പോർട്ടബിൾ ഡോക്യുമെന്റ് ഫോർമാറ്റ്
From Wikipedia, the free encyclopedia
Remove ads
പോർട്ടബിൾ ഡോക്യുമെന്റ് ഫോർമാറ്റ് അഥവാ പി.ഡി.എഫ് ലിഖിത പ്രമാണങ്ങൾ കൈമാറ്റം ചെയ്യാനുള്ള ഒരു ഓപ്പൺ സ്റ്റാൻഡേർഡ് ആണ്.
Remove ads
നിലവിലുണ്ടായിരുന്ന പോസ്റ്റ്സ്ക്രിപ്റ്റ് ഫയൽ ഫോർമാറ്റിനെ നവീകരിച്ചാണ് 1993-ൽ അഡോബി സിസംസ്, പി.ഡി.എഫ് ഫയൽ ഫോർമാറ്റ് പുറത്തിറക്കിയത്. പോർട്ടബിൾ ഡോക്കുമെന്റ് ഫോർമാറ്റ് എന്ന പേരു സൂചിപ്പിക്കുന്നതു പോലെ portable and platform independent ആണ്. അതായത് ഒരു കമ്പ്യൂട്ടറിൽ ഉണ്ടാക്കുന്ന പി.ഡി.എഫ് ഡോക്കുമെന്റ് വെറെ ഏതു തരം കമ്പ്യൂട്ടറിലും, എതു ഓപ്പറേറ്റിങ് സിസ്റ്റത്തിലും ഒരു പി.ഡി.എഫ് ദർശിനി (PDF viewer) ഉപയോഗിച്ച് ഉള്ളടക്കത്തിലോ ദൃശ്യരൂപത്തിലോ ഒരു മാറ്റവും വരാതെ, അതേപടി വായിക്കാൻ സാധിക്കും. പി.ഡി.എഫ് ഫയലുകൾക്കകത്ത് ഫോണ്ടുകൾ ഉൾക്കൊള്ളിക്കാനുള്ള സൗകര്യം മൂലം വിവിധ ഭാഷകളിലുള്ള ലേഖനങ്ങൾ തയ്യാറാക്കുന്നതും കൈമാറ്റം ചെയ്യുന്നതും എളുപ്പമായി.
Remove ads
ചരിത്രം
കമ്പ്യൂട്ടറിന്റേയും ഇന്റർനെറ്റിന്റേയും ആവിർഭാവത്തൊടെ മനുഷ്യർ വിവരങ്ങൾ കൈമാറുന്ന രീതിയിൽ മാറ്റം വന്നു. പ്രിന്റ് ചെയ്യുക പിന്നീട് വിതരണം ചെയ്യുക എന്ന ആദ്യകാലരീതിയിൽ നിന്നും വിതരണം ചെയ്യുക പിന്നീട് പ്രിന്റ് ചെയ്യുക എന്ന രീതി വ്യാപകമായി. പ്രിന്ററിനും കമ്പ്യൂട്ടറിനും ഉണ്ടായ വിലക്കുറവ് ഈ മാറ്റത്തിനെ സഹായിച്ചു. ഈ മാറ്റത്തിന് സഹായിയായി വർത്തിച്ച പ്രധാനപ്പെട്ട ഒരു ഉപാധിയാണ് പി.ഡീ.എഫ്.
ഇംഗ്ലീഷ് പുസ്തകങ്ങൾ പ്രിന്റ് ചെയ്യുന്ന വലിയ വലിയ പ്രസിദ്ധീകരണ ശാലകൾക്കും, വാർത്താപത്രികകളും മറ്റും കമ്പോസ് ചെയ്യുന്ന അച്ചുകൂടങ്ങൾക്കും എല്ലാം, കമ്പോസ് ചെയ്ത പുസ്തകമൊ മറ്റൊ വേറെ ഒരു സ്ഥലത്തേക്കു അയക്കുന്നതും പ്രിന്റു ചെയ്യുന്നതും 1990-കളുടെ തുടക്കം വരെ വലിയ വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു . അപ്പോഴാണ് ഇതിനൊക്കെ ഒരു പരിഹാരം ആയി 1993-ൽ അഡോബി കോർപ്പറേഷൻ അവരുടെ കണ്ടുപിടിത്തമായ പി.ഡി.എഫിനെ പുറത്തിറക്കുന്നത്.
അഡോബി കമ്പനിയുടെ സ്ഥാപകനായ ജോൺ വാർനോക്കിന്റെ പേപ്പർ രഹിത ഓഫീസ് എന്ന സ്വപ്നപദ്ധതിയിൽ ആണ് പി.ഡി.എഫിനെ കുറിച്ചുള്ള ആദ്യത്തെ ചിന്തകൾ ഉടലെടുക്കുന്നത്. ഇത് ആദ്യം അഡോബിയുടെ ഒരു ആഭ്യന്തരപദ്ധതിയായാണ് തുടങ്ങിയത്. കാമെലോട്ട് (camelot) എന്നായിരുന്നു ഈ പദ്ധതിയുടെ കോഡ് നാമം.[൧] കാമെലോട്ട് പ്രൊജെക്ടിനായി തയ്യാറാക്കിയ ലേഖനത്തിൽ ജോൺ വാർനോക്ക് ഇങ്ങനെ പറയുന്നു .
“ | ഇലക്ട്രോണിക് മെയിൽ വിതരണശൃംഖലയിലൂടെ സചിത്രലേഖനങ്ങൾ (വർത്തമാനപ്പത്രങ്ങൾ, ആനുകാലികങ്ങൾ, സാങ്കേതിക കൈപ്പുസ്തകങ്ങൾ തുടങ്ങിയവ) അയക്കാനാവുമെന്ന് ചിന്തിച്ചു നോക്കൂ. ഈ ലേഖനങ്ങൾ ഏതൊരു കമ്പ്യൂട്ടറിലും വായിക്കാനാവുകയും ആവശ്യമായവ തദ്ദേശീയമായി അച്ചടിക്കാനും സാധിക്കുമെന്നും വിചാരിക്കുക. വിവരങ്ങൾ കൈകാര്യം ചെയ്യുന്ന രീതിയെത്തന്നെ അടിമുടി മാറ്റാൻ ഇതിലൂടെ കഴിയും[൨] | ” |
അഡോബി ഈ പദ്ധതിയെക്കുറിച്ച് ആലോചിക്കുന്ന സമയത്ത് തന്നെ അവരുടെ കൈവശം രണ്ട് പേരെടുത്ത സോഫ്റ്റ്‌വെയറുകൾ ഉണ്ടായിരുന്നു. പോസ്റ്റ് സ്ക്രിപ്റ്റ് എന്ന ഡിവൈസ് ഇൻഡിപെൻഡന്റ് പേജ് ഡിസ്ക്രിപ്ഷൻ ലാംഗ്വേജും (device independant Page description langauage), അഡോബി ഇല്ലസ്‌ട്രേറ്ററും ആയിരുന്നു അവ. അഡോബി ഇല്ലസ്‌ട്രേറ്റർ ഉപയോഗിച്ച് ലളിതമായ പോസ്റ്റ് സ്ക്രിപ്റ്റ് ഫയലുകൾ തുറന്ന് നോക്കാൻ അന്ന് കഴിയുമായിരുന്നു. അഡോബിയിൽ ഉള്ള എഞ്ചിനീയർമാർ ഈ രണ്ട് സോഫ്റ്റ്‌വയറുകളുടേയും സാങ്കേതികവിദ്യ സംയോജിപ്പിച്ച് പി.ഡി.എഫ് എന്ന പുതിയ ഫയൽ ഫോർമാറ്റും അത് തിരുത്താനും, കാണാനും ഉള്ള ചില അനുബന്ധ സോഫ്റ്റ്‌വെയറുകളും വികസിപ്പിച്ചെടുത്തു.
1993 ജൂണിൽ പി.ഡി.എഫ്. ഉണ്ടാക്കാൻ ഉപയോഗിക്കുന്ന അക്രോബാറ്റ് എക്സ്ചേഞ്ച് 1.0[൩] എന്ന സോഫ്റ്റ്‌വെയർ അഡോബി വിപണിയിലിറക്കി. ഈ പതിപ്പ്, വിചാരിച്ചത്ര വിജയിച്ചില്ല. കാരണം അഡോബിയുടെ തന്നെ പോസ്റ്റ് സ്ക്രിപ്റ്റ്, അതിലും നന്നായി ലിഖിതപ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ ഉപയോഗിക്കുന്നുണ്ടായിരുന്നു. പി.ഡി.എഫ്. 1990-കളുടെ ആദ്യം പുറത്തു വന്ന സമയത്ത് അക്രോബാറ്റ് എക്സ്ചേഞ്ചും, അക്രോബാറ്റ് ഡിസ്റ്റിലറും മാത്രമായിരുന്നു പി.ഡി.എഫ് ഉണ്ടാക്കാൻ പറ്റുന്ന സോഫ്റ്റ്‌വെയറുകൾ. മാത്രമല്ല എക്സ്ചേഞ്ചിന് അതിഭീമമായ (2500 ഡോളർ) വില അഡോബി ഈടാക്കിയിരുന്നു. പി.ഡി.എഫ് ഫയൽ കാണാൻ ഉപയോഗിക്കുന്ന അക്രോബാറ്റ് റീഡർ-ന് 50 ഡോളറും അന്ന് ഈടാക്കിയിരുന്നു. (ഇന്ന് ഈ സോഫ്റ്റ്‌വെയർ സൗജന്യം ആണ്). ഇതിനൊക്കെ പുറമേ മറ്റു സമാന ഫയൽ ഫോർമാറ്റുകളായ കോമൺ ഗ്രൗണ്ട് ഡിജിറ്റൽ പേപ്പർ (Common ground Digital paper), എൻവോയ് (Envoy), DjVu എന്നിവയോടൊക്കെ പി.ഡി.എഫിനും മൽസരിക്കേണ്ടിയും വന്നു. ഇതൊക്കെ തുടക്കത്തിലെ തണുപ്പൻ സ്വീകരണത്തിന് കാരണമായി. എങ്കിലും ആദ്യപതിപ്പിൽത്തന്നെ ഫോണ്ട് എംബഡ്ഡിങ്ങ്, ഹൈപ്പർലിങ്കുകൾ, ബുക്‌മാർക്ക് തുടങ്ങി ഒട്ടേറെ പ്രത്യേകതകൾ ഉണ്ടായിരുന്നു.
കുറച്ച് നാളുകൾക്ക് ശേഷം അക്രോബാറ്റ് എക്സ്ചേഞ്ചിന്റെ വില കുറയ്ക്കുകയും അക്രോബാറ്റ് റീഡർ സൗജന്യമായും നൽകാൻ തുടങ്ങി. അങ്ങനെ സാവധാനം പി.ഡി.എഫ്, കമ്പ്യൂട്ടർ ലോകത്തിന്റെ ശ്രദ്ധ നേടാൻ തുടങ്ങി. തുടർന്നുള്ള വർഷങ്ങളിൽ അഡോബി പി.ഡി.എഫിന്റെ പ്രവർത്തനം കൂടുതൽ കൂടുതൽ നന്നാക്കുകയും പുതിയ വേർഷനുകൾ ഇറക്കുകയും ചെയ്തു. അക്രോബാറ്റ് വേർഷൻ 3.0-ഓടു കൂടി അന്ന് ലിഖിതപ്രമാണ കൈമാറ്റം ഏറ്റവും കൂടുതൽ നടന്നു കൊണ്ടിരുന്ന അച്ചടിവ്യവസായത്തിന്റെ (type setting/prepress industry) ശ്രദ്ധ നേടാൻ പി.ഡി.എഫിനായി. അതോടു കൂടി പി.ഡി.എഫിന്റെ പ്രചാരം കുതിച്ചുയർന്നു. പിന്നീടുള്ള വർഷങ്ങളിൽ അഡോബി, പി.ഡി.എഫിനെ സാങ്കേതികമായി കൂടുതൽ നന്നാക്കുകയും കൂടുതൽ സവിശേഷതകൾ കൂട്ടിചേർത്ത് പുതിയ പുതിയ വേർഷനുകൾ പുറത്തിറക്കുകയും ചെയ്തു.
Remove ads
പി.ഡി.എഫിന്റെ ഗുണങ്ങൾ
- സ്രോതസ്സ് പ്രമാണത്തിന്റെ രൂപവും ഭാവവും അതേ പോലെ സൂക്ഷിക്കുന്നു.
- വിവിധ പ്ലാറ്റ്ഫോമിൽ പ്രവർത്തിക്കുന്നവരുമായി വിവരക്കൈമാറ്റം നടത്താം. - ഉദാഹരണത്തിന് ആപ്പിൾ മാക്കിന്റോഷ് കമ്പ്യൂട്ടർ ഉപയോഗിച്ച് ഉണ്ടാക്കിയ ഒരു ഡോക്കുമെന്റ് പി.ഡി.എഫ് ആക്കി മാറ്റി, അത് ഐ.ബി.എം. കമ്പ്യൂട്ടർ ഉപയോഗിക്കുന്ന ഒരാൾക്ക് അയച്ച് കൊടുത്താൽ അത് ഒരു പ്രയാസവും കൂടാതെ എതെങ്കിലും ഒരു പി.ഡി.എഫ് ദർശിനി ഉപയോഗിച്ച് വായിക്കാൻ വായിക്കാൻ പറ്റും.
- സുരക്ഷാക്രമീകരണങ്ങളും രഹസ്യവാക്കും ഉപയോഗിച്ച് പി.ഡി.എഫ്. ഫയൽ അതു വായിക്കേണ്ട ആൾ മാത്രമേ വായിക്കൂ എന്ന് ഉറപ്പിക്കാം.
- വിവരങ്ങൾ തിരയാൻ എളുപ്പം ആണ്.
- ഫോണ്ടുകൾ പി.ഡി.എഫ് ഫയൽ-ൽ തന്നെ ഉൾക്കൊള്ളിക്കാനുള്ള സൗകര്യം ഉള്ളത് കൊണ്ട് പി.ഡി.എഫ്. നിർമ്മിക്കാനുപയോഗിച്ച ഫോണ്ട് അത് വായിക്കുന്നയാളുടെ കൈവശമുണ്ടോ എന്ന വേവലാതി വേണ്ട.
- മൈക്രോസോഫ്റ്റ് വേർഡ്, ഓപ്പൺ ഓഫീസ് മുതലായവയിൽ ഉപയോഗിക്കുന്ന ഫോർമാറ്റുകൾ കമ്പ്യൂട്ടറുകൾ മാറുന്നതനുസരിച്ച് അവയുടെ സ്ഥാനങ്ങളിൽ മാറ്റം ഉണ്ടാകാനിടയുണ്ട്. പി.ഡി.എഫിൽ ഇതു സംഭവിക്കുന്നില്ല. ഓട്ടോകാഡ് മുതലായവ ഉപയോഗിച്ചുണ്ടാക്കുന്ന പ്ലാനുകൾ പി.ഡി.എഫിലോട്ടു മാറ്റി കൈമാറുന്നതുമൂലം പ്ലാനുകളുടെ സ്വഭാവം മാറാതെ തന്നെ ഓട്ടോകാഡില്ലാത്ത കമ്പ്യൂട്ടറുകളിൽ വരെ ഏതെങ്കിലും പി.ഡി.എഫ്. ദർശിനി ഉപയോഗിച്ചു കാണാവുന്നതാണ്.
- പി.ഡി.എഫ് ഫയൽ കംപ്രസ്സ് ചെയ്യപ്പെടുന്നതിനാൽ സ്രോതസ്സ് പ്രമാണത്തേക്കാൾ വലിപ്പം വളരെ കുറവായിരിക്കും.
- അഡോബി പി.ഡി.എഫ്ന്റെ വിശദാംശങ്ങൾ പുറത്ത് വിട്ടത് കാരണം ഇതിൽ വളരെയധികം ഗവേഷണങ്ങൾ നടന്നിട്ടുണ്ട്. ഓപ്പൺ സോഴ്സ് സമൂഹങ്ങളും മറ്റ് പ്രോഗ്രാമർമാരും ഈ ഫയൽ ഫോർമാറ്റിന്റെ വളർച്ചക്ക് വളരെയധികം സംഭാവന നൽകിയിട്ടുണ്ട്.
Remove ads
സ്വാതന്ത്ര്യം
സാധാരണ ഒരു സോഫ്റ്റ്‌വെയർ കമ്പനി ഒരു ഫയൽ ഫോർമാറ്റ് പുറത്തിറക്കുമ്പോൾ അതിന്റെ ഉള്ളറ രഹസ്യങ്ങൾ (internal specifications) രഹസ്യമാക്കിവയ്ക്കുകയാണ് പതിവ്. എന്നാൽ പതിവിനു വിപരീതമായി പി.ഡി.എഫിന്റെ വിശദാംശങ്ങൾ എല്ലാം അഡോബി സ്വതന്ത്രമാക്കി. മാത്രമല്ല ചില മാർഗ്ഗനിർദ്ദേശങ്ങൾക്കുള്ളിൽ നിന്ന് ആർക്കും പി.ഡി.എഫ് ഫയലുകൾ കാണാനും, നിർമ്മിക്കാനും, മാറ്റങ്ങൾ വരുത്തുവാനും കഴിയുന്ന സോഫ്റ്റ്‌വെയറുകൾ ഉണ്ടാക്കാൻ അനുമതി നൽകി. അതോടു കൂടി പി.ഡി.എഫിന്റെ ജനപ്രീതി പതിന്മടങ്ങ് വർദ്ധിച്ചു.
ഇതുമൂലം അഡോബിയുടെ പി.ഡി.എഫ്. നിർമ്മാണസോഫ്റ്റ്വേറുകൾക്കു പുറമേ വളരെയധികം സൊഫ്റ്റ്‌വെയർ കമ്പനികൾ അവരുടേതായ പി.ഡി.എഫ് സോഫ്റ്റ്‌വെയറുകൾ പുറത്തു വിട്ടു. സ്വതന്ത്ര സോഫ്റ്റ്‌വേർ സംഘടനകളും സൗജന്യ പി.ഡി.എഫ് സൊഫ്റ്റ്‌വെയറുകൾ പുറത്തിറക്കി. അതോടുകൂടി ആർക്കും സൗജന്യമായി പി.ഡി.എഫ് ഫയലുകൾ ഉണ്ടാക്കാം എന്ന നിലയിലേക്കെത്തി. അഡോബിയുടെ ഈ ഈ തന്ത്രം പി.ഡി.എഫിനെ മറ്റു ഫയൽ ഫോർമാറ്റുകളിൽ നിന്ന് ബഹുദൂരം മുന്നിലെത്തിച്ചു.
പി.ഡി.എഫ്. ഫോർമാറ്റ് സ്വതന്ത്രമായിരുന്നെങ്കിലുൽമ് ആദ്യകാലങ്ങളിൽ അതിന്റെ സവിശേഷതകൾ തീരുമാനിച്ചിരുന്നതും മാനദണ്ഡങ്ങൾ നിശ്ചയിച്ചിരുന്നതും അഡോബിയായിരുന്നു. പി.ഡി.എഫ്. വെർഷൻ 1.7 വരെ ഈ പതിവ് തുടർന്നു. പി.ഡി.എഫിനെ ഒരു ഐ.എസ്.ഒ. മാനദണ്ഡമാക്കുന്നതിനായി, 2007 ജനുവരി 29-ന് അഡോബി, പി.ഡി.എഫ്. 1.7 പതിപ്പിന്റെ മുഴുവൻ വിവരങ്ങളും പുറത്തുവിട്ടു. പി.ഡി.എഫ്. 1.7 അടിസ്ഥാനമാക്കിയുള്ള ഐ.എസ്.ഒ. 32000-1 എന്ന മാനദണ്ഡം, 2008 ജൂലൈ മാസം പുറത്തിറങ്ങി. പി.ഡീ.എഫിന്റെ തുടർന്നുള്ള പതിപ്പുകളുടെ മാനദണ്ഡങ്ങൾ ഐ.എസ്.ഒ. ആണ് നിശ്ചയിക്കുന്നത്.[2][3]
വ്യാപ്തി
കാര്യക്ഷമമായ കൈമാറ്റം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ, മറ്റുള്ള ഏതു ഫയൽഫോർമാറ്റിൽ നിന്നും സൃഷ്ടിക്കാൻ പറ്റുന്ന ഒരു പൊതു ഫയൽ ഫോർമാറ്റ് ആണ് പി.ഡി.എഫ്. ലളിതമായി പറഞ്ഞാൽ അച്ചടിക്കാൻ പറ്റുന്ന ഏതു ഫയലും പി.ഡി.എഫ് ആക്കി മാറ്റാം. എന്നാൽ സംവദനക്ഷമമായ പി.ഡി.എഫ്. (interactive pdf) വേണമെങ്കിൽ പ്രത്യേകം പ്രോഗ്രാമുകൾ വേണം.
അതായത് മൈക്രോസോഫ്റ്റ് വേർഡ്, ഓപ്പൺ ഓഫീസ് വേർഡ്, അഡോബി പേജ്‌മേക്കർ, ഫ്രെയിംമേക്കർ, ഇൻഡിസൈൻ , കോറൽ ഡ്രോ, ക്വാർക്ക് എക്സ്പ്രെസ്സ്, അഡ്‌വെന്റ് 3B2, ലാറ്റെക്, ഓട്ടോകാഡ് തുടങ്ങിയ ഏതു സോഫ്റ്റ്‌വെയറുകളുടേയ്യും അന്തിമഫലം പി.ഡി.എഫ്. ആക്കി മാറ്റിയതിനു ശേഷമാണ് കൈമാറ്റം ചെയ്യുന്നത്. അതുവഴി ഈ ഫയൽ ലഭിക്കുന്നയാളുടെ കൈവശം, അത് തയ്യാറാക്കിയ സോഫ്റ്റ്‌വേർ ഉണ്ടോ എന്നതിനെക്കുറിച്ച് വേവലാതിപ്പെടേണ്ടതില്ല. ഇക്കാരണം കൊണ്ടാണ് നിത്യജീവിതത്തിൽ പി.ഡി.എഫ്. ഫയലുകളെ ധാരാളമായി അഭിമുഖീകരിക്കേണ്ടി വരുന്നത്.
Remove ads
പി ഡി എഫ് സോഫ്റ്റ്‌വെയറുകൾ
പി.ഡി.എഫ്. ഫയലുകൾ വീക്ഷിക്കുന്നതിനും, നിർമ്മിക്കുന്നതിനും, തിരുത്തലുകൾ വരുത്തുന്നതിനും വിവിധതരം സോഫ്റ്റ്വെയറുകൾ ലഭ്യമാണ്. ഇതിൽ നിന്ന് PDF-ൽ ജോലി ചെയ്യണം എങ്കിൽ താഴെക്കാണുന്ന എല്ലാത്തരം സോഫ്റ്റ്‌വെയറും വേണം എന്ന് അർത്ഥമില്ല. ഒരു പി.ഡി.എഫ് എഡിറ്റിങ് സോഫ്റ്റ്‌വെയർ (ഉദാ:അഡോബി അക്രോബാറ്റ് പ്രൊഫഷണൽ / നൈട്രോ പി.ഡി.എഫ് പ്രൊഫഷണൽ) ഈ എല്ലാ പണികളും അത് ഉപയോഗിച്ച് ചെയ്യാം. അവയുപയോഗിച്ച് പി.ഡി.എഫ് ഫയൽ കാണുകയും, പി.ഡി.എഫ് ഫയൽ ഉണ്ടാക്കുകയും തിരുത്തുകയും ചെയ്യാം.
പി.ഡി.എഫ്. ദർശിനികൾ
പി.ഡി.എഫ്. ഫയൽ വായിക്കുക, അതിൽ തിരയുക, അച്ചടിക്കുക തുടങ്ങിയ ഉപയോഗങ്ങളാണ് പി.ഡി.എഫ്. ദർശിനി സോഫ്റ്റ്‌വെയറുകൾക്കുള്ളത്.
അഡോബി റീഡർ
അഡോബിയുടെ സൈറ്റിൽ നിന്ന് സൗജന്യമായി ഡൌൺലോഡ് ചെയ്യാവുന്ന ഒരു സൗജന്യ സോഫ്റ്റ്‌വെയർ ആണ് അഡോബി റീഡർ. ഈ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് നിങ്ങൾക്ക് ഒരു പി.ഡി.എഫ് ഫയൽ വായിക്കാനും, പ്രിന്റ് ചെയ്യാനും, തിരയാനും സാധിക്കും. ഒരു പക്ഷേ ഇന്ന് ലോകത്തിൽ ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറും ഇതാകാം[അവലംബം ആവശ്യമാണ്]. അഡോബിയുടെ സൈറ്റിൽ ഉള്ള കണക്ക് പ്രകാരം ഈ സോഫ്റ്റ്‌വെയർ സൗജന്യമായി കൊടുക്കാൻ ആരംഭിച്ച നാൾ മുതൽ ഇന്നേ വരെ ഏതാണ്ട് 50 കോടി തവണ ഡൌൺലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇതര സോഫ്റ്റ്‌വെയറുകൾ
സൗജന്യ പി.ഡി.എഫ് ദർശിനി സോഫ്റ്റ്‌വെയറുകൾ ഒട്ടനവധിയുണ്ട് (ഉദാ:ഫോക്സിറ്റ് റീഡർ, സുമാത്ര പി.ഡി.എഫ് ദർശിനി മുതലായവ).
പി.ഡി.എഫ് നിർമ്മാണ സോഫ്റ്റ്വെയറുകൾ
അഡോബിയുടെ അക്രോബാറ്റ് എന്ന സോഫ്റ്റ്വെയറിനു പുറമേ, ഒട്ടനവധി സോഫ്റ്റ്വെയറുകൾ ഉപയോഗിച്ചും പി.ഡി.എഫ്. ഫയലുകൾ നിർമ്മിക്കാം.
അഡോബി അക്രോബാറ്റ്
പി.ഡി.എഫ് ഫയൽ നിർമ്മിക്കാനും തിരുത്തലുകൾ വരുത്താനുമായി അഡോബി പുറത്തിറക്കുന്ന സോഫ്റ്റ്വെയറാണ് അഡോബി അക്രോബാറ്റ്. ഈ സോഫ്റ്റ്‌വേർ ഇൻസ്റ്റോൾ ചെയ്യുന്നതോടൊപ്പം പി.ഡി.എഫ് ഫയലുകളെ കൈകാര്യം ചെയ്യാനുള്ള ചില അനുബന്ധസോഫ്റ്റ്വെയറുകളും കമ്പ്യൂട്ടറിൽ സജ്ജീകരിക്കപ്പെടും. അഡോബി പി.ഡി.എഫ് പ്രിന്റർ ഡ്രൈവർ, അഡോബി പി.ഡി.എഫ് മേക്കർ, അക്രോബാറ്റ് ഡിസ്റ്റിലർ എന്നിവ ഇവയിൽച്ചിലതാണ്.
ഇതര സോഫ്റ്റ്വെയറുകൾ
അഡോബിയുടെ പി.ഡി.എഫ്. നിർമ്മാണസോഫ്റ്റ്വെയറിനു പുറമേ, സൗജന്യമായും വിലക്കും ലഭ്യമാകുന്ന നൂറുകണക്കിന് പി.ഡി.എഫ്. നിർമ്മാണസോഫ്റ്റ്വെയറുകളുണ്ട്. അവയിൽ ചിലവ താഴെപ്പറയുന്നു.
- വണ്ടർസോഫ്റ്റ് വിർച്വൽ പി.ഡി.എഫ് പ്രിന്റർ
- പി.എസ് റ്റു പി.ഡി.എഫ് ,അതായത് പോസ്റ്റ്സ്ക്രിപ്റ്റ് -റ്റു-പി.ഡി.എഫ് കൺവേർട്ടർ
- സോളിഡ് കൺവേർട്ടർ പി.ഡി.എഫ്
- പ്രൈമോ പി.ഡി.എഫ് Archived 2012-01-12 at the Wayback Machine
- ComPDF
- PDF Reader Pro
ഇതു കൂടാതെ ഓപ്പൺ ഓഫീസ് റൈറ്റർ പോലുള്ള ചില ആപ്പ്ലിക്കേഷനുകളിൽ നിർമ്മിക്കുന്ന ഫയലുകളെ നേരിട്ട് പി.ഡി.എഫ് ആയി സേവ് ചെയ്യാനുള്ള സൗകര്യം ഉണ്ട്. മൈക്രോസോഫ്റ്റ് അവരുടെ മൈക്രോസോഫ്റ്റ് ഓഫീസിൽ (വേർഷൻ 12-ൽ) ഈ സൗകര്യം കൊടുക്കാൻ തുടങ്ങിയപ്പോൾ അഡോബി മൈക്രൊസോഫ്റ്റിന് എതിരെ കേസു കൊടുത്തിരുന്നു.
പി.ഡി.എഫ്. എഡിറ്ററുകൾ
നിലവിലുള്ള പി.ഡി.എഫ്. ഫയലിൽ മാറ്റം വരുത്താൻ സഹായിക്കുന്ന സോഫ്റ്റ്വെയറുകളാണ് പി.ഡി.എഫ്. എഡിറ്ററുകൾ എന്നറിയപ്പെടുന്നത്. പി.ഡി.എഫ് ഫയലിൽ ചില അവസാന നിമിഷ മിനുക്ക് പണികൾ മാത്രമേ സാധാരണ ഗതിയിൽ ചെയ്യാറുള്ളു. എന്തെങ്കിലും പ്രധാനപ്പെട്ട മാറ്റങ്ങൾ ഉണ്ടെങ്കിൽ എപ്പോഴും സ്രോതസ്സ് ഫയലിലേക്ക് (source file)തിരിച്ച് പോയി മാറ്റം വരുത്തി പുതിയ പി.ഡി.എഫ് ഉണ്ടാക്കുന്നതാണ് പതിവ്. സ്രോതസ്സ് ഫയലിന്റെ അഭാവത്തിൽ, പി.ഡി.എഫ് ഫയലിൽ ഏന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ പി.ഡി.എഫ്. എഡിറ്റർ സോഫ്റ്റ്വെയറുകൾ ഉപയോഗിക്കുന്നു.
പി.ഡി.എഫ്. നിർമ്മിക്കാം എന്നതിനു പുറമേ തിരുത്താനും ഉപയോഗിക്കുന്ന സോഫ്റ്റ്വെയറാണ് അഡോബി അക്രോബാറ്റ്. പി.ഡി.എഫ് തിരുത്തുന്നതിനായും ഇതര സോഫ്റ്റ്വെയറുകൾ വിപണിയിൽ ലഭ്യമാണ്. ചില ഉദാഹരണങ്ങൾ താഴെ കൊടുക്കുന്നു.
Remove ads
വിവിധതരം പി.ഡി.എഫ്. ഫയലുകൾ
വിശാലമായ അർത്ഥത്തിൽ പി.ഡി.എഫ്. ഫയലുകളെ രണ്ടായി തരം തിരിക്കാം.
- അന്വേഷണ യോഗ്യ പി.ഡി.എഫ്.
- ചിത്ര പി.ഡി.എഫ്
അന്വേഷണ യോഗ്യ പി.ഡി.എഫ്.(Searchable PDF): പി.ഡി.എഫ്. നിർമ്മാണസോഫ്റ്റ്വെയറുകൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന പി.ഡി.എഫ് ഫയലുകളെ ആണ് അന്വേഷണയോഗ്യമായ പി.ഡി.എഫ് എന്ന് വിളിക്കുന്നത്. പേരു സൂചിപ്പിക്കുന്നത് പോലെ ഇങ്ങനത്തെ പി.ഡി.എഫ് ഫയലുകളിൽ തിരയാനുള്ള സൗകര്യം ഉണ്ട്. സാധാരണ അഭിമുഖീകരിക്കുന്ന പി.ഡി.എഫ് ഫയലുകൾ കൂടുതലും ഈ വിഭാഗത്തിൽ പെട്ടതാണ്.
ചിത്രങ്ങൾ മാത്രമുള്ള പി.ഡി.എഫ് .സ്കാനർ ഉപയോഗിച്ച് സ്കാൻ ചെയ്ത് ഉണ്ടാക്കുന്ന പി.ഡി.എഫ് ആണ് ഇത്. ഇങ്ങനത്തെ പി.ഡി.എഫ് ഫയലിൽ അക്ഷരങ്ങളും graphics-ഉം എല്ലാം ഒരു ചിത്രം ആയി ആണ് ശേഖരിക്കപ്പെടുന്നത്. അതിനാൽ ഇങ്ങനത്തെ പി.ഡി.എഫ് ഫയലിൽ തിരയാൻ പറ്റില്ല.
ഇതു വളരെ കൃത്യമായ ഒരു തരം തിരവ് അല്ല. അന്വേഷണ യോഗ്യ പിഡിഎഫിനെ പിന്നേയും തരം തിരിച്ച് unstructered പി.ഡി.എഫ്, സ്ട്രക്ചേർഡ് പി.ഡി.എഫ്, റ്റാഗ്ഡ് പി.ഡി.എഫ് എന്നൊക്കെ ആക്കാം.
Remove ads
പി.ഡി.എഫിന്റെ ദോഷങ്ങൾ
- ഒരു പി.ഡി.എഫ് പ്രമാണം മറ്റെന്തെങ്കിലും ഒരു ഫോർമാറ്റിലേക്കു മാറ്റണമെങ്കിൽ എല്ലാ ഫോർമാറ്റിംഗുകളും ആദ്യം മുതൽ ചെയ്യേണ്ടി വരുന്നു.
- ഒരു സങ്കീർണ്ണമായ പി.ഡി എഫ് നിർമ്മിക്കണമെങ്കിൽ വളരെയധികം സോഫ്റ്റ്‌വെയറുകളും, പ്ലഗ്ഗിനുകളുമെല്ലാം പഠിക്കേണ്ടി വരുന്നു.
പി.ഡി.എഫ് ന്റെ ഭാവി
വിവരകൈമാറ്റത്തിനു വേണ്ടി മാത്രമുള്ള ഒരു മാധ്യമം എന്ന നിലയിൽ നിന്ന് പി.ഡി.എഫ്. ഇന്ന് വളരെയേറെ മുന്നോട്ട് പോയിരിക്കുന്നു. ഇന്ന് ആധുനിക സാങ്കേതികകൾ ആയ മൾട്ടിമീഡിയ, ജാവാസ്ക്രിപ്റ്റ്, എക്സ്.എം.എൽ., ഫോംസ് പ്രോസസിങ്ങ്, കംപ്രഷൻ, കസ്റ്റം എൻക്രിപ്‌ഷൻ ഇതെല്ലാം പി.ഡി.എഫ് പിന്തുണക്കുന്നു. ഇതെല്ലാം കൂടി പി.ഡി.എഫിനെ ശക്തവും സംവദനാത്മകവും കാര്യക്ഷമവുമായ ഒരു ഫയൽ ഫോർമാറ്റ് ആക്കി മാറ്റിയിരിക്കുന്നു.
2005-ൽ മാക്രോമീഡിയയെ അഡോബി ഏറ്റെടുത്തതിന്റെ ഫലമായി, അഡോബി സോഫ്റ്റ്വെയറുകളിൽ പ്രകടമായ മാറ്റങ്ങൾ കാണാനായി. അഡോബി അക്രോബാറ്റ്ന്റെ ഒരു പുതിയ വേർഷൻ അക്രോബാറ്റ് 3D എന്ന പേരിൽ അഡോബി പുറത്തിറക്കി. ഇത് ഉപയോഗിച്ച് ഓട്ടോകാഡ്, ഇൻഡിസൈൻ മുതലായ ആപ്ലിക്കേഷനുകളിൽ ഉള്ള ത്രിമാനദൃശ്യങ്ങൾ ആ ഫയൽ പി.ഡി.എഫ് ആക്കിമാറ്റുമ്പോഴും ലഭിക്കുന്നു. ഈ പുതിയ സോഫ്റ്റ്‌വെയർ ഏറ്റവും കൂടുതൽ സഹായം ആകുന്നത് 3D ആനിമേഷൻ രംഗത്തും ഓട്ടോകാഡ് ഉപയോഗിച്ച് 3D ദൃശ്യങ്ങൾ സൃഷ്ടിക്കുന്നവർക്കുന്നവർക്കും മറ്റും ആണ് .
വിവരകൈമാറ്റത്തിനുള്ള ഫയൽ ഫോർമാറ്റ് എന്ന നിലയിൽ പിഡി.എഫ് ഇന്നു അടക്കിവാഴുന്നു. എങ്കിലും ഓപ്പൺ എക്സ്.എം.എൽ ഫയൽ, മെട്രോ തുടങ്ങിയ പുതിയ ഫയൽ ഫോർമാറ്റുകൾഅണിയറയിൽ അണിഞ്ഞൊരുങ്ങുന്നുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് എക്സ്.പി.എസ് (എക്സ്.എം.എൽ പേപ്പർ സ്പെസിഫിക്കേഷൻ എന്നു പൂർണ്ണരൂപം) അഥവാ മെട്രോ എന്ന എന്നപേരിൽ അറിയപ്പെടുന്ന മൈക്രോസോഫ്റ്റിന്റെ ഒരു പുതിയ ഫയൽ ഫോർമാറ്റ് ആണ്. പി.ഡി.എഫ്ന് , മൈക്രോസോഫ്റ്റിന്റെ മറുപടി എന്ന നിലയിൽ അല്ല മൈക്രോസോഫ്റ്റ് ഈ പുതിയ ഫയൽ ഫോർമാറ്റ് വികസിപ്പിച്ചു കൊണ്ടുവരുന്നതെങ്കിലും ഇതു ഭാവിയിൽ പി.ഡി.എഫിന് ശക്തനായ ഒരു എതിരാളി ആയി മാറാനാണ് സാധ്യത.
Remove ads
കുറിപ്പുകൾ
- ൧ ^ ഇതു കൊണ്ടാണ് കുറച്ച് നാൾ മുൻപ് വരെ മാക് കമ്പ്യൂട്ടറിൽ പി.ഡി.എഫിനെ കാമെലോട്ട് എന്ന് വിളിച്ചിരുന്നത്.
- ൨ ^ Imagine being able to send full text and graphics documents (newspapers, magazine articles, technical manuals etc.) over electronic mail distribution networks. These documents could be viewed on any machine and any selected document could be printed locally. This capability would truly change the way information is managed.
- ൩ ^ അഡോബി അക്രോബാറ്റിന്റെ ആദ്യത്തെ പേര്, അക്രോബാറ്റ് എക്സ്ചേഞ്ച് 1.0 എന്നായിരുന്നു.
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads