എത്തോളജി

From Wikipedia, the free encyclopedia

എത്തോളജി
Remove ads

മൃഗങ്ങളുടെ പെരുമാറ്റത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനമാണ് എത്തോളജി. ഈ ജീവശാസ്ത്ര ശാഖ സാധാരണയായി മൃഗങ്ങളുടെ സ്വാഭാവിക സാഹചര്യങ്ങളിലെ പെരുമാറ്റത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും, പെരുമാറ്റത്തിൻ്റെ പരിണാമപരമായ അഡാപ്റ്റിവിറ്റിയെ പഠിക്കുകയും ചെയ്യുന്നു. മൃഗങ്ങളുടെ പെരുമാറ്റത്തെക്കുറിച്ചുള്ള ശാസ്ത്രീയവും വസ്തുനിഷ്ഠവുമായ പഠനത്തെ ഒരു പദമെന്ന നിലയിൽ ബിഹേവിയറിസം വിവരിക്കുന്നു. എന്നാൽ ഇത് സാധാരണയായി പരിണാമപരമായ അഡാപ്റ്റിവിറ്റിക്ക് പ്രത്യേക ഊന്നൽ നൽകാതെ, ഉത്തേജകങ്ങളോടുള്ള പ്രതികരണങ്ങളെ അല്ലെങ്കിൽ ഒരു ലബോറട്ടറി പശ്ചാത്തലത്തിൽ പരിശീലനം ലഭിച്ച പെരുമാറ്റ പ്രതികരണങ്ങളെ പരാമർശിക്കുന്നു. ചരിത്രത്തിലുടനീളം, വ്യത്യസ്ത പ്രകൃതിശാസ്ത്രജ്ഞർ മൃഗങ്ങളുടെ പെരുമാറ്റത്തിന്റെ വശങ്ങൾ പഠിച്ചിട്ടുണ്ട്. ചാൾസ് ഡാർവിന്റെയും ചാൾസ് ഒ. വിറ്റ്മാൻ, ഓസ്കർ ഹെയ്ൻറോത്ത്, വാലസ് ക്രെയ്ഗ് എന്നിവരെ പോലെ 19-ആം നൂറ്റാണ്ടിന്റെ അവസാനത്തിലും 20-ആം നൂറ്റാണ്ടിന്റെ തുടക്കത്തിലുമുള്ള അമേരിക്കൻ, ജർമ്മൻ പക്ഷിശാസ്ത്രജ്ഞരുടെ കൃതികളിലും എത്തോളജിയുടെ ശാസ്ത്രീയ വേരുകൾ ഉണ്ട്.[1][2] 1973 -ലെ വൈദ്യശാസ്ത്ര നോബൽ സമ്മാനം ലഭിച്ച മൂന്ന് പേർ, ഡച്ച് ബയോളജിസ്റ്റ് നിക്കോളാസ് ടിൻബർജെൻ, ഓസ്ട്രിയൻ ജീവശാസ്ത്രജ്ഞരായ കോൺറാഡ്‌ ലോറൻസ്, കാൾ വോ ഫ്രിഷ് എന്നിവരുടെ പ്രവർത്തനങ്ങളിലൂടെ, ആധുനിക ശാസ്ത്രരൂപമായ എത്തോളജി, 1930-കളിൽ ആരംഭിച്ചതായി കണക്കാക്കപ്പെടുന്നു.[3] ന്യൂറോ അനാട്ടമി, ഇക്കോളജി, എവല്യൂഷണറി ബയോളജി തുടങ്ങിയ മറ്റ് ചില വിഷയങ്ങളുമായി ശക്തമായ ബന്ധമുള്ള എത്തോളജി ലബോറട്ടറിയെയും ഫീൽഡ് സയൻസിനെയും സംയോജിപ്പിക്കുന്നു. എത്തോളജിസ്റ്റുകൾ സാധാരണയായി ഒരു പ്രത്യേക മൃഗ ഗ്രൂപ്പിനേക്കാൾ ഒരു പെരുമാറ്റ പ്രക്രിയയിൽ താൽപ്പര്യം കാണിക്കുന്നു,[4] കൂടാതെ പലപ്പോഴും ബന്ധമില്ലാത്ത നിരവധി സ്പീഷീസുകളിൽ ആക്രമണം പോലുള്ള തരം പെരുമാറ്റം പഠിക്കുന്നു.

Thumb
മൃഗങ്ങളുടെ പെരുമാറ്റത്തിന്റെ ഒരു ശ്രേണി
Thumb
സ്വാഭാവിക തിരഞ്ഞെടുപ്പിൽ ഉടനീളം പല്ലികളുടെ സ്വഭാവത്തിൽ മാറ്റം

എത്തോളജി അതിവേഗം വളരുന്ന ഒരു മേഖലയാണ്. 21-ാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ, ശാസ്ത്ര സമൂഹം വളരെക്കാലമായി മനസ്സിലാക്കിയിരുന്ന മൃഗങ്ങളുടെ ആശയവിനിമയം, വികാരങ്ങൾ, സംസ്കാരം, പഠനം, ലൈംഗികത എന്നിവയുടെ പല വശങ്ങളിലും ഗവേഷകർ പുനഃപരിശോധിക്കുകയും പുതിയ നിഗമനങ്ങളിൽ എത്തിച്ചേരുകയും ചെയ്തു. ന്യൂറോഎത്തോളജി പോലുള്ള പുതിയ മേഖലകൾ ഇതോടൊപ്പം വികസിച്ചു.

മൃഗ പരിശീലനത്തിൽ എത്തോളജി അല്ലെങ്കിൽ മൃഗങ്ങളുടെ പെരുമാറ്റം മനസ്സിലാക്കുന്നത് പ്രധാനമാണ്. വ്യത്യസ്‌ത ഇനങ്ങളുടെ സ്വാഭാവിക സ്വഭാവങ്ങൾ പരിഗണിച്ച്, ആവശ്യമായ ചുമതല നിർവഹിക്കാൻ ഏറ്റവും അനുയോജ്യമായവായെ തിരഞ്ഞെടുക്കാൻ ഇത് പരിശീലകരെ പ്രാപ്തരാക്കുന്നു. അതുപോലെ സ്വാഭാവികമായി സംഭവിക്കുന്ന സ്വഭാവങ്ങളുടെ പ്രകടനവും അനഭിലഷണീയമായ പെരുമാറ്റങ്ങൾ നിർത്തലും പ്രോത്സാഹിപ്പിക്കുന്നതിനും ഇത് പരിശീലകരെ പ്രാപ്തരാക്കുന്നു.[5]

Remove ads

പദോൽപ്പത്തി

എത്തോളജി എന്ന പദം ഗ്രീക്ക് ഭാഷയിൽ നിന്നാണ് ഉരുത്തിരിഞ്ഞത്. ഗ്രീക്കിൽ ἦθος, ഈഥോസ് എന്നാൽ "സ്വഭാവം" എന്നും -λογία , -ലോഗിയ എന്നാൽ "പഠനം" എന്നുമാണ് അർഥം. 1902-ൽ അമേരിക്കൻ മിർമെക്കോളജിസ്റ്റ് (ഉറുമ്പുകളെ പഠിക്കുന്ന ശാഖ) വില്യം മോർട്ടൺ വീലർ ആണ് ഈ പദം ആദ്യമായി പ്രചരിപ്പിച്ചത്.[6]

ചരിത്രം

എത്തോളജിയുടെ തുടക്കം

Thumb
ചാൾസ് ഡാർവിൻ (1809-1882) മൃഗങ്ങൾ വികാരങ്ങൾ പ്രകടിപ്പിക്കുന്നത് പര്യവേക്ഷണം ചെയ്തു.

എത്തോളജി ജീവശാസ്ത്രത്തിന്റെ ഒരു ശാഖയായി കണക്കാക്കപ്പെടുന്നതിനാൽ, മൃഗങ്ങളുടെ സ്വഭാവത്തിന്റെ പരിണാമത്തിലും പ്രകൃതി നിർദ്ധാരണത്തിന്റെ അടിസ്ഥാനത്തിൽ അതിന്റെ വിവരണത്തിലും എത്തോളജിസ്റ്റുകൾ ശ്രദ്ധാലുക്കളാണ്. ഒരർത്ഥത്തിൽ, ആദ്യത്തെ ആധുനിക എത്തോളജിസ്റ്റ് ചാൾസ് ഡാർവിൻ ആയിരുന്നു, അദ്ദേഹത്തിന്റെ 1872-ലെ ദി എക്സ്പ്രഷൻ ഓഫ് ദ ഇമോഷൻസ് ഇൻ മാൻ ആന്റ് അനിമൽസ് എന്ന പുസ്തകം നിരവധി എത്തോളജിസ്റ്റുകളെ സ്വാധീനിച്ചു. ശാസ്ത്രീയ പിന്തുണ ലഭിക്കാത്ത നരവംശശാസ്ത്ര രീതിയായ അനെക്‌ഡോട്ടൽ കോഗ്നിറ്റിവിസം ഉപയോഗിച്ച് മൃഗങ്ങളുടെ പഠനത്തെയും ബുദ്ധിയെയും കുറിച്ച് അന്വേഷിച്ച ജോർജ്ജ് റൊമാനസിനെ പ്രോത്സാഹിപ്പിച്ചുകൊണ്ട് അദ്ദേഹം മൃഗ പെരുമാറ്റത്തിലുള്ള താൽപ്പര്യം പിന്തുടർന്നു.[7]

യൂജിൻ മറായിസ്, ചാൾസ് ഒ വിറ്റ്മാൻ, ഓസ്കാർ ഹെയ്ൻറോത്ത്, വാലസ് ക്രെയ്ഗ്, ജൂലിയൻ ഹക്സ്ലി തുടങ്ങിയ മറ്റ് ആദ്യകാല എത്തോളജി ശാസ്ത്രജ്ഞർ, ഒരു സ്പീഷിസിലെ എല്ലാ അംഗങ്ങളിലും നിർദ്ദിഷ്ട സാഹചര്യങ്ങളിൽ സംഭവിക്കുന്ന സ്വഭാവങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഒരു പുതിയ ജീവിവർഗത്തിന്റെ സ്വഭാവം പഠിക്കുന്നതിനുള്ള അവരുടെ തുടക്കം ഒരു എത്തോഗ്രാം നിർമ്മിക്കുക എന്നതായിരുന്നു. ഇത് പെരുമാറ്റത്തിന്റെ വസ്തുനിഷ്ഠവും സഞ്ചിതവുമായ ഒരു ഡാറ്റാബേസ് നൽകി. തുടർന്നുള്ള ഗവേഷകർക്ക് ഇത് പരിശോധിക്കാനും അനുബന്ധമാക്കാനും കഴിയും.[6]

വളർച്ച

കോൺറാഡ് ലോറൻസ്, നിക്കോ ടിൻബെർഗൻ എന്നിവരുടെ പ്രവർത്തനഫലമായി, രണ്ടാം ലോകമഹായുദ്ധത്തിനു മുമ്പുള്ള വർഷങ്ങളിൽ യൂറോപ്പിൽ എത്തോളജി ശക്തമായി വികസിച്ചു.[6] യുദ്ധാനന്തരം, ടിൻബർഗൻ ഓക്സ്ഫോർഡ് സർവ്വകലാശാലയിലേക്ക് മാറി , കേംബ്രിഡ്ജ് സർവ്വകലാശാലയിലെ അനിമൽ ബിഹേവിയർ സബ് ഡിപ്പാർട്ട്മെന്റിൽ വില്യം തോർപ്പ്, റോബർട്ട് ഹിൻഡെ, പാട്രിക് ബേറ്റ്സൺ എന്നിവരുടെ അധിക സ്വാധീനത്തോടെ യുകെയിൽ എത്തോളജി ശക്തമായി.[8] ഈ കാലഘട്ടത്തിൽ വടക്കേ അമേരിക്കയിലും എത്തോളജി ശക്തമായി വികസിക്കാൻ തുടങ്ങി.

ലോറൻസ്, ടിൻബെർഗൻ, വോൺ ഫ്രിഷ് എന്നിവർക്ക് അവരുടെ എത്തോളജി വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനത്തിന് 1973 -ൽ വൈദ്യശാസ്ത്ര നോബൽ സമ്മാനം ലഭിച്ചു.[9]

എത്തോളജി ഇപ്പോൾ നന്നായി അംഗീകരിക്കപ്പെട്ട ഒരു ശാസ്ത്രശാഖയാണ്. അനിമൽ ബിഹേവിയർ, അനിമൽ വെൽഫെയർ, അപ്ലൈഡ് അനിമൽ ബിഹേവിയർ സയൻസ്, അനിമൽ കോഗ്നിഷൻ, ബിഹേവിയർ, ബിഹേവിയറൽ ഇക്കോളജി, എഥോളജി : ഇന്റർനാഷണൽ ജേർണൽ ഓഫ് ബിഹേവിയറൽ ബയോളജി തുടങ്ങി ഈ വിഷയത്തിലെ സംഭവവികാസങ്ങൾ ഉൾക്കൊള്ളുന്ന നിരവധി ജേണലുകൾ ഉണ്ട്. 1972-ൽ, എത്തോളജി തത്വങ്ങളും രീതികളും പ്രയോഗിച്ച് നേടിയെടുത്ത മനുഷ്യ പെരുമാറ്റത്തെക്കുറിച്ചുള്ള അറിവും അഭിപ്രായങ്ങളും കൈമാറ്റം ചെയ്യുന്നതിനായി ഇന്റർനാഷണൽ സൊസൈറ്റി ഫോർ ഹ്യൂമൻ എത്തോളജി സ്ഥാപിക്കുകയും അവരുടെ ജേർണൽ ദി ഹ്യൂമൻ എത്തോളജി ബുള്ളറ്റിൻ Archived 2022-09-20 at the Wayback Machine പ്രസിദ്ധീകരിക്കുകയും ചെയ്തു. 2008-ൽ, ബിഹേവിയർ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തിൽ, എത്തോളജിസ്റ്റ് പീറ്റർ വെർബീക്ക് "പീസ് എത്തോളജി" എന്ന പദം മനുഷ്യസംഘർഷം, സംഘർഷ പരിഹാരം, അനുരഞ്ജനം, യുദ്ധം, സമാധാനം സ്ഥാപിക്കൽ, സമാധാന പരിപാലനം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട ഹ്യൂമൻ എത്തോളജിയുടെ ഒരു ഉപവിഭാഗമായി അവതരിപ്പിച്ചു.[10]

സോഷ്യൽ എത്തോളജിയും സമീപകാല സംഭവവികാസങ്ങളും

1972-ൽ, ഇംഗ്ലീഷ് എത്തോളജിസ്റ്റ് ജോൺ എച്ച്. ക്രൂക്ക് കംപാറേറ്റീവ് (താരതമ്യ) എത്തോളജിയെ സോഷ്യൽ എത്തോളജിയിൽ നിന്ന് വേർതിരിക്കുന്നു. ഇതുവരെ നിലനിന്നിരുന്ന എത്തോളജിയിൽ ഭൂരിഭാഗവും യഥാർത്ഥത്തിൽ മൃഗങ്ങളെ വ്യക്തികളായി പരിഗണിക്കുന്ന കമ്പറേറ്റീവ് എത്തോളജിയാണെന്ന് വാദിച്ചു, ഭാവിയിൽ, എത്തോളജിസ്റ്റുകൾ മൃഗങ്ങളുടെ സാമൂഹിക ഗ്രൂപ്പുകളുടെ പെരുമാറ്റത്തെക്കുറിച്ചും അവയ്ക്കുള്ളിലെ സാമൂഹിക ഘടനയെക്കുറിച്ചും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട് എന്ന് പറഞ്ഞു.[11]

ഇ. ഒ. വിൽസന്റെ സോഷ്യോബയോളജി: ദി ന്യൂ സിന്തസിസ് എന്ന പുസ്തകം 1975-ൽ ഇറങ്ങി, [12] അന്നുമുതൽ, പെരുമാറ്റത്തെക്കുറിച്ചുള്ള പഠനം സാമൂഹിക വശങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വിൽസൺ, റോബർട്ട് ട്രൈവേഴ്‌സ്, ഡബ്ല്യുഡി ഹാമിൽട്ടൺ എന്നിവരുമായി ബന്ധപ്പെട്ടുകിടക്കുന്ന ശക്തമായ, എന്നാൽ കൂടുതൽ സങ്കീർണ്ണമായ, ഡാർവിനിസവും ഇതിനെ നയിച്ചിട്ടുണ്ട്. ബിഹേവിയറൽ ഇക്കോളജിയുടെ അനുബന്ധ വികസനവും എത്തോളജിയെ പരിവർത്തനം ചെയ്യാൻ സഹായിച്ചിട്ടുണ്ട്.[13] 2020-ൽ, റൂർ യൂണിവേഴ്‌സിറ്റി ബോച്ചുമിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലോസഫി II-ൽ നിന്നുള്ള ഡോ. ടോബിയാസ് സ്റ്റാർസാക്കും പ്രൊഫസർ ആൽബർട്ട് ന്യൂവെനും മൃഗങ്ങൾക്ക് വിശ്വാസങ്ങളുണ്ടാകാമെന്ന് അനുമാനിച്ചു.

Remove ads

കംപാറേറ്റീവ് സൈക്കോളജിയുമായുള്ള ബന്ധം

കംപാറേറ്റീവ് സൈക്കോളജി മൃഗങ്ങളുടെ പെരുമാറ്റത്തെയും പഠിക്കുന്നു. എത്തോളജിക്ക് വിരുദ്ധമായി, ഇത് ജീവശാസ്ത്രത്തിന്റെ ഒരു ഉപവിഷയമായിട്ടല്ല, പകരം മനഃശാസ്ത്രത്തിന്റെ ഉപവിഷയമായി വ്യാഖ്യാനിക്കപ്പെടുന്നു. ചരിത്രപരമായി, കംപാറേറ്റീവ് സൈക്കോളജിയിൽ മനുഷ്യ മനഃശാസ്ത്രതിന്റെ പശ്ചാത്തലത്തിൽ മൃഗങ്ങളുടെ പെരുമാറ്റത്തെക്കുറിച്ചുള്ള ഗവേഷണം നടത്തുമ്പോൾ എത്തോളജിയിൽ മൃഗങ്ങളുടെ ശരീരഘടന, ശരീരശാസ്ത്രം, ന്യൂറോബയോളജി, ഫൈലോജെനെറ്റിക് ചരിത്രം എന്നിവയുടെ പശ്ചാത്തലത്തിൽ മൃഗങ്ങളുടെ പെരുമാറ്റത്തെക്കുറിച്ചുള്ള ഗവേഷണം നടത്തുന്നു. കൂടാതെ, ആദ്യകാല കംപാറേറ്റീവ് സൈക്കോളജിസ്റ്റുകൾ കൃത്രിമ സാഹചര്യങ്ങളിൽ ഗവേഷണ സ്വഭാവം കാണിക്കുമ്പോൾ ആദ്യകാല എത്തോളജിസ്റ്റുകൾ സ്വാഭാവിക സാഹചര്യങ്ങളിൽ ഉള്ള പെരുമാറ്റത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

സഹജവാസന

Thumb
കെൽപ്പ് ഗൾ കുഞ്ഞുങ്ങൾ അമ്മയുടെ കൊക്കിൽ ചുവന്ന പൊട്ടിൽ കുത്തുന്നു

മെറിയം-വെബ്‌സ്റ്റർ നിഘണ്ടു സഹജവാസനയെ നിർവചിക്കുന്നത് "കാരണം ഉൾപ്പെടാതെ തന്നെ പാരിസ്ഥിതിക ഉത്തേജകങ്ങളോട് സങ്കീർണ്ണവും നിർദ്ദിഷ്ടവുമായ പ്രതികരണം നടത്താനുള്ള ഒരു ജീവിയുടെ പാരമ്പര്യവും മാറ്റാനാവാത്തതുമായ പ്രവണത" എന്നാണ്.[14]

ഫിക്സഡ് ആക്ഷൻ പാറ്റേണുകൾ

കോൺറാഡ് ലോറൻസുമായി ബന്ധപ്പെട്ട ഒരു സുപ്രധാന സംഭവവികാസം, അദ്ദേഹത്തിന്റെ അദ്ധ്യാപകനായ ഓസ്‌കർ ഹെയ്‌ൻ‌റോത്തു കാരണം അദ്ദേഹം നടത്തിയ ഫിക്സഡ് ആക്ഷൻ പാറ്റേണുകൾ തിരിച്ചറിയൽ ആയിരുന്നു. തിരിച്ചറിയാവുന്ന ഉത്തേജകങ്ങളുടെ സാന്നിധ്യത്തിൽ വിശ്വസനീയമായി സംഭവിക്കുന്ന സഹജമായ പ്രതികരണങ്ങളായി ലോറൻസ് ഇവയെ പ്രചരിപ്പിച്ചു. ഫിക്സഡ് ആക്ഷൻ പാറ്റേണുകൾ ഇപ്പോൾ സഹജമായ പെരുമാറ്റ ക്രമങ്ങളായി കണക്കാക്കപ്പെടുന്നു, അത് സ്പീഷിസിനുള്ളിൽ താരതമ്യേന മാറ്റമില്ലാത്തതും മിക്കവാറും അനിവാര്യമായും പൂർത്തീകരിക്കപ്പെടുന്നതുമാണ്.[15]

ഒരു റിലീസറിന്റെ ഒരു ഉദാഹരണം, നിരവധി പക്ഷി ഇനങ്ങളുടെ പുതുതായി വിരിഞ്ഞ കുഞ്ഞുങ്ങൾ നടത്തുന്ന കൊക്കുകളുടെ ചലനങ്ങളാണ്, ഇത് തന്റെ സന്തതികൾക്ക് ഭക്ഷണം നല്കാൻ അമ്മയെ ഉത്തേജിപ്പിക്കുന്നു.[16] മുട്ട-വീണ്ടെടുക്കൽ സ്വഭാവത്തെക്കുറിച്ചുള്ള ടിൻബെർഗന്റെ ക്ലാസിക് പഠനങ്ങളും ഗ്രേലാഗ് ലൂസിന്റെ പെരുമാറ്റങ്ങളും മറ്റ് ഉദാഹരണങ്ങളാണ്.[17][18]

കാൾ വോൺ ഫ്രിഷ് നടത്തിയ തേനീച്ച ആശയവിനിമയത്തിലെ വാഗിൾ ഡാൻസ് ("നൃത്ത ഭാഷ") പഠനമായിരുന്നു ഇത്തരത്തിലുള്ള ഒരു അന്വേഷണം.[19]

Remove ads

പഠനം

ഹാബിച്ചുവേഷൻ

പല മൃഗങ്ങളിലും സംഭവിക്കുന്ന ലളിതമായ പഠനരീതിയാണ് ഹാബിച്ചുവേഷൻ. ഒരു മൃഗം ഒരു ഉത്തേജനത്തോട് പ്രതികരിക്കുന്നത് നിർത്തുന്ന പ്രക്രിയയാണിത്. അടിസ്ഥാനപരമായി, അപ്രസക്തമായ ഉത്തേജകങ്ങളോട് പ്രതികരിക്കരുതെന്ന് മൃഗം പഠിക്കുന്നു. ഉദാഹരണത്തിന്, പ്രേരി നായ്ക്കൾ (സിനോമിസ് ലുഡോവിസിയാനസ്) വേട്ടക്കാർ അടുത്ത് വരുമ്പോൾ മറ്റ് മൃഗങ്ങൾ ഒളിക്കുന്നതിനുള്ള അപകട സന്ദേശം നൽകുന്നു. എന്നാൽ ഈ നായ്ക്കളുടെ വാസസ്ഥലം, മനുഷ്യർ ഉപയോഗിക്കുന്ന പാതകൾക്ക് സമീപം ഉള്ള സ്ഥലങ്ങളിൽ സ്ഥിതിചെയ്യുമ്പോൾ, ഒരാൾ സമീപ പ്രദേശത്തുകൂടി നടക്കുമ്പോഴെല്ലാം അപകട സന്ദേശം നല്കുന്നത് അവർ ഒഴിവാക്കുന്നു.[20][21][22]

അസോസിയേറ്റീവ് ലേണിംഗ്

ഒരു പ്രത്യേക ഉത്തേജനവുമായുള്ള പുതിയ പ്രതികരണ പ്രക്രിയയാണ് മൃഗങ്ങളുടെ പെരുമാറ്റത്തിലെ അസോസിയേറ്റീവ് ലേണിംഗ്.[23] റഷ്യൻ ഫിസിയോളജിസ്റ്റ് ഇവാൻ പാവ്‌ലോവ് ആണ് അസോസിയേറ്റീവ് ലേണിംഗിനെ കുറിച്ചുള്ള ആദ്യ പഠനം നടത്തിയത്. മണി മുഴക്കിയതിന് ശേഷം ഭക്ഷണം നല്കി പരിശീലിപ്പിച്ച നായ്ക്കളിൽ മണി കേൾക്കുമ്പോൾ ഉമിനീർ ഒഴുകുമെന്ന് അദ്ദേഹം നിരീക്ഷിച്ചു.[24]

ഇംപ്രിന്റിങ്

Thumb
ഒരു മൂസിലെ ഇംപ്രിന്റിങ്.

പ്രത്യുൽപാദന വിജയത്തിന് അത്യന്താപേക്ഷിതമായ, സ്വന്തം ഇനത്തിലെ അംഗങ്ങളെ തിരിച്ചറിയുന്നതിന് ഇംപ്രിന്റിങ് കുഞ്ഞുങ്ങളെ പ്രാപ്തരാക്കുന്നു. വളരെ പരിമിതമായ കാലയളവിനുള്ളിൽ മാത്രമാണ് ഈ സുപ്രധാനമായ പഠനം നടക്കുന്നത്. ഗൂസ്, കോഴികൾ തുടങ്ങിയ പക്ഷികളുടെ കുഞ്ഞുങ്ങൾ വിരിഞ്ഞതിന്റെ ആദ്യ ദിവസം മുതൽ സ്വമേധയാ അമ്മയെ പിന്തുടരുന്നതായി കോൺറാഡ് ലോറൻസ് നിരീക്ഷിച്ചു.[25]

കൾച്ചറൽ ലേണിങ്

അനുകരണം

ഒരു മൃഗം മറ്റൊന്നിന്റെ സ്വഭാവം നിരീക്ഷിക്കുകയും കൃത്യമായി പകർത്തുകയും ചെയ്യുന്ന ഒരു വിപുലമായ സ്വഭാവമാണ് അനുകരണം. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് റിപ്പോർട്ട് ചെയ്യുന്നത് കപ്പുച്ചിൻ കുരങ്ങുകൾ അവയെ അനുകരിക്കാത്ത ഗവേഷകരെക്കാൾ അനുകരിക്കുന്ന ഗവേഷകരുടെ കൂട്ടാണ് ഇഷ്ടപ്പെടുന്നത് എന്നാണ്. കുരങ്ങുകൾ തങ്ങളുടെ അനുകരിക്കുന്നവരുമായി കൂടുതൽ സമയം ചെലവഴിക്കുക മാത്രമല്ല, അനുകരിക്കാത്ത ഒരാളുമായി ഒരേ ജോലി ചെയ്യാനുള്ള ഓപ്ഷൻ നൽകുമ്പോൾ പോലും അനുകരിക്കുന്നവരുമായി ലളിതമായ ജോലിയിൽ ഏർപ്പെടാനും ഇഷ്ടപ്പെട്ടു എന്നാണ്.[26] ചിമ്പാൻസികളെക്കുറിച്ചുള്ള സമീപകാല ഗവേഷണങ്ങളിൽ അനുകരണം നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്; ഈ ചിമ്പാൻസികൾ മറ്റൊരു വ്യക്തിയുടെ പ്രവർത്തനങ്ങൾ പകർത്തുക മാത്രമല്ല, ഒരു തിരഞ്ഞെടുപ്പ് നൽകുമ്പോൾ, താഴ്ന്ന റാങ്കിലുള്ള യുവ ചിമ്പാൻസിയിൽ നിന്ന് വിരുദ്ധമായി ഉയർന്ന റാങ്കിലുള്ള മുതിർന്ന ചിമ്പാൻസിയുടെ പ്രവർത്തനങ്ങൾ അനുകരിക്കാൻ ഇഷ്ടപ്പെടുന്നു.[27]

പഠിപ്പിക്കൽ

ഒരു പെരുമാറ്റം ഉണ്ടാക്കുന്നതിന്റെ വളരെ സവിശേഷമായ ഒരു വശമാണ് അദ്ധ്യാപനം. ഉദാഹരണത്തിന്, കുട്ടികളെ ഇര പിടിക്കൽ കടൽ നായകൾ മനഃപൂർവ്വം കടൽത്തീരത്ത് എത്തുമെന്ന് അറിയപ്പെടുന്നു.[28] അമ്മ കടൽ നായകൾ അവരുടെ കുഞ്ഞുങ്ങളെ കരയിലേക്ക് തള്ളിയിടുകയും ഇരയെ ആക്രമിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ട് ഇര പിടിക്കാൻ പഠിപ്പിക്കുന്നു. ഇരയെ പിടിക്കാൻ തന്റെ സന്തതികളെ സഹായിക്കാൻ അമ്മ ഓർക്കാ തൻ്റെ സ്വഭാവത്തിൽ മാറ്റം വരുത്തുന്നതിനാൽ, ഇത് പഠിപ്പിക്കുന്നതിന്റെ തെളിവാണ്.[28] അധ്യാപനം സസ്തനികളിൽ മാത്രം ഒതുങ്ങുന്നില്ല. ഉദാഹരണത്തിന്, അനേകം പ്രാണികൾ ഭക്ഷണം ലഭിക്കുന്നതിന് വിവിധ തരത്തിലുള്ള പഠിപ്പിക്കലുകൾ നടത്തുന്നത് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന്, ഉറുമ്പുകൾ "ടാൻഡം റണ്ണിംഗ്" എന്ന പ്രക്രിയയിലൂടെ സഹജീവി ഉറുമ്പിനെ ഭക്ഷണ സ്രോതസ്സിലേക്ക് നയിക്കും.[29]

Remove ads

ഇണചേരലും ആധിപത്യത്തിനായുള്ള പോരാട്ടവും

ഒരു സ്പീഷിസിനുള്ളിലെ വ്യക്തികളുടെയോ ജീനുകളുടെയോ വ്യാപനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണ് വ്യക്തിഗത പ്രത്യുൽപ്പാദനം. ഇക്കാരണത്താൽ, സങ്കീർണ്ണമായ ഇണചേരൽ ആചാരങ്ങൾ ജീവികളക്കിടയിൽ നിലവിലുണ്ട്, അവ പലപ്പോഴും സ്ഥിരമായ പ്രവർത്തന പാറ്റേണുകളായി കണക്കാക്കപ്പെട്ടാലും വളരെ സങ്കീർണ്ണമായിരിക്കും. ടിൻബർഗൻ പഠിച്ച സ്റ്റിക്കിൾബാക്കിന്റെ സങ്കീർണ്ണമായ ഇണചേരൽ ചടങ്ങ് ശ്രദ്ധേയമായ ഒരു ഉദാഹരണമായി കണക്കാക്കപ്പെടുന്നു.[30]

സാമൂഹിക ജീവിതത്തിൽ, മൃഗങ്ങൾ പലപ്പോഴും പ്രത്യുൽപാദനത്തിനുള്ള അവകാശത്തിനും സാമൂഹിക മേധാവിത്വത്തിനും വേണ്ടി പരസ്പരം പോരാടാറുണ്ട്. സാമൂഹികവും ലൈംഗികവുമായ മേൽക്കോയ്മയ്ക്കുവേണ്ടി പോരാടുന്നതിന്റെ ഒരു സാധാരണ ഉദാഹരണം കോഴികൾക്കിടയിലെ പെക്കിംഗ് ഓർഡർ ആണ്. പെക്കിംഗ് ഓർഡർ സ്ഥാപിക്കുമ്പോൾ, ഇടയ്ക്കിടെ അക്രമാസക്തമായ വഴക്കുകൾ സംഭവിക്കാം, എന്നാൽ ഒരിക്കൽ സ്ഥാപിതമായാൽ, മറ്റ് വ്യക്തികൾ ഗ്രൂപ്പിൽ പ്രവേശിക്കുമ്പോൾ മാത്രമേ അത് തകരുകയുള്ളൂ, ഈ സാഹചര്യത്തിൽ ആദ്യം മുതൽ പെക്കിംഗ് ഓർഡർ പുനഃസ്ഥാപിക്കുന്നു.[31]

Remove ads

കൂട്ടമായ ജീവിതം

മനുഷ്യരുൾപ്പെടെയുള്ള പല ജന്തുജാലങ്ങളും കൂട്ടമായി ജീവിക്കുന്നു. ഗ്രൂപ്പിന്റെ വലുപ്പം അവരുടെ സാമൂഹിക അന്തരീക്ഷത്തിന്റെ ഒരു പ്രധാന വശമാണ്. സാമൂഹിക ജീവിതം ഒരുപക്ഷേ സങ്കീർണ്ണവും ഫലപ്രദവുമായ അതിജീവന തന്ത്രമാണ്. ഒരേ ഇനത്തിലുള്ള വ്യക്തികൾക്കിടയിലുള്ള ഒരുതരം സഹവർത്തിത്വമായി ഇതിനെ കണക്കാക്കാം. ഭക്ഷണ പരിപാലനം, പരസ്പര ആശ്രിതത്വം എന്നിവയിൽ നന്നായി നിർവചിക്കപ്പെട്ട നിയമങ്ങൾക്കുള്ളിൽ ജീവിക്കുന്ന ഒരേ ഇനത്തിൽപ്പെട്ട ഒരു കൂട്ടം വ്യക്തികൾ ചേർന്നതാണ് സമൂഹം.

Remove ads

ഇതും കാണുക

അവലംബം

കൂടുതൽ വായനയ്ക്ക്

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads