കേരള ഹൈക്കോടതി

From Wikipedia, the free encyclopedia

കേരള ഹൈക്കോടതിmap
Remove ads

ഇന്ത്യയിലെ കേരളം എന്ന സംസ്ഥാനത്തിന്റെയും ലക്ഷദ്വീപ് എന്ന കേന്ദ്രഭരണപ്രദേശത്തിന്റെയും ഉന്നത ന്യായാലയമാണ് കേരള ഹൈക്കോടതി. കൊച്ചിയിലാണ്‌ കേരള ഹൈക്കോടതിയുടെ ആസ്ഥാനം.

വസ്തുതകൾ കേരള ഹൈക്കോടതി, സ്ഥാപിതം ...
Remove ads

ചരിത്രം

ഇന്നത്തെ കേരള സംസ്ഥാനം പഴയ തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങളും മലബാറും ചേർന്നുണ്ടായതാണ്. കേരളത്തിലെ ഇന്നത്തെ നീതിന്യായവ്യവസ്ഥക്ക് പഴയ തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങളുടെ നീതിന്യായവ്യവസ്ഥയിൽ വേരുകളുണ്ട്.

തിരുവിതാംകൂർ രാജ്യത്തിലെ നീതിന്യായവ്യവസ്ഥാചരിത്രം

തിരുവിതാംകൂറിലെ ബ്രിട്ടീഷ് റസിഡന്റായിരുന്ന കേണൽ മൺറോയുടെ കാലംമുതൽക്കാണ് കേരളത്തിലെ നീതിന്യായരംഗത്ത് ആധുനികവൽകരണമുണ്ടാകുന്നത്. 1811-ൽ ജില്ലാ കോടതികൾ നിലവിൽ വന്നു. 1814-ൽ തിരുവിതാംകൂറിലെ ഏറ്റവും ഉയർന്ന കോടതിയായി ഹുസൂർ കോടതി (ഹുസൂർ കച്ചേരി) സ്ഥാപിതമായി. 1861-ൽ ഹുസൂർ കോടതിയുടെ സ്ഥാനത്ത് സദർ കോടതി നിലവിൽ വന്നു. നിലവിൽ ഒരു ഹൈക്കോടതിക്കുള്ള ഏതാണ്ടെല്ലാ അധികാരങ്ങളും സദർ കോടതിക്കുണ്ടായിരുന്നു. 1861 മുതൽ 1881 വരെയായിരുന്നു സദർ കോടതി പ്രവർത്തിച്ചിരുന്നത്.

1887-ൽ തിരുവിതാംകൂർ ഹൈക്കോടതി സ്ഥാപിതമായി. മുഖ്യന്യായാധിപൻ (ഇംഗ്ലീഷ്: Chief justice, ചീഫ് ജസ്റ്റിസ്) ഉൾപ്പെടെ അഞ്ചു ന്യായാധിപന്മാരായിരുന്നു കോടതിയിൽ ഉണ്ടായിരുന്നത്. ഹിന്ദു നിയമങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീർപ്പുകല്പിക്കുന്നതിന് മുഖ്യന്യായാധിപന്റെ സഹായിയായി ഒരു 'പണ്ഡിതനും' പ്രവർത്തിച്ചിരുന്നു. തിരുവിതാംകൂർ ഹൈക്കോടതിയുടെ ആദ്യത്തെ മുഖ്യന്യായാധിപൻ രാമചന്ദ്ര അയ്യർ ആയിരുന്നു. മുഖ്യന്യായാധിപപദവിയിൽ എത്തുമ്പോൾ 35 വയസുമാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രായം.

അന്നും തിരുവിതാംകൂർ ഹൈക്കോടതി പ്രവർത്തിച്ചിരുന്നത് ഇന്നത്തെ ജില്ലാക്കോടതി പ്രവർത്തിക്കുന്ന വഞ്ചിയൂരിലുള്ള മനോഹരമായ കെട്ടിടത്തിൽ തന്നെയാണ്. അതിനുമുമ്പ് അവിടെ എസ്.എം.വി. ഹൈസ്‌കൂളായിരുന്നു പ്രവർത്തിച്ചിരുന്നത് . എന്നാൽ പിന്നീട് സർ സി.പി. രാമസ്വാമി അയ്യർ എസ്.എം.വി. സ്‌കൂൾ ഇന്നത്തെ സ്ഥലത്തേക്ക് മാറ്റി. സ്‌കൂൾ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ സെക്രട്ടേറിയറ്റിനുള്ളിൽ ഉണ്ടായിരുന്ന ഹൈക്കോടതിയും ആയുർവേദ കോളേജ് സ്ഥിതിചെയ്യുന്ന ഭാഗത്ത് ഉണ്ടായിരുന്ന ജില്ലാ കോടതിയും മറ്റ് കോടതികളുമെല്ലാം വഞ്ചിയൂരിലുള്ള കെട്ടിടത്തിലേക്ക് മാറ്റി. അതോടെ, കോടതികൾ ഒരു കെട്ടിടസമുച്ചയത്തിലായി. ഇവിടെയാണ് സി.പി.യെ അനുകൂലിച്ച ന്യായാധിപന്മാരും ഉത്തരവാദ ഭരണത്തെ അനുകൂലിച്ച അഭിഭാഷകരും തമ്മിലുള്ള ഉരസൽ പലപ്പോഴും രൂക്ഷമായത് [2].

കൊച്ചി രാജ്യത്തിലെ നീതിന്യായവ്യവസ്ഥാചരിത്രം

1812-ൽ കേണൽ മൺറോ ദിവാനായിരിക്കുമ്പോഴാണ് കൊച്ചിയിൽ ആദ്യമായി കോടതി നിലവിൽ വന്നത്. തൃശൂർ, തൃപ്പൂണ്ണിത്തുറ എന്നിവിറ്റങ്ങളിൽ മൺറോ ഉപകോടതികൾ സ്ഥാപിച്ചു. എറണാകുളത്ത് മൂന്ന് ന്യായാധിപന്മാരടങ്ങിയ ഹുസൂർ കോടതിയും സ്ഥാപിച്ചു. 1835വരെ ഈ സംവിധാനം തുടർന്നു. അതിനു ശേഷം ഹുസൂർ കോടതി 'രാജാസ് കോർട്ട് ഓഫ് അപ്പീലും' ഉപകോടതികൾ ജില്ലാ കോടതിയും ആയി മാറി. 1900-ൽ രാജാസ് കോർട്ട് ഓഫ് അപ്പീൽ, കൊച്ചി മുഖ്യന്യായാലയം (ചീഫ് കോർട്ട് ഓഫ് കൊച്ചിൻ) ആയി മാറി. കോടതിയിൽ മൂന്നു ജഡ്ജിമാരായിരുന്നു ഉണ്ടായിരുന്നത്. എസ്. ലോക്ക് ആയിരുന്നു ആദ്യത്തെ മുഖ്യന്യായാധിപൻ. ഷണ്മുഖം ചെട്ടി കൊച്ചി ദിവാനായിരുന്ന കാലത്ത് ചീഫ് കോർട്ട്, ഹൈക്കോടതിയായി മാറി.

തിരുവിതാംകൂർ-കൊച്ചി ലയനത്തിനു ശേഷം

1947 ഓഗ്സ്റ്റ് 15-ന് ഭാരതം സ്വാതന്ത്ര്യം നേടിയ ശേഷം, 1949 ജൂലൈ 1-ന് തിരുവിതാംകൂർ, കൊച്ചി എന്നീ രാജ്യങ്ങൾ ചേർത്ത് തിരു-കൊച്ചി സംസ്ഥാനം രൂപംകൊടുത്തു. ഇതിനെ തുടർന്ന് 1949 ജൂലൈ 7-ന് എറണാകുളം ആസ്ഥാനമായി തിരു-കൊച്ചി ഹൈക്കോടതിയും സ്ഥാപിതമായി.

കേരള ഹൈക്കോടതിയുടെ സ്ഥാപനം

1956 നവംബർ 1-ന് കേരള സംസ്ഥാനം നിലവിൽ വന്നതോടെ, അതേ ദിവസം തന്നെ എറണാകുളം ആസ്ഥാനമായി കേരള ഹൈക്കോടതിയും സ്ഥാപിതമായി. കേരളത്തിനു പുറമേ കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപിനെക്കൂടി കേരള ഹൈക്കോടതിയുടെ അധികാരപരിധിയിൽ ഉൾപ്പെടുത്തി. തിരു-കൊച്ചി ഹൈക്കോടതിയിലെ 3409 പ്രധാന കേസുകളും മദ്രാസ് ഹൈക്കോടതിയിലെ 1504 കേസുകളുമായിരുന്നു കേരള ഹൈക്കോടതി സ്ഥാപിതമാകുമ്പോൽ പരിഗണനയ്ക്കായി ഉണ്ടായിരുന്നത്.

Remove ads

പുതിയ ഹൈക്കോടതി മന്ദിരം

Thumb
ഹൈക്കോടതിയുടെ പുതിയ മന്ദിരം

കേരള ഹൈക്കോടതിയുടെ പഴയ മന്ദിരം പ്രവർത്തിച്ചിരുന്നത് എറണാകുളത്തെ റാംമോഹൻ പാലസിലാണ്. പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം 1994 മാർച്ച് 14-ന് സുപ്രീം കോടതിയുടെ അപ്പോഴത്തെ മുഖ്യന്യായാധിപനായ എം.എൻ. വെങ്കിട ചെല്ലയ്യ നിർവഹിച്ചു. 2005-ൽ മന്ദിരത്തിന്റെ നിർമ്മാണം പൂർത്തിയായി. 2006 ഫെബ്രുവരി 11-ന് സുപ്രീം കോടതിയുടെ അപ്പോഴത്തെ മുഖ്യന്യായാധിപനായ വൈ.കെ. സബർവാൾ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.

Remove ads

കീഴ്ക്കോടതികൾ

ജില്ലാ കോടതികളും ഉപകോടതികളും


14 ജില്ലാ കോടതികളാണ് കേരളസംസ്ഥാനത്തിലുള്ളത്. ഇവയിൽ തൊടുപുഴ, മഞ്ചേരി, തലശ്ശേരി എന്നിവ ജില്ലാ ആസ്ഥാനങ്ങളിൽ നിന്നും മാറി സ്ഥിതിചെയ്യുന്ന ജില്ലാ കോടതികളാണ്. 29 അഡിഷണൽ ജില്ലാ കോടതികളുണ്ട്. ഇവയിൽ മാവേലിക്കര, ഉത്തര പറവൂർ എന്നിവിടങ്ങളിലെ കോടതികൾ ജില്ലാ കോടതികൾക്ക് തുല്യമായ ഫയലിംഗ് പവർ ഉള്ളവയാണ്. അഡിഷണൽ സബ് കോടതികൾ ഉൾപ്പെടെ 51 സബ് കോടതിളാണ് സംസ്ഥാനത്തുള്ളത്. 82 മുൻസിഫ് കോടതികളും, 16 മുൻസിഫ് മജിസ്ട്രേട്ട് കോടതികളുമുണ്ട്. 38 ഫാസ്റ്റ് ട്രാക്ക് കോടതികൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്.

കേരള ഹൈക്കോടതിയുടെ അധികാരപരിധിയിൽ വരുന്ന ലക്ഷദ്വീപിലെ ഏക ജില്ലാ കോടതി കവറത്തിയിലാണ്. ആന്ത്രോത്ത്, അമിനി എന്നിവിടങ്ങളിൽ മുൻസിഫ് മജിസ്ട്രേട്ട് കോടതികളുമുണ്ട്.

പ്രത്യേക കോടതികൾ


മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതികൾ (NDPS Court) തൊടുപുഴ, വടകര എന്നിവിടങ്ങളിലാണ്. അവശ്യവസ്തുക്കളുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതി (EC Court) തൃശൂരാണ്. അബ്കാരി കേസുകൾക്ക് മാത്രമുള്ള പ്രത്യേക കോടതികൾ (Abkari Court) നെയാറ്റിൻകര, കൊട്ടരക്കര എന്നിവിടങ്ങളിലാണ്. അഴിമതി നിരോധന നിയമപ്രകാരം ഉള്ള കേസുകൾ കൈകാര്യം ചെയ്യാനായി പ്രത്യേക വിജിലൻസ് കോടതികൾ (Vigilance Courts) ഉണ്ട്. സി.ബി.ഐ രജിസ്റ്റർ ചെയ്യുന്ന കേസുകൾ കൈകാര്യം ചെയ്യാനായി സിബിഐ സ്പെഷ്യൽ കോടതികൾ അഥവാ സ്പെഷ്യൽ പോലീസ് എസ്റ്റാബ്ലിഷ്മെൻറ് കോടതികൾ (CBI, SPE Court) ഉണ്ട്. കുടുംബപരമായ കേസുകൾ ഉദാഹരണത്തിന് ഡിവോഴ്സ് കേസുകൾ കൈകാര്യം ചെയ്യുന്നതിനായി കുടുംബ കോടതികൾ (Family Court) ഉണ്ട്. കൂടാതെ പ്രത്യേക കേസുകൾ ഉദാഹരണത്തിന് കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ (POCSO) പോലുള്ളവ കൈകാര്യം ചെയ്യുന്നതിനായി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതികളും ഉണ്ട്. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങളുടെ കേസുകൾ കൈകാര്യം ചെയ്യാൻ പ്രത്യേക കോടതികൾ [എസ്. സി എസ്. ടി കോടതി] (SC/ST Courts) ഉണ്ട്. മോട്ടോർ വാഹന അപകടവുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യാനായി എല്ലാ ജില്ലയിലും മോട്ടോർ മോട്ടോർ വാഹന അപകട ക്ലെയിംസ് ട്രൈബ്യൂണൽ (MACT) ഉണ്ട്. കൂടാതെ ഫോറസ്റ്റ് നിയമലംഘനങ്ങൾ കൈകാര്യം ചെയ്യാനായി പ്രത്യേക കോടതികളും (forest offences court) ഉണ്ട്.

സംസ്ഥാനത്തൊട്ടാകെ 22 മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലുകളും 3 വക്കഫ് ട്രൈബ്യൂണലുകളുമുണ്ട്.

കുടുംബ കോടതികൾ

16 കുടുംബ കോടതികൾ സംസ്ഥാനത്തുണ്ട്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ഏറ്റുമാന്നൂർ, തൃശ്ശൂർ, മഞ്ചേരി, കോഴിക്കോട്, തിരുവല്ല,പത്തനംതിട്ട,കണ്ണൂർ, നെടുമങ്ങാട്, കൊട്ടരക്കര, ആലപ്പുഴ, കാസർകോട്, പാലക്കാട്, തൊടുപുഴ, കൽപ്പറ്റ എന്നിവിടങ്ങളിലാണ് കുടുംബ കോടതികൾ സ്ഥിതിചെയ്യുന്നത്.

Remove ads

ലോക് അദാലത്

'ലോകരുടെ കോടതി' അഥവാ 'ജനങ്ങളുടെ കോടതി' (Peoples court) എന്നാണ് 'ലോക് അദാലത്' എന്ന പദത്തിന്റെ അർഥം. അനുരഞ്ജനത്തിലൂടെ കേസുകൾ ഒത്തുതീർപ്പാക്കുന്ന സംവിധാനമാണിത്. മൂന്ന് പേരടങ്ങിയ ഒരു സമിതിയാണ് ലോക് അദാലത്തിൽ കേസുകൾ ഒത്തുതീർപ്പാക്കുക. സേവനത്തിൽനിന്ന് വിരമിച്ച ന്യായാധിപനാകും അധ്യക്ഷൻ. സാധാരണയായി ഒരു അഭിഭാഷകനോ, സാമൂഹിക പ്രവർത്തകനോ ആവും അദാലത്തിലെ മറ്റു രണ്ടംഗങ്ങൾ. ലോക് അദാലത്തിൽ തീർപ്പാക്കിയ കേസുകൾക്ക് തുടർന്ന് അപ്പീൽ പറ്റില്ല. കേരളത്തിൽ ലോക് അദാലത്തുകൾ സംഘടിപ്പിക്കുന്നത് 'കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി'യാണ്.

Remove ads

ന്യായാധിപന്മാർ

കൂടുതൽ വിവരങ്ങൾ ക്രമ നമ്പർ, പേര്‌ ...

മുൻകാലങ്ങളിലെ മുഖ്യന്യായാധിപന്മാർ

കൂടുതൽ വിവരങ്ങൾ ക്രമം, പേര് ...





Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads