 1996-98 : കേന്ദ്രമന്ത്രി, ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ്
  • 1998 : പ്രതിരോധ വകുപ്പ് കമ്മറ്റി അംഗം
  • 13 ഒക്ടോബർ- 3 ഡിസംബർ 1998 : കമ്മറ്റി ഓഫ് പ്രിവിലേജസ് അംഗം
  • 1998-1999 : 12 ആം ലോകസഭാംഗം (രണ്ടാം തവണ)
  • ഏപ്രിൽ. 2000 : കേന്ദ്രമന്ത്രി, ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ്; & ടെലികമ്മ്യൂണിക്കേഷൻസ് (അധികചുമതല)
  • 13 ഒക്ടോബർ മുതൽ-3 ഡിസംബർ 1998 : മുഖ്യമന്ത്രി - ഡെൽഹി (ഡെൽഹിയുടെ ആദ്യ വനിതാ മുഖ്യമന്ത്രി)
  • ഓഗസ്റ്റ് 2004 - 2009 : രാജ്യസഭാംഗം (രണ്ടാം തവണ).
  • സെപ്തംബർ 1999-2004 കേന്ദ്ര മന്ത്രി, ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ്.
  • ഒക്ടോബർ 1999- 2004 : കേന്ദ്രമന്ത്രി, ആരോഗ്യം - കുടുംബക്ഷേമം .
  • ഏപ്രിൽ 2006 : ചെയർപേഴ്സൺ കമ്മറ്റീ ഫോർ ഹോം അഫയേഴ്സ്, രാജ്യസഭ.
Remove ads

ലോകസഭാ അംഗം

1990 ഏപ്രിലിൽ സുഷമാ സ്വരാജ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1990 മുതൽ 1996 വരെയുള്ള കാലഘട്ടത്തിലേക്കായിരുന്നു ഇത്. 1996 ൽ പതിനൊന്നാം ലോകസഭയിലേക്ക് ദക്ഷിണ ഡെൽഹിയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു [7]. കോൺഗ്രസ്സിലെ പ്രബലനായിരുന്ന കപിൽ സിബലിനേയായിരുന്നു അന്ന് സുഷമ പരാജയപ്പെടുത്തിയത്. 114006 വോട്ടുകളുടെ വ്യത്യാസത്തിനായിരുന്നു ലോകസഭയിലേക്കുള്ള സുഷമയുടെ കന്നി വിജയം [8]. 13 ദിവസം മാത്രം ആയുസ്സുണ്ടായിരുന്ന ആ മന്ത്രിസഭയിൽ സുഷമ, ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിംഗ് വകുപ്പ് മന്ത്രിയായിരുന്നു. തുടർന്നു നടന്ന തിരഞ്ഞെടുപ്പിൽ സുഷമ വീണ്ടും അതേ മണ്ഡലത്തിൽ നിന്നും 12-ആം ലോകസഭയിലേക്കു തിരിച്ചെത്തി. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ അജയ് മാക്കനെയാണ് 116713 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ സുഷമ പരാജയപ്പെടുത്തിയത് [9]. വാജ്പേയി മന്ത്രി സഭയിൽ വീണ്ടും ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിംഗ് വകുപ്പിന്റെ നേതൃത്വം ഏറ്റെടുത്തു. ഇത്തവണ ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെ അധിക ചുമതല കൂടിയുണ്ടായിരുന്നു.

ഡെൽഹി മുഖ്യമന്ത്രി

1998 ൽ കേന്ദ്രമന്ത്രിസഭയിൽ നിന്നും രാജിവെച്ച് അവർ ഡെൽഹി നിയമസഭയിലേക്കു മത്സരിച്ചു. ഡെൽഹിയിലെ ഹൗസ് ഖാസ് മണ്ഡലത്തിൽ കോൺഗ്രസ്സിന്റെ പ്രൊഫസർ കിരൺ വാലിയെ ആണ് സുഷമ പരാജയപ്പെടുത്തിയത് [10]. സുഷമസ്വരാജ് ഡെൽഹിയുടെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയായി ചുമതലയേറ്റു.

സോണിയാ ഗാന്ധിക്കെതിരേ മത്സരം

1999 ൽ കർണ്ണാടകയിലെ ബെല്ലാരിയിൽ നിന്നും കോൺഗ്രസ്സിന്റെ സോണിയാ ഗാന്ധിക്കെതിരേ മത്സരിക്കാൻ പാർട്ടി സുഷമാ സ്വരാജിനോടാവശ്യപ്പെട്ടു. പാരമ്പര്യമായി കോൺഗ്രസ്സിനെ മാത്രം തുണയ്ക്കുന്ന ഒരു മണ്ഡലമാണ് ബെല്ലാരി. വളരെ ചുരുങ്ങിയ ദിവസത്തെ തിരഞ്ഞെടുപ്പു പര്യടനം കൊണ്ടു മാത്രം ബി.ജെ.പിക്ക് യാതൊരു അടിത്തറയുമില്ലാത്ത ബെല്ലാരി മണ്ഡലത്തിൽ സുഷമ 3,58,550 വോട്ടുകൾ നേടി [11]. 56,100 വോട്ടുകൾക്കാണ് സുഷമ അന്ന് പരാജയപ്പെട്ടത് [12].

Remove ads

വീണ്ടും പാർലമെന്റിലേക്ക്

ഏപ്രിൽ 2000 ത്തിൽ ഉത്തർപ്രദേശിൽ നിന്നും സുഷമ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഉത്തർപ്രദേശിൽ നിന്നും, ഉത്തരാഖണ്ഡ് വേർപെടുത്തിയപ്പോൾ സുഷമ ഉത്തരാഖണ്ഡ് മണ്ഡലത്തിൽ നിന്നുള്ള രാജ്യസഭാംഗം ആയി മാറ്റപ്പെട്ടു [13]. സുഷമാ സ്വരാജിന്റെ കഴിവും രാഷ്ട്രീയ പക്വതയും അവരെ കേന്ദ്ര മന്ത്രി സഭയിലെത്തിച്ചു. സെപ്തംബർ 2000 മുതൽ ജനുവരി 2003 വരെ സുഷമ ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിംഗ് വകുപ്പിന്റെ മന്ത്രി ആയിരുന്നു. പിന്നീട്, ജനുവരി 2003 മുതൽ മെയ് 2004 വരെ ആരോഗ്യ-കുടുംബക്ഷേമ വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയായി മാറി.

Thumb
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെയൊപ്പം

ഇറ്റാലിയൻ പൗരത്വം കയ്യാളുന്ന സോണിയാ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായാൽ താൻ, തല മുണ്ഡനം ചെയ്ത്, വെള്ള സാരിയുടുത്ത് ധാന്യങ്ങൾ മാത്രം ഭക്ഷിച്ച് വെറു നിലത്തു കിടന്നു ജീവിക്കും എന്ന പ്രസ്താവന വളരെയധികം ഒച്ചപ്പാടുണ്ടാക്കി. ഈ പ്രസ്താവനയുടെ പേരിൽ സുഷമ ധാരാളം വിമർശനങ്ങൾ ക്ഷണിച്ചു വരുത്തി. എന്നാൽ താൻ, ധീര യോദ്ധാവായിരുന്ന മഹാറാണ പ്രതാപിന്റെ കാലടികൾ പിന്തുടരുക മാത്രമാണെന്ന് വിമർശനങ്ങൾക്ക് മറുപടിയായി സുഷമ പറയുകയുണ്ടായി. ഏപ്രിൽ 2006 ൽ സുഷമ വീണ്ടും രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. ഇത്തവണ മദ്ധ്യപ്രദേശ് സംസ്ഥാനത്തിന്റെ നാമനിർദ്ദേശത്തിലാണ് അവർ രാജ്യസഭയിലെത്തിയത്. ഇക്കാലയളവിൽ രാജ്യസഭയിലെ ബി.ജെ.പിയുടെ ഉപാദ്ധ്യക്ഷ ആയിരുന്നു സുഷമ. 2009 ലെ പൊതു തിരഞ്ഞെടുപ്പിൽ മദ്ധ്യപ്രദേശിലെ വിദിഷ മണ്ഡലത്തിൽ നിന്നും സുഷമ വീണ്ടും ലോക സഭയിലെത്തി. തൊട്ടടുത്ത എതിർസ്ഥാനാർത്ഥിയേക്കാൾ ഏതാണ്ട് 4,00,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുഷമ ആ തിരഞ്ഞെടുപ്പിൽ വിജയിച്ചത്. സമാജ് വാദി പാർട്ടിയിലെ, ചൗധരി മുനാബ്ബർ സലിം ആയിരുന്നു സുഷമയുടെ പ്രധാന എതിരാളി [14]

Remove ads

പ്രതിപക്ഷനേതാവ്

ഡിസംബർ 2009 മുതൽ സുഷമാ സ്വരാജ് പതിനഞ്ചാം ലോകസഭയിൽ പ്രതിപക്ഷനേതാവിന്റെ പദവി അലങ്കരിക്കുന്നു [15][16].

വ്യക്തിജീവിതം

സുപ്രീംകോടതിയിലെ മുതിർന്ന വക്കീലായ സ്വരാജ് കൗശലിനെ വിവാഹം കഴിച്ചു. 1990-1993 കാലഘട്ടത്തിൽ മിസോറാം സംസ്ഥാനത്തിന്റെ ഗവർണർ ആയിരുന്നു സ്വരാജ് കൗശൽ. തന്റെ മുപ്പത്തി ഏഴാമത്തെ വയസ്സിലാണ് സ്വരാജ് ആദ്യമായി ഗവർണർ പദം അലങ്കരിക്കുന്നത്. 1998 മുതൽ 2004 വരെ സ്വരാജ് കൗശൽ പാർലമെന്റംഗമായിരുന്നു. 1998 ൽ സ്വരാജ് രാജ്യസഭാംഗമായിരുന്നു, അതേസമയം തന്നെ സുഷമ ലോകസഭാംഗവും ആയിരുന്നു. 2000-2004 കാലഘട്ടത്തൽ ഇരുവരും രാജ്യസഭാംഗങ്ങളായിരുന്നു. ഏക മകൾ ഭാൻസുരി സ്വരാജ്, ഓക്സ്ഫോർഡ് സർവ്വകലാശാലയിൽ നിന്നും നിയമബിരുദം കരസ്ഥമാക്കിയശേഷം സുപ്രീംകോടതിയിൽ വക്കീൽ ആയി സേവനം അനുഷ്ഠിക്കുന്നു.

Remove ads

മരണം

ഹൃദയാഘാതത്തെ തുടർന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ എത്തിച്ചെങ്കിലും 2019 ഓഗസ്റ്റ് 6 രാത്രി 11 മണിക്ക് അന്തരിച്ചു.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads