കടലാസ്
From Wikipedia, the free encyclopedia
Remove ads
രേഖകൾ കൈ കൊണ്ട് എഴുതിസൂക്ഷിക്കാനായി മനുഷ്യർ വികസിപ്പിച്ചെടുത്ത കട്ടി തീരെ കുറഞ്ഞ, വിസ്താരമുള്ള, ഭാരം കുറവായ വസ്തുവാണ് കടലാസ് അഥവാ പേപ്പർ. അതുണ്ടാക്കാനുപയോഗിച്ചിരുന്ന പാപ്പിറസ് ചെടിത്തണ്ടുകളുടെ പേരിൽ നിന്നാണു പേപ്പർ എന്ന വാക്കുണ്ടായത്. പോർത്തുഗീസ് ഭാഷയിൽ നിന്നുമാണ് മലയാളത്തിൽ കടലാസ് എന്ന പദം നിലവിൽ വന്നത് (പോർത്തുഗീസ് Cartaz സമ്പ്രദായത്തിൽ നിന്നും) എന്ന് പൊതുവേ കരുതപ്പെടുന്നു. അറബി ഭാഷയിൽ നിന്നാണെന്നു മറ്റൊരഭിപ്രായവുമുണ്ട്.

പിൽക്കാലത്ത് അച്ചടി, സാധനങ്ങൾ പൊതിഞ്ഞു സൂക്ഷിക്കുക, എഞ്ചിനീയറിങ്ങ് തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കും അവ ഉപയോഗിക്കാൻ തുടങ്ങി. ആദ്യകാലത്ത് കൈ കൊണ്ടുണ്ടാക്കിയിരുന്ന കടലാസ് ആധുനികകാലത്ത് സസ്യനാരുകൾ രാസപ്രക്രിയകളുടെയും യന്ത്രങ്ങളുടെയും സഹായത്തോടെ ഒരു പ്രത്യേക രീതിയിൽ കൂട്ടിച്ചേർത്താണ് നിർമ്മിക്കുന്നത്. സെല്ലുലോസ് അടങ്ങിയ സസ്യ നാരുകളാണ് ഇതിന് പ്രധാനായും ഉപയോഗിക്കുന്നത്. ഹൈഡ്രജന് ബന്ധനം മൂലം അവ കൂടിച്ചേർന്ന് നിൽക്കുന്നു. കടലാസിന്റെ ഭൗതിക ഗുണങ്ങളിൽ അനുയോജ്യമായ മാറ്റങ്ങൾ വരുത്തുന്നതിനായി പോളിപ്രൊപിലീൻ, പോളിഎഥിലീൻ (പോളിത്തീൻ) തുടങ്ങിയ കൃത്രിമ നാരുകളും ഉപയോഗിക്കാറുണ്ട്. കടലാസ് നിർമ്മാണത്തിൽ നാരുകളുടെ പ്രധാന ഉറവിടം പൾപ് വുഡ് എന്ന മരമാണ്. മറ്റ് സസ്യ നാരുകളായ പരുത്തി, ഹെമ്പ്, ലിനൻ, നെൽച്ചെടിയുടെ തണ്ടുകൾ (വൈക്കോൽ), മുള, ഈറ എന്നിവയും ഉപയോഗിക്കാറുണ്ട്. ഒറ്റക്കുള്ള ചെറിയ താളുകളായും, വിശറിയടുക്കുകൾ പോലെ മടക്കിവച്ച നീളം കൂടിയ രീതിയിലും, അച്ചടിയന്ത്രങ്ങളിലും മറ്റും ഉപയോഗിക്കാനായി പല വീതിയിലും കിട്ടുന്ന കൂറ്റൻ ചുരുളുകളായും മില്ലുകളിൽ കടലാസ് നിർമ്മിക്കപ്പെടുന്നു.
Remove ads
ചരിത്രം
ഒന്നാം നൂറ്റാണ്ടിൽ സായ് ലുൺ (Cai Lun) എന്ന ചൈനക്കാരനാണ് കടലാസ് കണ്ടുപിടിച്ചത്. സസ്യനാരുകൾ, തുണി, ചരട്, മരക്കഷണങ്ങൾ തുടങ്ങിയവ അരച്ച് വെള്ളത്തിൽക്കലക്കുകയും അങ്ങനെയുണ്ടാക്കിയ പൾപ്പിനെ അമർത്തി ജലം നീക്കം ചെയ്ത് ഉണക്കിയുമാണ് അദ്ദേഹം കടലാസ് നിർമ്മിച്ചത്. ഇന്നും കൈ കൊണ്ട് കടലാസുണ്ടാക്കുന്നതിന് ഈ രീതി തന്നെയാണ് അവലംബിക്കുന്നത്. നൂറ്റാണ്ടുകളോളം കടലാസ് നിർമ്മിക്കുന്നതിനുള്ള ഈ വിദ്യ ചൈനക്കാർ രഹസ്യമാക്കി വച്ചു. ആറാം നൂറ്റാണ്ടിലാണ് ഈ വിദ്യ കൊറിയക്കാർക്ക് കൈവശമാകുകയും അവിടെ നിന്ന് ജപ്പാനിലെത്തുകയും ചെയ്തത്. 12-ആം നൂറ്റാണ്ടിൽ ഈ വിദ്യ ബാഗ്ദാദിലെത്തുകയും അവിടെ നിന്നും യുറോപ്പ്, ആഫ്രിക്ക, ഏഷ്യയിലെ മറ്റുപ്രദേശങ്ങൾ എന്നിവിടങ്ങളിലേക്കെത്തുകയും ചെയ്തു[1].
Remove ads
ഇതും കൂടി കാണുക
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads