ഗസൽ
From Wikipedia, the free encyclopedia
Remove ads
ഉർദു സാഹിത്യത്തിലെ ഏറ്റവും ജനപ്രിയ കാവ്യശാഖയാണ് ഗസൽ.[1] [2] വളരെയധികം ശ്രുതിമാധുര്യമുള്ള ഗാനാലാപനശൈലിയാണ് ഗസലുകൾ. ശാന്തവും വർണനയുമുള്ള വരികൾ ആണ് ഗസലിൽ ഏറെയും. പാകിസ്താനിലും ഇന്ത്യയിലുമാണ് ഇതിന് ആരാധകർ ഏറെയുള്ളത്. ഇരുപതാം നൂറ്റാണ്ടിൽ വർദ്ധിച്ചുവന്ന നിശാക്ലബുകളും കവിയരങ്ങുകളുടെ കുറവും ഗസൽ എന്ന കലാരൂപം ക്ഷയിക്കാൻ കാരണമായി.[3] എന്നാൽ ഈയിടെയായി ഗസലിന്റെ പുനരുദ്ധാരണം നടന്നുവരുന്നുണ്ട്.
Remove ads
ചരിത്രം
ഗസലുകളുടെ തുടക്കം പത്താം നൂറ്റാണ്ടിൽ ഇറാനിലാണെന്ന് കരുതിപോരുന്നു. അറേബ്യൻ ഗാനശാഖയായ ഖസീദയിൽ (qasida) നിന്നുമാണ് ഗസലുകളുടെ തുടക്കം. ഗസലെന്ന വാക്കുണ്ടായത് അറബിയിൽ നിന്നുമാണ്.[4] സ്ത്രീയോട് സ്നേഹത്തെപ്പറ്റി പറയുക എന്നാണ് അറബിയിൽ ഈ വാക്കിനർത്ഥം.[5][1]
ദൈവത്തെയൊ രാജാവിനെയൊ സ്തുതിക്കുവാനായി എഴുതപ്പെട്ടിരുന്ന ഖസിദയുടെ ഒരു ഭാഗമായ തഷ്ബീബിൽ (Tashbeeb ) നിന്നും വേർതിരിഞ്ഞാണ് ഇന്നു കാണുന്ന രീതിയിലുള്ള ഗസലുകൾ രൂപം കൊണ്ടത്.[6] ഒരു ഖസീദയിൽ ഈരണ്ടു വരികൾ വീതം അടങ്ങിയ നൂറോളം സ്തുതിഗാനങ്ങളായിരുന്നു. എന്നാൽ ഗസലുകളിൽ 5 മുതൽ 25 ഈരടികൾ മാത്രമാണുള്ളത്. ഈ വരികളിൽ എല്ലാം തന്നെ അടങ്ങിയിരിക്കുന്നു.
ലാളിത്യം കൊണ്ടും സാഹിത്യഭംഗികൊണ്ടും, അതിന്റെ മാധുര്യം കൊണ്ടും വളരെ പെട്ടെന്നു തന്നെ ഗസലുകൾ ഇറാനിലെ ജനമനസ്സുകളിൽ ഇടം പിടിക്കുകയും ഖസിദ ക്രമേണ അപ്രത്യക്ഷമാവുകയും ചെയ്തു. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ തുർക്കികളും അഫ്ഗാനികളും വഴി ഗസലുകൾ ഇന്ത്യയിലെത്തുകയും, അതു വളരെ വേഗം തന്നെ ജനമനസ്സുകളിൽ ഇടം പിടിക്കുകയും ചെയ്തു.[1] അതുകൊണ്ട് തന്നെ ഇന്ത്യൻ സംസ്കാരത്തിൽ ഗസലുകൾക്കുള്ള സ്ഥാനം സീമാതീതമാണ്.
അഫ്ഗാനികളുടേയും, മുഗളന്മാരുടേയും ഭരണകാലത്താണ് ഗസലുകൾക്ക് ഏറ്റവും കൂടുതൽ പ്രചാരം ലഭിച്ചിരുന്നത്. ഗസൽ ഗായകർക്കും മറ്റും വളരെ പ്രധാനപ്പെട്ട സ്ഥാനമായിരുന്നു അക്കാലത്തുണ്ടായിരുന്നത്. പേർഷ്യൻ കവിയായിരുന്ന ഷിറാസ് മുഗൾ സഭയിൽ വളരെ ഉയർന്ന സ്ഥാനം അലങ്കരിച്ചിരുന്നു. പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പേർഷ്യൻ ഗാനശാഖയിൽ വളരെയധികം പ്രാഗല്ഭ്യമുണ്ടായിരുന്ന ഇൻഡ്യൻ കവിയായ അമീർ ഖുസ്രുവും പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മിറ്‌സാ ബേദിലും (Mirza Bedil) ഗസലുകളുടെ വളർച്ചയ്ക്ക് ഗണ്യമായ സംഭാവന നല്കിയവരാണ് . അമീർ ഖുസ്രു ഉർദുവിലും ഗസലുകളെഴുതിയിരുന്നു. ഇദ്ദേഹം സുഫിവര്യനായിരുന്ന ഹസ്രത്ത് നിസാമുദ്ദീനെ പ്രകീർത്തിച്ച് കൊണ്ട് പേർഷ്യനിലും ഉർദുവിലും ഖവാലികൾ രചിച്ചിരുന്നു. നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇന്നും അദ്ദേഹത്തിന്റെ കബറിടത്തിൽ ഖവാലികൾ പാടുന്നുണ്ട്. മറ്റൊരു വസ്തുത നിസാമുദ്ദീന്റെ ചരമദിനത്തിൽ ഖുസ്രുവിന്റെ ഖവാലിയോടെയാൺ ഇന്നും ചടങ്ങുകൾ ആരംഭിക്കുന്നത്.
പ്രണയമാണ് ഗസലുകളുടെ മുഖമുദ്ര.[1] സൂഫികളും മറ്റും ഗസലുകൾ ആലാപനം ചെയ്യുകയും ആസ്വദിക്കുകയും ചെയ്തിരുന്നു. മുഗൾ ചക്രവർത്തിമാരെല്ലാവരും തന്നെ ഗസലുകളുടെ പ്രിയപ്പെട്ട ആരാധകരായിരുന്നു. ആദ്യകാലങ്ങളിൽ ഗസലുകൾ രചിച്ചിരുന്നത് പേർഷ്യനിലും, ടർക്കിഷിലുമായിരുന്നു. ഇന്ത്യയിലെത്തിയതോടെ ഉർദുവിലും അതു രചിക്കാൻ തുടങ്ങി. ഏറ്റവും ഭാവസാന്ദ്രമായി ഗസലുകൾ രചിച്ചിരിക്കുന്നത് ഉർദുവിലും പേർഷ്യനിലുമാണ്.
Remove ads
വിഷയം
ഗസലുകളിൽ പ്രണയത്തിന്റെ ഭാവനങ്ങളെ വളരെ വികാരതീവ്രതയോടെ പ്രകടിപ്പിക്കുകയാണ് ചെയ്യുന്നത്. ഗസലിൽ കവി ഉദ്ദേശിക്കുന്ന സ്നേഹം ഭൗതികമാണോ അതോ ദൈവസ്നേഹമാണോ എന്ന കാര്യം പലപ്പോഴും തീർച്ചപ്പെടുത്താനാവില്ല. ഈ തീർച്ചയില്ലായ്മ, കരുതിക്കൂട്ടിത്തന്നെ ഒരുക്കുന്നതാണ്.[5]
ഘടന
ഗസലുകൾ ഈരണ്ട് വരികൾ വീതം അടങ്ങിയ കവിതയാണ്. ഇതിനെ ഷേറ് (shers ) (couplets). എന്നു പറയുന്നു. ആ വരികളിൽ എല്ലാം അടങ്ങിയിരിക്കുന്നു. എല്ലാ തരത്തിലുമുള്ള ഭാവതീവ്രതയും അവതരിപ്പിക്കാൻ ഈ രണ്ടു വരികളിലൂടെ കഴിയുന്നു. എല്ലാ ഷേറുകളും ഓരോ കവിതകളാണ്. തുടർന്നു വരുന്ന വരികളെയൊ അതിനു മുൻപെയുള്ള വരികളെയൊ അതു ആശ്രയിക്കുന്നില്ല, അതുകൊണ്ട് തന്നെ ഓരൊ ഷേറുകളും പൂർണ്ണതയുള്ള ഓരോ കവിതകളാണ്. ഓരൊ ഗസലുകളും അതിന്റെ പൂർണ്ണതയിലെത്താൻ ചില നിബന്ധനകളുണ്ട്, എന്നാൽ മാത്രമേ അതിനെ പൂർണ്ണമായി ഒരു ഗസലായി കണക്കുകൂട്ടാൻ സാധിക്കുകയുള്ളൂ.
ബെഹർ
ഒരു ഗസലിലുള്ള ഓരൊ ഷേറുകളിലുമൂള്ള വാക്കുകളുടെ എണ്ണം കൃത്യമായിരിക്കണം. ഉദാഹരണമായി ഒരു ഷേറിലെ ആദ്യത്തെ വരിയിൽ അഞ്ചു വാക്കുകളാണെങ്കിൽ രണ്ടാമത്തെ വരിയിലും അഞ്ചു വാക്കുകളുണ്ടായിരിക്കണം. വാക്കുകളുടെ എണ്ണം അനുസരിച്ചു ഷേറുകളെ മൂന്നായി തരം തിരിചിരിക്കുന്നു.
റദീഫ്
വാക്കുകളെല്ലാം തന്നെ പരസ്പരം സാമ്യമുള്ളതായിരിക്കണം. അതുപോലെ തന്നെ ആദ്യത്തെ വരി അവസാനിക്കുന്ന വാക്കു കൊണ്ട് തന്നെയായിരിക്കണം രണ്ടാമത്തെ വരിയും അവസാനിക്കാൻ. ഗസലുകളുടെ തുടക്കം എല്ലാം തന്നെ റാദിഫിലായിരിക്കണം. ഈ വരികളെ മത്-ല (matla.) എന്നു പറയുന്നു.
കാഫിയ
റാദിഫ് തുടങ്ങുന്നതിനു മുന്നേ തന്നെ ഗസലുകളുടെ ഒരു രുപം നല്കുന്നതിനെയാണ് കാഫിയ എന്നു പറയുന്നത്. ഗസലുകൾ ഈ വരികളെ പിന്തുടരുകയാണ് പിന്നീട് ചെയ്യുന്നത്.
മക്ത
ഗസലുകളിലെ അവസാന ഷേറിനെയാണ് മക്ത എന്നു പറയുന്നത്. ആ ഗസൽ രചിച്ച ആളിനെക്കുറിച്ച് ഈ ഷേറിലുണ്ടായിരിക്കും. അവസാന ഷേറിൽ ആദ്യത്തേയോ രണ്ടാമത്തേയോ വരികളിൽ തുടക്കത്തിലോ, അവസാനത്തിലോ, അല്ലെങ്കിൽ മറ്റെവിടെയെങ്കിലുമോ വ്യംഗ്യമായെങ്കിലും അതിന്റെ രചയിതാവിനെ സൂചിപ്പിച്ചിരിക്കും. പക്ഷെ ഗസലുകളിൽ ഇതൊരു നിർബന്ധമുള്ള ഭാഗമല്ല.
ഗസലുകളിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് അടുത്തത്. തന്റെ ഭാവനയെ സൂചിപ്പിക്കുന്ന തരത്തിലായിരിക്കണം ഷേറുകൾ ക്രമീകരിക്കേണ്ടത്. എന്നാൽ ആ ഗസലിന്റെ തനിമ നഷ്ടപെടുത്താതെ വേണം അതു ചെയ്യാൻ. നേരത്തെ പറഞ്ഞതുപോലെ ഷേറുകൾ നേരത്തെ ഉള്ള വരികളെയൊ തുടർന്നു വരുന്ന വരികളെയൊ ആശ്രയിക്കാത്തതിനാൽ ഷേറുകൾ എങ്ങനെ മാറ്റി മറിച്ചു വെച്ചാലും അതിന്റെ യഥാർത്ഥത്തിലുള്ള ആസ്വാദനം നമുക്കു ലഭിക്കുന്നു.
പ്രമുഖരായ ചില ഗസൽ ഗായകർ
- ഷുജാത് ഹുസൈൻ ഖാൻ
- ബീഗം അഖ്തർ
- കെ.എൽ. സൈഗാൾ
- മെഹ്ദിഹസൻ
- ഗുലാം അലി
- മുഹമ്മദ് റഫി
- പങ്കജ് ഉദാസ്
- ചിത്രാ സിംഗ്
- ജഗ്ജിത് സിങ്
- തലത് മഹ്മൂദ്
- അഹമ്മദ് ഹുസൈൻ
- മൊഹമ്മദ് ഹുസൈൻ
- ഭുപിന്ദർ സിംഗ്
- മിതാലി സിംഗ്
- മധുറാണി
- തലത് അസീസ്
- നൂർ ജഹാൻ
- പിനാസ് മസാനി
- അനൂപ് ജലോട്ട
- രാജേന്ദ്ര മേഹ്ത
- നീന മേഹ്ത
- രാജ്കുമാർ റിസ്വി
- ഫരീദ ഖാനും
- ജസ്വീന്ദർ സിംഗ്
- ആശാ ഭോസ്ലെ
- മൻഹർ ഉധാസ്
- നിർമൽ ഉധാസ്
- ചന്ദൻ ദാസ്
- വിത്തൽ റാവു
- ശ്രീനിവാസ്
- ഹരിഹരൻ
- ഉമ്പായി (മലയാള ഗസൽ ഗായകൻ)
- ഷഹബാസ് അമൻ
Remove ads
അവലംബം
മറ്റ് ലിങ്കുകൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads