അമേരിക്കൻ സമോവ

From Wikipedia, the free encyclopedia

അമേരിക്കൻ സമോവmap
Remove ads

അമേരിക്കൻ ഐക്യനാടുകളുടെ ഇൻകോർപ്പറേറ്റ് ചെയ്യാത്ത ഭൂവിഭാഗമാണ് അമേരിക്കൻ സമോവ (/əˈmɛrɨkən səˈmoʊ.ə/ ;. പസഫിക് മഹാസമുദ്രത്തിന്റെ തെക്കുപകുതിയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. സമോവ എന്ന സ്വതന്ത്രരാഷ്ട്രത്തിന്റെ തെക്കുകിഴക്കായാണ് ഇതിൻറെ സ്ഥാനം.[1] ഏറ്റവും വലുതും പ്രാധാന്യമുള്ളതും കൂടുതൽ ജനസംഖ്യയുള്ളതുമായ ദ്വീപ് ടൂടൂയില ആണ്. മാനുവ ദ്വീപുകൾ, റോസ് അറ്റോൾ, സ്വെയ്ൻസ് ദ്വീപുകൾ എന്നിവയും ഈ പ്രദേശത്തിന്റെ ഭാഗമാണ്.

വസ്തുതകൾ അമേരിക്കൻ സമോവAmerika Sāmoa / Sāmoa Amelika, തലസ്ഥാനം ...
Thumb
സമോവ ദ്വീപുകൾ.

ഒരു നിരയായി കാണപ്പെടുന്ന സമോവൻ ദ്വീപസമൂഹത്തിന്റെ ഭാഗമാണ് അമേരിക്കൻ സമോവയും. കുക്ക് ദ്വീപുകൾക്ക് പടിഞ്ഞാറായും ടോങ്കയ്ക്ക് വടക്കായും ടോക്ലവിന് 500 കിലോമീറ്റർ തെക്കായുമാണ് സ്ഥാനം. വാലിസ് ആൻഡ് ഫ്യൂച്യൂണ ദ്വീപസമൂഹം അമേരിക്കൻ സമോവയ്ക്ക് പടിഞ്ഞാറാണ് സ്ഥിതിചെയ്യുന്നത്.

2010-ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് അനുസരിച്ച് ഇവിടെ 55,519 ആൾക്കാർ ആകെ താമസിക്കുന്നുണ്ട്[2] 197.1 ചതുരശ്ര കിലോമീറ്ററാണ് വിസ്തീർണ്ണം. അമേരിക്കൻ ഐക്യനാടുകളുടെ അധീനതയിലുള്ള ഭൂപ്രദേശങ്ങളിൽ ഏറ്റവും തെക്കുള്ള ഭാഗമാണ് അമേരിക്കൻ സമോവ.[3]

Remove ads

ചരിത്രം

പതിനെട്ടാം നൂറ്റാണ്ട് - പാശ്ചാത്യരുമായുള്ള ആദ്യ സമ്പർക്കം

Thumb
1896-ലെ സമോവൻ ദ്വീപുകളുടെ മാപ്പ്.

പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലാണ് പാശ്ചാത്യരുമായി സമോവക്കാർ ആദ്യമായി സമ്പർക്കത്തിൽ വന്നത്. ജേക്കബ് റോഗ്ഗവീൻ (1659–1729), എന്ന ഡച്ചുകാരനായിരുന്നു ആദ്യമായി സമോവൻ ദ്വീപുകൾ കണ്ടതായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. 1722-ലായിരുന്നു ഇത്. ഫ്രഞ്ച് പര്യവേഷകനായ ലൂയി-ആന്റ്ണീൻ ഡി ബോഗൈൻവില്ല (1729–1811), ഈ ദ്വീപസമൂഹത്തെ നാവിഗേറ്റേഴ്സ് ഐലന്റ്സ് എന്ന് 1768-ൽ നാമകരണം ചെയ്തു. 1830 കളിൽ ഇംഗ്ലീഷ് മിഷനറിമാരും കച്ചവടക്കാരും എത്തിത്തുടങ്ങുന്നതുവരെ പുറം ലോകവുമായ സമ്പർക്കം പരിമിതമായിരുന്നു.

ഫ്രഞ്ച് പര്യവേഷകരും നാട്ടുകാരും തമ്മിൽ പതിനെട്ടാം നൂറ്റാണ്ടിൽ ടുടൂവിലയിൽ വച്ചുനടന്ന യുദ്ധവും പാശ്ചാത്യരുമായുള്ള ആദ്യകാല സമ്പർക്കത്തിന്റെ ഭാഗമായിരുന്നു. ചില സമോവക്കാരാണിതിനു കാരണക്കാരെന്ന കുറ്റപ്പെടുത്തലുണ്ടായതുകൊണ്ട് പാശ്ചാത്യരിക്കിടയിൽ ശൂരരാണ് സമോവക്കാർ എന്ന പേരുണ്ടാകാൻ കാരണമായി. യുദ്ധം നടന്ന സ്ഥലത്തെ മസാക്കർ ബേ എന്നാണ് ഇപ്പോൾ വിളിക്കുന്നത്.

പത്തൊൻപതാം നൂറ്റാണ്ട്

1830-കളുടെ അവസാനത്തോടെ ലണ്ടൻ മിഷനറി സൊസൈറ്റിയിൽ നിന്ന് ജോൺ വില്യംസ് എന്ന മിഷനറി എത്തിയതോടെ മിഷനറി പ്രവർത്തനത്തിന് തുടക്കമായി.[4] ഈ സമയത്ത് സമോവക്കാർ കാടന്മാരും യുദ്ധപ്രേമികളുമാണെന്നത് പ്രസിദ്ധമായിരുന്നു. യൂറോപ്യന്മാർക്കും നാട്ടുകാർക്കുമിടയിൽ അക്രമങ്ങൾ പതിവായിരുന്നു. എന്നിരുന്നാലും പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഫ്രാൻസ്, ബ്രിട്ടൻ, ജർമനി, അമേരിക്ക എന്നീ രാജ്യങ്ങളുടെ കപ്പലുകൾ സ്ഥിരമായി പാഗോ പാഗോ എന്ന സമോവൻ തുറമുഖത്തിൽ അടുക്കുമായിരുന്നു.

1889 മാർച്ചിൽ ഒരു ജർമൻ നാവികവ്യൂഹം സമോവയിലെ ഒരു ഗ്രാമം പിടിച്ചടക്കുകയും ഇതിന്റെ ഭാഗമായി ചില അമേരിക്കൻ വസ്തുവകകൾ നശിപ്പിക്കപ്പെടുകയും ചെയ്തു. മൂന്ന് അമേരിക്കൻ യുദ്ധക്കപ്പലുകൾ അപിയ തുറമുഖത്ത് പ്രവേശിക്കുകയും അവിടെയുണ്ടായിരുന്ന മൂന്ന് ജർമൻ കപ്പലുകളുമായി പോരാട്ടത്തിനൊരുങ്ങുകയും ചെയ്തു.[5] യുദ്ധം തുടങ്ങുന്നതിനു മുൻപായി കൊടുങ്കാറ്റിൽ പെട്ട് അമേരിക്കൻ കപ്പലുകളും ജർമൻ കപ്പലുകളും നശിച്ചുപോയതിനാൽ പൊരുതാൻ കപ്പലില്ലാതെ ഒരു നിർബന്ധിത സമാധാനം സ്ഥാപിതമായി.[5]

ഇരുപതാം നൂറ്റാണ്ട്

Thumb
1899-ൽ ജർമനിയുടെയും ബ്രിട്ടന്റെയും അമേരിക്കയുടെയും യുദ്ധക്കപ്പലുകൾ അപിയ ഹാർബറിൽ

1899-ലെ ത്രിരാഷ്ട്ര ഉടമ്പടിയുടെ ഭാഗമായി രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങൾ തീർപ്പാക്കപ്പെടുകയും അമേരിക്കയും ജർമനിയും സമോവൻ ദ്വീപുകൾ രണ്ടായി പങ്കിട്ടെടുക്കുകയും ചെയ്തു.[6] കിഴക്കൻ ദ്വീപസമൂഹം അമേരിക്കൻ ഐക്യനാടുകളുടെ നിയന്ത്രണത്തിലായി. (ടുടൂവില ദ്വീപുകൾ 1900-ലും മാനുവ 1904-ലും) ഈ പ്രദേശങ്ങളാണ് ഇപ്പോൾ അമേരിക്കൻ സമോവ എന്നറിയപ്പെടുന്നത്. കൂടുതൽ വലിപ്പമുണ്ടായിരുന്ന പടിഞ്ഞാറൻ ദ്വീപുകൾ ജർമൻ സമോവ എന്ന് അറിയപ്പെട്ടിരുന്നു. ടോങ്കയിലും സോളമൻ ദ്വീപുകളിലും പടിഞ്ഞാറൻ ആഫ്രിക്കയിലെ ചില പ്രദേശങ്ങളിലും നിന്ന് ജർമനി അവകാശവാദം പിൻവലിച്ചതോടെ സമോവൻ ദ്വീപുകളിൽ ബ്രിട്ടൻ അവകാശവാദമുന്നയിക്കാതിരിക്കാനുള്ള തീരുമാനമെടുത്തു.[7]

ദ്വീപുകൾ അമേരിക്കൻ ഐക്യനാടുകളുടെ അധീനതയിലാവുന്നു

Thumb
പാഗോ പാഗോ ഹാർബറും ദ്വീപുകൾക്കിടയിൽ കപ്പലടുക്കുന്ന സ്ഥലവും

അടുത്തവർഷം അമേരിക്കൻ ഐക്യനാടുകൾ ഔദ്യോഗികമായി ഉടമ്പടിപ്രകാരം തങ്ങൾക്കുലഭിക്കേണ്ട സ്ഥലം കൈവശമാക്കി. അമേരിക്കൻ നാവികസേന പാഗോ പാഗോ തുറമുഖത്തിലെ കൽക്കരി നിറയ്ക്കുന്ന സംവിധാനം വികസിപ്പിച്ച് പൂർണ്ണപ്രവർത്തനക്ഷമതയുള്ള നാവികസേനാകേന്ദ്രമാക്കി. മനുവയിലെ അവസാന ഭരണാധികാരിയെ സൈനികവിചാരണകളിലൂടെ സ്ഥലം വിട്ടുകൊടുക്കാനുള്ള ഉടമ്പടിയിൽ ഒപ്പുവയ്ക്കാൻ നിർബന്ധിതനാക്കുകയായിരുന്നു.[8]

1911 ജൂലൈ 17-ന്, ടൂടൂവിലയിലെ അമേരിക്കൻ നാവികത്താവളത്തിനെ ഔദ്യോഗികമായി അമേരിക്കൻ സമോവ എന്ന് നാമകരണം ചെയ്തു.[9][10]

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യഭാഗവും ഒന്നാം ലോകമഹായുദ്ധവും

സ്വെയ്ൻസ് ദ്വീപ്, അമേരിക്കയ്ക്കവകാശപ്പെട്ട ഗുവാനോ ഉള്ള ദ്വീപുകളുടെ പട്ടിയയിൽ ഉൾപ്പെടുത്തിയിരുന്നു. അമേരിക്കയുടെ 1856-ലെ ഗുവാനോ ദ്വീപ് നിയമമനുസരിച്ച് ഈ ദ്വീപിന്മേൽ അമേരിക്കയ്ക്കവകാശമുണ്ടായിരുന്നുവത്രേ. ഈ ദ്വീപ് 1925-ൽ അമേരിക്കൻ സമോവയുമായി പൊതുപ്രമേയം വഴി കൂട്ടിച്ചേർക്കപ്പെട്ടു.[11]

ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം ആ സമയത്ത് ലീഗ് ഓഫ് നേഷൻസിന്റെ അനുമതിപ്രകാരം ന്യൂസിലാന്റ് ഭരിച്ചുകൊണ്ടിരുന്ന പടിഞ്ഞാറൻ സമോവയിലെ മാവു ജനകീയമുന്നേറ്റത്തിനോടനുബന്ധിച്ച് അമേരിക്കൻ സമോവയിലും ഇത്തരമൊരു ജനകീയമുന്നേറ്റമുണ്ടായി.[8] ടുടൂവിലയിലെ ലിയോൺ ഗ്രാമത്തിലെ വാസിയായ സാമുവേലു റിപ്ലി എന്ന ഒന്നാം ലോകമഹായുദ്ധസേനാനിയായിരുന്നു ഇതിന്റെ നേതാവ്. അമേരിക്കയിൽ കൂടിയാലോചനയ്ക്കു പോയ ഇദ്ദേഹത്തിനെ തിരിച്ച് സമോവയിലെത്തിയപ്പോൾ കപ്പലിൽ നിന്നിറങ്ങാനനുവദിച്ചില്ല. അമേരിക്കൻ നാവികസേന മാവു ജനകീയമുന്നേറ്റത്തിനെ അടിച്ചമർത്തുകയാണ് ചെയ്തത്.

രണ്ടാം ലോകമഹായുദ്ധവും ബാക്കിപത്രവും

രണ്ടാം ലോകമഹായുദ്ധസമയത്ത് അമേരിക്കൻ സമോവയിലുണ്ടായിരുന്ന അമേരിക്കൻ മറീനുകളുടെ എണ്ണം തദ്ദേശവാസികളുടെ എണ്ണത്തേക്കാൾ കൂടുതലായിരുന്നു. ഇത് സംസ്കാരത്തിൽ വലിയ സ്വാധീനം ചെലുത്തി. 14 വയസോ അതിനുമുകളിലോ പ്രായമുള്ള സമോവക്കാർക്ക് അമേരിക്കൻ പട്ടാളക്കാർ സൈനികപരിശീലനം നൽകുകയുണ്ടായി. രണ്ടാം ലോകമഹായുദ്ധത്തിൽ പോരാളികളായും വൈദ്യ സഹായം നൽകുന്നവരായും സന്ദേശങ്ങളയക്കുന്ന വിഭാഗത്തിലും കപ്പൽ നന്നാക്കുന്ന ജോലിക്കും മറ്റും സമോവക്കാർ സേവനമനുഷ്ടിച്ചിരുന്നു.

1949-ൽ അമേരിക്കൻ സമോവയെ ഇൻകോർപ്പറേറ്റ് ചെയ്യാനുള്ള ഒരു നിയമം കോൺഗ്രസ്സിൽ അവതരിപ്പിക്കപ്പെടുകയുണ്ടായി. ഇത് സമോവൻ ഗോത്രനേതാക്കന്മാരുടെ എതിർപ്പിനെത്തുടർന്ന് പരാജയപ്പെട്ടു.[12] ഈ നേതാക്കന്മാരുടെ ശ്രമത്തെത്തുടർന്ന് ഒരു പ്രാദേശിക നിയമനിർമ്മാണസഭ രൂപപ്പെട്ടു. ഫാഗടോഗോ എന്ന ഗ്രാമത്തിലാണ് ഈ സഭ കൂടുന്നത്. ഇത് നിയമപരമായും വസ്തുതാപരമായും പ്രദേശത്തിന്റെ തലസ്ഥാനമായി കണക്കാക്കപ്പെടുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി 1951 മുതൽ 1999 വരെ

1967 ജൂലൈ 1-ന് പാസായ ഭരണഘടന പ്രകാരം സ്വയം ഭരണം നടത്തുന്ന പ്രദേശമാണ് അമേരിക്കൻ സമോവ. ഇതെത്തുടർന്ന് നാവികസേന നിയമിക്കുന്ന ഗവർണർക്ക് പകരം തിരഞ്ഞെടുക്കപ്പെടുന്ന ഗവർണർ ഭരണം തുടങ്ങി.

രണ്ട് സമോവകളിലെയും ഭാഷയും വംശവും ഒന്നാണെങ്കിലും സംസ്കാരങ്ങൾ രണ്ട് വ്യത്യസ്ത പാതകളാണ് സ്വീകരിച്ചത്. അമേരിക്കൻ സമോവ വാസികൾ ഹാവായിയിലേയ്ക്കും അമേരിക്കയിലെ മറ്റു പ്രദേശങ്ങളിലേയ്ക്കും കുടിയേറുകയും ആ സ്ഥലങ്ങളിലെ സംസ്കാരം സ്വീകരിക്കുകയും ചെയ്തു. അമേരിക്കൻ ഫുട്ട്ബോളും ബേസ്ബോളുമാണ് ഉദാഹരണത്തിന് അമേരിക്കൻ സമോവയിലെ പ്രചാരമുള്ള കായിക ഇനങ്ങൾ. പടിഞ്ഞാറൻ സമോവക്കാർ പൊതുവിൽ ന്യൂസിലാന്റിലേയ്ക്കാണ് കുടിയേറുന്നത്. റഗ്ബി, ക്രിക്കറ്റ് എന്നീ കളികളാണ് പടിഞ്ഞാറൻ സമോവയിലെ പ്രധാന കായിക ഇനങ്ങൾ. രണ്ടു സമൂഹങ്ങളും തമ്മിൽ സാംസ്കാരികരംഗത്ത് കാര്യമായ വ്യത്യാസങ്ങളുണ്ടത്രേ.

ഇരുപത്തൊന്നാം നൂറ്റാണ്ട്

സാമ്പത്തികബുദ്ധിമുട്ടുകൾ കാരണം സൈനികസേവനമാണ് അമേരിക്കൻ സമോവയിലെയും അമേരിക്കയുടെ അധിനിവേശത്തിലുള്ള മറ്റു ഭൂവിഭാഗങ്ങളിലെയും ജനങ്ങൾ ഒരു പ്രധാന ജീവിതമാർഗ്ഗമായി കണ്ടെത്തിയിരിക്കുന്നത്.[13] അമേരിക്കയിലെ മറ്റു ഭാഗങ്ങളെയപേക്ഷിച്ച് യുദ്ധത്തിലുണ്ടാകുന്ന മരണങ്ങൾ അമേരിക്കൻ സമോവയിൽ അധികമാണ്. 2009 മാർച്ച് 23-നുള്ള കണക്കനുസരിച്ച് ഇറാക്കിൽ 10 സമോവക്കാരും അഫ്ഗാനിസ്ഥാനിൽ 2 പേരും മരിച്ചിരുന്നു.[14]

ലോകശ്രദ്ധ പിടിച്ചുപറ്റിയ സംഭവങ്ങൾ

പാൻ അമേരിക്കനും ആദ്യത്തെ ദക്ഷിണ പെസഫിക്കിനു കുറുകേയുള്ള വിമാനയാത്രയും

Thumb
സമോവൻ ക്ലിപ്പർ

1938-ൽ പ്രശസ്ത വൈമാനികനായിരുന്ന എഡ് മ്യൂസിക്കും അദ്ദേഹത്തിന്റെ വിമാനജോലിക്കാരും പാൻ അമേരിക്കൻ വേൾഡ് എയർവേയ്സിന്റെ S-42 നമ്പർ സമോവൻ ക്ലിപ്പർ എന്ന വിമാനത്തിൽ പാഗോ പാഗോയിൽ വച്ച് മരിച്ചുപോയി. ന്യൂസിലാന്റിലേയ്ക്കുള്ള ഒരു സർവേ പറക്കലിനായി പറന്നുയരുമ്പോൾ കുലുക്കം തോന്നിയതിനെത്തുടർന്ന് മ്യൂസിക്ക് വിമാനം പാഗോ പാഗോയിൽ തിരിച്ചിറക്കൻ ശ്രമിക്കുമ്പോൾ വിമാനത്തിന് ആകാശത്തുവച്ച് തീപിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.[15]

അപ്പോളോ സ്പേസ് പ്രോഗ്രാം

അമേരിക്കൻ സമോവയും പാഗോ പാഗോ വിമാനത്താവളവും അപ്പോളോ ബഹിരാകാശ പദ്ധതിയുടെ പ്രധാന ഭാഗങ്ങളായിരുന്നു.[16] അപ്പോളോ 10, 12, 13, 14 17 എന്നിവയിലെ ആസ്ട്രോനോട്ടുകളെ പാഗോ പാഗോയിൽ നിന്ന് നൂറുകണക്കിന് കിലോമീറ്ററുകൾ ദൂരെനിന്ന് കടലിൽ നിന്നെടുത്ത് ഹെലിക്കോപ്റ്ററിൽ പാഗോ പാഗോ വിമാനത്താവളത്തിലെത്തിച്ചശേഷമാണ് അമേരിക്കയിലേയ്ക്ക് വിമാനമാർഗ്ഗം കൊണ്ടുപോയിരുന്നത്.[17]

2009 സെപ്റ്റംബറിലെ ഭൂമികുലുക്കവും സുനാമിയും

Thumb
ന്യൂസിലാന്റിനു വടക്കും സമോവൻ ദ്വീപുകൾക്ക് തെക്കുമുള്ള ടോങ്ക ട്രഞ്ച്.

2009 സെപ്റ്റംബർ 29-ന് 17:48:11 UTC സമയത്ത് റിക്ടർ സ്കെയിലിൽ 8.1 അളവ് രേഖപ്പെടുത്തപ്പെട്ട ഒരു ഭൂകമ്പം അമേരിക്കൻ സമോവയുടെ തീരത്തുനിന്ന് 190 കിലോമീറ്റർ ദൂരത്തായുണ്ടായി. ഇതെത്തുടർന്ന് ചെറിയ തുടർ ചലനങ്ങളുമുണ്ടായിരുന്നു.[18] 2009-ലുണ്ടായ ഏറ്റവും വലിയ ഭൂചലനമായിരുന്നു ഇത്. ഭൂചലനത്തെത്തുടർന്നുണ്ടായ സുനാമിയിൽ സമോവൻ ദ്വീപുകളിലെയും ടോങ്കയിലെയും 170-ൽ പരം ആൾക്കാർ മരണമടഞ്ഞു.[19][20] 4.6 മുതൽ 6.1 മീറ്റർ വരെ ഉയരമുള്ള നാലു തിരകൾ ടുടൂവില ദ്വീപിന്റെ തീരത്തുനിന്ന് ഒരു മൈൽ വരെ ഉള്ളിൽ എത്തുകയുണ്ടായി.[21]

Remove ads

ഭരണകൂടവും രാഷ്ട്രീയവും

Thumb
ഗവർണർ ടോഗിയോല ടുലാഫോണോയും ഭാര്യ മേരി ടുലാഫോണോയും.

സർക്കാർ

അമേരിക്കൻ സമോവയിലെ ഭരണഘടന ഭരണകൂടെം എങ്ങനെയായിരിക്കണം എന്ന് നിർവചിക്കുന്നുണ്ട്. സിവിൽ, ജുഡീഷ്യൽ, സൈനിക കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അധികാരം അമേരിക്കൻ പ്രസിഡന്റിനാണ്. അമേരിക്കൻ പ്രസിഡന്റ് ഇന്റീരിയർ സെക്രട്ടറിക്ക് ഈ അധികാരങ്ങൾ ഉത്തരവിലൂടെ നൽകി. അമേരിക്കൻ സമോവയുടെ ഭരണഘടന ഇന്റീരിയൽ സെക്രട്ടറിയാണ് 1967 ജൂലൈ 1-ന് പ്രാബല്യത്തിൽ വരും വിധം പാസ്സാക്കിയത്.

അമേരിക്കൻ സമോവയുടെ ഗവർണറാണ് ഭരണത്തലവൻ. ഗവർണറെയും ലെഫ്റ്റനന്റ് ഗവർണറെയും ഒരേ ടിക്കറ്റിലാണ് തിരഞ്ഞെടുക്കുന്നത്. നാലു വർഷമാണ് ഭരണകാലാവധി.

അമേരിക്കൻ സമോവ ഫോണോ എന്ന ജനപ്രതിനിധിസഭയ്ക്കാണ് നിയമനിർമ്മാണാവകാശം. ഇതിന് ഒരു ഉപരിസഭയും അധോസഭയുമുണ്ട്. അമേരിക്കൻ സമോവയിലെ ജനപ്രതിനിധിസഭയിൽ 18 അംഗങ്ങളുണ്ട്. രണ്ടു വർഷത്തേയ്ക്കാണ് ഇവരെ തിരഞ്ഞെടുക്കുന്നത്. 17 പേരെ നേരിട്ട് തിരഞ്ഞെടുപ്പിലൂടെ തിരഞ്ഞെടുക്കുകയും ഒരാളെ സ്വൈൻ ദ്വീപിലെ പൊതുയോഗത്തിൽ തിരഞ്ഞെടുക്കുകയുമാണ് ചെയ്യുന്നത്. അമേരിക്കൻ സമോവ സെനറ്റിലും 18 അംഗങ്ങളാണുള്ളത്. നാലുവർഷമാണ് കാലാവധി. ഗോത്രമൂപ്പന്മാരുടെ ഇടയിൽ നിന്ന് അവരാണ് സെനറ്റിലേയ്ക്ക് പ്രതിനിധികളെ തിരഞ്ഞെടുക്കുന്നത്.

ജുഡീഷ്യറി എക്സിക്യൂട്ടീവിൽ നിന്നും നിയമനിർമ്മാണസഭയിൽ നിന്നും സ്വതന്ത്രമാണ്. ഏറ്റവും വലിയ കോടതി അമേരിക്കൻ സമോവയിലെ ഹൈക്കോടതിയാണ്. അമേരിക്കൻ സുപ്രീം കോടതിയുടെ കീഴിലാണ് ഇതിന്റെ സ്ഥാനം. ഹൈക്കോടതി പാഗോ പാഗോയിലാണ് സ്ഥിതി ചെയ്യുന്നത്. ജില്ലാക്കോടതികളാണ് ഇതിനു കീഴിൽ വരുന്നത്.

രാഷ്ട്രീയം

പ്രസിഡൻഷ്യൽ ജനാധിപത്യ സംവിധാനത്തിനു കീഴിലാണ് അമേരിക്കൻ സമോവയിലെ രാഷ്ട്രീയ ചട്ടക്കൂട്. ഗവർണറാണ് ഭരണത്തലവൻ. ബഹുകക്ഷി സംവിധാനം ഇവിടെ നിലവിലുണ്ട്. അമേരിക്കയിലെ രണ്ടു പ്രധാന രാഷ്ട്രീയപ്പാർട്ടികളായ റിപ്പബ്ലിക്കൻ പാർട്ടിയും ഡെമോക്രാറ്റിക് പാർട്ടിയും ഇവിടെ നിലവിലുണ്ട് എന്നിരുന്നാലും വളരെ ചുരുക്കം രാഷ്ട്രീയക്കാരേ പാർട്ടികളുമായി ചേർന്ന് പ്രവർത്തിക്കുന്നുള്ളൂ.

പരമ്പരാഗതമായ ഗ്രാമ രാഷ്ട്രീയ സംവിധാനവും അമേരിക്കൻ സമോവയിൽ നിലവിലുണ്ട്. ഗോത്രത്തലവന്മാരെയും അഭിപ്രായസമന്വയത്തിലൂടെ തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. പൊതുഭൂമിയിന്മേലുള്ള അവകാശവും കുടുംബങ്ങൾ തമ്മിലുള്ള ഇടപാടുകളും ഗോത്രത്തലവന്മാർ ചേർന്ന ഫോണോ എന്ന സഭയാണ് തീരുമാനിക്കുന്നത്. അമേരിക്കൻ സമോവയിലെയും സ്വതന്ത്ര സമോവയിലെയും ഭൂരിഭാഗം ഭൂമിയും പൊതു ഉടമസ്ഥതയിലാണുള്ളത്.

അമേരിക്കൻ പൗരത്വമുള്ളതും സമോവൻ വശജനുമായ ആൾക്കേ നിയമനിർമ്മാണസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടാൻ സാധിക്കൂ എന്ന ഭരണഘടനാ ഉടമ്പടിയുടെ തീരുമാനം വിവാദമുണ്ടാക്കിയിട്ടുണ്ട്.[22]

പൗരത്വം

അമേരിക്കൻ സമോവയിലും സ്വെയ്ൻസ് ദ്വീപിലും ജനിക്കുന്നവർ അമേരിക്കൻ ദേശവാസികളാണെങ്കിലും (അമേരിക്കൻ നാഷണൽ) [23] അമേരിക്കൻ പൗരനായി കണക്കാക്കണമെങ്കിൽ അവരിലൊരാളുടെ മാതാപിതാക്കളിലൊരാളെങ്കിലും അമേരിക്കൻ പൗരനായിരിക്കണം. അമേരിക്കൻ ദേശവാസികളെന്നനിലയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇവർക്ക് വോട്ടുചെയ്യാം.[23] അമേരിക്കൻ സമോവ വാസികൾക്ക് തികച്ചും സ്വതന്ത്രമായി അമേരിക്കൻ ഐക്യനാടുകളിൽ പ്രവേശിക്കാം.[23]

അമേരിക്കൻ ജനപ്രാതിനിദ്ധ്യസഭയിലേയ്ക്ക് വോട്ടവകാശമില്ലാത്ത ഒരു പ്രതിനിധിയെ തിരഞ്ഞെടുത്തയയ്ക്കാനുള്ള അവകാശം സമോവക്കാർക്കുണ്ട്.[23] 1989 മുതൽ ഡെമോക്രാറ്റിക് പാർട്ടിക്കാരനായ എനി ഫലിയോമവേഗയാണ് ഈ സ്ഥാനം വഹിക്കുന്നത്. റിപ്പബ്ലിക്കൻ പാർട്ടിയുടെയും ഡെമോക്രാറ്റിക് പാർട്ടിയുടെയും ദേശീയ സമ്മേളനങ്ങളിലേയ്ക്കും ഇവിടെനിന്ന് പ്രതിനിധികളെ അയയ്ക്കാറുണ്ട്.

സമോവ എന്ന പേരിനെപ്പറ്റിയുള്ള പ്രതിഷേധം

സ്വതന്ത്ര സമോവയെപ്പറ്റിയുള്ള അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ പശ്ചാത്തലവിവരണക്കുറിപ്പിൽ ഇപ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട്:

1997 ജൂലൈയിൽ ഭരണഘടന ഭേദഗതി ചെയ്ത് രാജ്യത്തിന്റെ പേര് പടിഞ്ഞാറൻ സമോവ (Western Samoa) എന്നതിൽ നിന്ന് സമോവ (ഔദ്യോഗികമായി ഇൻഡിപ്പൻഡന്റ് സ്റ്റേറ്റ് ഓഫ് സമോവ) എന്നാക്കി മാറ്റി.[24] 1976-ൽ ഐക്യരാഷ്ട്രസഭയിൽ ചേർന്നതുമുതൽ പടിഞ്ഞാറൻ സമോവ സമോവ എന്നായിരുന്നു അറിയപ്പെടുന്നത്. അടുത്തുള്ള അമേരിക്കൻ സമോവ പേരുമാറ്റാനുള്ള സ്വതന്ത്ര സമോവയുടെ ഈ നിലപാടിൽ പ്രതിഷേധിച്ചിരുന്നു. പേരുമാറ്റം അമേരിക്കൻ സമോവയുടെ സമോവൻ സ്വത്വം കുറച്ചുകാണുന്നു എന്നാണ് ഇവരുടെ തോന്നൽ. പടിഞ്ഞാറൻ സമോവയെന്നും പടിഞ്ഞാറൻ സമോവക്കാരെന്നുമാണ് ഇപ്പോഴും അമേരിക്കൻ സമോവക്കാർ പറഞ്ഞുവരുന്നത്.[25]

ഭരണപരമായ വിഭജനം

ഈസ്റ്റേൺ ഡിസ്ട്രിക്റ്റ്, വെസ്റ്റേൺ ഡിസ്ട്രിക്റ്റ്, മനൂവ ഡിസ്ട്രിക്റ്റ് എന്നിങ്ങനെ മൂന്ന് ഭരണഘടകങ്ങളാണ് അമേരിക്കൻ സമോവയിലുള്ളത്. സ്വെയ്ൻസ് ദ്വീപ്, റോസ് അറ്റോൾ എന്നീ രണ്ട് സംഘടിക്കാത്ത പ്രദേശങ്ങളും ഉള്ളതായി കണക്കാക്കപ്പെടുന്നു. ഡിസ്ടിക്റ്റുകളുലും സംഘടിക്കാത്ത പ്രദേശങ്ങളിലുമായി 74 ഗ്രാമങ്ങളുണ്ട്. പാഗോ പാഗോയാണ് [26] ഇതിലെ ഏറ്റവും വലിയ ഗ്രാമങ്ങളിലൊന്ന്. ഫഗാടാഗോ അമേരിക്കൻ സമോവയുടെ ഭരണഘടന പ്രകാരം ഭരണകൂടത്തിന്റെ ആസ്ഥാനമായി കണക്കാക്കുന്നുണ്ടെങ്കിലും ഇതല്ല തലസ്ഥാനം, മറിച്ച് പാഗോ പാഗോയാണ്.[27][28][29]

സ്വാതന്ത്ര്യപ്രസ്ഥാനം

2012-ൽ ഗവർണറും അമേരിക്കൻ കോൺഗ്രസ്സിലെ പ്രതിനിധിയും സ്വാതന്ത്ര്യമോ സ്വയംഭരണമോ നേടിയെടുക്കാൻ ശ്രമിക്കുന്നത് പരിഗണനയിലെടുക്കാൻ ജനങ്ങളോടാവശ്യപ്പെട്ടു. ഇതിന് സമ്മിശ്ര പ്രതികരണമാണുണ്ടായത്.[30][31]

Remove ads

ഭൂപ്രകൃതി

Thumb
അമേരിക്കൻ സമോവയിലെ പ്രസിദ്ധമായ ഓഫു ബീച്ചിന്റെ ദൃശ്യം.

ഓഷ്യാനിയ എന്നുവിളിക്കുന്ന ഭൂമിശാസ്ത്ര പ്രദേശത്താണ് അമേരിക്കൻ സമോവയുടെ സ്ഥാനം. ദക്ഷിണാർത്ഥഗോളത്തിൽ അമേരിക്കൻ ഐക്യനാടുകൾക്കുള്ള രണ്ട് അധിനിവേശപ്രദേശങ്ങളിലൊന്നാണിത് (ജാർവിസ് ദ്വീപാണ് അടുത്ത പ്രദേശം). അഞ്ച് അഗ്നിപർവ്വത ദ്വീപുകളും രണ്ട് കോറൽ അറ്റോളുകളുമാണ് ഈ പ്രദേശത്തിന്റെ ഭാഗമായുള്ളത്.[3] ടൂടൂവില, ഔനുവൂ, ഓഫു, ഒലോസേഗ, ടൗ എന്നിവയാണ് അഗ്നിപർവ്വതദ്വീപുകൾ. സ്വെയ്ൻസ് ദ്വീപ്, റോസ് അറ്റോൾ എന്നിവയാണ് കോറൽ അറ്റോളുകൾ. റോസ് അറ്റോൾ ജനവാസമില്ലാത്ത. നാഷണൽ മോണ്യുമെന്റാണ്.

പസഫിക് മഹാസമുദ്രത്തിന്റെ തെക്കുപകുതിയിലായുള്ള സ്ഥാനം മൂലം ഇടയ്ക്കിടെ സൈക്ലോണുകൾ ഈ ദ്വീപുകളെ ബാധിക്കാറുണ്ട്. നവംബറിനും ഏപ്രിലിനുമിടയിലാണ് കൂടുതലായും കൊടുങ്കാറ്റുകളുണ്ടാകുന്നത്.

വൈലുലൂ സീമൗണ്ട്

സമുദ്രനിരപ്പിനു താഴെയുള്ള ഒരു പ്രവർത്തനനിരതമായ അഗ്നിപർവ്വതമാണ് വൈലുലൂ സീമൗണ്ട്. ടൗ ദ്വീപിന് 45 കിലോമീറ്റർ കിഴക്കാണ് ഇതിന്റെ സ്ഥാനം. 1975-ലാണ് ഇത് കണ്ടെത്തിയത്. പല രാജ്യങ്ങളിലെ ശാസ്ത്രജ്ഞന്മാരടങ്ങിയ സംഘം ഈ അഗ്നിപർവ്വതത്തെപ്പറ്റി പഠനങ്ങൾ നടത്തിയിട്ടുണ്ട്.[32] ജലാന്തർഭാഗത്തായി വൈലുലൂ സീമൗണ്ടിന്റെ ക്രേറ്ററിനുള്ളിൽ ഒരു അഗ്നിപർവ്വത കോൺ വളർന്നുവരുന്നുണ്ട്. ഇതിന് സമോവയിലെ യുദ്ധദേവതയായ നെഫ്യൂണയുടെ പേരാണ് നൽകിയിട്ടുള്ളത്.

സമ്പദ് വ്യവസ്ഥ

ഉദ്ദേശം 5000 ആൾക്കാർ വീതം പൊതുമേഖലയിലും; ചൂര മത്സ്യം കാൻ ചെയ്യുന്ന ഒരു കമ്പനിയിലും; മറ്റു സ്വകാര്യമേഖലയിലുമായി ജോലി ചെയ്യുന്നു.

അമേരിക്കൻ ഫെഡറൽ ഭരണകൂടത്തിന്റെ വളരെക്കുറച്ച് ജോലിക്കാരേ അമേരിക്കൻ സമോവയിൽ ജോലി ചെയ്യുന്നുള്ളൂ. അമേരിക്കൻ കോസ്റ്റ് ഗാർഡിന്റേതൊഴിച്ച് ജോലിയിലുള്ള സൈനികരുടെ സാനിദ്ധ്യവും ഇവിടെയില്ല. അമേരിക്കൻ കരസേനയുടെ ഒരു റിസർവ് യൂണിറ്റ് ഇവിടെയുണ്ട്. കരസേനയിലേയ്ക്ക് ആൾക്കാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഒരു സ്ഥലം യുടുലായി എന്ന സ്ഥലത്തുണ്ട്.

നിലവിൽ ടൂണമത്സ്യം കാൻ ചെയ്യുന്ന ഒരു കമ്പനിയേ പ്രവർത്തിക്കുന്നുള്ളൂ. മറ്റൊരു കമ്പനിയുണ്ടായിരുന്നത് 2009-ൽ പൂട്ടിപ്പോയി.[33]

2002 മുതൽ 2007 വരെ യഥാർത്ഥ ജി.ഡി.പി. 0.4 ശതമാനം എന്ന നിരക്കിൽ വർഷാവർഷം കൂടുകയുണ്ടായി. ചൂരയുടെ കയറ്റുമതിയിലെ ചാഞ്ചാട്ടങ്ങളാണ് സാമ്പത്തികനിലയുടെ ഇടയ്ക്കിടെയുണ്ടാകുന്ന കയറ്റിറക്കങ്ങൾക്ക് കാരണം.

കൂടുതൽ വിവരങ്ങൾ പ്രധാന മേഖലകൾ, 2002-2007 ശരാശരി വാർഷിക വളർച്ചാനിരക്ക് (1) ...

1. ശരാശരി വാർഷിക വളർച്ചാ നിരക്ക്. 2. സ്രോതസ്സ്: 2008-ലെ അമേരിക്കൻ സമോവ സ്റ്റാറ്റിസ്റ്റിക്കൽ ഇയർബുക്ക്.

2002 മുതൽ 2007 വരെ ജനസംഖ്യ ശരാശരി 2.3 ശതമാനം വാർഷികവളർച്ചാനിരക്ക് കാണിച്ചിരുന്നു. ഇതേസമയം പ്രതിശീർഷ യഥാർത്ഥ ജി.ഡി.പി. വാർഷികമായി 1.9 ശതമാനം വച്ച് കുറഞ്ഞുവരുകയായിരുന്നു.

അമേരിക്കയിലെ 1938-ലെ ഫെയർ ലേബർ സ്റ്റാന്റേഡ് ആക്റ്റ് തുടക്കം മുതലേ അമേർക്കൻ സമോവയ്ക്ക് പ്രത്യേകമായ പരിഗണനയാണ് നൽകിയിരുന്നത്.[34] അമേരിക്കൻ സമോവയിലെ ശമ്പളം പ്രത്യേക കമ്മിറ്റി വർഷത്തിൽ രണ്ടു പ്രാവശ്യം ചേർന്നാണ് തീരുമാനിക്കുന്നത്.[35] ആദ്യം ഈ നിയമത്തിൽ മറ്റു പ്രദേങ്ങൾക്കായുള്ള വകുപ്പുകളുമുണ്ടായിരുന്നുവെങ്കിലും അവ സാമ്പത്തികനില മെച്ചപ്പെടുന്നതിനനുസരിച്ച് ക്രമാനുഗതമായി നീക്കം ചെയ്യപ്പെടുകയായിരുന്നു.[36]

2007-ൽ ഫെയർ മിനിമം വേജസ് നിയമം പാസായി. ഇത് വർഷാവർഷം 50¢ വീതം ഒരു മണിക്കൂറിലെ അടിസ്ഥാന ശമ്പളം കൂട്ടിക്കൊണ്ടുവന്ന് അമേരിക്കയിൽ ഇപ്പോഴുള്ള അടിസ്ഥാന ശമ്പളമായ മണിക്കൂറിൽ $7.25 എന്ന നിരക്കിലെത്തിക്കാൻ വ്യവസ്ഥ ചെയ്യുന്നു.[37] ഇതെത്തുടർന്ന് ഒരു ട്യൂണ കമ്പനി പൂട്ടുകയും 2,041 പേർ തൊഴിൽരഹിതരാവുകയും ചെയ്തു.[38] ബാക്കിയുള്ള കമ്പനി ജോലിക്കാരെ കുറച്ചുകൊണ്ടുവരുകയാണ്.[39] അടിസ്ഥാനശമ്പളം മാത്രം വാങ്ങുന്ന ജീവനക്കാരെ പിരിച്ചുവിടുന്നതിനുപകരം കമ്പനി ഉയർന്നതലത്തിലെ ഉദ്യോഗസ്ഥരുടെ ശമ്പളം കുറയ്ക്കുകയാണ് വേണ്ടതെന്ന് ഗവർണർ അഭിപ്രായപ്പെടുകയുണ്ടായി.[40]

2005-ൽ തൊഴിലില്ലായ്മ 29.8% ആയിരുന്നു. 2010-ൽ ഇത് 23.8% ആയി മെച്ചപ്പെട്ടു. ആകെ ജി.ഡി.പി. $537 മില്യണാണ്. സ്വതന്ത്ര സമോവയിലെ ജി.ഡി.പി.യേക്കാൾ ഇരട്ടിയോളം വരും അമേരിക്കൻ സമോവയിലെ ജി.ഡി.പി.

Remove ads

നികുതികൾ

ഒരു സ്വതന്ത്ര കസ്റ്റംസ് പ്രദേശമാണ് അമേരിക്കൻ സമോവ. അമേരിക്കയുടെ ഫെഡറൽ സർക്കാരിന്റെ വരുമാന നികുതി സമോവൻ വരുമാനത്തിന്മേൽ ചുമത്താൻ സാധിക്കില്ല.[41]

ഗതാഗതം

Thumb
വാഹനങ്ങളുടെ രജിസ്ട്രേഷൻ പ്ലേറ്റ്. 1999-ൽ കൊണ്ടുവന്ന രീതി.
Thumb
ഹൈവേ റൂട്ടുകൾ

ഇവിടെ 241 കിലോമീറ്റർ ഹൈവേകൾ ഉണ്ട് (2008-ൽ കണക്കാക്കിയത്).[42] അനൂവു, ഔവാസി, ഫെലെസാവോ, ഓഫു, പാഗോ പാഗോ എന്നിവയുൾപ്പെടെ ധാരാളം തുറമുഖങ്ങളും ഹാർബറുകളുമുണ്ട്.[42] അമേരിക്കൻ സമോവയിൽ റെയിൽവേ ലൈനുകളൊന്നുമില്ല.[42] മൂന്നു വിമാനത്താവളങ്ങളാണിവിടെ ഉള്ളത്.[42] ഇവിടെ ചരക്കുകപ്പലുകളൊന്നുമില്ലത്രേ.[42]

ജനങ്ങൾ

ജനസംഖ്യയിൽ (55,519) 95% ഏറ്റവും വലിയ ദ്വീപായ ടുടൂവിലയിലാണ് താമസിക്കുന്നത്.[23]

91.6 ശതമാനം ജനങ്ങളും സമോവൻ നിവാസികളാണ്. 2.8% ഏഷ്യക്കാരാണ്. 1.1% വെള്ളക്കാരും 4.2% മിശ്രിതവംശജരുമാണ്. 0.3% മറ്റു വംശങ്ങളിൽ പെട്ടവരാണ്. ഹവായിയൻ ഭാഷയുമായും മറ്റു പോളിനേഷ്യൻ ഭാഷകളുമായും വളരെയടുത്ത് ബന്ധമുള്ള സമോവൻ എന്ന ഭാഷയാണ് 90.6 ശതമാനമാൾക്കാരും സംസാരിക്കുന്നത്. 2.9% ഇംഗ്ലീഷും 2.4% ടോങ്കനും 2.1% മറ്റു ഭാഷകളും സംസാരിക്കുന്നു. 2% മറ്റ് പെസഫിക് ദ്വീപ് ഭാഷകളാണ് സംസാരിക്കുന്നത്. മിക്ക ആൾക്കാർക്കും രണ്ട് ഭാഷകളറിയാം. മിക്ക ആൾക്കാരും ക്രിസ്തുമതവിശ്വാസികളാണ് (50% കൺഗ്രഗേഷണലിൽസ്റ്റ്, 20% റോമൻ കത്തോലിക്, 30% പ്രൊട്ടസ്റ്റന്റ് വിഭാഗവും മറ്റ് വിഭാഗങ്ങളും).[26]

ഇവിടെ ഒരു പോസ്റ്റൽ കോഡേ ഉള്ളൂ (96799)[43][44] ദ്വീപസമൂഹത്തിൽ 23 പ്രൈമറി സ്കൂളുകളും 10 സെക്കന്ററി സ്കൂളുകളുമുണ്ട്. സെക്കന്ററി സ്കൂളുകളിൽ അഞ്ചെണ്ണം അമേരിക്കൻ സമോവയിലെ വിദ്യാഭ്യാസവകുപ്പാണ് നടത്തുന്നത്.[45] മറ്റ് അഞ്ച് സ്കൂളുകൾ സഭകളോ സ്വകാര്യവ്യക്തികളോ ആണ് നടത്തുന്നത്. 1970-ലാരംഭിച്ച അമേരിക്കൻ സമോവ കമ്യൂണിറ്റി കോളേജാണ് ഉപരിപഠനത്തിനാശ്രയം.

മതം

ലോക ക്രിസ്ത്യൻ ഡേറ്റാബേസിന്റെ കണക്കനുസരിച്ച് അമേരിക്കൻ സമോവയിലെ ജനസംഖ്യയുടെ 98.3% ക്രിസ്ത്യാനികളും 0.7% അഗ്നോസ്റ്റിക്കുകളും 0.3% ചൈനീസ് യൂണിവേഴ്സലിസ്റ്റുകളും 0.3% ബുദ്ധമതക്കാരും 0.3% ബഹായി മതക്കാരുമാണ്.[46]

Remove ads

സംസ്കാരം

കായികമേഖല

പ്രധാന കളികൾ സമോവൻ ക്രിക്കൻ, ബേസ് ബോൾ, ബാസ്കറ്റ്ബോൾ, ഫുട്ട്ബോൾ, അമേരിക്കൻ ഫുട്ട്ബോൾ, വോളിബോൾ എന്നിവയാണ്.

അമേരിക്കൻ ഫുട്ബോൾ

ഏകദേശം 30 സമോവക്കാർ അമേരിക്കയുടെ നാഷണൽ ലീഗ് ഫുട്ബോൾ കളിക്കുന്നുണ്ട്. ഇരുനൂറിലധികം ആൾക്കാർ നാഷണൽ കോളേജിയറ്റ് അസ്സോസിയേഷൻ ഫുട്ബോൾ താരങ്ങളാണ്.[47] അടുത്ത കുറേ വർഷങ്ങളായി സമോവക്കാർക്ക് അമേരിക്കൻ നാഷണൽ ലീഗ് കളിക്കാൻ അമേരിക്കക്കാരേക്കാൾ 40[48] മുതൽ 56 ഇരട്ടി വരെ[47] സാദ്ധ്യത കൂടുതലാണത്രേ.

റഗ്ബി ലീഗ്

അമേരിക്കൻ സമോവയുടെ റഗ്ബി ലീഗ് ടീം രാജ്യത്തെ അന്താരാഷ്ട്ര റഗ്ബി ലീഗിൽ പ്രതിനിധീകരിക്കുന്നു. 1988, 1992, 1998, 2004 എന്നീ വർഷങ്ങളിൽ പസഫിക് കപ്പ് റഗ്ബി ലീഗ് മത്സരങ്ങളിൽ ഈ ടീം പങ്കെടുത്തിട്ടുണ്ട്. നാലു ടീമുകളുള്ള ഒരു പ്രാദേശിക മത്സരം സംഘടിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.[49]

പ്രഫഷണൽ റെസ്‌ലിംഗ്

ധാരാളം അമേരിക്കൻ സമോവക്കാർ ബോക്സിംഗ്, കിക്ക് ബോക്സിംഗ്, പ്രഫഷണൽ റെസ്‌ലിംഗ് മുതലായ കായിക ഇനങ്ങളിൽ ശ്രദ്ധേയരാണ്.

സുമോ ഗുസ്തി

മുസാഷിമാരു, കോണിഷികി തുടങ്ങിയ സമോവൻ സൂമോ ഗുസ്തിക്കാർ ഒസേകി, യോകോസുന മുതലായ ഗുസ്തിയിലെ ഉയർന്ന റാങ്കുകൾ നേടിയിട്ടുണ്ട്.

ഫുട്ബോൾ

അമേരിക്കൻ സമോവയുടെ ഫുട്ബോൾ ടീം ലോകത്തിലെ ഏറ്റവും പുതിയ ടീമുകളിലൊന്നാണ്. ഏറ്റവും ദുർബ്ബലരായ ടീമുകളിലൊന്നാണിതെന്ന പ്രത്യേകതയുണ്ട്. ഒരു മത്സരത്തിൽ 31-0 എന്ന സ്കോറിന് ഇവർ ആസ്ട്രേലിയയോട് പരാജയപ്പെട്ടിരുന്നു.[50] ജോണി സേലുവ എന്ന കളിക്കാരൻ ലിംഗമാറ്റം നടത്തിയശേഷം ലോകകപ്പ് മത്സര രംഗത്ത് പങ്കെടുക്കുന്ന ആദ്യ താരമായി മാറിയിരുന്നു.[51]

ട്രാക്ക് ആൻഡ് ഫീൽഡ്

ട്രാക്ക് ഇനങ്ങൾ അമേരിക്കൻ സമോവയിൽ അത്ര പ്രശസ്തിയാർജ്ജിച്ചിട്ടില്ലെങ്കിലും ഒരു സംഭവം ലോകശ്രദ്ധയാർജ്ജിച്ചിരുന്നു. 2011-ൽ ദക്ഷിണ കൊറിയയിൽ വച്ച് 130 കിലോ ഭാരമുള്ള സോഗേലൗ ടുവാലു എന്ന കായികതാരം പുരുഷന്മാരുടെ 100 മീറ്റർ ലോകചാമ്പ്യൻഷിപ്പിൽ മത്സരിച്ച് 15.66 സെക്കന്റ് സമയത്തോടെ അവസാന സ്ഥാനം കരസ്ഥമാക്കിതായിരുന്നു വാർത്തയായത്.[52] ടുവാലു യഥാർത്ഥത്തിൽ ഷോട്ട് പുട്ട് മത്സരാർത്ഥിയായിരുന്നുവെങ്കിലും മത്സരിക്കാൻ സാധിക്കാതെവന്നതുകൊണ്ട് 100 മീറ്റർ ഓട്ടത്തിൽ മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു.

Remove ads

ഇവയും കാണുക

വസ്തുതകൾ

അവലംബം

2

പുസ്തകസൂചി

  • എല്ലിസൺ, ജോസഫ് (1938). ഓപ്പണിംഗ് ആൻഡ് പെനെട്രേഷൻ ഓഫ് ഫോറിൻ ഇൻഫ്ലുവൻസ് ഇൻ സമോവ റ്റു 1880. കോർവാലിസ്: ഓറിഗൺ സ്റ്റേറ്റ് കോളേജ്.
  • സുനിയ ഫോഫോ (1988). ദി സ്റ്റഡി ഓഫ് ലെജിസ്ലേച്ചർ ഓഫ് അമേരിക്കൻ സമോവ. പാഗോ പാഗോ: അമേരിക്കൻ സമോവ ലെജിസ്ലേച്ചർ.
  • മെറ്റി, ലൗഓഫോ (2002). സമോവ: ദി മേക്കിംഗ് ഓഫ് ദി കോൺസ്റ്റിറ്റ്യൂഷൻ. ആപിയ: ഗവണ്മെന്റ് ഓഫ് സമോവ.

പുറത്തേയ്ക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads