ആന്ത്രപ്പോയ്ഡ്

From Wikipedia, the free encyclopedia

ആന്ത്രപ്പോയ്ഡ്
Remove ads

മനുഷ്യരോടു സാദൃശ്യമുള്ള കുരങ്ങുകളെ ആന്ത്രപ്പോയ്ഡ് എന്നു വിളിക്കുന്നു. ഈ വാക്കിന് മനുഷ്യസദൃശം, മനുഷ്യാകാരമുള്ളത് എന്നീ അർഥങ്ങളാണുള്ളത്. ഈ പ്രത്യേകതകളുള്ള ഗൊറില്ല, ചിമ്പാൻസി, ഒറാങ്ങുട്ടാൻ, ഗിബ്ബൺ എന്നീ ആൾക്കുരങ്ങുകളെ ആന്ത്രപ്പോയ്ഡ് കുരങ്ങുകളെന്നു വിളിക്കുന്നു. സസ്തനികളുടെ ഒരു വർഗമായ പ്രൈമേറ്റുകളുടെ (primates)[1] ഉപവർഗമായ ആന്ത്രപ്പോയ്ഡിയയിൽ തന്നെ മറ്റു കുരങ്ങുകളെയും മനുഷ്യരെയുംകൂടി ഉൾപ്പെടുത്തിയിരിക്കുന്നു. ഈ ഉപവർഗത്തിലെ പോൻജിഡേ (Pongidae)[2] കുടുംബമാണ് ആന്ത്രപ്പോയ്ഡ് കുരങ്ങുകളുടേത്.

വസ്തുതകൾ ആന്ത്രപ്പോയ്ഡ് Temporal range: Middle Eocene – Recent, Scientific classification ...
Remove ads

കുരങ്ങുകളുമായുള്ള സദൃശ്യം

ആന്ത്രപ്പോയ്ഡുകൾ സാധാരണ കുരങ്ങുകളിൽനിന്നും ശരീരഘടനാപരമായി വേറിട്ടുനിൽക്കുന്നു. വാൽ, കവിൾസഞ്ചി, ശ്രോണീകിണം (ischial callocity-ഗിബ്ബണുകൾ ഒഴികെ)[3] എന്നിവ ഇവയിൽ കാണപ്പെടുന്നില്ല. കുരങ്ങുകളുടേതിനെക്കാൾ കട്ടികുറഞ്ഞ രോമാവരണമാണ് ഇവയ്ക്കുള്ളത്. ആന്ത്രപ്പോയ്ഡുകളിൽ ഗിബ്ബണുകൾ മാത്രമാണ് കുറഞ്ഞ തോതിലെങ്കിലും കുരങ്ങുകളുമായി സദൃശസ്വഭാവം പ്രകടിപ്പിക്കുന്നത്.

മനുഷ്യരുമായുള്ള സാദൃശ്യം

മനുഷ്യരുമായി ഈ ജീവികൾ ശരീരഘടനാസാദൃശ്യം പുലർത്തുന്നത് താഴെപ്പറയുന്ന സവിശേഷതകളിലൂടെയാണ്. ഇവയുടെ മുഖം പരന്നതും മസ്തിഷ്കം വികസിച്ചതുമാണ്. വികാരങ്ങളെ മുഖത്ത് പ്രകടിപ്പിക്കാൻ ഇവയ്ക്കു കഴിവുണ്ട്. മുഖപേശികൾ-പ്രത്യേകിച്ചും ചുണ്ടിലെ പേശികൾ-ചലനക്ഷമങ്ങളാണ്. ബാഹ്യകർണം ചെറുതും ഉറപ്പിക്കപ്പെട്ട സ്ഥിതിയിലുമാണ്. തറയിൽ നിവർന്നു നില്ക്കാൻ ഇവയ്ക്കു കഴിയും. മനുഷ്യരിൽ ദഹനേന്ദ്രിയത്തോട് അനുബന്ധിച്ച് കാണപ്പെടുന്ന വെർമിഫോം അപ്പൻഡിക്സ് ഇവയിലും കണ്ടുവരുന്നു. വാൽ ഇവയിൽ കാണാറില്ല. ഏറ്റവും ശ്രദ്ധേയമായത് മസ്തിഷ്കത്തിന്റെ വികാസമാണ്. വലിപ്പക്കുറവിലല്ലാതെ മനുഷ്യരുടെ മസ്തിഷ്കവുമായി ഇവയുടെ മസ്തിഷ്ക്കത്തിന് ബാഹ്യമായ വ്യത്യാസങ്ങൾ പ്രകടമല്ല.

ഘടനാപരമായ സാദൃശ്യങ്ങളോടൊപ്പം ജീവരസതന്ത്രപരമായ സാദൃശ്യവും ആൾക്കുരങ്ങിനും മനുഷ്യനും തമ്മിലുണ്ട്. മനുഷ്യരിൽ കാണപ്പെടുന്നതുപോലെതന്നെ O,A,B,AB എന്നീ നാലിനം രക്തഗ്രൂപ്പുകൾ ഇവയിലും കണ്ടെത്തിയിട്ടുണ്ട്. 1900-ൽ ഹാൻസ് ഫ്രൈഡെൻത്താൾ മനുഷ്യരക്തം ചിമ്പാൻസിയുടെ രക്തപര്യയനവ്യൂഹത്തിൽ കടത്തിവിട്ടു നടത്തിയ പരീക്ഷണങ്ങൾ വിജയമായിരുന്നു. 1959-ൽ ടി. റോക്സ് നടത്തിയ പഠനങ്ങളിൽ രോഗങ്ങളുടെ കാര്യത്തിലും മനുഷ്യരും മനുഷ്യക്കുരങ്ങുകളും തമ്മിൽ സാദൃശ്യമുണ്ടെന്നു കാണുകയുണ്ടായി. ചിമ്പാൻസി, ഗൊറില്ല എന്നിവയുടെ അണ്ഡം, ബീജാണു എന്നിവ വലിപ്പത്തിലോ ആകൃതിയിലോ മനുഷ്യരുടേതിൽ നിന്നും വിഭിന്നമല്ല. മനുഷ്യരിൽ 46 ക്രോമസോമുകളുള്ളപ്പോൾ ആന്ത്രപ്പോയ്ഡുകളിൽ 48 എണ്ണമുണ്ട്. എന്നാൽ മറ്റു കുരങ്ങുകളിൽ ഇതിന്റെ എണ്ണം 54 മുതൽ 78 വരെയാണ്. ഗർഭകാലദൈർഘ്യത്തിലും മനുഷ്യരും മനുഷ്യക്കുരങ്ങുകളും തമ്മിൽ അടുപ്പം കാണപ്പെടുന്നു (മനുഷ്യൻ-265-280 ദിവസങ്ങൾ, ചിമ്പാൻസി-235, ഒറാങ്ങുട്ടാൻ-275, ഗിബ്ബൺ-210). ആൾക്കുരങ്ങുകളുടെ ഭ്രൂണം മനുഷ്യരുടേതിനോട് തികഞ്ഞ സാദൃശ്യം പുലർത്തുന്നു.

Remove ads

വാസസ്ഥലം

ഇന്നു കാണപ്പെടുന്ന ആന്ത്രപ്പോയ്ഡുകളിൽ ഒരു നല്ല പങ്ക് വൃക്ഷവാസി(Arboreal)കളാണ്.[4] മുൻകാലുകൾക്കു നീളം കൂടുതലുണ്ട്. തള്ളവിരൽ അവികസിതമാണ്. ഇതോടൊപ്പം പിൻകാലുകൾ കുറുകിയവയുമാണ്. ഒറാങ്ങുട്ടാനും ഗിബ്ബണും തികച്ചും വൃക്ഷവാസികളായതിനാൽ ഈ സവിശേഷതകൾ കൂടുതൽ പ്രകടവുമാണ്.

ഗൊറില്ലകൾ സാധാരണയായി തറയിലാണ് പാർക്കുന്നത്. എന്നാൽ അപകടഭീഷണി ഉണ്ടാകുമ്പോൾ ഇവ മരക്കൊമ്പുകളിലേക്കു താമസം മാറ്റാറുണ്ട്. ചിമ്പാൻസിയും ഒറാങ്ങുട്ടാനും കൂടുവയ്ക്കാറുണ്ട്. എന്നാൽ ഗിബ്ബണുകൾ ഇപ്രകാരം കൂടുകളൊന്നും നിർമ്മിക്കാറില്ല.

ഭക്ഷണരീതി

ആന്ത്രപ്പോയ്ഡുകൾ ഫലവർഗങ്ങൾ, ഇലകൾ, പുഷ്പങ്ങൾ തുടങ്ങി ചെടികളുടെ വിവിധ ഭാഗങ്ങൾ ഭക്ഷിക്കുന്നു. ഗിബ്ബണുകൾ സസ്യാഹാരമാണ് കൂടുതലും ഇഷ്ടപ്പെടുന്നതെങ്കിലും ചിത്രശലഭങ്ങൾ, പക്ഷികൾ, മുട്ടകൾ എന്നിവയും ഭക്ഷിക്കാറുണ്ട്.

വർഗ്ഗീകരണം

പോൻജിഡേ കുടുംബത്തെ ഹൈലോബാറ്റിനേ (Hylobatinae),[5] ഡ്രയോപിത്തെസിനിയ (Dryopithecinae),[6] പോൻജിനേ (Ponginae)[7] എന്നീ മൂന്ന് ഉപകുടുംബങ്ങളായി വർഗീകരിച്ചിരിക്കുന്നു. ഹൈലോബാറ്റിനേ ഉപകുടുംബത്തിൽ ഗിബ്ബണുകളെ ഉൾപ്പെടുത്തിയിരിക്കുന്നു. ഒറാങ്ങുട്ടാൻ, ചിമ്പാൻസി, ഗൊറില്ല എന്നിവ പോൻജിനേ ഉപകുടുംബത്തിലെ അംഗങ്ങളാണ്. ഡ്രയോപിത്തെസിനിയ ഉപകുടുംബത്തിൽ വിലുപ്ത (extinct) പൂർവികരായ കുരങ്ങുകളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

Remove ads

അവലംബം

പുറംകണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads