ഡോസ്

From Wikipedia, the free encyclopedia

ഡോസ്

ഐ.ബി.എം. പി.സികളിലും അനുരൂപികളിലും, 1981 - 1995[൧] കാലഘട്ടത്തിൽ പ്രധാനമായും ഉപയോഗിക്കപ്പെട്ടിരുന്ന പരസ്പരബന്ധമുള്ള ഒരു കൂട്ടം ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളെയാണ് ഡോസ് (DOS) അഥവാ ഡിസ്ക് ഓപ്പറേറ്റിങ്ങ് സിസ്റ്റം (Disk Operating System)[1] എന്നുവിളിക്കുന്നത്. എം.എസ്.-ഡോസ്, പി.സി.-ഡോസ്, ഡി.ആർ.-ഡോസ്, ഫ്രീഡോസ്, പി.റ്റി.എസ്.-ഡോസ്, റോം-ഡോസ്, നോവെൽ ഡോസ്, ഓപ്പൺഡോസ്, 86-ഡോസ് തുടങ്ങിയവ ഈ കുടുംബത്തിലെ ഓപ്പറേറ്റിങ് സിസ്റ്റങ്ങളാണ്.

Thumb
ഫ്രീഡോസിന്റെ സ്ക്രീൻഷോട്ട് - കമാൻഡ്‌ലൈൻ സമ്പർക്കമുഖം, ഡയറക്റ്ററി ഘടന, പതിപ്പിനെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവ കാണാം

പേരിൽ പൊതുവായ വാലായി ഉപയോഗിക്കുന്നുവെങ്കിലും ഇക്കൂട്ടത്തിലെ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലൊന്നുപോലും വെറും "ഡോസ്" എന്ന പേരിൽ പുറത്തിറക്കിയിട്ടില്ല. (1960-കളിലെ ഐ.ബി.എമ്മിന്റെ ഒരു മെയിൻഫ്രെയിം ഓപ്പറേറ്റിങ് സിസ്റ്റത്തിന് ഈ പേരുണ്ടായിരുന്നു). ഈ കുടുംബവുമായി ബന്ധമില്ലാത്ത മറ്റുപല ഓപ്പറേറ്റിങ് സിസ്റ്റങ്ങളുടെ പേരിലും ഡോസ് എന്ന പേര് ഉപയോഗിക്കപ്പെടുകയും ഇവയെക്കുറിച്ച് പരാമർശിക്കപ്പെടുമ്പോൾ ഡോസ് എന്നു മാത്രം പറയാറുമുണ്ട്. അമിഗാഡോസ്, ആംസ്ഡോസ്, ആൻഡോസ്, ആപ്പിൾ ഡോസ്, അറ്റാരി ഡോസ്, കോമഡോർ ഡോസ്, സി.എസ്.ഐ. ഡോസ്, പ്രോഡോസ്, ടി.ആർ.എസ്.-ഡോസ് തുടങ്ങിയവ ഇക്കൂട്ടത്തിൽപ്പെടുന്നു. ഈ ഓപ്പറേറ്റിങ് സിസ്റ്റങ്ങൾ, അതതിനുദ്ദേശിച്ചിട്ടുള്ള കമ്പ്യൂട്ടറുകളിൽ സമാനമായ സൗകര്യങ്ങൾ പ്രദാനം ചെയ്യുമെങ്കിലും ഇതിൽ ഒരു ഓപ്പറേറ്റിങ് സിസ്റ്റത്തിലോടുന്ന പ്രോഗ്രാമുകൾ മറ്റൊന്നിൽ പ്രവർത്തിക്കണമെന്ന് നിർബന്ധമില്ല.

ചരിത്രം

ഈ കുടുംബത്തിലെ ആദ്യകാല അംഗങ്ങളായ ഐ.ബി.എം. പി.സി.-ഡോസ്, (ഇതിന്റെതന്നെ മൈക്രോസോഫ്റ്റിന്റെ അടയാളമുദ്രയിലുള്ള പതിപ്പായ എം.എസ്.-ഡോസ്), ഇവയുടെ പൂർവ്വികനായ 86-ഡോസ് എന്നിവയെല്ലാം ഡിജിറ്റൽ റിസർച്ചിന്റെ സി.പി./എം. എന്ന ഓപ്പറേറ്റിങ് സിസ്റ്റത്തിൽ നിന്നും ആശയം ഉൾക്കൊണ്ട് വികസിപ്പിക്കപ്പെട്ടവയാണ്. ഇന്റൽ 8080, സിലോഗിന്റെ സെഡ്-80 തുടങ്ങിയ 8-ബിറ്റ് പ്രോസസറുകൾ അടിസ്ഥാനമാക്കിയുള്ള മൈക്രോകമ്പ്യൂട്ടറുകൾക്കുവേണ്ടിയുള്ള പ്രധാന ഓപ്പറേറ്റിങ് സിസ്റ്റമായിരുന്നു സി.പി./എം.

ഇന്റൽ 8088 പ്രോസസർ അടിസ്ഥാനമാക്കി, ഐ.ബി.എം., പി.സി. പുറത്തിറക്കുന്ന സമയത്ത് ഈ പ്രോസസറിന് യോജിച്ച സി.പി./എം. പതിപ്പിനുവേണ്ടി മൈക്രോസോഫ്റ്റിനെ സമീപിച്ചു. (മൈക്രോസോഫ്റ്റാണ് സി.പി./എമ്മിന്റെ ഉടമസ്ഥർ എന്ന തെറ്റിദ്ധാരണയിലാണ് ഇത് സംഭവിച്ചതെന്നു കരുതുന്നു. ആപ്പിൾ II-ൽ സി.പി./എം. പ്രർത്തിപ്പിക്കാനുള്ള മൈക്രോസോഫ്റ്റിന്റെ Z-80 സോഫ്റ്റ്കാർഡ് ആണ് ഈ തെറ്റിദ്ധാരണക്ക് വഴിതെളിച്ചതെന്നും കരുതുന്നു[2]). മൈക്രോസോഫ്റ്റ് മേധാവി ബിൽ ഗേറ്റ്സ്, ഇതിനായി ഡിജിറ്റൽ റിസർച്ചിനെ സമീപിക്കാൻ ഉപദേശിച്ചു. റോയൽറ്റി അടിസ്ഥാനത്തിൽ സി.പി./എം. വിൽക്കാനായിരുന്നു ഡിജിറ്റൽ റിസേർച്ചിന്റെ താൽപര്യം. എന്നാൽ ഐ.ബി.എം. ഒറ്റത്തവണ ലൈസൻസിനായും ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പേര് പി.സി. ഡോസ് എന്ന് വേണമെന്ന നിലപാടിലുമായിരുന്നു. അങ്ങനെ ചർച്ച ധാരണയിലെത്താതെ പിരിഞ്ഞു.[2][3]

ഓപ്പറേറ്റിങ് സിസ്റ്റത്തിനായി ഐ.ബി.എം. വീണ്ടും ബിൽ ഗേറ്റ്സിനെത്തന്നെ സമീപിച്ചു. ഇക്കാലത്ത് സിയാറ്റിൽ കമ്പ്യൂട്ടർ പ്രോഡക്റ്റ്സിലെ പ്രോഗ്രാമറായ ടിം പാറ്റേഴ്സൺ അവരുടെ പുതിയ ഇന്റൽ 8086 സി.പി.യു. കാർഡിനായുള്ള എസ്-100 ബസിന്റെ പ്രവർത്തനം പരിശോധിക്കുന്നതിനായി സി.പി./എമ്മിന്റെ ഒരു വകഭേദം വികസിപ്പിച്ചിട്ടുണ്ടായിരുന്നു. ഈ ഓപ്പറേറ്റിങ് സിസ്റ്റത്തിന് ക്യുഡോസ് (ക്വിക്ക് ആൻഡ് ഡേർട്ടി ഓപ്പറേറ്റിങ് സിസ്റ്റം) എന്നായിരുന്നു വിപണിയിലിറക്കുന്നതിനുമുന്പ് പേരിട്ടിരുന്നത്. പിന്നീടിത് 86-ഡോസ് എന്ന പേരിൽ പുറത്തിറക്കി. 86-ഡോസിനെ മൈക്രോസോഫ്റ്റ് സ്വന്തമാക്കുകയും (വില 50,000 ഡോളറായിരുന്നു എന്നു പറയപ്പെടുന്നു) മൈക്രോസോഫ്റ്റ് ഡിസ്ക് ഓപ്പറേറ്റിങ് സിസ്റ്റം അഥവാ എം.എസ്.-ഡോസ് എന്ന പേരിൽ 1981-ൽ പുറത്തിറക്കുകയും ചെയ്തു.[4] ഐ.ബി.എം. പി.സിക്കുവേണ്ടിയുള്ള പതിപ്പ് പി.സി.-ഡോസ് എന്നും അറിയപ്പെട്ടു.

ഐ.ബി.എമ്മിനു പുറമേ മറ്റു പല കമ്പ്യൂട്ടർ നിർമ്മാതാക്കൾക്കും മൈക്രോസോഫ്റ്റ് ഈ ഓപ്പറേറ്റിങ് സിസ്റ്റം വിതരണം ചെയ്യുകയും അവരുടെ ഹാർഡ്വെയറിനൊപ്പം അവർക്കിഷ്ടമുള്ള പേരിൽ വിൽക്കാൻ അനുവാദം നൽകുകയും ചെയ്തിരുന്നു. എന്നാൽ പിൽക്കാലത്ത് ഐ.ബി.എം. ഒഴികെയുള്ള നിർമ്മാതാക്കൾ എം.എസ്.-ഡോസ് എന്ന പേരുപയോഗിക്കണമെന്ന് മൈക്രോസോഫ്റ്റ് നിഷ്കർഷിച്ചു. പി.സി.-ഡോസിനെ പിൽക്കാലത്ത് ഐ.ബി.എം. സ്വതന്ത്രമായി വികസിപ്പിക്കുകയും ചെയ്തു.[4]

സി.പി./എമ്മുമായി സാമ്യമുള്ള ഓപ്പറേറ്റിങ് സിസ്റ്റം, തങ്ങളോട് വിലപേശിയ അതേപേരിൽത്തന്നെ ഐ.ബി.എം. വിൽപ്പന നടത്തുന്നുവെന്നറിഞ്ഞ ഡിജിറ്റൽ റിസർച്ച് നിയമനടപടിക്കൊരുങ്ങി. ഇതേത്തുടർന്ന് ഐ.ബി.എം. പി.സിക്കൊപ്പം പി.സി. ഡോസിനു പുറമേ സി.പി./എം.-86 ഓപ്പറേറ്റിങ് സിസ്റ്റവും ഉപയോക്താക്കളുടെ ആവശ്യാനുസരണം ഉൾപ്പെടുത്താമെന്ന് ഡിജിറ്റൽ റിസർച്ചും ഐ.ബി.എമ്മും തമ്മിൽ ഒരു ധാരണയിലെത്തി. എന്നാൽ സി.പി.എമ്മിന്റെ ഉയർന്ന വില (ഇതിന്റെ വില പി.സി. ഡോസിനെ അപേക്ഷിച്ച് 200 ഡോളർ കൂടുതലായിരുന്നു) ആവശ്യക്കാരുടെ എണ്ണം കുറച്ചു. അങ്ങനെ സി.പി./എം. പിന്തള്ളപ്പെടുകയും എം.എസ്. ഡോസും പി.സി. ഡോസും പി.സി. അനുരൂപികളിൽ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു.[2]

മൈക്രോസോഫ്റ്റ്, തുടക്കത്തിൽ എം.എസ്.-ഡോസ് പൊതുവിപണിയിൽ വിറ്റിരുന്നില്ല; അത് കമ്പ്യൂട്ടർ നിർമ്മാതാക്കൾക്കു മാത്രമേ നൽകിയിരുന്നുള്ളൂ. ആദ്യകാല പി.സികൾ ഐ.ബി.എം. പി.സിക്ക് പൂർണ്ണമായും അനുരൂപമല്ലെന്നതായിരുന്നു ഇതിന്റെ പ്രധാനകാരണം. എം.എസ്. ഡോസിൽ, അതിന്റെ കെർണലിനു (MSDOS.SYS) പുറമേ ഓരോ ഹാർഡ്വെയറിനും വേണ്ടി പ്രത്യേകം തയ്യാറാക്കിയ ഡിവൈസ് ഡ്രൈവർ കോഡും (IO.SYS) അടങ്ങിയിട്ടുണ്ട്. ഹാർഡ്വെയർ നിർമ്മാതാക്കൾക്ക് അവരുടെ ഹാർഡ്വെയറിനനുസരിച്ച് ഡിവൈസ് ഡ്രൈവറിൽ മാറ്റം വരുത്താനുള്ള ഒ.ഇ.എം. അഡാപ്റ്റേഷൻ കിറ്റും മൈക്രോസോഫ്റ്റ് നൽകിയിരുന്നു. 1990-കളോടെ മീക്കവാറും പെഴ്സണൽ കമ്പ്യൂട്ടറുകളും ഐ.ബി.എം. പി.സിയുടെ മാനകങ്ങൾ പിന്തുടരുന്നതായതോടെ, എം.എസ്. ഡോസ് 5.0 പതിപ്പുമുൽ മൈക്രോസോഫ്റ്റ് അതിനെ പൊതുവിപണിയിൽ വിൽക്കാനാരംഭിച്ചു.

1980-കളുടെ പകുതിയിൽ മൈക്രോസോഫ്റ്റ്, ഡോസിന്റെ ഒരു മൾട്ടിടാസ്കിങ് പതിപ്പ് വികസിപ്പിച്ചു.[5][6]. ഐ.സി.എല്ലിനു വേണ്ടിയാണ് ഇത് വികസിപ്പച്ചത് എന്നതും മറ്റു പല യൂറോപ്യൻ കമ്പനികൾക്കും ഇതിന്റെ വിൽപ്പനാനുമതി നൽകിയിരുന്നു എന്നതിനാലും യൂറോപ്യൻ എം.എസ്. ഡോസ് 4 എന്നാണ് ഈ പതിപ്പ് അറിയപ്പെടുന്നത്. പ്രീഎംറ്റീവ് മൾട്ടിടാസ്കിങ്, ഷെയേഡ് മെമ്മറി, ഡിവൈസ് ഹെൽപ്പർ സെർവീസുകൾ, NE ഫോർമാറ്റിലുള്ള എക്സിക്യൂട്ടബിൾ ഫയലുകൾ തുടങ്ങിയ സവിശേഷതകൾ ഈ ഡോസ് പതിപ്പിനുണ്ടായിരുന്നു. ഡോസിന്റെ പിൽക്കാലപതിപ്പുകളിലൊന്നും ഈ പ്രത്യേകതകൾ ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ ഇവയെല്ലാം പിന്നീടുവന്ന OS/2 1.0 കെർണലിന്റെ അടിസ്ഥാനഘടകങ്ങളായിരുന്നു. ഡോസ് 3.3-നെ വികസിപ്പിച്ച് ഐ.ബി.എം. പുറത്തിറക്കിയ പി.സി. ഡോസ് നാലാംപതിപ്പിന് എം.എസ്. ഡോസ് 4-ആം പതിപ്പുമായി യാതൊരുബന്ധവുമില്ല.

സി.പി./എം.-86 ന്റെ പരാജയത്തിനുശേഷം എം.എസ്. ഡോസിനും സി.പി./എമ്മിനും അനുരൂപമായ വിവിധ ഓപ്പറേറ്റിങ് സിസ്റ്റങ്ങൾ രംഗത്തിറിക്കി വിപണി പിടിക്കാൻ ഡിജിറ്റൽ റിസർച്ച് ശ്രമം നടത്തി. കൺകറണ്ട് ഡോസ്, ഫ്ലെക്സ്ഓസ്, ഡോസ് പ്ലസ് തുടങ്ങിയവ ഇക്കുട്ടത്തിലെ ആദ്യകാല ഓപ്പറേറ്റിങ് സിസ്റ്റങ്ങളാണ്. മൾട്ടിയൂസർ ഡോസ്, ഡി.ആർ. ഡോസ് എന്നിവ പിൽക്കാലത്തിറക്കിയവയും. ഡിജിറ്റൽ റിസർച്ചിനെ നോവെൽ സ്വന്തമാക്കിയപ്പോൾ ഡി.ആർ. ഡോസിന്റെ പേര് നോവെൽ ഡോസ് 7 എന്നായി. പിൽക്കാലത്ത് ഇത് കാൽഡെറയുടെയും (ഓപ്പൺ ഡോസ്, ഡി.ആർ ഡോസ് 7.02/7.03 എന്നീ പേരുകളിൽ) ലിനിയോയുടെയും ഡിവൈസ്‌ലോജിക്സിന്റെയും കൈയിലായി.

ഡോസിന്റെ പിൻഗാമികളായ രണ്ട് ഓപ്പറേറ്റിങ് സിസ്റ്റങ്ങളുടെ (മൈക്രോസോഫ്റ്റിന്റെ വിൻഡോസും ഐ.ബി.എമ്മിന്റെ ഓ.എസ്./2-വും) കാര്യത്തിൽ മൈക്രോസോഫ്റ്റും ഐ.ബി.എമ്മും തമ്മിൽ ഒട്ടേറെ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു.[7] ഇതേതുടർന്ന് ഡോസിന്റെ വികസനം ഇരുകൂട്ടരും പ്രത്യേകമായി സ്വന്തം രീതിയിൽ തുടർന്നു.[8] എം.എസ്.-ഡോസിന്റെ അവസാന റീട്ടെയിൽ പതിപ്പ് 6.22 ആയിരുന്നു. ഇതിനുശേഷം വിൻഡോസ് 9x പതിപ്പുകൾക്കുള്ള ബൂട്ട്‌ലോഡറായി ഉപയോഗിച്ചിരുന്നു. പി.സി.-ഡോസിന്റെ അവസാനത്തെ റീട്ടെയിൽ പതിപ്പ് പി.സി. ഡോസ് 2000 അഥവാ പി.സി. ഡോസ് 7 റിവിഷൻ 1 ആയിരുന്നു. ആഭ്യന്തരോപയോഗത്തിനായും ഒ.ഇ.എമ്മുകൾക്കായും പി.സി.-ഡോസിന്റെ 7.10 പതിപ്പും ഐ.ബി.എം. വികസിപ്പിച്ചിരുന്നു.

എം.എസ്.-ഡോസിന്റെ വിൽപനയും പിന്തുണയും മൈക്രോസോഫ്റ്റ് അവസാനിപ്പിച്ചതിനെത്തുടർന്നാണ് 1994 ജൂൺ 26-ന് ഫ്രീഡോസ് പദ്ധതിയാരംഭിച്ചത്. ഡോസിന്റെ ഒരു സ്വതന്ത്രപതിപ്പ് വികസിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ രൂപരേഖ പ്രോഗ്രാമറായ ജിം ഹോൾ അവതരിപ്പിച്ചു. ആഴ്ചകൾക്കകം പാറ്റ് വില്ലാനി, ടിം നോർമൻ തുടങ്ങിയ മറ്റു പ്രോഗ്രാമർമാരും ഈ പദ്ധതിയിൽച്ചേർന്നു. സ്വന്തമായി എഴുതിയുണ്ടാക്കിയതും ലഭ്യമായതുമായ പ്രോഗ്രാമുകൾ കൂട്ടിച്ചേർത്ത് ഫ്രീഡോസിന്റെ കെർണലും ഷെല്ലും (command.com കമാൻഡ് ലൈൻ ഇന്റർപ്രെട്ടർ) യൂട്ടിലിറ്റി പ്രോഗ്രാമുകളും ഇവർ വികസിപ്പിച്ചു. 2006 സെപ്റ്റംബർ 3-നാണ് ഫ്രീഡോസിന്റെ ആദ്യത്തെ പതിപ്പായ ഫ്രീഡോസ് 1.0 പുറത്തിറങ്ങിയത്. ഇതിനും മുമ്പുതന്നെ ഔദ്യോഗികമായ മൂന്നോടിപ്പതിപ്പുകൾ ലഭ്യമായിരുന്നു. ഗ്നു ജി.പി.എൽ. അനുമതിയിലാണ് ഫ്രീഡോസ് പുറത്തിറക്കിയത്.[9][10]

പ്രസക്തമല്ലാതാകൽ

ഡോസിന്റെ ഏറ്റവും പ്രചാരത്തിലെത്തിയ വകഭേദം മൈക്രോസോഫ്റ്റിന്റെ എം.എസ്.-ഡോസ് തന്നെയായിരുന്നു. മൈക്രോസോഫ്റ്റിന്റെ വിൻഡോസിന്റെ വരവാണ് ഡോസിനെ പി.സികളിൽ നിന്നു തുടച്ചുമാറ്റിയത്. വിൻഡോസിന്റെ ആദ്യകാലപതിപ്പുകൾ ഡോസിൽ പ്രവർത്തിക്കുന്ന പ്രോഗ്രാമായാണ് പുറത്തിറങ്ങിയിരുന്നത്.[11] 1990-കളുടെ തുടക്കത്തിൽ ഡോസ് സിസ്റ്റങ്ങളിൽ വിൻഡോസിന്റെ ഉപയോഗം വളരെയേറെ വർദ്ധിക്കുകയും വിൻഡോസിന്റെ വിൻഡോസ് ഫോർ വർക്ക്ഗ്രൂപ്സ് 3.11 പതിപ്പിന്റെ കാലമായപ്പോഴേക്കും ഡോസിന്റെ ധർമ്മം വിൻഡോസ് കെർണൽ പ്രവർത്തിപ്പിക്കാനുള്ള ഒരു ബൂട്ട്ലോഡർ എന്നതു മാത്രമായി ചുരുങ്ങുകയും ചെയ്തു. 1995-ൽ വിൻഡോസ് 95 പുറത്തിറങ്ങിയപ്പോൾ ഡോസ് അതിൽ ഉൾക്കൊണ്ടിരുന്നെങ്കിലും ഓപ്പറേറ്റിങ് സിസ്റ്റം തന്നെ വിൻഡോസെന്ന പേരിലായി. മുൻപതിപ്പുകളിൽ നിന്നും വ്യത്യസ്തമായി ഡോസിനും വിൻഡോസിനും പ്രത്യേകം പ്രത്യേകം ലൈസൻസുകളും വേണ്ടിയിരുന്നില്ല. വിൻഡോസിന്റെ 95, 98, മില്ലെനിയം എഡിഷൻ എന്നീ പതിപ്പുകളിലും വിൻഡോസ് ഗ്രാഫിക്കൽ ഷെല്ലിനു താഴെ എം.എസ്.-ഡോസ് കെർണൽ പ്രവർത്തിക്കുന്നുണ്ടായിരുന്നു. ഇവയിൽ മില്ലെനിയം എഡിഷൻ ഒഴികെയുള്ള പതിപ്പുകളിൽ ഓപ്പറേറ്റിങ് സിസ്റ്റത്തിലെ എം.എസ്.-ഡോസിനെ വിൻഡോസില്ലാതെത്തന്നെ പ്രവർത്തിപ്പിക്കാനുള്ള സൗകര്യവുമുണ്ടായിരുന്നു.[12][13] വിൻഡോസ് എൻ.ടി. അടിസ്ഥാനമാക്കിയുള്ള നിലവിലെ വിൻഡോസ് പതിപ്പുകൾ ഡോസ് അടിസ്ഥാനത്തിലല്ലാത്തതിനാൽ, ബഹുഭൂരിപക്ഷം പി.സി. ഉപയോക്താക്കളുടെയും ഡോസ് ഉപയോഗം അവസാനിച്ചു. എങ്കിലും ഡോസ് നിർദ്ദേശങ്ങൾ പ്രവർത്തിപ്പിക്കുന്നതിനുള്ള കമാൻഡ് ഷെൽ (കമാൻഡ് പ്രോംപ്റ്റ്) എല്ലാ വിൻഡോസ് പതിപ്പുകളിലുമുണ്ട്.

തുടർന്നുള്ള ഉപയോഗം

Thumb
ഡോസ് ബോക്സ് സ്ക്രീൻഷോട്ട്

ഫ്രീഡോസ്, ഡി.ആർ.-ഡോസ് (എൻഹാൻസ്ഡ് ഡി.ആർ.-ഡോസും), റോം-ഡോസ്, പി.റ്റി.എസ്.-ഡോസ്, ആർ.എക്സ്.ഡോസ്, മൾട്ടിയൂസർ ഡോസ്,[14] റിയൽ/32 തുടങ്ങിയവയാണ് ഇന്ന് ലഭ്യമായ ഡോസ് വകഭേദങ്ങൾ. ഇന്ന് ഡെൽ, എച്ച്.പി. പോലുള്ള കമ്പ്യൂട്ടർ നിർമ്മാതാക്കൾ തുടക്കത്തിലുള്ള ഓപ്പറേറ്റിങ് സിസ്റ്റമായി ഫ്രീഡോസ് ഉൾപ്പെടുത്തിയുള്ള കമ്പ്യൂട്ടറുകൾ വിൽക്കുന്നുണ്ട്.[15][16] നിലവിൽ വികസനഘട്ടത്തിലുള്ള മറ്റൊരു ഡോസ് പതിപ്പാണ് എൻ.എക്സ്. ഡോസ്[17]

എംബെഡഡ് സിസ്റ്റങ്ങളിലെ ഉപയോഗം

ഹാർഡ്വെയറിനെ നേരിട്ട് നിയന്ത്രിക്കാനുതകുന്ന രീതിയിലുള്ള ഡോസിന്റെ രൂപകൽപനയിലെ പ്രത്യേകത, അതിനെ എംബെഡഡ് ഉപകരണങ്ങളിൽ ഉപയോഗിക്കാൻ അനുയോജ്യമാക്കുന്നു. ഡി.ആർ.-ഡോസിന്റെ പുതിയ പതിപ്പുകൾ ഈ വിപണിയെ ലക്ഷ്യം വച്ചുകൊണ്ടിറങ്ങുന്നതാണ്.[18] റോം-ഡോസ് ആണ് കാനൻ പവർഷോട്ട് പ്രോ 70 ക്യാമറയിൽ എംബഡെഡ് സിസ്റ്റമായി ഉപയോഗിക്കുന്നത്.[19]

അനുകരണം (എമുലേഷൻ)

ഡോസെമു എന്ന ലിനക്സ് പ്രോഗ്രാം ഉപയോഗിച്ച് ലിനക്സിൽ ഡോസിന്റെ വിവിധ വകഭേദങ്ങളും ഡോസിനു വേണ്ടിയുള്ള പ്രോഗ്രാമുകളും നൈസർഗികമായ വേഗതക്കു ഏതാണ്ടു തുല്യമായ വേഗത്തിൽ പ്രവർത്തിപ്പിക്കാം. വിവിധ യുണിക്സ് പതിപ്പുകൾക്കായി, x86-നു പുറമെയുള്ള തട്ടകങ്ങളിലും പ്രവർത്തിക്കുന്ന ഡോസ് എമുലേറ്ററുകളും ലഭ്യമാണ്. ഡോസ്ബോക്സ് ഇത്തരത്തിലുള്ള ഒന്നാണ്.[20][21]

വിൻഡോസ് എക്സ്.പി., വിസ്റ്റ തുടങ്ങിയ പതിപ്പുകൾ ഡോസ് പ്രോഗ്രാമുകളെ പൂർണ്ണമായി പിന്തുണക്കാത്തതിനാൽ ഈ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിൽ ഡോസ് എമുലേറ്റർ പ്രോഗ്രാമുകൾക്ക് പ്രാധാന്യം കിട്ടുന്നുണ്ട്. മുൻപ് ഡോസിൽ പ്രവർത്തിപ്പിച്ചിരുന്ന കളികളും മറ്റു പ്രോഗ്രാമുകളും പ്രവർത്തിപ്പിക്കാൻ ഇന്ന് ഇവ ഉപയോഗിക്കപ്പെടുന്നുണ്ട്.[11][20] ഏതെങ്കിലും x86 എമുലേറ്ററിൽ ഡോസിന്റെ ഏതെങ്കിലും ഒരു പതിപ്പ് ഓടിച്ച് അതിനകത്തും ഡോസ് പ്രോഗ്രാമുകൾ പ്രവർത്തിപ്പിക്കാനാകും. x86 എമുലേറ്ററുകളിൽ ഡോസ് എമുലേറ്ററുകളെ അപേക്ഷിച്ച് കൂടുതൽ ഒത്തൊരുമയോടെ പ്രോഗ്രാമുകൾ പ്രവർത്തിക്കുമെന്നത് ഇതിന്റെ മേന്മയാണ്.[22]

രൂപകൽപ്പന

എം.എസ്.-ഡോസ് പോലെയുള്ള എല്ലാ ഓപ്പറേറ്റിങ് സിസ്റ്റങ്ങളും ഇന്റൽ x86 അനുരൂപ സി.പി.യുകളിൽ, പ്രധാനമായും ഐ.ബി.എം. പി.സിക്കും അനുരൂപികൾക്കുമാണ് തയ്യാറാക്കിയിട്ടുള്ളത്. ഹാർഡ്വെയർ ആശ്രിതമായിട്ടുള്ള എം.എസ്. ഡോസ് പതിപ്പുകളും പി.സി. അനുരൂപികളല്ലാത്ത വിവിധ കമ്പ്യൂട്ടറുകൾക്കായി നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ഹാർഡ്വെയറിനെ നേരിട്ട് നിയന്ത്രിക്കാതെ ഡോസ് എ.പി.ഐകൾ ഉപയോഗിച്ചുണ്ടാക്കുന്ന പ്രോഗ്രാമുകൾ ഇത്തരത്തിലുള്ള എല്ലാ പതിപ്പുകളിലും ഒരുപോലെ പ്രവർത്തിക്കുമായിരുന്നു.

1985-ൽ ഡിജിറ്റൽ റിസർച്ചിന് കൺകറണ്ട് ഡോസ് 68K എന്ന മോട്ടോറോള 68000 പ്രോസസറിൽ ഉപയോഗിക്കാവുന്ന ഒരു ഡോസ് ഉണ്ടായിരുന്നു. ഡോസ്/എൻ.ടിയിൽ നിന്നും വികസിപ്പിച്ചെടുത്ത ഫ്രീഡോസ് കെർണലായ ഡോസ്-സിയും 1990-കളുടെ തുടക്കത്തിൽ മോട്ടറോള സി.പി.യുവിന് വേണ്ടിയായിരുന്നു വികസിപ്പിച്ചത്. ഈ ഓപ്പറേറ്റിങ് സിസ്റ്റങ്ങളുടെ രൂപകൽപ്പന, x86 കമ്പ്യൂട്ടറുകൾക്കുള്ള ഡോസിന്റേതിന് സമാനമാണെങ്കിലും ഇരു സി.പി.യുകളിലേയും നിർദ്ദേശസഞ്ചയം വ്യത്യസ്തമായതിനാൽ ബൈനറിയിലാക്കിയ പ്രോഗ്രാമുകൾ തൽസമമായി പ്രവർത്തിക്കില്ല. എങ്കിലും ഉന്നതതലഭാഷകളിൽ എഴുതിയ പ്രോഗ്രാമുകൾ എളുപ്പത്തിൽ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റിയെടുക്കാനാകും.

ഒരു സമയം ഒറ്റ ഉപയോക്താവിന് ഉപയോഗിക്കാവുന്നതും (സിംഗിൾ യൂസർ), ഒറ്റ പ്രോഗ്രാം മാത്രം പ്രവർത്തിക്കുന്നതുമായ (സിംഗിൾ ടാസ്കിങ്) ഓപ്പറേറ്റിങ് സിസ്റ്റമാണ് ഡോസ്. ഇതിന്റെ കെർണലിന്റെ പ്രവർത്തനം നോൺ-റീഎൻട്രന്റ് രീതിയിലാണ്; അതായത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പ്രോഗ്രാമിനെ തടസ്സപ്പെടുത്താനായി കെർണലിന് സാധിക്കുകയില്ല. ആപ്ലിക്കേഷൻ പ്രോഗ്രാമുകൾക്ക് കമ്പ്യൂട്ടറിന്റെ വിഭവങ്ങളെ ഉപയോഗപ്പെടുത്താനുള്ള വിവിധ കാര്യങ്ങൾക്കായുള്ള (ഉദാഹരണത്തിന്: ക്യാരക്റ്റർ മോഡിലുള്ള ഇൻപുട്ട്/ഔട്ട്പുട്ട്, ഫയൽ മാനേജ്മെന്റ്, മെമ്മറി മാനേജ്മെന്റ്, പ്രോഗ്രാം മെമ്മറിയിൽ കയറ്റുക/ഒഴിവാക്കുക തുടങ്ങിയവ) എ.പി.ഐകളിലൂടെ ഡോസ് കെർണൽ പ്രദാനം ചെയ്യുന്നു.

ബാച്ച് ഫയലുകൾ (.BAT എക്റ്റെൻഷനുള്ള ഫയലുകൾ) ഉപയോഗിച്ച് ഷെൽ സ്ക്രിപ്റ്റിങ്ങിനുള്ള ആദിമരൂപത്തിലുള്ള സൗകര്യവും ഡോസ് സ്വതേ നൽകുന്നുണ്ട്. ബാച്ച് ഫയലുകൾ, ഏതൊരു ടെക്സ്റ്റ് എഡിറ്ററുപയോഗിച്ചും നിർമ്മിക്കാവുന്ന ടെക്സ്റ്റ് ഫയലുകളാണ്. ഇവ കമ്പൈൽ ചെയ്ത പ്രോഗ്രാമുകളെപ്പോലെത്തന്നെ പ്രവർത്തിപ്പിക്കാവുന്നതുമാണ്. ബാച്ച് ഫയലിലെ ഒരോ വരിയിലെ നിർദ്ദേശങ്ങളും ഒന്നിനുപുറകെ ഒന്നായി പ്രവർത്തിക്കുന്നു. ഡോസ് സമ്പർക്കമുഖത്തിലുപയോഗിക്കുന്ന എല്ലാ നിർദ്ദേശങ്ങളും ബാച്ച് ഫയലിൽ ഉപയോഗിക്കാം, ഇതിനുപുറമേ, GOTO പോലെയുള്ള പ്രോഗ്രാം പഥനിയന്ത്രണനിർദ്ദേശങ്ങളും, IF പോലെയുള്ള കണ്ടീഷണൽ നിർദ്ദേശങ്ങളും ഉപയോഗിക്കാനാകും.[23] ഡി.ആർ. ഡോസിന്റെ ഷെല്ലിലും 4ഡോസ് പോലുള്ള ചില മൂന്നാംകഷി ഷെല്ലുകളിലും ലളിതമായ ഗണിതക്രിയകളും പിന്തുണക്കുന്നുണ്ട്. എന്നിരുന്നാലും പൂർണ്ണമായ രീതിയിലുള്ള പ്രോഗ്രാമിങ് സൗകര്യങ്ങൾ ബാച്ച്ഫയലുകൾ നൽകിയിരുന്നില്ല.

ഡോസിന്റെ എ.പി.ഐ. ക്യാരക്റ്റർ മോഡിലുള്ള പ്രോഗ്രാമുകൾ വികസിപ്പിക്കാനുള്ള സൗകര്യങ്ങൾ മാത്രമേ നൽകുന്നുള്ളൂ. ഗ്രാഫിക്സ് കാർഡ്, പ്രിന്റർ, മൗസ് തുടങ്ങിയവയെ പൂർണ്ണമായി നിയന്ത്രിക്കാനുള്ള സൗകര്യം ഡോസ് എ.പി.ഐയിലില്ല. അതുകൊണ്ട് ഇത്തരം ഉപകരണങ്ങളെ പ്രോഗ്രാമുകൾ തന്നെ നേരിട്ടുതന്നെ നിയന്ത്രിക്കേണ്ടത് ആവശ്യമായിരുന്നു. അതുകൊണ്ട് ഓരോ ആപ്ലിക്കേഷനുകൾക്കൊപ്പവും അതുപയോഗിക്കുന്ന പെരിഫെറൽ ഉപകരണങ്ങളെ നിയന്ത്രിക്കാനുള്ള ഡിവൈസ് ഡ്രൈവറുകളും ഉണ്ടായിരിക്കണം. അതുകൊണ്ട് ആപ്ലിക്കേഷനുകൾക്കുള്ള ഡിവൈസ് ഡ്രൈവറുകൾക്കായുള്ള വിശദവിവരങ്ങൾ ഹാർഡ്വെയർ നിർമ്മാതാക്കൾ പ്രസിദ്ധീകരിക്കേണ്ട്ത് അത്യാവശ്യമായിരുന്നു.[24]

ബൂട്ടിങ് അനുക്രമം

  • പി.സി. അനുരൂപ കമ്പ്യൂട്ടറുകളിലെ ബൂട്ട് സ്ട്രാപ്പ് ലോഡർ (മാസ്റ്റർ ബൂട്ട് റെക്കോഡ്) ഡിസ്കിലെ ആദ്യ സെക്റ്ററിലെ ട്രാക്ക് പൂജ്യത്തിലായിരിക്കും ഇരിക്കുക. റോം ബയോസ് ഈ സെക്റ്ററിനെ റാമിലെ 0000h:7C00h എന്ന അഡ്രസിലേക്ക് പകർത്തുകയും ഈ സെക്റ്ററിലെ 01FEh എന്ന സ്ഥാനത്ത് "55h AAh" എന്ന അടയാളവാക്യം ആണോ എന്ന് പരിശോധിക്കുകയും ചെയ്യും. അങ്ങനെയാണെങ്കിൽ ഇത് ബൂട്ട് ചെയ്യാവുന്ന ഡിസ്കാണെന്ന് മനസ്സിലാക്കുകയും അല്ലാത്തപക്ഷം കമ്പ്യൂട്ടറിലെ അടുത്ത ഡിസ്ക് മേൽപറഞ്ഞപ്രകാരം പരിശോധിക്കുകയും ചെയ്യും.
  • മെമ്മറിയിൽ പകർത്തിയിരിക്കുന്ന സെക്റ്ററിലുള്ള മാസ്റ്റർ ബൂട്ട് റെക്കോഡ് ആണെങ്കിൽ 0000h:7c00h എന്ന അഡ്രസിൽ പകർത്തിയിട്ടുള്ള അതിലെ പ്രോഗ്രാം പ്രവർത്തിച്ച്, ഈ സെക്റ്ററിൽത്തന്നെയുള്ള പാർട്ടീഷ്യൻ പട്ടിക പരിശോധിക്കുകയും അതിലെ ആക്റ്റീവ് പാർട്ടീഷ്യൻ (bit7=1 at pos 01BEh+10h*n) തിരയുകയും കണ്ടെത്തിയാൽ അതിലെ ആദ്യത്തെ സെക്റ്റർ (ബൂട്ട് സെക്റ്റർ) മുമ്പുപറഞ്ഞപോലെ മെമ്മറിയിലേക്കെടുക്കുകയും ആ സെക്റ്ററിലെ പ്രോഗ്രാം പ്രവർത്തിപ്പിക്കുകയും ചെയ്യും. ചിലപ്പോൾ മെമ്മറിയിൽ നേരത്തേ പകർത്തപ്പെട്ട ബൂട്ട് സെക്റ്റർ 0000h:0600h എന്ന സ്ഥാനത്തേക്ക് മാറ്റിയതിനുശേഷമായിരിക്കും ആക്റ്റിവ് പാർട്ടീഷ്യനിലെ ബൂട്ട് സെക്റ്ററിനെ 0000h:7C00h എന്ന സ്ഥാനത്ത് പകർത്തുകയും അതിനെ പ്രവർത്തിപ്പിക്കുകയും ചെയ്യുക.[25]
  • ബൂട്ട് സെക്റ്ററിലെ പ്രോഗ്രാം, ഡോസിന്റെ പ്രാരംഭനിർദ്ദേശങ്ങളും ഡോസിനോടൊപ്പമുള്ള ഡിവൈസ് ഡ്രൈവറുകളും (എം.എസ്.-ഡോസിൽ ഇവ IO.SYS എന്ന ഫയലിലായിരിക്കും കാണുക) 000h:0600h എന്ന അഡ്രസിലേക്ക് പകർത്തുന്നു.[26]
  • IO.SYS-ൽ നിന്ന് മെമ്മറിയിൽ പകർത്തപ്പെട്ടിട്ടുള്ള പ്രോഗ്രാം പ്രവർത്തിച്ച്, ആ ഫയലിന്റെ തന്നെ ബാക്കി ഭാഗങ്ങളെ മെമ്മറിയിലേക്കെടുക്കുകയും ഡിവൈസ് ഡ്രൈവറുകളുടെ പ്രഥമികപ്രവർത്തനങ്ങൾ പൂർത്തിയാക്കുകയും ഡോസ് കെർണലിനെ മെമ്മറിയിലേക്കെടുക്കുകയും ചെയ്യും (എം.എസ്. ഡോസിൽ MSDOS.SYS എന്ന ഫയലിലാണ് ഡോസ് കെർണൽ ഇരിക്കുക). (വിൻഡോസ് 9x-ൽ ഡോസ് പ്രാഥമികപ്രവർത്തന പ്രോഗ്രാമുകളും ഡോസിനോടൊപ്പമുള്ള ഡിവൈസ് ഡ്രൈവറുകളും ഡോസ് കെർണലുമെല്ലാം IO.SYS എന്ന ഫയലിൽത്തന്നെയായിരിക്കും; ക്രമീകരണങ്ങൾക്കുള്ള ടെക്സ്റ്റ് ഫയലായാണ് ഇവിടെ MSDOS.SYS ഉപയോഗിക്കുന്നത്.)
  • ക്രമീകരണങ്ങൾ അടങ്ങിയിട്ടുള്ള CONFIG.SYS ഫയൽ വായിക്കുകയും അതിലെ ക്രമീകരണങ്ങൾക്കനുസരിച്ചുള്ള ഡിവൈസ് ഡ്രൈവറുകൾ ലോഡ് ചെയ്യുകയും ചെയ്യുന്നു. ഈ ഫയലിലെ SHELL എന്ന ചരമാണ്, ഷെൽ എവിടെനിന്നും പ്രവർത്തിപ്പിക്കണമെന്നു നിശ്ചയിക്കുന്നത്; സ്വതേ COMMAND.COM ആയിരിക്കും അതിലെ വില.
  • ഷെൽ മെമ്മറിയിൽ പകർത്തി പ്രവർത്തിപ്പിക്കുന്നു.
  • ഡോസ് പ്രവർത്തനമാരംഭിക്കുമ്പോൾ സ്വയം പ്രവർത്തിക്കാൻ സജ്ജമാക്കിയിരിക്കുന്ന AUTOEXEC.BAT എന്ന ബാച്ച്ഫയലിലെ നിർദ്ദേശങ്ങൾ ഷെൽ വായിച്ച് അവ പ്രവർത്തിപ്പിക്കുന്നു.[27][28]

ബൂട്ട്സെക്റ്ററിന്റെ സഹായത്തോടെ മെമ്മറിയിൽ പകർത്തപ്പെടുന്ന ഡോസ് സിസ്റ്റം ഫയലുകൾ (IO.SYS, MSDOS.SYS എന്നിവ) ചിതറിക്കിടക്കരുത് (ഫ്രാഗ്മെന്റഡ് ആയിരിക്കരുത്). കൂടാത ഇവ ഡയറക്റ്ററി പട്ടികയിൽ ആദ്യ രണ്ടു സ്ഥാനങ്ങളിലുമായിരിക്കണം.[29] അതുകൊണ്ട്, ബൂട്ട് ചെയ്യാവുന്ന ഒരു ഡിസ്കിൽ നിന്ന് ഈ ഫയലുകൾ നീക്കം ചെയ്തതിനു ശേഷം അവ വീണ്ടും ചേർത്താൽക്കൂടിയും ആ ഡിസ്കിൽ നിന്ന് ബൂട്ട് ചെയ്യാൻ സാധിക്കണമെന്നില്ല. എങ്കിലും ഷെൽ (COMMAND.COM) ആവശ്യമെങ്കിൽ മാറ്റാവുന്നതാണ്. പ്രത്യേക ആപ്ലിക്കേഷനുവേണ്ടി മാത്രം സജ്ജീകരിച്ചിട്ടുള്ള കമ്പ്യൂട്ടറുകളിൽ അവ വേഗത്തിൽ പ്രവർത്തിക്കുന്നതിന് ഇങ്ങനെ ചെയ്യാറുമുണ്ട്. എന്നാൽ ഡി.ആർ.-ഡോസിന്റെ ഒരു പതിപ്പിനും ഈ പരിമിതികളില്ല; അതിൽ സിസ്റ്റം ഫയലുകൾ റൂട്ട് ഡയറക്റ്ററിയിൽ ആയിരിക്കണമെന്നേയുള്ളൂ; മാത്രമല്ല അവ ചിതറിക്കിടക്കുന്നതും പ്രശ്നമല്ല. അതുകൊണ്ട് ഡി.ആർ. ഡോസിന്റെ ബൂട്ട്സെക്റ്റർ ഉള്ള ഒരു ഡിസ്കിന്റെ റൂട്ട് ഡയറക്റ്ററിയിൽ അതിന്റെ സിസ്റ്റം ഫയലുകൾ വെറുതേ പകർത്തിയിട്ടാൽത്തന്നെ അതിൽ നിന്ന് ബൂട്ട് ചെയ്യാനാകും.

പി.സി. ഡോസിന്റെയും ഡി.ആർ.-ഡോസിന്റെയും അഞ്ചാം പതിപ്പുമുതൽ ഡോസ് സിസ്റ്റം ഫയലുകളുടെ പേര് IO.SYS, MSDOS.SYS എന്നിവയുടെ സ്ഥാനത്ത് യഥാക്രമം IBMIO.COM, IBMDOS.COM എന്നിങ്ങനെയാക്കിയിരുന്നു. ഡി.ആർ.-ഡോസിന്റെ പഴയ പതിപ്പുകളിൽ DRBIOS.SYS, DRBDOS.SYS എന്നിങ്ങനെയായിരുന്നു സിസ്റ്റം ഫയലുകളുടെ പേര്.

ഫയൽ സിസ്റ്റം

8.3 രീതിയിലുള്ള പേരുകൾ പിന്തുണക്കുന്ന ഫയൽ സിസ്റ്റമാണ് ഡോസ് പിന്തുണക്കുന്നത്: അതായത് ഫയലിന്റെ പേരിന് പരമാവധി 8 അക്ഷരങ്ങളും, അതിന്റെ വാലായി (എക്റ്റെൻഷൻ) പരമാവധി മൂന്നക്ഷരങ്ങളുമുപയോഗിക്കാം. ഡോസിന്റെ രണ്ടാംപതിപ്പുമുതൽ സ്ഥാനക്രമമനുസരിച്ചുള്ള ഡയറക്റ്ററികളും (hierarchial directory) പിന്തുണക്കാനാരംഭിച്ചു. ഡയറക്റ്ററിയുടെ പേരുകളും ഫയലിന്റെ പേരുകൾ പോലെ 8.3 ശൈലിയിലായിരിക്കണം. ഡോസ് ആന്തരികമായി സൂക്ഷിക്കുന്ന കറണ്ട് ഡയറക്റ്ററി സ്ട്രക്ചർ (സി.ഡി.എസ്.) പട്ടികയുടെ പരിമിതിമൂലം ഒരു ഡ്രൈവിലെ പ്രധാന ഡയറക്റ്ററിയും ഉപഡയറക്റ്ററികളും അടങ്ങുന്ന പാത്തിന്റെ പരമാവധി നീളം 64 അക്ഷരങ്ങളേ ആകാവൂ. ഡ്രൈവിന്റെ പേരും ഡയറക്റ്ററി പാത്തും ഫയലിന്റെ പേരും ഉൾപ്പെടുന്ന (drive:\dir1\dir2\...\filename.ext) ഒരു മുഴുവൻ ഫയൽപേര് 80 അക്ഷരങ്ങൾ വരെയാകാം.

ഫയൽ അലോക്കേഷൻ ടേബിൾ അഥവാ ഫാറ്റ് എന്ന ഫയൽസിസ്റ്റമാണ് ഡോസ് ഉപയോഗിക്കുന്നത്. എം.എസ്.-ഡോസിന്റെ ആദ്യപതിപ്പുകളിൽ ഉപയോഗിച്ചിരുന്ന ഫാറ്റ്12 ഒരു ഡ്രൈവിൽ 4078 ക്ലസ്റ്ററുകളാണ് പിന്തുണച്ചിരുന്നത്. ഡോസ് 3 പതിപ്പുമുതൽ ഫാറ്റ്16 ഫയൽസിസ്റ്റം ഉപയോഗിക്കാനാരംഭിച്ചു. ഇതിൽ ഒരു ഡ്രൈവിൽ പിന്തുണക്കപ്പെടുന്ന ക്ലസ്റ്ററുകളുടെ എണ്ണം 65518 ആയി. ഡോസ് 3.31 പതിപ്പിൽ ഫാറ്റ്16ബി അവതരിപ്പിക്കപ്പെടുകയും അതുവരെയുണ്ടായിരുന്ന പരമാവധി ഡിസ്ക് ശേഖരണ പരിധി 32 എം.ബിയിൽ നിന്ന് 2 ജി.ബിയായി ഉയർന്നു. എം.എസ്. ഡോസ് 7.1 (വിൻഡോസ് 9.x-ന്റെ ഡോസ് ഘടകം) പതിപ്പിൽ അവതരിപ്പിക്കപ്പെട്ട് ഫാറ്റ്32 ആണ് ഈ ശ്രേണിയിലെ ഏറ്റവും പുതിയ ഫയൽസിസ്റ്റം. 32 ബിറ്റ് അഡ്രസ് ഉപയോഗിക്കുന്ന ഫാറ്റ്32-ൽ 137 ജി.ബി. വരെ ശേഷിയുള്ള ഡ്രൈവുകൾ ഉപയോഗിക്കാനാകും.

3.1 പതിപ്പുമുതൽ ഡോസിൽ ഫയൽ റീഡയറക്റ്റ് പിന്തുണ ചേർത്തിരുന്നു. നെറ്റ്വർക്കിങ്ങിനുവേണ്ടിയാണ് ഇത് തുടക്കത്തിൽ ഉപയോഗിച്ചതെങ്കിലും പിൽക്കാലത്ത് MSCDEX ഉപയോഗിച്ചുള്ള സി.ഡി.-റോം ഡ്രൈവ് പിന്തുണക്കായി ഉപയോഗിച്ചു. ഐ.ബി.എം. പി.സി. ഡോസ് 4.0 പതിപ്പിൽ ഇൻസ്റ്റോളബിൾ ഫയൽ സിസ്റ്റം (ഐ.എഫ്.എസ്.) പിന്തുണയുണ്ടായിരുന്നെങ്കിലും 5.0 പതിപ്പിൽ ഇത് പിൻവലിച്ചു.

ഡ്രൈവുകളുടെ പേര്

ഒറ്റയക്ഷരമുള്ള പേരുകളാണ് ഡോസിൽ ഡിസ്ക് ഡ്രൈവുകൾക്ക് നൽകുന്നത്. സ്വതേ "A", "B" എന്നീ പേരുകൾ ഫ്ലോപ്പി ഡ്രൈവുകൾക്കുവേണ്ടി കരുതിവച്ചിരിക്കും. ഒറ്റ ഫ്ലോപ്പി ഡ്രൈവ് മാത്രമുള്ള കമ്പ്യൂട്ടറിൽ ഈ രണ്ടു പേരുകളും ഒറ്റ ഡ്രൈവിനുതന്നെ നൽകുകയും പ്രോഗ്രാം പ്രവർത്തിക്കുന്ന സമയത്ത് രണ്ടാമത്തെ ഡിസ്കിൽ നിന്ന് വിവരങ്ങൾ തേടുമ്പോൾ ഡിസ്ക് മാറ്റിയിടാൻ ഡോസ് ആവശ്യപ്പെടുകയും ചെയ്യും. ഒരു ഫ്ലോപ്പിയിൽ നിന്ന് മറ്റൊന്നിലേക്ക് വിവരങ്ങൾ പകർത്താനും ഒരു ഫ്ലോപ്പിയിൽ നിന്ന് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രോഗ്രാമിന് മറ്റൊന്നിൽ നിന്നും വിവരങ്ങൾ വായിക്കാനും മറ്റും ഇത് സൗകര്യമൊരുക്കുന്നു.

ഹാർഡ് ഡ്രൈവുകൾക്ക് "C", "D" എന്നീ പേരുകളാണ് തുടക്കത്തിൽ ഡോസിൽ ഉപയോഗിച്ചിരുന്നത്. ഒരു ഹാർഡ്‌ഡിസ്കിൽ ഒറ്റ ആക്റ്റീവ് പാർട്ടീഷ്യൻ മാത്രമേ ഡോസ് പിന്തുണക്കുന്നുള്ളൂ. കൂടുതൽ ഡ്രൈവുകൾക്കുള്ള പിന്തുണയാരംഭിച്ചപ്പോൾ, ഓരോ ഡിസ്കിലേയും ആക്റ്റീവ് പ്രൈമറി പാർട്ടീഷ്യന് ആദ്യത്തെ പേരുകൾ അനുവദിക്കും. ഇതിനുശേഷം ഓരോ ഡിസ്കിലേയും എക്സ്റ്റെൻഡഡ് പാർട്ടീഷ്യനിലെ ലോജിക്കൽ ഡ്രൈവുകൾക്ക് പേരുകൾ അനുവദിക്കുകയും തുടർന്ന് ആക്റ്റീവ് അല്ലാത്ത മറ്റു പ്രൈമറി പാർട്ടീഷ്യനുകളുണ്ടെങ്കിൽ അവക്ക് പേരനുവദിക്കുകയുമാണ് ഡോസ് ചെയ്യുക. ഡോസ് പിന്തുണക്കുന്ന ഫയൽസിസ്റ്റം അടങ്ങിയിട്ടുള്ള പാർട്ടീഷ്യനുകൾക്കു മാത്രമേ ഇത്തരത്തിൽ പേരനുവദിക്കുകയുള്ളൂ. അവസാനമായി ഓപ്റ്റിക്കൽ ഡ്രൈവുകൾ റാംഡ്രൈവുകൾ തുടങ്ങിയവക്കും പേരനുവദിക്കും. C, D, E, F... എന്നിങ്ങനെ തുടർച്ചയായ പേരുകളാണ് ഡ്രൈവുകൾക്ക് ഡോസ് നൽകുക. എന്നാൽ ചില ഡ്രൈവർ സോഫ്റ്റ്വെയറുകളുടെ നിർദ്ദേശപ്രകാരം ക്രമത്തിലല്ലാത്ത പേരുകളും ഡ്രൈവുകൾക്ക് നൽകാറുണ്ട്. ഉദാഹരണത്തിന് നെറ്റ്വർക്ക് ഡ്രൈവുകൾക്കായുള്ള ഡ്രൈവറുകൾ അക്ഷരമാലയിലെ അവസാനത്തെ അക്ഷരങ്ങളാണ് സാധാരണ ഉപയോഗിക്കാറുള്ളത്.[30]

ഓരോ തവണ പ്രവർത്തനമാരംഭിക്കുമ്പോഴും ഡിസ്കുകളും മറ്റും തിരഞ്ഞ് ഡ്രൈവുകളുടെ പേരുകൾ വീണ്ടും അനുവദിക്കുന്നതിനാൽ, ഒരു ഹാർഡ്‌ഡിസ്കോ മറ്റോ പുതിയതായി കമ്പ്യൂട്ടറിൽ ചേർക്കുകയാണെങ്കിൽ നിലവിലുള്ള ഡ്രൈവുകളുടെ പേരുകൾക്ക് മാറ്റംവരാനിടയുണ്ട്. ഉദാഹരണത്തിന് ഒരു ആക്റ്റീവ് പ്രൈമറി പാർട്ടീഷ്യനുള്ള ഒരു ഹാർഡ്‌ഡിസ്ക് കൂട്ടിച്ചേർത്താൽ മുൻപുണ്ടായിരുന്ന ഹാർഡ്‌ഡിസ്കിലെ എക്റ്റെൻഡെഡ് പാർട്ടീഷ്യനുകളിലൊന്നിന് ഉപയോഗിച്ചിരുന്ന പേരായിരിക്കാം പുതിയ ഡ്രൈവിന് ഉപയോഗിക്കുക. ഒരു എക്സ്റ്റെൻഡഡ് പാർട്ടീഷ്യൻ മാത്രമുള്ള ഡിസ്ക് കൂട്ടിച്ചേർത്താലും നിലവിലുള്ള ഓപ്റ്റിക്കൽ ഡ്രൈവുകളെയും റാം ഡ്രൈവുകളെയും അത് ബാധിക്കാം. ഡ്രൈവിന്റെ പേരുപയോഗിച്ചാണ് (drive letter) ഡോസ് ആപ്ലിക്കേഷനുകൾ ഡ്രൈവുകളുമായി ബന്ധപ്പെടുന്നത് എന്നതിനാൽ, ഡ്രൈവുകളുടെ പേരുമാറുന്നത്, അവ തകരാറിലാകാനും കാരണമായിരുന്നു. ഡോസ് അടിസ്ഥാനമായുള്ള വിൻഡോസ് 9x പതിപ്പുകളെയും ഈ പ്രശ്നം നിലനിന്നിരുന്നു. എൻ.ടി. അടിസ്ഥാനത്തിലുള്ള വിൻഡോസുകളിലാണ് ഈ പ്രശ്നം പരിഹരിക്കപ്പെട്ടത്.[30] SUBST എന്ന നിർദ്ദേശം ഉപയോഗിച്ച് ഒരു ലോജിക്കൽ ഡ്രൈവ് നിർവചിച്ച് ഡോസ് പ്രോഗ്രാമിനെ ഇത്തരം ലോജിക്കൽ ഡ്രൈവിൽ ഇൻസ്റ്റോൾ ചെയ്തുപയോഗിക്കുകയും, പിന്നീട് ഡ്രൈവ് പേരുകൾക്ക് മാറ്റം വന്നാൽ ഒരു ബാച്ച് പ്രോഗ്രാമിലൂടെ SUBST ഉപയോഗിച്ചുതന്നെ നിർവചനം ശരിയാക്കിവക്കുകയും ചെയ്ത് ഈ പ്രശ്നത്തിന് ഒരുപരിധിവരെയുള്ള പരിഹാരം ഡോസിൽ സാധ്യമായിരുന്നു. കൺകറണ്ട് ഡോസ്, മൾട്ടിയൂസർ ഡോസ്, സിസ്റ്റം മാനേജർ, റിയൽ/32 തുടങ്ങിയ ഡോസ് കുടുംബാംഗങ്ങളിൽ L: എന്നൊരു ഡ്രൈവ് ലെറ്റർ, ലോഡ് ഡ്രൈവ് എന്ന പേരിൽ നീക്കിവച്ചിട്ടുണ്ട്. ഇവയിൽ ഓരോ ആപ്ലിക്കേഷനും അത് പ്രവർത്തിച്ചുതുടങ്ങുന്ന ഡ്രൈവ്, L: എന്ന പേരിൽ താനേ ലഭ്യമാകും.

കരുതൽ ഉപകരണനാമങ്ങൾ

ഉപകരണനാമങ്ങളായി കരുതിവച്ചിരിക്കുന്ന പേരുകൾ ഡോസിൽ ഫയൽനാമമായി (അതിന് ഏതെങ്കിലും എക്റ്റെൻഷൻ നൽകിയാൽക്കൂടിയും) ഉപയോഗിക്കാനാവില്ല. ഹാർഡ്വെയർ ഉപകരണങ്ങളിലേക്ക് ഔട്ട്പുട്ട് അയക്കുന്നതിനാണ് ഈ ഉപകരണനാമങ്ങൾ ഉപയോഗിക്കുന്നത്. പല വിൻഡോസ് പതിപ്പുകളിലും ഈ നിബന്ധനയുണ്ടായിരുന്നു എന്നു മാത്രമല്ല, ചിലപ്പോഴൊക്കെ തകരാറുകൾക്കും സുരക്ഷാപിഴവുകൾക്കും കാരണമാകുകയും ചെയ്തു.[31]

ഡോസിലുപയോഗിക്കുന്ന കരുതൽ ഉപകരണനാമങ്ങളുടെ ഭാഗികമായ പട്ടിക ഇവിടെക്കൊടുത്തിരിക്കുന്നു: NUL:, CON:, AUX:, PRN:, COM1:, COM2:, COM3:, COM4:, LPT1:, LPT2:, LPT3:,[32] ചില വകഭേദങ്ങളിൽ LPT4: കൂടി ഉൾപ്പെടുന്നു. സാധാരണയായി AUX:-നെ COM1:-ലേക്കും PRN:-നെ LPT1:-ലേക്കുമാണ് വഴിതിരിച്ചിരിക്കുക, എന്നാൽ ചില ഡോസ് വകഭേദങ്ങളിൽ ഈ രീതിക്ക് മാറ്റം വരുത്താനാകും.

കരുതൽനാമങ്ങളോടൊപ്പം ഭിത്തിക (കോളൻ) ഉപോയഗിക്കണമെന്നത് പലപ്പോഴും നിർബന്ധമല്ല. ഉദാഹരണങ്ങൾ:

echo This does nothing > nul
copy con test.txt

ഡിസ്ക് സെക്റ്ററുകളിലെ ഡയറക്റ്ററി ഡാറ്റാ സ്ട്രക്ചറുകളെ നേരിട്ട് തിരുത്തി ഫയലുകളും ഡയറക്റ്ററികളും നിർമ്മിക്കാനും ഈ കരുതൽ ഉപകരണനാമങ്ങളുപോയഗിച്ച് സാധിക്കും. ഈ സൗകര്യം മുതലെടുത്ത് വൈറസ് പ്രോഗ്രാമുകൾ, പേരിന്റെ തുടക്കത്തിൽ ഇടയുള്ള (സ്പേസ്) ഫയലുകൾ ഇത്തരത്തിൽ നിർമ്മിച്ച് ഉപയോക്താവിൽ നിന്ന് മറച്ചുവെക്കാറുണ്ട്.

മെമ്മറി മാനേജ്മെന്റ്

Thumb
എക്സ്പാൻഡെഡ് മെമ്മറി ഉപയോഗം - ഇവിടെ ഇടതുവശത്തുള്ള പെട്ടി, ഡോസിന് സ്വതേ ലഭ്യമാകുന്ന 1 എം.ബി. മെമ്മറിയെയും (പരമ്പരാഗത മെമ്മറിയും കരുതൽ മെമ്മറിയും അടക്കം) വലതുവശത്തെ പെട്ടി എക്സ്പാൻഡെഡ് മെമ്മറിയെയും സൂചിപ്പിക്കുന്നു. എക്സ്പാൻഡെഡ് മെമ്മറിയിലെ നിശ്ചിതവലിപ്പത്തിലുള്ള ഓരോ പേജും (വയലറ്റ് നിറത്തിൽ കാണിച്ചിരിക്കുന്നു) കരുതൽ മെമ്മറിയിലെ ഒരു പ്രത്യേകഭാഗമെന്നോണം ഒരുസമയത്ത് ഒന്ന് എന്ന കണക്കിൽ ലഭ്യമാക്കുന്നു

ഇന്റൽ 8086/8088 പ്രോസസറുകൾക്കുവേണ്ടിയാണ് യഥാർത്ഥത്തിൽ ഡോസ് നിർമ്മിക്കപ്പെട്ടത്. അതുകൊണ്ടുതന്നെ ആ പ്രോസസറുകളുടെ പരമാവധിശേഷിയായ 1 എം.ബി. റാം മാത്രം നേരിട്ടെടുക്കാവുന്ന രീതിയിലായിരുന്നു ഡോസിന്റെ രൂപകൽപ്പന. ഐ.ബി.എം. പി.സി. രൂപകൽപനയിലെ പ്രത്യേകത മൂലം മൂകളിലെ 384 കെ.ബി. കരുതൽ മെമ്മറിയായിരുന്നതിനാൽ പരമാവധി 640 കെ.ബി. റാം (കൺവെൻഷണൽ മെമ്മറി അഥവാ പരമ്പരാഗത മെമ്മറി) മാത്രമേ ഡോസ് പ്രോഗ്രാമുകൾക്ക് ലഭ്യമായിരുന്നുള്ളൂ. ആദ്യകാല പ്രോഗ്രാമുകൾക്ക് 640 കെ.ബി. മെമ്മറി മതിയാകുവോളമായിരുന്നു.

ഡോസിന്റെ മെമ്മറി പരിമിതികൾ മറികടക്കാൻ വിവിധ നിർദ്ദേശങ്ങൾ വികാസം പ്രാപിച്ചു. ഇതിൽ ആദ്യത്തേതാണ് എക്സ്പാൻഡെഡ് മെമ്മറി സ്പെസിഫിക്കേഷൻ (ഇ.എം.എസ്.). ഒരു ആഡോൺ കാർഡിലെ മെമ്മറി 64 കെ.ബിയുടെ പേജുകളായി തിരിച്ച് ഒരു സമയം ഒരു പേജ് എന്ന കണക്കിൽ അപ്പർ മെമ്മറി ഏരിയയിലെ (കരുതൽ മെമ്മറി) ഒരു നിശ്ചിതഭാഗമായി പരിഗണിച്ച് ലഭ്യമാക്കുന്ന രീതിയായിരുന്നു ഇത്. 80386-ലും ശേഷമുള്ള പ്രോസസറുകളിലും ഉപയോഗിച്ചിരുന്ന ഇ.എം.എം.386 പോലുള്ള വെർച്വൽ 8086 മോഡ് (വി86) മെമ്മറി മാനേജറുകൾ ഉപയോഗിച്ച് ആഡോൺ കാർഡിന്റെ ആവശ്യമില്ലാതെതന്നെ എക്സ്റ്റെന്റെഡ് മെമ്മറിയിൽ നിന്നും എക്സ്പാൻഡെഡ് മെമ്മറി രൂപപ്പെടുത്താമായിരുന്നു.

Thumb
ഐ.ബി.എം. പി.സിയിലെ മെമ്മറി മേഖലകൾ

80286-നും അതിനു ശേഷമുള്ള പ്രോസസറുകൾക്കുമായുള്ള മെമ്മറി ഉയർത്തൽ രീതിയായിരുന്നു എക്സ്റ്റെൻഡെഡ് മെമ്മറി സ്പെസിഫിക്കേഷൻ അഥവാ എക്സ്.എം.എസ്. എക്സ്റ്റെൻഡെഡ് മെമ്മറിയിൽ (1 എം.ബിക്കു മുകളിലുള്ളത്) നിന്നും പരമ്പരാഗത മെമ്മറിയിലേക്കും തിരിച്ചും ഡാറ്റ ആവശ്യാനുസരണം മാറ്റിക്കൊണ്ടിരിക്കുക, 1 എംബിക്കു മുകളിലുള്ള 65520-ബൈറ്റ് മെമ്മറിയും (ഹൈ മെമ്മറി ഏരിയ) കരുതൽ മെമ്മറിയായ അപ്പർ മെമ്മറി ബ്ലോക്കും (യു.എം.ബി.) നേരിട്ട് ലഭ്യമാക്കുക തുടങ്ങിയവ ഈ സങ്കേതത്തിൽ ഉൾപ്പെടുന്നു. സാധാരണയായി HIMEM.SYS എന്ന ഡ്രൈവർ ഉപയോഗിച്ചാണ് എക്സ്.എം.എസ്. പിന്തുണ ലഭ്യമാക്കിയിരുന്നത്. QEMM, 386MAX തുടങ്ങിയ വി86 മോഡ് മെമ്മറി മാനേജറുകളും ഇതിനായി ഉപയോഗിച്ചിരുന്നു (ഇവ ഇ.എം.എസും പിന്തുണച്ചിരുന്നു).

ഡോസിന്റെ അഞ്ചാം പതിപ്പുമുതൽ, ഡോസ് കെർണലിനെയും ഡിസ്ക് ബഫറുകളെയും ഹൈ മെമ്മറി ഏരിയയിൽ ലോഡ് ചെയ്ത് ഹൈമെമ്മറി ഏരിയ പ്രയോജനപ്പെടുത്താനുള്ള സൗകര്യമുണ്ടായിരുന്നു. ഇതിനായി DOS=HIGH എന്ന നിർദ്ദേശം CONFIG.SYS ഫയലിൽ ഉൾപ്പെടുത്തുകയായിരുന്നു വേണ്ടിയിരുന്നത്. DOS=UMB എന്ന നിർദ്ദേശമുൾപ്പെടുത്തി ഡോസിനെ അപ്പർ മെമ്മറി ഏരിയയിൽ ഉൾപ്പെടുത്താനും ഡോസ് 5+ പതിപ്പുകളിൽ സാധിക്കുമായിരുന്നു.

ഡോസ്, വിൻഡോസിലും ഓ.എസ്./2-ലും

Thumb
CMD.EXE, വിൻഡോസ് എൻ.ടി. അടിസ്ഥാന ഓപ്പറേറ്റിങ് സിസ്റ്റങ്ങളിൽ ഉപയോഗിക്കുന്ന ഡോസ് ശൈലിയിലുള്ള കമാൻഡ് പ്രോംപ്റ്റ്.

ഓ.എസ്./2-ലും വിൻഡോസിലെയും ഡോസ് അനുകരണങ്ങളിൽ ഡോസ് ആപ്ലിക്കേഷനുകൾ ഏതാണ്ട് നൈസർഗികരീതിയിൽത്തന്നെ ഓടിയിരുന്നു. ആതിഥേയ സിസ്റ്റത്തിന്റെ ഡ്രൈവുകളും സേവനങ്ങളും ഡോസ് ആപ്ലിക്കേഷനുകൾക്കും ലഭ്യമായിരുന്നു; മാത്രമല്ല അതിന്റെ ക്ലിപ്ബോഡ് സേവനവും ഉപയോഗിക്കാനാകുമായിരുന്നു. ഫയൽ സിസ്റ്റത്തിന്റെയും മറ്റും ഡ്രൈവറുകൾ ആതിഥേയ ഓപ്പറേറ്റിങ് സിസ്റ്റം തന്നെ നിയന്ത്രിക്കുന്നതിനാൽ ഡോസ് എ.പി.ഐ. പരിഭാഷാപാളി ഉപയോഗിച്ചാണ് ഡോസിന്റെ സിസ്റ്റം കോളുകൾ ഒ.എസ്./2-ന്റെയോ വിൻഡോസിന്റെയോ സിസ്റ്റം കോൾ ആക്കി മാറ്റുന്നത്. ഡോസ് പ്രോഗ്രാമുകൾ പൊതുവേ ഉപയോഗിക്കാറുള്ള ബയോസ് കോളുകളും, ഇൻപുട്ട് ഔട്ട്പുട്ട് പോർട്ടുകളിലേക്കുള്ള വിനിമയവും ഈ പരിഭാഷാപാളി തന്നെ പരിവർത്തനം ചെയ്യുന്നു.

വിൻഡോസ് 3.1, 9x പതിപ്പുകളിൽ WINOLDAP എന്ന ഭാഗമാണ് ഡോസ് വെർച്വൽ മെഷിൻ പ്രദാനം ചെയ്യുന്നത്. ഡോസ് പ്രോഗ്രാമിന്റെ PIF ഫയലിലെ വിവരങ്ങളും വിൻഡോസ് സിസ്റ്റം നിലയുമനുസരിച്ചാണ് വെർച്വൽ മെഷീൻ തയ്യാറാക്കപ്പെടുന്നത്. വിൻഡോസിൽ ഡോസ് പ്രോഗ്രാമുകൾക്കായി ലഭിക്കുന്ന വിൻഡോയിൽ ഡോസിന്റെ ക്യാരക്റ്റർ മോഡിലുള്ളതും ഗ്രാഫിക്സ് മോഡിലുള്ളതുമായ ആപ്ലിക്കേഷനുകൾ പ്രവർത്തിക്കും. WINOLDAP-യിലെ സൗകര്യങ്ങളുപയോഗിച്ച് ഡോസ് ആപ്ലിക്കേഷനുകൾക്ക് വിൻഡോസ് ക്ലിപ്ബോഡ് ഉപയോഗിക്കാനും സാധിക്കും.

വിൻഡോസ് എൻ.ടിയിലേയും ഓ.എസ്./2-ലും ഉൾപ്പെടുത്തിയിട്ടുള്ള ഡോസ് അനുകരണം ഡോസ് 5 പതിപ്പിനെ ആധാരമാക്കിയുള്ളതാണ്. ഓ.എസ്./2 2.x-ഉം അതിനു ശേഷമുള്ള പതിപ്പുകളിലും DOSKRNL ആണ് ഡോസ് അനുകരണം ലഭ്യമാക്കുന്നത്. പി.സി. ഡോസിലെ IBMBIO.COM, IBMDOS.COM എന്നീ ഫയലുകളുടെ ഒത്തുചേർന്ന രൂപമാണ് DOSKRNL.

വിൻഡോസ് എൻ.ടിയിലും പിൻഗാമികളിലും (2000, എക്സ്.പി., വിസ്റ്റ, 7) NTVDM എന്ന വെർച്വൽ ഡോസ് മെഷീനാണ് ഡോസ് അനുകരണം സാദ്ധ്യമാക്കിയിരുന്നത്. ഡോസ് ഫയലുകളായ NTIO.SYS, NTBIO.SYS എന്നിവ സാധാരണരീതിയിൽത്തന്നെയുണ്ടെങ്കിലും NTVDM പ്രദാനം ചെയ്യുന്ന വെർച്വൽ മെഷീനിലാണ് ഇവ പ്രവർത്തിക്കുക. 64 ബിറ്റ് വിൻഡോസ് പതിപ്പുകളിൽ NTVDM പിന്തുണയില്ല അതുകൊണ്ട് ഇവയിൽ 16 ബിറ്റ് ഡോസ് ആപ്ലിക്കേഷനുകൾ നേരിട്ട് പ്രവർത്തിക്കുയില്ല.

സമ്പർക്കമുഖം

ഡോസ് കുടുംബ ഓപ്പറേറ്റിങ് സിസ്റ്റങ്ങൾ, നിർദ്ദേശങ്ങൾ കീബോഡിൽ നിന്ന് സ്വീകരിക്കുന്ന, കമാൻഡ് ലെൻ സമ്പർക്കമുഖത്തോടെയാണ് പ്രവർത്തിക്കുന്നത്. സ്ക്രീനിൽ നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിന് തയ്യാറായി നിൽക്കുന്ന ഭാഗത്തെ കമാൻഡ് പ്രോംപ്റ്റ് എന്നു പറയുന്നു. കമാൻഡ് പ്രോംപ്റ്റിൽ പ്രോഗ്രാമുകളുടെ ഫയൽനാമം എഴുതിനൽകിയാണ് അവ പ്രവർത്തിപ്പിക്കുന്നത്. ചില നിർദ്ദേശങ്ങൾ ഡോസ് ഷെൽ സ്വയം പ്രവർത്തിപ്പിക്കും, അതായത് ഇതിനുവേണ്ടി പ്രത്യേകം പ്രോഗ്രാം ഫയലുകൾ ഉണ്ടാകില്ല. ഇത്തരം നിർദ്ദേശങ്ങൾ ആന്തരികനിർദ്ദേശങ്ങൾ (ഇന്റേണൽ കമാൻഡ്സ്) എന്നു പറയും. ഇതിനുപുറമേ സിസ്റ്റം യൂട്ടിലിറ്റികളായി അനേകം പ്രോഗ്രാമുകൾ ഡോസിനോടൊപ്പം തന്നെ നൽകുന്നുണ്ട്.[33]

കൂടുതൽ ഉപയോക്തൃസൗഹാർദ്ദമായുള്ള സമ്പർക്കമുഖത്തിനായി നിരവധി സോഫ്റ്റവെയർ നിർമ്മാതാക്കൾ, മെനുവും ഐക്കണുകളും അടങ്ങുന്ന ഫയൽ മാനേജർ പ്രോഗ്രാമുകൾ തയ്യാറാക്കിയിരുന്നു. (മൈക്രോസോഫ്റ്റ് വിൻഡോസ് തന്നെ ഫയൽ മാനേജർ, പ്രോഗ്രാം ലോഡർ എന്ന നിലയിലാണ് രംഗപ്രവേശം ചെയ്തത്. തുടർന്ന് സ്വയംപര്യാപ്ത പ്രോഗ്രാം ലോഡറായി മാറി ഡോസിനെത്തന്നെ ആദേശം ചെയ്യുകയായിരുന്നു.) നോർട്ടൺ കമാൻഡർ, ഡോസ് നാവിഗേറ്റർ, വോൾക്കോവ് കമാൻഡർ, ക്വാട്ടർഡെസ്ക് ഡെസ്ക്‌വ്യൂ, സൈഡ്കിക്ക് തുടങ്ങിയവ ഈ ഗണത്തിൽപ്പെട്ട ടെക്സ്റ്റ് സമ്പർക്കമുഖത്തിലുള്ള പ്രോഗ്രാമുകളാണ്. വിൻഡോസിനു പുറമേ ഡിജിറ്റൽ റിസർച്ചിന്റെ ഗ്രാഫിക്കൽ എൻവയോൺമെന്റ് മാനേജർ (സി.പി./എമ്മിനു വേണ്ടിയാണ് ഇത് ആദ്യം തയ്യാറാക്കിയത്), ജിയോസ് എന്നിവ സചിത്രസമ്പർക്കമുഖത്തിലുള്ള ഇത്തരം പ്രോഗ്രാമുകളാണ്.

കാലക്രമേണ ഡോസ് നിർമ്മാതാക്കൾ തന്നെ അവരുടെ ഡോസ് പതിപ്പിനൊപ്പം ഇത്തരം പണിയിടസംവിധാനങ്ങൾ ഉൾപ്പെടുത്തിത്തുടങ്ങി. എം.എസ്. ഡോസിന്റെയും ഐ.ബി.എം. ഡോസിന്റെയും നാലാം പതിപ്പിൽ ഉൾപ്പെടുത്തിയ ഡോസ് ഷെൽ ഇതിനുദാഹരണമാണ്.[34] തൊട്ടതുടത്ത വർഷം പുറത്തിറങ്ങിയ ഡി.ആർ. ഡോസ് 5.0 പതിപ്പിൽ ജി.ഇ.എം. ആധാരമാക്കിയുള്ള വ്യൂമാക്സും ഉൾപ്പെടുത്തിയിരുന്നു.[35]

ടെർമിനേറ്റ് ആൻഡ് സ്റ്റേ റെസിഡെന്റ്

ഡോസ് ഒരു മൾട്ടിടാസ്കിങ് ഓപ്പറേറ്റിങ് സിസ്റ്റം അല്ലായിരുന്നു; അതായത് ഒരു സമയം ഒരു പ്രോഗ്രാം മാത്രമേ ഇതിൽ പ്രവർത്തിക്കൂ. എന്നിരുന്നാലും പ്രോഗ്രാമുകളെ മെമ്മറിയിൽ നിലനിർത്താനും സിസ്റ്റം ടൈമറിന്റെയോ കീബോഡ് ഇന്ററപ്റ്റുകളുടെയോ സഹായത്തോടെ നിലവിലോടുന്ന പ്രോഗ്രാമിനെ തടഞ്ഞ് ഇവയെ ആവശ്യമായ സമയത്ത് പ്രവർത്തിപ്പിക്കുകയോ പശ്ചാത്തലത്തിൽ പ്രവർത്തിപ്പിക്കുകയോ ചെയ്യാനുള്ള സൗകര്യം ഡോസിലുണ്ടായിരുന്നു. മൾട്ടിടാസ്കിങ്ങിന്റെ ലളിതമായ രൂപമായ ഈ രീതിയിൽ പ്രോഗ്രാമിന്റെ ആദ്യഘട്ട പ്രവർത്തനത്തിനുശേഷം അത് മെമ്മറിയിൽത്തന്നെ നിലകൊള്ളുന്നു എന്നതിനാൽ ടെർമിനേറ്റ് ആൻഡ് സ്റ്റേ റെസിഡന്റ് (ടി.എസ്.ആർ.) എന്നാണ് പറയുന്നത്. ഡോസിനോടൊപ്പം ലഭ്യമായിരുന്ന PRINT എന്ന നിർദ്ദേശം പശ്ചാത്തലത്തിൽ പ്രിന്റ് സ്പൂളിങ് നടത്തുന്നതിന് ടി.എസ്.ആർ. ആയിരുന്നു ഉപയോഗിച്ചിരുന്നത്. പോപ്പപ്പ് ശൈലിയിലുള്ള പെഴ്സണൽ ഇൻഫമേഷൻ മാനേജർ സോഫ്റ്റവെയറായ ബോർലാൻഡ് സൈഡ്കിക്കും ടി.എസ്.ആർ. സങ്കേതമുപയോഗിച്ചാണ് പ്രവർത്തിച്ചിരുന്നത്. ഡോസിൽ സ്വതേ ലഭ്യമല്ലാതിരുന്ന അധികസൗകര്യങ്ങൾ കൂട്ടിച്ചേർക്കുന്നതിനും ഡോസിനോടൊപ്പം വരുന്ന ചില ടി.എസ്.ആർ. പ്രോഗ്രാമുകൾ ഉപയോഗിച്ചിരുന്നു. മുൻപ് നൽകിയ നിർദ്ദേശങ്ങൾ കാണുന്നതിനും തിരുത്തുന്നതിനുമുള്ള സൗകര്യമൊരുക്കുന്ന CED, DOSKey തുടങ്ങിയ ടി.എസ്.ആർ. ആധാരമായുള്ള പ്രോഗ്രാമുകൾ ഇതിനുദാഹരണമാണ്. ഡോസിന്റെ കമാൻഡ് ഇന്റർപ്രെട്ടറായ COMMAND.COM-ൽ ഈ സൗകര്യം സ്വതേ ലഭ്യമല്ല. ഡോസിൽ സി.ഡി. റോം സൗകര്യം ലഭ്യമാക്കുന്ന MSCDEX എന്ന സി.ഡി. റോം ചേർപ്പ് മറ്റൊരുദാഹരണമാണ്.

സോഫ്റ്റ്‌വേർ

Thumb
അരാക്നെ - ഡോസിൽ പ്രവർത്തിക്കുന്ന ഒരു വെബ് ബ്രൗസർ

പി.സി. അനുരൂപ കമ്പ്യൂട്ടറുകളിൽ ആധിപത്യം സ്ഥാപിച്ചിരുന്ന ഡോസിൽ പ്രവർത്തിപ്പിക്കുന്നതിനായി പ്രശസ്തമായ നിരവധി പ്രോഗ്രാമുകൾ തയ്യാറാക്കപ്പെട്ടിട്ടുണ്ട്. അവയിൽ ചിലവ താഴെപ്പറയുന്നു:

  • ലോട്ടസ് 1-2-3, കോർപ്പറേറ്റ് മേഖലയിൽ വ്യാപകമായി ഉപയോഗിച്ചിരുന്ന ഈ സ്പ്രെഡ്ഷീറ്റ് സോഫ്റ്റവെയർ ഐ.ബി.എം. പി.സി.യുടെ വിജയഘടകങ്ങളിലൊന്നായും കണക്കാക്കുന്നു.[36]
  • വേഡ്പെർഫെക്റ്റ്, ഒരു വേഡ് പ്രോസസർ. ഇന്ന് ഇതിന്റെ വിൻഡോസിനായുള്ള പതിപ്പുകൾ പുറത്തിറക്കുന്നുണ്ട്.
  • വേഡ്സ്റ്റാർ, ഒരു ആദ്യകാല വേഡ് പ്രോസസർ. ഇതിലുപയോഗിച്ചിരുന്ന കീബോഡ് കുറുക്കുവഴികൾ മറ്റു പല എഡിറ്ററുകളിലേക്കും പകർത്തപ്പെട്ടു.
  • ഡിബേസ്, ഒരു ആദ്യകാല ഡാറ്റാബേസ് പ്രോഗ്രാം.
  • ഹാവാഡ് ഗ്രാഫിക്സ്, ഒരു ആദ്യകാല പ്രെസന്റേഷൻ ഗ്രാഫിക്സ് ഡിസൈൻ പ്രോഗ്രാം.
  • നോർട്ടൺ യൂട്ടിലിറ്റീസ്, ഡിസ്ക് - സിസ്റ്റം യൂട്ടിലിറ്റി പ്രോഗ്രാമുകളുടെ കൂട്ടം
  • പി.സി. ടൂൾസ്, ഡിസ്ക് - സിസ്റ്റം യൂട്ടിലിറ്റി പ്രോഗ്രാമുകളുടെ കൂട്ടം.
  • നോർട്ടൺ കമാൻഡർ, എക്സ്ട്രീ - ഫയൽ മാനേജ്മെന്റ് പ്രോഗ്രാമുകൾ.
  • പ്രോകോം, ക്യുമോഡെം, ടെലിക്സ് - മോഡവുമായി വിനിമയം നടത്തുന്നതിനുള്ള പ്രോഗ്രാമുകൾ .
  • സൈഡ്കിക്ക്, പെഴ്സണൽ ഇൻഫമേഷൻ മാനേജർ
  • പി.കെ.സിപ്, ഫയൽ വലിപ്പം ചുരുക്കുന്നതിനുള്ള യൂട്ടിലിറ്റി. ചുരുങ്ങിയകാലംകൊണ്ട് ഇത് ഫയൽ ചുരുക്കൽ രംഗത്തെ മാനകരീതിയായി മാറി.
  • ക്യു.ഇ.എം.എം., 386മാക്സ്, ഡോസ് മെമ്മറി മാനേജ്മെന്റ് യൂട്ടിലിറ്റികൾ.
  • 4ഡോസ്, മെച്ചപ്പെടുത്തിയ ഒരു കമാൻഡ്ഷെൽ
  • അരാക്നെ, ഒരു ഗ്രാഫിക്കൽ വെബ് ബ്രൗസർ
  • ഡി.ജെ.ജി.പി.പി. - ഗ്നു കമ്പൈലർ ശേഖരത്തിന്റ ഡോസ് പതിപ്പ്.
  • വെം ബ്യുവർഗിന്റെ പ്രശസ്തമായ ലിസ്റ്റ് (LIST) യൂട്ടിലിറ്റി. ഇത് ഫയലുകളിലെ ഉള്ളടക്കം ആസ്കിയിലും ഹെക്സാഡെസിമൽ രീതിയിലും പ്രദർശിപ്പിക്കും.
  • സോഫ്റ്റ്‌വേർ വികസനത്തിനായുള്ള മൈക്രോസോഫ്റ്റിന്റെ സോഫ്റ്റ്വെയറുകളായ മൈക്രോസോഫ്റ്റ് മാക്രോ അസെംബ്ലർ, മൈക്രോസോഫ്റ്റ് സി, കോഡ്‌വ്യൂ.
  • ബോർലാൻഡിന്റെ സോഫ്റ്റവെയർ വികസന തട്ടകങ്ങളായ ടർബോ പാസ്കൽ, ടർബോ ബേസിക്, ടർബോ സി, ടർബോ അസെംബ്ലർ.
  • ബേസിക്ക, ജി.ഡബ്ല്യു. ബേസിക് - ബേസിക് ഇന്റർപ്രെട്ടറുകൾ.

കുറിപ്പുകൾ

  • ^ മൈക്രോസോഫ്റ്റ് വിൻഡോസിന്റെ 95, 98, മില്ലേനിയം പതിപ്പ് എന്നിവ ഭാഗികമായി ഡോസ് അടിസ്ഥാനത്തിലുള്ളതായതിനാൽ ഡോസിന്റെ പ്രഭാവകാലം 2000 വരെയാണെന്നും കണക്കാക്കാം.

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.