സുൽത്താന റസിയ

From Wikipedia, the free encyclopedia

സുൽത്താന റസിയ
Remove ads

ഇന്ത്യ ഭരിച്ചിരുന്ന ഏക മുസ്ലിം വനിതാ ഭരണാധികാരിയായിരുന്നു സുൽത്താന റസിയ. ദില്ലി സുൽത്താനത്തിലെ ആദ്യ രാജവംശമായ മംലൂക്ക് രാജവംശത്തിലെ സുൽത്താൻ ഇൽത്തുമിഷിന്റെ പുത്രിയായിരുന്നു റസിയ. സ്വസഹോദരൻ വധിക്കപ്പെട്ടതിനെത്തുടർന്നാണ് അവർ ഡൽഹിയിലെ സുൽത്താനയായി അവരോധിതയായത്. എന്നാൽ കേവലം നാലു വർഷക്കാലമേ റസിയക്ക് ഡൽഹി സൽത്തനത്ത്ന്റെ ഭരണസാരദ്ധ്യം കയ്യാളുവാൻ സാധിച്ചുള്ളു. ഉപജാപങ്ങളെത്തുടർന്ന് മറ്റൊരു സഹോദരനായ രുക്നുദ്ദീൻ ഫിറൂസ് സുൽത്താനായി സ്ഥാനമേറ്റു. റസിയ യുദ്ധം ചെയ്തെങ്കിലും പരാജയത്തിൽ കലാശിച്ചു. പുരുഷ വേഷം ധരിച്ചായിരുന്നു അവർ യുദ്ധം ചെയ്തത്. യുദ്ധത്തിൽ പരാജയപ്പെട്ട റസിയക്ക് ഓടി രക്ഷപെടേണ്ടി വന്നു.

വസ്തുതകൾ സുൽത്താന റസിയ, ഭരണകാലം ...


Thumb
Coins of Sultan Razia
Remove ads

ആദ്യകാലം

ഒരു തുർക്കി അടിമയായി[1] ജീവിതം ആരംഭിച്ച ഷംസ്-ഉദ്-ദിൻ ഇൽതുത്മിഷിന്റെ[2] മകളായിരുന്നു റസിയ സുൽത്താന. ദില്ലിയിലെ ആദ്യത്തെ സുൽത്താനായിരുന്ന കുത്തുബ് ഉദ്-ദിൻ ഐബക്ക് തന്റെ പ്രിയങ്കരനായിരുന്നു ഇൽത്തുത്മിഷിന് തൻറെ ഏക മകളായ കുത്ബ് ബീഗത്തെ (അല്ലെങ്കിൽ തുർക്കൻ ഖാത്തുൻ എന്നും അറിയപ്പെടുന്നു) വിവാഹം കഴിച്ചു കൊടുക്കുകയും അവർ റസിയയെ പ്രസവിക്കുകയും ചെയ്തു.[3][4]

ഒരു ഭരണകുടുംബത്തിലെ അംഗമായ റസിയ പ്രത്യേകാനുകൂല്യങ്ങൾ അനുഭവിക്കാവുന്ന സാഹചര്യങ്ങളിലാണ് ചെറുപ്പകാലത്തു വളർന്നത്. അന്തഃപുരത്തിലും (അവിടെ അവളുടെ മാതാവ് ആധിപത്യം പുലർത്തിയിരുന്നു) രാജസഭയിലും (അവിടെ അവർ തന്റെ മുത്തച്ഛന്റെയും അച്ഛന്റെയും പ്രിയങ്കരിയായിരുന്നു) അധികാര കേന്ദ്രങ്ങളോട് ഏറെ അടുപ്പംപുലർത്തിയാണ് റസിയ വളർന്നത്. ഇത് റസിയയുടെ അർദ്ധസഹോദരന്മാരും അധികാര കേന്ദ്രങ്ങളിൽ നിന്ന് വളരെ അകന്നു വളർന്നിരുന്നവരും മുൻ അടിമ പെൺകുട്ടികളുടെ പുത്രന്മാരുമായിരുന്ന രുക്നുദ്ദീൻ ഫിറൂസ്, മുയിസ് ഉദ്-ദിൻ ബഹ്‌റാം എന്നിവരുടെ ജീവിതത്തിനു തീർത്തും കടക വിരുദ്ധമായിരുന്നു.

റസിയക്ക് അഞ്ചു വയസ്സുള്ളപ്പോൾ, ഖുതുബുദ്ദീൻ ഐബക്ക് മരണമടയുകയും അദ്ദേഹത്തിന് ശേഷം ഇൽതുത്മിഷ് ഡൽഹിയുടെ ഭരണാധികാരിയായിത്തീരുകയും ചെയ്തു. റസിയ തന്റെ പിതാവിന്റെ പ്രിയങ്കരിയായിരുന്നതിനാൽ, ഒരു ബാലികയെന്ന നിലയിൽ രാജ്യകാര്യങ്ങളിലേർപ്പെടുമ്പോൾ അദ്ദേഹത്തിന് സമീപത്ത് ഹാജരാകാൻ അനുവാദമുണ്ടായിരുന്നു. പിന്നീട്, അക്കാലത്തെ മറ്റ് ചില രാജകുമാരിമാരെയുംപോലെ, അവരുടെ പിതാവിന്റെയോ ഭർത്താവിന്റെയോ അഭാവത്തിൽ ആവശ്യമെങ്കിൽ ഒരു രാജ്യം ഭരിക്കാൻ മതിയായ പരിശീലനം അവർ നേടി.[5] മാതാവിന്റെ രാജകീയ വംശപരമ്പരയിൽനിന്നു ലഭിച്ചതിൽനിന്ന് ഒട്ടും കുറവല്ലാത്ത അവരുടെ കഴിവുകളും ഉത്സാഹവും ഇൽതുത്മിഷിൽ മതിപ്പുണ്ടാക്കുകയും അവരെ അദ്ദേഹത്തിന്റെ പ്രിയങ്കരിയാക്കുകയും ചെയ്തു. എന്നിരുന്നാലും, റസിയയുടെ സഹോദരനും ഇൽട്ടുത്മിഷിന്റെ മൂത്തമകനുമായിരുന്ന നാസിറുദ്ദീൻ മഹ്മൂദിനെ പിൻ‌ഗാമിയാക്കാൻ ഇൽട്ടുത്മിഷ് പരിശീലനം നൽകിയിരുന്നു. ക്രി.വ. 1229-ൽ നസിറുദ്ദീൻ മഹ്മൂദ് പെട്ടെന്ന് മരണമടഞ്ഞു. ഒരു പിൻഗാമിയെന്ന നിലയിലുള്ള അയാളുടെ മരണം ഇൽതുത്മിഷിനെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമായിരുന്നു, കാരണം തന്റെ മറ്റ് പത്നിമാരിൽനിന്ന് ജനിച്ചവരായ തന്റെ അവശേഷിക്കുന്ന തന്റെ നിരവധി പുത്രന്മാരിൽ ആരുംതന്നെ സിംഹാസനത്തിന് യോഗ്യരല്ലെന്ന് അദ്ദേഹത്തിന് തോന്നി.[6] 1230-ൽ ഗ്വാളിയറിനെതിരെ ആക്രമണം നടത്താൻ അദ്ദേഹത്തിന് തലസ്ഥാനം വിടേണ്ടിവന്നു. അദ്ദേഹത്തിന്റെ അഭാവത്തിൽ സുൽത്താന്റെ വിശ്വസ്തനായ മന്ത്രിയുടെ സഹായത്തോടെ റസിയ ഒരു യോഗ്യതയുള്ള റീജന്റായി പ്രവർത്തിച്ചു. ഗ്വാളിയറെ പിടിച്ചെടുത്ത ശേഷം 1231-ൽ ഇൽട്ടുത്മിഷ് ദില്ലിയിലേക്ക് മടങ്ങിയെത്തുകയും പിന്തുടർച്ചയുടെ വിഷയം അദ്ദേഹത്തിന്റെ മനസ്സിനെ അലട്ടുകയും ചെയ്തു. റസിയയെ തന്റെ അനന്തരവകാശിയായി വ്യക്തമാക്കിയതോടെ തന്റെ പിൻഗാമിയായി ഒരു വനിതയെ നിയമിച്ച ആദ്യത്തെ സുൽത്താനായിമാറി ഇൽട്ടുത്മിഷ്. എന്നിരുന്നാലും, 1236 ഏപ്രിൽ 30 ന് ഇൽട്ടുത്മിഷ് മരിച്ചതിനുശേഷം, റസിയയുടെ അർദ്ധസഹോദരനായിരുന്ന രുക്നുദ്ദീൻ ഫിറൂസ് സിംഹാസനത്തിലേക്ക് ഉയർത്തപ്പെട്ടു.

രുക്നുദ്ദീൻ ഫിറൂസിന്റെ ഭരണകാലം ഹ്രസ്വമായിരുന്നു. വ്യക്തിപരമായ ആനന്ദം, അമിതവിഷയാസക്തി എന്നിവയിലേയ്ക്കും തിരിഞ്ഞ രുക്നുദ്ദീൻ രാജ്യകാര്യങ്ങളിൽ ഉപേക്ഷ കാണിച്ചതോടെ രാജ്യത്തെ പൌരന്മാർ പ്രകോപിതരാകുകയും സർക്കാർ നടത്തുന്ന എല്ലാ പ്രായോഗിക ആവശ്യങ്ങളുടേയും ചുമതല ഇൽതുത്മിഷിന്റെ വിധവ ഷാ തുർക്കനിൽ വന്നുചേരുകയും ചെയ്തു. 1236 നവംബർ 9 ന്‌, ആറുമാസത്തെ അധികാരത്തിനുശേഷം റുക്നുദ്ദീനും മാതാവ് ഷാ തുർക്കാനും കൊല്ലപ്പെട്ടു[7] വിമുഖതയോടെയെങ്കിലും, റസിയയെ ദില്ലിയിലെ സുൽത്താനയായി വാഴിക്കാൻ കുലീനവർ‌ഗ്ഗം സമ്മതിച്ചു.[8]

തുർക്കി വംശജനല്ലാത്ത അബ്‌സീനിയൻ പ്രഭു യാകുതിനെ ഉന്നത സ്ഥാനത്തു അവരോധിച്ചതിൽ പ്രഭുക്കൾക്കിടയിൽ എതിർപ്പിന് കാരണമായി. അവർ കലാപമാരംഭിച്ചു. യാകുത്തിനോട് അമിതമായ സഹൃദം കാട്ടുന്നുവെന്ന ആരോപണവും ശക്തമായിരുന്നു. സർഹിന്ദിലേക്കുള്ള യാത്ര മദ്ധ്യേ യാകുത് വധിക്കപ്പെടുകയും റസിയ തടവിലാക്കപ്പെടുകയും ചെയ്തു. തന്നെ പിടി കൂടിയ അൽത്തൂനിയയെ വശീകരിച്ചു ഡൽഹിയുടെ ആധിപത്യത്തിനുവേണ്ടിയുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ഒടുവിൽ പലായനം ചെയ്യവേ കൊള്ളക്കാർ പിടികൂടി റസിയയെ വധിച്ചു.[അവലംബം ആവശ്യമാണ്]

Remove ads

ശവകുടീരം

Thumb
റസിയയുടെയും സഹോദരിയുടെയും ശവകുടീരങ്ങൾ.

പഴയ ദില്ലിയിലെ തുർക്ക്മാൻ ഗേറ്റിനടുത്തുള്ള മൊഹല്ല ബൾബുലി ഖാനയിലാണ് റസിയയുടെ ശവകുടീരം സ്ഥിതിചെയ്യുന്നത്.[9] പതിനാലാം നൂറ്റാണ്ടിലെ സഞ്ചാരിയായ ഇബ്നു ബത്തൂത്ത ഒരു തീർത്ഥാടന കേന്ദ്രമായി[10] മാറിയതായി പരാമർശിക്കുന്ന റസിയയുടെ ശവകുടീരത്തിനു മുകളിൽ ഒരു താഴികക്കുടം പണിതിട്ടുള്ളതായും ആളുകൾ അതിൽ നിന്ന് അനുഗ്രഹം തേടിയിരുന്നതായും രേഖപ്പെടുത്തിയിരിക്കുന്നു.[11]

റസിയയുടെ ശവകുടീരം പിൻഗാമിയും അർദ്ധസഹോദരനുമായ ബഹ്‌റാം നിർമ്മിച്ചതാണെന്ന് പറയപ്പെടുന്നു. സഹോദരി ഷാസിയയുടേതാണെന്ന് പറയപ്പെടുന്ന മറ്റൊരു ശവകൂടീരം അവരുടെ ശവകുടീരത്തിന് അരികിലായി സ്ഥിതിചെയ്യുന്നു. സൂഫി സന്യാസിയായ ഷാ തുർക്ക്മാൻ ബയബാനിയുടെ ഭക്തയായിരുന്നു റസിയ. അവരെ അടക്കം ചെയ്തിരിക്കുന്ന സ്ഥലം അദ്ദേഹത്തിന്റെ വഴിയമ്പലമായിരുന്നുവെന്ന് പറയപ്പെടുന്നു.[12]

ഇന്ന് ഈ സൈറ്റ് ഏറെക്കുറെ അവഗണിക്കപ്പെട്ട നിലയിലാണ്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഇതിന് വാർഷിക അറ്റകുറ്റപ്പണി നടത്തുന്നുവെങ്കിലും നിയമവിരുദ്ധ നിർമ്മാണങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നതിനാൽ ഇത് കൂടുതൽ ഭംഗിയാക്കാൻ കഴിയുന്നില്ല. ഇടുങ്ങിയതും തിരക്കേറിയതുമായ ഒരു പാതയിലൂടെ മാത്രമേ ഇവിടേയ്ക്ക് പ്രവേശിക്കാനാകുകയുള്ളു. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ പ്രദേശവാസികൾ അതിനടുത്ത് ഒരു പള്ളി പണിതിരുന്നു.[13]

കൈതാലിലെ ഒരു തകർന്ന കെട്ടിടം റസിയയുടെ യഥാർത്ഥ ശവകുടീരത്തിൻറെ സ്ഥലമായി കണക്കാക്കപ്പെടുന്നു.[14]

Remove ads

ചിത്രശാല

ഇതും കാണുക

അവലംബം

ബിബ്ലിയോഗ്രഫി

ബാഹ്യ ലിങ്കുകൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads