ജാങ്സൂ
From Wikipedia, the free encyclopedia
Remove ads
ചൈനയിലെ പൂർവ-മധ്യ തീരത്തുള്ള ഒരു പ്രവിശ്യയാണ് ജാങ്സൂ (ⓘ). നാൻജിങ് നഗരം തലസ്ഥാനമായ ജാങ്സൂ, ചൈനയിലെ പ്രവിശ്യകളിൽ വിദ്യാഭ്യാസം, ധനകാര്യം, സാങ്കേതികവിദ്യ, വിനോദസഞ്ചാരം എന്നീ മേഖലകളിൽ മുന്നിട്ടു നിൽക്കുന്ന ഒന്നാണ്. ചൈനയിലെ 23 പ്രവിശ്യകളിൽ വെച്ച് മൂന്നാമത്തെ എറ്റവും ചെറിയ പ്രവിശ്യയാണ് ജാങ്സൂ. എന്നാൽ അഞ്ചാമത്തെ എറ്റവും ജനസംഖ്യയുള്ളതും ജനസാന്ദ്രതയിൽ ഒന്നാമതു നിൽക്കുന്നതും ജാങ്സൂ പ്രവിശ്യയാണ്. ആളോഹരി ജി.ഡി.പിയിൽ ഒന്നാം സ്ഥാനത്തും ആകെ ജി.ഡി.പിയിൽ ഗ്വാങ്ഡോങ് പ്രവിശ്യക്കു പിന്നിൽ രണ്ടാം സ്ഥാനത്തും ജാങ്സൂ പ്രവിശ്യ നിലകൊള്ളുന്നു. ജാങ്സൂവിന്റെ അതിർത്തികൾ, വടക്ക് ഷാൻഡോങ്, പടിഞ്ഞാറ് ആൻഹുയി, തെക്ക് ജെജിയാങ്, ഷാങ്ഹായ് എന്നിവയാണ്. മഞ്ഞക്കടലുമായി 1000 കിലോമീറ്ററിലധികം കടൽത്തീരം ജാങ്സൂവിനുണ്ട്. യാങ്സ്റ്റേ കിയാംഗ് നദി പ്രവിശ്യയുടെ തെക്കൻ ഭാഗങ്ങളിൽക്കൂടി കടന്ന് പോകുന്നു.
സുയി, താങ് രാജവംശങ്ങളുടെ കാലം മുതൽക്കേ ജാങ്സൂ ദേശീയ പ്രാധാന്യമുള്ള ഒരു സാമ്പത്തിക, വ്യാപാര മേഖലയായിരുന്നു. ഗ്രാൻഡ് കനാലിന്റെ നിർമ്മാണം അതിന് ശക്തി പകരുകയും ചെയ്തു. നാൻജിങ്, സൂജോ, വൂക്സി, ചാങ്ജോ, ഷാങ്ഹായ്(1927ൽ ജാങ്സൂവിൽ നിന്ന് നീക്കപ്പെട്ടു) മുതലായ ജാങ്സൂ നഗരങ്ങളെല്ലാം ചൈനയിലെ പ്രധാന വാണിജ്യകേന്ദ്രങ്ങളാണ്. 1990-ലെ സാമ്പത്തിക പരിഷ്കാരങ്ങൾക്ക് ശേഷം ജാങ്സൂ സാമ്പത്തിക വികസനത്തിന്റെ കേന്ദ്രബിന്ദുവായി മാറി. മാനവ വികസന സൂചികയനുസരിച്ച് ചൈനയിലെ ഏറ്റവും വികസിതമായ പ്രവിശ്യയാണ് ജാങ്സൂ.
ഇലക്ട്രോണിക് ഉല്പന്നങ്ങൾ, രാസവസ്തുക്കൾ, തുണിത്തരങ്ങൾ എന്നിവയുടെ ലോകത്തിലെ തന്നെ മുൻനിര കയറ്റുമതി വ്യാപാരികളുടെ കേന്ദ്രമാണ് ജാങ്സൂ.2006 മുതൽ നേരിട്ടുള്ള വിദേശനിക്ഷേപം ഏറ്റവും കൂടുതൽ നടന്ന പ്രവിശ്യയും ജാങ്സൂവാണ്. 2014ൽ ജിയാങ്സൂവിന്റെ നോമിനൽ ജി.ഡി.പി 1 ട്രില്ല്യൺ യു.എസ്.ഡോളറിൽ കൂടുതലായിരുന്നു, ഇത് ലോകത്തെ എല്ലാ രാഷ്ട്ര ഉപപ്രദേശങ്ങളിൽ വെച്ച് ആറാമത്തെ സ്ഥാനത്താണ്.
Remove ads
സ്ഥലനാമചരിത്രം
ജാങ്സൂ എന്ന പേര് പ്രവിശ്യയിലെ രണ്ട് പ്രമുഖ നഗരങ്ങളായ ജാങ്നിങ്(ഇപ്പോൾ നാൻജിങ്), സൂഷോ എന്നിവയുടെ പേരിന്റെ സമ്മിശ്രമാണ്. ജാങ്സൂവിന്റെ ചുരുക്കപ്പേരായി രണ്ടാമത്തെ ഭാഗമായ 'സൂ' ഉപയോഗിക്കുന്നു.
ഭൂമിശാസ്ത്രം
പൊതുവേ പരന്ന ഭൂമിയാണ് ജാങ്സൂവിൽ. പ്രദേശത്തിന്റെ 68% സമതലങ്ങളും 18% ജലത്താൽ മൂടപ്പെട്ടതുമാണ്. പ്രവിശ്യയുടെ സിംഹഭാഗവും സമുദ്രനിരപ്പിൽ നിന്ന് 50 മീറ്റർ ഉയരത്തിനുള്ളിലാണ്. വിപുലമായ ജലസേചന സംവിധാനം ഉള്ള ജാങ്സൂവിന് അതുമൂലം 'ജലത്തിന്റെ ദേശം' എന്ന അപരനാമവുമുണ്ട്. തെക്കൻ നഗരമായ സൂജോവിൽ കനാലുകളുടെ ശൃംഖലയുണ്ട്, അതുകൊണ്ട് ഈ നഗരത്തെ കിഴക്കിന്റെ വെനീസ് അല്ലെങ്കിൽ പശ്ചിമേഷ്യയുടെ വെനീസ് എന്നുവിളിക്കുന്നു. കിഴക്കു നിന്ന് പടിഞ്ഞാറോട്ടൊഴുകുന്ന എല്ലാ നദികൾക്കും കുറുകേ വടക്കു നിന്ന് തെക്കോട്ട് ജാങ്സൂവിനെ മുറിച്ചുകൊണ്ട് ഗ്രാൻഡ് കനാൽ ഒഴുകുന്നു. ജാങ്സൂവിന്റെ ഒരതിർത്തി മഞ്ഞക്കടലാണ്. യാങ്സ്റ്റേ നദി പ്രവിശ്യയുടെ തെക്കുഭാഗത്തെ മുറിച്ചുകൊണ്ട് ദക്ഷിണ ചൈനാക്കടലിലേക്കൊഴുകുന്നു. ഇത് പ്രവിശ്യയെ നഗരവത്കൃതമായ സമ്പന്ന തെക്കും അവികസിത വടക്കും ഭാഗങ്ങളായി വിഭജിക്കുന്നു. സമുദ്രനിരപ്പിൽ നിന്ന് 625 മീറ്റർ ഉയരമുള്ള യുന്റായ് മലയാണ് ജാങ്സൂവിലെ എറ്റവും ഉയർന്ന പ്രദേശം. ജാങ്സൂവിലെ പ്രധാന തടാകങ്ങൾ റ്റൈ തടാകം, ഹൊങ്സെ തടാകം, ഗൊയു തടാകം, ലുമാ തടാകം, യാങ്ചെങ് തടാകം എന്നിവയാണ്.
എഡി 1194 മുൻപ് ഹുവയ് നദി ഉത്തര ജാങ്സൂവിനു കുറുകെ ഒഴുകി മഞ്ഞക്കടലിൽ ചെന്ന് ചേർന്നിരുന്നു. ചൈനയിലെ പ്രധാന നദികളിലൊന്നാണ് ഹുവയ് നദി, ഇതാണ് ഉത്തര ചൈനയുടെയും ദക്ഷിണ ചൈനയുടെയും പരമ്പരാഗത അതിർത്തിയായി പ്രവർത്തിച്ചിരുന്നത്. എഡി 1194 മുതൽ ഹുവയ് നദിക്കും വടക്കൊഴുകിയിരുന്ന മഞ്ഞ നദി പല വട്ടം അതിന്റെ ഗതിമാറിയൊഴുകി. അപ്പോളെല്ലാം വടക്കോട്ട് ബോഹൈ ഉൾക്കടലിലേക്കൊഴുകുന്നതിനു പകരം ഉത്തര ജാങ്സൂവിൽ ഹുവയ് നദിയിലേക്കാണ് മഞ്ഞ നദി ഒഴുകിയത്. മഞ്ഞ നദിയുടെ ഈ കയ്യേറ്റങ്ങളിൽ ഒഴുകിയെത്തിയ മണലും ചെളിയും മൂലം 1855 ആയപ്പോളേക്കും ഹുവയ് നദിയുടെ ദിശമാറി വടക്കോട്ട് ഗ്രാൻഡ് കനാൽ വഴി യാങ്സ്റ്റേ നദിയിലേക്ക് ഒഴുകാൻ തുടങ്ങി. പണ്ട് ഈ നദി ഒഴുകിയിരുന്ന വഴിയിൽ ഇപ്പോൾ ജനസേചന കനാലുകളാണ്.
Remove ads
ബാഹ്യ കണ്ണികൾ
Wikimedia Commons has media related to 江苏.
വിക്കിവൊയേജിൽ നിന്നുള്ള ജാങ്സൂ യാത്രാ സഹായി
- Jiangsu Government website (in Chinese)
- Complete Map of the Seven Coastal Provinces from 1821 to 1850 (in English) (in Chinese)
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads