നോറോവൈറസ്
From Wikipedia, the free encyclopedia
Remove ads
വിന്റർ വൊമിറ്റിംഗ് ബഗ് എന്ന പേരിലും അറിയപ്പെടുന്ന നോറോവൈറസ് ഗ്യാസ്ട്രോഎൻററിറ്റിസിന്റെ ഏറ്റവും സാധാരണമായ കാരണമാണ്.[1][6] രക്തമില്ലാത്ത വയറിളക്കം, ഛർദ്ദി, വയറുവേദന എന്നിവയാണ് അണുബാധയുടെ പ്രധാന ലക്ഷണങ്ങൾ.[2][3] പനിയും തലവേദനയും കൂടി ചിലപ്പോൾ ഉണ്ടാകാം.[2] സാധാരണയായി 12 മുതൽ 48 മണിക്കൂറിനുള്ളിൽ രോഗലക്ഷണങ്ങൾ വികസിച്ച് 1 മുതൽ 3 ദിവസത്തിനുള്ളിൽ രോഗം ഭേദമാവുകയും ചെയ്യുന്നു.[2] സങ്കീർണതകൾ വിരളമാണ്. നിർജ്ജലീകരണം ഒരു സങ്കീർണ്ണതയാണ്, പ്രത്യേകിച്ച് ചെറുപ്പക്കാരിലും പ്രായമായവരിലും മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവരിലും.[2]
വായിലൂടേയും വിസർജ്യങ്ങളിലൂടേയും (ഫെക്കൽ-ഓറൽ റൂട്ട്) ആണ് വൈറസ് സാധാരണയായി പടരുന്നത്.[3] ഇത് മലിനമായ ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ വ്യക്തികൾ തമ്മിലുള്ള സമ്പർക്കത്തിലൂടെയോ ആകാം.[3] കൂടാതെ മലിനമായ പ്രതലങ്ങളിലൂടെയോ രോഗബാധിതനായ വ്യക്തിയുടെ ഛർദ്ദിയിൽ നിന്ന് വായുവിലൂടെയോ പടരാം.[3] വൃത്തിഹീനമായ ഭക്ഷണം തയ്യാറാക്കൽ, അടുത്തിടപഴകൽ എന്നിവ അപകടസാധ്യതാ ഘടകങ്ങളിൽ ഉൾപ്പെടുന്നു.[3] രോഗനിർണയം സാധാരണയായി രോഗലക്ഷണങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.[3]
മലിനമായ പ്രതലങ്ങൾ അണുവിമുക്തമാക്കുന്നതും ശരിയായി കൈ കഴുകുന്നതും രോഗ പ്രതിരോധത്തിൽ ഉൾപ്പെടുന്നു.[4] ആൽക്കഹോൾ അടിസ്ഥാനമാക്കിയുള്ള ഹാൻഡ് സാനിറ്റൈസറുകൾ നൊറോവൈറസിനെതിരെ ഫലപ്രദമല്ല,[8] നോറോവൈറസ് പുറന്തോടില്ലാത്ത (നോൺ-എൻവലപ്പ്ഡ് ) വൈറസ് ആണ് എന്നതാണ് ഇതിന് കാരണം. നോറോവൈറസിന് വാക്സിനോ പ്രത്യേക ചികിത്സയോ ഇല്ല. [4][5] മതിയായ അളവിൽ പാനീയങ്ങൾ കുടിക്കുകയോ അല്ലെങ്കിൽ ഇൻട്രാവീനസ് വഴി നൽകുകയോ ആവാം. ഇവ രണ്ടും രോഗം നിയന്ത്രിക്കാൻ (ഡിസീസ് മാനേജ്മെന്റ്) സഹായകമാകുന്നു.[5] ഓറൽ റീഹൈഡ്രേഷൻ സൊല്യൂഷനുകൾ ആണ് കൂടുതലും ശുപാർശ ചെയ്യുന്നതെങ്കിലും കഫീനോ മദ്യമോ ഇല്ലാത്ത മറ്റ് പാനീയങ്ങളും സഹായിക്കും.[5]
നോറോവൈറസ് ഒരു വർഷം ആഗോളതലത്തിൽ 685 ദശലക്ഷം രോഗങ്ങളും 200,000 മരണങ്ങളും ഉണ്ടാക്കുന്നു.[6][7] ഇത് വികസിത വികസ്വര രാജ്യങ്ങളിൽ സാധാരണമാണ്.[3] [9] അഞ്ച് വയസ്സിന് താഴെയുള്ളവരെയാണ് മിക്കപ്പോഴും ബാധിക്കുന്നത്, ഈ ഗ്രൂപ്പിൽ വികസ്വര രാജ്യങ്ങളിൽ ഇത് ഏകദേശം 50,000 മരണങ്ങൾക്ക് കാരണമാകുന്നു.[6] ശൈത്യകാലത്താണ് നോറോവൈറസ് അണുബാധ കൂടുതലായി ഉണ്ടാകുന്നത്.[6] ഇത് പലപ്പോഴും ആളുകൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിലാണഅ ആണ് പൊട്ടിപ്പുറപ്പെടുന്നത്.[3] യുണൈറ്റഡ് സ്റ്റേറ്റ്സിൽ, ഭക്ഷ്യജന്യ രോഗങ്ങളുടെ പകുതിയോളം ഇതാണ്.[3] 1968-ൽ ഒഹായോയിലെ നോർവാക്ക് നഗരത്തിൽ ഈ രോഗം പടർന്നു പിടിച്ചു, അന്നു മുതൽക്കൊണ്ട് നോറോവൈറസ് എന്ന പേരിലാണ് ഈ വൈറസ് അറിയപ്പെടുന്നത്. [10][11]
Remove ads
അടയാളങ്ങളും ലക്ഷണങ്ങളും
ഓക്കാനം, ഛർദ്ദി, വയറിളക്കം, വയറുവേദന, ചില സന്ദർഭങ്ങളിൽ രുചി നഷ്ടപ്പെടൽ എന്നിവയാണ് നോറോവൈറസ് അണുബാധയുടെ ലക്ഷണങ്ങൾ. നോറോവൈറസുമായി സമ്പർക്കം പുലർത്തി 12 മുതൽ 48 മണിക്കൂർ കഴിഞ്ഞ് ഒരു വ്യക്തിക്ക് സാധാരണയായി ഗ്യാസ്ട്രോഎൻറൈറ്റിസ് ലക്ഷണങ്ങൾ ഉണ്ടാകുന്നു.[12] പൊതുവായ അലസത, ബലഹീനത, പേശി വേദന, തലവേദന, കുറഞ്ഞ തോതിൽ പനി എന്നിവയും ഉണ്ടാകാം. രോഗം സാധാരണയായി സ്വയം ഭേദമാകുന്നു, അപൂർവ്വമായേമൂർച്ഛികാകറുള്ളു. നോറോവൈറസ് പൊതുവെ അപകടകരമല്ല, ഇത് ബാധിച്ച മിക്കവരും രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ പൂർണ്ണമായി സുഖം പ്രാപിക്കുന്നു.[1]
പൊതുവെ പ്രതിരോധശക്തി കുറഞ്ഞവരിലോ (കോമൺ വേരിയബിൾ ഇമ്മ്യൂണോ ഡിഫിഷ്യൻസി ഉള്ളവർ) അവയവം മാറ്റിവയ്ക്കലിനു ശേഷം രോഗപ്രതിരോധ സംവിധാനം നിയന്ത്രിക്കപ്പെട്ടവരിലോ നോറോവൈറസിന് ദീർഘകാല അണുബാധ ഉണ്ടാക്കാൻ കഴിയും.[13] ഈ അണുബാധകൾ ലക്ഷണങ്ങളോടെയോ അല്ലാതെയോ ആകാം.[13] ഗുരുതരമായ കേസുകളിൽ, സ്ഥിരമായ അണുബാധ നോറോവൈറസ് അസോസിയേറ്റഡ് എന്ററോപ്പതി, ഇന്റെസ്റ്റിനൽ വില്ലസ് അട്രോപ്പി, മാൽഅബ്സോർപ്ഷൻ എന്നീ സങ്കീർണ്ണതകൾക്ക് കാരണമായേക്കാം.[13]
Remove ads
വൈറോളജി
രോഗ പകർച്ച
നോറോവൈറസുകൾ നേരിട്ട് വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് (62-84% വരെ)[14] അല്ലെങ്കിൽ പരോക്ഷമായി മലിനമായ വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ പകരുന്നു. അവ അങ്ങേയറ്റം പകർച്ചയുള്ളതാണ്, ഇരുപതിൽ താഴെയുള്ള വൈറസ് കണികകൾ പോലും അണുബാധയ്ക്ക് കാരണമാകും[15] (ചില ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത് അഞ്ചെണ്ണം മതിയെന്നാണ്).[16] രോഗം ബാധിച്ചവർ ഛർദ്ദിക്കുമ്പോൾ അണുക്കൾ വായുവിലൂടെ പകരാം. രോഗലക്ഷണങ്ങൾ ശമിച്ചതിന് ശേഷവും ശരീരത്തിൽ നിന്ന് വൈറസ് കൊഴിയൽ (വൈറൽ ഷെഡിങ്) തുടരുന്നു, അണുബാധയ്ക്ക് ആഴ്ചകൾക്ക് ശേഷവും ഇത് കണ്ടെത്താനാകും.[17]
ഛർദ്ദി, അണുബാധയെ വായുവിലൂടെ പകരാൻ അനുവദിക്കുന്നു. ഒരു സംഭവത്തിൽ, ഛർദ്ദിച്ച ഒരാൾ ഒരു റെസ്റ്റോറന്റിലുടനീളം അണുബാധ പടർത്തി. വിശദീകരിക്കാനാകാത്ത ഭക്ഷ്യവിഷബാധയുടെ ഉറവിടം ഛർദ്ദിയിൽ നിന്നായേക്കാമെന്ന് സൂചിപ്പിക്കുന്നു. [18] 1998 ഡിസംബറിൽ 126 പേർ ആറു മേശകളിലായി ഭക്ഷണം കഴിക്കുകയായിരുന്നു; ഒരു സ്ത്രീ തറയിൽ ഛർദ്ദിച്ചു. ജീവനക്കാർ വേഗം വൃത്തിയാക്കി, ആളുകൾ ഭക്ഷണം കഴിക്കുന്നത് തുടർന്നു. മൂന്നു ദിവസം കഴിഞ്ഞ് മറ്റുള്ളവർക്ക് അസുഖം വന്നു തുടങ്ങി; 52 പേർക്ക് പനിയും ഛർദ്ദിയും മുതൽ ഛർദ്ദിയും വയറിളക്കവും വരെയുള്ള രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തു. കാരണം പെട്ടെന്ന് തിരിച്ചറിഞ്ഞില്ല. രോഗിയായ സ്ത്രീയുടെ അതേ ടേബിളിൽ ഇരുന്ന 90% ആളുകളും പിന്നീട് രോഗിയായതായി ഗവേഷകർ റിപ്പോർട്ട് ചെയ്തു. മറ്റ് ടേബിളുകളിലുള്ള ആളുകളുടെ അണുബാധയുടെ അപകടസാധ്യതയും രോഗിയായ സ്ത്രീയുമായി അവർ എത്രമാത്രം അടുത്തിരുന്നു എന്നതും തമ്മിൽ നേരിട്ട് ബന്ധമുണ്ടായിരുന്നു. തൊട്ടടുത്തുള്ള മേശയിലിരുന്ന് ഭക്ഷണം കഴിക്കുന്നവരിൽ 70% പേർക്കും അസുഖം ബാധിച്ചു; റെസ്റ്റോറന്റിന്റെ മറുവശത്തുള്ള ഒരു മേശയിൽ, അണുബാധ നിരക്ക് 25% ആയിരുന്നു. നോർവാക്ക് പോലുള്ള വൈറസാണ് (നോറോവൈറസ്) പൊട്ടിത്തെറിക്ക് കാരണം. ഛർദ്ദി വഴി പകരുന്ന മറ്റ് കേസുകൾ പിന്നീട് തിരിച്ചറിഞ്ഞു.[19]
നെതർലാൻഡിലെ ഒരു അന്താരാഷ്ട്ര സ്കൗട്ട് ജംബോറിയിൽ രോഗം പൊട്ടിപ്പുറപ്പെട്ടപ്പോൾ, വർദ്ധിച്ച ശുചിത്വ നടപടികൾ നടപ്പിലാക്കുന്നതിന് മുമ്പ് ഗ്യാസ്ട്രോഎൻറൈറ്റിസ് ഉള്ള ഓരോ വ്യക്തിയും ശരാശരി 14 പേർക്ക് രോഗം നൽകിയതായും, ഈ നടപടികൾ നടപ്പിലാക്കിയതിന് ശേഷവും, രോഗിയായ ഒരാൾക്ക് ശരാശരി 2.1 പേർക്ക് രോഗം പകർത്തിയതായും കണ്ടെത്തി.[20] ന്യൂയോർക്ക് സ്റ്റേറ്റിലെ 11 രോഗപ്പകർച്ചകളെക്കുറിച്ചുള്ള ഒരു യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) നടത്തിയ പഠനത്തിൽ, രോഗം പൊട്ടിപ്പുറപ്പെട്ട ഏഴ് അവസരങ്ങൾ ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് ആണെന്നും, രണ്ടെണ്ണം ഭക്ഷണത്തിലൂടെയും, ഒന്നിൽ ജലത്തിലൂടെയും, ഒന്ന് അജ്ഞാതമായും പകർന്നതായി സംശയിക്കുന്നു. മുനിസിപ്പൽ സപ്ലൈസ്, കിണറുകൾ, വിനോദ തടാകങ്ങൾ, നീന്തൽക്കുളങ്ങൾ, ഐസ് മെഷീനുകൾ എന്നിവയിൽ നിന്നുള്ള വെള്ളം ജലത്തിലൂടെ പകരുന്ന പകർച്ചവ്യാധികളുടെ ഉറവിടങ്ങളിൽ ഉൾപ്പെട്ടേക്കാം.[21]
കക്കയിറച്ചി, സാലഡ് ചേരുവകൾ എന്നിവയാണ് നോറോവൈറസ് പൊട്ടിപ്പുറപ്പെടുന്നതിൽ ഏറ്റവും കൂടുതൽ ഉൾപ്പെടുന്ന ഭക്ഷണങ്ങൾ. വേണ്ടത്ര ചൂടാക്കാത്ത ഷെൽഫിഷ് - 75 °C (167 °F)-ന് താഴെ-- നോറോവൈറസ് അണുബാധയ്ക്കുള്ള ഉയർന്ന അപകടസാധ്യത ഉണ്ടാക്കുന്നു.[22][23] ഷെൽഫിഷ് ഒഴികെയുള്ള ഭക്ഷണങ്ങൾ രോഗബാധിതരായ ആളുകൾ ഭക്ഷണം കൈകാര്യം ചെയ്യുന്നതിലൂടെ മലിനമായേക്കാം.[24] രോഗബാധിതനായ ഒരാൾ കൈകാര്യം ചെയ്ത ഭക്ഷണത്തിൽ നിന്നാണ് നിരവധി നോറോവൈറസ് ബാധകൾ പൊട്ടിപ്പുറപ്പെടുന്നത്.[25]
2017 മാർച്ചിനും ഓഗസ്റ്റിനുമിടയിൽ, കാനഡയിലെ ക്യൂബെക്കിൽ, 700-ലധികം ആളുകൾക്ക് അസുഖം ബാധിച്ചു. കാനഡയിലെ സിഎഫൈഎ ഫുഡ് കൺട്രോൾ ഏജൻസി നടത്തിയ അന്വേഷണമനുസരിച്ച്, ചൈനീസ് വിതരണക്കാരായ ഹാർബിൻ ഗവോതൈ ഫുഡ് കോ ലിമിറ്റഡ്-ൽ നിന്ന് ഇറക്കുമതി ചെയ്ത ഫ്രോസൺ റാസ്ബെറിയാണ് രോഗപ്പകർച്ചക്ക് കാരണം എന്ന് കണ്ടെത്തി, തുടർന്ന് കനേഡിയൻ അധികാരികൾ ഹാർബിൻ ഗവോതൈയിൽ നിന്ന് റാസ്ബെറി ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ചു.[26]
വർഗ്ഗീകരണം
നൊറോവൈറസുകൾ (NoV) കാലിസിവിരിഡേ കുടുംബത്തിൽ പെടുന്ന, സിംഗിൾ-സ്ട്രാൻഡഡ് പോസിറ്റീവ് സെൻസ് ആർഎൻഎ, നോൺ- എൻവലപ്പ്ഡ് വൈറസുകളുടെ ഗ്രൂപ്പാണ്. [27] [28] ഇന്റർനാഷണൽ കമ്മിറ്റി ഓൺ ടാക്സോണമി ഓഫ് വൈറസസ് പ്രകാരം, നോറോവൈറസ് ജനുസ്സിൽ ഒരു സ്പീഷീസ് ഉണ്ട്, അതിനെ നോർവാക്ക് വൈറസ് എന്ന് വിളിക്കുന്നു.[27]
നൊറോവൈറസുകളെ ജനിതകപരമായി കുറഞ്ഞത് ഏഴ് വ്യത്യസ്ത ജനിതകഗ്രൂപ്പുകളായി (GI, GII, GIII, GIV, GV, GVI, and GVII) തരംതിരിക്കാം. അവയെല്ലാം വ്യത്യസ്‌ത ജനിതക ക്ലസ്റ്ററുകളായോ ജനിതകരൂപങ്ങളായോ വീണ്ടും വിഭജിക്കാം [29]
അക്യൂട്ട് ഗ്യാസ്ട്രോഎൻറൈറ്റിസ് കേസുകളിൽ സാധാരണയായി വേർതിരിച്ചെടുക്കുന്ന നോറോവൈറസുകൾ രണ്ട് ജനിതക ഗ്രൂപ്പുകളിൽ പെടുന്നു. ജീനൊഗ്രൂപ്പ് I (GI) ൽ നോർവാക്ക് വൈറസ്, ഡെസേർട്ട് ഷീൽഡ് വൈറസ്, സതാംപ്ടൺ വൈറസ് എന്നിവ ഉൾപ്പെടുന്നു; ജീനോഗ്രൂപ്പ് II (GII) ൽ ബ്രിസ്റ്റോൾ വൈറസ്, ലോർഡ്‌സ്‌ഡെയ്ൽ വൈറസ്, ടൊറന്റോ വൈറസ്, മെക്‌സിക്കോ വൈറസ്, ഹവായ് വൈറസ്, സ്‌നോ മൗണ്ടൻ വൈറസ് എന്നിവ ഉൾപ്പെടുന്നു.[28]
മനുഷ്യരെ ബാധിക്കുന്ന മിക്ക നോറോവൈറസുകളും GI, GII എന്നീ ജനിതകഗ്രൂപ്പുകളിൽ പെടുന്നു.[30] ജിനോഗ്രൂപ്പ് II, ജിനോടൈപ്പ് 4 (GII.4 എന്ന് ചുരുക്കത്തിൽ) നിന്നുള്ള നോറോവൈറസുകൾ പ്രായപൂർത്തിയായവരിൽ ഗ്യാസ്ട്രോഎൻറൈറ്റിസ് വൈറസ് ബാധ പൊട്ടിപ്പുറപ്പെടുന്നതിൽ ഭൂരിഭാഗത്തിനും കാരണമാകുന്നു.[31]
ഘടന

ഐക്കോസഹെഡ്രൽ ജ്യാമിതികളുള്ള നൊറോവൈറസിലെ വൈറസുകൾ നോൺ എൻവലപ്പ്ഡ് ആണ്. അവയുടെ ക്യാപ്‌സിഡ് വ്യാസങ്ങൾ 23 മുതൽ 40 നാ.മീ വരെ വ്യത്യാസപ്പെടുന്നു. വലിയ ക്യാപ്‌സിഡുകൾ (38-40 നാ.മീ) T=3 സമമിതി കാണിക്കുകയും 180 VP1 പ്രോട്ടീനുകൾ ഉൾക്കൊള്ളുകയും ചെയ്യുന്നു . ചെറിയ ക്യാപ്‌സിഡുകൾ (23 നാ.മീ) T=1 സമമിതി കാണിക്കുന്നു, അവയിൽ 60 VP1 പ്രോട്ടീനുകൾ അടങ്ങിയിരിക്കുന്നു.[32] ഇലക്ട്രോൺ മൈക്രോസ്കോപ്പി ഉപയോഗിച്ച് ദൃശ്യവൽക്കരിക്കുമ്പോൾ വൈറസ് കണങ്ങൾ ഒരു രൂപരഹിത ഉപരിതല ഘടന പ്രകടമാക്കുന്നു.[33]
ജീനോം
നോറോ വൈറസുകളിൽ ഏകദേശം 7.5 കിലോ ബേസ് ഉള്ള ഒരു ലീനിയർ, നോൺ-സെഗ്മൻ്റഡ്, പോസിറ്റീവ് സെൻസ് ആർഎൻഎ ജീനോം അടങ്ങിയിട്ടുണ്ട്.[32] അവ വൈറൽ 3C-പോലുള്ള പ്രോട്ടീസ് (NS6), ഏകദേശം 58~60 kDa ഉള്ള ഒരു പ്രധാന സ്ട്രക്ചറൽ പ്രോട്ടീൻ (VP1), മൈനർ ക്യാപ്‌സിഡ് പ്രോട്ടീൻ (VP2) എന്നിവ വഴി ആറ് ചെറിയ നോൺ-സ്ട്രക്ചറൽ പ്രോട്ടീനുകളായി (NS1/2 മുതൽ NS7 വരെ)[34] ഒരു വലിയ പോളിപ്രോട്ടീനെ എൻകോഡ് ചെയ്യുന്നു. [35]
വൈറൽ ക്യാപ്‌സിഡിന്റെ ഏറ്റവും വേരിയബിൾ ആയ മേഖല പി2 ഡൊമെയ്‌നാണ്, അതിൽ ആന്റിജൻ പ്രസൻ്റിങ് സൈറ്റുകളും കാർബോഹൈഡ്രേറ്റ് റിസപ്റ്റർ ബൈൻഡിംഗ് മേഖലകളും അടങ്ങിയിരിക്കുന്നു.[36] [37][38] [39] [40]
പരിണാമം
1, 2, 3, 4 ഗ്രൂപ്പുകൾക്ക് ഒരു പൊതു പൂർവ്വികൻ അവസാനമായി ഉണ്ടായിരുന്നത് AD 867-ൽ ആണ്.[41] ഗ്രൂപ്പ് 2, ഗ്രൂപ്പ് 4 വൈറസുകൾക്ക് ഏകദേശം AD 1443 ലാണ് അവസാനമായി ഒരു പൊതു പൂർവ്വികനുണ്ടായിരുന്നത് (95% ഹൈയസ്റ്റ് പോസിറ്റീവ് ഡേൻസിറ്റി 1336-1542 AD).[42]
മറ്റ് ആർഎൻഎ വൈറസുകളുമായി താരതമ്യം ചെയ്യുമ്പോൾ ഈ വൈറസിലെ മ്യൂട്ടേഷൻ നിരക്ക് (1.21×10−2 to 1.41 ×10−2 സബ്സ്റ്റിറ്റ്യൂഷൻ പെർ സൈറ്റ് പെർ ഇയർ) കൂടുതലാണ്.[43]
കൂടാതെ, ORF1-ORF2 (VP1) ജംഗ്ഷനിൽ ഒരു റീകോമ്പിനേഷൻ ഹോട്ട്‌സ്‌പോട്ട് നിലവിലുണ്ട്.[44]
റെപ്ലിക്കേഷൻ സൈക്കിൾ
വൈറൽ റെപ്ലിക്കേഷൻ സൈറ്റോപ്ലാസ്മിക് ആണ്. എൻഡോസൈറ്റോസിസിനെ മീഡിയേറ്റ് ചെയ്യുന്ന ഹോസ്റ്റ് റിസപ്റ്ററുകളുമായുള്ള അറ്റാച്ച്മെന്റ് വഴിയാണ് ഹോസ്റ്റ് സെല്ലിലേക്കുള്ള പ്രവേശനം നേടുന്നത്. പോസിറ്റീവ്-സ്ട്രാൻഡഡ് ആർഎൻഎ വൈറസ് ട്രാൻസ്ക്രിപ്ഷൻ ആണ് റെപ്ലിക്കേഷൻ രീതി. ലീക്കി സ്കാനിംഗും ആർഎൻഎ ടെർമിനേഷൻ-റീഇനിഷേഷനും വഴിയാണ് ട്രാൻസ്ലേഷൻ നടക്കുന്നത്. മനുഷ്യരും മറ്റ് സസ്തനികളും സ്വാഭാവിക ഹോസ്റ്റ് പ്രവർത്തിക്കുന്നു. ഫേക്കൽ-ഓറൽ അല്ലെങ്കിൽ മലിനീകരണം വഴിയാണ് പകരുന്നത്.[32]
Remove ads
പാത്തോഫിസിയോളജി
ഒരു വ്യക്തിക്ക് നോറോവൈറസ് ബാധിച്ചാൽ, വൈറസ് ചെറുകുടലിൽ പെരുകുന്നു. അക്യൂട്ട് ആയ ലക്ഷണങ്ങൾ ആണ് മുഖ്യമായും ഉള്ളത്. ഗാസ്ട്രൊ എന്ററൈറ്റിസ്, ഓക്കാനം, ശക്തമായ ഛർദ്ദി, വയറിളക്കം, വൈറസ് ബാധിച്ച് 12-48 മണിക്കൂറിൽ തുടങ്ങി 24-72 മണിക്കൂർ വരെ നീണ്ടുനിൽക്കുന്ന വയറുവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.[45] ചിലപ്പോൾ രുചി നഷ്ടപ്പെടൽ, പൊതുവായ അലസത, ബലഹീനത, പേശി വേദന, തലവേദന, ചുമ, കൂടാതെ/അല്ലെങ്കിൽ കുറഞ്ഞ ഗ്രേഡ് പനി എന്നിവയും ഉണ്ടാകാം. രോഗം സാധാരണയായി സ്വയം ശമിക്കുന്നു.
കഠിനമായ അസുഖം വിരളമാണ്. യുണൈറ്റഡ് സ്റ്റേറ്റ്സിൽ നോറോവൈറസ് മൂലമുള്ള മരണങ്ങളുടെ എണ്ണം 570-800[46] ആണെന്ന് കണക്കാക്കപ്പെടുന്നു, ഇവയിൽ ഭൂരിഭാഗവും വളരെ ചെറിയ കുട്ടികൾ, പ്രായമായവർ, ദുർബലമായ രോഗപ്രതിരോധ ശേഷി ഉള്ളവർ എന്നിവരാണ്. നിർജ്ജലീകരണം അല്ലെങ്കിൽ ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥ അവഗണിക്കുകയോ ചികിത്സിക്കാതിരിക്കുകയോ ചെയ്താൽ ഈ ഗ്രൂപ്പുകളിൽ രോഗ ലക്ഷണങ്ങൾ ജീവന് ഭീഷണിയായേക്കാം.[47]
രോഗനിർണയം
പോളിമറേസ് ചെയിൻ റിയാക്ഷൻ (പിസിആർ) പരിശോധനകൾ അല്ലെങ്കിൽ ക്വാണ്ടിറ്റേറ്റീവ് പിസിആർ പരിശോധനകൾ വഴിയാണ് നോറോവൈറസിന്റെ പ്രത്യേക രോഗനിർണയം നടത്തുന്നത്. ഇത് ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഫലം നൽകുന്നു. വളരെ സെൻസിറ്റീവ് ആയ ഈ പരിശോധനകൾ 10 വൈറസ് കണങ്ങൾ ഉള്ളപ്പോൾ പോലും രോഗം കണ്ടെത്താൻ കഴിയും.[48] നോറോവൈറസ് സ്‌ട്രെയിനുകളുടെ മിശ്രിതത്തിനെതിരെയുള്ള ആന്റിബോഡികൾ ഉപയോഗിക്കുന്ന എലിസ പോലുള്ള പരിശോധനകൾ വാണിജ്യപരമായി ലഭ്യമാണ്, എന്നാൽ ഇവയ്ക്ക് സ്പെസിഫിസിറ്റിയും സെൻസിറ്റിവിറ്റിയും ഇല്ല.[49]
Remove ads
പ്രതിരോധം
അണുബാധയ്ക്ക് ശേഷം, വൈറസിന്റെ അതേ സ്ട്രെയിനിനോടുള്ള ആർജ്ജിത പ്രതിരോധശേഷി 6 മാസം മുതൽ 2 വർഷം വരെ വീണ്ടും അണുബാധ വരുന്നതിൽ നിന്ന് സംരക്ഷിക്കുന്നു.[50] വൈറസിന്റെ മറ്റ് ജനിതകരൂപങ്ങൾ മൂലമുള്ള അണുബാധയിൽ നിന്ന് ഈ പ്രതിരോധശേഷി പൂർണ്ണമായും സംരക്ഷിക്കുന്നില്ല.[50]
കാനഡയിൽ, നോറോവൈറസ് ഒരു നോട്ടിഫയബിൾ (ശ്രദ്ധേയമായ) രോഗമാണ്.[51] യുഎസിലും യുകെയിലും ഇത് നോട്ടിഫയബിളല്ല.[52][53]
കൈ കഴുകലും അണുനാശിനികളും
സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുന്നത് നോറോവൈറസ് രോഗാണുക്കളുടെ സംക്രമണം കുറയ്ക്കുന്നതിനുള്ള ഫലപ്രദമായ മാർഗ്ഗമാണ്. ആൽക്കഹോൾ റബ്ബുകൾ (≥62% ഐസോപ്രോപൈൽ ആൽക്കഹോൾ) ഒരു അനുബന്ധമായി ഉപയോഗിക്കാം, പക്ഷേ നോറോവൈറസിന് ലിപിഡ് വൈറൽ എൻവലപ്പ് ഇല്ലാത്തതിനാൽ ആൽക്കഹോൾ റബ് കൈകഴുകുന്നതിനേക്കാൾ ഫലപ്രദമല്ല.[54] 1.5% -7.5% വരെ ബ്ലീച്ച് ലായനിയോ നോറോവൈറസിനെതിരെ ഫലപ്രദമായ മറ്റ് അണുനാശിനികളോ ഉപയോഗിച്ച് നോറോവൈറസ് കണികകൾ ഉണ്ടാകാനിടയുള്ള ഉപരിതലങ്ങൾ അണുവിമുക്തമാക്കാം.[45][55][56]
വാക്സിൻ പരീക്ഷണങ്ങൾ
ലിഗോസൈറ്റ് 2007-ൽ ഒരു വാക്‌സിൻ തയ്യാറാക്കുന്നുണ്ടെന്നും, അതിന്റെ ഘട്ടം 1 പരീക്ഷണങ്ങൾ ആരംഭിച്ചതായും പ്രഖ്യാപിച്ചു.[57] അതിനുശേഷം കമ്പനി ടകെഡ ഫാർമസ്യൂട്ടിക്കൽ കമ്പനി ഏറ്റെടുത്തു.[58] 2019 വരെയായി, ഒരു ബൈവാലന്റ് (NoV GI.1/GII.4) ഇൻട്രാമസ്‌കുലർ വാക്‌സിൻ ഘട്ടം 1 ട്രയൽ പൂർത്തിയാക്കി.[59][60] 2020-ൽ ഘട്ടം 2 ബി ട്രയൽ പൂർത്തിയായി.[61][62] വൈറസിന്റെ ബാഹ്യഘടനയെ അനുകരിക്കുന്നതിനായി നോറോവൈറസ് ക്യാപ്‌സിഡ് പ്രോട്ടീനുകൾ കൊണ്ട് നിർമ്മിച്ച വൈറസ് പോലുള്ള കണികയെയാണ് വാക്സിൻ ആശ്രയിക്കുന്നത്. ഈ കണികയിൽ ആർഎൻഎ ഇല്ലാത്തതിനാൽ, അത് അണുബാധയ്ക്ക് കാരണമാകില്ല.[57]
നിലനിൽപ്പ്
നോറോവൈറസിന് മനുഷ്യ ശരീരത്തിന് പുറത്ത്, ഉപരിതലവും താപനിലയും അനുസരിച്ച് വളരെക്കാലം നിലനിൽക്കാൻ കഴിയും. കഠിനവും മൃദുവായതുമായ പ്രതലങ്ങളിൽ അതിന് ആഴ്ചകളോളവും,[63] അതുപോലെ മലിനമായ നിശ്ചല ജലത്തിൽ മാസങ്ങളോ ഒരുപക്ഷേ വർഷങ്ങളോ നിലനിൽക്കാൻ വൈറസിന് കഴിയും.[64] 2006-ലെ ഒരു പഠനത്തിൽ, മലിനീകരണം കഴിഞ്ഞ് ഏഴ് ദിവസത്തിന് ശേഷവും ഭക്ഷണം തയ്യാറാക്കാൻ ഉപയോഗിക്കുന്ന പ്രതലങ്ങളിൽ വൈറസ് അവശേഷിക്കുന്നുണ്ടെന്ന് കണ്ടെത്തി.[65]
Remove ads
ചികിത്സ
നോറോവൈറസ് രോഗം ചികിത്സിക്കാൻ പ്രത്യേകമായി മരുന്ന് ഇല്ല. നോറോവൈറസ് അണുബാധയെ ആൻറിബയോട്ടിക്കുകൾ ഉപയോഗിച്ച് ചികിത്സിക്കാൻ കഴിയില്ല, കാരണം ഇത് ഒരു വൈറസാണ്. ഛർദ്ദിയിലും വയറിളക്കത്തിലും ദ്രാവകം നഷ്ടപ്പെടുന്നത് മൂലമുണ്ടാകുന്ന നിർജ്ജലീകരണം നിയന്ത്രിക്കുക[5] ആന്റിമെറ്റിക്‌സ്, ആൻറി ഡയറിയൽസ് എന്നിവ ഉപയോഗിച്ച് രോഗലക്ഷണങ്ങൾ ലഘൂകരിക്കുക തുടങ്ങിയ നടപടികളിലൂടെ സങ്കീർണതകൾ ഒഴിവാക്കുകയാണ് ചികിത്സകളിലൂടെ ലക്ഷ്യമിടുന്നത്.[66]
Remove ads
എപ്പിഡെമിയോളജി


ലോകമെമ്പാടുമുള്ള അക്യൂട്ട് ഗ്യാസ്ട്രോഎൻറൈറ്റിസ് കേസുകളിൽ 18 ശതമാനവും നോറോവൈറസ് കാരണമാണ് സംഭവിക്കുന്നത്. വികസിത രാജ്യങ്ങളിലും മരണനിരക്ക് കുറഞ്ഞ വികസ്വര രാജ്യങ്ങളിലും (യഥാക്രമം 20%, 19%) രോഗബാധ ഉയർന്ന മരണനിരക്ക് ഉള്ള വികസ്വര രാജ്യങ്ങളെ അപേക്ഷിച്ച് (14%) താരതമ്യേന സാധാരണമാണ്. ഹോസ്പിറ്റൽ ഇൻപേഷ്യന്റുകളെ അപേക്ഷിച്ച് (17%) സമൂഹത്തിലും ആശുപത്രി ഔട്ട്പേഷ്യന്റുകളിലും (യഥാക്രമം 24%, 20%) ഇത് കൂടുതൽ രോഗ ബാധക്ക് കാരണമാകുന്നു.[67]
ക്രൂയിസ് കപ്പലുകളിൽ ഗ്യാസ്ട്രോഎൻറൈറ്റിസ് പകർച്ചവ്യാധികൾ ഉണ്ടാകാനുള്ള ഒരു സാധാരണ കാരണമാണ് നോറോവൈറസ്. സിഡിസി അതിന്റെ വെസൽ സാനിറ്റേഷൻ പ്രോഗ്രാമിലൂടെ യുഎസ്, വിദേശ ക്രൂയിസ് കപ്പലുകളിൽ ദഹനനാളത്തിന്റെ അസുഖം-കൂടുതലും നോറോവൈറസ് മൂലമുണ്ടാകുന്ന രോഗ ബാധകൾ രേഖപ്പെടുത്തുകയും അന്വേഷിക്കുകയും ചെയ്യുന്നു;[68] 2015-ൽ 12 ഉം 2016 ജനുവരി1 മുതൽ മെയ് 9 വരെ 10 രോഗ ബാധകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരു രോഗപ്പകർച്ച 25% യാത്രക്കാരെയും ചെറിയ ശതമാനം ക്രൂ അംഗങ്ങളെയും ബാധിച്ചേക്കാം.[69]
Remove ads
ചരിത്രം
1968 നവംബറിൽ കുട്ടികളിൽ അക്യൂട്ട് ഗ്യാസ്ട്രോഎൻറൈറ്റിസ് പൊട്ടിപ്പുറപ്പെട്ട യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഒഹായോയിലെ ബ്രോൺസൺ എലിമെന്ററി സ്കൂൾ നിലനിൽക്കുന്ന നോർവാക്ക് എന്ന സ്ഥലത്തിന്റെ പേരിലാണ് നോറോവൈറസിന് ആദ്യം "നോർവാക്ക് ഏജന്റ്" എന്ന് പേരിട്ടത് (1936 ൽ ഡെൻമാർക്കിലെ റോസ്കിൽഡിൽ ഒരു രോഗബാധ ഇതിനകം കണ്ടെത്തിയിരുന്നു. അവിടെ അത് സാധാരണയായി "റോസ്കിൽഡെ സൈജ്" അല്ലെങ്കിൽ "റോസ്കിൽഡെ അസുഖം" എന്ന് അറിയപ്പെടുന്നു). 1972-ൽ, മനുഷ്യ മല സാമ്പിളുകളിലെ ഇലക്ട്രോൺ മൈക്രോസ്കോപ്പി ഒരു വൈറസിനെ തിരിച്ചറിഞ്ഞു, അതിന് "നോർവാക്ക് വൈറസ്" എന്ന പേര് നൽകി. സമാനമായ ലക്ഷണങ്ങളുള്ള നിരവധി രോഗപ്പകർച്ചകൾ അതിനുശേഷം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നോർവാക്ക് വൈറസ് ജീനോമിന്റെ ക്ലോണിംഗും സീക്വൻസിംഗും കാണിക്കുന്നത് ഈ വൈറസുകൾക്ക് കാലിസിവിരിഡേ കുടുംബത്തിൽ പെട്ട വൈറസുകളുമായി പൊരുത്തപ്പെടുന്ന ഒരു ജനിതക സംഘടനയുണ്ടെന്ന് ആണ്.[70] ജനുസ്സിന്റെ "നോറോവൈറസ്" എന്ന പേരിന് ഇന്റർനാഷണൽ കമ്മിറ്റി ഓൺ ടാക്സോണമി ഓഫ് വൈറസസ് (ICTV) 2002-ൽ അംഗീകാരം നൽകി.[71] എന്നിരുന്നാലും, രോഗം പൊട്ടിപ്പുറപ്പെടുമ്പോൾ നോറോവൈറസ് എന്ന ജനുസ്സിന് പകരം നോർവാക്ക് വൈറസ് എന്ന് പരാമർശിക്കണമെന്ന് പറഞ്ഞ് ഐസിടിവി 2011-ൽ, മാധ്യമങ്ങളെയും ദേശീയ ആരോഗ്യ അധികാരികളെയും ശാസ്ത്ര സമൂഹത്തെയും പരാമർശിച്ച് ഒരു പത്രക്കുറിപ്പും ഒരു വാർത്താക്കുറിപ്പും[72] പ്രസിദ്ധീകരിച്ചു. ജപ്പാനിലെയും മറ്റിടങ്ങളിലെയും കുടുംബപ്പേരായ "നോറോ" ഉള്ള ആളുകൾക്ക് എതിര് ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ നൊറോവൈറസ് ജനുസ്സിന്റെ പേര് പുനർനാമകരണം ചെയ്യാനുള്ള ജപ്പാനിലെ ഒരു വ്യക്തിയുടെ അഭ്യർത്ഥനയോട് ഐസിടിവിയുടെ പൊതു പ്രതികരണം കൂടിയായിരുന്നു ഇത്. ഐസിടിവിയുടെ ഈ നിലപാട് പരസ്യമാക്കുന്നതിന് മുമ്പ്, കാലിസിവിരിഡേ സ്റ്റഡി ഗ്രൂപ്പിലെ അംഗങ്ങളുമായി ഐസിടിവി വ്യാപകമായി കൂടിയാലോചിക്കുകയും കേസ് ശ്രദ്ധാപൂർവ്വം ചർച്ച ചെയ്യുകയും ചെയ്തു.
"നോർവാക്ക് ഏജന്റ്", "നോർവാക്ക് വൈറസ്" എന്നിവ കൂടാതെ, ഈ വൈറസിനെ "നോർവാക്ക്-ലൈക്ക് വൈറസ്", "സ്മാൾ, റൌണ്ട്-സ്ട്രക്ചേഡ് വൈറസുകൾ" (SRSVs), സ്പെൻസർ ഫ്ലൂ, "സ്നോ മൌണ്ടേൻ വൈറസ്" എന്നീ പേരുകളിലും വിളിക്കുന്നു.[73] നോറോവൈറസുകൾ മൂലമുണ്ടാകുന്ന രോഗങ്ങളുടെ പൊതുവായ പേരുകളിൽ "റോസ്കിൽഡ് ഇൽനസ്", "വിന്റർ വൊമിറ്റിങ് ഡിസീസ്",[74] "വിന്റർ വൊമിറ്റിങ് ബഗ്", "വൈറൽ ഗ്യാസ്ട്രോഎൻറൈറ്റിസ്", "അക്യൂട്ട് നോൺ ബാക്ടീരിയൽ ഗ്യാസ്ട്രോഎൻറൈറ്റിസ്" എന്നിവ ഉൾപ്പെടുന്നു.[47]
Remove ads
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads