ബീഗം ഹസ്രത്ത് മഹൽ
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത വനിത From Wikipedia, the free encyclopedia
Remove ads
അവധിലെ അവസാനത്തെ നവാബായിരുന്ന വാജിദ് അലി ഷായുടെ ആദ്യഭാര്യയായിരുന്നു ബീഗം ഹസ്രത്ത് മഹൽ[1][2] . സൗന്ദര്യത്തിനും ധൈര്യത്തിനും ഒരേപോലെ പേരുകേട്ട ഇവർ 1857ലെ സ്വാതന്ത്ര്യസമരകാലത്ത് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ പോരാടുകയുണ്ടായി. ബ്രിട്ടീഷുകാർ വാജിദ് അലിയെ നാടുകടത്തിയതിനെതുടർന്ന് അധികാരമേറ്റെടുത്ത ഹസ്രത്ത് മഹൽ, അവധിനെ ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി ചേർക്കുന്ന ശ്രമങ്ങൾക്കെതിരെ പോരാടി. നാനാ സാഹിബുമായും ഫൈസാബാദിലെ മൗലവിയുമായും ഇവർ ഒരുമിച്ച് പ്രവർത്തിക്കുകയുണ്ടായി. രാജ്യഭ്രഷ്ടയാക്കപ്പെടുന്നതിനു മുമ്പ്, തന്റെ മകനായ ബിർജിസിനെ അവധിന്റെ ഭരണാധികാരിയായി അവർ വാഴിച്ചുവെങ്കിലും, അതു കുറച്ചു നാളേ നീണ്ടു നിന്നുള്ളു. പിന്നീട് നേപ്പാളിൽ അഭയം തേടിയ ഹസ്രത്ത് അവിടെ വച്ച് 1879ൽ മരണമടഞ്ഞു.
Remove ads
ജീവചരിത്രം
ബ്രിട്ടീഷ് ഇന്ത്യയിലെ ഫൈസാബാദിലുള്ള അവധ് എന്ന നാട്ടുരാജ്യത്തിലാണ് ഹസ്രത്ത് മഹൽ ജനിച്ചത്. മുഹമ്മദി ഖാനും എന്നായിരുന്നു ഹസ്രത്തിന്റെ ബാല്യകാലത്തിലെ പേര്.[3] ലക്നൗ ഭരണാധികാരിയായിരുന്ന നവാബ് വാജിദ് അലി ഷാ, മുഹമ്മദി ഖാനുമിനെ തന്റെ രാജ്ഞിയാക്കി. ബിർജിദ് ഖാദറിന്റെ ജനനത്തോടെ, അവർ ബീഗം ഹസ്രത്ത് മഹൽ എന്ന നാമധേയം സ്വീകരിച്ചു.[3]
1856 ൽ ബ്രിട്ടീഷുകാർ അവധ് കീഴടക്കിയപ്പോൾ, വാജിദ് അലി ഷാ, നാടുകടത്തപ്പെട്ടു. ഭർത്താവിന്റെ അഭാവത്തിൽ ഹസ്രത്ത് മഹൽ, അവധിന്റെ അധികാരം ഏറ്റെടുത്തു. 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരകാലത്ത്, രാജാ ജൈലാൽ സിങ്ങിനോടൊപ്പം ചേർന്ന് ലക്നൗ ബ്രിട്ടീഷുകാരിൽ നിന്നും പിടിച്ചെടുത്തു. ലക്നൗ കീഴ്പെടുത്തിയശേഷം, ബീഗം അവധിന്റെ പിന്തുടർച്ചവാകാശിയായി തന്റെ മകനായ ബിർജിസിനെ അവരോധിച്ചു. 1858 ൽ നീണ്ട യുദ്ധത്തിനു ശേഷം, ബ്രിട്ടീഷുകാർ ലക്നൗ തിരിച്ചു പിടിക്കുകയും, ബീഗത്തോട് കീഴടങ്ങാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്തു.[3]
ബ്രിട്ടീഷുകാരിൽ നിന്നുമുള്ള കടുത്ത സമ്മർദ്ദം സഹിക്കാനാവാതെ ബീഗം, നേപ്പാളിൽ രാഷ്ട്രീയ അഭയം തേടി. നേപ്പാളിന്റെ പ്രധാനമന്ത്രി, ആദ്യം ബീഗത്തിനു അഭയം നിഷേധിച്ചുവെങ്കിലും, പിന്നീട് അവരോട് നേപ്പാളിൽ അഭയം നൽകി. 1879 ഏപ്രിൽ ഏഴാം തീയതി, ബീഗം നേപ്പാളിൽ വച്ച് അന്തരിച്ചു.[4]
Remove ads
സ്മാരകം
നേപ്പാളിലെ കാഠ്മണ്ഡുവിലുള്ള സെന്റർപാർക്കിലാണ് ബീഗം ഹസ്രത്ത് മഹലിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരത്തിലുള്ള ബീഗത്തിന്റെ സംഭാവനകൾ കണക്കിലെടുത്ത്, 1962 ഓഗസ്റ്റ് 15 ന് മരണാനന്തരം ആദരിക്കുകയുണ്ടായി. 1984 മേയ് പത്തിന്, ബീഗത്തിന്റെ സ്മരണാർത്ഥം ഭാരതസർക്കാർ ഒരു സ്റ്റാംപ് പുറത്തിറക്കി.[5]
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads