വെട്ടത്തുനാട്
മലപ്പുറം ജില്ലയിലെ സ്ഥലം,കേരളം,ഇന്ത്യ From Wikipedia, the free encyclopedia
Remove ads
മദ്ധ്യകേരളത്തിൽ സ്ഥിതിചെയ്യുന്ന ഇന്നത്തെ മലപ്പുറം ജില്ലയിലെ പൊന്നാനി, തിരൂർ എന്നീ താലൂക്കുകളുടെ ഭാഗങ്ങൾ ചേർന്നതാണ് വെട്ടത്തുനാട് (വെട്ടം) അഥവാ താനൂർ സ്വരൂപം. താനൂർ, തൃക്കണ്ടിയൂർ, ചാലിയം, തൃപ്രങ്ങോട് മുതലായ സ്ഥലങ്ങൾ ഇതിൽ ഉൾപ്പെട്ടിരിക്കുന്നു. വെട്ടത്തുനാട് ഭരിച്ചിരുന്ന ഒരു ക്ഷത്രിയ വംശമാണ് വെട്ടത്തു സ്വരൂപം.[1] സാഹിത്യകൃതികളിൽ വെട്ടത്തുനാടിനെ ‘പ്രകാശഭൂ’എന്നും രാജാവിനെ പ്രകാശഭൂപാലൻ എന്നും പരാമർശിച്ചിട്ടുണ്ടു്.
Remove ads
പശ്ചാത്തലം
സി.ഇ. പതിമൂന്നാം നൂറ്റാണ്ടിനടുത്ത് താനൂരിൽ ഉണ്ടായിരുന്ന ഒരു നാടുവാഴിയെ തോല്പിച്ച് മഹോദയപുര ചേര വംശത്തിലെ[2] ഒരു അംഗം സ്ഥാപിച്ചതാണ് വെട്ടത്തു സ്വരൂപം എന്ന് പറയുന്നു.[3] അതിനാൽ ഇവർ ക്ഷത്രിയരായി വിവിധ രേഖകളിൽ പരാമൃഷ്ടരാണ്. സാമൂതിരി ഭരണകാലത്ത് വെട്ടത്തിനെ തൻ്റെ പക്ഷത്തു നിർത്താൻ സാമൂതിരി ശ്രമിച്ചിരുന്നു. വഞ്ഞേരി ഗ്രന്ഥവരി വെട്ടത്തുനാടിനെ കുറിച്ചു പറയുന്ന രേഖകളാകുന്നു.[4] 1793 -ൽ അവസാനത്തെ വെട്ടത്തു രാജാവ് തീപ്പെട്ടതോടു കൂടി ഇവരുടെ വംശം അന്യംനിന്നു.[5]
Remove ads
വെട്ടത്തു സ്വരൂപം
പൊന്നാനി, തിരൂർ എന്നീ താലൂക്കുകളുടെ ഭാഗങ്ങൾ ചേർന്നതാണ് വെട്ടത്തുനാട് (വെട്ടം) അഥവാ താനൂർ സ്വരൂപം. താനൂർ, തൃക്കണ്ടിയൂർ, ചാലിയം, തൃപ്രങ്ങോട് മുതലായ സ്ഥലങ്ങൾ ഇതിൽ ഉൾപ്പെട്ടിരിക്കുന്നു. വെട്ടത്തുനാട് ഭരിച്ചിരുന്ന ക്ഷത്രിയ വംശമാണ് വെട്ടത്തു സ്വരൂപം.
സാഹിത്യം, കല എന്നിവയുടെ പോഷണത്തിൽ വെട്ടത്തു രാജാക്കന്മാർ ഉത്സാഹിച്ചിരുന്നു. ഒരു വെട്ടത്തുനാട് രാജാവ് കഥകളിയിൽ നടത്തിയ സുപ്രധാന പരിഷ്കാരങ്ങളാണു് പിന്നീട് ‘വെട്ടത്തു സമ്പ്രദായം’ എന്നറിയപ്പെട്ടതു്. കഥകളിയിൽ ആടുന്നവർ സ്വയം പാടുന്നതിനു പകരം പിന്നണിയിൽ പ്രത്യേകം ആളുകളെ (പൊന്നാനി)(കുറിച്ചിയിൽ വച്ചാണ് രണ്ടാം പാട്ടുകാരനായ ശിങ്കിടിയെ ഏർപ്പാടാക്കിയത്) ഏർപ്പാടാക്കിയത് ഇദ്ദേഹമാണത്രേ. കഥകളി നടന്മാരുടെ ശ്രദ്ധ അഭിനയത്തിൽ കേന്ദ്രീകരിക്കാനും ആയാസം ലഘൂകരിക്കാനും ഇതു കാരണമായി. ഇതുകൂടാതെ, കിരീടങ്ങളും കുപ്പായവും ചുട്ടിയും കൂടുതൽ വർണ്ണശബളമാക്കിയതും ചെണ്ടമേളം കഥകളിയിൽ കൊണ്ടുവന്നതും വെട്ടത്തു പരിഷ്കാരങ്ങളിൽ പെടുന്നു.
സാമൂതിരിയുടെ തെക്കേ മലബാറിലൂടെയുള്ള പടയോട്ടം വെട്ടത്തുനാടിനെ സാമൂതിരിയുടെ മേൽക്കോയ്മ അംഗീകരിപ്പിക്കാൻ നിർബന്ധിതരാക്കി. എന്നാൽ പോർട്ടുഗീസുകാരുടെ ആഗമനത്തോടെ അവരെയും സാമൂതിരിയേയും പരസ്പരം അണിനിരത്തി മലബാറിലെ രാഷ്ട്രീയശക്തി സമതുലിതമാക്കുവാൻ വെട്ടത്തരചനു കഴിഞ്ഞു. കൊച്ചി രാജവംശം വെട്ടത്ത് രാജകുടുംബവുമായി ചില ദത്തെടുക്കലുകൾ നടത്തിയിരുന്നതായി ചരിത്രം പറയുന്നു. റാണി ഗംഗാധർ ലക്ഷ്മിയുടെ കാലത്ത് രാജകുമാരന്മാരെ വെട്ടത്തുനിന്ന് ദത്തെടുത്തിരുന്നതായി പറയപ്പെടുന്നു.
1521-ൽ ചാലിയം കോട്ട പണിയുവാനുള്ള സ്ഥലം പോർട്ടുഗീസുകാർക്കു് വിറ്റൊഴിഞ്ഞതു് അന്നത്തെ വെട്ടത്തു രാജാവാണു്. ക്രിസ്ത്യൻ മിഷനറി ആയ ഫ്രാൻസിസ് സേവ്യർ മലബാർ സന്ദർശിച്ചതും താനൂരിൽ പള്ളി പണിതതും വെട്ടത്തു രാജവംശത്തിന്റെ കാലത്താണ്. പതിനെട്ടാം ശതകത്തിന്റെ അവസാനത്തോടുകൂടി വെട്ടത്തു രാജവംശം അന്യം നിന്നു. അവസാനത്തെ രാജ 1793 മാർച്ച് 24ന് അന്തരിച്ചതോടെ ഈ ക്ഷത്രിയ രാജവംശം അന്യം നിന്നുപോയതായി വില്യം ലോഗൻ മലബാർ മാന്വലിൽ പറയുന്നു. എന്നിരുന്നാലും രാജകുടുംബത്തിന്റേതെന്ന് കരുതപ്പെടുന്ന താവഴികൾ ഇപ്പോഴും നിലവിലുണ്ട്.
Remove ads
വെട്ടത്തുനാട് ചെപ്പേടുകൾ
വെട്ടത്തുനാട്ടിലെ രാജാവായ കേരളവർമ്മൻ രവിവർമ്മൻ നടുവത്തു മനയ്ക് ഗൂഡല്ലൂരിലെ പോന്നേനി ക്ഷേത്രവും വസ്തുക്കളും നല്കുന്ന രേഖയാണ് വെട്ടത്തുനാട് ചെപ്പേടുകൾ. വെട്ടത്തുനാടിനെക്കുറിച്ചും വെട്ടം സ്വരൂപത്തെക്കുറിച്ചും പ്രതിപാദിക്കുന്ന ഏക പുരാരേഖാ തെളിവുകളാണ് വെട്ടത്തുനാട് ചെപ്പേടുകൾ. നടുവത്തു മനയിൽനിന്നും കണ്ടെടുത്ത രണ്ടു ചെമ്പു തകിടുകളാണിത്.[1] ഒന്നാം ചെപ്പേടിൽ വെട്ടത്തു രാജാവ് ഗൂഡല്ലൂരിലെ പോന്നേനി ക്ഷേത്രവും ഭൂമിയും നടുവത്തു മനക്കു കൈമാറുന്നു. രണ്ടാമത്തെ ചെപ്പേടിൽ നടുവത്തു മനവക ഭൂമി അവിടത്തെ ഒരു അന്തേവാസിക്ക് നടത്താനായി നല്കുന്നു.[1]
പുറം കണ്ണികൾ
അവലംബം
- വെട്ടത്തുനാട് ചെപ്പേടുകൾ, എസ്. രാജേന്ദു, വള്ളത്തോൾ വിദ്യാപീഠം, ശുകപുരം, 2022, ISBN: 978-81-956112-0-1
- M.G.S. Narayanan, Perumals of Kerala, Calicut, 1996
- ലാലു കീഴേപ്പാട്ട്, വെട്ടത്തുനാടിൻ്റെ സാംസ്കാരിക പാരമ്പര്യം-ഒരു പഠനം, കാലിക്കറ്റ് യൂണിവേഴ്സിറ്റി, പിഎഛ്.ഡി. പ്രബന്ധം, 2013, അപ്രകാശിതം.
- M.G.S. Narayanan, Vanjeri Granthavari
- Logan, Malabar, 1887
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads