ആസാദ് ഹിന്ദ്
രണ്ടാം ലോകമഹായുദ്ധകാലത്ത് സുഭാഷ് ചന്ദ്രബോസ് സ്ഥാപിച്ച താൽക്കാലിക സർക്കാർ From Wikipedia, the free encyclopedia
Remove ads
ഇന്ത്യയെ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും സ്വതന്ത്രയാക്കാൻ ഇന്ത്യക്കു പുറത്ത് അച്ചുതണ്ട് ശക്തികളുടെ സഹായത്തോടെ രൂപീകരിച്ച ഒരു താൽക്കാലിക സർക്കാരായിരുന്നു ആഴ്സി ഹുക്മത്തെ-ഇ-ആസാദ് ഹിന്ദ് എന്ന ആസാദ് ഹിന്ദ്.[1][2] 1943 ൽ ജപ്പാന്റെ സഹായത്തോടെ, സിംഗപ്പൂരിലാണ് ഈ സർക്കാർ രൂപമെടുത്തത്. സുഭാസ് ചന്ദ്ര ബോസിന്റെ നേതൃത്വത്തിലായിരുന്നു ഇത്തരമൊരു സമാന്തര നീക്കം വിദേശ രാജ്യങ്ങളിലായി നടന്നത്. അച്ചുതണ്ട് ശക്തികളുടെ സഹായത്തോടെ നടപ്പാക്കുന്ന ഒരു വിപ്ലവത്തിലൂടെ ബ്രിട്ടീഷുകാരെ ഇന്ത്യയിൽ നിന്നും പുറത്താക്കി ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിയെടുക്കാമെന്ന് സുഭാസ് ചന്ദ്ര ബോസ് വിശ്വസിച്ചിരുന്നു.
ആസാദ് ഹിന്ദിന് സ്വന്തം വിനിമയ നാണ്യവും, നിയമസംഹിതയും ഉണ്ടായിരുന്നു. ആസാദ് ഹിന്ദ് പോലൊരു നീക്കത്തിലൂടെ ബ്രിട്ടീഷ് സർക്കാരിനെ ഇന്ത്യയിൽ നിന്നും പുറത്താക്കാമെന്ന് സംഘടനയിലുള്ളവരെ കൂടാതെ വിവിധ കാരണങ്ങൾ കൊണ്ട് ഇന്ത്യക്കു പുറത്തു ജീവിക്കുന്ന ഇന്ത്യാക്കാരായവർ പോലും ചിന്തിച്ചിരുന്നു. ജപ്പാനാണ് തീരുമാനങ്ങൾ എടുക്കുകയും നടപ്പാക്കുകയും ചെയ്തിരുന്നത്. തങ്ങളുടെ അധികാര പരിധിയിലുള്ള രാജ്യങ്ങളിൽ പൂർണ്ണ നിയന്ത്രണങ്ങളുള്ള ഒരു സർക്കാരായിരുന്നില്ല ആസാദ് ഹിന്ദ്, മറിച്ച് എല്ലാ നയതന്ത്ര തീരുമാനങ്ങൾക്കും ജപ്പാനെ ആശ്രയിച്ചിരുന്ന ഒരു ഭരണസംവിധാനമായിരുന്നു അത്.[3]
ആസാദ് ഹിന്ദ് രൂപീകരിച്ച ഉടൻ തന്നെ ഇൻഡോ-ബർമ്മൻ അതിർത്തിയിൽ അമേരിക്കൻ സൈന്യത്തിനോട് അവർ യുദ്ധം പ്രഖ്യാപിക്കുകയുണ്ടായി.[4] ആസാദ് ഹിന്ദിന്റെ സൈന്യമായ ആസാദ് ഹിന്ദ് ഫൗജ് അഥവാ ഇന്ത്യൻ നാഷണൽ ആർമി ബ്രിട്ടീഷ് ഇന്ത്യൻ ആർമിയോട് ഇംഫാൽ-കോഹിമ മേഖലയിൽ യുദ്ധം ആരംഭിച്ചു. ജപ്പാന്റെ സൈന്യമാണ് ഇന്ത്യൻ നാഷണൽ ആർമിയെ ഇവിടെ സഹായിച്ചിരുന്നത്. കോഹിമയിൽ ബ്രിട്ടന്റെ പ്രതിരോധം ഭേദിക്കാൻ ഇന്ത്യൻ നാഷണൽ ആർമിക്കു കഴിഞ്ഞു. ശക്തമായ മുന്നേറ്റങ്ങൾ ചില മേഖലയിൽ സൃഷ്ടിക്കാൻ ആസാദ് ഹിന്ദിനു കഴിഞ്ഞുവെങ്കിലും, റംഗൂൺ മേഖലയിൽ നിന്നേറ്റ പരാജയത്തോടെ ഇന്ത്യൻ നാഷണൽ ആർമിയുടേയും, ആസാദ് ഹിന്ദിന്റേയും അവസാനമായി എന്നു പറയാം. സുഭാസ് ചന്ദ്ര ബോസിന്റെ മരണത്തോടെ, അല്ലെങ്കിൽ അപ്രത്യക്ഷമാകലോടെ ആസാദ് ഹിന്ദ് പൂർണ്ണമായി ഇല്ലാതായി.
പൂർണ്ണമായും സ്വതന്ത്രമായ ഒരു സർക്കാരായിരുന്നു ആസാദ് ഹിന്ദ് എന്ന് ചില ചരിത്രകാരന്മാർ സമർത്ഥിക്കുന്നു.[5]
Remove ads
സംസ്ഥാപനം
പ്രധാനമായും രണ്ട് സമ്മേളനങ്ങളാണ് ആസാദ് ഹിന്ദിന്റെ രൂപീകരണത്തിനു കാരണമായിത്തീർന്നത്.[6] 1942 മാർച്ചിൽ ടോക്കിയോവിൽ വെച്ചു നടത്തപ്പെട്ട ഒന്നാമത്തെ സമ്മേളനവും, പിന്നീട് ബാങ്കോക്കിൽ വെച്ചു നടന്ന രണ്ടാമത്തെ സമ്മേളനവുമാണ് ആസാദ് ഹിന്ദിന്റെ വിത്തു പാകലായി കണക്കാക്കപ്പെടുന്നത്.[7][8] ദക്ഷിണകിഴക്കൻ ഏഷ്യയിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസികളായിരുന്നു ഇതിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും. വിവിധ കാരണങ്ങൾകൊണ്ട് പ്രവാസികളായി തീർന്നവരായിരുന്നു ഇതിലുള്ളവർ.
റാഷ് ബിഹാരി ബോസ് എന്ന പ്രവാസിയുടെ നേതൃത്വത്തിലായിരുന്നു ടോക്കിയോവിൽ വെച്ചു നടന്ന ആദ്യത്തെ സമ്മേളനം.[9] ബ്രിട്ടീഷുകാരെ ഇന്ത്യയിൽ നിന്നും പുറത്താക്കുവാനായി, ഒരു ശ്രമം എന്ന നിലയിൽ ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ് രൂപീകരിക്കപ്പെട്ടത് ഈ സമ്മേളനത്തിലായിരുന്നു. ഇന്ത്യൻ നാഷണൽ ആർമിയുടെ തുടക്കം ഈ സമ്മേളനത്തിൽ നിന്നായിരുന്നു. ബ്രിട്ടീഷുകാരെ ഇന്ത്യയിൽ നിന്നും പുറത്താക്കി സ്വതന്ത്ര ഇന്ത്യക്കുവേണ്ടി പോരാടാൻ ഒരു സൈന്യം എന്ന നിലയിലായിരുന്നു റാഷ് ബിഹാരി ബോസ് ഈ സേനയെ രൂപീകരിച്ചത്. ലീഗ് രൂപീകരിക്കുന്ന സമയത്ത് തന്നെ റാഷ് ബിഹാരി ബോസ് തീരെ അവശനായിരുന്നു, അതുകൊണ്ട് തന്നെ ലീഗിനെ മുന്നോട്ടു നയിക്കാനായി യുവനേതൃത്വം ആവശ്യമാണെന്ന് ബോസ് മനസ്സിലാക്കി. ബാങ്കോക്കിൽ വെച്ചു നടന്ന രണ്ടാമത്തെ സമ്മേളനത്തിൽ സുഭാസ് ചന്ദ്ര ബോസിനെ ലീഗിന്റെ നേതൃസ്ഥാനം വഹിക്കാൻ ക്ഷണിക്കുകയുണ്ടായി. ആ സമയത്ത് ജർമ്മനിയിലായിരുന്ന സുഭാസ് ചന്ദ്ര ബോസ് ഒരു അന്തർവാഹിനിയിലാണ് സമ്മേളനത്തിൽ പങ്കെടുക്കാനായി ജപ്പാനിലെത്തിയത്.
1943 ജൂൺ 13 നാണ് സുഭാസ് ചന്ദ്ര ബോസ് ബാങ്കോക്കിലെത്തിച്ചേരുന്നത്. ജൂലൈയിൽ സിങ്കപ്പൂരിലെത്തിയ ബോസ്, ഒക്ടോബറിൽ ആസാദ് ഹിന്ദിന്റെ സംസ്ഥാപനം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബ്രിട്ടനേയും, അതിന്റെ സഖ്യകക്ഷികളേയും ഇന്ത്യൻ മണ്ണിൽ നിന്നും തുടച്ചു നീക്കേണ്ടത് ഈ താൽക്കാലിക സർക്കാരിന്റെ ചുമതലയാണെന്ന് ബോസ് ആസാദ് ഹിന്ദിന്റെ സമ്മേളനത്തെ അഭിസംബോധനചെയ്തുകൊണ്ടു പറഞ്ഞു.[10] റാഷ് ബിഹാരി ബോസിന്റെ കീഴിൽ ചിതറി കിടന്നിരുന്ന ഇന്ത്യൻ നാഷണൽ ആർമിയുടെ ചുമതല സുഭാസ് ചന്ദ്ര ബോസ് ഔദ്യോഗികമായി ഏറ്റെടുക്കുയും, ജപ്പാന്റെ സഹായത്തോടെ അതിനെ ഒരു ശക്തമായ സൈന്യമായി മാറ്റിയെടുക്കുയും ചെയ്തു.
Remove ads
സർക്കാർ
സുഭാസ് ചന്ദ്ര ബോസിന്റെ നേതൃത്വത്തിൽ ഒരു മന്ത്രി സഭയും ആസാദ് ഹിന്ദ് രൂപീകരിച്ചിരുന്നു. വിദേശകാര്യവകുപ്പും, സൈനിക വകുപ്പും കൈകാര്യം ചെയ്തിരുന്നത് സുഭാസ് ചന്ദ്ര ബോസ് തന്നെയായിരുന്നു. വനിതാ സംഘടക്കുവേണ്ടി ഒരു വകുപ്പുണ്ടായിരുന്നു,അതിന്റെ മന്ത്രിയായിരുന്നത് ക്യാപ്റ്റൻ ലക്ഷ്മി സൈഗാൾ ആയിരുന്നു.[11] ഇന്ത്യൻ നാഷണൽ ആർമിയുടെ വനിതാ വിഭാഗമായ ഝാൻസി റാണി റെജിമെന്റിന്റെ ക്യാപ്ടനും ലക്ഷ്മി സൈഗാൾ ആയിരുന്നു. സിംഗപ്പൂരിലെ ഒരു അറിയപ്പെടുന്ന ഡോക്ടറായിരുന്നു ലക്ഷ്മി സൈഗാൾ. തന്റെ ഡോക്ടറുദ്യോഗം ഉപേക്ഷിച്ച ശേഷമാണ് ലക്ഷ്മി സൈഗാൾ, ആസാദ് ഹിന്ദ് സർക്കാരിൽ ചേർന്ന് ഝാൻസി റാണി റെജിമെന്റിന്റെ നേതൃത്വം ഏറ്റെടുക്കുന്നത്.
Remove ads
ഭരണനിർവ്വഹണം
ജപ്പാൻ യുദ്ധത്തിലൂടെ അധീനതയിലാക്കിയ ആന്റമാൻ നിക്കോബാർ ദ്വീപുകളുടെ ഭരണാധികാരമാണ് ആസാദ് ഹിന്ദിന് അദ്യഘട്ടമെന്ന നിലയിൽ കൈമാറപ്പെട്ടത്. 1943 ഒക്ടോബറിൽ നടന്ന ഗ്രേറ്റ് ഈസ്റ്റ് ഏഷ്യ കോൺഫറൻസിനുശേഷമാണ് ജപ്പാൻ ഈ തീരുമാനമെടുത്തത്. ഈ ദ്വീപുകളുടെ ഭരണനിർവ്വഹണചുമതല തന്റെ മന്ത്രി സഭയിലെ ലഫ്ടനന്റ് കേണൽ എ.ഡി.ലോകനാഥനെ ബോസ് ഏൽപ്പിച്ചു. ഭരണകാര്യങ്ങളിലിടപെടാതെ, ഇന്ത്യൻ നാഷണൽ ആർമിയെ ശക്തിപ്പെടുത്തുക എന്ന ചുമതല ബോസ് സ്വയം ഏറ്റെടുക്കുകയായിരുന്നു. ദ്വീപുകളിൽ നികുതി ചുമത്താനും, അത് പിരിക്കുവാനുമുള്ള അവകാശം കൂടി ആസാദ് ഹിന്ദ് സർക്കാരിനു നൽകിയിരുന്നുവെങ്കിലും, ഇത് പ്രാബല്യത്തിൽ വരുവാൻ ജപ്പാൻ സർക്കാർ അനുവദിച്ചിരുന്നില്ല. മാത്രവുമല്ല, ദ്വീപിലെ പോലീസ് സംവിധാനത്തെ നേരിട്ടു നിയന്ത്രിച്ചിരുന്നത് ജപ്പാൻ സർക്കാരായിരുന്നു. 1944 ജനുവരി 30 ന് ദ്വീപുകളിൽ നടന്ന കൂട്ടക്കൊലയിൽ നേരിട്ടിടപെടാൻ ലോകനാഥന് അധികാരമുണ്ടായിരുന്നില്ല. ഒറ്റുകാരെന്നു സംശയിച്ച നാൽപ്പത്തിലാലു പൗരന്മാരെ ജപ്പാൻ സൈന്യം യാതൊരു വിചാരണയും കൂടാതെ വെടിവെച്ചു കൊല്ലുകയായിരുന്നു. ഇവരിൽ പലരും, ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗിന്റെ പ്രവർത്തകരുമായിരുന്നു.[13][14]
ഇംഫാലിൽ ജപ്പാൻ സൈന്യത്തോടൊപ്പം ചേർന്ന് ചില നേട്ടങ്ങൾ ഇന്ത്യൻ നാഷണൽ ആർമിക്ക് കൈവരിക്കാൻ കഴിഞ്ഞുവെങ്കിലും, അതൊന്നും പൂർണ്ണ വിജയമായിരുന്നില്ല.[15] ഡൽഹിയിൽ ഒരു മുന്നേറ്റത്തിന് ഐ.എൻ.എ പദ്ധതി തയ്യാറാക്കിയിരുന്നുവെങ്കിലും, മോശം കാലാവസ്ഥയും, ഇംഫാലിലെ യുദ്ധക്കെടുതിയും കൊണ്ട് അവർക്കതിനു കഴിഞ്ഞില്ല. റംഗൂണിൽ ഐ.എൻ.എ.ക്ക് കനത്ത പരാജയം തന്നെ നേരിടേണ്ടി വന്നു. 1944–1945 കാലഘട്ടത്തിൽ ഐ.എൻ.എ.യെ സഹായിക്കാൻ ജപ്പാൻ സൈന്യം ഉണ്ടായിരുന്നില്ല. യുദ്ധരംഗത്ത് നേതൃത്വം ഏറ്റെടുക്കാൻ ആൻഡമാനിൽ നിന്നും ലോകനാഥൻ റംഗൂണിലെത്തുകയായിരുന്നു.
ആസാദ് ഹിന്ദിന്റെ തകർച്ച
റംഗൂണിൽ ഐ.എൻ.എ ദയനീയമായി പരാജയപ്പെട്ടതോടെ, സുഭാസ് ചന്ദ്ര ബോസ് സിംഗപ്പൂരിലേക്കു കടന്നു.[16][17] ആസാദ് ഹിന്ദിന്റെ അധീനതിയിലായിരുന്ന ആൻഡമാൻ നിക്കോബാർ ദ്വീപുകൾ ബ്രിട്ടീഷ് സേന, തിരിച്ചു പിടിച്ചു. തായ്‌വാനിൽ നിന്നും റഷ്യയിലേക്കു കടക്കുന്നതിനിടയിൽ ഒരു വിമാനാപകടത്തിൽപ്പെട്ട് സുഭാസ് ചന്ദ്ര ബോസ് മരണമടഞ്ഞുവെന്ന് സ്ഥിരീകരിക്കപ്പെട്ടു. അതോടെ, താൽക്കാലിക സർക്കാരിന്റേയും, ഐ.എൻ.എയുടേയും തന്നെ അവസാനമായി. ഐ.എൻ.എ സൈനികരെ ബ്രിട്ടീഷുകാർ യുദ്ധതടവുകാരായി പിടികൂടി. ഐ.എൻ.എ നേതാക്കളെ ഇന്ത്യയിലേക്കു കൊണ്ടു വന്ന് വിചാരണ ചെയ്തു.
Remove ads
ഇതുംകൂടി കാണുക
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads