ഹാംലെറ്റ്
From Wikipedia, the free encyclopedia
Remove ads
"ഹാംലെറ്റിന്റെ ദുരന്തകഥ", "ഹാംലെറ്റ് രാജകുമാരൻ", അല്ലെങ്കിൽ വെറും "ഹാംലെറ്റ്", വില്യം ഷേക്സ്പിയർ എഴുതിയ ഒരു ദുരന്തനാടകമാണ്. 1599-നും 1601-നും ഇടയ്ക്ക് അതിന്റെ രചന നടന്നതായി കരുതപ്പെടുന്നു. തന്റെ അച്ഛൻ ഹാംലെറ്റ് രാജാവിനെ കൊന്ന് രാജാധികാരം പിടിച്ചടക്കുകയും അമ്മ ജെർട്രൂഡിനെ വിവാഹം കഴിക്കുകയും ചെയ്ത അമ്മാവൻ ക്ലോഡിയസിനോട് ഹാംലെറ്റ് രാജകുമാരൻ പ്രതികാരം ചെയ്യുന്നതാണ് നാടകത്തിന്റെ കേന്ദ്രപ്രമേയം. ഭ്രാന്തിനൊപ്പം ഭ്രാന്തിന്റെ അഭിനയവും, അതിരില്ലാത്ത ദുഃഖത്തോടൊപ്പം ഇരമ്പിക്കയറുന്ന രോഷവും ചിത്രീകരിക്കപ്പെടുന്ന ഈ കഥയെ അതിന്റെ പരിണാമത്തിലേക്കു നയക്കുന്നത് വഞ്ചനയും പ്രതികാരവും അഗമ്യബന്ധവും ധാർമ്മികജീർണ്ണതയും മറ്റുമാണ്.


ഈ നാടകത്തിന്റെ മൂന്നു പാഠങ്ങൾ നിലവിലുണ്ട്: "ഒന്നാം ക്വാർട്ടൊ"(Q1), "രണ്ടാം ക്വാർട്ടോ"(Q2) "ഒന്നാം ഫോളിയോ"(F1) എന്നീ പേരുകളിലാണ് അവ അറിയപ്പെടുന്നത്. ഇവയിൽ ഓരോന്നിലും ഇതരപാഠങ്ങളിൽ ഇല്ലാത്ത വരികളും, മുഴുരംഗങ്ങൾ തന്നെയും ഉണ്ട്. പതിമൂന്നാം നൂറ്റാണ്ടിലെ ദിനവൃത്താന്തകൻ സാക്സോ ഗ്രമാറ്റിക്കസ് ഗെസ്റ്റാ ദാനോറം (Gesta Danorum) എന്ന കൃതിയിൽ രേഖപ്പെടുത്തുകയും 16-ആം നൂറ്റാണ്ടിലെ പണ്ഡിതൻ ഫ്രാൻസ്വാ ദെ ബെല്ലെഫോറസ്റ്റ് പുനരാവ്ഷ്കരിക്കുകയും ചെയ്ത അംലേത്തിന്റെ പുരാവൃത്തത്തെ ആശ്രയിച്ചാണ് ഷേക്സ്പിയർ ഈ നാടകം എഴുതിയത്. ഇലിസബത്തൻ യുഗത്തിൽ നേരത്തെ എഴുതപ്പെട്ടതും "ഉർ-ഹാംലെറ്റ്" എന്നറിയപ്പെടുന്നതുമായ മറ്റൊരു നാടകത്തേയും ഷേക്സ്പിയർ ആശ്രയിച്ചിരിക്കാം. ഒരു പക്ഷേ ആ നാടകത്തിന്റെ രചയിതാവും ഷേക്സ്പിയർ തന്നെയാകാം.
ഹാംലെറ്റ് നാടകത്തിന്റെ ഘടനയും അതിലെ പാത്രസൃഷ്ടിയുടെ ആഴവും ഏറെ നിരൂപക ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. അമ്മാവനെ കൊല്ലുന്നതിൽ ഹാംലെറ്റ് പ്രകടിപ്പിക്കുന്ന അമാന്തത്തെക്കുറിച്ച് നൂറ്റാണ്ടുകളായി നടന്നുവരുന്ന ചർച്ച ഇതിനുദാഹരണമാണ്: ചിലർ ആ മടിയെ, കഥ ദീർഘിപ്പിക്കാനുള്ള ഒരു നാടകീയ വിദ്യയായി കരുതുന്നു. അരുംകൊലയും, കണക്കുകൂട്ടിയുള്ള പ്രതികാരവും, പിടിച്ചുകെട്ടപ്പെട്ട അഭിലാഷങ്ങളും ചേർന്നുണ്ടാക്കുന്ന ദാർശനിക, ധാർമ്മികസമസ്യകളുടെ സമ്മർദ്ദത്തിന്റെ സ്വാഭാവിക പരിണാമമായി മറ്റുചിലർ ഇതിനെ കരുതുന്നു. അടുത്തകാലത്ത് മനോവിശ്ലേഷണമാർഗ്ഗം പിന്തുടരുന്ന നിരൂപകർ ഹാംലെറ്റിന്റെ ചാഞ്ചല്യത്തെ ആ കഥാപാത്രത്തിന്റെ അബോധമനസ്സിന്റെ വിലയിരുത്തലിലൂടെ വിശദീകരിക്കാൻ ശ്രമിച്ചു. ആധുനികരായ സ്ത്രീപക്ഷനിരൂപകർ, ഏറെ വിമർശിക്കപ്പെട്ടിട്ടുള്ള ഇതിലെ പെൺകഥാപാത്രങ്ങളായ ഒഫീലിയായുടേയും ജെർട്രൂഡിന്റേയും പുനർവിശകലനത്തിനൊരുങ്ങി.
ഷേക്സ്പിയറുടെ ഏറ്റവും ദീർഘമായ നാടകവും ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും ശക്തവും സ്വാധീനം ചെലുത്തിയിട്ടുള്ളതുമായ ദുരന്തനാടകവുമാണ് ഹാംലെറ്റ്. പുനരാവിഷ്കരണത്തിനും പുനരാഖ്യാനത്തിനും അന്തമില്ലാത്ത സാധ്യതകളൊരുക്കുന്ന കൃതിയാണിത്.[1]ഷേക്സ്പിയറുടെ ജീവിതകാലത്ത് അദ്ദേഹത്തിന്റെ ഏറ്റവും ജനപ്രീതിയുള്ള സൃഷ്ടികളിൽ ഒന്നായിരുന്നു ഈ നാടകം. ഏറ്റവുമേറെ അവതരിപ്പിക്കപ്പെടുന്ന നാടകങ്ങളിൽ ഒന്നെന്ന സ്ഥാനം അത് ഇപ്പോഴും നിലനിർത്തുന്നു. 1879 മുതൽ, റോയൽ ഷേക്സ്പിയർ കമ്പനിയുടെ നാടകങ്ങളിൽ ഏറ്റവുമേറെ അവതരിപ്പിക്കപ്പെടുന്നതെന്നതായുള്ള ഇതിന്റെ തുടർച്ച ഇതിനുദാഹരണമാണ്.[2] ഗെയ്ഥേ, ചാൾസ് ഡിക്കൻസ്, ജെയിംസ് ജോയ്സ് തുടങ്ങിയവരെ അത് പ്രചോദിപ്പിച്ചു. സിന്തെരെല്ലായുടെ (Cinderella) കഥ കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവുമേറെ ചലച്ചിത്രവൽക്കരിക്കപ്പെട്ടിട്ടുള്ള കഥയാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടുണ്ട്.[1]
അക്കാലത്തെ പേരുകേട്ട ദുരന്തനാടകകാരനായ റിച്ചാർഡ് ബാർബേജിനെ അഭിനേതാവായി കണ്ടായിരിക്കണം ഷേക്സ്പിയർ മുഖ്യകഥാപാത്രത്തെ സൃഷ്ടിച്ചത്.[3] തുടർന്നു എല്ലാ നൂറ്റാണ്ടുകളിലും പ്രതിഭാസമ്പന്നരായ ഒട്ടേറെ അഭിനേതാക്കൾ ഇതിൽ അഭിനേതാക്കളായി.
Remove ads
കഥാപാത്രങ്ങൾ
|
|
Remove ads
കഥ
നാടകത്തിലെ നായകൻ ഡെന്മാർക്കിലെ ഹാംലെറ്റ് രാജകുമാരനാണ്. ആയിടെ മരിച്ച ഹാംലെറ്റ് രാജാവിന്റേയും പത്നി ജെർട്രൂഡിന്റേയും മകനാണയാൾ.
ഡെന്മാർക്കിലെ എൽസിനോർ കൊട്ടാരത്തിൽ ഒരു തണുത്ത രാത്രിയിലാണ് കഥ തുടങ്ങുന്നത്. കാവൽജോലി തീർന്ന ഫ്രാൻസെസ്കോയുടെ സ്ഥാനത്ത് ബെർണാർഡോ എന്ന കാവൽക്കാരൻ ചുമതലേയേൽക്കുന്നതോടെ ഫ്രാൻസെസ്കോ അരങ്ങൊഴിയുന്നു. ഹാംലെറ്റിന്റെ ഉറ്റസുഹൃത്ത് ഹൊറേഷ്യോ, മറ്റൊരു കാവൽക്കാരനായ മാർസെല്ലസിനൊപ്പം പ്രവേശിക്കുന്നു. തങ്ങൾ മരിച്ചുപോയ ഹാംലെറ്റ് രാജാവിനേപ്പോലെ തോന്നിക്കുന്ന ഒരു പ്രേതത്തെ കണ്ടെന്ന് കാവൽക്കാർ ഹൊറേഷ്യോയോടു പറയുന്നു. ഹൊറേഷ്യോയിൽ നിന്ന് പ്രേതത്തിന്റെ വിവരണം കേട്ട ഹാംലെറ്റ് രാജകുമാരൻ സ്വയം പ്രേതത്തെ കാണാൻ തീരുമാനിക്കുന്നു. ആ രാത്രിയിൽ പ്രേതം വീണ്ടും പ്രത്യക്ഷപ്പെട്ടു. ഹാംലെറ്റിന്റെ ആളൊഴിഞ്ഞൊരു സ്ഥലത്തേക്കു കൂട്ടിക്കൊണ്ടു പോയ പ്രേതം, താൻ ഹാംലെറ്റ് രാജാവിന്റെ ആത്മാവാണെന്നും, തന്നെ ചെവിയിൽ വിഷമൊഴിച്ച് ക്ലോഡിയസ് വധിക്കുകയായിരുന്നെന്നും പറയുന്നു. തന്റെ വധത്തിനു പ്രതികാരം ചെയ്യാൻ പ്രേതം ഹാംലെറ്റിനോടാവശ്യപ്പെടുന്നു; അതു സമ്മതിക്കുന്ന ഹാംലെറ്റ്, തനിക്കൊപ്പമുണ്ടായിരുന്നവരോട്, ഇക്കാര്യങ്ങൾ ഗോപ്യമായി സൂക്ഷിക്കാൻ ആവശ്യപ്പെട്ടു ശപഥം ചെയ്യിക്കുന്നു. സംശയം ഒഴിവാക്കാനായി താൻ ഒരു കോമാളി ഭാവം കാട്ടാൻ പോവുകയാണെന്നും അയാൾ അവരോടു പറയുന്നു.[5] ആദ്യം ഹാംലെറ്റ് പ്രേതത്തിന്റെ വിശ്വസനീയത സംശയിക്കുന്നില്ല. "സത്യസന്ധനായ പ്രേതം" (Honest Ghost) "മായമില്ലാത്ത കാശ്" (truepenny) എന്നൊക്കെ അയാൾ അതിനെ വിശേഷിപ്പിക്കുന്നു. എന്നാൽ പിന്നീട് പ്രേതത്തിന്റെ പ്രകൃതിയേയും ഉദ്ദേശ്യത്തേയും സംശയിക്കുന്ന അയാൾ തന്റെ ഉദാസീനതയ്ക്ക് കാരണമായി പറയുന്നത് അതാണ്.
ക്ലോഡിയസിന്റെ വിശ്വസ്തനായ മുഖ്യ ഉപദേഷ്ടാവാണ് പൊളോണിയസ്; പൊളോനിയസിന്റെ മകൻ ലായെർട്ടസ് ഫ്രാൻസിലേയ്ക്കു മടങ്ങിപ്പോവുകയാണ്; പൊളോണിയസിന്റെ മകൾ ഒഫീലിയ ഹാംലെറ്റിന്റെ കാമുകിയാണ്; എന്നാൽ ഹാംലെറ്റിന്റെ പ്രണയം ആത്മാർത്ഥമല്ലെന്ന് പൊളോണിയസും ലായെർട്ടസും അവൾക്കു മുന്നറിയിപ്പു കൊടുക്കുന്നുണ്ട്. താമസിയാതെ ഹാംലെറ്റ് വിചിത്രമായ പെരുമാറ്റ രീതികൾ പ്രകടിപ്പിക്കാൻ തുടങ്ങിയത് ഒഫീലിയായ്ക്ക് അങ്കലാപ്പുണ്ടാക്കി. ഹാംലെറ്റ് തന്റെ മുറിയിലേക്കു കടന്നുവന്ന് തുറിച്ചു നോക്കി ഒന്നും മിണ്ടാതെ നിന്നെന്ന് അവൾ പിതാവിനോടു പറയുന്നു. അപ്പോൾ അതിനെ പ്രേമത്തിന്റെ ഉന്മാദമായി വ്യാഖ്യാനിക്കുന്ന പൊളോണിയസ്[6] അതേക്കുറിച്ച് ക്ലോഡിയസിനോടും ജെട്രൂഡിനോടും പറയുന്നു.
പിതാവിന്റെ മരണത്തിൽ ഹാംലെറ്റിന്റെ അവസാനിക്കാത്ത ദുഃഖവും അയാളുടെ വർദ്ധിച്ചുകൊണ്ടിരുന്ന പെരുമാറ്റവൈചിത്ര്യവും കണ്ട ക്ലോഡിയസ്, അതിന്റെ കാരണം കണ്ടെത്താൻ ഹാംലെറ്റിന്റെ സുഹൃത്തുക്കളായ റോസൻക്രാൻറ്റ്സ്, ഗിൽഡൻസ്റ്റീൻ എന്നിവരെ ചുമതപ്പെടുത്തുന്നു. സുഹൃത്തുക്കളെ ആദ്യം ഊഷ്മളമായി സ്വീകരിക്കുന്ന ഹാംലെറ്റ് താമസിയാതെ തന്നെക്കുറിച്ച് രഹസ്യാന്വേഷണം നടത്താൻ അയക്കപ്പെട്ടവരാണ് അവരെന്നു തിരിച്ചറിയുന്നു.
പൊളോണിയസും ക്ലോഡിയസും, തങ്ങൾ ഒളിച്ചിരുന്നു കേൾക്കേ, ഹാംലെറ്റിനോടു സംസാരിക്കാൻ ഒഫീലിയയെ സമ്മതിപ്പിക്കുന്നു. ഹാംലെറ്റിനെ കണ്ടപ്പോൾ, അയാളുടേതായി തന്റെ കയ്യിലുള്ള സ്മരണികകൾ തിരികെ നൽകാമെന്ന് ഒഫീലിയ പറയുന്നു. അതു കേട്ട ഹാംലെറ്റ് അവളുടെ സത്യസന്ധതയെ ചോദ്യം ചെയ്യുകയും അവൾക്കെതിരെ വായിൽ തോന്നിയതു പുലമ്പുകയും ചെയ്യുന്നു. "നീ കന്യാമഠത്തിൽ പോകൂ" എന്നും അയാൾ പറയുന്നുണ്ട്[7]

Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads