പ്രാഗ്
From Wikipedia, the free encyclopedia
Remove ads
ചെക്ക് റിപ്പബ്ലിക്കിലെ ഏറ്റവും വലിയ നഗരവും ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനവുമാണ് പ്രാഗ് (IPA: /ˈprɑːg/, Praha (IPA: [ˈpraɦa]). ഈ നഗരത്തിന്റെ ഔദ്യോഗിക നാമം പ്രാഗ്- തലസ്ഥാന നഗരം(Prague - the Capital City) എന്നർത്ഥം വരുന്ന Hlavní město Praha എന്നാണ്. ചെക് ഭാഷയിൽ പ്രാഹ എന്നാണ് ഉച്ചാരണം.
Remove ads
Remove ads
ചരിത്രം

പ്രാഗിനും ചുറ്റുമുള്ള പ്രദേശത്തിനും പഴയ പേര് ബൊഹീമിയ എന്നായിരുന്നു. ആദ്യകാല നിവാസികൾ ബൊഹീമിയൻ-സ്ലാവിക് വംശജരാണെന്ന് അനുമാനിക്കപ്പെടുന്നു.[1] പഴങ്കഥകളനുസരിച്ച് വ്ലട്ടാവ നദിയുടെ വലംകരയിലെ ഒരു കുന്നിൻ പ്രദേശമായിരുന്നു പ്രാഗ്. ബൊഹീമിയൻ നാടുവാഴികൾ കുന്നിൻ മുകളിലും സാധാരണ ജനത അടിവാരങ്ങളിലും പാർത്തുവന്നുവെന്നാണ് അനുമാനം. ലിബൂസാ രാജകുമാരിയുടെ ദീർഘവീക്ഷണത്തിന്റെ ഫലമാണ് വുൾട്ടാവ നദിയുടെ ഇരുകരകളിലുമായുള്ള പ്രാഹാ നഗരവും പ്രെസ്മിൽ രാജവംശവും എന്നും പഴങ്കഥ[2]. ഇവയ്കൊന്നും രേഖകളില്ല. പത്താം ശതകത്തിൽ ബൊഹീമിയയിൽ ക്രിസ്തുമതം ശക്തിപ്പെട്ടു, പള്ളികൾ ഉയർന്നു വന്നു, പള്ളികൾ ചരിത്രരേഖകൾ സൂക്ഷിക്കാൻ തുടങ്ങി. നഗരത്തിനു ചുറ്റുമായുള്ള മതിൽ നിർമ്മിക്കപ്പെട്ടത് പതിമൂന്നാം ശതകത്തിലാണെന്ന് പറയപ്പെടുന്നു. [3],[4]
ജറുസെലമിന്റെ പതനത്തോടെ ജൂതരുടെ കുടിയേറ്റം ആരംഭിച്ചുവെന്ന അഭ്യൂഹങ്ങളുണ്ടെങ്കിലും രേഖകളില്ല. പൊതുവെ ഇക്കാര്യത്തിൽ ഏകാഭിപ്രായവുമില്ല.[5] ജർമൻ വംശജർ പതിനൊന്നാം നൂറ്റാണ്ടിലും. ചാൾസ് നാലാമന്റെ വാഴ്ചക്കാലത്താണ് പ്രാഹ നഗരം മൂന്നു വ്യത്യസ്ത ചുററുവട്ടങ്ങളായി വികസിച്ചത്. വ്ലട്ടാവ നദിയുടെ വലം കരയിൽ സ്റ്റാർ മെസ്റ്റോ( പഴയ പട്ടണം), നോവോ മെസ്റ്റോ( പുതിയ പട്ടണം) പിന്നെ ഇടതുകരയിൽ മാലാ സ്ട്രാനാ(ചെറു പട്ടണം ) എന്നിവ ഉയർന്നു വന്നു. ഇന്നും ഇവ ഇതേപേരിൽ അറിയപ്പെടുന്നു. [3],[6] പതിനഞ്ചാം നൂറ്റാണ്ടിൽ മതസ്പർധകൾ ആരംഭിച്ചു.[7] ഹുസ്സൈറ്റുകളും ( ആദ്യകാല പ്രോട്ടസ്റ്റന്റുകൾ) റോമൻ കാതലിക് നേതൃത്വവും തമ്മിലുള്ള കലഹം യുദ്ധത്തിൽ കലാശിച്ചു. പതിനാറാം നൂറ്റാണ്ടോടെ സ്ഥിതിഗതികൾ ശാന്തമായി. ഹാപ്സ്ബർഗ് വംശം രാജാധികാരം കൈക്കലാക്കി. പ്രാഗ് ശാസ്ത്രത്തിൽ മുന്നിട്ടു നിന്നു. ഇക്കാലത്താണ് പ്രശസ്ത ജ്യോതിശാസ്ത്രജ്ഞരായ ടൈകോ ബ്രാഷും, ജോൺ കെപ്ലറും പ്രാഗ് നഗരപ്രാന്തത്തിലെ നക്ഷത്രനിരീക്ഷണശാലയിൽ ഗവേഷണം നടത്തിയിരുന്നത്.
വ്യവസായവിപ്ലവത്തിന്റെ ഫലമായി പ്രാഗും വിയന്നയും തമ്മിൽ ട്രെയിൻ ഗതാഗതം തുടങ്ങിയത് 1845-ലാണ്. 1918-ൽ ആസ്ട്രോ-ഹംഗേറിയൻ സാമ്രാജ്യത്തിന്റെ പതനത്തോടെ പ്രാഗിലെ രാജവാഴ്ച അവസാനിച്ചു. ചെകോസ്ലാവ്ക്യൻ റിപബ്ലിക് രൂപം കൊണ്ടു. രണ്ടാം ലോകമഹായുദ്ധകാലത്ത് ചെകോസ്ലവാക്യ നാസികളുടേയും യുദ്ധാനന്തരം സോവിയറ്റ് റഷ്യയുടേയും അധീനതയിലായി. 1989-ലെ വെൽവെറ്റ് വിപ്ലവം കമ്യൂണിസത്തിന് അന്ത്യം കുറിച്ചു. 1993-ൽ ചെക് റിപബ്ലികും സ്ലോവാക്യയും രൂപം കൊണ്ടു. പ്രാഗ്, ചെക് റിപബ്ലികിന്റെ തലസ്ഥാനനഗരിയായി.
Remove ads
നഗരകാഴചകൾ
പഴയ ടൗൺ ഹാൾ

പ്രാഗിന്റെ ചരിത്രത്തിൽ ഈ കെട്ടിടത്തിന് വളരെ പ്രാധാന്യമുണ്ട്. അഞ്ചു കെട്ടിടങ്ങളുടെ സമുച്ചയമാണ് ഇത്. കേന്ദ്രഭാഗത്ത് കന്യാമറിയത്തിന്റെ പള്ളി സ്ഥിതി ചെയ്യുന്നു. 1381 മുതൽ ഇവിടെ ആരാധനയാരംഭിച്ചു എന്നാണ് അനുമാനം. കൗൺസിൽ ഹാൾ പതിനഞ്ചാം നൂറ്റാണ്ടിലെ പ്രൗഢിയോടെ ഇന്നും കാത്തു സൂക്ഷിക്കപ്പെട്ടിരിക്കുന്നു. ഈ സമുച്ചയത്തിലെ ഏറ്റവും വിശാലമായ ഹാൾ ബ്രോസിക് അസംബ്ലി ഹാളാണ്. മച്ചിന് രണ്ടു നിലകെട്ടിടത്തിന്റെ ഉയരമുണ്ട്.
വാക്ലാവ് ബ്രോസിക് [8]എന്ന ചിത്രകാരന്റെ രചനകളാണ് ചുവരുകളിൽ. ഭൂനിരപ്പിന് താഴെയുള്ള നിലയിൽ ഒട്ടനവധി കൊച്ചു കൊച്ചു അറകളുണ്ട്. അതി സങ്കീർണമായ ഇടനാഴികളും തുരങ്കങ്ങളും അവയെ തമ്മിൽ ബന്ധിപ്പിക്കുന്നു. ഗോഥിക് ശൈലിയിൽ നിർമ്മിക്കപ്പെട്ടുള്ള ഗോപുരം പഴയകാലത്ത് പ്രാഗിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായിരുന്നു. ഗോപുരത്തിനു ചുറ്റുമായുള്ള വരാന്തയിൽ നിന്നാൽ പ്രാഗ് നഗരം മുഴുവനും കാണാം. നഗരസുരക്ഷയുടെ അധികാരിക്ക് താമസിക്കാനായി അവിടെ പ്രത്യേകം സൗകര്യങ്ങളുണ്ടായിരുന്നു. ഇന്ന് ഗോപുരത്തിന്റെ മുകളിലെത്താനായി ചില്ലുഗ്ലാസു കൊണ്ടുള്ള ലിഫ്റ്റ് ഉണ്ട്.
ആസ്ട്രണോമിക്കൽ ക്ലോക്
1410-ലാണ് ആസ്ടോണോമിക്കൽ ക്ലോക് ടൗൺഹാൾ ഗോപുരത്തിന്റെ മുഖ്യഭിത്തിയിൽ സ്ഥാപിക്കപ്പെട്ടത്. ഇന്നും മിടിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും പഴയ ഘടികാരമാണ് ഇത്.[9] ഘടികാരത്തെ ചുറ്റിപ്പറ്റി അനേകം കഥകളുമുണ്ട്. ഘടികാരം രൂപകല്പന ചെയ്ത് നിർമിച്ചത് ഹാനുസ് എന്ന വിദഗ്ദ്ധനായിരുന്നത്രെ. ഹാനുസ് ഇതുപോലെയോ ഇതിനേക്കാൾ മെച്ചപ്പെട്ടതോ ആയ മറ്റൊരു യന്ത്രം നിർമ്മിക്കാതിരിക്കാനായി ഭരണാധികാരികൾ ഹാനുസിന്റെ കണ്ണുകൾ കുത്തിപ്പൊട്ടിച്ചു, പകരം വീട്ടാനായി ഹാനൂസ് ഘടികാരത്തിന്റെ മുഖ്യഭാഗത്തേക്ക് എടുത്തു ചാടി ആത്മഹത്യ ചെയ്തെന്നും അങ്ങനെ ഘടികാരം നിന്നുപോയെന്നും പറയപ്പെടുന്നു. പിന്നീട് ഒരു നൂറ്റാണ്ടിനു ശേഷമാണ് ഘടികാരം പുനപ്രവർത്തനക്ഷമമായത്. ഘടികാരം നിലച്ചുപോകുന്നത് രാജ്യത്തിനാകമാനം ദുശ്ശകുനമാണെന്നും വിശ്വസിക്കപ്പെടുന്നു.[10]
ജൂതക്കോളണി
പ്രാഗിലെ ജൂതച്ചേരി,കാലാകാലമായി യോസോഫ് എന്നാണറിയപ്പെട്രുന്നത്.[11] പതിമൂന്നാം നൂറ്റാണ്ടിലാണ് ഈ ചേരിതിരിവ് തികച്ചും നിർബന്ധമാക്കിയത്. ജൂതർക്ക് പ്രാഗിൽ മറ്റൊരിടത്തും താമസിക്കാനനുവാദമില്ലായിരുന്നു. മാത്രമല്ല പൊതുസ്ഥലങ്ങളിൽ നിന്നും പൊതുആഘോഷങ്ങളിൽ നിന്നും അവർ ഒഴിച്ചു നിർത്തപ്പെട്ടു . ജൂതച്ചേരിയിലെ സിനഗോഗുകളും സെമിത്തെരിയും നാസി ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടു. ഇന്നവ ചരിത്രസ്മാരകങ്ങളായി നിലകൊള്ളുന്നു. ഈ ചേരിയിലാണ് കാഫ്കയുടെ കുടുംബം നിവസിച്ചിരുന്നത്. വിനോദസഞ്ചാരികൾക്കായി ജൂതക്കോളണിയിലൂടെ ഒരു നടത്തം ഏർപാടാക്കിയിട്ടുണ്ട്.
സിനഗോഗുകൾ
ജൂതച്ചേരിയിൽ ആറു സിനഗോഗുകളുണ്ട്.[12] ഏറ്റവും പഴയ സിനഗോഗ്, 1270-ൽ പുതുക്കിപ്പണിതശേഷം പഴയ-പുതിയ സിനഗോഗ് എന്നറിയപ്പെടുന്നു. 1868-ൽ പണിത സ്പാനിഷ് സിനഗോഗ്, ക്ലൗസോവ (1680) , പിങ്കാസ്( 1475), മൈസലോവ (1689 ) ജൂബിലി(1905-6) എന്നിവയാണ് മറ്റുള്ളവ.
ചാൾസ് പാലം
വുൾടാവ നദിക്കു കുറുകെ ആദ്യത്തെ കല്പാലം പണിതത് 1172-ലാണ്. ജൂഡിത് പാലം എന്നാണ് ഇതറിയപ്പെട്ടത്. പിന്നീട് 1342- -ലെ വെള്ളപ്പൊക്കത്തിൽ ഈ പാലം തകർന്നു പോയി. 1357-ൽ ചാൾസ് പാലത്തിന്റെ നിർമ്മാണം ആരംഭിച്ചു. പാലത്തിന് 10 മീറ്റർ വീതിയും 621മീറ്റർ നീളവുമുണ്ട്. പാലത്തിന്റെ ഇരു വശങ്ങളിലുമായി ചരിത്രപുരുഷന്മാരുടെ പ്രതിമകൾ പ്രതിമകൾ സ്ഥാപിക്കപ്പെട്ടത് പതിനേഴാം നൂറ്റാണ്ടിലാണ്.[13] ഇവ പിന്നീട് പ്രാഗ് മ്യൂസിയത്തിലേക്കു മാറ്റപ്പെട്ടു. ഇപ്പോൾ നിലവിലുള്ളത് പകർപ്പുകളാണ്. പാലത്തിന്റെ രണ്ട് അറ്റങ്ങളിലുമായി സ്ഥിതിചെയ്യുന്ന ഗോപുരങ്ങളിൽ കയറാൻ പടവുകളുണ്ട്. വഴിവാണിഭക്കാർ തിക്കിത്തിരക്കുന്ന ഈ നടപ്പാലം പ്രാഗിന്റെ സുപ്രധാന ചരിത്രസ്മാരകങ്ങളിലൊന്നാണ്.
പഴയ കോട്ട
പതിനെട്ട് ഏക്കറിൽ (ഏതാണ്ട് 7 ഹെക്റ്റർ) പരന്നു കിടക്കുന്ന കോട്ടവളപ്പിനകത്ത് നിരവധി കെട്ടിടങ്ങളും അവക്കിടയിലായി അനേകം അങ്കണങ്ങളുമുണ്ട്. ലോകത്തിലെ ഏറ്റവും വിസ്തൃതമായ കോട്ടവളപ്പാണിത്.[14] ഒമ്പതാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിലാണ് കോട്ടയുടെ നിർമ്മാണം എന്ന് അനുമാനിക്കുന്നു. അന്നു നിർമ്മിക്കപ്പെട്ട കന്യാമറിയത്തിന്റെ പള്ളിുടെ അവശിഷ്ടങ്ങൾ ഇന്നും കാണാം. പത്താം നൂറ്റാണ്ടിൽ പണിത സെന്റ് ജോർജ് പള്ളി [15]ഇന്നൊരു ഗാലറിയാണ്. പത്താം നൂറ്റാണ്ടിൽ രാജകുടുംബാംഗങ്ങൾക്കും മതാധികാരികൾക്കുമുള്ള ഭവനങ്ങൾ നിർമ്മിക്കപ്പെട്ടു. 1346മുതൽ 1378 വരെ ഭരിച്ച ചാൾസ് നാലാമന്റെ കാലത്താണ് നിർമ്മാണപ്രവർത്തനം ഊർജ്ജിതമായത്. പിൻഗാമികളിൽ ചിലർ കോട്ടമതിലുകൾ ശക്തിപ്പെടുത്തുകയും കൊട്ടാരം പുതുക്കിപ്പണിയുകയും ചെയ്തു. ബൊഹീമിയൻ രാജവംശവും ഹാപ്സ്ബർഗ് രാജവംശവും തമ്മിൽ നടന്ന അധികാര വടംവലിയിൽ പ്രാഗ് കോട്ടക്ക് വളരെയേറെ നാശനഷ്ടങ്ങളുണ്ടായി. 1918-ൽ ആസ്ട്രോ-ഹംഗേറിയൻ സാമ്രാജ്യം നാമാവശേഷമായി,സ്വതന്ത്ര ചെകോസ്ലാവിയ രൂപം കൊണ്ടു. അന്നു മുതൽ പ്രസിഡന്റിന്റെ ആസ്ഥാനം പ്രാഗ് കോട്ടയാണ്. കോട്ടസമുച്ചയത്തിന്റെ അറ്റകുറ്റപ്പണികൾ ഇന്നും തുടരുന്നു. ബൊഹീമിയൻ രാജവംശത്തിന്റേയും ഹാപ്സ്ബർഗ് രാജവംശത്തിന്റേയും ആടയാഭരണങ്ങളും ആയുധശേഖരവും ചരിത്രപ്രധാനമായ രേഖകളും മറ്റു വസ്തുക്കളും ഇവിടത്തെ മ്യൂസിയത്തിൽ കാണാം.
സുപ്രധാനമായ സെന്റ് വിറ്റസ് കതീഡ്രൽ[16] കോട്ടവളപ്പിനകത്താണ്. മുഖ്യഗോപുരത്തിന് നൂറ്റിരണ്ടു മീറ്റർ ഉയരമുണ്ട്.
ചാൾസ് യുണിവഴ്സിറ്റി
1348- ചാൾസ് നാലാമനാണ് ചാൾസ് യൂണിവഴ്സിറ്റി സ്ഥാപിച്ചത്[17]. ഹുസ്സൈറ്റ്(പ്രൊട്ടസ്റ്റന്റ്) നവോത്ഥാനകാലത്ത് യൂണിവഴ്സിറ്റിയിൽ വലിയതോതിൽ മാറ്റങ്ങളുണ്ടായി. പ്രൊട്ടസ്റ്റന്റ് നേതാവായ യാൻ ഹുസ്സാ ആയിരുന്നു അന്നത്തെ റെക്റ്റർ. അതിനുശേഷം തുടരെത്തുടരെ ഉണ്ടായ മത-രാഷ്ട്രീയ സ്പർധകൾ യൂണിവഴ്സിറ്റിയേയും ബാധിച്ചു[18].
കാഫ്കാ സ്മൃതികൾ
പഴയ സിനഗോഗിനും ജൂതസെമിത്തെരിക്കും തൊട്ടടുത്തായിട്ടാണ് കാഫ്കാ സ്ക്വയർ. കാഫ്കയുടെ അതിസങ്കീർണമായ വിചാരധാരയെ പ്രതിഫലിപ്പിക്കുന്ന ഒരു ശില്പം അവിടെയുണ്ട്. ടൗൺസ്ക്വയറിലെ ഒരു പഴയ കെട്ടിടത്തിൽ കാഫ്കയുടെ ലോകം , സന്ദർശകർക്ക് അനുഭവിച്ചറിയാനാകുന്നു. ആളൊഴിഞ്ഞ ഇരുണ്ട ഇടനാഴികൾ, നിരനിരയായുള്ള വാതിലുകൾ എന്നിങ്ങനെ പലതും.
Remove ads
ചിത്രശാല
- കാഫ്ക്ക മ്യൂസിയം
- കാഫ്കാ ചത്വരത്തിലെ ശില്പം
- പഴയ ടൗണിലെ പള്ളി. ടൗൺഹാളിന്റെ മുകളിൽ നിന്നുള്ള കാഴ്ച
- പൗഡർ ഗേറ്റ് എന്നറിയപ്പെടുന്ന നഗരകവാടം
- പഴയ സിനഗോഗിനു അഭിമുഖമായുള്ള റെസ്റ്റോറന്റ്
- പ്രാഗ്- വഴിയോരക്കാഴ്ച
- ചാൾസ് യൂണിവഴ്സിറ്റി ഹോസ്റ്റൽ
- വ്ലട്ടാവ നദി - ചാൾസ് പാലത്തിൽ നിന്നുള്ള കാഴ്ച
- ചത്വരം - ടൗൺ ഹാളിന്റെ മുകളിൽ നിന്നുള്ള കാഴ്ച
- ചത്വരം- മറ്റൊരു ദൃശ്യം
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads