മൈമോനിഡിസ്

From Wikipedia, the free encyclopedia

മൈമോനിഡിസ്
Remove ads

ക്രി. പി. 1135-നും 1204-നും ഇടക്ക് ജീവിച്ചിരുന്ന പ്രഖ്യാത യഹൂദചിന്തകനും ഭിഷഗ്വരനും ആണ് മൈമോനിഡിസ് എന്നറിയപ്പെടുന്ന മൂസ ബിൻ മൈമൂൻ. യഹൂദർക്കിടയിൽ അദ്ദേഹം 'റാംബാം എന്ന ചുരുക്കപ്പേരിലാണ് കൂടുതലും അറിയപ്പെടുന്നത്.

വസ്തുതകൾ കാലഘട്ടം, പ്രദേശം ...
Remove ads

ആദ്യകാലജീവിതം

ആധികാരികമായ രേഖകളുടെ അഭാവത്തിൽ, മൈമോനിഡിസിന്റെ ആദ്യകാല ജീവിതത്തെക്കുറിച്ച് അറിയാവുന്നത് ഇതൊക്കെയാണ്. മുസ്ലിം ഭരണത്തിൻ കീഴിൽ, മുന്തിയ സംസ്കാരത്തിനും ബൗദ്ധിക ജീവിതത്തിനും പേരുകേട്ടിരുന്ന തെക്കൻ സ്പെയിനിലെ കൊർദോവയിലാണ് മൈമോനിഡിസ് ജനിച്ചത്. അദ്ദേഹത്തിന്റെ മാതൃഭാഷ അറബി ആയിരുന്നു. 1148-ൽ മതസഹിഷ്ണുതയില്ലാത്ത അൽമൊഹാദുകൾ അധികാരത്തിലെത്തിയതോടെ മൈമോനിഡിസിനും കുടുംബത്തിനും കൊർദോവ വിട്ടുപോകേണ്ടി വന്നു. പലസ്തീനിലും മൊറോക്കോയിലും കുടുംബത്തോടൊപ്പം അലഞ്ഞു നടന്ന മൈമൊനിഡിസിന്റെ ഔപചാരികവിദ്യാഭ്യാസം പ്രധാനമായും മൊറൊക്കോയിൽ ഫെസിലെ കരൗയിൻ സർ‌വകലാശലയിലായിരുന്നിരിക്കണം. 1166-ൽ അദ്ദേഹം ഈജിപ്തിൽ, കെയ്റോക്ക് അടുത്തുള്ള‍ ഫസ്റ്റാറ്റ് എന്ന സ്ഥലത്ത് താമസമാക്കി. താമസിയാതെ, വൈദ്യശാസ്ത്രനിപുണനായിരുന്ന മൈമോനിഡിസ് ഈജിപ്തിലെ സുൽ‍ത്താന്റെ കൊട്ടാരം വൈദ്യനായി നിയമിതനായി. പിന്നീടങ്ങോട്ട്, വൈദ്യൻ, കൈറോയിലെ യഹൂദസമൂഹത്തിന്റെ നേതാവ്, ഗ്രന്ഥകാരൻ എന്നീ നിലകളിൽ തിരക്കൊഴിയാതെയുള്ള ജീവിതമാണ് അദ്ദേഹം നയിച്ചത്. [1]


Remove ads

കൃതികൾ

വിശ്വാസസംഗ്രഹം

മൈമോനിഡിസിന്റെ പ്രധാനകൃതികളിൽ ആദ്യത്തേത് റാബൈനിക യഹൂദവിശ്വാസത്തിന്റെ അടിസ്ഥാനഗ്രന്ഥമായ മിഷ്നായെക്കുറിച്ച് അറബിയിലെഴുതിയ ഒരു പഠനമാണ്. യഹൂദവിശ്വാസത്തെ സംഗ്രഹിക്കാൻ 13 പ്രമാണങ്ങൾ അദ്ദേഹം അവതരിപ്പിച്ചത് ഈ കൃതിയിലാണ്. വിശ്വാസത്തിന്റെ ഈ അടിസ്ഥാനപ്രമാണങ്ങൾ താഴെപ്പറയുന്നവയഅണ്. [2]

  1. ദൈവം ഉണ്ട്
  2. ദൈവം കണിശമായും ഏകനാണ്
  3. ദൈവം അരൂപിയാണ്
  4. ദൈവം നിത്യനാണ്
  5. ദൈവത്തെ മാത്രമേ ആരാധിക്കാവൂ
  6. ദൈവം പ്രവാചകരിലൂടെ മനുഷ്യരാശിയെ പ്രബോധിപ്പിക്കുന്നു
  7. ഏറ്റവും വലിയ പ്രവാചകൻ മോശെ ആണ്
  8. യഹൂദനിയമം(തോറാ) ദൈവദത്തമാണ്
  9. തോറാ മാറ്റമില്ലാത്തതാണ്
  10. ദൈവം പരിപാലിക്കുന്നവനാണ്
  11. ദൈവം സമ്മാനിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നവനാണ്
  12. മിശിഹാ വരാനിരിക്കുന്നു [൧]
  13. മരിച്ചവർ ഉയിർത്തെഴുന്നേൽക്കും

മിഷ്നെ തോറാ

യഹൂദമതത്തിന്മേൽ കാലാതിവർത്തിയായ സ്വാധീനമുള്ള ചിന്തകനെന്ന നിലയിലുള്ള മൈമോനിഡിസിന്റെ സ്ഥാനം ഉറപ്പിച്ചത്, യഹൂദനിയമത്തിന്റെ ക്രോഡീകരണമായി 1170-നും 1180-നും ഇടക്ക് ഹീബ്രൂവിൽ എഴുതിയ മിഷ്നെ തോറാ എന്ന ഗ്രന്ഥമാണ്. ദൈനംദിനജീവിതത്തിലെ പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ ദൈവനിയമം (തോറാ) എങ്ങനെ ഉപയോഗിക്കാമെന്നു വിശദീകരിക്കുകയാണ് ഈ കൃതിയിൽ അദ്ദേഹം ചെയ്തത്. ദൈവനിയമത്തിലെ ഓരോ കല്പനക്കും യുക്തിസഹമായ ഒരു ല ക്‌ഷ്യമുണ്ടെന്നും, വിശ്വാസികളുടെ അനുസരണ പിടിച്ചുവാങ്ങാനായി നൽകപ്പെട്ട ഒരു കല്പനയുമില്ലെന്നും അദ്ദേഹം വാദിച്ചു. വാർധക്യത്തിൽ തനിക്ക് യഹൂദനിയമത്തെ വിശദീകരിക്കുന്ന ബൃഹത്ഗ്രന്ഥസമുച്ചയമായ താൽമുദ് വയിക്കാതെ തന്നെ നിയമം അനുസരിച്ചുള്ള ജീവിതം നയിക്കാൻ സഹായകമാകാൻ വേണ്ടിയാണ് മിഷ്നെ തോറാ എഴുതിയതെന്നാണ് മൈമോനിഡിസ് പറഞ്ഞത്.

സന്ദേഹികൾക്കു വഴികാട്ടി

Thumb
"സന്ദേഹികളുടെ വഴികാട്ടി"യുടെ യെമനിൽ നിന്നുകിട്ടിയ, 13-14 നൂറ്റാണ്ടു കാലത്തെ, ഒരു കൈയെഴുത്തുപ്രതി.

മൈമോനിഡിസിന്റെ കൃതികളിൽ ഏറ്റവും പ്രസിദ്ധം 1190-ൽ പൂർത്തിയാക്കിയ സന്ദേഹികൾക്കു വഴികാട്ടി (Guide of the Perplexed)ആണ്.[3] അറബി ഭാഷയിൽ, ഹീബ്രൂ ലിപി ഉപയോഗിച്ചാണ് ഈ കൃതി എഴുതപ്പെട്ടത്. പാശ്ചാത്യക്രൈസ്തവലോകത്ത് യവനതത്വചിന്ത മിക്കവാറും വിസ്മരിക്കപ്പെട്ടിരുന്ന അക്കാലത്ത്, അരിസ്റ്റോട്ടിലിന്റേയും മറ്റും സിദ്ധാന്തങ്ങളെ വിസ്മൃതിയിൽ നിന്നു കാത്തത്, ഇസ്ലാമികലോകത്തിലെ ചിന്തകരാണ്. ആ ചിന്തകരുടെ കൃതികളുമായി നല്ല പരിചയമുണ്ടായിരുന്ന മൈമോനിഡിസ്, യഹൂദവിശ്വാസത്തെ അരിസ്റ്റോട്ടലിന്റെ യുക്തിചിന്തയുമായി പൊരുത്തപ്പെടുത്താനുള്ള ശ്രമമാണ് 'വഴികാട്ടി'യിൽ നടത്തിയത്. ദൈവത്തെ മനുഷ്യവൽക്കരിക്കുന്ന {{സൂചിക|൨|}]തരത്തിൽ ദൈവനിയമങ്ങളെ അക്ഷരാർഥത്തിൽ വ്യാഖ്യാനിക്കുന്ന സമ്പ്രദായത്തെ ഈ കൃതിയിൽ അദ്ദേഹം നിശിതമായി വിമർശിച്ചു. തോറായിൽ, ദൈവം തന്റെ വിരൽ ‍കൊണ്ട് പത്തു കല്പനകൾ എഴുതുന്നതായും, മനുഷ്യനെ സൃഷ്ടിച്ചതിൽ പശ്ചാത്തപിക്കുന്നതായും മറ്റും പറയുന്ന ഭാഗങ്ങളിൽ ദൈവത്തിന്റെ 'വിരൽ', 'പശ്ചാത്താപം' എന്നീ സങ്കല്പങ്ങൾ പ്രതീകാത്മകമായി മാത്രം എദ്ടുക്കേണ്ടവയാണെന്ന് അദ്ദേഹം വാദിച്ചു. പ്രവാചന്മാരോട് ദൈവം സംസാരിച്ചത് സ്വനതന്തുക്കൾ ഉപയോഗിച്ചല്ല. ദൈവത്തെക്കുറിച്ച് കൃത്യമായി ഒന്നും പറയാൻ മനുഷ്യൻ ശക്തനല്ല എന്നും, ദൈവം സർ‌വനന്മയാണ്, സർ‌വശക്തനാണ്, സർ‌വജ്ഞാനിയാണ് എന്നൊക്കെ പറയുന്നതുപോലും മനുഷ്യന്റെ മാനദണ്ഡങ്ളുപയോഗിച്ച് ദൈവത്തെ അളക്കുന്നതാകുമെന്നുമായിരുന്നു മൈമോനിഡിസിന്റെ അഭിപ്രായം. മനുഷ്യന്റെ ഗുണങ്ങൾ പെരുപ്പിച്ച് ദൈവത്തിൽ അരോപിച്ച് ദൈവത്തെ മനുഷ്യവൽക്കരിക്കുന്നതിനേക്കാൾ കൃത്യമായി, ദൈവം എന്തല്ല എന്നു നിഷേധാത്മകമായി പറയാൻ സാധിക്കുമെന്നും അദ്ദേഹം കരുതി. ഈ വാദം അനുസരിച്ച്, ദൈവം സർ‌വശക്തനാണെന്നു പറയുന്നതിനു പകരം "ദൈവത്തിനു ശക്തിഹീനത ഇല്ല" എന്നു നിഷേധിച്ച് പറയാം.[4]


യഹൂദനിയമത്തെ യുക്തി ഉപയോഗിച്ച് വ്യാഖ്യാനിക്കാനുള്ള ഈ സം‌രംഭം യാഥാസ്ഥിതികരുടെ വലിയ പ്രതിക്ഷേധത്തിനു കാരണമായി. ഇടക്കാലത്ത് മിഷ്നെ തോറായുടെ പല ഭാഗങ്ങളും, 'വഴികാട്ടി' മുഴുവനായും യാഥാസ്ഥിതികർ വിലക്കി. ഫ്രാൻസിലെ ചില യാഥസ്ഥികയഹൂദർ, ക്രൈസ്തവസഭയുടെ മതദ്രോഹവിചാരകരെ ഇടപെടുത്തി 'വഴികാട്ടി' യുടെ പ്രതികൾ നശിപ്പിക്കുകപോലും ചെയ്തു. കുറേക്കൂടി ഉദാരമന‍സ്ഥരായ യഹൂരിൽ പോലും ചിലർ 'വഴികാട്ടി', വളരെ പക്വത വന്നവർക്ക് മാത്രം വായിക്കാൻ പറ്റിയ പുസ്തകമാണെന്ന് അന്നു കരുതി.


ഇടക്കാലത്ത് യാഥാസ്ഥിതികരുടെ വിമർശനത്തിനു വിഷയമായെങ്കിലും, വഴികാട്ടി അതെഴുതിയകാലത്തും പിൽക്കാലങ്ങളിലും മനുഷ്യചിന്തയെ എന്തെന്നില്ലാതെ സ്വാധീനിച്ച സൃഷ്ടിയാണ്. യഹൂദചിന്ത മാത്രമല്ല അതിന്റെ പ്രഭാവത്തിൽ വന്നത്. തോമസ് അക്വീനാസിനെപ്പോലുള്ള ക്രൈസ്തവ സ്കോളാസ്റ്റിക് ചിന്തകരും 'വഴികാട്ടി' യുടേയും അതിന്റെ കർത്താവിന്റേയും പ്രാധാന്യം മനസ്സിലാക്കിയിരുന്നു. അക്വീനാസിന്റെ രചനകളിൽ മൈമോനിഡിസ് പരാമർശിക്കപ്പെടുന്നത്, റാബൈ മോസസ് എന്ന പേരിലാണ്.

Remove ads

മറ്റു സംഭാവനകൾ

മൈമോനിഡിസിന്റെ ചിന്തയുടെ പ്രധാന മുഖമുദ്ര യുക്തിബോധമായിരുന്നു. ജ്യോതിഷത്തെക്കുറിച്ചുള്ള കത്ത് എന്ന കൃതിയൽ അദ്ദേഹം ജ്യോതിഷത്തിന്റെ അവകാശവാദങ്ങളെ നിരാകരിക്കുകയും ഗ്രഹങ്ങളുടെ നില നോക്കി മിശിഹായുടെ വരവിനെ പ്രവചിക്കാൻ ചിലർ നടത്തിയ ശ്രമങ്ങളെ വിമർശിക്കുകയും ചെയ്തു. ഉയിർ‍പ്പിനെക്കുറിച്ചുള്ള പഠനം എന്ന കൃതി, മരണാനന്തരമുള്ള ശരീരങ്ങളുടെ ഉയിർപ്പിൽ അദ്ദേഹത്തിനു വിശ്വാസമില്ല എന്നു വിമർശിച്ചവർക്കു മറുപടി പറഞ്ഞ് എഴുതിയതാണ്. വൈദ്യശാസ്ത്രമർമ്മജ്ഞനായ അദ്ദേഹത്തിന്റെ സംഭാവനകൾ വൈദ്യശാസ്ത്രവിഷയങ്ങളിലും ഉണ്ട്. അവയിൽ അദ്ദേഹം രോഗപ്രതിരോധത്തിനാണ് ഊന്നൽ കൊടുത്തത്.[5]

ജീവിതാന്ത്യം

മൈമോനിഡിസിന്റെ ജീവിതം മുഴുവൻ വിശ്രമമില്ലാത്ത കർമ്മബഹുലതയായിരുന്നു. അറബിയിലെഴുതിയ സന്ദേഹികളുടെ വഴികാട്ടി ഹീബ്രൂവിലേക്കു പരിഭാഷപ്പെടുത്തിയ സാമുവൽ ബിൻ തിബ്ബോൻ, പരിഭാഷയിലെ ചില ബുദ്ധിമുട്ടുകൾ ഗ്രന്ഥകർത്താവുമായി മുഖാമുഖം ചർ‍ച്ചചെയ്യാൻ ആഗ്രഹം പ്രകടിപ്പിച്ചു. അദ്ദേഹത്തെ നിരുത്സാഹപ്പെടുത്തിക്കൊണ്ട് മൈമോനിഡിസ് ഇങ്ങനെ മറുപടി എഴുതി.[6]



കർമ്മനിരതമായ ഈ ജീവിതം അദ്ദേഹത്തെ തളർത്തി. 1204 ഡിസംബർ 13-ന് എഴുപതു വയസ്സിനോടടുത്ത് മൈമോനിഡസ് അന്തരിച്ചു. പലസ്ഥീനിലെ തിബേരിയസിലാണ് അദ്ദേഹത്തെ സംസ്കരിച്ചത്.

Remove ads

വിലയിരുത്തൽ

പ്രാധാന്യം

മദ്ധ്യയുഗങ്ങളിലെയും, ഒരുപക്ഷേ എല്ലാക്കാലത്തേയും തന്നെ, ഏറ്റവും പ്രധാനപ്പെട്ട യഹൂദചിന്തകനായിരുന്നു മൈമോനിഡിസ്. മോസസ് മുതൽ മോസസ് വരെ മോസസിനെപ്പോലെ മറ്റൊരാളുണ്ടായില്ല [൩] എന്ന് പ്രസിദ്ധമായൊരു ചൊല്ലു തന്നെയുണ്ട്. യഹൂദമതത്തിന്റെ കഴിഞ്ഞ ഒരു സഹസ്രാബ്ദക്കാലത്തെ ചരിത്രത്തിൽ മൈമോനിഡിസിനെക്കാളേറെ പ്രധാന്യമുള്ള മറ്റൊരു ചിന്തകനില്ലെന്ന് പരക്കെ സമ്മതിക്കപ്പെട്ടിരിക്കുന്നു. യഹൂദർക്കിടയിൽ പരിഷ്കരണവാദികളും കടുത്ത യാഥാസ്ഥിതികരും യുക്തിവാദികളും മിസ്റ്റിക്കുകളും അദ്ദേഹത്തെ ഗുരുവായി കണക്കാക്കുന്നു. നിയമം, ശാസ്ത്രം, തത്ത്വചിന്ത, ചികിത്സാവിദ്യ, രക്ഷകപ്രതീക്ഷ(Messianism), രാഷ്ട്രതന്ത്രം എന്നിങ്ങനെ പരന്നുകിടക്കുന്ന മേഖലകളിൽ മദ്ധ്യ-ആധുനിക കാലങ്ങളിലെ യഹൂദനിലപ്പാടിന് അടിസ്ഥാനമിട്ടത് മൈമോനിഡിസാണ്.

ഇസ്ലാമിക-അറേബ്യൻ സ്വാധീനം

യഹൂദചിന്തകൻ മാത്രമായി മൈമോനിഡിസിനെ കാണുന്നത് ശരിയായിരിക്കില്ല. ഇസ്ലാമിക പാശ്ചാത്തലത്തിൽ ജീവിച്ച് അറബി ഭാഷയിൽ രചനനടത്തിയ അദ്ദേഹത്തിന്റെ ചിന്തയിന്മേൽ ഇസ്ലാമിക-അറേബ്യൻ സംസ്കാരങ്ങളുടെ വലിയ സ്വാധീനമുണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. യൗവനാരംഭത്തിനുമുൻപ് മൈമോനിഡിസും കുടുംബവും ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യുകയും കുറേക്കാലത്തേക്ക്, ബാഹ്യ ആചാരങ്ങളിലെങ്കിലും ഇസ്ലാം മതാനുയായി ആയിരിക്കുകയും ചെയ്തു എന്ന് പറയപ്പെടുന്നു.[7] എല്ലാത്തിനുമുപരി അദ്ദേഹം ഒരു അറബി ചിന്തകനായിരുന്നു എന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. 1985-ൽ മൈമോനിഡിസിന്റെ എണ്ണൂറ്റിഅൻപതാം ജന്മവാർഷികത്തോടനുബന്ധിച്ച് പാരീസിൽ യുനെസ്കൊ(UNESCO)യുടെ ആഭിമുഖ്യത്തിൽ ഒരു സമ്മേളനം നടത്താൻ മുസ്ലിം രാഷ്ട്രമായ പാകിസ്താൻ പോലും മുൻ‌കൈ എടുത്തിരുന്നു. ഗ്രീക്കോറോമൻ, അറേബ്യൻ, യഹൂദ, പാശ്ചാത്യ സംസ്കാരങ്ങൾ അദ്ദേഹത്തിന്റെ ചിന്തയിൽ ഒന്നുചേർന്നിരിക്കുന്നു.[8]

Remove ads

അവലംബം

കുറിപ്പുകൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads