പാസ്സിഫ്ലോറേസി
From Wikipedia, the free encyclopedia
Remove ads
സപുഷ്പികളുൾപ്പെടുന്ന ഒരു സസ്യകുടുംബമാണ്പാസ്സിഫ്ലോറേസി (Passifloraceae). പാഷൻ ഫ്ലവർ ഫാമിലി (passion-flower )എന്നറിയപ്പെടുന്ന ഈ സസ്യകുടുംബത്തിൽ 16 ജീനസ്സുകളിലായി ഏകദേശം 705 സ്പീഷിസുകൾ ഉൾപ്പെടുന്നു. കുറ്റിച്ചെടികളും ചെറുമരങ്ങളും വൃക്ഷങ്ങളും, വള്ളികളും ഉൾപ്പെടുന്ന സസ്യകുടുംബമാണ് പാസ്സിഫ്ലോറേസി. സാധാരണയായി ഉഷ്ണമേഖലാപ്രദേശങ്ങളിലാണ് ഈ സസ്യകുടുംബത്തിലെ അംഗങ്ങൾ കണ്ടുവരുന്നത്.[3] കേരളീയർക്ക് പരിചിതങ്ങളായ ആകാശവെള്ളരി, അമ്മൂമ്മപ്പഴം, പാഷൻ ഫ്രൂട്ട്, കരിമുതുക്ക് തുടങ്ങിയ സസ്യങ്ങൾ പാസ്സിഫ്ലോറേസി സസ്യകുടുംബത്തിലുൾപ്പെടുന്നവയാണ്. പല സസ്യങ്ങളും ഔഷധഗുണമുള്ളവയും (ഉദാ., കരിമുതുക്ക്) ഭക്ഷ്യയോഗ്യവുമാണ്(ഉദാ., പാഷൻ ഫ്രൂട്ട്). 525 സ്പീഷിസുകളുൾപ്പെടുന്ന പാസ്സിഫ്ലോറ ( Passiflora) യാണ് ഈ സസ്യകുടുംബത്തിലെ ഏറ്റവും വലിയ ജീനസ്സ്.
Remove ads
സവിശേഷതകൾ
ഈ സസ്യകുടുംബത്തിൽ ഒട്ടുമിക്ക സസ്യങ്ങളും ആരോഹികളാണ്. അതിനാൽ ഇവയുടെ തണ്ടിൽ ഇലകൾക്കു് വിപരീതമായി ക്രമീകരിച്ച വള്ളിക്കൊടികൾ (tendrils) കാണപ്പെടുന്നു. ഇവയുടെ ഇലകൾ ലഘുപത്രത്തോടുകൂടിയവയോ ഹസ്തകബഹുപത്രങ്ങങ്ങളോടു കൂടിയവയോ ആണ്. ഏകാന്തരന്യാസത്തിൽ (alternate) ക്രമീകരിക്കപ്പെട്ടതും, സിരാവിന്യാസം ജാലികാസിരാവിന്യാസത്തോടു കൂടിയവയോ ഹസ്തക സിരാവിന്യാസത്തോടു കൂടിയവയോ ആണ്. ഇവയുടെ പത്രവൃന്തത്തിന്റെ അടിയിലായി വേഗം കൊഴിഞ്ഞുപോകുന്ന തരത്തിലുള്ള ഉപപർണ്ണങ്ങൾ കാണപ്പെടുന്നു.
രൂപഘടനയിൽ സങ്കീർണ്ണമായ ഇവയുടെ പൂക്കൾ ദ്വിലിംഗ സ്വഭാവത്തോടു കൂടിയവയും പ്രസമത (കൃത്യം മൂന്നായി വിഭജിക്കാവുന്ന-actinomorphy)പാലിക്കുന്നവയാണ്. ഇവയുടെ പൂക്കളിൽ രണ്ട് വർത്തുളമായ പുഷ്‌പദളമണ്‌ഡലങ്ങളിലായാണ് ദളങ്ങൾ വിന്യസിച്ചിരിക്കുന്നത്. ദളങ്ങൾക്കും വിദളങ്ങൾക്കും അല്ലാതെ മൂന്നാമതായൊരു വർത്തുള മണ്‌ഡലമായ പുഷ്പപ്രഭാമണ്ഡലം (corona) കാണപ്പെടുന്നു. ആകർഷണീയമായ തന്തുക്കളാൽ സമ്പന്നമാണ് പുഷ്പപ്രഭാമണ്ഡലം. ഇത്തരം സസ്യങ്ങളിൽ പുഷ്പപ്രഭാമണ്ഡല(corona) ത്തിനു മുകളിലായി പുംബീജപ്രധാനമായ കേസരങ്ങളും(stamen) സ്ത്രീബീജപ്രധാനമായ ജനിപുടവും (Gynoecium) കൂടിച്ചേർന്ന (androgynophore) രീതിയിലാണ്. ഇതിൽ അഞ്ച് കേസരങ്ങളും (stamen) ഓരോന്നിന്റേയും അഗ്രഭാഗങ്ങളിൽ പരാഗരേണുക്കളാൽ സമൃദ്ധമായ പരാഗി(Anther)കളും, അണ്ഡാശയവും ജനിദണ്ഡും(style) അതിന്റെ അഗ്രഭാഗത്തായി പരാഗണസ്ഥലവും (stigma) ഉൾപ്പെടുന്നു.
പൂക്കൾക്കു പുറമെ ഇല, തണ്ട്, ഉപപർണ്ണങ്ങൾ തുടങ്ങിയ ഭാഗങ്ങളിലും ഇത്തരം സസ്യങ്ങൾ തേൻ ഉൾപാദിപ്പിക്കാറുണ്ട്. ഗോളാകൃതിയിലോ നീളത്തിലോ ആയ ഫലങ്ങളാണ് ഇവയ്ക്കുള്ളത്. പുറം തൊലിക്കുള്ളിലായി മാംസളമായ ആവരണങ്ങളാലുള്ള ഒരുപാട് വിത്തുകളുൾകൊള്ളുന്നു. ചില സ്പീഷിസുകളുടേയും ഫലങ്ങൾ ഭക്ഷ്യയോഗ്യമാണ്.[4][5]
Remove ads
ഉപയോഗങ്ങൾ
അലങ്കാര സസ്യങ്ങളായും, ഭക്ഷ്യ ആവശ്യങ്ങൾക്കും, ഔഷധ ഗുണമുള്ള ഇവ വേദനാസംഹാരിയായും പാമ്പിൻ വിഷത്തിനു പ്രതിവിധിയായും ഉപയോഗിക്കാറുണ്ട്. ഇവയുടെ വേരുകൾ പൊള്ളലേറ്റാലും, മുറിവുണ്ടായാലും മറ്റും അരച്ച് പുരട്ടാറുണ്ട്. [6]
ഉപകുടുംബങ്ങളും ജീനസ്സുകളും
പാസ്സിഫ്ലോറേസി സസ്യകുടുംബത്തിലെ മൂന്ന് ഉപകുടുംബങ്ങളും അവയുടെ ജീനസ്സുകളും താഴെകൊടുക്കുന്നു.
മാൽഷെർബോയ്ഡെ
ഈ ഉപകുടുംബത്തിന് ഒരു ജീനസ്സാണുള്ളത്
- മാൽഷെർബിയ Ruiz & Pav.
പാസ്സിഫ്ലോറോയ്ഡെ
പതിനേഴ് ജീനസ്സുകളുള്ള ഈ ഉപകുടുംബമാണ് പാസ്സിഫ്ലോറേസി സസ്യകുടുംബത്തിലെ വലിയ ഉപകുടുംബം
|
ടേർൺറോയ്ഡെ
ഈ ഉപകുടുംബത്തിന് പത്ത് ജീനസ്സുകളാണുള്ളത്
|
ചിത്രശാല
- പാഷൻ ഫ്രൂട്ടിന്റെ പൂവ്
- പാഷൻ ഫ്രൂട്ടിന്റെ പൂവ്
- പാഷൻ ഫ്രൂട്ടിന്റെ ഉൾഭാഗം
- കരിമുതുക്കിന്റെ കായകൾ
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads