ഷൂ പോളിഷ്
From Wikipedia, the free encyclopedia
Remove ads
ഷൂ പോളിഷ് (അഥവാ ബൂട്ട് പോളിഷ്) എന്ന് പറയുന്നത് മെഴുകു രൂപത്തിലുള്ള ഒരു പദാർത്ഥമാണ്. തുകൽ കൊണ്ട് നിർമ്മിച്ച ഷൂസുകളോ ബൂട്ടുകളോ തിളക്കം വെപ്പിക്കുന്നതിനും വെള്ളം തടയാൻ പ്രാപ്തമാക്കുന്നതിനും വേണ്ടിയാണ് പോളിഷ് ഉപയോഗിക്കുന്നത്. ഇതോടെ ഷൂസുകളുടെ ആയുസ്സ് വർദ്ധിപ്പിക്കാൻ കഴിയുന്നു. ചില പ്രദേശങ്ങളിൽ - ന്യൂസിലാന്റിലടക്കം - "നഗ്ഗറ്റ്" എന്ന പദം കൊണ്ടാണ് ഖരരൂപത്തിലുള്ള പോളിഷുകളെ സൂചിപ്പിക്കുന്നത്.
നൂറ്റാണ്ടുകളായി വിവിധതരത്തിലുള്ള പദാർത്ഥങ്ങൾ ഷൂ പോളിഷ് ചെയ്യുന്നതിനായി ഉപയോഗിക്കുന്നു. പ്രകൃതിദത്തമായ മെഴുകിൽ നിന്നാണ് ഇതിന്റെ തുടക്കം. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് പുതിയ തരത്തിലുള്ള ഷൂ പോളിഷുകളുടെ സമവാക്യങ്ങൾ ഉരുത്തിരിഞ്ഞു വരുന്നത്. അതിലെ മിക്കവാറും രീതികളെല്ലാം ഇപ്പോഴും നിലവിലുള്ളവയാണ്. ഇപ്പോഴത്തെ പോളിഷുകൾ പ്രകൃതിദത്തവും കൃത്രിമവുമായ പദാർത്ഥങ്ങളുടെ ഒരു മിശ്രിതമാണ്. നാഫ്ത, ടർപ്പന്റൈൻ, ഡൈ, ഗം അറബിക് മുതലായവയാണ് പ്രധാന പദാർത്ഥങ്ങൾ. ഇവയെ നേരിട്ടുള്ള കെമിക്കൽ എഞ്ചിനീയറിങ്ങ് പ്രക്രിയകൾക്ക് വിധേയമാക്കിയാണ് പോളിഷ് നിർമ്മിക്കുന്നത്. സാധാരണ നിലയിൽ ഷൂ പോളിഷ് കത്തുന്നതും വിഷവും ശരിയായി ഉപയോഗിച്ചില്ലെങ്കിൽ ത്വക്കിനെ നേരിട്ട് ബാധിക്കുന്നതുമാണ്. ശരിയായ വായുചലനമുള്ള ഭാഗത്ത് വെച്ചേ ഇവ ഉപയോഗിക്കാൻ പാടുകയുള്ളൂ. തുണികളും മരസാമഗ്രികളും മറ്റും സംരക്ഷിക്കാൻ പ്രത്യേക ശ്രദ്ധ കൊടുക്കുകയും വേണം.
ഷൂ പോളിഷുകളുടെ പ്രസിദ്ധി തുകൽ കൊണ്ടുള്ള ചെരുപ്പുകളുടേയും ഷൂസുകളുടേയും നിർമ്മാണത്തിലും പ്രതിഫലിച്ചു കണ്ടു. 19ആം നൂറ്റാണ്ടിൽ തുടങ്ങി 20 നൂറ്റാണ്ടിലും തുടർന്നു കൊണ്ടിരുന്നു ഇവയുടെ പ്രസിദ്ധി. പട്ടാളക്കാരുപയോഗിക്കുന്ന ഷൂസുകൾ പോളിഷ് ചെയ്യുന്നതിനായി ലോകമഹായുദ്ധങ്ങളുടെ കാലത്ത് ധാരാളം ഷൂ പോളിഷുകൾ ആവശ്യമായി വന്നു.
Remove ads
ഉപയോഗം
തുണിയോ ബ്രഷോ ഉപയോഗിച്ച് പോളിഷ് നേരിട്ട് ഷൂവിൽ പ്രയോഗിക്കുന്നു. പോളിഷ് വൃത്തിയാക്കാനുള്ള ഒരു പദാർത്ഥമല്ല. അതിനാൽത്തന്നെ പോളിഷ് ചെയ്യുന്നതിനു മുമ്പായി ഷൂസോ ചെരിപ്പോ വൃത്തിയുള്ളതും ഉണങ്ങിയതുമായിരിക്കണം. ഉണങ്ങിയ തുണി കൊണ്ടോ ബ്രഷു കൊണ്ടോ തുടച്ചതിനു ശേഷം പോളിഷ്, ഷൂവിൽ വേഗത്തിലുള്ള തുടക്കൽ പ്രക്രിയക്ക് വിധേയമാക്കിയാൽ അത് നല്ല ഫലം ചെയ്യുന്നതായി കാണാം.[1] ബുൾ പോളിഷിങ്ങ് അല്ലെങ്കിൽ സ്പിറ്റ് പോളിഷിങ്ങ് എന്നറിയപ്പെടുന്ന രീതിയും പോളിഷ് ചെയ്യാനായി അവലംബിക്കുന്നു. തുണിയും പോളിഷിനൊപ്പം ഒരു തുള്ളി വെള്ളമോ ഉമിനീരോ ഉപയോഗിക്കുന്ന രീതിയാണിത്. കണ്ണാടി പോലെ തിളക്കം വരുത്താൻ ഈ രീതിയിൽ പോളിഷ് ചെയ്യുന്നതിലൂടെ സാധിക്കും. പട്ടാള ആവശ്യങ്ങൾക്കാണ് പ്രധാനമായും ഈ രീതി പിന്തുടരുന്നത്. കർണോബ മെഴുക് അടങ്ങിയിട്ടുള്ള പോളിഷുകൾ ഉപയോഗിക്കുന്നതിലൂടെ ഒരു സംരക്ഷണ പാളി പോലെ പോളിഷ് പ്രവർത്തിക്കുകയും തുകൽ ഷൂവിന്റെ കാലവും ഭംഗിയും വർദ്ധിക്കുകയും ചെയ്യുന്നു.[2]
കട്ടിയുള്ള ഒരു സ്പോഞ്ചിൽ മുമ്പേത്തന്നെ ചേർത്തിട്ടുള്ള രീതിയിൽ പോളിഷുകൾ വാങ്ങാൻ കിട്ടുന്നതാണ്. അതിനാൽ നമുക്ക് തുകലിലോ സ്പോഞ്ചിലോ വേറെ പോളിഷ് പുരട്ടാതെ തന്നെ നേരിട്ട് തുകൽ ഷൂകളിൽ ഉപയോഗിക്കാവുന്നതാണ്. സാധാരണയായി ഇവ അപ്ലിക്കേറ്റർ (Applicator) എന്നാണ് അറിയപ്പെടുന്നത്. ഷൂസുകളുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന പല കമ്പനികളും അതോടൊപ്പം തന്നെ ദ്രാവകരൂപത്തിലുള്ള പോളിഷ് നിറച്ച ഒരു പ്ലാസ്റ്റിക് കുപ്പിയും അതിന്റെ അറ്റത്തായി ഒരു സ്പോഞ്ച് അപ്ലിക്കേറ്ററും നൽകി വരുന്നുണ്ട്. ആ ദ്രാവകരൂപത്തിലുള്ള പോളിഷിന്റെ വിസ്കോസിറ്റി (Viscosity) കുറക്കുന്നതിനായി അതിൽ മെഴുകിന്റെ അളവ് വളരെ കുറച്ച് മാത്രമേ ഉപയോഗിക്കുന്നുള്ളു.
ഷൂ പോളിഷിന്റെ സ്വഭാവത്തോട് വളരെയധികം അടുത്ത് നിൽക്കുന്നതും എന്നാൽ അതിനു പകരം ഉപയോഗിക്കാത്തതുമായ ധാരാളം ഉൽപ്പന്നങ്ങൾ നിലവിലുണ്ട്. ഷൂകൾക്ക് തിളക്കം നൽകാനും അവ വൃത്തിയാക്കാനുമായി ധാരാളം രാസോൽപ്പന്നങ്ങൾ ഉപയോഗിക്കാവുന്നതാണ്. ഉദാഹരണമായി വെളുത്ത ഷൂകൾക്ക് വൈറ്റ്‌നറുകളും സ്വീഡ് ഷൂകൾ വൃത്തിയാക്കുന്നതിനും അതിൽ ജലം കേറാത്ത രീതിയിലാക്കിത്തീർക്കുന്നതിനും പലതരം സ്പ്രേകളും ഏറോസോളുകളും ഉപയോഗിച്ചു വരുന്നു.[3] ഷൂവിന് നല്ല രീതിയിൽ തിളക്കം വരുത്തുന്നതിനായി പഴത്തൊലിയും ഉപയോഗിക്കാവുന്നതാണ്.[4]
പ്രധാനമായും ഷൂ പോളിഷുകൾ തുകൽ ഷൂകൾക്കു വേണ്ടിയാണ് നിർമ്മിക്കുന്നതെങ്കിലും ചില കമ്പനികളുടെ ഉൽപ്പന്നങ്ങൾ വിനൈൽ പോലുള്ള മറ്റു തരം വസ്തുക്കളിലും ഉപയോഗിക്കാവുന്നതാണ് എന്ന് അവർ അവകാശപ്പെടുന്നുണ്ട്. ഇത്തരം പോളിഷുകളുടെ നിറം ഉപയോഗിക്കുന്ന ഷൂസിന്റെ നിറത്തിലുള്ളത് തന്നെയായിരിക്കണം.
Remove ads
ചരിത്രം
ഇരുപതാം നൂറ്റാണ്ടിന് മുമ്പ്

മദ്ധ്യകാലഘട്ടം മുതൽക്ക് തന്നെ ഡബ്ബിൻ എന്നൊരു മെഴുകുൽപ്പന്നമായിരുന്നു തുകലുകൾ മയപ്പെടുത്താൻ ഉപയോഗിച്ചിരുന്നത്. എന്നിരുന്നാലും അവ ഷൂകൾക്ക് തിളക്കം നൽകിയിരുന്നില്ല. പ്രകൃതിദത്ത മെഴുക്, എണ്ണ, സോഡാ ആഷ്, ടാലോ എന്നീ പദാർത്ഥങ്ങളിൽ നിന്നാണ് ഇവ നിർമ്മിച്ചിരുന്നത്. സംരക്ഷിത പാളിയുള്ള തുകൽ 18 ആം നൂറ്റാണ്ടിൽ പ്രശസ്തമായതോടെ മികച്ചൊരു തിളക്കം അവക്ക് വേണ്ടതായി വന്നു, പ്രധാനമായും ഷൂസുകളിലും ബൂട്ടുകളിലും. മിക്ക അവസരങ്ങളിലും, ലാനോലിൻ, തേനീച്ചയിൽ നിന്ന് ലഭിക്കുന്ന മെഴുക് എന്നിവയടങ്ങിയ ഗൃഹനിർമ്മിത പോളിഷുകളാണ് ഈ ആവശ്യത്തിനായി ഉപയോഗിച്ച് പോന്നത്.
19 ആം നൂറ്റാണ്ടോടെ പല തരത്തിലുള്ള ഷൂ പോളിഷുകൾ ലഭ്യമായിത്തുടങ്ങി. എന്നാൽ അവ ഷൂ പോളിഷ്, ബൂട്ട് പോളിഷ് എന്നീ പേരുകളിലല്ല അറിയപ്പെട്ടിരുന്നത്. പകരം അവ കറുപ്പിക്കൽ (Blacking) (വിളക്കുകരി പ്രധാനമായും ഉപയോഗിച്ചിരുന്നതിനാൽ) അല്ലെങ്കിൽ മുമ്പത്തേപ്പോലെ ഡബ്ബിൻ എന്ന് തന്നെയാണ് അറിയപ്പെട്ടത്. ഈ കാലഘട്ടത്തിൽ തന്നെ മൃഗങ്ങളുടെ ശരീരത്തിൽ നിന്നു ലഭിക്കുന്ന ഉൽപ്പന്നമായ ടാലോ ഉപയോഗിച്ച് ചെറിയ തോതിലുള്ള ഷൂ പോളിഷുകളുടെ നിർമ്മാണം തുടങ്ങി. അമേരിക്കൻ ഐക്യനാടുകളിലിൽ ഉൽപ്പാദിപ്പിക്കുന്ന 82% മാംസവും ഉപയോഗിക്കുന്ന ചിക്കാഗോ, ഇല്ലിനോയിസ് എന്നിവിടങ്ങളിലെ സ്റ്റോക്ക് യാർഡുകൾ വലിയ തോതിൽ ഷൂ പോളിഷുകൾ നിർമ്മിക്കുന്ന പ്രദേശമായി മാറി.[5]
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads