പോർഫിറി
From Wikipedia, the free encyclopedia
Remove ads
ലെബനോനിലെ ടൈറിൽ ജനിച്ച ഒരു നവപ്ലേറ്റോണിക ചിന്തകനാണ് പോർഫിറി (ക്രി.വ. 234-305). തത്ത്വചിന്തയുൾപ്പെടെ പലവിഷയങ്ങളിലായി ഒട്ടേറെ കൃതികൾ എഴുതിയ പോർഫിറി, സ്വന്തം ഗുരുവും നവപ്ലേറ്റോണിക ചിന്തയുടെ പ്രാരംഭകനുമായിരുന്ന പ്ലോട്ടിനസിന്റെ എനിയാഡുകൾ എന്ന രചനാശേഖരത്തിന്റെ സംശോധകൻ എന്ന നിലയിലും പ്രസിദ്ധനാണ്. പ്ലോട്ടിനസിന്റെ നിലവിലുള്ള ജീവിതരേഖ, എനിയാഡുകളിൽ പോർഫിറി എഴുതിച്ചേർത്തതാണ്. ആമുഖം എന്ന് അർത്ഥമുള്ള ഇസഗോജ് എന്ന പേരിലുള്ള പോർഫിറിയുടെ രചന, ലോജിക്കിനും തത്ത്വചിന്തയ്ക്കും ഒരാമുഖമാണ്.[1] ബോത്തിയസിന്റെ ലത്തീൻ പരിഭാഷയിൽ ഈ കൃതി മദ്ധ്യയുഗങ്ങളിലുടനീളം ലോജിക്കിന്റെ പാഠപുസ്തകമായിരുന്നു.[2] ക്രിസ്തുമതത്തിന്റെ കടുത്ത ശത്രുവായിരുന്ന പോർഫിറി അതിനെ ബൗദ്ധികതലത്തിൽ വെല്ലുവിളിച്ചു. "വെളിച്ചപ്പാടുകളുടെ ദർശനം" "ക്രിസ്ത്യാനികൾക്കു മറുപടി" എന്നീ രചനകളിൽ അദ്ദേഹം ആദ്യകാലക്രിസ്ത്യാനികളുമായി തീവ്രസംവാദത്തിലേർപ്പെട്ടു. ഗ്രീക്ക് ഗണിതശാസ്ത്രജ്ഞൻ യൂക്ലിഡിന്റെ "എലിമെന്റുകൾ" എന്ന പ്രഖ്യാതഗ്രന്ഥത്തിനെഴുതിയ വ്യാഖ്യാനത്തിന്റെ പേരിലും പോർഫിറി അറിയപ്പെടുന്നു.[3]

Remove ads
ജീവിതരേഖ
പോർഫിറിയുടെ മാതാപിതാക്കൾ ഫിനീഷ്യാക്കാരായിരുന്നു. ലെബനാനിലെ ടൈറിൽ ജനിച്ച അദ്ദേഹത്തിന് രാജാവ് എന്നർത്ഥമുള്ള മാൽക്കൂസ് എന്ന പേരാണ് ആദ്യം നൽകപ്പെട്ടത്. രാജാക്കന്മാരുടെ ധൂമ്രവസ്ത്രത്തെ സൂചിപ്പിക്കുന്ന പോർഫിറി എന്ന നാമം ആഥൻസിൽ അദ്ധ്യാപകനായിരുന്ന തത്ത്വചിന്തകൻ കാഷ്യസ് ലോംഗീനസ് ശിഷ്യനു നൽകിയതാണ്. ലോംഗീനസിന്റെ കീഴിൽ പോർഫിറി തർക്കകലയും വ്യാകരണവും അഭ്യസിച്ചു. ക്രി.വ. 262-ൽ പ്ലോട്ടിനസിന്റെ ഖ്യാതിയിൽ ആകൃഷ്ടനായ പോർഫിറി റോമിലെത്തി ആറു വർഷം അദ്ദേഹത്തിന്റെ കീഴിൽ നവപ്ലേറ്റോണിസം പഠിച്ചു. അക്കാലത്ത് താപസജീവിതത്തിനിണങ്ങും വിധം ഭക്ഷണരീതികളിൽ അടിസ്ഥാനപരമായ മാറ്റം വരുത്തിയതിനെ തുടർന്ന് അദ്ദേഹത്തിന്റെ ആരോഗ്യം മോശമായി ആത്മഹത്യാവാസന അലട്ടാൻ തുടങ്ങി.[4]
പ്ലോട്ടിനസിന്റെ ഉപദേശം അനുസരിച്ച് ആരോഗ്യം വീണ്ടെടുക്കാനായി സിസിലിയിലേക്കു പോയ അദ്ദേഹം അവിടെ അഞ്ചുവർഷം ചെലവഴിച്ചു. റോമിൽ തിരിച്ചെത്തിയ പോർഫിറി തത്ത്വചിന്ത പഠിപ്പിക്കാനും, അതിനകം മരിച്ചിരുന്ന പ്ലോട്ടിനസിന്റെ രചനകൾ സമാഹരിച്ചു സംശോധന ചെയ്യാനും തുടങ്ങി. എനിയാഡുകൾ എന്ന പേരിൽ പ്രസിദ്ധീകരിച്ച ആ രചനാസമുച്ചയത്തിന്റെ തുടക്കത്തിൽ പോർഫിറി ഗുരുവിന്റെ ഒരു ലഘുജീവചരിത്രവും ചേർത്തു. പല നവപ്ലേറ്റോണിക രചനകളും മറ്റൊരു നവപ്ലേറ്റോണിക ലേഖകനായ ഇയാംബ്ലിക്കസിനെ പോർഫിറിയുടെ ശിഷ്യനെന്നു വിശേഷിപ്പിക്കുന്നുണ്ടെങ്കിലും, തത്ത്വചിന്തയിൽ പോർഫിറിയുടെ പിൻതലമുറയിൽ പെടുന്നവനായിരുന്നു ഇയാംബ്ലിക്കസ് എന്നതിലപ്പുറം അതിൽ സത്യം കാണണമെന്നില്ല. അവർ പല കാര്യങ്ങളിലുമുള്ള അഭിപ്രായഭിന്നത പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്. വാർദ്ധക്യത്തിൽ പോർഫിറി, തത്ത്വചിന്തയിൽ അഭിരുചി പ്രകടിപ്പിച്ചിരുന്നവളും എട്ടു മക്കളുടെ അമ്മയുമായിരുന്ന മാർസെല്ലാ എന്ന വിധവയെ വിവാഹം കഴിച്ചു.[5]
പോർഫിറിയുടെ ജീവിതത്തെക്കുറിച്ച് ഇതിലപ്പുറം ഒന്നും അറിവില്ല. അദ്ദേഹത്തിന്റെ മരണവർഷവും കൃത്യമായി നിശ്ചയമില്ല.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads
