സാമ്പത്തികശാസ്ത്രം
From Wikipedia, the free encyclopedia
Remove ads
സാധനങ്ങളുടേയും സേവനങ്ങളുടേയും ഉത്പാദനം, വിതരണം, ഉപഭോഗം എന്നിവയെ കുറിച്ച് പഠിക്കുന്ന ഒരു സാമൂഹ്യശാസ്ത്രമാണ് സാമ്പത്തികശാസ്ത്രം. വീട് എന്നർത്ഥമുള്ള ഒയ്കോസ്, നിയമം എന്നർത്ഥം വരുന്ന നോമോസ് എന്നീ രണ്ട് പദങ്ങൾ ചേർന്ന ഒയ്കൊനോമിയ എന്ന പുരാതന ഗ്രീക്ക് വാക്കിൽ നിന്നാണ് സാമ്പത്തിക ശാസ്ത്രത്തിന്റെ ആംഗലേയ പദമായ ഇകണോമിക്സ്(Economics) എന്നത് രൂപം കൊള്ളുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുവിലായി രൂപം പ്രാപിച്ച രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയുടെ വിശാലമായ മേഖലയിൽ നിന്നാണ് ഇന്നത്തെ സാമ്പത്തികശാസ്ത്ര മാതൃക വികാസം പ്രാപിച്ചത്[1] . ലൊയ്നൽ റോബിൻസ് 1932 ൽ എഴുതിയ ഒരു പ്രബന്ധത്തിൽ ആധുനിക സാമ്പത്തികശാസ്ത്രത്തെ ഇങ്ങനെ ചുരുക്കി നിർവചിക്കുന്നു: "ആവശ്യങ്ങളും ബദൽ ഉപയോഗങ്ങളുള്ള പരിമിത വിഭവങ്ങളും തമ്മിലുള്ള ബന്ധമായി കണ്ട് മനുഷ്യരുടെ പെരുമാറ്റെത്തെ കുറിച്ച് പഠനം നടത്തുന്ന ഒരു ശാസ്ത്രം"[2]. ലഭ്യമായ വിഭവങ്ങൾക്ക് മനുഷ്യരുടെ എല്ലാ ആവശ്യങ്ങളെയും ആഗ്രഹങ്ങളെയും പൂർത്തീകരിക്കാൻ തികയാത്ത അവസ്ഥയെയാണ് പരിമിതം(ദൗർലഭ്യം) എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. വിഭവങ്ങളുടെ ദൗർലഭ്യമില്ലെങ്കിൽ പിന്നെ സാമ്പത്തിക പ്രശ്നമുണ്ടാവില്ല എന്ന് വിശദീകരിക്കപ്പെടുന്നു. എന്നാൽ ലഭ്യമായ വിഭവങ്ങളുടെ അസന്തുലിതമായ വിതരണമാണ് ക്ഷാമത്തിന് കാരണമെന്ന് മറ്റൊരു സിദ്ധാന്തവുമുണ്ട്.

എങ്ങനെയാണ് സാമ്പത്തിക വ്യവസ്ഥകൾ പ്രവർത്തിക്കുന്നതെന്നും എങ്ങനെയാണ് സാമ്പത്തിക ഘടകങ്ങൾ ഇടപഴകുന്നെതെന്നും വിശദീകരിക്കലാണ് സാമ്പത്തികശാസ്ത്രത്തിന്റെ ലക്ഷ്യം. വാണിജ്യം,ധനകാര്യം,സർക്കാർ എന്നിവയിൽ മാത്രമല്ല കുറ്റകൃത്യം[3],വിദ്യാഭ്യാസം[4],കുടുംബം,ആരോഗ്യം,നിയമം,രാഷ്ട്രീയം,മതം[5],സാമൂഹിക സ്ഥാപനങ്ങൾ,യുദ്ധം,[6],ശാസ്ത്രം[7] തുടങ്ങിയ സർവ്വ സമൂഹ മണ്ഡലങ്ങളിലും സാമ്പത്തിക വിശകലനങ്ങൾ ബാധകമാണ്. സമൂഹ്യ ശാസ്ത്രങ്ങളിലുള്ള സാമ്പത്തികശാസ്ത്രത്തിന്റെ വർദ്ധിച്ചു വരുന്ന മേൽകോയ്മ സാമ്പത്തിക ഇംപീരിയലിസമായിട്ടാണ് വിശദീകരിക്കപ്പെടുന്നത്[8][9].
Economics എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads