ടോണോമെട്രി
From Wikipedia, the free encyclopedia
Remove ads
നേത്ര സംരക്ഷണ വിദഗ്ദ്ധർ കണ്ണിൻ്റെ മർദ്ദം നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന പരിശോധനാ രീതികളാണ് ടോണോമെട്രി എന്ന് അറിയപ്പെടുന്നത്. ഗ്ലോക്കോമ അപകടസാധ്യതയുള്ള രോഗികളെ വിലയിരുത്തുന്നതിനുള്ള ഒരു പ്രധാന പരിശോധനയാണിത്.[1] മിക്ക ടോണോമീറ്ററുകളും മർദ്ദം അളക്കുന്നത് മില്ലിമീറ്റർ മെർക്കുറിയിൽ (എംഎംഎച്ച്ജി) ആണ്.
Remove ads
രീതികൾ


അപ്ലനേഷൻ ടോണോമെട്രി
അപ്ലാനേഷൻ ടോണോമെട്രിയിൽ, കോർണിയയുടെ കേന്ദ്ര ഭാഗത്തുള്ള ഗോളീയ പ്രതലം പരന്നതാക്കുന്നതിന് (അപ്ലാനേറ്റ്) ആവശ്യമായ ശക്തിയിൽ നിന്നാണ് ഇൻട്രാഒക്യുലർ മർദ്ദം അനുമാനിക്കുന്നത് (ഇംബർട്ട്-ഫിക്ക് ലോ പ്രകാരം).[2] ഈ രീതിയുടെ ആദ്യകാല ഉദാഹരണമാണ് മക്ലാക്കോഫ് ടോണോമീറ്റർ. നിലവിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന അപ്ലനേഷൻ ടോണോമെട്രി പതിപ്പാണ് ഗോൾഡ്മാൻ ടോണോമീറ്റർ.[3] ഈ രീതി കോർണിയയുമായി സമ്പർക്കം പുലർത്തുന്നതിനാൽ, പ്രോക്സിമെറ്റാകൈൻ പോലുള്ള ടോപിക്കൽ അനസ്തെറ്റിക് കണ്ണിന്റെ ഉപരിതലത്തിൽ ഒഴിച്ച് മരവിപ്പിച്ചതിന് ശേഷമാണ് നടപടിക്രമം ചെയ്യുന്നത്.
ഗോൾഡ്മാൻ ടോണോമെട്രി
ഗോൾഡ്മാൻ ടോണോമെട്രി, കണ്ണിന്റെ മർദ്ദ പരിശോധനയിൽ ഗോൾഡ് സ്റ്റാൻഡേർഡ് ടെസ്റ്റായി കണക്കാക്കപ്പെടുന്നു, ഇത് ഏറ്റവും വ്യാപകമായി അംഗീകരിക്കപ്പെട്ട രീതിയാണ്.[4][5] പരീക്ഷകൻ സ്ലിറ്റ് ലാമ്പിൽ ഒരു കോബാൾട്ട് നീല ഫിൽട്ടർ ഉപയോഗിച്ച് ടോണോമീറ്റർ കോർണിയയിൽ മുട്ടിക്കുന്നു. ഇങ്ങനെ ചെയ്താൽ രണ്ട് പച്ച അർദ്ധവൃത്തങ്ങൾ കാണാൻ സാധിക്കും. വ്യൂഫൈൻഡറിലെ പച്ച അർദ്ധവൃത്തങ്ങളുടെ ആന്തരിക അറ്റങ്ങൾ തമ്മിൽ മുട്ടിക്കുന്നതിന് ആവശ്യമായ ബലത്തിന് അനുസരിച്ചാണ് മർദ്ദം കണക്കാക്കുന്നത്. മറ്റ് ഇൻവേസീവ് ടോണോമീറ്ററുകളെപ്പോലെ ഇതും ഇടയ്ക്കിടക്ക് തെറ്റുകൾ ഒഴിവാക്കി ക്രമീകരിക്കേണ്ടതാണ്.[6][7]
പെർകിൻസ് ടോണോമീറ്റർ
കുട്ടികൾ, നിവർന്ന് കിടക്കുന്ന അനസ്തേഷ്യ ചെയ്ത രോഗികൾ, അല്ലെങ്കിൽ സിറ്റിംഗ് സ്ലിറ്റ് ലാമ്പ് പരിശോധനയുമായി സഹകരിക്കാൻ കഴിയാത്ത രോഗികൾ എന്നിവരുടെ കണ്ണിന്റെ മർദ്ദം പരിശോധിക്കാൻ സഹായിക്കുന്ന, ഗോൾഡ്മാനുമായി താരതമ്യപ്പെടുത്താവുന്ന ക്ലിനിക്കൽ ഫലങ്ങൾ നൽകുന്ന മറ്റൊരു ടോണോമീറ്ററാണ് പെർകിൻസ് ടോണോമീറ്റർ.[8]
ഡൈനാമിക് കോണ്ടൂർ ടോണോമെട്രി

ഡൈനാമിക് കോണ്ടൂർ ടോണോമെട്രി (ഡിസിടി) അപ്ലനേഷന് പകരം കോണ്ടൂർ മാച്ചിങ്ങ് തത്വം ഉപയോഗിക്കുന്നു. ഇതിൻ്റെ അറ്റത്ത് കോർണിയയുടെ അതേ ആകൃതിയിലുള്ള പൊള്ളയായ ഒരു മിനിയേച്ചർ പ്രഷർ സെൻസർ ഉണ്ട്. അപ്ലാനേഷൻ ടോണോമെട്രിക്ക് വിപരീതമായി, ഇത് മർദ്ദം അളക്കുമ്പോൾ കോർണിയയുടെ രൂപം മാറുന്നത് ഒഴിവാക്കുന്ന തരത്തിൽ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. അതിനാൽ കോർണിയയുടെ കനം, കോർണിയയുടെ മറ്റ് ബയോമെക്കാനിക്കൽ പ്രവർത്തനങ്ങൾ എന്നിവ മൂലം സംഭവിക്കാവുന്ന മർദ്ദ വ്യത്യാസങ്ങൾ മറ്റ് രീതികളേക്കാൾ കുറവാണ് എന്ന് കരുതപ്പെടുന്നു. പക്ഷേ ടിപ്പ് ആകാരം ഒരു സാധാരണ കോർണിയയുടെ ആകൃതിക്ക് സമമായി രൂപകൽപ്പന ചെയ്തിരിക്കുന്നതിനാൽ, ഇത് കോർണിയൽ വക്രതയാൽ കൂടുതൽ സ്വാധീനിക്കപ്പെടുന്നു.[9]
സെൻട്രൽ കോർണിയയിലെ പ്രീ-കോർണിയൽ ടിയർ ഫിലിമിലാണ് പ്രോബ് സ്ഥാപിച്ചിരിക്കുന്നത് (ഗാലറി കാണുക). ഇൻ്റഗ്രേേറ്റീവ് പൈസോറെസിസ്റ്റീവ് പ്രഷർ സെൻസർ സ്വപ്രേരിതമായി ഡാറ്റ ശേഖരിക്കും, ഇത് സെക്കൻഡിൽ 100 തവണ IOP അളക്കുന്നു. ടോണോമീറ്റർ ടിപ്പ് കോർണിയയിൽ ഒരു ഗ്രാം സ്ഥിരം അപ്പോസിഷണൽ ഫോഴ്സ് ഉപയോഗിച്ച് നിൽക്കുന്നു. സമ്മർദ്ദത്തിലെ മാറ്റത്തിന് അനുസരിച്ച് വൈദ്യുതപ്രതിരോധം മാറ്റുകയും, ടോണോമീറ്ററിന്റെ കമ്പ്യൂട്ടർ, പ്രതിരോധത്തിലെ മാറ്റത്തിനനുസരിച്ച് സമ്മർദ്ദത്തിലെ മാറ്റം കണക്കാക്കുകയും ചെയ്യുന്നു. ഒരു സമ്പൂർണ്ണ മെഷർമെൻ്റ് സൈക്കിളിന് ഏകദേശം എട്ട് സെക്കൻഡ് കോൺടാക്റ്റ് സമയം ആവശ്യമാണ്. ഹൃദയചക്രത്തിനൊപ്പം സംഭവിക്കുന്ന സമ്മർദ്ദത്തിന്റെ വ്യതിയാനവും ഈ ഉപകരണം ഉപയോഗിച്ച് അളക്കാൻ കഴിയും.[10][11][12]
ഇലക്ട്രോണിക് ഇൻഡന്റേഷൻ ടോണോമെട്രി
ഇലക്ട്രോണിക് ഇൻഡന്റേഷൻ ടോണോമീറ്ററുകൾ പരിഷ്കരിച്ച മാകെ-മാർഗ് ടോണോമീറ്ററുകൾ ആണ്. ഇത് മർദ്ദം കണ്ടെത്തുന്നതിന് ഒരു സ്വതന്ത്ര ഫ്ലോട്ടിംഗ് ട്രാൻസ്ഫ്യൂസർ ഉപയോഗിക്കുന്നു. ട്രാൻസ്ഫ്യൂസറിന് ചുറ്റും ഒരു ബാഹ്യ വലയം ഉണ്ട്, അത് തൊട്ടടുത്തുള്ള കോർണിയയെ പരനത്തി അളവിലുള്ള സ്വാധീനം കുറയ്ക്കുന്നു. ഉപകരണം കോർണിയയിൽ സ്പർശിക്കുന്നതിനാൽ, ടോപിക്കൽ അനസ്തെറ്റിക് തുള്ളി മരുന്നുകൾ കണ്ണിനെ മരവിപ്പിക്കാൻ ഉപയോഗിക്കുന്നു. കൊണ്ടു നടക്കാനും ഉപയോഗിക്കാനും ഉള്ള സൗകര്യം മൂലം നോൺ-കോൺടാക്റ്റ് ടോണോമെട്രി പോലെ, ഈ ഉപകരണങ്ങൾ കുട്ടികളിലും സഹകരിക്കാത്ത രോഗികളിലും പലപ്പോഴും ഉപയോഗിക്കാറുണ്ട്. വെറ്റിനറി ടോണോമെട്രിയിൽ പോർട്ടബിൾ ഇലക്ട്രോണിക് ടോണോമീറ്ററുകളും പ്രധാന പങ്ക് വഹിക്കുന്നു.
റീബൗണ്ട് ടോണോമെട്രി
റീബൗണ്ട് ടോണോമീറ്ററുകൾ കോർണിയയ്ക്കെതിരെ ഒരു ചെറിയ പ്ലാസ്റ്റിക് ടിപ്പ്ഡ് മെറ്റൽ പ്രോബ് ബൗൺസ് ചെയ്ത് ഇൻട്രാഒക്യുലർ മർദ്ദം നിർണ്ണയിക്കുന്നു. പ്രോബ് കാന്തികമാക്കുന്നതിനും കോർണിയയ്ക്കെതിരെ ഫയർ ചെയ്യുന്നതിനും ഈ ഉപകരണം ഒരു ഇൻഡക്ഷൻ കോയിൽ ഉപയോഗിക്കുന്നു. പ്രോബ് കോർണിയയ്ക്കെതിരായി ബൗൺസ് ചെയ്ത് വീണ്ടും ഉപകരണത്തിലേക്ക് എത്തുമ്പോൾ, ഇത് ഒരു ഇൻഡക്ഷൻ കറന്റ് സൃഷ്ടിക്കുന്നു, അതിൽ നിന്ന് ഇൻട്രാഒക്യുലർ മർദ്ദം കണക്കാക്കുന്നു. ഉപകരണം ലളിതവും ഉപയോഗിക്കാൻ എളുപ്പവുമാണ്. ഇത് കൊണ്ടു നടക്കാൻ കഴിയും, കൂടാതെ തുള്ളി മരുന്നുകളുടെ ഉപയോഗം ആവശ്യമില്ല. ഇത് കുട്ടികൾക്കും സഹകരിക്കാത്ത രോഗികൾക്കും പ്രത്യേകിച്ചും അനുയോജ്യമാണ്.[13]
ന്യൂമാറ്റോണോമെട്രി
ഒരു ന്യൂമാറ്റോണോമീറ്റർ ഒരു ന്യൂമാറ്റിക് സെൻസർ ഉപയോഗിക്കുന്നു (എയർ ബെയറിംഗിൽ പൊങ്ങിക്കിടക്കുന്ന പിസ്റ്റൺ അടങ്ങിയിരിക്കുന്നു). ഫിൽട്ടർ ചെയ്ത വായു പിസ്റ്റണിലേക്ക് പമ്പ് ചെയ്യുകയും ഒരു ചെറിയ 5 മി.മീ (0.016 അടി) ഫെനെസ്ട്രേേറ്റഡ് മെംബ്രൺ വഴി സഞ്ചരിക്കുകയും ചെയ്യുന്നു. ഈ മെംബ്രൺ കോർണിയയ്ക്ക് എതിരായി സ്ഥാപിച്ചിരിക്കുന്നു. മെഷീനിൽ നിന്നുള്ള വായുവിന്റെ ഒഴുക്കും കോർണിയയിൽ നിന്നുള്ള പ്രതിരോധവും തമ്മിലുള്ള സന്തുലിതാവസ്ഥ പിസ്റ്റണിന്റെ ചലനത്തെ ബാധിക്കുന്നു. ഈ ചലനം ഇൻട്രാ-ഒക്കുലാർ മർദ്ദം കണക്കാക്കാൻ ഉപയോഗിക്കുന്നു.
ഇംപ്രഷൻ ടോണോമെട്രി
ഭാരം ഉള്ള ഒരു ചെറിയ പ്ലങ്കർ ഉണ്ടാക്കുന്ന കോർണിയൽ ഇൻഡന്റേഷൻ ഉപയോഗിച്ച് കണ്ണിൻ്റെ മർദ്ദം അളക്കുന്ന രീതി ഇംപ്രഷൻ ടോണോമെട്രി അല്ലെങ്കിൽ ഇൻഡന്റേഷൻ ടോണോമെട്രി എന് അറിയപ്പെടുന്നു. ഉയർന്ന ഇൻട്രാക്യുലർ മർദ്ദം കോർണിയൽ ഇൻഡൻ്റേഷൻ കുറയ്ക്കുന്നതിനാൽ, പ്ലങ്കർ പുഷ് കൂടുതൽ കഠിനമാക്കുന്നതിന് അധിക ഭാരം ചേർക്കാം.[14] കാലിബ്രേറ്റഡ് സ്കെയിൽ ഉപയോഗിച്ചാണ് പ്ലങ്കറിന്റെ ചലനം അളക്കുന്നത്. ഈ തത്ത്വം ഉപയോഗിക്കുന്ന ഏറ്റവും സാധാരണമായ ഉപകരണമാണ് ഷിയോട്ട്സ് ടോണോമീറ്റർ.
നോൺ-കോർണിയൽ, ട്രാൻസ്പാൽപെബ്രൽ ടോണോമെട്രി

കൺപോളയിലൂടെയുള്ള ഇൻട്രാഒക്യുലർ മർദ്ദം അളക്കുന്ന രീതികളെയാണ് ട്രാൻസ്പാൽപെബ്രൽ ടോണോമെട്രി എന്ന് പറയുന്നത്. ഡയാറ്റൺ നോൺ-കോർണിയൽ ടോണോമീറ്റർ ഒരു ഫ്രീ ഫാളിങ്ങ് റോഡിൻ്റെ പ്രതികരണം അളക്കുന്നതിലൂടെ മർദ്ദം കണക്കാക്കുന്നു.[15] നോൺ-കോർണിയൽ, ട്രാൻസ്പാൽപെബ്രൽ ടോണോമെട്രി കോർണിയയുമായി സമ്പർക്കം പുലർത്തുന്നില്ല, അതിനാൽ പതിവ് ഉപയോഗത്തിൽ ടോപിക്കൽ അനസ്തെറ്റിക് ആവശ്യമില്ല. മയോപിക് ലസിക് അബ്ളേഷനുശേഷം പോസ്റ്റ് സർജറി ഐഒപി അളക്കാൻ ട്രാൻസ്പാൽപെബ്രൽ ടോണോമെട്രി ഉപയോഗപ്രദമാകും, കാരണം ഈ രീതി ചികിത്സയെ സ്വാധീനിക്കുന്നില്ല.[16] ഡയറ്റൺ ടോണോമീറ്ററിന് പക്ഷെ ഇനിയും കൂടുതൽ വിലയിരുത്തൽ ആവശ്യമാണ്, മാത്രമല്ല ഇത് കൂടുതൽ സ്ഥാപിതമായ രീതികൾക്ക് പകരമോ ബദലോ അല്ല.[17] മിക്ക രോഗികളിലും (ഒക്കുലർ ഹൈപ്പർടെൻഷൻ, ഗ്ലോക്കോമ, ഗ്ലോക്കോമ ട്യൂബ് ഷണ്ടുകൾ എന്നിവയുൾപ്പെടെ) സാധാരണയായി ഉപയോഗിക്കുന്ന ടോണോമീറ്ററുമായി (ഉദാ. GAT) താരതമ്യപ്പെടുത്തുമ്പോൾ ഡയറ്റൺ ടോണോമീറ്ററിന് വലിയ പിശകുണ്ട്.[18]
നോൺ-കോൺടാക്റ്റ് ടോണോമെട്രി
നോൺ-കോൺടാക്റ്റ് ടോണോമെട്രി (അല്ലെങ്കിൽ എയർ-പഫ് ടോണോമെട്രി) ന്യൂമാറ്റോണോമെട്രിയിൽ നിന്ന് വ്യത്യസ്തമാണ്, ഇത് കണ്ടുപിടിച്ചത് റീചെർട്ട് Inc (മുമ്പ് അമേരിക്കൻ ഒപ്റ്റിക്കൽ) ലെ ബെർണാഡ് ഗ്രോൾമാൻ ആണ്. കോർണിയയെ ആപ്ലാനേറ്റ് ചെയ്യാൻ (പരന്നതാക്കാൻ) ഇത് ഒരു ദ്രുത വായു പൾസ് ഉപയോഗിക്കുന്നു. ഒരു ഇലക്ട്രോ-ഒപ്റ്റിക്കൽ സിസ്റ്റം വഴി കോർണിയൽ അപ്ലനേഷൻ കണ്ടെത്തി, അപ്ലനേഷന് ആവശ്യമായ എയർ ജെറ്റിന്റെ ശക്തി കണ്ടെത്തുന്നതിലൂടെ ഇൻട്രാക്യുലർ മർദ്ദം കണക്കാക്കുന്നു.[19] ഉയർന്ന ഐഒപി സ്ക്രീൻ ചെയ്യുന്നതിനുള്ള വേഗതയേറിയതും ലളിതവുമായ മാർഗ്ഗമാണ് എങ്കിലും ചരിത്രപരമായി, നോൺ-കോൺടാക്റ്റ് ടോണോമീറ്ററുകൾ ഐഒപി അളക്കുന്നതിനുള്ള കൃത്യമായ മാർഗമായി കണക്കാക്കപ്പെട്ടിരുന്നില്ല. എന്നാൽ, ആധുനിക നോൺ-കോൺടാക്റ്റ് ടോണോമീറ്ററുകൾ ഗോൾഡ്മാൻ ടോണോമെട്രി അളവുകളുമായി നന്നായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്, ഇത് കുട്ടികളിലും മറ്റ് സഹകരിക്കാത്ത രോഗി ഗ്രൂപ്പുകളിലും ഐഒപി അളക്കുന്നതിന് പ്രത്യേകിച്ചും ഉപയോഗപ്രദമാണ്.
ഒക്കുലാർ റെസ്പോൺസ് അനലൈസർ
ടോപ്പിക്കൽ അനസ്തേഷ്യ ആവശ്യമില്ലാത്തതും കോർണിയയുടെ ബയോമെക്കാനിക്കൽ ഗുണങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകുന്നതുമായ നോൺ-കോൺടാക്റ്റ് (എയർ പഫ്) ടോണോമീറ്ററാണ് ഒക്കുലാർ റെസ്പോൺസ് അനലൈസർ (ORA). കോർണിയയെ ചെറിയ രീതിയിൽ കോൺകേവ് ആയി രൂപഭേദം വരുത്താൻ ഇത് ഒരു എയർ പൾസ് ഉപയോഗിക്കുന്നു. കോർണിയ അകത്തേക്കും പുറത്തേക്കും പരത്തുന്ന മർദ്ദം തമ്മിലുള്ള വ്യത്യാസം യന്ത്രം അളക്കുകയും കോർണിയൽ ഹിസ്റ്റെറിസിസ് (സിഎച്ച്) എന്ന് വിളിക്കുകയും ചെയ്യുന്നു. അളക്കലിൽ കോർണിയ മൂലം ഉണ്ടാകുന്ന പിശകുക ശരിയാക്കാൻ മെഷീൻ ഈ മൂല്യം ഉപയോഗിക്കുന്നു.[20]
പാൽപേഷൻ
അടഞ്ഞ കണ്ണിന്റെ കോർണിയയ്ക്കെതിരെ ചൂണ്ടുവിരൽ സൗമ്യമായി അമർത്തിക്കൊണ്ട് ഇൻട്രാഒക്യുലർ മർദ്ദം കണക്കാക്കുന്ന രീതിയാണ് പാൽപേഷൻ (ഡിജിറ്റൽ ടോണോമെട്രി എന്നും അറിയപ്പെടുന്നു). ഈ രീതി ഒട്ടും തന്നെ വിശ്വസനീയമല്ല.[21]
Remove ads
സ്വാധീനിക്കുന്ന ഘടകങ്ങൾ
സെൻട്രൽ കോർണിയൽ തിക്ക്നെസ് (സിസിടി)
ടോണോമീറ്ററിൻ്റെ പ്രതിരോധം വ്യത്യാസപ്പെടുത്തി കോർണിയയുടെ കനം മിക്ക ടോണോമെട്രി രീതികളെയും ബാധിക്കുന്നു. കട്ടിയുള്ള ഒരു കോർണിയ കണ്ണിലെ മർദ്ദം അമിതമായി കണക്കാക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു അതേപോലെ നേർത്ത കോർണിയ മർദ്ദം കുറച്ചു കാണിക്കും. പക്ഷേ വ്യക്തിഗത രോഗികളിൽ അളവെടുക്കൽ പിശകിന്റെ വ്യാപ്തി സിസിടിയിൽ നിന്ന് മാത്രം കണ്ടെത്താൻ കഴിയില്ല.[22] ഗോൾഡ്മാൻ ടോണോമീറ്ററിനേക്കാൾ ഒസിക്യുലർ റെസ്പോൺസ് അനലൈസർ, പാസ്കൽ ഡിസിടി ടോണോമീറ്ററുകൾ എന്നിവ സിസിടിക്ക് അനുസരിച്ച് മർദ്ദത്തെ ബാധിക്കുന്നില്ല. നേരെമറിച്ച്, നോൺ-കോൺടാക്റ്റ്, റീബൗണ്ട് ടോണോമീറ്ററുകൾ സിസിടിക്കനുസരിച്ച് മർദ്ദത്തെ കൂടുതൽ ബാധിക്കുന്നു.[23][24] കോർണിയൽ കനം വ്യക്തികൾക്കിടയിലും പ്രായത്തിലും വംശത്തിലും വ്യത്യാസപ്പെടുന്നു. ചില രോഗങ്ങളിലും ലാസിക്ക് പോലെയുള്ള ശസ്ത്രക്രീയക്ക് ശേഷവും കോർണിയയുടെ കനം കുറയാം.
Remove ads
ഗാലറി
- ഒരു ഗോൾഡ്മാൻ ടോണോമീറ്റർ
- പാസ്കൽ ഡൈനാമിക് കോണ്ടൂർ ടോണോമീറ്റർ
- രോഗിയുടെ കോർണിയയുമായി സമ്പർക്കം പുലർത്തുന്ന ഒരു പാസ്കൽ ടോണോമീറ്ററിന്റെ സെൻസർ ടിപ്പ്
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads