വള്ളുവനാട്
കേരളത്തിലെ ഒരു പഴയ നാട്ടുരാജ്യം From Wikipedia, the free encyclopedia
Remove ads
കേരളത്തിലെ ഒരു പഴയ നാട്ടുരാജ്യമാണ് വള്ളുവനാട്. [1] ഇന്നത്തെ പെരിന്തൽമണ്ണ, മണ്ണാർക്കാട് താലൂക്കുകളും; പിന്നീട് നെടുങ്ങനാട്ടിൽ നിന്നും കൂട്ടിച്ചേർത്ത പട്ടാമ്പി, ഒറ്റപ്പാലം, പൊന്നാനി താലൂക്കുകളും; ഏറനാട്, പാലക്കാട് താലൂക്കുകളുടെ ചില ഭാഗങ്ങളും ചേർന്നതാണ് പഴയ വള്ളുവനാട് രാജ്യം. കുലശേഖര സാമ്രാജ്യത്തോളം തന്നെ ചരിത്രമുള്ള വള്ളുവനാടിന് വല്ലഭക്ഷോണീ എന്ന സംസ്കൃത നാമമുണ്ട്.[അവലംബം ആവശ്യമാണ്] പത്താം ശതകത്തിൽ ജീവിച്ചിരുന്ന രാജശേഖരനാണ് ഈ വംശത്തിന്റെ സ്ഥാപകൻ.[അവലംബം ആവശ്യമാണ്] ഈ രാജവംശം ആറങ്ങോട്ടുസ്വരൂപം എന്നാണ് അറിയപ്പെട്ടിരുന്നത്. വള്ളുവനാട്ടുരാജാവിന് വള്ളുവക്കോനാതിരി, വെള്ളാട്ടിരി, ആറങ്ങോട്ട് ഉടയവർ, വല്ലഭൻ എന്നീപേരുകൾ ഉണ്ട്. ഇവരുടെ കുടുംബത്തിലെ പുരുഷപ്രജകളെ വള്ളോടിമാർ എന്നു വിളിക്കുന്നു. വള്ളുവനാടിന്റെ ആദ്യ തലസ്ഥാനം വള്ളുവനഗരം (ഇന്നത്തെ അങ്ങാടിപ്പുറം) ആയിരുന്നു. ഇവിടത്തെ തിരുമാന്ധാംകുന്നു ഭവഗതി വള്ളുവക്കോനാതിരിമാരുടെ പരദേവതയായിരുന്നു. തിരുനാവായയിൽ നടത്തിവന്ന മാമാങ്കത്തിന്റെ രക്ഷാധികാരസ്ഥാനം തുടക്കത്തിൽ വള്ളുവക്കോനാതിരിക്കായിരുന്നു. പിന്നീട് ഒരു ചതി യുദ്ധത്തിലൂടെ സാമൂതിരി അത് കൈക്കലാക്കി.
മൈസൂറിന്റെ ആക്രമണകാലത്ത് അട്ടപ്പാടി താഴ്‌വരയും ഇന്നതെ ഒറ്റപ്പാലം താലൂക്കിന്റെ ഒരു ഭാഗവും മാത്രമെ ഈ രാജ്യത്തിന്റെ അധീനതയിൽ ഉണ്ടായിരുന്നുള്ളൂ. ടിപ്പുവിന്റെ ആക്രമണത്തെ തുടർന്ന് വള്ളുവനാട്ടുരാജാവ് തിരുവിതാംകൂറിൽ അഭയം പ്രാപിച്ചു. പിൽക്കാലത്ത് ബ്രിട്ടീഷുകാർ മലബാർ കയ്യടക്കിയപ്പോൾ അന്നത്തെ എല്ലാ നാട്ടുരാജാക്കന്മാർക്കുമെന്നപോലെ വള്ളുവനാട്ടു രാജാവിനും മാലിഖാൻ ഏർപ്പെടുത്തി അധികാരങ്ങൾ ഇല്ലാതാക്കി.
സ്വാതന്ത്ര്യപൂർവ്വമദിരാശി സംസ്ഥാനത്തിന്റെ മലബാർ ജില്ലയിൽ, പഴയ വള്ളുവനാടിന്റെ തെക്കൻ പ്രദേശങ്ങളേയും പഴയ നെടുങ്ങനാടിന്റെ ഭാഗങ്ങളായിരുന്നഒറ്റപ്പാലം, പട്ടാമ്പി, ഷൊറണൂർ, ചെർപ്പുളശ്ശേരി മുതലായ ഇന്നത്തെ പട്ടണങ്ങളുടെ സമീപപ്രദേശങ്ങളേയും ഉൾക്കൊള്ളിച്ചുകൊണ്ട് വള്ളുവനാട് എന്ന പേരിൽ ഒരു താലൂക്ക് നിലവിലുണ്ടായിരുന്നതുകൊണ്ട് ഈ പ്രദേശങ്ങൾ മുഴുവനുമായും ഇന്ന് വള്ളുവനാട് എന്ന പേരിൽ അനൗദ്യോഗികമായി അറിയപ്പെടുന്നുണ്ട്.
Remove ads
ചരിത്രം
കുലശേഖരഭരണത്തിനു ശേഷം കേരളത്തിൽ ആദ്യം പ്രത്യക്ഷപ്പെടുന്ന നാട്ടുരാജ്യങ്ങളിൽ ഒന്നാണ് വള്ളുവനാട്. ഏറനാടിനെ വള്ളുവനാടുമായി വേർത്തിരിക്കുന്ന മലപ്പുറത്തെ പന്തലൂർ മലകൾ മുതൽ പൊന്നാനി വരെയാണ് ആദ്യകാലത്ത് ഇതിന്റെ വിസ്തൃതി എന്ന് വായ് മൊഴികളുണ്ട്. സി.ഇ. പതിമൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പ്രത്യക്ഷപ്പെടുന്ന ഈ രാജ്യം ഇരുനൂറു വർഷങ്ങളോളം സജീവമായി നിന്നശേഷം പതിനാലാം നൂറ്റാണ്ടിനൊടുവിൽ സാമൂതിരിക്കു കീഴ്പെടുകയാണ് ചെയ്യുന്നത്. രാജ്യത്തിന്റെ ഭൂരിഭാഗവും അങ്ങനെ നഷപ്പെട്ട അവർ തുടർന്നും തങ്ങളുടെ ഭരണകേന്ദ്രങ്ങളുടെ സമീപസ്ഥലങ്ങളിൽ ഭരണം നടത്തിക്കൊണ്ട് പതിനെട്ടാം നൂറ്റാണ്ടുവരെ നിലനിന്നു. തങ്ങളുടെ പരദേവതയായിരുന്ന അങ്ങാടിപ്പുറത്തെ തിരുമാന്ധാംകുന്നു (തിരുമാതാകുന്ന്)ഭഗവതീക്ഷേത്രത്തിനു ചുറ്റുമായി കഴിഞ്ഞുകൂടിയിരുന്ന വള്ളുവക്കണക്കന്മാരുടെ ഇടയിലേക്ക് മദ്ധ്യകേരളത്തിൽ നിന്ന് കടൽമാർഗ്ഗം എത്തിപ്പെട്ട് അധികാരം സ്ഥാപിച്ചെടുത്തവരാണ് വള്ളുവക്കോനാതിരിമാർ എന്നും തന്മൂലമാണ് അവരുടെ രാജ്യത്തിന് വള്ളുവനാട് എന്ന് പേർ കിട്ടിയതെന്നും പറയപ്പെടുന്നുണ്ട്. [2] വള്ളുവനാടും നെടുങ്ങനാടും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് തൂതപ്പാലം (പാലാട്ട് ബ്രിഡ്ജ്).
Remove ads
വള്ളുവക്കോനാതിരി
വള്ളുവനാട്ടിലെ രാജാവ് വള്ളുവക്കോനാതിരി (വള്ളുവക്കോനാതിരി മൂപ്പിൽ നായർ) എന്നാണ് അറിയപ്പെട്ടിരുന്നത്. അവർ സ്വയം വിശേഷിപ്പിച്ചിരുന്നത് വള്ളുവക്കോനാതിരി എന്ന കോതൈക്കടുങ്ങോനായ കോവിൽകരുമികൾ (കർമ്മികൾ) എന്നാണ്. കടുംകോൻ എന്ന പുരാതന ദ്രാവിഡനാമം അവരുടെ ഉത്പത്തി ആദിചേരന്മാരുടെ കാലത്താണെന്ന് സൂചിപ്പിക്കുന്നു.
മഞ്ചേരിക്കടുത്തുള്ള പന്തലൂർ ഭഗവതിയും തിരുമാന്ധാംകുന്നു ഭഗവതിയും ഇവരുടെ പരദേവതകളാണ്. വള്ളുവക്കോനാതിരിയുടെ കുടുംബം കടന്നമണ്ണ, ആയിരനാഴി, മങ്കട, അരിപ്പുറ എന്നീ നാലുതാവഴികളായി പിരിഞ്ഞിരുന്നു. ഈ താവഴികളിലെ മൂത്ത പുരുഷപ്രജയായിരുന്നു വള്ളുവക്കോനാതിരി മൂപ്പിൽ നായർ. മുഴുവൻ കുടുംബത്തിലേക്കും പ്രായം ചെന്ന സ്ത്രീപ്രജ കുളത്തൂർ തമ്പുരാട്ടി എന്നും തൊട്ടടുത്ത ഇളയ സ്ത്രീപ്രജ കടന്നോൺ മൂത്ത തമ്പുരാട്ടി എന്നും അറിയപ്പെട്ടിരുന്നു. മൂലകുടുംബം അങ്ങാടിപ്പുറത്തെ കുളത്തൂരിനു സമീപമുള്ള കുറുവ എന്ന സ്ഥലത്തെ കടന്നമണ്ണ കോവിലകമായിരുന്നു.
Remove ads
ഭരണവ്യവസ്ഥ
സംസ്ഥാനത്ത് അഞ്ചാംകൂറു വരെയുള്ള കുടുംബാംഗങ്ങൾക്ക് ഭരണത്തിൽ സ്ഥാനമുണ്ടായിരുന്നു. പ്രധാനമന്ത്രി സ്ഥാനത്ത് കരുവയൂർ മൂസ്സതായിരുന്നു. തൊട്ടുതാഴെ ചെറുകര പിഷാരടി, അപ്പംകുളം പിഷാരടി, കുളത്തൂർ വാരിയർ, പാതിരമണ്ണ വെള്ളോടി, എളുമ്പുലാക്കാട് അച്ചൻ, പറക്കാട് നായർ, കക്കൂട്ട് നായർ, മണ്ണാർമല നായർ എന്നിവരും രണ്ട് നായന്മാർ, രണ്ട് നമ്പൂതിരിമാർ, രാജകുടുംബത്തിൽ നിന്ന് രണ്ട് പേർ എന്നിങ്ങനെ നാമനിർദ്ദേശം ചെയ്യപ്പെടുന്നവരും ചേർന്ന് 14 സ്വരൂപികളായിരുന്നു. രാജപുരോഹിതസ്ഥാനം പാതായ്ക്കര, എലംകുളം എന്നീ മനകളിലേക്കായിരുന്നു. നാലുവീട്ടിൽ പണിക്കന്മാർ എന്നറിയപ്പെട്ടിരുന്ന വയങ്കര, വേർക്കോട്ട്, ചെന്ത്രത്തിൽ, പുതുമന എന്നീ പണിക്കർമാരായിരുന്നു പടനായകന്മാർ.
വ്യാപാരപ്രാധാന്യം
മൈസൂർ പ്രദേശങ്ങളിൽനിന്ന് ഗൂഡല്ലൂർ വഴി നിലമ്പൂരും കടന്ന് കൊടുങ്ങല്ലൂരിനടുത്ത് മതിലകം വരെയും മധുരയിൽ നിന്ന് പാലക്കട് ചുരം വഴി മണ്ണാർക്കാടും കടന്ന് കോഴിക്കോട്ടേക്കും പോയിരുന്ന പ്രാചീന നാട്ടുപാതകൾ അങ്ങാടിപ്പുറത്തിനു തൊട്ടടുത്ത് പെരിന്തൽമണ്ണയിൽ സന്ധിച്ചിരുന്നു. ഈ നാൽക്കൂട്ടപ്പെരുവഴിയുടെ വ്യാപാരസാദ്ധ്യതകൾ കണക്കിലെടുത്തുകൊണ്ടാകാം വള്ളുവക്കോനാതിരി തന്റെ ഭരണകേന്ദ്രം അങ്ങാടിപ്പുറത്തും പരിസരത്തുമായി കേന്ദ്രീകരിച്ചത്.[3]
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads
