അവെസ്ത
From Wikipedia, the free encyclopedia
Remove ads
സൊറോസ്ട്രിയൻ മതവിശ്വാസികളുടെ പുണ്യഗ്രന്ഥമാണ് അവെസ്ത. ഈ ഗ്രന്ഥങ്ങൾ എഴുതിയ ഭാഷയെ അവെസ്താൻ ഭാഷ എന്നു വിളിക്കും. ഇത് ഒരു കൂട്ടം പുരാതനമായ ലിഖിതരേഖകളുടെ ശേഖരത്തിന്റെ പൊതുനാമമാണ്. ബി.സി. 300-ആമാണ്ടിനും 600-ആമാണ്ടിനുമിടയിൽ ഇറാനിലെ സാസാനിയൻ രാജാക്കന്മാരുടെ കാലത്താണ് ഇതിന്റെ ശേഖരണം നടന്നത്[1]. അവെസ്തയിലെ ഭാഷക്കും ഇതിൽ വിവരിച്ചിരിക്കുന്ന ആചാരങ്ങൾക്കും വേദങ്ങളുമായി സാമ്യമുണ്ട്[2].
ഇറാനിയൻ പീഠഭൂമിയിലേക്കെത്തിച്ചേർന്ന ഇന്തോ ആര്യന്മാരുടേയും ഇറാനിയൻ വംശജരുടേയും വിവരങ്ങൾ നൽകുന്ന ഒരു പ്രധാന ഉറവിടം എന്ന നിലയിലും അവെസ്ത പ്രാധാന്യമർഹിക്കുന്ന ഒന്നാണ്[1].
അവെസ്തയിലെ വിവരണങ്ങൾ അനേകം വ്യത്യസ്ത തരങ്ങളിൽ പെടുന്നു. ഒന്നുകിൽ വ്യത്യസ്ത ഭാഷാഭേദങ്ങളിലോ അല്ലെങ്കിൽ വ്യത്യസ്ത ഉപയോഗരീതിയിലോ പെടും. ഇതിലെ മതപരമായ പ്രധാന ആശയം യസ്ന എന്നതാണ്. ഇത് പ്രധാന മത ചടങ്ങായ യസ്നത്തിൽനിന്നും വന്നതാണ്.
സൊറൊആസ്റ്റ്രിയന്മാരുടെ പ്രാഥമികമായ ആരാധനാക്രമം യസ്ന വരികൾ ആലപിക്കുകയാണ്. യസ്ന ഗ്രന്ഥത്തിന്റെ ഏറ്റവും പ്രധാന ഭാഗം 17 മന്ത്രങ്ങളുള്ള അഞ്ചു ഗാഥകൾ ആകുന്നു. സൊറൊആസ്റ്റർ രൂപപ്പെടുത്തിയ ഈ മന്ത്രങ്ങൾ മറ്റു ചെറിയ പഴയ അവെസ്തൻ ഗ്രന്ഥ ഭാഗങ്ങളും ചേർന്ന് യസ്നത്തിന്റെ ഭാഗമായിരിക്കുന്നു. ബാക്കിയുള്ള യസ്നത്തിന്റെ ഗ്രന്ഥഭാഗങ്ങൾ പിന്നീട് ചേർക്കപ്പെട്ടതാണ്. ഇത് പുതിയ അവെസ്തനിൽ ആണുള്ളത്.
Remove ads

സംസ്കൃതത്തിലെ യജ്ഞവുമായി അഭേദ്യമായ ബന്ധം ഈ വാക്കിനുണ്ട്. യസ്ന എന്ന ചടങ്ങിൽ ഈ മന്ത്രങ്ങൾ ആലപിക്കുന്നതിനാൽ ഈ മന്ത്രങ്ങൾക്കും അതേ പേരു തന്നെ നൽകി. ഹാ-ഇതി അല്ലെങ്കിൽ ഹാ എന്നു വിളിക്കപ്പെടുന്ന 72 ഭാഗങ്ങളാണ് ഇതിനുള്ളത്. ഈ ഭാഗങ്ങളെ സൂചിപ്പിച്ചാണ് സരതുഷ്ട്ര മതക്കാർ കുഷ്ടിയിലുള്ള ആട്ടിൻ കുട്ടിയുടെ രോമംകൊണ്ടുള്ള 72 നൂൽ അണിയുന്നത്. യസ്നയുടെ കേന്ദ്രീയഭാഗം ഗാഥകൾ ആകുന്നു. ഇവ സരതുഷ്ട്രൻ സ്വയം രൂപപ്പെടുത്തിയ ഏറ്റവും പഴക്കമുള്ളതും ഏറ്റവും ശ്രേഷ്ഠമായതും ആണെന്നു കരുതപ്പെടുന്നു. ഗാഥകളെ രൂപഘടനയുടെ അടിസ്ഥാനത്തിൽ വീണ്ടും യസ്ന ഹപ്തങ്ഹൈതി (ഏഴു അദ്ധ്യായങ്ങളുള്ള യസ്ന). ഇവിടെ അവെസ്ത ഭാഷയ്ക്ക് 'സ' എന്ന അക്ഷരമില്ല എന്നോർക്കുക, പകരം ഹ എന്നുച്ചരിക്കും. സപ്ത എന്നു സംസ്കൃതത്തിലുള്ള വാക്ക് ഹപ്ത എന്ന് അവെസ്ത ഭാഷയിൽ പറയും. അതു പോലെ സിന്ധു എന്നത് അവെസ്തയിൽ ഹിന്ദു എന്നാണ്.
Remove ads
സംസ്കൃതത്തിലെ യഷ്ടി എന്നതിനു തുല്യമാണ് യഷ്ട്. പ്രകീർത്തിച്ച് ആരാധന എന്നാണിതിനർഥം. 21 മന്ത്രങ്ങൾ ഇവിടെയുണ്ട്. ഓരോന്നും ഓരോ ദേവതയ്ക്കോ ദേവസങ്കൽപ്പത്തിനോ അർപ്പിച്ചിരിക്കുന്നു. യഷ്റ്റുകൾ രീതികളിൽ വ്യത്യസ്തമാകുന്നു. അവയെല്ലാം ഇന്ന് ഗദ്യരൂപത്തിലുള്ളതാണ്. പക്ഷെ, വിശകലനവിദഗ്ദ്ധർ ഇവ ഒരിക്കൽ ശ്ലോകരൂപത്തിലുള്ളതായിരുന്നു എന്നഭിപ്രായപ്പെടുന്നു.
5 ന്യായേഷുകൾ ഉണ്ട്. ഇവ പുരോഹിതർക്കും മറ്റുള്ളവർക്കും ദിനവും പാരായണം ചെയ്യാനുള്ളതാണ്. സൂര്യൻ, മിത്രൻ, ചന്ദ്രൻ, ജലം, അഗ്നി എന്നിവർക്കു വേണ്ടിയുള്ള മന്ത്രങ്ങളാണ്.
5 ഗാഹുകളും ന്യായേഷ് ഭാഗങ്ങൾ പോലെ തന്നെയാകുന്നു.
ചരിത്രപ്രാധാന്യം
അവെസ്തയിലെ വിദേവ്ദാത് (ദേവകൾക്കെതിരെയുള്ള നിയമം) എന്ന ഭാഗത്തിന്റെ ആദ്യപാഠമായ ഫർഗേർദിൽ സോറോസ്ട്രിയരുടെ പ്രധാന ദൈവമായ അഹൂറ മസ്ദ സൃഷ്ടിച്ച 16 ദേശങ്ങളെക്കുറിച്ചുള്ള വിവരങ്ങളുണ്ട്. അഫ്ഗാനിസ്താനിലെ പ്രദേശങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്ന അവ്യക്തമെങ്കിലും ഏറ്റവും പുരാതനമായ രേഖയാണിത്. ഇതിൽ പരാമർശിക്കപ്പെടുന്ന മദ്ധ്യ അഫ്ഗാനിസ്താനിലെ മലകൾക്കു ചുറ്റുമായി ഇന്ന് കാണാൻ സാധിക്കും.
ആര്യാനാം വേജാഹ് എന്ന ദേശമാണ് ഈ പട്ടികയിൽ ആദ്യമായി പരാമർശിക്കുന്നത്. ഇതിന്റെ സ്ഥാനം ഇപ്പോഴും കണക്കാക്കപ്പെട്ടിട്ടില്ല. വടക്കുഭാഗത്തുള്ള ഒരു പ്രദേശമാണ് ഇതെന്ന് അനുമാനിക്കപ്പെടുന്നു. ഇന്നത്തെ സമർഖണ്ഡിനും ബുഖാറക്കും അടുത്തായി കണക്കാക്കുന്ന സോഗ്ദിയ ഈ പട്ടികയിലെ അടുത്ത ദേശമാണ്. ബാക്ട്രിയയും മാർഗിയാനയും തുടർന്നു വരുന്നു. തെക്കുപടിഞ്ഞാറൻ അഫ്ഗാനിസ്താനിൽ ഇറാനിലെ സിസ്താനോടടുത്തുള്ള ഏറിയ (ഇന്നത്തെ ഹെറാത്ത്) എന്നിങ്ങനെ ഈ പട്ടിക വടക്കു നിന്നും തെക്കോട്ടു വരുന്നു. തുടർന്ന് കന്ദഹാറിന് അടുത്താണെന്നു കണക്കാക്കുന്ന അറാകോസിയയും (Arachosia) ഹിന്ദുകുഷിന് കിഴക്കുള്ളതും സിന്ധൂതടം വരെയുള്ളതുമായ പല പ്രദേശങ്ങളും ഈ പട്ടികയിലുണ്ട്[3].
പട്ടികയിലുള്ള ചില പ്രദേശങ്ങൾ ഇന്നും ഏതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. എന്നാൽ, മറ്റു ചില പ്രദേശങ്ങളാകട്ടെ പിൽക്കാലത്തെ പ്രശസ്തമായ പേർഷ്യൻ, ഗ്രീക്ക്, അക്കാമെനിഡ് ഗ്രന്ഥങ്ങളിൽ പരാമർശിക്കപ്പെടുന്നുണ്ട്. ഉദാഹരണത്തിന് പട്ടികയിൽ നാലാമതായി പരാമർശിക്കുന്ന ബക്സോയ് എന്ന പ്രദേശം ബാക്ട്രിയയിലെ ഇന്നത്തെ ബൽഖ് പ്രദേശത്തിനടുത്തുള്ളതാണ്[3]. പത്താമത്തെ പ്രദേശമായ അറാകോസിയക്ക് (ഇന്നത്തെ കന്ദഹാർ), ഹറാഫ്‌വൈതി എന്ന അവിടത്തെ നദിയുടേതുമായി ബന്ധപ്പെട്ട പേരാണ്. അതുപോലെ 11-ആമതായ ഹിൽമന്ദും (സിസ്താൻ) നദിയുമായി ബന്ധപ്പെട്ട നാമമാണ്.
സിസ്താൻ ഒഴികെ ഈ പട്ടികയിലെ സ്ഥാനം നിർണ്ണയിക്കപ്പെട്ട സ്ഥലങ്ങളെല്ലാം ഇറാന് വെളിയിൽ കിഴക്കും വടക്കുകിഴക്കുഭാഗത്താണെങ്കിലും , സസാനിയരുടെ കാലം മുതൽക്കേ, മറ്റു പ്രദേശങ്ങളെ, ഇറാനിലെ പ്രദേശങ്ങളുമായി ബന്ധപ്പെടുത്തുആൻ സൊറോസ്ട്രിയൻ പണ്ഡിതർ ശ്രമിച്ചിരുന്നു.
1980-ൽ ഘെറാർദോ ഗ്നോളി, ഈ പ്രദേശങ്ങളെയെല്ലാം ഇറാന്റെ പുറത്തേക്ക് മാറ്റി അവതരിപ്പിച്ചു. ഇദ്ദേഹത്തിന്റെ നോട്ടത്തിൽ ചില പ്രദേശങ്ങൾ ഇന്നത്തെ പാകിസ്താനിലാണ് വരുന്നത്. 2000-മാണ്ടീൽ വില്ലെം വോഗൽസാങ്, ഇതിന്റെ ഒരു പരിഷ്കരിച്ച പതിപ്പ് അവതരിപ്പിച്ചിരുന്നു. എങ്കിലും ഹെൽമുട്ട് ഹംബാക്, മൈക്കൽ വിറ്റ്സെൽ എന്നീ ചരിത്രകാരന്മാരുടെ അഭിപ്രായപ്രകാരം ഇതിലെ ചില സ്ഥലങ്ങൾ ഇറാനിൽ ഉൾപ്പെടുന്നുണ്ട്.[4]
ആര്യാനാം വേജാഹ്
ആര്യൻ, ഇറാൻ തുടങ്ങിയ വാക്കുകളുമായി ബന്ധപ്പെട്ട ആര്യാനാം വേജാഹ് ഇന്തോ ഇറാനിയൻ സംസ്കാരത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടെതാണ്. വടക്കു നിന്ന് ആര്യൻ അധിനിവേശത്തിന്റെ പാതയിൽ ക്രമാനുഗതമായുള്ള ഈ പട്ടികയിൽ സോഗ്ദിയക്കു മുൻപ് ഒന്നാം സ്ഥാനത്തു തന്നെ ആര്യാനാം വേജാഹ് ചേർത്തിരിക്കുന്നതിനാൽ ഈ പ്രദേശം സമർഖണ്ഡിനും ബുഖാറക്കും വടക്കുള്ള പ്രദേശമാണെന്ന് ഒരനുമാനമുണ്ട്.[3] എന്നാൽ വിറ്റ്സെലിന്റെ അഭിപ്രായത്തിൽ ആര്യാനാം വേജാഹ്, മദ്ധ്യ അഫ്ഗാനിസ്താൻ മലനിരയിലാണ്. ഗ്നോളിക്കും ഇതേ അഭിപ്രായമാണ്.
ആര്യാനാം വേജാഹിനൊപ്പം നല്ല നദി എന്ന പ്രയോഗം കൂടി ഉപയോഗിക്കുമായിരുന്നു (Airyanem Vaejah of Good River). 1978-ൽ റഷ്യൻ ചരിത്രകാരൻ ഇവാൻ സെബ്ലിൻ കാമെൻസ്കി, വഹ്വി എന്ന ഈ നല്ല നദിയെക്കുറിച്ച് ഒരു ലേഖനം എഴുതിയിരുന്നു. ഇദ്ദേഹത്തിന്റെ അഭിപ്രായത്തിൽ 20-ആം നൂറ്റാണ്ടിന്റെ തുടക്കം വരെ വഹ്വി എന്ന പേര് വഖ് എന്ന രീതിയിലും ഗ്രീക്കുകാരുടെ കാലത്ത് ഓക്കോസ് എന്നുമായിരുന്നു അറിയപ്പെട്ടിരുന്നത്. ഓക്സസ് അഥവാ അമു ദര്യയുടെ മുകൾഭാഗത്തുള്ള ദര്യ-ഇ പഞ്ച് ആണ് ഈ നദി. ആര്യാനാം വേജാഹിനൊപ്പമുള്ള നല്ലനദി ഇതാണെങ്കിൽ ആര്യാനം വേജാഹ് പാമിറിനടുത്തായിരിക്കണം എന്നനുമാനിക്കാം[4]
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads